ഓരോ വർഷവും അവസാനിക്കുമ്പോൾ, കഴിഞ്ഞ ദിനങ്ങളിൽ നടന്ന പ്രധാന സംഭവങ്ങളെക്കുറിച്ച് അവലോകനം നടത്താറുണ്ടല്ലോ. 2024-ൽ നടന്ന ചില മികച്ച ശാസ്ത്ര കണ്ടുപിടുത്തങ്ങളിലേക്കും ശ്രദ്ധേയമായ ചില ശാസ്ത്രവാർത്തകളിലേക്കുമുള്ള ഒരു തിരിഞ്ഞുനോട്ടം നടത്താനാണ് ഇവിടെ ശ്രമിക്കുന്നത്.
കഴിഞ്ഞ വർഷവും ആരോഗ്യരംഗത്തും ബഹിരാകാശ പര്യവേക്ഷണത്തിലും പുരാതന ജനിതകശാസ്ത്രത്തിലുമൊക്കെ ഏറ്റവും ആവേശകരമായ ചില മുന്നേറ്റങ്ങൾ ഉണ്ടായി. എന്നാൽ, കുറച്ചു ആശങ്കകളും മുന്നറിയിപ്പുകളുമായാണ് വർഷം വിടവാങ്ങുന്നത്.
1. എച്ച്ഐവി പ്രതിരോധ മരുന്ന് ലെനകാപവിറിന് ഫലപ്രാപ്തി.
ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കു പ്രകാരം, ലോകത്ത് എച്ച് ഐ വി ബാധിതരുടെ എണ്ണം 40 ദശലക്ഷം പിന്നിട്ടിരിക്കുന്നു. ഓരോ മിനുട്ടിലും ചികിത്സ ലഭിക്കാത്തതുമൂലം ഒരാൾ മരിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.
എയിഡ്സിനെതിരായ മരുന്നു ഗവേഷണം വർഷങ്ങളായി തുടർന്നു വരുന്നതാണ്. 2022-ൽ, യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആരോഗ്യ സംഘടനകൾ, എച്ച്ഐവി/എയ്ഡ്സ് ചികിത്സക്ക് ലെനകാപവിർ (Lenacapavir) എന്ന മരുന്ന് പരീക്ഷിക്കുന്നതിന് അനുവാദം നൽകിയിരുന്നു. 2024-ൽ, ലെനകാപവിറിൻ്റെ നിർമ്മാതാക്കളായ ഗിലെയഡ് സയൻസസ് (Gilead Sciences) നടത്തിയ രണ്ട് മരുന്ന് പരീക്ഷണങ്ങളുടെ ഫലങ്ങൾ ഒരു ട്രയലിൽ 100 ശതമാനം വിജയവും മറ്റേ ട്രയൽ 96 ശതമാനം വിജയവും കാണിച്ചിരിക്കുന്നു.
ലെനകാപവിർ ഒരു പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസായി (PrEP) -അസുഖം വരാതിരിക്കാനുള്ള മുൻകരുതൽ- ഉപയോഗിക്കാം, ഈ വാക്സിൻ വർഷത്തിൽ രണ്ടുതവണ എടുത്താൽ മതിയാകും. നിലവിൽ എച്ച്ഐവി/എയ്ഡ്‌സ് തടയാൻ സഹായിക്കുന്ന ഗുളിക എല്ലാ ദിവസവും കഴിക്കേണ്ടതാണ്. അതിനുള്ള നല്ല ബദലായി ലെനകാപവിർ മാറുന്നു.
ഇത് മാത്രമല്ല പ്രതീക്ഷയുണർത്തുന്നത്. വൈറസിൻ്റെ ജനിതക വസ്തുവിനെ സംരക്ഷിക്കുന്ന ക്യാപ്സിഡ് പ്രോട്ടീനുകളെ നശിപ്പിക്കുന്നതാണ് പുതിയ മരുന്ന്. ഈ ഗവേഷണത്തോടെ, മറ്റ് വൈറസുകളുടെ ക്യാപ്സിഡ് പ്രോട്ടീനുകളെ ആക്രമിക്കുന്ന വാക്സിനുകൾ ഉയർന്നുവരാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് സയൻസ് ജേണൽ ഈ കണ്ടുപിടിത്തത്തെ 2024 വർഷത്തെ മുന്നേറ്റം” എന്ന് വിശേഷിപ്പിച്ചത്.
2. റഷ്യയുടെ കാൻസർ വാക്സിൻ ഫലപ്രദമോ ?
കാൻസർ ചികിത്സക്കുള്ള വാക്സിൻ വികസിപ്പിക്കുന്നതിൽ കുറേ വർഷങ്ങളായി ശാസ്ത്രലോകം വിജയപാതയിലാണ്. എന്നാൽ ഇതുവരെ പൂർണവിജയം നേടാനായിട്ടുമില്ല. 2024 അവസാനിക്കുമ്പോൾ, കാൻസറിനെതിരെ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയെന്ന റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തെ ശാസ്ത്രലോകം ആശ്ചര്യത്തോടെയാണ് കാണുന്നത്. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്റർ, എംആർഎൻഎ (mRNA vaccine) വാക്സിൻ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനം. വാക്‌സിൻ 2025 ആദ്യം തന്നെ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
മനുഷ്യരിൽ പരീക്ഷിക്കപ്പെട്ടതിന്റെ വിവരങ്ങൾ പുറത്തു വിടുകയോ അംഗീകൃത ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയോ ശാസ്ത്രസമിതികളുടെ പരിശോധനകൾക്ക് ലഭ്യമാക്കുകയോ ചെയ്യാതെയാണ് ഈ പ്രഖ്യാപനം വന്നിട്ടുള്ളത് എന്നതിനാൽ എത്രമാത്രം ഫലപ്രദമായിരിക്കും പുതിയ വാക്സിൻ എന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എങ്കിലും കച്ചവടതാൽപ്പര്യമില്ലാതെ, ആവശ്യക്കാരായ എല്ലാവർക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.
കാൻസറിന് പ്രതിരോധ വാക്സീനുകൾ ഇല്ല (ഗർഭാശയ-ഗള കാൻസർ ഉണ്ടാക്കുന്ന HPV വൈറസിനെതിരെയുള്ള വാക്സിൻ ഒഴികെ). കാൻസർ ചികിത്സയ്ക്കായി വാക്സീനുകൾ എന്നു വിളിക്കാവുന്ന പലതരം പ്രതിരോധചികിത്സകൾ നിലവിൽ തന്നെയുണ്ട്. ഡിസൈനർ എം.ആർ.എൻ.എ വാക്സീനുകൾ പല രാജ്യങ്ങളിലും വികസന സ്റ്റേജിൽ ഉണ്ട്. അത്തരമൊന്നേ റഷ്യയും പ്രഖ്യാപിച്ചിട്ടുള്ളൂ.
ഇത്തരമൊരു വാക്സീൻ വിജയിച്ചാൽ സൗജന്യമായി രോഗികൾക്കു നൽകുമെന്ന പ്രഖ്യാപനത്തിൽ പുതുമയുണ്ട്. അത് അനുകരിക്കേണ്ടതുമാണ്.
3. ശത്രുകീടങ്ങളെ മാത്രം തെരഞ്ഞ്പിടിച്ച് കൊല്ലുന്ന കീടനാശിനി വിജയത്തിലേക്ക്
പരമ്പരാഗത കീടനാശിനികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്നതും ആളുകൾക്കും പരിസ്ഥിതിക്കും സുരക്ഷിതമായിരിക്കും എന്ന് അവകാശപ്പെടുന്നതുമായ ഒരു കീടനാശിനി ഈ വർഷം യുഎസിലെ തോട്ടങ്ങളിൽ തളിച്ചു തുടങ്ങി. ലക്ഷ്യമിട്ട പ്രാണികളെ മാത്രം കൊല്ലുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് ഉൽപ്പാദകർ അവകാശപ്പെടുന്നു. RNA interference (RNAi) എന്ന മെക്കാനിസത്തെ അടിസ്ഥാനമാക്കി കൊളറാഡോ ഉരുളക്കിഴങ്ങ് വണ്ടിലെ ഒരു സുപ്രധാന ജീനിനെയാണ് ഇത് ലക്ഷ്യം വെച്ചത്. പരാഗണത്തിനു സഹായിക്കുന്ന മറ്റ് ജീവജാലങ്ങൾക്കു കേടുപാടുകൾ വരുത്താതെയാണ് കൊല്ലാൻ ആഗ്രഹിക്കുന്ന പ്രാണികളെ മാത്രം കൃത്യമായി കൊല്ലുന്ന ഈ കീടനാശിനിയെന്ന് കെൻ്റക്കി സർവകലാശാലയിലെ കീടശാസ്ത്രജ്ഞനായ സുബ്ബ റെഡ്ഡി പള്ളി പറയുന്നു.
ഗ്രീൻലൈറ്റ് ബയോസയൻസസ് എന്ന കമ്പനി കലന്ത എന്ന പേരിൽ വിപണനം ചെയ്ത ഈ കീടനാശിനി 4 വർഷത്തെ നിരീക്ഷണത്തിന് ശേഷം 2024 ജനുവരിയിൽ യുഎസ് എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ (ഇപിഎ) അംഗീകാരം നേടി. കൂടുതൽ ആർഎൻഎ അധിഷ്ഠിത ഉൽപ്പന്നങ്ങൾ അംഗീകാരത്തിനായി അപേക്ഷിച്ചിട്ടുണ്ട്.
എന്നാൽ ഈ സാങ്കേതികവിദ്യയ്ക്ക് പരിമിതികളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഡയമണ്ട്ബാക്ക് നിശാശലഭവും മറ്റ് നിരവധി കീടങ്ങളും ഉൾപ്പെടുന്ന ലെപിഡോപ്റ്റെറാനുകൾക്ക് (lepidopteran) എതിരെ ഇത് ഫലപ്രദമാകുന്നില്ല. അവയുടെ കുടലിൽ ആർഎൻഎയെ തകർക്കുന്ന ശക്തമായ എൻസൈമുകൾ ഉണ്ട്. മാത്രമല്ല, ലക്ഷ്യം വയ്ക്കാത്ത ജീവജാലങ്ങൾക്ക് കൂടി ഇതു ദോഷം വരുത്തുന്നതിനെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഉരുളക്കിഴങ്ങ് വയലുകൾക്ക് സമീപം ജീവിക്കുന്ന ജലവണ്ടുകൾക്ക് (Hungerford’s crawling water beetle) ഇത് അപകടമുണ്ടാക്കുമെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നുണ്ട്.
4. പഴ ഈച്ചയുടെ തലച്ചോറിന്റെ സമ്പൂർണ്ണ ചിത്രം തയ്യാറായി. (FruitFly Connectome)
2024 ഒക്ടോബറിൽ, ഗവേഷകർ ഒരു പഴ ഈച്ചയുടെ (ഡ്രോസോഫില മെലനോഗാസ്റ്റർ) തലച്ചോറിലെ ന്യൂറോണുകളുടെ പൂർണ്ണമായ ഭൂപടം പുറത്തിറക്കി. ഈ വയറിംഗ് ഡയഗ്രം അല്ലെങ്കിൽ കണക്ടോം, മനുഷ്യ മനസ്സുകൾ എങ്ങനെ ചിന്തകളെ പ്രോസസ്സ് ചെയ്യുന്നുവെന്നും തീരുമാനങ്ങൾ എടുക്കുന്നുവെന്നും ഓർമ്മകൾ സൂക്ഷിക്കുന്നുവെന്നും മനസ്സിലാക്കാൻ വിദഗ്ധരെ സഹായിക്കും.
ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് ഗവേഷണ ലാബുകളുടെ കൺസോർഷ്യമായ FlyWire, പ്രായപൂർത്തിയായ ഒരു ഫ്രൂട്ട് ഈച്ചയുടെ തലച്ചോറിൻ്റെ ന്യൂറോണൽ വയറിംഗ് ഡയഗ്രം നിർമ്മിച്ചു. ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങളിൽ നിന്ന് വ്യക്തിഗത ന്യൂറോണുകൾ തമ്മിലുള്ള ബന്ധം ഗവേഷകർ തിരിച്ചറിഞ്ഞു. തത്ഫലമായുണ്ടാകുന്ന വയറിംഗ് ഡയഗ്രം അല്ലെങ്കിൽ കണക്ടോം, ഏകദേശം 140,000 ന്യൂറോണുകളും അവയ്ക്കിടയിലുള്ള 50 ദശലക്ഷത്തിലധികം സിനാപ്സുകളും (ന്യൂറോണുകൾ ബന്ധിപ്പിക്കുന്നിടത്ത്) ഉൾക്കൊള്ളുന്നു. ഇന്നുവരെ തയ്യാറാക്കിയ ഏറ്റവും വലുതും സങ്കീർണ്ണവുമായ കണക്ടോം ഇതാണ്. സബ്ഈസോഫാജിയൽ മേഖല subesophageal zone (SEZ) എന്ന മസ്തിഷ്ക മേഖലയുടെ പങ്കിനെക്കുറിച്ച് ഈ പഠനം സുപ്രധാനമായ പുതിയ ഉൾക്കാഴ്ച നൽകി. ഇത് തലച്ചോറിൻ്റെ മിക്കവാറും എല്ലാ ഭാഗങ്ങളുമായും ഇടപഴകുന്നതായി സംഘം കണ്ടെത്തി. തലച്ചോറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സിഗ്നലുകളുടെ വലിയൊരു ഭാഗം ഇത് സ്വീകരിക്കുന്നു. തലച്ചോറിൽ നിന്ന് പുറത്തേക്ക് പോകുന്ന പല സിഗ്നലുകളും ഇത് അയയ്ക്കുന്നുമുണ്ട്. അതിനാൽ, തലച്ചോറിലേക്കും പുറത്തേക്കും വിവരങ്ങളുടെ ഒഴുക്കിന് SEZ പ്രധാനമാണ് എന്ന് മനസ്സിലാക്കാം.
ഇതിലൂടെ മനുഷ്യ മസ്തിഷ്കത്തെക്കുറിച്ചും അറിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ 80 ബില്യണിലധികം ന്യൂറോണുകളുള്ള മനുഷ്യ മസ്തിഷ്കം വളരെ വലിയ വെല്ലുവിളിയാണ്. എങ്കിലും ശാസ്ത്രജ്ഞർ ഇതിന് തുടക്കം കുറിച്ചിട്ടുണ്ട്. 2024 മെയ് മാസത്തിൽ, ഗൂഗിളിലെ ഗവേഷകർ 16,000 ന്യൂറോണുകൾ അടങ്ങിയ, മനുഷ്യ മസ്തിഷ്കത്തിൻ്റെ ഒരു ചെറിയ കഷണത്തിൻ്റെ 3D ചിത്രം വെളിപ്പെടുത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അൽഗോരിതങ്ങൾ അതീവ വിപുലമായ ഈ വിവരസഞ്ചയത്തെ കൈകാര്യം ചെയ്യാൻ സഹായിക്കുന്നുണ്ട്. മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ അടിസ്ഥാനകാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ ശ്രമിക്കുന്നതിനൊപ്പം, മനുഷ്യൻ്റെ മാനസിക രോഗങ്ങളുടെ നിഗൂഢതകൾ പരിഹരിക്കാനും കഴിഞ്ഞേക്കും. അൽഷിമേഴ്സ് തുടങ്ങിയവയുടെ ചികിത്സക്കും മസ്തിഷ്ക ക്ഷതത്തിന് ശേഷം ശേഷികൾ വീണ്ടെടുക്കാനുള്ള വഴികളും തെളിഞ്ഞു കിട്ടിയേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.
5. പുതിയ സൂപ്പർ ഭൂമി വാസയോഗ്യമായ മേഖലയിൽ കണ്ടെത്തി
നമ്മിൽ നിന്ന് ഏകദേശം 137 പ്രകാശവർഷം അകലെ ഒരു “സൂപ്പർ എർത്ത്” (Super-Earth, TOI-715 b) കണ്ടെത്തിയതായി 2024 ജനുവരിയിൽ നാസ പ്രഖ്യാപിച്ചു. ഈ ഗ്രഹം വാസയോഗ്യമായേക്കാമെന്നാണ് നാസയുടെ അഭിപ്രായം. TOI-715 b എന്ന ഈ ഗ്രഹം ഭൂമിയേക്കാൾ ഒന്നര മടങ്ങ് വലുപ്പമുള്ളതും അതിൻ്റെ സൂര്യനായ, ചെറിയ ചുവന്ന നക്ഷത്രത്തെ വാസയോഗ്യമായ മേഖലയിലൂടെ ചുറ്റുന്നതുമാണ്. ഇത് “വാസയോഗ്യമായ മേഖലയിൽ” ആണെന്ന് പറഞ്ഞാൽ അത് അതിൻ്റെ നക്ഷത്രത്തിൽ നിന്ന് സുരക്ഷിത അകലത്തിലാണ് എന്നാണ്. അതിനാൽ ജലം അതിൻ്റെ ഉപരിതലത്തിൽ തണുത്തുറയുകയോ ബാഷ്പീകരിക്കപ്പെടുകയോ ചെയ്യുന്നതിനുപകരം ദ്രാവക രൂപത്തിൽ തന്നെ നിലനിൽക്കും.
ഈ നക്ഷത്രത്തിന് അതിൻ്റെ ഭ്രമണപഥത്തിൽ ഭൂമിയെപ്പോലെ ഒരു ചെറിയ ഗ്രഹവും ഉണ്ടായിരിക്കാമെന്നും കരുതുന്നുണ്ട്. ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ടിഐസി 271971130.02 എന്ന പേരിടപ്പെട്ട ഈ ചെറിയ ഗ്രഹം വാസയോഗ്യമായ മേഖലയിൽ അറിയപ്പെടുന്ന ഏറ്റവും ചെറിയ എക്സോപ്ലാനറ്റായിരിക്കും.
ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (TESS) ഉപയോഗിച്ചാണ് ഗവേഷകർ ഈ രണ്ട് ഗ്രഹങ്ങളെയും കണ്ടെത്തിയത്. പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്ന ചോദ്യത്തിന് മറുപടി ഇനിയും ഏറെ അകലെയല്ല എന്നാണ് പ്രതീക്ഷ.
6. പ്ലാസ്റ്റിക്ക് മലിനീകരണം തടയാനുള്ള ലോക സമ്മേളനം തീരുമാനമാകാതെ പിരിഞ്ഞു.
ഇപ്പോൾ ഭൂമിയിൽ കുമിഞ്ഞുകൂടിയ എട്ട് ജിഗാടൺ പ്ലാസ്റ്റിക് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു – ഇത് അറിയപ്പെടുന്ന എല്ലാ ജീവജാലങ്ങളുടെയും ഭാരത്തിൻ്റെ ഇരട്ടിയാണെന്ന് ഓർക്കുക. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടി തയ്യാറാക്കാൻ ഐക്യരാഷ്ട്രസഭയിലെ പ്രതിനിധികൾ ശ്രമിച്ചതോടെ വീണ്ടും പ്ലാസ്റ്റിക് ശ്രദ്ധാകേന്ദ്രമായി. പക്ഷെ, ദക്ഷിണ കൊറിയയിലെ ബുസാനിൽ ഈ വർഷം അവസാനം നടന്ന Intergovernmental Negotiating Committee (INC-5) യോഗം അലസിപ്പിരിയുകയാണുണ്ടായത് എന്നതാണ് സങ്കടകരം.
ആദ്യം ആസൂത്രണം ചെയ്തതുപോലെ ഒരു സമഗ്ര കരാറിലെത്താൻ പരാജയപ്പെട്ടെങ്കിലും, ഇതിനുള്ള പ്രവർത്തനം അടുത്ത വർഷവും തുടരും. നമ്മുടെ സമുദ്രങ്ങൾ, വായു, ഭക്ഷണം, രക്തം, അമ്മയുടെ മുലപ്പാൽ എന്നിവയുൾപ്പെടെ നമ്മുടെ ജീവിതത്തിൻ്റെ എല്ലാ കോണുകളിലേക്കും പ്ലാസ്റ്റിക് കലർന്നിരിക്കുന്നു. ഉടമ്പടി തയ്യാറാക്കുന്നതിനായി, ഗവേഷകർ വിവിധ പ്ലാസ്റ്റിക് നിയന്ത്രണ നയങ്ങൾ മാതൃകയാക്കുകയും 16,000-ത്തിലധികം പ്ലാസ്റ്റിക് രാസവസ്തുക്കൾ പട്ടികപ്പെടുത്തുകയും ചെയ്തു. ഇതിൽ 4,200-ലധികം എണ്ണം ആശങ്കാജനകമാണെന്ന് കണ്ടെത്തി. മൊത്തത്തിലുള്ള ഉൽപ്പാദനം ഗണ്യമായി കുറയ്ക്കുകയും ശേഷിക്കുന്ന അവശ്യ പ്ലാസ്റ്റിക്കുകൾ “രൂപകൽപ്പനയിലൂടെ മികച്ചതാക്കുക” എന്നതാണ് പ്രധാന തീരുമാനം.
പ്ലാസ്റ്റിക്കുകൾ സുരക്ഷിതമായി വിഘടിപ്പിക്കുന്നതിനായി ഫംഗസുകളോ ബാക്ടീരിയകളോ ഉപയോഗിക്കുന്നതിനോ കൂടുതൽ റീസൈക്കിൾ സാധ്യതയുള്ളവ സൃഷ്ടിക്കുന്നതിനോ ഗവേഷകർ മികച്ച മാർഗങ്ങൾ തേടുന്നത് തുടർന്നു കൊണ്ടിരിക്കുന്നുവെങ്കിലും പ്രതിസന്ധി പരിഹരിക്കാനിതുവരെ സാധിച്ചിട്ടില്ല.
7. രക്തപരിശോധനയിലൂടെ അൽഷിമേഴ്സ് കണ്ടെത്തൽ എളുപ്പമാകുന്നു.
പ്രിയപ്പെട്ട ഒരാളുടെ ഓർമ്മകളും സ്വത്വവും സ്വാതന്ത്ര്യവും പതുക്കെ നഷ്ടപ്പെടുന്നത് കാണുന്നത് എത്ര വേദനാജനകമാണ്.!! രോഗി(?)ക്കും അവരെ പരിചരിക്കുന്ന എല്ലാവർക്കും അൽഷിമേഴ്സ് ഏറേ വിഷമകരമായ രോഗമാണ്. കൂടാതെ, രോഗ പരിശോധനയ്ക്ക് സെറിബ്രോസ്പൈനൽ ദ്രാവകത്തിന്റെ (CSF) സാമ്പിൾ അല്ലെങ്കിൽ PET സ്കാൻ (ബ്രെയിൻ ഇമേജിംഗ്) ആവശ്യമാണ്. ഈ പരിശോധനകൾ സാധാരണയായി ഒരു പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നിന്നും ലഭിക്കുകയുമില്ല. ഇത് രോഗനിർണയത്തിനും രോഗത്തിൻറെ അവസ്ഥ വിലയിരുത്തി മന്ദഗതിയിലാക്കാൻ ശരിയായ മരുന്ന് കണ്ടെത്തുന്നതിനും തടസ്സമുണ്ടാക്കുന്നു.
അൽഷിമേഴ്‌സ് രോഗ നിർണയത്തിന് എളുപ്പമായ രക്തപരിശോധനകൾ വികസിപ്പിക്കാൻ ഗവേഷകർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പരിശോധനകൾ അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട അമിലോയ്ഡ് ബീറ്റ, ടൗ എന്നീ പ്രോട്ടീനുകളെ അളക്കുകയാണ് ചെയ്യുന്നത്. ചിലതരം അമിലോയിഡ് ബീറ്റ, ടൗ എന്നിവയുടെ അസാധാരണ രൂപീകരണം രക്തപ്രവാഹത്തിലേക്ക് ഒഴുകാൻ ഇടയാക്കും. എൻഐഎച്ച് ധനസഹായം നൽകിയ പുതിയ പഠനത്തിൽ,. സ്വീഡനിലെ ലണ്ട് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള സെബാസ്റ്റ്യൻ പാംക്വിസ്റ്റ്, ഓസ്‌കർ ഹാൻസൺ എന്നിവർ ഓർമ്മക്കുറവു പോലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്ന ആളുകളിൽ നിന്ന് രക്ത സാമ്പിളുകൾ ശേഖരിച്ചു. ഗവേഷകർ 1,200-ലധികം മുതിർന്നവരുടെ രക്ത സാമ്പിളുകൾ പരിശോധിച്ചു. പ്രാദേശിക പ്രൈമറി കെയർ ക്ലിനിക്കുകളിൽ നിന്ന് 500-ലധികം പേരെയും സമീപത്തുള്ള സ്പെഷ്യാലിറ്റി മെമ്മറി കെയർ ക്ലിനിക്കുകളിൽ നിന്ന് 700-ഓളം പേരെയും റിക്രൂട്ട് ചെയ്തു. ഗവേഷകർ ഈ പഠന വിവരങ്ങളെ സെറിബ്രൽ ഫ്ലൂയിഡുമായും PET ഫലങ്ങളുമായും താരതമ്യം ചെയ്തു. രക്തപരിശോധനയിൽ 88% മുതൽ 92% വരെ കൃത്യതയോടെ അൽഷിമേഴ്‌സ് രോഗനിർണയം നടത്താനായി. ഇത് ദീർഘകാലാടിസ്ഥാനത്തിൽ രോഹനിർണ്ണയത്തിന് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം വികസിപ്പിക്കാനുമെന്ന് പ്രതീക്ഷിക്കാം ..
8. പകർച്ചവ്യാധികൾ കുറയുന്നില്ല.
നിരവധി പകർച്ചവ്യാധികളുടെ വ്യാപനത്തിന് 2024 സാക്ഷ്യം വഹിച്ചു. 2024ൽ 17 അപകടകരമായ രോഗങ്ങളുടെ വ്യാപനമുണ്ടായതായി (outbreaks) ബെർലിനിൽ നടന്ന 15-ാമത് ലോകാരോഗ്യ ഉച്ചകോടിയിൽ ഗ്ലോബൽ പ്രിപ്പർഡ്‌നെസ് മോണിറ്ററിംഗ് ബോർഡ് (GPMB) റിപ്പോർട്ട് പുറത്തിറക്കി. ഈ വർഷം അഞ്ചാംപനി, എംപോക്സ്, ഡെങ്കിപ്പനി എന്നിവയുൾപ്പെടെ നിരവധി പകർച്ചവ്യാധികളുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു.
ഏകദേശം 1,07,500 പേർ, കൂടുതലും 5 വയസ്സിൽ താഴെയുള്ള കുട്ടികൾ, 2023-ൽ അഞ്ചാംപനി ബാധിച്ച് മരിച്ചതായാണ് കണക്കുകൾ. 2024-ൽ ഈ സംഖ്യകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
2024-ൽ ഡെങ്കി കേസുകളിൽ റെക്കോർഡ് വർധനയാണുണ്ടായത്. ലോകത്താകെ 14 ദശലക്ഷത്തിലധികം കേസുകളും 10,000-ത്തിലധികം ഡെങ്കിപ്പനി മരണങ്ങളും രേഖപ്പെടുത്തി. ബ്രസീലിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് (9.8 ദശലക്ഷത്തിലധികം) തൊട്ടുപിന്നിൽ അർജൻ്റീന, മെക്സിക്കോയുമുണ്ട്.
2024-ൽ, 4,90,700 കോളറ കേസുകൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇതിൽ 3693 മരണങ്ങളുണ്ട്. അഫ്ഗാനിസ്ഥാനിൽ 160,794 കേസുകൾ റിപ്പോർട്ട് ചെയ്തു – 80 മരണങ്ങളും. ആഗോള താപനില ഉയരുന്നതിനനുസരിച്ച്, ഡെങ്കിപ്പനി, കോളറ തുടങ്ങിയ രോഗവാഹകർ പകർത്തുന്ന രോഗങ്ങൾ മുമ്പ് ബാധിക്കപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളിലേക്ക്, യൂറോപ്പിൻ്റെ ചില ഭാഗങ്ങൾ ഉൾപ്പെടെ, വ്യാപിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
റുവാണ്ട 2024ൽ ശക്തമായ മാർബർഗ് വൈറസ് ബാധയെ അഭിമുഖീകരിച്ചു, ഇതിൽ 15 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വാക്സിൻ വിന്യാസവും അന്താരാഷ്ട്ര പങ്കാളിത്തവും ഉൾപ്പെടെയുള്ള വേഗത്തിലുള്ള നിയന്ത്രണ നടപടികൾ മുഖേന മാർബർഗ് ബാധയെ മഹാമാരിയായി മാറാതെ നിയന്ത്രിക്കാൻ കഴിഞ്ഞു.
Mpox (മങ്കിപോക്സ്) ഒരു ആഗോള ആശങ്കയായി വീണ്ടും ഉയർന്നുവന്നു, ഇത് കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. 2024 ഓഗസ്റ്റിൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എംപോക്സ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകരാഷ്ട്രങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ പകർച്ചവ്യാധികൾക്കെതിരായ ഇടപെടലുകൾ വിജയിക്കുകയുള്ളൂ എന്നുറപ്പാണ്.
9. സുനിത വില്യംസിന്റെ തിരിച്ചുവരവ് വൈകുന്നു.
2024 ജൂൺ മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസിന്റെയും ബാരി വിൽമോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവിന് കാലതാമസം നേരിടുന്നു. ഒരാഴ്ചത്തെ ഹ്രസ്വ ദൗത്യത്തിനായി യാത്രപുറപ്പെട്ട ഇവരുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസം ഇനിയും കുറച്ചു മാസത്തേക്ക് കൂടി നീട്ടേണ്ടി വരും.
ബഹിരാകാശയാത്രികരുടെ പ്രാരംഭ ബഹിരാകാശ പേടകമായ ബോയിംഗിൻ്റെ സ്റ്റാർലൈനർ, ചോർച്ചയും ത്രസ്റ്റർ തകരാറുകളും ഉൾപ്പെടെ ഒന്നിലധികം പ്രശ്‌നങ്ങൾ നേരിട്ടതിന് ശേഷം, മടങ്ങിവരുന്നതിന് സുരക്ഷിതമല്ലെന്ന് കണക്കാക്കിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. സ്‌പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂൾ 2025 ഫെബ്രുവരിയിൽ വില്യംസിനെയും വിൽമോറിനെയും തിരിച്ചെത്തിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ മാത്രമേ അവരുടെ മടങ്ങിവരവ് പ്രതീക്ഷിക്കുന്നുള്ളൂ.
10. 2024 ഏറ്റവും ചൂടേറിയ വർഷം
ഏറ്റവും ചൂടേറിയ ഒരു വർഷമാണ് കടന്നു പോയത്. 2023 ജൂൺ മുതൽ 2024 സെപ്‌റ്റംബർ വരെ—തുടർച്ചയായ 16 മാസങ്ങൾ—ആഗോള ശരാശരി താപനില ഓരോ മാസവും മുമ്പത്തെ റെക്കോർഡുകളേക്കാൾ കൂടുതലാണ്.
ലോക കാലാവസ്ഥാ സംഘടനയുടെ അഭിപ്രായത്തിൽ മൊത്തത്തിൽ, വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള കാലഘട്ടത്തേക്കാൾ ഭൂമി 1.5oസെൽഷ്യസിൽ കൂടുതൽ ചൂടാകുന്ന ആദ്യ വർഷമായിരിക്കും 2024. ഈ മാസത്തെ ശരാശരി ആഗോള ഉപരിതല താപനില 1.62oC കൂടുതലാണ്. 2024 ലെ 11 മാസത്തെ ഡാറ്റ ഇപ്പോൾ ലഭ്യമായതിനാൽ, ഈ വർഷത്തെ ശരാശരി 1.60oC ആയിരിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത് 2023 ലെ 1.48C എന്ന റെക്കോർഡ് ഭേദിച്ചിരിക്കുന്നു..
ഈ വർഷത്തെ ഉയർന്ന ആഗോള താപനില അപകടകരമായ സൂചനയാണെന്ന് വിദഗ്ധർ പറയുന്നു. ആഗോളതാപം വർദ്ധിക്കുന്നതിനനുസരിച്ച്, ഹിമാനികൾ പിൻവാങ്ങുന്നു, സമുദ്രം ചൂടാകുന്നു, സമുദ്രനിരപ്പ് ഉയരുന്നു, ഏറ്റവും തീവ്രമായ കാലാവസ്ഥാ ദുരന്തങ്ങൾ കൂടുതൽ വഷളാകുന്നു.
ഈ വർഷം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആവർത്തിച്ച അതിതീവ്ര മഴയും വെള്ളപ്പൊക്കവും ശക്തിയാർജിക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളും പലയിടങ്ങളിലും നിരന്തരമായ വരൾച്ചയും വർധിക്കുന്ന കാട്ടുതീയുമെല്ലാം ഇതിന്റെ അനന്തര ഫലങ്ങളാണ്. അടിയന്തിരമായി ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുകയും നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെക്കുറിച്ചുള്ള നിരീക്ഷണവും ധാരണയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
11. സാൽമൺ മത്സ്യത്തിന്റെ മുട്ടയിടൽ യാത്രക്ക് അണക്കെട്ടുകൾ തകർത്ത് വഴിയൊരുക്കി.
കാലിഫോർണിയയിലെ ക്ലമത്ത് നദിയുടെ മുകൾഭാഗത്തേക്ക് ഒരു നൂറ്റാണ്ടിനുശേഷം സാൽമൺ മത്സ്യങ്ങളെത്തി. മുട്ടയിടാനായി കടലിൽ നിന്നും പുഴയുടെ മുകൾഭാഗത്തേക്ക് യാത്ര ചെയ്യുന്ന മത്സ്യമാണിത്. ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് നീക്കംചെയ്യൽ പദ്ധതിയെത്തുടർന്നാണ്, ഒക്ടോബറിൽ, ഒറിഗോൺ ഫിഷ് ആൻ്റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെൻ്റിലെ ശാസ്ത്രജ്ഞർ ജെ സി ബോയിൽ അണക്കെട്ട് നിലനിന്നിരുന്നിടത്ത് നിന്ന് മുകളിലേക്ക് ക്ലമത്ത് നദിയുടെ കൈവഴിയിൽ ചിനൂക്ക് സാൽമണിനെ തിരിച്ചറിഞ്ഞത്.
ജലവൈദ്യുത പദ്ധതികൾക്കായി സ്ഥാപിച്ച അണക്കെട്ടുകളാണ് പൊളിച്ചു നീക്കിയത്.. 2024 ഓഗസ്റ്റിൽ, നാല് അണക്കെട്ടുകളിൽ അവസാനത്തേതും തകർത്തു, അണക്കെട്ട് നീക്കം ചെയ്യുന്നതോടെ സാൽമണിൻ്റെ തിരിച്ചുവരവിന് കാത്തിരിക്കുകയായിരുന്നു ക്ലാമത്ത് നദിയുടെ തീരത്ത് താമസിക്കുന്ന ഗോത്ര വിഭാഗക്കാർ.
ക്ലാമത്ത് നദിയുടെ ഉത്ഭവം ഒറിഗോണിൽ നിന്നാണ്, 423 കിലോമീറ്റർ നീളമുള്ള ഈ നദി കാസ്കേഡ് പർവതനിരയിലൂടെ വടക്കൻ കാലിഫോർണിയയിലേക്ക് ഒഴുകുകയും പസഫിക് സമുദ്രത്തിലേക്ക് എത്തുകയും ചെയ്യുന്നു. അണക്കെട്ടുകൾ വന്നതോടെ മത്സ്യങ്ങളുടെ യാത്രയെ തടഞ്ഞു, ഇത് കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനും ജലത്തിൻ്റെ ഗുണനിലവാരം കുറയുന്നതിനും ഇടയാക്കി. ഇതോടെയാണ് ഗോത്രവിഭാഗക്കാരുടെ പ്രതിഷേധമുയരുന്നതും അണക്കെട്ടുകൾ പൊളിക്കുന്നതിനുള്ള സമരങ്ങൾ ശക്തിപ്പെടുന്നതും.
12. കാന്തികതയിലെ പുതു കണ്ടെത്തലായി ആൾട്ടർമാഗ്നെറ്റിസം
2024ലെ ഏറ്റവും പുതിയ പഠനത്തിൽ ആൾട്ടർമാഗ്നെറ്റിസം എന്ന് വിളിക്കപ്പെടുന്ന കാന്തികതയുടെ ഒരു പുതിയ വിഭാഗം ആദ്യമായി അവതരിപ്പിക്കപ്പെട്ടു. ഹാർഡ് ഡിസ്ക്, ചിപ്പുകൾ തുടങ്ങിയ മാഗ്നറ്റിക് മെമ്മറി ഉപകരണങ്ങളുടെ പ്രവർത്തന വേഗത ആയിരം മടങ്ങ് വരെ വർദ്ധിപ്പിക്കാൻ ശേഷിയുള്ള പുതിയ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലേക്ക് ഈ കണ്ടെത്തലുകൾ നയിക്കുമെന്നാണ് പ്രതീക്ഷ.
ആൾട്ടർമാഗ്നെറ്റിസം എന്നത് കാന്തിക ക്രമത്തിൻ്റെ ഒരു പ്രത്യേക രൂപമാണ്, ഈ പുതിയ തരം കാന്തികത നിലവിലുണ്ടെന്നും മൈക്രോസ്കോപ്പിക് ഉപകരണങ്ങളിൽ നിയന്ത്രിക്കാൻ കഴിയുമെന്നും നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഫിസിക്സ് ആൻഡ് അസ്റ്റോണമിയിലെ ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകൾ നേച്ചറിൽ പ്രസിദ്ധീകരിച്ചു.
ദീർഘകാലമായി കമ്പ്യൂട്ടർ മെമ്മറിയിലും ഏറ്റവും പുതിയ തലമുറ മൈക്രോഇലക്‌ട്രോണിക് ഉപകരണങ്ങളിലും കാന്തിക പദാർത്ഥങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് ബൃഹത്തായതും സുപ്രധാനവുമായ ഒരു വ്യവസായം മാത്രമല്ല, ആഗോള കാർബൺ ഉദ്‌വമനത്തിൻ്റെ ഒരു പ്രധാന ഉറവിടം കൂടിയാണ്. ഇവയെ ബദൽ കാന്തിക വസ്തുക്കൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നത് വേഗതയിലും കാര്യക്ഷമതയിലും വലിയ വർദ്ധനവിന് ഇടയാക്കും. പരമ്പരാഗത ഫെറോ മാഗ്നറ്റിക് സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ അപൂർവമായ, ഭാരമുള്ള മൂലകങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കുകയും ചെയ്യും..