Read Time:71 Minute

എല്ലാവരെയും ഉൾക്കൊള്ളുന്നതും ആധുനിക ലോകത്ത് അതിജീവിക്കാൻ അനിവാര്യമായ അറിവും കഴിവും നൈപുണിയുമുള്ള,  പൗരസമൂഹത്തെ വളർത്തിയെടുക്കാൻ എങ്ങിനെ കഴിയും എന്നാണ് നാം ആലോചിക്കേണ്ടത്. വിദ്യാഭ്യാസ ഗുണമേന്മ സംബന്ധിച്ച് സംവാദങ്ങൾ നടത്തുമ്പോൾ സ്വാഭാവികമായി ഉയർന്നു വരുന്നതോ ബോധപൂർവം ഉയർത്തിക്കൊണ്ടു വരുന്നതോ ആയ ആശങ്കകളോട് പ്രതികരിച്ച് കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്നും രുഭാഗം വായിക്കാം

സ്കൂൾഘട്ടത്തിലെ ഗുണമേന്മ എന്നത് എല്ലാകാലത്തും എല്ലാസമൂഹങ്ങളും ഗൗരവത്തോടെ ചർച്ച ചെയ്യുന്ന കാര്യമാണ്. കേരളീയസമൂഹവും അതീവ താൽപ്പര്യമാണ് ഇക്കാര്യത്തിൽ കാട്ടുന്നത്. പ്രസ്തുത താല്പര്യമാണു പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ചയുടെയും വികാസത്തിന്റെയും അടിത്തറ. കഴിഞ്ഞ ഇരുന്നൂറോളം വർഷങ്ങളായി വിദ്യാഭ്യാസം സംബന്ധിച്ച ഏത് റിപ്പോർട്ട് പരിശോധിച്ചാലും അതിൽ ഗുണമേന്മ വിദ്യാഭ്യാസം നേരിടുന്ന പോരായ്മകളും മുന്നോട്ടു പോകാനുള്ള വഴികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ അർഹരായ മുഴുവൻ കുട്ടികൾക്കും സ്കൂൾപ്രാപ്യതയും പഠനതുടർച്ചയും ഉറപ്പാക്കുക എന്നതായിരുന്നു ഗുണമേന്മയുടെ മാനദണ്ഡമായി കണക്കാക്കിയിരുന്നത്. എന്നാൽ എല്ലാ കുട്ടികളും സ്കൂളിൽ എത്തുകയും പഠനതുടർച്ച ഉറപ്പാക്കുകയും ചെയ്ത നമ്മുടെത് സമൂഹങ്ങളിൽ തുല്യതയും നീതിയും കുട്ടികളുടെ സകലമാനമായ കഴിവുകളുടെ വികാസവും ഗുണമേന്മയുടെ അടിസ്ഥാന ശിലകളായി മാറും. അഖിലേന്ത്യാതലത്തിൽ എല്ലാ കുട്ടികളെയും സ്കൂളിൽ എത്തിക്കുകയും പഠനത്തുടർച്ച ഉറപ്പാക്കുകയും ചെയ്യുക എന്ന കാര്യത്തിൽ ഇനിയും ശ്രദ്ധ അനിവാര്യമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം സാർവ്വത്രികവിദ്യാഭ്യാസം നേടിയെടുത്ത കേരളത്തിലെ‍ പൊതുവിദ്യാലയങ്ങളിലൂടെ സാധ്യമാണോ എന്ന കാര്യം പല ഘട്ടങ്ങളിലും സംവദിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സംവാദങ്ങളിൽ സജീവമായി ഇടപെട്ടുപോരുന്ന സംഘടനയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് അസമത്വങ്ങൾ നിറഞ്ഞ സാമൂഹ്യ സാഹചര്യങ്ങളിൽ ഗുണമേന്മ സംബന്ധിച്ച താൽപര്യങ്ങളും വ്യത്യസ്തമായിരിക്കും. എന്നാൽ തുല്യതയിലും സാമൂഹ്യനീതിയിലും ഉറച്ചുനിന്നുകൊണ്ട് ഗുണമേന്മ ഉറപ്പുവരുത്താനുള്ള പഠനങ്ങളും പ്രവർത്തനങ്ങളും ജനപങ്കാളിത്തത്തോടെ വികസിപ്പിച്ചെടുക്കാനാണ് പരിഷത്ത് എക്കാലവും ശ്രമിച്ചു പോരുന്നത്. വ്യത്യസ്ത സാമൂഹ്യ സാഹചര്യങ്ങളാലും പഠന സാഹചര്യങ്ങളിലെ ഏറ്റക്കുറച്ചിലുകൾ കൊണ്ടും പ്രതിസന്ധിയിൽ അകപ്പെട്ട ഒരു കുട്ടിയെ പോലും പുറന്തള്ളാതിരിക്കാനുള്ള കരുതൽ പരിഷത്തിന്റെ ഏത് വിദ്യാഭ്യാസ പദ്ധതികളിലും പ്രവർത്തനങ്ങളിലും നമുക്ക് ദർശിക്കാൻ കഴിയും. ഈയൊരു വീക്ഷണത്തിലൂടെ തന്നെയാണ് സമീപകാലത്ത് ഉയർന്നുവന്ന ഗുണമേന്മ ചർച്ചകളിലും പരിഷത്ത് ഭാഗമാക്കാവുന്നത്. ഇത്തരം സംവാദങ്ങളിൽ അതുകൊണ്ടുതന്നെ സാമൂഹികമായ ഉയർന്നുവരുന്ന ആശങ്കകൾ എല്ലാം വിശദമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

ആശങ്കകൾ, അഭിപ്രായങ്ങൾ

വിദ്യാഭ്യാസ ഗുണമേന്മ സംബന്ധിച്ച് സംവാദങ്ങൾ നടത്തുമ്പോൾ സ്വാഭാവികമായി ഉയർന്നു വരുന്നതോ ബോധപൂർവം ഉയർത്തിക്കൊണ്ടു വരുന്നതോ ആയ ചില ആശങ്കകളുണ്ട്. അതിൽ പ്രധാനമായത് താഴെ കൊടുക്കുന്നു.

  1. എല്ലാവരും പാസ്സാകുമെന്നുണ്ടെങ്കിൽ പരീക്ഷകൾ നടത്തുന്നത് എന്തിനാണ് ?
  2. കേരളത്തിലെ വിദ്യാഭ്യാസഗുണതയെ ബാധിച്ച പ്രധാനഘടകം ഓൾ പ്രൊമോഷൻ  ആണ്. എല്ലാവരും പാസ്സാകുമെന്നുറപ്പുള്ളതു കൊണ്ട് കുട്ടികൾ പഠനത്തെ ഗൗരവത്തോടെ സമീപിക്കുന്നില്ല.
  3. എ പ്ലസ് കിട്ടിയ കുട്ടികൾക്കു പോലും എഴുതാനും വായിക്കാനും അറിയില്ല.
  4. ദേശീയതലത്തിൽ നടക്കുന്ന മത്സരപരീക്ഷകളിൽ കേരളം പിന്നിലാണ്.
  5. ചില സ്കൂളുകൾ റിസൾട്ട് മെച്ചപ്പെടുത്തുവാൻ അനഭിലഷണീയമായ പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ട്.

മേൽപ്പറഞ്ഞ ആശങ്കകളും അഭിപ്രായങ്ങളുമെല്ലാം ഗൗരവമായ പരിഗണന അർഹിക്കുന്നവ തന്നെയാണ്. ഇവയുടെ നാനാവശങ്ങൾ ആഴത്തിൽ പരിശോധിക്കുകയും വസ്തുതകൾ ഉണ്ടെങ്കിൽ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും വേണമെന്നതിൽ തർക്കമില്ല. അവ ഓരോന്നായി എടുത്ത് പരിശോധിക്കാം.

1. എല്ലാവരും പാസ്സാകുന്ന പരീക്ഷകൾ

സ്കൂളുകളിൽ വിവിധ ക്ലാസ്സുകളിൽ പരീക്ഷകൾ നടത്തുന്നത് എന്തിന് വേണ്ടിയാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഏറ്റവും ലഘുവായി പറഞ്ഞാൽ,

  • ക്ലാസ് മുറിയിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ കുട്ടിക്കും എത്രമാത്രം ആശയവ്യക്തത ലഭിച്ചുവെന്നറിയാൻ
  • ആശയവ്യക്തത ലഭിക്കാത്തവർക്ക് അത് എന്തുകൊണ്ട് ലഭിച്ചില്ലെന്ന് അധ്യാപികയ്ക്ക് തിരിച്ചറിയാൻ
  • ഇതിന്റെ വെളിച്ചത്തിൽ തുടർന്ന് ഏതുതരം പഠനപ്രവർത്തനങ്ങൾ നൽകണമെന്ന് അധ്യാപികയ്ക്ക് തീരുമാനിക്കാൻ
  • അധ്യാപികയുടെ ക്ലാസ്റൂം പ്രവർത്തനം വിലയിരുത്തി മെച്ചപ്പെടുത്താൻ

വർഷാവസാനം നടത്തുന്ന പരീക്ഷകളെ ക്ലാസ് കയറ്റം പോലുള്ള മറ്റ് തീരുമാനങ്ങൾ എടുക്കാനും സംവിധാനം പ്രയോജനപ്പെടുത്താറുണ്ട്.

1997-98ലെ പാഠ്യപദ്ധതി പരിഷ്കരണത്തിന് മുമ്പ് ‘കുട്ടികൾക്ക് എന്തറിയില്ല’ എന്നായിരുന്നു പരീക്ഷയിൽ പൊതുവിൽ നോക്കിയിരുന്നത്. എന്നാൽ പരിഷ്കരണത്തിന്റെ ഭാഗമായി മൂല്യനിർണയ രീതിയിൽ മാറ്റം വന്നപ്പോൾ ‘കുട്ടികൾക്ക് എന്തറിയാം’ എന്നതിനായി ഊന്നൽ. അതോടെ സാമൂഹികമായി പിന്നാക്കം നിൽക്കേണ്ടുന്ന, എല്ലാ പരീക്ഷകളിലും തോൽക്കാൻ വിധിക്കപ്പെട്ട, പാവപ്പെട്ട കുടുംബങ്ങളിലെയും മറ്റും കുട്ടികൾക്ക് അവരുടെ കഴിവുകളും പരിമിതികളും കുറച്ചൊക്കെ തിരിച്ചറിയാനും മുഖ്യധാരയിൽ പ്രതീക്ഷയോടെ തുടരുവാനുമുള്ള ഇടം ലഭിച്ചു.

വിദ്യാഭ്യാസപരമായും സാമൂഹ്യമായും നോക്കിയാൽ പുരോഗമനപരമായ ഒരു നിലപാടായിരുന്നു അത്. കാരണം പൊതുവിദ്യാഭ്യാസം എന്നത് എല്ലാവരുടെയും അവകാശമാണ്. അത് സാധ്യമാക്കാൻ സംവിധാനത്തിന് ഉത്തരവാദിത്തമുണ്ട്. അത്തരമൊരു ഘട്ടത്തിൽ ആത്മവിശ്വാസം വളർത്തി എല്ലാവരെയും കൂടെ കൊണ്ടുപോകുന്ന സമീപനമാണ് ആവശ്യം. വിലയിരുത്തലിലൂടെ കുട്ടികളുടെ കഴിവുകൾ ഉയർത്തിക്കാട്ടുക, പോരായ്മകൾ ശ്രദ്ധയിൽ കൊണ്ടുവന്ന് അത് മറികടക്കാനുള്ള പിന്തുണ നൽകുക – ഇതത്രേ പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി ചെയ്യാൻ ശ്രമിച്ചത്.

ഈയൊരു മാറ്റത്തെ അധ്യാപക സമൂഹത്തിലെ വലിയൊരു വിഭാഗം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അംഗീകരിച്ചു. പിന്നാക്കം നിൽക്കുന്നവർ പോലും ഉത്സാഹത്തോടെ പഠനപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കാഴ്ച അവരെ സന്തോഷിപ്പിച്ചു. എന്നാൽ പരീക്ഷയെ സംബന്ധിച്ച സാമ്പ്രദായിക ധാരണ കൊണ്ടുനടക്കുന്ന ചിലർ പരീക്ഷയുടെ ഗൗരവം ഇല്ലാതാക്കിയെന്ന ആരോപണവുമായി രംഗത്തെത്തി. അവരെ സംബന്ധിച്ച് കുറച്ചുപേരെ തോൽപിക്കാത്ത പരീക്ഷ ആ പേരിന് അർഹമല്ല. ഇത് പഴയ പരീക്ഷയല്ലെന്നും കുട്ടികളുടെ പഠനപുരോഗതിയുടെ വിലയിരുത്തലാണെന്നുമുള്ള വിശദീകരണം അവർക്ക് സ്വീകാര്യമായിരുന്നില്ല. അക്കൂട്ടർ ഒളിഞ്ഞും തെളിഞ്ഞും മാറ്റങ്ങളെ തുടർന്നും എതിർത്തു കൊണ്ടേയിരുന്നു.

ദേശീയ വിദ്യാഭ്യാസനയം 2020 ഇവരുടെ വാദത്തിന് ശക്തി പകർന്നിരിക്കുന്നു. 3, 5, 8 ക്ലാസ്സുകളിൽ ദേശീയതലത്തിൽ പൊതുപരീക്ഷ കൊണ്ടുവരുമെന്ന നിർദേശത്തിന്റെ പശ്ചാത്തലത്തിൽ അവർ വീണ്ടും എതിർപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. സംസ്ഥാന സർക്കാർ ഇത് തത്ത്വത്തിൽ അംഗീകരിച്ചിട്ടില്ലെങ്കിലും 8)o ക്ലാസ്സിൽ ഈ വർഷം മിനിമം മാ‍ർക്ക് കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പിൽ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന ചില ഉദ്യോഗസ്ഥർ ഇത്തരം ആശയങ്ങൾ കൊണ്ടുനടക്കുന്നവരാണ്. ഇതോടെ പരീക്ഷയിലൂടെ കുട്ടികൾ തോൽക്കാമെന്ന നില കേരളത്തിൽ വീണ്ടും സംജാതമായിരിക്കുന്നു. തോൽക്കുന്നവരെ രണ്ടാഴ്ചത്തെ തീവ്രപരിശീലനത്തിലൂടെ ജയിക്കുന്നവരാക്കി മാറ്റുമെന്നാണ് പറയുന്നത്. ഇത് കോച്ചിങ്ങല്ലാതെ മറ്റൊന്നുമില്ല.

തോൽപിക്കേണ്ടവരെ കണ്ടെത്തലാണ് പരീക്ഷയുടെ ലക്ഷ്യമെങ്കിൽ എല്ലാവരും ജയിക്കുന്നത് പ്രശ്നം തന്നെയാണ്. പക്ഷേ, സ്കൂൾ വിദ്യാഭ്യാസ ഘട്ടത്തിൽ തോൽപിക്കുക എന്നത് നമ്മുടെ ലക്ഷ്യമേ അല്ല. നിശ്ചിതമായ കഴിവുകൾ ഒരു പരിധി വരെയെങ്കിലും നേടാതെ കുട്ടികൾക്ക് ക്ലാസ് കയറ്റം നൽകുന്നുവെങ്കിൽ അത് ഗൗരവമേറിയ പ്രശ്നം തന്നെയാണെന്ന് അംഗീകരിക്കുന്നു. അതിന് കുട്ടിയെ കാരണക്കാരനായി കാണുന്നതും അതിനുള്ള ശിക്ഷയെന്ന നിലയിൽ കുട്ടിയെ തോൽപിക്കുന്നതും ആശാസ്യമേ അല്ല. കുട്ടി പരാജയപ്പടുന്നു എന്നതിന്റെ യഥാർഥമായ അർഥം സംവിധാനവും സമൂഹവും പരാജയപ്പെടുന്നു എന്നുതന്നെയല്ലേ ?

അതിനാൽ ഒന്നു മുതൽ പത്തിന്റെ അന്തിമഘട്ടം വരെ കുട്ടികളെ തിരിച്ചറിഞ്ഞ് സഹായിക്കാൻ കഴിയുന്ന വിലയിരുത്തൽ രീതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണം. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മെച്ചപ്പെട്ട പിന്തുണ (scaffolding) അവർക്കു നൽകണം. ഓരോ ക്ലാസ്സിലും നേടേണ്ടത് മുഴുവൻ നേടുന്നുവെന്ന് ഉറപ്പാക്കണം. പാഠപുസ്തകം യാന്ത്രികമായി പഠിപ്പിച്ചു തീർക്കുകയല്ല പകരം, പാഠപുസ്തകത്തിലുള്ള പാഠങ്ങളെ വഴക്കത്തോടെ ഉപയോഗപ്പെടുത്തിയും, പിന്നാക്കക്കാർക്കു പറ്റിയ പാഠങ്ങൾ സ്വയം തയ്യാറാക്കിയും തന്റെ കുട്ടികളെ പഠിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം അധ്യാപകർക്ക് നൽകണം. പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ സാമൂഹ്യ – സാമ്പത്തിക – കുടുംബപശ്ചാത്തലം തിരിച്ചറിഞ്ഞ് മതിയായ അക്കാദമിക – സാമൂഹ്യപിന്തുണ ഉറപ്പാക്കാൻ സ്കൂളും അയൽപക്ക സമൂഹവും തദ്ദേശഭരണ സ്ഥാപനങ്ങളും തയ്യാറാവണം. ഇത് ആശയപരമായും പ്രായോഗികമായും മെനക്കെട്ട പണിയാണെങ്കിലും പഠിക്കാനും മുന്നേറാനുമുള്ള ഏവരുടെയും അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിൽ ആ ചുമതല നാം ഏറ്റെടുത്തേ മതിയാവൂ.

പരീക്ഷകൾ പേരിന് നടത്തുകയും യാതൊരു അധികപിന്തുണയും ലഭ്യമാക്കാതെ കുട്ടികളെ കയറ്റിവിടുകയും ചെയ്യുന്നുണ്ടെങ്കിൽ പരീക്ഷയിലും കുട്ടികളിലുമല്ല കുറ്റങ്ങൾ കണ്ടെത്തേണ്ടത് മറിച്ച്, ഇത്തരമൊരു സംവിധാനത്തെ ഇവിടെ ഉണ്ടാക്കുകയും നിലനിർത്തുകയും ചെയ്യുന്നവരെയാണ്. ചുരുക്കത്തിൽ ഓരോ പാഠം / ആശയരൂപീകരണം പൂർത്തിയാകുമ്പോഴും നേടുന്ന ആശയത്തിൽ ഉണ്ടാകുന്ന വിടവുകൾ കണ്ടെത്തി പരിഹരിക്കാൻ അധ്യാപകർ ഉൾപ്പെടുന്ന സിസ്റ്റം തയ്യാറാകേണ്ടതുണ്ട്.

അതേസമയം പൊതുവിദ്യാഭ്യാസത്തിന്റെ അന്തിമഘട്ടത്തിലോ ഒരു കോഴ്സിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിലോ നടത്തുന്ന പരീക്ഷ കുട്ടികളെ അവരുടെ കഴിവിനനുസരിച്ച് തരംതിരിക്കാനും തുടർപഠനം ഏത് മേഖലകളിൽ വേണമെന്ന് തീരുമാനിക്കാനും ഉതകുന്നതാവണം എന്നതിൽ പക്ഷാന്തരമില്ല. പത്തിന്റെയും പന്ത്രണ്ടിന്റെയും ഒടുവിൽ നടത്തുന്ന പരീക്ഷകൾ ഈ രീതിയിലുള്ളവ ആവണം.

2. ഓൾ പ്രമോഷൻ എന്ന ‘ വില്ലൻ ‘

സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പലപ്പോഴും കാരണമായി ചൂണ്ടിക്കാട്ടുന്നത് ഓൾ പ്രമോഷൻ സമ്പ്രദായത്തെയാണ്. സ്കൂൾ വിദ്യാഭ്യാസത്തിൽ എല്ലാ കാലത്തും എല്ലാ ക്ലാസിലും കുട്ടികളെ മുകളിലത്തെ ക്ലാസ്സിലേക്ക് നിർബാധം കയറ്റിവിടുന്ന ഒരു പ്രമോഷൻ രീതി ഇവിടെയുണ്ടായിരുന്നുവെന്നും അതിപ്പോഴും നിലനിൽക്കുന്നുണ്ടെന്നുമുള്ള മട്ടിലാണ് പലരും ഇക്കാര്യം പറയുന്നത്.

ഒരുപക്ഷേ ഇവർ ഉദ്ദേശിക്കുന്നത് 1972 – 73ൽ ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന പ്രമോഷൻ രീതിയെ ആവാം.  ഈ ഉത്തരവോടെ ഒന്നാം ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികളെയും രണ്ടാം ക്ലാസിലേക്ക് പ്രമോട്ട് ചെയ്യണം എന്നുവന്നു. ഒന്നും രണ്ടും ക്ലാസുകളെ അക്ഷരപഠനത്തെയും മറ്റും മുൻനിർത്തി ഒറ്റ യൂണിറ്റായി കാണാറുണ്ട് എന്നതിനാൽ ഇതിൽ അക്കാദമികമായ ഒരു യുക്തിയുണ്ട്. രണ്ടു മുതൽ ഏഴ് വരെ ക്ലാസിലുള്ള കുട്ടികളിൽ 90% പേർക്കെങ്കിലും അടുത്ത ക്ലാസിലേക്ക് പ്രമോഷൻ കൊടുക്കണമെന്നും എട്ട്, ഒമ്പത് ക്ലാസുകളിൽ 80% കുട്ടികളെയെങ്കിലും അടുത്ത ക്ലാസിലേക്ക് പ്രവേശിപ്പിക്കണമെന്നും നിർദേശിക്കപ്പെട്ടു. ഇങ്ങനെ കുട്ടികളെ തൊട്ടടുത്ത ക്ലാസിലേക്ക് പ്രമോട്ട് ചെയ്യുമ്പോൾ അവർ നിശ്ചിത നിലവാരം നേടുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന കാഴ്ചപ്പാട് കൂടി അതിൽ അന്തർലീനമായി ഉണ്ടായിരുന്നു. എന്നാൽ പലപ്പോഴും ഈ ഉത്തരവ് മനസ്സിലാക്കപ്പെട്ടത് യാന്ത്രികമായ രീതിയിലാണ്. രണ്ടു മുതൽ ഒമ്പതു വരെ ക്ലാസുകളിൽ നിശ്ചിത ശതമാനം കുട്ടികളെ തോൽപ്പിക്കണമെന്നും ബാക്കിയുള്ള കുട്ടികളെ ഏതെങ്കിലും വിധേന ക്ലാസ് കയറ്റി വിട്ടാൽ മതിയെന്നും പലരും കരുതി.

ഇങ്ങനെ ഒരു കൂട്ടം കുട്ടികളെ പ്രമോഷൻ കോടുത്ത് നിർബാധം കടത്തിവിടുമ്പോൾ അവരുടെ ഗുണനിലവാരം തൃപ്തികരമാണോ എന്ന കാര്യം സംവിധാനം ഉറപ്പാക്കിയില്ല. അതുപോലെ രണ്ടു മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ 10% കുട്ടികളെയും എട്ട്, ഒമ്പത് ക്ലാസുകളിൽ 20% കുട്ടികളെയും തോൽപ്പിക്കാമെന്നായപ്പോൾ, തോറ്റുപോകുന്ന കുട്ടികൾ ആരാണെന്നോ അവരെന്തുകൊണ്ട് തോറ്റുപോകുന്നുവെന്നോ പരിശോധിക്കാൻ സംവിധാനം (system) നാളിതുവരെ തയ്യാറായില്ല. അതിന്റെ ഫലമായി ഉയർന്ന ക്ലാസുകളിലേക്ക് വേണ്ടത്ര കഴിവുകൾ ഇല്ലാതെ കുറേ കുട്ടികൾ കയറിപ്പോകുന്നതും തോൽക്കുന്ന വിഭാഗങ്ങൾ നിരന്തരമായി തോറ്റുകൊണ്ടിരിക്കുകയും ഒരു സാധാരണ സംഭവം മാത്രമായി മാറി. ഗുണനിലവാര ചർച്ചകൾ ഉയരുമ്പോഴെല്ലാം ഈ സമ്പ്രദായമാണ് അല്ലാതെ, ഇത് നന്നായി നടപ്പിലാക്കാത്ത സംവിധാനമല്ല കുറ്റക്കാർ എന്ന പൊതുധാരണ ഉയരുന്ന നിലയുമുണ്ടായി.

ഈ സമ്പ്രദായം വരും മുമ്പ് എത്രപേരെ വേണമെങ്കിലും തോൽപിക്കാമായിരുന്നു. 1972 – 73 ലെ നിർദേശം അതൊന്ന് ലഘൂകരിച്ചുവെന്നുമാത്രം. തോൽക്കുന്നവരുടെ എണ്ണം അതോടെ കുറഞ്ഞു. പക്ഷേ തോൽക്കുന്ന വിഭാഗങ്ങൾ ആരെന്നതിൽ ഒരു മാറ്റവും ഉണ്ടായില്ല. ഈ വ്യവസ്ഥ ഏറ്റവും ഭംഗിയായി നടപ്പാക്കിയാലുള്ള സ്ഥിതി നോക്കൂ‍. 100 കുട്ടികൾ ഒന്നാം ക്ലാസ്സിൽ ചേരുന്നുവെന്ന് കരുതിയാൽ 10 ാം ക്ലാസ്സിൽ 34കുട്ടികൾ മാത്രമേ എത്തിച്ചേരൂ. അക്കാലത്ത് 10 ാം ക്ലാസ്സിൽ 50% ൽ താഴെയായിരുന്നു റിസൽട്ട് എന്ന് വസ്തുത കണക്കിലെടുത്താൽ 100 കുട്ടികൾ ഒന്നാം ക്ലാസ്സിൽ ചേർന്നാൽ 17 കുട്ടികൾ മാത്രം ഒരിക്കലും തോൽക്കാതെ എസ്.എസ്.എൽ.സി പാസാകും. മറ്റൊരു രീതിയിൽ പറഞ്ഞാൽ 83 കുട്ടികൾ വരെ പരീക്ഷകളിലൂടെ ഒഴിവാക്കപ്പെടും. തോറ്റ ചില കുട്ടികൾ രണ്ടും മൂന്നും വർഷം അതേ ക്ലാസ്സിലിരുന്ന് പഠിച്ച് പാസാകുന്നതുകൂടി പരിഗണിച്ചാൽ ഏതാണ്ട് 30 കുട്ടികൾ എസ്.എസ്.എൽ.സി പാസ്സാകുന്ന നില ഉണ്ടായേക്കാം. അതിനർഥം കുട്ടികളെ പാസാക്കുന്നതിൽ ഉദാരസമീപനമെടുത്ത ചാക്കീരിയുടെ  കാലത്തുപോലും 70% കുട്ടികളെ വരെ പൊതുധാരയിൽ നിന്ന് അരിച്ചുകളയുന്നുണ്ടായിരുന്നു.

കൃത്യമായ ഒരു കണക്കു പറയാം. പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ സ്റ്റാറ്റിറ്റിക്കൽ വിഭാഗം രേഖകൾ പ്രകാരം ചാക്കീരി പാസ് നിലനിന്നിരുന്ന 1990 – 91 കാലത്ത് കേരളത്തിലെ വിദ്യാലയങ്ങളിൽ ഒന്നാം തരത്തിൽ ചേർന്ന 6,01,030 കുട്ടികളിൽ 4,54,525 പേരാണ് ഒമ്പതാംതരം പൂർത്തിയാക്കി 1999ൽ പത്താം ക്ലാസിൽ എത്തിയത്. ഇതിനിടയിൽ വിവിധ കാലഘട്ടങ്ങളിൽ പഠനം നിർത്തിയത് 1,46,505 കുട്ടികളാണ്. അതായത് 24.38% പേർ. ഒരു കുഞ്ഞും സ്വമേധയാ തൻെറ കൂട്ടുകാരെ വിട്ട് കൊഴിഞ്ഞു പോവാൻ ഇഷ്ടപ്പെടില്ല. ഒരർഥത്തിൽ  കുട്ടികൾക്ക് പൊതുധാരയിൽ തുടരാൻ കഴിയാത്ത അന്തരീക്ഷം ഉണ്ടാക്കി വിദ്യാഭ്യാസ സംവിധാനം അവരെ ഒഴിവാക്കുകയാണ് ചെയ്തത്.

ഇക്കാലത്ത് നമ്മുടെ വിദ്യാലയങ്ങളിൽനിന്നും പട്ടികജാതി വിഭാഗത്തിലെ 36% കുട്ടികൾ പഠനം നിർത്തി. (ഈ വിഭാഗത്തിലെ 68,822 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നപ്പോൾ 44,184 കുട്ടികളാണ് പത്താം തരത്തിൽ എത്തിയത്. പഠനം നിർത്തിയത് 24638 പേർ). പട്ടികവർഗ വിഭാഗത്തിലെ കുട്ടികളിൽ വഴിക്ക് വച്ച് പഠനം നിർത്തിയത് 66% ൽ അധികമായിരുന്നു. ഈ വിഭാഗത്തിലെ 9,827 കുട്ടികളിൽ 3,312 കുട്ടികളാണ് പത്താം ക്ലാസിൽ എത്തിചേർന്നത്. അതായത് 6575 കുട്ടികൾ പഠനം നിർത്തിപ്പോയി.

അങ്ങനെ പത്ത് വർഷംകൊണ്ട് കേരളത്തിലെ ക്ലാസ് മുറികളിൽ ബാക്കിയായ കുട്ടികൾക്ക് വേണ്ടി 2000 മാർച്ച് മാസത്തിൽ നടത്തിയ എസ് എസ് എൽ സി പരീക്ഷയിൽ, കേവലം 56.18% കുട്ടികൾ മാത്രമാണ് അടുത്ത ഘട്ടത്തിലേക്കുള്ള വിദ്യാഭ്യാസത്തിന് അർഹത നേടിയത്. അതായത് ആ വർഷം പരീക്ഷയെഴുതിയവരിൽ 44% പേരെ വിദ്യാഭ്യാസത്തിന്റെ പുറമ്പോക്കിലേക്ക് സംവിധാനം വലിച്ചെറിഞ്ഞു. 1989 ൽ ഒന്നാം തരത്തിൽ ചേർന്ന് പത്താംതരത്തിലെത്തും മുമ്പ് കൊഴിഞ്ഞുപോയത് ജനറൽ വിഭാഗത്തിലെ 25% കുട്ടികളും പട്ടികജാതി വിഭാഗത്തിലെ 36% കുട്ടികളും പട്ടികവർഗത്തിലെ 66% കുട്ടികളുമാണ്. ഇവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ കൊഴിഞ്ഞുപോയും എസ് എസ് എൽ സി പരീക്ഷയോടെ തോറ്റും മുഖ്യധാരയിൽ നിന്നും പുറംതള്ളപ്പെട്ടവർ ഏതാണ്ട് അറുപത് ശതമാനത്തിനടുത്താണെന്ന് കാണാം. ഇങ്ങനെ സാമൂഹികവും സാമ്പത്തികവുമായി പിന്തുണ ആവശ്യമുള്ള വിഭാഗങ്ങളെ പരീക്ഷകളിലൂടെ പുറത്തെറിയുന്നതിനെ നീതീകരിക്കാൻ കഴിയുമോ?

2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തെ തുടർന്നാണ് ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിൽ ഒരു കുട്ടിയെയും തോൽപ്പിക്കരുത് എന്ന ഉദ്ദേശ്യത്തോടെ ‘ നോ ഡീറ്റൈൻഷൻ പോളിസി ‘ രാജ്യമാകെ നടപ്പിലാക്കുന്നത്. ഇവിടെയും എല്ലാ കുട്ടികളെയും ഉപാധികളില്ലാതെ പാസ്സാക്കണമെന്നല്ല ഉദ്ദേശിച്ചത്. മറിച്ച് ഓരോ ക്ലാസ്സിലും നേടേണ്ട കഴിവുകൾ കുട്ടികൾക്ക് മികവോടെതന്നെ നേടിക്കൊടുത്തുകൊണ്ട് അവരെ അടുത്ത ക്ലാസ്സിലേക്ക് പ്രവേശിപ്പിക്കണമെന്നാണ്. അതിനു മുൻപാകട്ടെ കുട്ടികൾ പല പല ക്ലാസുകളിൽ വച്ച് വൻതോതിൽ തോൽപ്പിക്കപ്പെട്ടു. അതിന്റെ ഭാഗമായി പഠിക്കാൻ കൊള്ളുന്നവരല്ല തങ്ങളെന്ന് കുട്ടികളും, പഠിക്കാൻ കഴിവുള്ളവരല്ല സ്വന്തം കുട്ടികളെന്ന് രക്ഷിതാക്കളും ധരിച്ചു. ആ കുട്ടികൾ സ്കൂളിൽ പോകുന്നത് നിർത്തി. ഏറെപ്പേർ വയലേലകളിലേക്കോ പണിശാലകളിലേക്കോ പോയി. വേറെ ചിലർ വീട്ടിൽ ഇളയ കുട്ടികളെ നോക്കാൻ നിയോഗിക്കപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമം ഇതിന് മാറ്റം വരുത്തി.

എന്നാൽ വിദ്യാഭ്യാസം നിർബന്ധിതമാക്കുന്ന ബിൽ 1870 ൽ തന്നെ ബ്രിട്ടനിൽ നിലവിൽ വരികയുണ്ടായി. 1882 ഇന്ത്യൻ എജുക്കേഷൻ കമ്മീഷന്റെ മുമ്പാകെ സാർവത്രികവും നിർബന്ധിതവുമായ വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന ആവശ്യം ഇന്ത്യൻ നേതാക്കൾ ഉയർത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഗോപാലകൃഷ്ണ ഗോഖലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനായുള്ള അഭ്യർഥന ഇംപീരിയൽ ലജിസ്ലേറ്റീവ് കൗൺസിലിന്റെ മുമ്പാകെ കൊണ്ടുവന്നത്. 1937ൽ നയി താലിം എന്നറിയപ്പെട്ട പദ്ധതിയിലൂടെ മഹാത്മാഗാന്ധി ഇത് വീണ്ടും ചർച്ചാവിഷയമാക്കി. ഇതിന്റെയെല്ലാം പ്രതിഫലനമെന്നോണം  1950 ൽ ഇന്ത്യൻ ഭരണഘടന രൂപീകരിച്ചപ്പോൾ നിർദേശക തത്ത്വത്തിൽ ഉൾപ്പെടുത്തി 14 വയസ്സു വരെയുള്ള കുട്ടികൾക്ക് സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത വെളിവാക്കി.

ഇത് യാഥാർഥ്യമാക്കുന്നതിനു വേണ്ടിയാണ് 2001 ൽ വിദ്യാഭ്യാസം നിർബന്ധിതവും അവകാശവുമാക്കിക്കൊണ്ടുള്ള 45)o ഭരണഘടനാ ഭേദഗതി വന്നതും വർഷമേറെ കഴിഞ്ഞ് 2009 ൽ അത് സംബന്ധിച്ച നിയമം പാസ്സാക്കിയതും. ഇതോടെ 1 മുതൽ 8 വരെ കുട്ടികളെ തോൽപ്പിക്കാൻ പറ്റില്ലെന്ന സാഹചര്യം രൂപപ്പെട്ടു. ഇത്രയേറെ പരിശ്രമങ്ങളിലൂടെ കൊണ്ടുവന്ന ഒരു നിയമത്തെയാണ് കഴിഞ്ഞ കേന്ദ്രസർക്കാർ 2019ൽ മറ്റൊരു ഭേദഗതിയിലൂടെ ദുർബലപ്പെടുത്തിയത്. അതനുസരിച്ച് ഈ നിയമം നടപ്പിലാക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിലിട്ട് കേന്ദ്രം കൈയൊഴിഞ്ഞു.  പല സംസ്ഥാനങ്ങളും നോ ഡീറ്റെൻഷൻ സമ്പ്രദായം വേണ്ടെന്നു വെച്ചു. അതോടെ പണ്ട് കണ്ടതുപോലെ പിന്നാക്കവിഭാഗങ്ങളുടെ കുട്ടികൾ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞു പോകുന്നതും പണിശാലകളിലേക്ക് മാറ്റപ്പെടുന്നതും വീണ്ടും കാണപ്പെടാൻ തുടങ്ങി. കേരളമാകട്ടെ അതിനെതിരായ നിലപാടെടുത്തു. ഓൾ പാസ്സാണ് നിലവാരം തകർത്തതെന്ന് ഒറ്റയടിക്ക് പറയുന്നവർ ഇത്രയെങ്കിലും ചരിത്രവും എത്രയോ ആലോചനകളും വലിയ ലക്ഷ്യങ്ങളും ഇതിനു പിന്നിൽ ഉണ്ട് എന്നത് മറക്കുന്നു.

ഈ നിയമ ഭേദഗതി പാർലമെൻറിൽ ചർച്ചയ്ക്ക് വന്നപ്പോൾ ഇന്ത്യയിലെ ഇടതുപക്ഷ എം പി മാർ ഈ ഭേദഗതി പിന്നാക്കവിഭാഗങ്ങളെ സ്കൂൾ പഠനത്തിൽ നിന്ന് പുറത്താക്കുന്നതിന് കാരണമാകുമെന്നും ഇത് പഴയ അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടുപോകുമെന്നും വിമർശനങ്ങൾ ഉയർത്തി. പക്ഷേ ഇപ്പോഴത്തെ സംസ്ഥാന സർക്കാർ ഈ നിയമത്തിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി മറ്റൊരു രീതിയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. എട്ടാം ക്ലാസിൽ നിന്ന് 9ലേക്ക് പാസ്സാവണമെങ്കിൽ ഈ വർഷം എഴുത്തു പരീക്ഷയിൽ 30% മാർക്ക് വേണമെന്ന നിബന്ധന അവർ ഏർപ്പെടുത്തിയിരിക്കുന്നു. ഇത് വരും വർഷം 8, 9 ക്ലാസുകളിലും തൊട്ടടുത്ത വർഷം (2026 – 27) 8, 9, 10 ക്ലാസുകളിലും നടപ്പിലാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാ കുട്ടികളെയും തോൽപ്പിക്കാതെ മുന്നിലെത്തിക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പിന്നാക്ക വിഭാഗങ്ങളിൽ പെട്ട പാവപ്പെട്ടവരും ദരിദ്രരുമായ കുട്ടികളിൽ കുറേപേർ ഭാവിയിൽ പൊതുവിദ്യാഭ്യാസം പൂർണമായും അനുഭവിക്കാനാവാതെ പുറത്തേക്ക് പോകുന്ന അവസ്ഥ കേരളത്തിലും സൃഷ്ടിക്കപ്പടും. പുതിയ തീരുമാനം പലവിധത്തിലുള്ള സാമൂഹ്യ – സാമ്പത്തിക താത്പര്യങ്ങളുടെയും സമ്മർദത്തിന്റെയും ഭാഗമാകാം. പക്ഷേ ഇത് ഉണ്ടാക്കാൻ പോകുന്ന വിദ്യാഭ്യാസപരവും രാഷ്ട്രീയപരവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങൾ ബന്ധപ്പെട്ടവർ വേണ്ടത്ര വിലയിരുത്തിയിട്ടില്ലെന്ന് കരുതേണ്ടിയിരിക്കുന്നു.

ഓൾ പ്രമോഷൻ ഉള്ളതുകൊണ്ട് കുട്ടികൾ പഠനത്തെ ഗൗരവത്തോടെ സമീപിക്കുകയില്ല എന്ന ഒരു വാദമുണ്ട്. എന്തായാലും പാസാക്കുമെന്ന മനോഭാവം ചെറിയ പ്രായത്തിൽ തന്നെ ഉണ്ടാവുന്നത് ആത്യന്തികമായി ദോഷം ചെയ്യുമെന്നും പരാജയത്തെ അഭിമുഖീകരിക്കാൻ കുട്ടികൾക്ക് കഴിയാത്ത അവസ്ഥ സംജാതമാകുമെന്നും ചിലർ പറയുന്നുണ്ട്. ചുരുക്കത്തിൽ ഓൾ പ്രമോഷനാണ് നിലവാര പ്രശ്നങ്ങളുടെ മൂലകാരണം എന്നാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കുട്ടികളും സ്കൂൾ വിദ്യാഭ്യാസം നേടേണ്ടതില്ല, ചിലർക്ക് അതിനുള്ള കഴിവുകളില്ല, അതുകൊണ്ട് അവരെ അരിച്ച് മാറ്റണം, എങ്കിലേ വിദ്യാഭ്യാസരംഗത്ത് ഗുണമേന്മ വർദ്ധിക്കൂ എന്നത്രേ ചിലരുടെ മനസ്സിലിരിപ്പ്. ഇത് ഉറക്കെ‍ പറയുന്നതിന് തുല്യമാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.

മുമ്പ് അരിച്ചുമാറ്റപ്പെട്ട കുട്ടികൾ ആരായിരുന്നു, അവരുടെ സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലം എന്തായിരുന്നു എന്നതും കൂടി നോക്കേണ്ടതില്ലേ ? പഠനകാലത്തു മുഴുവൻ പിൻബെഞ്ചുകളിൽ ഇരിക്കാൻ വിധിക്കപ്പെട്ട്, ഒടുവിൽ പത്താംതരം പരീക്ഷ എഴുതിയിട്ടും വിജയിക്കാൻ കഴിയാതെ പുറത്തേക്ക് വലിച്ചെറിയപ്പെട്ട കുട്ടികൾ സമൂഹത്തിലെ ഏറ്റവും പിന്നാമ്പുറത്തു നിന്നുള്ളവരായിരുന്നു. അതിദരിദ്രർ, പട്ടികവർഗക്കാർ, പട്ടികജാതിക്കാർ, മത്സ്യത്തൊഴിലാളികൾ, ഒ ബി സി വിഭാഗത്തിലെയും മത-ഭാഷാ ന്യൂനപക്ഷങ്ങളിലെയും പാവപ്പെട്ടവർ എന്നിവരാണ് അതിൽ മഹാഭൂരിപക്ഷവും. തൊണ്ണൂറുകളുടെ അവസാനംവരെ ഇവർ വിദ്യാഭ്യാസത്തിൻെറ പിന്നാമ്പുറത്ത് കഴിയുകയായിരുന്നു എന്ന യാഥാർഥ്യം നാം മറക്കരുത്. ആ അവസ്ഥയിലേക്ക് തിരിച്ചു നടക്കുകയാണോ ഇപ്പോൾ ?

മുൻകാലങ്ങളിൽ ഇങ്ങനെ അരിച്ചുമാറ്റപ്പെട്ടവരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് സമൂഹത്തിലെ ഉത്പാദന പ്രവർത്തനങ്ങളെല്ലാം നടത്തിയിരുന്നത്. പണിക്ക് ആളെ കിട്ടണമെങ്കിൽ കുറേ കുട്ടികൾ തോൽക്കണം. ഇതായിരുന്നു ഫ്യൂഡൽ ജന്മിത്ത കാലത്തെ ചിന്താഗതി. കോർപ്പറേറ്റുകളും മറ്റൊരു ഭാഷയിൽ ഇത് തന്നെയാണ് നിലപാടെടുക്കുന്നത്. സർക്കാർ ഖജനാവിൽ നിന്നും പണമെടുത്ത് സാർവത്രിക വിദ്യാഭ്യാസം നൽകേണ്ടതില്ല എന്നാണവർ  പറയുന്നത്.

പാവപ്പെട്ടവരുടെ വീട്ടിൽ നിന്നു വരുന്ന കുട്ടികൾ തോൽക്കേണ്ടതാണ് എന്ന ഉപരിവർഗ ചിന്താഗതി ഇന്നും കേരളത്തിൽ തുടരുന്നുവെന്നാണ് പരീക്ഷയെന്നാൽ എല്ലാ കുട്ടികളും ജയിക്കാനുള്ളതല്ലെന്നും നോഡീറ്റെൻഷൻ പോളിസി എടുത്തുകളയണം എന്നുമുള്ള വാദങ്ങളുടെ പൊരുൾ. വിദ്യാഭ്യാസ രംഗത്ത് സാമൂഹിക നീതി പരിഗണിക്കപ്പെടേണ്ടതില്ല എന്ന വലതുപക്ഷ തീവ്രവികാരമാണ് ഇത്തരം നിലപാടുകളുടെ ആന്തരികചോദന.

ദേശീയ വിദ്യാഭ്യാസനയം 2020 അരിച്ചുമാറ്റലിനെ പരിപോഷിപ്പിക്കുന്നതാണ്. കേരളം എന്നും ചേർത്തുപിടിക്കലിനെയാണ് പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. ഇങ്ങനെ ചേർത്തുപിടിക്കുമ്പോഴും  വിദ്യാഭ്യാസത്തിലെ ഗുണമേന്മയുടെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്താതെ എല്ലാ കുട്ടികളുടെയും കഴിവിനെ എങ്ങനെ വളർത്താമെന്നാണ് നാം ആലോചിക്കേണ്ടത്.

3. എ പ്ലസ് കിട്ടിയ കുട്ടികൾക്കുപോലും എഴുതാനും വായിക്കാനും അറിയില്ല

പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളെ എന്താക്ഷേപിച്ചാലും അതേറ്റു പാടുന്നതിന് സഹായകമായ ഒരന്തരീക്ഷം കേരളത്തിലെ മധ്യവർഗവും പാഠ്യപദ്ധതി നവീകരണങ്ങൾക്കെതിരെ നിലപാടെടുത്ത ഏതാനും മാധ്യമങ്ങളും സംഘടനകളും വ്യക്തികളും കൂടി ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതുകൊണ്ടാണ് വരേണ്യവിഭാഗം കുട്ടികൾ പഠിക്കുന്ന സി ബി എസ് ഇ തുടങ്ങിയ ഇടങ്ങളിലെ ചെറിയ മികവുകൾ വരെ – അത് പത്താം ക്ലാസ് പരീക്ഷാഫലങ്ങൾ ആയാൽ പോലും – മെച്ചപ്പെടുത്തി അവതരിപ്പിക്കുന്നതിൽ പലരും യാതൊരു പിശുക്കും കാട്ടാതിരിക്കുന്നത്. അവിടെ ഗ്രേഡിങ്ങിലെ ചില ഇളവുകളും ഇന്റേണൽ അസസ്‍മെന്റിലെയും പ്രാക്റ്റിക്കലിലെയും ഉയർന്ന സ്കോറും പ്രയോജനപ്പെടുത്തി എത്ര ഉയർന്ന വിജയശതമാനം ഉണ്ടായാലും അതിൽ പ്രശ്നമില്ല. എന്നാൽ പൊതുവിദ്യാലയങ്ങളിലെ പരീക്ഷാഫലം മെച്ചപ്പെടുമ്പോൾ അവർക്കെല്ലാം നെറ്റിചുളിയുന്നു. പൊതുവിദ്യാലയങ്ങളിൽ കഷ്ടപ്പെട്ട് പഠിച്ച് ഉന്നതവിജയം നേടിയ കുട്ടികളുടെ മാനസികാവസ്ഥ പോലും പരിഗണിക്കാൻ ഇക്കൂട്ടർ തയ്യാറാകാത്തതും ഈ സാമൂഹികാന്തരീക്ഷത്തിന്റെ ബലത്തിലാണ്. പൊതുവിദ്യാലയങ്ങളിൽ കാണുന്ന വർദ്ധിതമായ മികവിനെ ചോദ്യംചെയ്യാനും ഒറ്റപ്പെട്ട കാര്യങ്ങൾ സാമാന്യവത്കരിച്ച് പ്രചരിപ്പിക്കാനും ഇത്തരം കാര്യങ്ങളെ പൊതുബോധമാക്കി മാറ്റാനും ഏതറ്റം വരെ പോകാനും ഇക്കൂട്ടർ തയ്യാറാകുന്നതിന്റെ പ്രതിഫലനമാണ് എ പ്ലസ് കിട്ടുന്ന കുട്ടികൾക്കുപോലും എഴുതാൻ അറിയില്ലെന്ന അപവാദപ്രചരണം.

സമ്പൂർണ സാക്ഷരതാ പദ്ധതിയുടെ (1990 – 91) തുടർച്ചയായി ഗുണമേന്മാ വർധനവിനായി നടത്തിയ ‘അക്ഷരപ്പുലരി’ പോലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പ്രീ ടെസ്റ്റിൽ വളരെ വലിയൊരു വിഭാഗം കുട്ടികൾക്ക് ഭാഷാപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനുമുമ്പ് ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാകമ്മിറ്റി നടത്തിയ ‘അക്ഷരവേദി’ സർവേയിലും സമാനമായ കണ്ടെത്തലുകളാണ് ഉണ്ടായത്. എന്നാൽ ഇന്ന് അതിൽ നിന്നെല്ലാം ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രക്രിയ പാലിച്ചുകൊണ്ട് പഠിക്കാനുള്ള അവസരമൊരുക്കിയാൽ ഒന്നാംക്ലാസിലെ കുട്ടികളടക്കം മികച്ച രീതിയിൽ എഴുതുകയും വായിക്കുകയും ചെയ്യുമെന്നതിന് തെളിവുകൾ ഇന്ന് എല്ലാ നാട്ടിലുമുണ്ട്. ഇക്കാര്യങ്ങൾ കാണേണ്ട ഉദ്യോഗസ്ഥർ അതൊന്നും കാണാനോ വിദ്യാഭ്യാസ സംവിധാനത്തിന്റെ അനുഭവമാക്കാനോ തയ്യാറാകുന്നില്ല എന്ന അവസ്ഥ നിലനിൽക്കുന്നു. ഇതിനിടയിൽ നിലവാരം കുറഞ്ഞ കുട്ടികൾ ഉണ്ടാകാം. അതിന് പ്രധാന കാരണം പ്രക്രിയാധിഷ്ഠിത പഠനത്തിൽ നിന്ന് പിന്നാക്കം പോയതാണ്. പല കാരണങ്ങളാൽ അധ്യാപകർ അതിന് നിർബന്ധിക്കപ്പെടുന്നതിനാലാണ്. 2013 ലെ അസീസ് കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് പാഠപുസ്തകങ്ങളിലും പഠനരീതിയിലും പരീക്ഷയിലും വരുത്തിയ മാറ്റങ്ങൾ ഈ അവസ്ഥ കുറേക്കൂടി രൂക്ഷമാക്കി. അതിൽ കാര്യമായ മാറ്റം വരുത്താൻ പിന്നീട് വന്ന ഇടതുസർക്കാരുകൾ കാര്യമായൊന്നും ശ്രമിച്ചില്ല.

ഇത്തരം ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നവർ പറയാതെ പോകുന്ന മറ്റൊരു കാര്യമുണ്ട്. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെയും അതിൽ പഠിക്കുന്ന കുട്ടികളുടെയും എണ്ണത്തിൽ വർഷംതോറും വരുന്ന വർധനവാണത്. 2023 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷ എഴുതിയ കുട്ടികളുടെ പകുതിയിലേറെയും (57.28%) ഇംഗ്ലീഷ് മീഡിയത്തിലാണ് പരീക്ഷയെഴുതിയത്. അതിനർഥം കേരളത്തിലെ ഏതാണ്ട് അറുപത് ശതമാനത്തിനടുത്ത് കുട്ടികൾ ചെറിയ ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചുവരുന്നത് എന്നാണ്. ആവശ്യമായ ഭാഷാന്തരീക്ഷം ക്ലാസ്സിൽ ഇല്ലാതെ, മറ്റൊരു ഭാഷാമാധ്യമത്തിൽ പഠിക്കുന്ന ഈ കുട്ടികൾക്ക് മാതൃഭാഷയിൽ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള പരിമിതി എന്തിനാണ് പാഠ്യപദ്ധതിയുടെ തലയിൽ വെച്ചുകെട്ടുന്നത് ? രക്ഷാകർത്തൃ സമൂഹത്തിന്റെ ദുരഭിമാനത്തിന്റെ ബലിയാടുകളായി ഈ കുട്ടികൾ മാറ്റപ്പെടുകയല്ലേ ? ഇത് യഥാർഥത്തിൽ കുട്ടികളുടെ  അവകാശ നിഷേധമല്ലേ ?

പഠനവസ്തുതകൾ ആഴത്തിൽ സ്വാംശീകരിക്കുന്നതിന് മാധ്യമം ഒരു തടസ്സമായി നിൽക്കുന്നുണ്ടോ എന്നതും നോക്കേണ്ടതില്ലേ? അറിയുന്ന ഭാഷയിലേ അറിവ് നിർമ്മിക്കാൻ കഴിയൂ എന്ന അടിസ്ഥാനതത്ത്വം ഇവിടെ വിസ്മരിക്കപ്പെടുന്നു. അതുകൊണ്ടല്ലേ മന:പാഠം പഠിച്ച് എഴുത്തുപരീക്ഷകളിൽ ഉയർന്ന സ്കോർ നേടിയാലും മറ്റൊരു പ്രശ്നസന്ദർഭത്തിൽ കുട്ടികൾ പതറിപ്പോകുന്നത് ? വിവരങ്ങളെ അറിവുകളാക്കി മാറ്റി വിവിധ സന്ദർഭങ്ങളിൽ പ്രയോജനപ്പെടുത്താനുള്ള കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന പ്രക്രിയാബന്ധിതമായ പഠനരീതി ഇപ്പോൾ പഴയതുപോലെ സജീവമാണോ? ചുറ്റുപാടുമുള്ള വിവരങ്ങളെ കുട്ടികളുടെ അറിവാക്കി മാറ്റുന്ന ക്ലാസ് മുറികളല്ലേ നമുക്ക് വേണ്ടത് ? ഇതിന് കഴിയും വിധം സംവിധാനങ്ങളെ നവീകരിക്കുകയും അധ്യാപകരെ സജ്ജമാക്കുകയും അതിനു സഹായകമായ സാമൂഹികാന്തരീക്ഷം വളർത്തുകയും ചെയ്യാനുള്ള ഇച്ഛാശക്തി കാണിക്കാതെ കുട്ടികളെയോ പാഠ്യപദ്ധതിയെയോ കുറ്റം പറഞ്ഞ് നാം രക്ഷപ്പെടുകയാണോ?അത്തരം നിഗമനങ്ങളിൽ എത്തിച്ചേരാനുള്ള എന്തെങ്കിലും വസ്തുതകൾ എസ് സി ഇ ആർ ടി യോ ഡയറ്റുുകളോ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ടോ ?

4. ദേശീയതലത്തിൽ നടക്കുന്ന മത്സരപരീക്ഷകളിൽ കേരളം പിന്നിലാണ്

ഇപ്പോൾ ഉയർന്നുവരുന്ന പ്രധാനപ്പെട്ട മറ്റൊരു വാദം അഖിലേന്ത്യ മത്സരപരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ മികവു കാട്ടാതിരിക്കുന്നതിന് കാരണം എല്ലാ കുട്ടികളും പൊതുപരീക്ഷയിൽ പാസ്സാകുന്നു എന്നതാണ്. അക്കാദമികമായ സത്യസന്ധത പാലിക്കേണ്ട എസ് സി ഇ ആർ ടി അടക്കം ചർച്ചാരേഖകളിലൂടെ ഇക്കാര്യം ശക്തിയായി ഉന്നയിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ ശരിയാണെന്ന് തോന്നാവുന്ന ഈ വാദം ബാലിശമാണന്ന് മനസ്സിലാക്കാൻ ഏറെ ചിന്തിക്കേണ്ടതില്ല.

ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ചില കോഴ്സുകളിൽ  കേരളത്തിലെ കുട്ടികൾ കൂട്ടത്തോടെ പ്രവേശനം നേടിയതും പിന്നീട് അവിടെ എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തിയതോടെ പ്രവേശനനിരക്ക് കുറഞ്ഞതുമാണ് ഇത്തരമൊരു ചർച്ചയ്ക്ക് അടുത്ത കാലത്ത് കാരണമായത്. വിവിധ ബോർഡുകൾ തമ്മിൽ മാർക്കിൽ അന്തരമുണ്ടാവുന്ന സാഹചര്യത്തിൽ അവർ വിവിധ ബോർഡുകളുടെ മാർക്കുകൾ തമ്മിൽ സമീകരണം നടത്തേണ്ടതായിരുന്നു. അത് ചെയ്യാത്ത ഘട്ടത്തിലെ പ്രവേശന നിരക്കിനെ പൊതുഎൻട്രൻസ് വരുമ്പോൾ കിട്ടുന്ന നിരക്കുമായി താരതമ്യം ചെയ്യുന്നതിൽ യുക്തിയില്ല. പുതുതായി ഏർപ്പെടുത്തിയ പരീക്ഷ ഏതെങ്കിലും തരത്തിലുള്ള അഭികാമ്യമല്ലാത്ത പ്രാദേശികച്ചായ്‍വ് പുലർത്തുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ ഏതെങ്കിലും ഒറ്റപ്പെട്ട ഉദാഹരണങ്ങൾ വെച്ച് നിഗമനത്തിലെത്തുന്നത് ശാസ്ത്രീയമല്ല.

ഇന്ന് ഏതാണ്ടെല്ലാ ദേശീയതല സ്ഥാപനങ്ങളിലേക്കും തുടർപഠനത്തിന് തെരഞ്ഞടുക്കുന്നത് പൊതുഎൻട്രൻസ് പരീക്ഷകളിലൂടെയാണ്. ഇത്തരം പരീക്ഷകളിൽ ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ കേരളത്തിലെ കുട്ടികൾക്ക് കിട്ടുന്ന പ്രവേശനം കുറവാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തിലും വസ്തുതകൾ വെച്ച് അഭിപ്രായം പറയാൻ വിമർശകർക്ക് ബാധ്യതയുണ്ട്.

വിമർശനം ഉന്നയിക്കുന്നവർ ഉദ്ദേശിക്കുന്നത് മെഡിസിൻ, എഞ്ചിനീയറിങ്ങ് തുടങ്ങിയവയുടെ പ്രവേശന പരീക്ഷയാണെങ്കിൽ അവ പ്ലസ് ടു കഴിഞ്ഞവർ എഴുതുന്ന പരീക്ഷകൾ ആണ്. പ്ലസ് ടു വിൽ കേരളത്തിലെ സംസ്ഥാന സിലബസ്സുകാരും സി ബി എസ് ഇ പോലുള്ള ഇതര സിലബസുകാരും ഒരേ പാഠ്യപദ്ധതിയാണ് പഠിക്കുന്നത്. അത് എൻ സി ഇ ആർ ടി യുടെ പാഠ്യപദ്ധതിയാണ്. ഈ പാഠ്യപദ്ധതി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ 60 കുട്ടികളെ കുത്തിത്തിരുകിയ ക്ലാസ്‍മുറികളിൽ വേണ്ടവിധമല്ല പഠിപ്പിക്കുന്നതെങ്കിൽ അക്കാര്യം വിലയിരുത്തണം. ഭാഷ ഇവിടെ തടസ്സമാകുന്നുണ്ടോ ? പരീക്ഷയുടെ രീതി പ്രശ്നമാകുന്നുണ്ടോ ? കോച്ചിങ്ങ് കേന്ദ്രങ്ങളുടെ അവിശുദ്ധമായ ഇടപെടലുകൾ ഇതിൽ പ്രവർത്തിക്കുന്നുണ്ടോ ? ഇതൊന്നും വിലയിരുത്താതെ കാടടച്ച് വെടിവെക്കുന്നത് ശരിയല്ല.

അഖിലേന്ത്യാ മത്സരപരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ ആനുപാതികമായി വിജയം നേടുന്നില്ലെന്ന് വാദത്തിന് അംഗീകരിച്ചാൽ പോലും പൊതുവിദ്യാലയങ്ങളിലെ പാവപ്പെട്ട കുട്ടികൾ എങ്ങനെ അതിന് ഉത്തരവാദികളാകും ? വരേണ്യ വിദ്യാലയങ്ങളിൽ പഠിച്ച് പലവിധ കോച്ചിങ്ങ് സംവിധാനങ്ങളുടെ ഭാഗമായവരല്ലേ ഇതിലൊക്കെ കൂടുതലും പങ്കെടുക്കുന്നത് ? സ്റ്റേറ്റ് സിലബസിൽ പഠിച്ചവരിൽ തന്നെ കാണുമല്ലോ മികച്ച പശ്ചാത്തലമുള്ളവരും കോച്ചിംഗ് സംവിധാനങ്ങളുടെ ഭാഗമാകുന്നവരും. ഈ കുട്ടികളൊക്കെ കഴിവ് തെളിയിച്ചിരുന്നെങ്കിൽ ഇപ്പറയുന്ന പരീക്ഷകളിൽ കേരളത്തിൽ നിന്നുള്ളവർ മികച്ച പ്രകടനം കാഴ്ച വെക്കേണ്ടതല്ലേ ?

ഐ എ എസ്, പി എച്ച് ഡി പോലുള്ള, മുഖാമുഖ പ്രവർത്തനങ്ങൾകൂടി ഫലത്തെ നിർണയിക്കുന്ന പരീക്ഷകളിൽ നാം പിറകിലേക്ക് പോകുന്നുണ്ടെങ്കിൽ അത് വേറിട്ട് പരിശോധിക്കണം. കുട്ടികളുടെ ആശയവിനിമയ ശേഷിയും വിമർശനാത്മക ചിന്തയും സർഗാത്മകതയും പ്രശ്നപരിഹരണ ശേഷിയുമൊക്കെ ഇത്തരം പരീക്ഷകളിലും തുടർന്നുള്ള ഇന്റർവ്യൂവിലും നിർണായകമാണ്. ‘ തത്തമ്മേ പൂച്ച പൂച്ച ‘ രീതിയിൽ പഠിച്ചവർക്ക് ഇതിൽ  നല്ല പ്രകടനം കാഴ്ചവെക്കാനാവില്ല. ജ്ഞാനനിർമിതിയിൽ അധിഷ്ഠിതമായ പഠനരീതികൾ ഇവിടെ സഹായകമാകേണ്ടതാണ്. കേരളത്തിലെ സ്കൂൾ, കോളേജ് ക്ലാസ് മുറികളിൽ ഈ രീതി വേണ്ട രീതിയിൽ നടക്കുന്നില്ലെന്നാണോ നാം മനസ്സിലാക്കേണ്ടത് ? അതെന്തായാലും നിഷ്കൃഷ്ടമായ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ വേണം ഇത്തരം കാര്യങ്ങളിൽ അഭിപ്രായങ്ങളിൽ എത്താൻ. അതാണ് ഉത്തരവാദപ്പെട്ടവരിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്.

5. റിസൾട്ട് മെച്ചപ്പെടുത്തുവാൻ വഴിവിട്ട മാർഗങ്ങൾ

അവിഹിതമായ മാർഗങ്ങളിലൂടെ പല സ്കൂളുകളും ഉയർന്ന വിജയ ശതമാനവും ഫുൾ എ പ്ലസുകളും കരസ്ഥമാക്കുന്നു. അതിനാൽ വർധിച്ച വിജയ ശതമാനം അംഗീകരിക്കത്തക്കതല്ല എന്നതാണ് മറ്റൊരു വാദം. ഈ വാദത്തിൽ ചില വസ്തുതകൾ ഉണ്ട്.

പുതിയ മൂല്യനിർണയ രീതി പത്താം ക്ലാസിൽ നടപ്പിലാക്കിയത് 2005 മാർച്ചിലാണ്. TE യിലെ സ്കോറിനൊപ്പം CE സ്കോർ ( ഇത് യഥാർഥത്തിൽ CE സ്കോർ അല്ല. സ്കൂൾ നേരിട്ട് നടത്തുന്ന ആന്തരിക മൂല്യനിർണയത്തിന്റെ സ്കോറാണ്) കൂടി നൽകിയാണ് ഗ്രേഡ് നൽകുന്നത്. കുട്ടികൾ ചെയ്യുന്ന പ്രോജക്റ്റ്, സെമിനാ‍ർ, അസൈൻമെന്റ് തുടങ്ങിയവ വിലയിരുത്തി അതത് അധ്യാപകർ നൽകുന്ന സ്കോറാണ് CE സ്കോർ. മൂല്യനിർണയത്തെ കുറേക്കൂടി വൈവിധ്യപൂർണമാക്കാൻ ഇത് ഉപകരിച്ചു. ആദ്യത്തെ രണ്ടുവർഷം CE വിലയിരുത്തൽ ഒരുവിധം നന്നായി നടന്നു. പിന്നീടത് സ്കോർ ദാനമായി അധ:പതിച്ചു. ഡിപ്പാർട്ട്മെന്റിന്റെ മൗനാനുവാദം ഇക്കാര്യത്തിൽ ഉണ്ട് എന്നത് നിഷേധിക്കാനാവില്ല. ഇത് പരിഷ്കരിക്കേണ്ടതു തന്നെയാണ്.

ഗ്രേസ് മാർക്ക് സമ്പ്രദായമാണ് വിമർശന വിധേയമാകുന്ന രണ്ടാമത്തെ ഇനം. ഗ്രേസ് മാർക്ക് കൊണ്ടുവന്നതും സദുദ്ദേശ്യപരമായിട്ടായിരുന്നു. കലാമേള, കായികമേള, ശാസ്ത്രമേള, എൻ എസ് എസ് എന്നിങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കൈവരിക്കുന്ന നേട്ടങ്ങൾക്കുള്ള അംഗീകാരമെന്ന നിലയിലാണ് ഇതിന് തുടക്കമിട്ടത്. വിദ്യാഭ്യാസമെന്നത് ഭിന്നമേഖലകളിൽ കുട്ടികൾ നേടുന്ന വികാസമാകയാൽ ഇവ പരിഗണിക്കേണ്ടതുതന്നെ.

ഗ്രേസ് മാർക്ക് സമ്പ്രദായം നിലവിൽ വന്നതോടെ അത് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലേക്ക് പലരും പോയി. കലാമേളയിൽ നൃത്തം, സംഘ ഇനങ്ങൾ പോലുള്ളവയിൽ ഇതേറെ പ്രകടമായി. ലക്ഷങ്ങൾ ചെലവഴിച്ച് പരിശീലനം നേടാനും ഗ്രേഡുയർത്താനും ശ്രമമുണ്ടായി. നഗരമേഖലയിലെ സമ്പന്നരുടെ മക്കൾ പഠിക്കുന്ന സ്കൂളുകളിൽ ഇതേറെ പ്രകടമായി. അതോടെ അവസരതുല്യതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഇത് മാറി. വർഷം കഴിയുന്തോറും മേളകളുടെ വ്യാപ്തിയും അവയുടെ മത്സരസ്വഭാവവും കൂടി വരികയാണ്.

തീർച്ചയായും ഒരു പുന:പരിശോധന ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതുണ്ട്. കുട്ടികൾ വ്യത്യസ്ത മേഖലകളിൽ പ്രകടിപ്പിക്കുന്ന മികവുകൾ സ്കോറുകളാക്കി മാറ്റി ഉപയോഗിക്കേണ്ടതുണ്ടോ, അവയ്ക്കോരോന്നിനും ലഭിക്കുന്ന വെയ്റ്റേജ് ഇപ്പോഴുള്ളതു തന്നെയാണോ വേണ്ടത് എന്നതൊക്കെ സമഗ്രമായി വിലയിരുത്തേണ്ടതുണ്ട്. നിലവിൽ ആകെ പരീക്ഷ എഴുതുന്നതിന്റെ 8-10% പേർക്കാണ് ഏതെങ്കിലും തരത്തിലുള്ള ഗ്രേസ് മാർക്ക് ലഭിക്കുന്നത്. ഇതിനുള്ള അവസരം പോലും എല്ലാ കുട്ടികൾക്കും ലഭിക്കുന്നില്ലെന്നത് പ്രധാന പ്രശ്നവുമാണ്. കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇത് ശാസ്ത്രീയമാക്കുന്നതിനും മികവ് കാട്ടുന്ന മേഖലയിൽ കുട്ടികളുടെ തുടർപഠനത്തിന് സഹായകമാകുന്ന തരത്തിൽ ഇതിനെ പുനരാവിഷ്കരിക്കുന്നതിനുമുള്ള ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിനുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരീക്ഷ എഴുതാൻ ഒരു സഹായിയെ അനുവദിക്കുന്ന രീതിയാണ് ദുരുപയോഗം ചെയ്യപ്പെടുന്ന വേറൊരിനം. അനർഹരായ കുട്ടികൾക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് സ്ക്രൈബിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു എന്നതാണ് ആക്ഷേപം. ഇതും പരിശോധിക്കേണ്ട കാര്യമാണ്. പല തരത്തിലുള്ള പരിമിതികളുള്ള കുട്ടികളെ ചേർത്തുപിടിക്കുക എന്നത് കേരളീയസമൂഹം സ്വീകരിച്ചുവരുന്ന ശരിയായ നിലപാടാണ്. അത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നത് കർശനമായി പരിശോധിക്കപ്പെടണം. നാല് ലക്ഷത്തിലേറെ കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതുമ്പോൾ അതിൽ മുപ്പതിനായിരത്തിനടുത്ത് കുട്ടികൾ അതായത്, (8-10)% മാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.

എല്ലാ കുട്ടികളും എഴുതുന്ന തരത്തിലുള്ള പരീക്ഷകളാണ് ഈ കുട്ടികളെക്കൊണ്ടും എഴുതിപ്പിക്കുന്നത്. ഇത് ശരിയാണോ എന്ന പരിശോധന ആവശ്യമുണ്ട്. ചില കുട്ടികളുടെ കാര്യത്തിൽ ഓഡിയോ രീതിയിൽ ഉത്തരം നൽകുന്നത് പരിഗണിക്കാം. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ വിലയിരുത്തുന്നതിന്റെ ഉപാധിയായി പൊതുപരീക്ഷകളെ എങ്ങനെ പരിവർത്തിപ്പിക്കാമെന്ന് ഗവേഷണം ചെയ്ത് കണ്ടെത്താനുള്ള ഉത്തരവാദിത്തം എസ് സി ഇ ആർ ടി പോലുള്ള വിദ്യാഭ്യാസ ഗവേഷണസ്ഥാപനങ്ങൾ ഏറ്റെടുക്കണം. ഇത്തരം ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിർവഹിക്കാത്തതിന്റെ ബാധ്യതയും കുട്ടികളുടെ ചുമലിൽ വെച്ചുകെട്ടാൻ കഴിയുമോ? രക്ഷിതാക്കളെയും സ്കൂളുകളെയും മറ്റും പഴിച്ച് രക്ഷപ്പെടുന്നത് പ്രശ്നപരിഹാരമാകുമോ ? റിസൾട്ട് പൊലിപ്പിച്ചു കാട്ടാൻ ചില സ്കൂളുകൾ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തടയാനുള്ള സംവിധാനം ഒരുക്കുക തന്നെ വേണം. അല്ലാതെ നല്ല ഉദ്ദേശ്യങ്ങളോടെ കൊണ്ടുവന്ന ശിശുസൗഹൃദ സമ്പ്രദായങ്ങൾ ഉപേക്ഷിക്കുകയല്ല പരിഹാരം.

സമൂഹം പ്രകടിപ്പിക്കുന്ന ഇത്തരം ആശങ്കകളിൽ ഒന്നിലും ഉത്തരവാദികൾ കുട്ടികളല്ലെന്ന് വ്യക്തമാണ്. എങ്കിൽ യഥാർഥ ഉത്തരവാദികൾ ആരാണെന്ന് നിജപ്പെടുത്തേണ്ടതുണ്ട്. തിരുത്തൽ ആവശ്യമുള്ള കാര്യങ്ങളിൽ അത് ചെയ്യേണ്ടതുണ്ട്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ നിയോഗിക്കപ്പെട്ടവർ അതതു തലങ്ങളിൽ പ്രസ്തുത ചുമതല നിർവഹിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള പ്രാഥമികബാധ്യത വിദ്യാഭ്യാസവകുപ്പിനുണ്ട്. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും എ ഇ ഒ വരെയുള്ള ഉദ്യോഗസ്ഥവൃന്ദവും ഡയറ്റ്, എസ് സി ഇ ആർ ടി, സർവകലാശാല എന്നിവിടങ്ങളിലെ വിദഗ്ധരും വിദ്യാഭ്യാസ ഗുണേമേന്മ വർധിപ്പിക്കുന്നതിനായി എന്താണ് ചെയ്യുന്നതെന്നാണ് ആദ്യം പരിശോധിക്കേണ്ടത്. അക്കാദമികവും ഭരണപരവുമായ മോണിറ്ററിംഗിനുള്ള ചുമതലയും ഉത്തരവാദിത്തവും ഉദ്യോഗസ്ഥർക്കാണ്. അത് അവർ നിറവേറ്റുന്നുണ്ടോ?

സമൂഹം കാഴ്ചക്കാരാകരുത്

30% മിനിമം മാർക്ക് സംബന്ധിച്ച ഉത്തരവ് നടപ്പാകുമ്പോൾ ഉണ്ടാകുന്ന അനുരണനങ്ങളും പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും കാണാതെ പോകരുത്. എങ്ങിനെയെങ്കിലും കുട്ടികളെ 30% ൽ എത്തിച്ചാൽ മതി എന്ന ചിന്ത സംവിധാനത്തിനും അതിന്റെ ഭാഗമായ അധ്യാപകർക്കും ഉണ്ടായാൽ കേരള വിദ്യാഭ്യാസരംഗത്തെ ഗുണതയെ അത് ഭീതിതമായ തരത്തിൽ ബാധിച്ചേക്കാം. ഇതുണ്ടാകില്ല എന്നുറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് എന്താണ് പരിപാടിയാണ് ഉള്ളതെന്ന് വ്യക്തമല്ല.

ഈ ഉത്തരവ് മറ്റ് പല സാധ്യതകളും തുറന്നുവയ്ക്കുന്നുണ്ട്. അതിലൊന്ന് തസ്തികാ നിർണയവുമായി ബന്ധപ്പെട്ടാണ്. ‘തസ്തികകൾ നിലനിർത്താനും’ പുതീയ തസ്തികകൾ ഉണ്ടാക്കാനും ഉള്ള സുവർണാവസരമായി ഈ ഉത്തരവിനെ വിനിയോഗിക്കാം. അധ്യാപക നിയമനം തുറന്നുതരുന്ന സാമ്പത്തിക താല്പര്യം ഫലപ്രദമായി വിനിയോഗിക്കാൻ തല്പരകക്ഷികൾ നടത്തുന്ന ശ്രമങ്ങളെ കാണാതിരിക്കാൻ കഴിയുമോ? സർക്കാറിനും അതുവഴി സമൂഹത്തിനും ഉണ്ടാകുന്ന സാമ്പത്തീക ഭാരം പരിഗണിക്കപ്പെട്ടിട്ടുണ്ടോ? ഒന്നിലധികം വർഷം മിനിമം മാർക്ക് നിബന്ധന പ്രകാരം ക്ലാസ്‍കയറ്റം ലഭിക്കാതെ മുൻവർഷത്തെ ക്ലാസിൽ തുടരേണ്ടി വരുന്ന കുട്ടികളുടെ എണ്ണം തസ്തികാ നിർണയത്തിൽ പരിഗണിക്കേണ്ടതില്ല തുടങ്ങിയ അഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്. ഇത്തരം അഭിപ്രായങ്ങളും പരിഗണിക്കപ്പെടേണ്ടതല്ലേ ?

“തോല്പിച്ച് നിലവാരമുയർത്തുക” എന്നത് അക്കാദമികമായി നിലനിൽക്കുന്ന ഒന്നല്ല. അങ്ങിനെ നിലവാരമുയർത്തിയ അനുഭവങ്ങൾ ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി എവിടെയുമില്ല. എല്ലാവരെയും ഉൾച്ചേർക്കുക എന്നതാണ് പുതിയ വിദ്യാഭ്യാസ സമീപനം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്.

ചോദ്യങ്ങൾ ഉയരട്ടെ

  • ജനാധിപത്യ മതനിരപേക്ഷ നിലപാടുകളും അനുതാപവും സഹകരണവും സഹവർത്തിത്വവുമൊക്കെ സാമൂഹിക മനോഭാവമായി വളർത്തിക്കൊണ്ടുവരിക എന്നതും കൂടി വിദ്യാഭ്യാസത്തിന്റെ ഗുണതാ മാനദണ്ഡങ്ങളിൽ വരേണ്ടതല്ലേ? പ്രതിസന്ധി ഘട്ടങ്ങളിൽ കേരളീയസമൂഹം ഐക്യപ്പെട്ട് ഒന്നിച്ച് പ്രവർത്തിക്കുന്നത് നമ്മുടെ അനുഭവമാണല്ലോ? ഏറ്റവും അവസാനം വയനാട്ടിലുണ്ടായ ദുരന്തത്തോട് സമൂഹം പ്രതികരിച്ചത് നാം കാണേണ്ടതല്ലേ? പൊതുവിദ്യാഭ്യാസ ധാരയ്ക്ക് അത്തരം ഒരു മനോഭാവം വളർത്തിയെടുക്കുന്നതിൽ നിർണ്ണായകമായ പങ്കില്ലേ?
  • ഇതൊന്നും പരിഗണിക്കേണ്ടെന്നും മത്സരത്തിനും എൻട്രൻസിനും സജ്ജമായാൽ മാത്രം മതിയെന്നും ആയതിനാൽ കേവലം മാർക്ക് നേടൽ മാത്രമാക്കി വിദ്യാഭ്യാസത്തെ ചുരുക്കണമെന്നും പറയാനാവുമോ ? വിദ്യാഭ്യാസത്തെ കച്ചവടയുക്തിയോടെ കാണുന്നവരുടെ വാദഗതിയെ അംഗീകരിക്കുന്നത് പുരോഗമനാത്മകമാകുന്നത് എങ്ങിനെയാണ് ?
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ തുടർന്ന് കരുത്തും വിശ്വാസവും വീണ്ടെടുത്ത പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകർക്കാനുള്ള വിദ്യാഭ്യാസക്കച്ചവടക്കാരുടെ കുതന്ത്രമല്ലേ ഇവിടെ ജയിക്കുക ? കുട്ടികൾ, അതും സാധാരണക്കാരുടെ മക്കൾ പാസാകുന്നതാണ് കേരള വിദ്യാഭ്യാസത്തിന്റെ ഗുണതാ പ്രശ്നമെന്ന് വരുത്തിത്തീർക്കുന്നതിനെ നിഷ്ക്കളങ്കമായി കാണാൻ കഴിയുമോ? ഇത്തരം കുതന്ത്രങ്ങളിൽ പുരോഗമന ഭരണകൂടമടക്കം പെട്ടുപോകുന്നത് എന്തുകൊണ്ടാണ്?
  • ഈയടുത്ത വർഷങ്ങളിലായി അഖിലേന്ത്യാ മത്സരപ്പരീക്ഷകളിലെ കേരളത്തിന്റെ നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ “ നിലവാരത്തകർച്ച”  എന്നത് ഒരു വ്യാജനിർമ്മിതിയല്ലേ?
  • കുട്ടികളുടെ അന്വേഷണബുദ്ധിയെയും അറിവുനിർമ്മാണ ശേഷിയേയും മുൻനിർത്തിയുള്ള പഠനപ്രക്രിയ ഈ മുന്നേറ്റത്തിന് സഹായകമായിട്ടില്ലേ ?
  • ഇനി നിലവാരത്തകർച്ചയുണ്ടെങ്കിൽ അതിന് കാരണമെന്താണ്? കുട്ടികളെ തോല്പിക്കാത്തതാണോ? കുട്ടികളെ തോല്പിച്ചിരുന്ന കാലത്ത് തോറ്റ കുട്ടികളുടെ നിലവാരം പിന്നീട് മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ?
  • നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനു പകരം ഒന്നോ രണ്ടോ മണിക്കൂർ നേരത്തെ ഓർമ്മപ്പരീക്ഷ കൊണ്ട് കുട്ടിയുടെ ശേഷികളെ വിലയിരുത്താൻ കഴിയുമോ? ഓർമ്മിച്ചെഴുതാനുള്ള കഴിവു നേടൽ മാത്രമാണോ ആധുനിക കാലത്ത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം?
  • തോല്ക്കുമെന്നു വന്നാൽ കുട്ടികൾ ഗൗരവത്തോടെ പഠിക്കുമെന്ന നിഗമനത്തിൽ എങ്ങിനെയാണ് നാമെത്തുന്നത്? അങ്ങിനെയെങ്കിൽ എട്ടാംതരത്തിൽ പൊതുപരീക്ഷ വേണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശയെ നമുക്കെങ്ങിനെ എതിർക്കാൻ കഴിയും?
  • കുട്ടികളെ തോറ്റ് പുറത്തേക്കു പോകുന്നതിൽ കുട്ടികൾക്കു തന്നെയാണ് ഉത്തരവാദിത്വം എന്ന് സ്ഥാപിച്ച് സിസ്റ്റത്തിനും അധികാരികൾക്കും കൈകഴുകാൻ നിന്നു കൊടുക്കേണ്ടതുണ്ടോ?
  • ദാരിദ്ര്യം ദരിദ്രന്റെ ഉത്തരവാദിത്വമാണ്, അയാളുടെ സാമർഥ്യക്കുറവു കൊണ്ടാണ്, അയാളുടെ അലസതകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് തുടങ്ങിയ ചൂഷകസിദ്ധാന്തങ്ങളെ വിദ്യാഭ്യാസ രംഗത്തേക്ക് വലിച്ചുനീട്ടുന്നത് അംഗീകരിക്കാൻ പുരോഗമന ശക്തികൾക്ക് കഴിയുമോ?
  • നിശ്ചിത സമയത്ത് നിശ്ചിത നിലവാരമാർജ്ജിക്കാൻ കഴിയാത്ത കുഞ്ഞുങ്ങളെ പിന്തുണക്കാൻ നമ്മുടെ വിഭ്യാഭ്യാസഘടനയിൽ ഫലപ്രദമായ സംവിധാനമുണ്ടോ? ആ പിന്തുണാ സംവിധാനം വികസിപ്പിച്ചെടുക്കുകയല്ലേ, നാം ചെയ്യേണ്ടത്? അത് സിസ്റ്റത്തിന്റെ ഉത്തരവാദിത്തമല്ലേ ?
  • ലോകത്താകെ നടക്കുന്ന വിദ്യാഭ്യാസ നവീകരണങ്ങളോട് നാം പുറംതിരിഞ്ഞു നില്ക്കണോ? പഠനരീതിയിലും വിലയിരുത്തൽ രീതിയിലും വികസിച്ചുവന്ന മാറ്റങ്ങളെ മനസ്സിലാക്കാൻ 96% സാക്ഷരതയുള്ള കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിനു ബാധ്യതയില്ലേ?
  • തോല്പിക്കാൻ തുടങ്ങിയാൽ ആരായിരിക്കും തോല്ക്കുന്നത്? ആർക്കും അത് മുൻകൂട്ടി പറയാൻ കഴിയും. കുട്ടികളെ റ്റ്യൂഷനു വിടാൻ കഴിയാത്തവർ, വീട്ടിൽ ഉയർന്ന വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്തവർ, ചുരുക്കിപ്പറഞ്ഞാൽ സാമൂഹ്യ- സാമ്പത്തിക പിന്നോക്കാവാസ്ഥയിൽ തുടരുന്നവർ. അവരെ പിന്തള്ളി മുന്നേറാൻ സാമ്പത്തികമായും സാമൂഹ്യമായും മെച്ചപ്പെട്ടവർക്കു കഴിയും. ഈ മധ്യവർഗ താല്പര്യങ്ങളെയല്ലേ ,“തോല്പിച്ചു നിലവാരമുയർത്തൽ” പദ്ധതി പിന്തുണയ്ക്കുന്നത്? സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്നവരുടെ വർഗതാല്പര്യങ്ങളെ സംരക്ഷിക്കേണ്ടവരെങ്കിലും ഇത് തിരിച്ചറിയേണ്ടതല്ലേ?

ഇങ്ങിനെ നിരവധി ചോദ്യങ്ങൾ സ്വാഭാവികമായും ഉയർന്നുവരും.

ഈ സംവാദങ്ങളെ കേവലം മിനിമം മാർക്കിന്റെ പ്രശ്നമായി ചുരുക്കിക്കാണരുത്. കുറേക്കൂടി വിശാലമായ സാമൂഹികമാനം ഇപ്പോൾ നടക്കുന്ന സംവാദങ്ങൾക്കുണ്ട്. അരിച്ചു പുറംതള്ളുക എന്നത് കമ്പോളമുതലാളിത്ത രീതിയാണ്. എല്ലാവരെയും ഉൾക്കൊണ്ട് ചേർത്ത് പിടിച്ച് നീതിയും തുല്യതയും ഗുണതയും ഉറപ്പാക്കുന്ന വിദ്യാഭ്യാസം വികസിപ്പിക്കുക എന്നത് പുരോഗമന രാഷ്ട്രീയ സാമൂഹിക നിലപാടുമാണ്. നാളിതുവരെയുള്ള ഇടതുപക്ഷ സർക്കാറുകൾ ജനകീയ വിദ്യാഭ്യാസത്തിനായാണ് നിലകൊണ്ടത്.

എല്ലാവരെയും ഉൾക്കൊള്ളുന്നതും ആധുനിക ലോകത്ത് അതിജീവിക്കാൻ അനിവാര്യമായ അറിവും കഴിവും നൈപുണിയുമുള്ള,  പൗരസമൂഹത്തെ വളർത്തിയെടുക്കാൻ എങ്ങിനെ കഴിയും എന്നാണ് നാം ആലോചിക്കേണ്ടത്. ഗുണമേന്മാ വിദ്യാഭ്യാസം സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന ചർച്ചകൾ ഇത്തരമൊരു തലത്തിലേക്ക് വളർന്നുവരും എന്നാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതീക്ഷിക്കുന്നത്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പൊതുജനാരോഗ്യം – രണ്ടു ഗുണപാഠ കഥകൾ
Next post അണ്ഡകടാഹത്തിൽ കുടുങ്ങിയ പൂവ് – വഴിക്കുരുക്കിൽപ്പെട്ട പൂവ് 8
Close