കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ശ്രീമാന്‍ സത്യപാല്‍ സിങ്ങ് MSc, M Tech, ഡാര്‍വിനെ വെല്ലുവിളിച്ച് നടത്തിയ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഒരു ചിമ്പാന്‍സിയും പരിണാമത്തിലൂടെ മനുഷ്യനായി മാറിയതായി ആരും ഒരിക്കലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും അതുകൊണ്ട് പരിണാമ സിദ്ധാന്തം തട്ടിപ്പാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇനിയും നമ്മുടെ വിദ്യാര്‍ഥികളെ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നത് ശരിയല്ലെന്നും സിലബസ്സില്‍ നിന്നത് നീക്കം ചെയ്യുന്നതാണ് എന്നും കൂടി അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ സമകാലീന ഇന്ത്യന്‍ ശാസ്ത്രം നേരിടുന്ന വെല്ലുവിളികളെ പറ്റി കൂടുതല്‍ വായിക്കാം…
[box type=”warning” align=”” class=”” width=””]“ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഡല്‍ഹി മൃഗശാലയില്‍ ഒന്നു പോയി നോക്കിയാല്‍ മതി. ചിമ്പാന്‍സികള്‍ ഉള്‍പ്പെടെ അനേകതരം കുരങ്ങുകള്‍ നൂറ്റാണ്ടുകളായി അവിടെയുണ്ട്. ഒരെണ്ണം പോലും മനുഷ്യനായിട്ടില്ല ”
സത്യപാല്‍ സിങ്ങ്, കേന്ദ്രമന്ത്രി[/box] [dropcap]ശ്രീ[/dropcap]മാന്‍ സിങ്ങിന്റെ പ്രസ്താവന വേറൊരൂ കൂട്ടരെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. താടിയും മുടിയും നീട്ടി, നീണ്ട കാവിക്കുപ്പായവുമിട്ട് ക്ഷേത്രങ്ങളിലും പൊതുവേദികളിലും വന്ന് പ്രാചീന ഭാരതത്തിന്റെ ശാസ്ത്രപാരമ്പര്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന കൂട്ടരെ (താടിയും കാഷായവുമില്ലാത്ത ശ്രീമാന്‍ ഗോപാലകൃഷ്ണനും – ഗോക്രി- പെടും അതില്‍) പരിണാമ സിദ്ധാന്തവും പ്രപഞ്ച വിജ്ഞാനീയവുമൊക്കെ നമ്മുടെ പ്രാചീന ഋഷിമാര്‍ക്ക് ദിവ്യദൃഷ്ടിയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞു എന്നാണിവര്‍ പറയാറ്. സംശയമുണ്ടെങ്കില്‍ ദശാവതാരങ്ങള്‍ നോക്കൂ: ‘മത്സ്യ, കൂര്‍മ, വരാഹശ്ച….’ പരിണാമ ഘട്ടങ്ങളെയല്ലേ അതു സൂചിപ്പിക്കുന്നത്. എന്തുകൊണ്ട് മത്സ്യം ആദ്യം? ജലത്തിലാണ് ജീവന്റെ ഉത്ഭവം എന്നല്ലേ അതിനര്‍ഥം. ജലത്തിലും കരയിലും വസിക്കാവുന്ന ഉഭയജീവിയാണ് രണ്ടാം ഘട്ടം.- കൂര്‍മം. കരയില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന വരാഹം (പന്നി) ആണ് മൂന്നാം ഘട്ടം. (പന്നിയില്‍ നിന്നാണ് പിന്നീടുള്ള പരിണാമം, മനുഷ്യന്‍ ഉള്‍പ്പെടെ, എന്നതില്‍ ഒരു വര്‍ഗീയമുനയുമുണ്ട്).
അപ്പോള്‍ സിങ്ങോ ശരി, സ്വാമിമാരോ ശരി? ഒടുവില്‍ സീനിയര്‍ വിഭവ കാര്യന്‍ ജാവ്‌ദേക്കര്‍ തന്നെ ഇടപെട്ടു. സിങ്ങ് പറഞ്ഞത് തല്‍ക്കാലം സ്വീകാര്യമല്ല; സിലബസ്സൊന്നും മാറില്ല. (ഇനി അഥവാ മാറിയാല്‍ തന്നെ മത്സ്യ കൂര്‍മാഖ്യാനമാകാനേ സാധ്യതയുള്ളൂ).
സാധാരണയായി പരിണാമാദി കാര്യങ്ങളില്‍ ഗമണ്ടന്‍ മണ്ടത്തരങ്ങള്‍ പറയാനുള്ള അവകാശം ഇസ്ലാമിക മതപണ്ഡിതന്മാര്‍ക്കുള്ളതാണ്. പരിണാമ വിഷയത്തില്‍ അവര്‍ ഭയങ്കര ഗവേഷണ തല്‍പ്പരരുമാണ്. അവര്‍ മികച്ച സെമിനാറുകള്‍ സംഘടിപ്പിക്കും. നല്ല ശാസ്ത്രജ്ഞരെത്തന്നെ പ്രബന്ധാവതാരകരായി ക്ഷണിക്കും. അനേക ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യന്റെയും കുരങ്ങുകളുടെയും പൂര്‍വികരായ പ്രൈമേറ്റുകള്‍ ഏത് സാഹചര്യത്തിലാണ് പരിണാമത്തിന് വിധേയരായതെന്നും അവരില്‍ നിന്ന് പല വിഭാഗത്തില്‍പ്പെട്ട കുരങ്ങുകളും മനുഷ്യക്കുരങ്ങുകളും മനുഷ്യപൂര്‍വികരും ഉരുത്തിരിഞ്ഞുവന്നതെന്നും ഒക്കെ ആധുനിക ജനിതക ശാസ്ത്രത്തിന്റെ കൂടി സഹായത്തോടെ അവര്‍ വിവരിക്കും. കുരങ്ങ് മനുഷ്യനായി എന്ന് പരിണാമശാസ്ത്രത്തിലൊരിടത്തും പറയുന്നില്ല എന്നതിന് അവര്‍ അടിവരയിടും. എല്ലാം കഴിഞ്ഞ് ഒടുവില്‍ മോഡറേറ്റര്‍ ഇങ്ങനെ സമാഹരിക്കും. ‘എല്ലാവരും ശ്രദ്ധയോടെ എല്ലാം കേട്ടല്ലോ. അപ്പോള്‍ എന്താണ് നാം മനസ്സിലാക്കിയത്? കുരങ്ങില്‍ നിന്ന് മനുഷ്യന്‍ പരിണമിച്ചുണ്ടാകില്ല എന്നല്ലേ? പരമകാരുണികനായ പടച്ചവന്റെ ശ്രേഷ്ഠ സൃഷ്ടിയാണ് മനുഷ്യന്‍….. ബ്ലാ… ബ്ലാ… ബ്ലാ… ‘അങ്ങനെ സെമിനാര്‍ കഴിയും. ശ്രോതാക്കള്‍ സന്തുഷ്ടര്‍, ശാസ്ത്രപ്രഭാഷകര്‍ സന്തുഷ്ടര്‍ (സാമാന്യം മികച്ച പ്രതിഫലമാണ് നല്‍കാറ്); സംഘാടകര്‍ അതിലേറെ സന്തുഷ്ടര്‍, ഇവര്‍ക്കാണ് ശ്രീമാന്‍ സിങ്ങ് വെല്ലുവിളി ഉയര്‍ത്തിയത്. അതു മുളയിലേ നുള്ളിക്കളഞ്ഞത് കഷ്ടായി.
ഇനി നമുക്ക് ന്യൂട്ടണ്‍ പ്രശ്‌നത്തിലേക്ക് വരാം. ബി ജെ പിയുടെ പ്രമുഖനായ ഒരു നേതാവാണ് പ്രസ്താവിച്ചത് ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണമൊക്കെ പണ്ടേ ഭാരതീയര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ബ്രഹ്മഗുപ്തനത് പറഞ്ഞിട്ടുമുണ്ട്. ഭൂഗുരുത്വത്തെക്കുറിച്ച് ബ്രഹ്മഗുപ്തനറിയാമായിരുന്നു എന്നത് വാസ്തവമാണ്. യൂറോപ്പില്‍ പോലും ഭൂഗുരുത്വത്തെപ്പറ്റി ആദ്യമായി വിശദ പഠനം നടത്തിയത് ന്യൂട്ടനല്ല, ദാവിഞ്ചിയാണ്; പ്രശസ്ത ചിത്രകാരനായ ലിയനാര്‍ദോ ദാവിഞ്ചി. ഭൂഗുരുത്വത്തിനു വിധേയമായി ചലിക്കുന്ന ഒരു പീരങ്കി ഉണ്ടയുടെ പഥം പരബോള ആയിരിക്കും എന്നു കണ്ടെത്തിയത് അദ്ദേഹമാണ്. പിന്നീട് ഗലീലിയോ പരീക്ഷണങ്ങള്‍ തുടര്‍ന്നു.
ഒടുവില്‍ സാര്‍വത്രിക ഗുരുത്വാകര്‍ഷണ നിയമം (ഓര്‍ക്കുക, ഭൂഗുരുത്വമല്ല) ആവിഷ്‌കരിച്ചത് ന്യൂട്ടനാണ്. അദ്ദേഹം ചെയ്തത് രണ്ടു കാര്യങ്ങളാണ്.
- ഭൂമി മാത്രമല്ല, എല്ലാ ഭൗതിക വസ്തുക്കളും പരസ്പരം ആകര്‍ഷിക്കുമെന്നും അതിന്റെ നിയമം പ്രപഞ്ചത്തിലെല്ലായിടത്തും ഒരുപോലെ ബാധകമാണെന്നും പ്രഖ്യാപിച്ചു.
- ആ നിയമത്തിന്റെ ഗണിതരൂപവും കണ്ടെത്തി. F=GMm/r2.
ഈ രണ്ടു കാര്യങ്ങളും ബ്രഹ്മഗുപ്തനോ മറ്റാരെങ്കിലുമോ ചെയ്തതായി കാണുന്നില്ല. കെപ്ലറുടെ ഗ്രഹചലന നിയമങ്ങളുടെ ഭൗതിക കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ന്യൂട്ടണ്‍ ഈ നിയമത്തിലെത്തിയത്.
ബ്രഹ്മഗുപ്തന്റെ പ്രപഞ്ചകേന്ദ്രം ഭൂമിയും ഗ്രഹങ്ങളെല്ലാം ദിവ്യാത്മാക്കളുമായിരുന്നതുകൊണ്ട് ഇങ്ങനെ ഒരു നിയമത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ഒരു നിയമം ഉണ്ടായപ്പഴേ അതൊരു ശാസ്ത്രമായുള്ളു. അപ്പഴേ അത് പ്രയോഗക്ഷമമാവുകയുള്ളൂ.
ബ്രഹ്മഗുപ്തന്‍ അപാര ജീനിയസ് ആയിരുന്നു. പക്ഷേ ഒരു ഗണിതഭാഷയുടെ അഭാവം അദ്ദേഹത്തിനു തടസ്സമായി. അദ്ദേഹത്തിനു മാത്രമല്ല മറ്റനേകം പേര്‍ക്കും. എന്തുകാര്യവും ശ്ലോകങ്ങളായി പറയാം എന്ന സംസ്‌കൃത ഭാഷയുടെ മികവ് ഗണിതപുരോഗതിക്ക് വിനയായി. സിംബോളിക് ലോജിക് വളര്‍ന്നില്ല. ഉദാ. പിത്തഗോറസിനും വളരെ മുമ്പേ അദ്ദേഹത്തിന്റെ സിദ്ധാന്തം ഇന്ത്യക്കാര്‍ക്കറിയാമായിരുന്നു എന്നതിന് സുല്‍ബസൂത്രങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. എന്നാല്‍ a2+b2=C2 (c-മട്ടകോണിന് എതിരെയുള്ള വശം) എന്നെഴുതുന്നതിനു പകരം, ദീര്‍ഘ ചതുരത്തിന്റെ അക്ഷര രജ്ജു ഉണ്ടാക്കുന്നത് പാര്‍ശ്വമനി, തിര്യങ്മനി രജ്ജുക്കള്‍ ഉണ്ടാക്കുന്നതിന്റെ തുകയ്ക്ക് തുല്യമായിരിക്കും’ എന്നാണ് സുല്‍ബ സൂത്രം പറഞ്ഞത്. ഇതിന്റെ ദോഷമെന്താണെന്നു വച്ചാല്‍ മട്ടമല്ലാത്ത മറ്റു ത്രികോണങ്ങളുടെ വിസ്തീര്‍ണവും വശങ്ങള്‍ തമ്മിലുള്ള ബന്ധവുമൊന്നും ഇത്ര ലളിതമല്ലാത്തതുകൊണ്ട് നിര്‍ധരിക്കാനും പ്രസ്താവിക്കാനും പ്രയാസം നേരിടും. ചുരുക്കത്തില്‍ ആര്യഭടന്‍, ബ്രഹ്മഗുപ്തന്‍, ഭാസ്‌കരന്‍, മഞ്ജുളന്‍, സോമയാജി തുടങ്ങിയ പ്രഗത്ഭമതികള്‍ക്കുപോലും സിംബോളിക് ഭാഷയുടെ (അതാണല്ലോ പ്രകൃതിയുടെ ഭാഷ) അഭാവം വിനയായി. ബ്രിട്ടീഷ് വിദ്യാഭ്യാസമാണ് അത് നമുക്ക് നല്‍കിയത്. അതിന്റെ ഫലമാണ് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലുണ്ടായ ശാസ്ത്രക്കുതിപ്പ്.