Read Time:3 Minute
കോവിഡ്-19 വാക്‌സിൻ എത്തുമ്പോൾ “പ്രതിരോധം വരുന്ന വഴി”എന്ന മുഖവാചകത്തോടെയാണ് 2021 മാർച്ച് ലക്കം ശാസ്ത്രഗതി തയ്യാറായിട്ടുള്ളത്.
വാക്‌സിനുമായി ബന്ധപ്പെട്ട 5 ലേഖനങ്ങളും തിരുവനന്തപുരത്ത് തോന്നയ്ക്കലിൽ സ്ഥാപിതമായ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അഖിൽ സി ബാനർജിയുമായുള്ള ഇന്റർവ്യൂവുമാണ് കവർ സ്റ്റോറിയുടെ ഭാഗമായുള്ളത്. ഡോ. കെ. പി. അരവിന്ദൻ, ഡോ. ടി. ജയകൃഷ്ണൻ, ഡോ. ഉണ്ണികൃഷ്ണൻ ശിവൻ, പ്രൊഫ. അരുൺ തങ്കം, പ്രൊഫ. റജി ജോസഫ്, ഡോ. പി. എൻ. എൻ. പിഷാരഡി, ഡോ. യു. നന്ദകുമാർഎന്നിവരാണ് കവർ സ്റ്റോറി ലേഖനങ്ങൾ എഴുതിയിട്ടുള്ളത്. വിവിധതരം കോവിഡ് വാക്‌സിനുകൾ സംബന്ധിച്ചു അവ ശരീരത്തിൽ എങ്ങിനെ പ്രവർത്തിക്കുന്നു, വാക്‌സിൻ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങൾ, അന്താരാഷ്ട്ര തലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിൻ രാഷ്ട്രീയം, വിവിധ വാക്‌സിനുകളുടെ ചരിത്രം തുടങ്ങി വായനക്കാർ അറിയാനാഗ്രഹിക്കുന്ന നിരവധി കാര്യങ്ങൾ വളരെ ലളിതമായിത്തന്നെ ലേഖനങ്ങൾ വിശദീകരിക്കുന്നുണ്ട്.
കേരളത്തിന്റെ പരിസ്ഥിതി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നേരിടുന്ന പ്രശ്നങ്ങളും ഭാവികേരളത്തിലേക്കുള്ള വികസന സൂചനകളും പ്രൊഫ.ടി.പി കുഞ്ഞിക്കണ്ണന്റെ ലേഖനം ചർച്ചചെയ്യുന്നു. ഇന്ധനവില വർദ്ധനവു എങ്ങിനെയാണ് ഒരു ഭരണകൂട ചൂഷണമാകുന്നത് എന്ന് വിശദീകരിക്കുന്നു അഡ്വ. കെ.പി. രവിപ്രകാശിന്റെലേഖനം. ഡോ. രതീഷ് കൃഷ്ണന്റെ തുടർ ലേഖനം ജീവന്റെ ഉത്ഭവം സംബന്ധിച്ച പുതിയ പുതിയ കണ്ടെത്തലുകളും സമസ്യകളുമായി തുടരുന്നു. ഇനി രണ്ടു ലക്കങ്ങൾകൊണ്ട് ജീവന്റെ രസകരമായ ഈ കഥപറച്ചിൽ അവസാനിക്കും. കൂടുതൽ വായനാസുഖത്തോടെയും വൈവിധ്യത്തോടെയും ശാസ്ത്രവർത്തകൾ തയ്യാറാക്കിയത് ഡോ. ദീപ കെ. ജി. ചിത്രസേനന്റെ സംക്ഷിപ്തമായ ഉള്ളടക്ക വിവരണത്തോടെയുള്ള പുസ്തക പരിചയം.
രാജ്യത്തിന്റെ ദിശ സൂചിപ്പിക്കുന്ന പരിസ്ഥിതി-കാലാവസ്ഥ പ്രവർത്തക ദിശ രവിയുടെ അറസ്റ്റാണ് കെ. സതീഷിന്റെ ഹരണഫലത്തിന്റെ ആശയം. പ്രദീപിന്റെ കവറും ഒപ്പം ഡിസൈൻ & ലേഔട്ട്, സതീഷിന്റെതന്നെ അകം ചിത്രങ്ങൾ. തികച്ചും കാലികമായ ശാസ്ത്രഗതിയുടെ ഈ ലക്കവും വായനക്കാർ ആവേശപൂർവം സ്വീകരിക്കും എന്നു പ്രതീക്ഷിക്കുന്നു.
Related
0
0