Read Time:11 Minute

2024 ആഗസ്റ്റ് 8 ന് പ്രസിദ്ധീകരിച്ച സയൻസ് ജേണലിലെ എഡിറ്റോറിയൽ ലേഖനം

ശാസ്ത്രത്തിലെ ആഗോള സമത്വം, നീതി എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ശാസ്ത്രജേണലുകളിലെ എഡിറ്റർമാരുടെ വൈവിധ്യത്തിന്റെ അഭാവം, എഴുത്തുകാരിലെ അസമത്വം, പാരച്യൂട്ട് ഗവേഷണം (സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, താരതമ്യേന താഴ്ന്ന വരുമാനമുള്ള മറ്റൊരു രാജ്യത്ത് ഫീൽഡ് പഠനം നടത്തുകയും തുടർന്ന് ആ രാജ്യത്തെ മറ്റുള്ളവരുമായി  ഫലപ്രദമായ ആശയവിനിമയമോ ഇടപഴകലോ കൂടാതെ അവരുടെ മാതൃരാജ്യത്ത് ഗവേഷണം പൂർത്തിയാക്കുകയും ചെയ്യുന്ന രീതിയാണ് പാരച്യൂട്ട് ഗവേഷണം), ഇംഗ്ലീഷ് ഭാഷയുടെ ആധിപത്യം, ആഗോള ശാസ്ത്ര അവാർഡുകൾ മിക്കതിലുമുള്ള വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെ മേൽക്കൈ എന്നിവയാണ് മിക്കവരും എടുത്തുപറയാറുള്ളത്. ഇവയെല്ലാംതന്നെ സാർവത്രികമായതും പരിഹരിക്കപ്പെടേണ്ടതുമാണ്. എന്നാൽ ഇവയേക്കാളെല്ലാം ഗൗരവതരമായ പ്രശ്നം ശാസ്ത്രഗവേഷണ രംഗത്തുള്ള കൊളോണിയലിസത്തിന്റെ സ്വാധീനം വികസിത രാജ്യങ്ങളെയും അവരെ താങ്ങിനിർത്തുന്ന കോർപറേറ്റുകളുടെയും താല്പര്യത്തിനായി  ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥയെ സംരക്ഷിക്കുന്നു എന്നതാണ്. ശാസ്ത്രത്തിന്റെ ഗുണങ്ങൾ ആർക്കാണ് ലഭ്യമാകുന്നതെന്ന് ഈ അനീതിയിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. ശാസ്ത്രം ആരെയാണ് സഹായിക്കേണ്ടതെന്നും ആരെയാണ് രക്ഷിക്കേണ്ടതെന്നുമുള്ള ചോദ്യം ഇവിടെ ഉയരുന്നു.

കോവിഡ് 19ന്റെ കാര്യം നോക്കാം. നേരത്തെ അറിയാമായിരുന്ന mRNA വാക്‌സിൻ ടെക്‌നോളജിയ്ക്ക് ആഗോളതലത്തിൽ സ്വീകാര്യത ഉണ്ടായത് അതോടെയാണ്. നൊബേൽ സമ്മാനം നൽകി ലോകം ഈ നേട്ടത്തെ ആഘോഷിച്ചെങ്കിലും, ലോകത്തിലെ പല അവികസിത രാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ആളുകളിൽ ഈ വാക്സിൻ യഥാസമയം എത്തിച്ചേർന്നില്ല എന്നത് ഞെട്ടിക്കുന്ന ഒരു യഥാർഥ്യമാണ്. പൊതുപണം ഉപയോഗിച്ചാണ് ഈ ടെക്‌നോളജികൾ വികസിപ്പിക്കുന്നത് എന്നതുകൂടി നാം ഓർക്കണം. വികസിത രാജ്യങ്ങൾ അവരുടെ  ആവശ്യത്തിനായി വാക്‌സിനുകൾ ശേഖരിച്ചു വെക്കുകയും, മരുന്ന് കമ്പനികളുടെ സമ്മർദത്തിന് വഴങ്ങി പേറ്റന്റ് നിയമങ്ങളിൽ അയവു വരുത്താൻ വിസ്സമ്മതിക്കുകയും ചെയ്യുകവഴി അവികസിത രാജ്യങ്ങൾക്ക് ഒരു അത്യാവശ്യ ഘട്ടത്തിൽപോലും സ്വന്തമായി mRNA വാക്‌സിൻ നിർമിക്കാൻ പറ്റാതാകുന്നു. ശാസ്ത്രലോകത്ത് ഇന്നും നിലനിൽക്കുന്ന യൂറോപ്യൻ കോളനിവത്കരണത്തിന് കൂട്ടുനില്ക്കുന്ന മുതലാളിത്ത ചൂഷണം എത്രയോ പേരുടെ ജീവന് വിലയിടുകയാണ്. അവികസിത രാജ്യങ്ങളിലും വാക്‌സിനുകൾ യഥാസമയം എത്തിയിരുന്നെങ്കിൽ പകുതിയിലേറെ മരണങ്ങൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു.

ആഫ്രിക്കയിലും മറ്റ് അവികസിത രാജ്യങ്ങളിലും mRNA ടെക്നോളജി എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അവയെല്ലാം വികസിത രാജ്യങ്ങളുടെയും കുത്തകക്കാരായ മരുന്നുകമ്പനികളുടെയും അധീനതയിൽ ആയതിനാൽ, പല രോഗങ്ങൾക്കുമുള്ള വാക്‌സിനുകളുടെ ലഭ്യത അട്ടിമറിക്കപ്പെടുകയാണ്. വാക്‌സിൻ ലഭ്യതയിൽ സമത്വം ഉറപ്പു വരുത്താൻ ഉണ്ടാക്കിയ പാൻഡെമിക് കരാറും ഇക്കൂട്ടർ അവതാളത്തിലാക്കിയിരിക്കയാണ്.

അടുത്തിടെ, ദക്ഷിണാഫ്രിക്കയിലെയും ഉഗാണ്ടയിലെയും സിസ്‌ജെൻഡർ സ്ത്രീകളിൽ എച്ച്ഐവി പടരുന്നത് തടയുന്നതിൽ 100% ഫലപ്രദമായ ഒരു പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസായ (രോഗസാധ്യത തടയുന്ന പ്രതിരോധ മാർഗം) ലെനകാപവിറിൻ്റെ(lenacapavir) വിജയം ലോകം ആഘോഷിച്ചു. എങ്കിലും ഈ നിർണായകമായ കണ്ടുപിടുത്തത്തിന് ഒരു വർഷം 42000 ഡോളർ ചെലവാക്കേണ്ടി വരും. ഇതിന്റെ ലഭ്യത ഉറപ്പുവരുത്തുമെന്നു നിർമാതാക്കൾ പറയുന്നുണ്ടെങ്കിലും ഈ മരുന്ന് അത്യാവശ്യമായിട്ടുള്ള ആഫ്രിക്കയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇത് ലഭ്യമാകാൻ ഇനിയും സമയമെടുക്കില്ലേ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കറുത്തവരും ഇരുനിറക്കാരുമായ ആളുകൾ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് മാത്രം മതിയോ? ജീവൻരക്ഷാ മരുന്നുകൾക്ക് അവർ അർഹതയുള്ളവരല്ലേ?

മേല്പറഞ്ഞ ഉദാഹരണങ്ങൾ കാണിക്കുന്നത് ആര് എങ്ങിനെ ശാസ്ത്രപ്രവർത്തനങ്ങൾ ചെയ്യുന്നു എന്നതിന്റെ പ്രാധാന്യം മാത്രമല്ല, എല്ലാ മനുഷ്യർക്കും ശാസ്ത്രത്തിന്റെ ഗുണഫലങ്ങളിൽ അവകാശമുണ്ടാവണം എന്നതുകൂടിയാണ്. ഐക്യരാഷ്ട്രസഭയുടെ 1948ലെ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ വ്യവസ്ഥ ചെയ്യുന്നത് ‘ശാസ്ത്രത്തിന്റെ മുന്നേറ്റത്തിനും അതിന്റെ ഗുണഫലങ്ങളിലും പങ്കുകൊള്ളാൻ എല്ലാ മനുഷ്യർക്കും അവകാശമുണ്ട് ’ എന്നാണ്. ഈ വ്യവസ്ഥ എല്ലാ ശാസ്ത്രജ്ഞരും രാജ്യങ്ങളും ഒന്നുകൂടി ഉൾകൊള്ളേണ്ടതാണ്. കാരണം മനുഷ്യജീവന്റെ നിലനില്പ് അതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അത് പ്രാവർത്തികമാകണമെങ്കിൽ  ലാഭത്തിലും വരേണ്യവർഗതാല്പര്യത്തിലും കുടുങ്ങിക്കിടക്കുന്ന  ശാസ്ത്രത്തിന്റെ ഇന്നത്തെ അവസ്ഥ മാറണം. ശാസ്ത്രഗവേഷണം ഏതുവിഷയത്തിൽ ആയിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഏറ്റവും പ്രശ്നപൂരിതമായ സമൂഹങ്ങളായിരിക്കണം.  അത് ആര്, എങ്ങിനെ നടത്തണമെന്നും, അതിന്റെ ഗുണങ്ങൾ ഏറ്റവും കൂടുതലായി ആർക്ക് ലഭിക്കണമെന്നും തീരുമാനിക്കാനും അവർക്ക് കഴിയണം. ഇത്തരം സമൂഹങ്ങൾക്ക് ശാസ്ത്രഗവേഷണത്തിന്റെ അജണ്ട നിശ്ചയിക്കാനും ലഭ്യത ഉറപ്പാക്കാനും സാധിക്കുമെന്ന് HIV/AIDS പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്നവർ തെളിയിച്ചിട്ടുണ്ട്. ചരിത്രപരമായി അരികുവല്കരിക്കപ്പെട്ടവരും, കറുത്തവർഗക്കാരും, തദ്ദേശീയരും , വെള്ളക്കാർ അല്ലാത്തവരും, അവികസിത രാജ്യക്കാരും, ദാനധർമങ്ങളുടെയും ശാസ്ത്രനേട്ടങ്ങൾ അല്പാൽപം കിനിഞ്ഞിറങ്ങുന്നതിന്റെയും മാത്രം സ്വീകർത്താക്കളാകാതെ  തുല്യപങ്കാളിത്തത്തിനുവേണ്ടി ലോകരാജ്യങ്ങളോട് ആവശ്യപ്പെടണം.

ഭാഗ്യവശാൽ, ശാസ്ത്രമുന്നേറ്റങ്ങളിൽ ആഗോള വികസ്വര രാജ്യങ്ങൾ സ്വയം നിർണായകത്വവും സ്വയം പര്യാപ്തതയും നേടിവരുന്നുണ്ട്. കോവിഡ് രോഗം പ്രതിരോധിക്കാനായി ഇന്ത്യയും ചൈനയും നിർമ്മിച്ച non-mRNA വാക്‌സിനുകൾ പാൻഡെമിക് സമയത്ത് മറ്റ് വികസ്വര രാജ്യങ്ങളിൽ എത്തി. ദക്ഷിണാഫ്രിക്കയിലെ ‘അപകോളനീകരണ സാഫല്യം ‘(decolonial aspiration) എന്നറിയപ്പെടുന്ന mRNA വാക്‌സിൻ ഹബും ആഫ്രിക്കൻ വാക്‌സിൻ മാനുഫാക്ചറിങ് ആക്സിലരേറ്ററും (AVMA) ആഫ്രിക്കയിൽ സുസ്ഥിരമായ ഒരു വാക്‌സിൻ നിർമാണ വ്യവസായം തുടങ്ങാൻ ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് 19 കാലത്ത് ആഫ്രിക്കൻ ശാസ്ത്രജ്ഞർ ജിനോമിക് സീക്വെൻസിങ് ഇൻഫ്രാസ്ട്രക്ച്ചറിനുവേണ്ടിയുള്ള യോജിച്ച പ്രവർത്തനം നടത്തുകയും ജിനോമിക ഗവേഷണത്തിൽ ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. വികസ്വര രാജ്യങ്ങൾക്കിടയിൽ വർധിച്ച സഹകരണവും ടെക്നോളജി കൈമാറ്റവും കൂട്ടായ ഗവേഷണവും രാജ്യങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളും ഉണ്ടായാൽ ഈ വക പ്രവർത്തനങ്ങൾക്ക് ഇനിയും ആക്കം കൂടുകയേ ഉള്ളൂ.

ശാസ്ത്രഗവേഷണത്തിന് എങ്ങിനെ ഫണ്ട്‌ ലഭിക്കുന്നു, ആർക്ക് ഫണ്ട്‌ ലഭിക്കുന്നു, ബൗദ്ധിക സ്വത്തവകാശങ്ങൾ സർക്കാറുകൾ എങ്ങിനെ നിർവചിക്കുന്നു, ശാസ്ത്രജ്ഞർക്ക് എങ്ങിനെ പ്രതിഫലം നൽകുന്നു എന്നിവയുടെ കാര്യത്തിൽ പുതിയ സമീപനങ്ങൾ ഉണ്ടാകണമെന്ന് ശാസ്ത്രജ്ഞർ കൂട്ടായി വാദിക്കണം. യു.എസ്. ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ്, വെൽകം ട്രസ്റ്റ്‌, ഫോഗാർട്ടി ഇന്റർനാഷണൽ സെന്റർ തുടങ്ങിയ ഫണ്ടിങ് ഏജൻസികൾ ഇപ്പോൾ നേരിട്ട് അവികസിത രാജ്യങ്ങളിലെ പങ്കാളികളേയും സമൂഹങ്ങളെയും സഹായിക്കുവാൻ തുടങ്ങിയിട്ടുണ്ട്. എല്ലാ ഫണ്ടിങ് ഏജൻസികളും ഇത് മാതൃകയാക്കണം.

സമത്വം, ലഭ്യത, നീതി എന്നിവ തങ്ങളുടെ ജോലിയുടെ പരമപ്രധാന മൂല്യങ്ങളായി കരുതാൻ എല്ലായിടത്തുമുള്ള ശാസ്ത്രജ്ഞരെയും പരിശീലിപ്പിക്കണം. ആഗോളതലത്തിൽ ആരോഗ്യമേഖലയിലും വൈദ്യശാസ്ത്രഗവേഷണത്തിലും ഇതിനു തുടക്കം ഉണ്ടായിട്ടുണ്ട്. എന്നാൽ അത് സാർവ്വത്രികമാകേണ്ടിയിരിക്കുന്നു

വിവർത്തനം : ശാന്തി അരവിന്ദൻ, വി.ചന്ദ്രബാബു

https://www.science.org/doi/10.1126/science.ads2151

Happy
Happy
80 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പൂവ് എത്തി, ദിനോസർ ഉണ്ടായിടത്ത് – വഴിക്കുരുക്കിൽപ്പെട്ട പൂവ് 5
Next post കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നം – ഒരു പുനരവലോകനം – LUCA Colloquium
Close