
ശാസ്ത്രഗതി – ക്വാണ്ടം വർഷം 2025
അന്താരാഷ്ട്ര ക്വാണ്ടം വർഷത്തിൽ ‘ക്വാണ്ടം പതിപ്പാ’യി ഇറങ്ങിയ ‘ശാസ്ത്രഗതി’ മാസികയുടെ ഓഗസ്റ്റ് ലക്കം പരിചയപ്പെടുത്തുന്നു.

അന്താരാഷ്ട്ര ക്വാണ്ടം സയൻസ് വർഷം 2025
നൂറുകൊല്ലംമുമ്പ് ഈ ശാസ്ത്രസിദ്ധാന്തം ഉണ്ടായില്ലെങ്കിൽ എം ആർ ഐ, ലേസർ, സെമികണ്ടക്ടർ എൽ ഇ ഡി ലൈറ്റ്, ക്യൂലെഡ് ടി വി സ്ക്രീൻ, അമോലെഡ് സെൽഫോൺ ഡിസ്പ്ലേ, സോളർ സെൽ, പെറ്റ്സ്കാൻ… ഒന്നും നമുക്കു കിട്ടുമായിരുന്നില്ല. ‘ക്വാണ്ടം ഭൗതികം’ എന്നാണ് ആ വിപ്ലവത്തിന്റെ പേര്. ഈ സിദ്ധാന്തം ആധാരമാക്കി ക്വാണ്ടം കമ്പ്യൂട്ടിങ്, ക്വാണ്ടം ക്രിപ്‌റ്റോഗ്രഫി, ക്വാണ്ടം ടെലിപോർട്ടേഷൻ, ക്വാണ്ടം സെൻസിങ്, തുടങ്ങിയ രണ്ടാംതലമുറ ക്വാണ്ടംസങ്കേതങ്ങൾ പലതും അണിയറയിൽ ഒരുങ്ങുകയുമാണ്. ഇവയും ലോകത്തെ വീണ്ടും മാറ്റിമറിക്കാൻ പോന്നവയാണ്.

നീൽസ്ബോറിനെയും മാക്സ് പ്ലാങ്കിയെയും ഐൻസ്റ്റൈനെയുംപോലുള്ള മഹാപ്രതിഭകൾ ഒരുക്കിയകളത്തിൽ 1925-ൽ 23-കാരൻ വേർണർ ഹെയ്സൻബെർഗും 22-കാരൻ പാസ്കൽ ജോർദനും മാക്സ് ബോണും ഷ്രോഡിങ്ങറും പോൾ ഡിറാക്കും എല്ലാംചേർന്നു വളർത്തിയെടുത്ത ക്വാണ്ടം ഭൗതികത്തിന്റെ ശതാബ്ദിവർഷമാണിത്. സൂക്ഷ്മപ്രപഞ്ചവും സ്ഥൂലപ്രപഞ്ചവും സംബന്ധിച്ച വിജ്ഞാനത്തിൽ വിപ്ലവം സൃഷ്ടിക്കുകയും ക്വാണ്ടം മെക്കാനിക്സിലൂടെ മാനവരാശിക്കാവശ്യമായ ശാസ്ത്രസാങ്കേതികവിദ്യാമുന്നേറ്റങ്ങൾക്കു വഴിതുറക്കുകയും ചെയ്ത ക്വാണ്ടം ഭൗതികത്തിന്റെ ശതാബ്ദി ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോകമെമ്പാടും കൊണ്ടാടുകയാണ്.
ഇന്റർനാഷണൽ ഇയർ ഓഫ് ക്വാണ്ടം (IYQ-2025) കേരളത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി ശാസ്ത്രഗതിയുടെ പുതിയ (2025 ഓഗസ്റ്റ്) ലക്കം ‘ക്വാണ്ടം പതിപ്പ്’ ആണ്. വായിക്കാൻ മാത്രമല്ല, സൂക്ഷിച്ചുവയ്ക്കാൻകൂടിയുള്ള ലക്കം. അത്രവേഗം തലയിൽ കയറാത്ത ക്വാണ്ടം ഭൗതികം ശാസ്ത്രവിദ്യാർഥികൾക്ക് അതിലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ലക്കം, നമ്മുടെയെല്ലാം ജീവിതത്തെ സ്വാധീനിക്കുന്ന ക്വാണ്ടം മെക്കാനിക്സിനെപ്പറ്റി മനസ്സിലാക്കാൻ മറ്റുള്ളവർക്കും അവസരമൊരുക്കുന്നു. അപ്പോൾ, ഇതുവരെ ഓർഡർ ചെയ്യാത്തവർ ഇന്നുതന്നെ ഓർഡർ ചെയ്യുക! വരിക്കാരായിട്ടില്ലാത്തവർ ഇന്നുതന്നെ വരിക്കാരാകുക! വരുംലക്കങ്ങളും ഇത്തരത്തിൽ വൈജ്ഞാനികസദ്യ ഒരുക്കുന്നവയാണ്.

രണ്ടാം കേരളപഠനം സംക്ഷിപ്തം
ക്വാണ്ടം പതിപ്പാണെങ്കിലും ഇതിലെ മുഖലേഖനം കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഈയിടെ പ്രസിദ്ധീകരിച്ച ‘കേരളപഠനറിപ്പോർട്ടി’നെപ്പറ്റിയാണ്. ‘കേരളപഠനം മുന്നോട്ടുവയ്ക്കുന്ന സാധ്യതകൾ’ എന്ന ഒൻപതുപേജുള്ള സുദീർഘമായ ലേഖനം കേരളപഠനത്തിനു ചുക്കാൻ പിടിച്ചവരിൽ ഒരാളായ കെ കെ ജനാർദനൻതന്നെയാണ് എഴുതിയിട്ടുള്ളത്. ‘കേരളം എങ്ങനെ ജീവിക്കുന്നു; എങ്ങനെ ചിന്തിക്കുന്നു’ എന്ന സമഗ്രാന്വേഷണമാണു കേരളപഠനം. 2004-ൽ പരിഷത്തു നടത്തിയ ഒന്നാം കേരളപഠനത്തിനുശേഷം വന്ന മാറ്റങ്ങളാണ് രണ്ടാം കേരളപഠനം വിശകലനം ചെയ്യുന്നത്.

ക്വാണ്ടം സയൻസ് ലേഖനങ്ങൾ
ക്വാണ്ടം ഭൗതികത്തിലേക്കു വരാം. ഐൻസ്റ്റൈൻ ഒരു ബോർഡിൽ എന്തെല്ലാമോ ഗണിതവാക്യങ്ങൾ എഴുതിക്കൂട്ടി വിശദീകരിക്കുന്ന ഒരു ചിത്രം പ്രസിദ്ധമാണല്ലോ. അത്തരത്തിൽ പൂർണ്ണമായും ഗണിതമാണ് ക്വാണ്ടം മെക്കാനിക്സിന്റെ ഭാഷ. സോഫട് വെയറിന്റെ ഭാഷ അറിയില്ലെങ്കിലും നാമെല്ലാം കമ്പ്യൂട്ടറിലും ഫോണിലും അവയെ അനായാസം ഉപയോഗിക്കുന്നില്ലേ? അതുപോലെയാണിതും. ആ സങ്കീർണ്ണ മട്രിക്സ് ഗണിതമൊന്നും വശമില്ലെങ്കിലും അതിന്റെ പ്രയോഗവിജയങ്ങൾ നാം നിത്യേന അനുഭവിക്കുന്നു. ആ ശാസ്ത്രത്തെ ഗണിതമില്ലാതെ ലളിതമായി മനസ്സിലാക്കിക്കുന്നതാണ് ‘ശാസ്ത്രഗതി’ ലേഖനങ്ങൾ ഓരോന്നും.

ക്വാണ്ടം ഉള്ളടക്കം തുടങ്ങുന്നത് ‘ക്വാണ്ടം മെക്കാനിക്സിന്റെ ചരിത്രം’ എന്ന ഡോ. എൻ ഷാജിയുടെ ലളിതമായ ലേഖനത്തോടെയാണ്. ഗലീലിയോ, കെപ്ലർ, ദക്കാർത്തെ തുടങ്ങിയ മഹാരഥരുടെ സംഭാവനകളും സ്വന്തം കണ്ടെത്തലുകളും സമന്വയിപ്പിച്ച് ഐസക് ന്യൂട്ടൻ സൃഷ്ടിച്ച അടിത്തറയിൽ വികസിച്ച ക്ലാസിക്കൽ ഭൗതികശാസ്ത്രം കണലോകത്തെ ദ്രവ്യത്തിന്റെ സ്വഭാവവിശേഷങ്ങൾ വിശദീകരിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ഉടലെടുത്ത പ്രതിസന്ധിയുടെ കുരുക്കഴിച്ചതിന്റെ കഥയാണ് സയൻസിന്റെ ഗഹനതയോ വിരസതയോ ഇല്ലാതെ ഡോ. ഷാജി പറയുന്നത്. മാക്സ്വെലിന്റെ വിദ്യുത്കാന്തികസിദ്ധാന്തം, തെർമോഡൈനമിക്സിന്റെ രസകരമായ കഥ, താപവികിരണം സംബന്ധിച്ച കിർച്ചോഫിന്റെ 1859-ലെ കണ്ടുപിടിത്തം എന്നിവയുടെ പശ്ചാത്തലത്തിൽ 1900-ൽ മാക്സ് പ്ലാങ്ക് ‘ക്വാണ്ടം’ എന്ന ആശയം അവതരിപ്പിച്ചതുവരെയുള്ള കാര്യങ്ങൾ ആമുഖമായി പറയുന്നു.

പ്രകാശം ഉൾപ്പെടെയുള്ള വൈദ്യുതകാന്തികതരംഗങ്ങൾ ക്വാണ്ടങ്ങൾ ആയാണു സഞ്ചരിക്കുന്നതെന്ന സിദ്ധാന്തം ഐൻസ്റ്റൈൻ മുന്നോട്ടുവച്ചതും അതുപയോഗിച്ച് ഫോട്ടോഇലക്ട്രിക് പ്രഭാവം അദ്ദേഹം വിശദീകരിച്ചതും ഇതു തെറ്റാണെന്നു തെളിയിക്കാൻ റോബർട്ട് മില്ലിക്കൻ നടത്തിയ പരീക്ഷണങ്ങൾ ഐൻസ്റ്റൈനാണു ശരിയെന്നു തെളിയിച്ചതുമെല്ലാം ഈ കഥയിലെ കൗതുകങ്ങളാണ്.

നീൽസ് ബോറിന്റെ പുതിയ ആറ്റം മാതൃകയും സോമർ ഫെൽഡിന്റെ ക്വാണ്ടൈസേഷൻ കൺഡീഷനും ഐൻസ്റ്റൈനും ബോറും ഇവ പുതിയ തലങ്ങളിലേക്കു വളർത്തിയതും ക്വാണ്ടം മെക്കാനിക്സിന്റെ പിറവിക്കു കളമൊരുങ്ങിയതും വെറും 23-കാരനായ ഹൈസൻബർഗ് ക്വാണ്ടം മെക്കാനിക്സിന് ആധാരമായ പ്രബന്ധം രചിക്കുന്നതുമെല്ലാം കഥയുടെ ചാരുതയോൾ ഇതൾ വിടരുന്നു. മാക്സ് ബോൺ, പാസ്കൽ ജോർദാൻ, ഷ്രോഡിങ്ങർ എന്നിവരിലൂടെ കഥ വികസിക്കുന്നു.

സാമാന്യബുദ്ധിക്കു നിരക്കുന്നതല്ലാത്ത ക്വാണ്ടം മെക്കാനിക്സ് പക്ഷേ, നാം ഇതുവരെ സൃഷ്ടിച്ചതിൽ ഏറ്റവും കൃത്യതയുള്ള സിദ്ധാന്തങ്ങളിലൊന്നാണെന്നു ലളിതമായി പറഞ്ഞുതരുകയാണ് ‘സൂക്ഷ്മലോകത്തെ അസംബന്ധങ്ങൾ അഥവാ വിചിത്രമായ ക്വാണ്ടം നിയമങ്ങൾ’ എന്ന ലേഖനത്തിൽ, ഡോ. വൈശാഖൻ തമ്പി. സൂപ്പർ പൊസിഷനും ക്വാണ്ടം എന്റാംഗിൾമെന്റും ക്വാണ്ടം ടണലിങ്ങും അനിശ്ചിതത്വസിദ്ധാന്തവും മെഷർമെന്റ് പ്രോബ്ലവും വേവ് ഫങ്ഷൻ കൊളാപ്സും എല്ലാം സവിസ്തരം അവതരിപ്പിച്ചശേഷം വൈശാഖൻ തനതുശൈലിയിൽ പറയുന്നു: “അവ സ്ഥിരവും ഗണിതശാസ്ത്രപരമായ കെട്ടുറപ്പുള്ളതും അതിശയകരമാംവിധം നന്നായി പരീക്ഷിക്കപ്പെട്ടവയുമാണ്. ഒറ്റ പ്രശ്നമേയുള്ളൂ, അവ മനുഷ്യന്റേതല്ല! അതാണ് അവയെ വിചിത്രമായി തോന്നിപ്പിക്കുന്നത്. ചരിത്രത്തിന്റെ ഏറിയ പങ്കും കുന്തം എറിയുന്നതിനായി ചെലവഴിച്ച ഒരു പ്രൈമേറ്റ് ജീവിവർഗത്തിന് അർഥവത്തായി തോന്നേണ്ട ഒരു ബാധ്യതയും പ്രപഞ്ചത്തിനില്ല എന്നൊരു ഓർമ്മപ്പെടുത്തലാണത്.”

‘സാങ്കേതികവിദ്യയിലെ ക്വാണ്ടം ലീപ്’ എന്ന ലേഖനത്തിൽ ക്വാണ്ടം പ്രതിഭാസങ്ങൾ ഉപയോഗിക്കുന്ന അർധചാലകങ്ങൾ, ലേസറുകൾ, ക്വാണ്ടം ബയോളജി, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ സങ്കേതങ്ങളെ ഡോ. സംഗീത ചേനംപുല്ലി സവിസ്തരം പരിചയപ്പെടുത്തുന്നു. പ്രകാശസംശ്ലേഷണം, കോശശ്വസനം, പഞ്ചേന്ദ്രിയങ്ങളിലൂടെ ചുറ്റുപാടുകളെ മനസ്സിലാക്കുന്ന പ്രവർത്തനങ്ങൾ, രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന എൻസൈം കറ്റാലിസിസ്, ചുറ്റുപാടുകളിൽനിന്നു സ്വീകരിക്കുന്ന വിവരങ്ങളെ ഇലക്ട്രിക് സിഗ്നലുകളാക്കി മാറ്റൽ, ചില പക്ഷികൾ ഭൂമിയുടെ കാന്തികമണ്ഡലം ഉപയോഗിച്ച് ദിശ തിരിച്ചറിയുന്നത്, എന്നിങ്ങനെ ജീവശാസ്ത്രത്തിൽ ക്വാണ്ടം സ്വഭാവം പ്രവർത്തിക്കുന്നതായി കരുതുന്ന പ്രവർത്തനങ്ങൾ സംഗീത ചൂണ്ടിക്കാട്ടുന്നു.

ക്വാണ്ടം ടണലിങ് ഉപയോഗിക്കുന്നതായി കരുതുന്ന ഡി എൻ എ മ്യൂട്ടേഷനുകൾ, എൻസൈമുകൾ നടത്തുന്ന ഇലക്ട്രോണുകളുടെയും പ്രോട്ടോണുകളുടെയും ശൃംഖലാകൈമാറ്റം തുടങ്ങിയവയും ജീവലോകത്തെ പ്രവർത്തനങ്ങൾ പകർത്തി ക്രിപ്‌റ്റോ ആശയവിനിമയം, സൗരോർജസെല്ലുകളിലെ ഊർജസംഭരണം തുടങ്ങിയവ സാധ്യമാക്കുന്നതുമെല്ലാം കൗതുകം വളർത്തും. ലേസറിന്റെ ഉൽപാദനവും ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെ സാധ്യതകളും വിശദമായിത്തന്നെ സംഗീത ചർച്ചചെയ്യുന്നു.

അണുലോകത്തെയും അണുബാഹ്യലോകത്തെയും ദ്രവ്യപ്രവർത്തനങ്ങളെ ഏകീകരിക്കാൻ ഭൗതികശാസ്ത്രത്തിൽ നടന്ന ശ്രമങ്ങളെയും അതിനു ക്വാണ്ടം ഭൗതികം ചട്ടക്കൂടായതിനെയുംപ്പറ്റി വിവരിക്കുകയാണ് ഡോ. സെബാസ്റ്റ്യൻ കൂത്തോട്ടിൽ, ‘ക്വാണ്ടം ഭൗതികവും സമഗ്ര മഹാസിദ്ധാന്തവും’ എന്ന ലേഖനത്തിൽ. ഭൗതികത്തിലെ ഏകീകരണങ്ങളുടെ ചരിത്രവഴിയിലൂടെ നമ്മെ നയിച്ച് ബലങ്ങളെയും ദ്രവ്യത്തെയും ഏകീകരിച്ച ക്വാണ്ടം ഭൗതികത്തിലേക്ക് എത്തിച്ചശേഷം ഗ്രാൻഡ് യൂണിഫൈഡ് തിയറി(GUT)യുടെ സാധ്യതകൾ അദ്ദേഹം പ്രതിപാദിക്കുന്നു. അതോടൊപ്പം ഗ്രാവിറ്റിയുടെ ക്വാണ്ടം സിദ്ധാന്തംകൂടി പൂർണ്ണമാക്കാനും അതുകൂടി സമന്വയിക്കുന്ന, എല്ലാ ബലങ്ങളെയും കണികകളെയും ഏകീകരിക്കുന്ന ‘തിയറി ഓഫ് എവരി തിങ്ങി’ലേക്ക് എത്തിച്ചേരാനുമുള്ള സാധ്യതകൾ വിശദമായിത്തന്നെ വിശകലനം ചെയ്യുകയും ചെയ്യുന്നു. ബ്ലാക്ക്ഹോളിൽനിന്നു താപം പുറത്തുവരുമെന്ന സ്റ്റീഫൻ ഹോക്കിങ്ങിന്റെ സിദ്ധാന്തം ഉയർത്തിയ വിവരനഷ്ട പ്രഹേളിക (Information Paradox) ക്വാണ്ടം സിദ്ധാന്തത്തിനുതന്നെ ഉയർത്തിയ ഉയർത്തിയ വെല്ലുവിളി ചർച്ചചെയ്തശേഷം അത് തിയറി ഓഫ് എവരി തിങ്ങിലേക്കു നയിക്കുമെന്ന പ്രതീക്ഷ ഡോ. സെബാസ്റ്റ്യൻ പങ്കുവയ്ക്കുന്നു. ഹോളോഗ്രാഫിക് പ്രിൻസിപ്പിൾ, സ്ട്രിങ് തിയറി, ലൂപ് ക്വാണ്ടം ഗ്രാവിറ്റി, സ്ഥലകാലങ്ങളും ഗ്രാവിറ്റിയും ഒരുതരം അതിസൂക്ഷ്മ ആറ്റങ്ങളുടെ പ്രവർത്തനഫലമാണെന്ന ഡോ. താണു പദ്മനാഭന്റെ സിദ്ധാന്തം തുടങ്ങിയവയും ലേഖനത്തിൽ ലളിതമായി കടന്നുവരുന്നു.

ഡോ. മോൻസി ജോണിന്റെ ‘ക്വാണ്ടം യാഥാർഥ്യം: പിന്നിടുന്ന ദുർഗമവഴിത്താരകൾ’ എന്ന ലേഖനത്തോടെയാണു ഫോക്കസ് തീം പൂർണ്ണമാകുന്നത്. മട്രിക്സ് മെക്കാനിസും അതിൽനിന്നു പടുത്തുയർത്തിയ ആത്മനിഷ്ഠതാവാദവും എങ്ങനെയാണ് അതിഭൗതികതയിലേക്കും അനിശ്ചിതത്വസിദ്ധാന്തത്തിലേക്കും അജ്ഞേയതാവാദത്തിലേക്കും താവോ ഓഫ് ഫിസിക്സിലേക്കും ശിവതാണ്ഡവത്തിലേക്കുംവരെ കാടുകയറിയതെന്ന് ഡോ. മോൻസി വിവരിക്കുന്നു. ഈ കാടുകയറ്റം സാക്ഷാൽ ഹെയ്സൻബർഗിനെ നാസിസത്തിലേക്കും ‘നാസി അണുബോംബ്’ നിർമ്മിക്കാനുള്ള ശ്രമങ്ങളിലേക്കും, ഓപ്പൻ ഹീമറെയും ജോൺ ഹീലറെയും മറ്റും അണുബോംബുഗവേഷണത്തിലേക്കും നയിച്ചു.
ഇതിലൂടെ വെളിവാകുന്ന ‘പൈശാചികതയും യാഥാർഥ്യനിഷേധവും തമ്മിലുള്ള നിഗൂഢബന്ധം’ ചൂണ്ടിക്കാട്ടുന്ന ലേഖകൻ, ഇന്ത്യയിലെ നവഫാഷിസ്റ്റുകൾക്ക് ഹെയ്സൻബർഗ് സ്വീകാര്യനാകുന്നതിന്റെ പശ്ചാത്തലവും സൂചിപ്പിക്കുന്നു. മായാവാദങ്ങൾക്കു പകരം നവയാഥാർഥ്യത്തിലേക്കു നയിക്കുമായിരുന്ന ഡി ബ്രോയിയുടെ 1924-ലെ ‘പൈലറ്റ് വേവ് തിയറി’ അക്കാലത്ത് അവഗണിക്കപ്പെട്ടത് ഉൾപ്പെടെയുള്ള കാര്യങ്ങളും ലേഖനം ചർച്ചചെയ്യുന്നു.
ക്വാണ്ടം ഭൗതികം കഴിഞ്ഞാൽ ഭൗതികയാഥാർഥ്യമായ പട്ടിണിയിലേക്കാണു ശാസ്ത്രഗതിയുടെ താൾ മറിയുന്നത്. ഡോ. കെ പി കണ്ണനും ജി. രവീന്ദ്രനും എഴുതിയ ‘Poverty, Women and Capability: a study of Kerala’s Kudumbashree System’ എന്ന പുസ്തകം ‘കുടുംബശ്രീയെപ്പറ്റി അറിയേണ്ടതെല്ലാം’ എന്ന ശീർഷകത്തിൽ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ പരിചയപ്പെടുത്തുന്നു.
‘വായനയ്ക്ക്’ എന്ന പംക്തിയിൽ എൻ ഇ ചിത്രസേനൻ ഇക്കുറി പരിചയപ്പെടുത്തുന്നത് ഷാഹിർ എസ് റിസ്ക്, മാഗി എം ഫിങ്ക് എന്നിവർ എഴുതിയ ‘The Color of North: The Molecular Language of Proteins and the Future of Life’ എന്ന പുസ്തകമാണ്. ജീവിതവും ചികിത്സയുമെല്ലാം രൂപപ്പെടുത്തുന്ന പ്രോട്ടീൻകണങ്ങളുടെ ഭാവിയിലെ സാധ്യതകളാണു പുസ്തകം പ്രതിപാദിക്കുന്നത്. ഡോ. പ്രീത ടി എസ് തയ്യാറാക്കിയ ശാസ്ത്രവാർത്ത, കെ സതീഷിന്റെ കാർട്ടൂൺപംക്തി ‘ഹരണഫലം’ എന്നീ പംക്തികളുമുണ്ട്. അടുത്ത ലക്കം ‘ഭൂഗർഭജല’പ്പതിപ്പാണ്. ഒപ്പം സയൻസ് ഫിക്ഷനും മറ്റു വിഭവങ്ങളും ഉണ്ടാകും.

ശാസ്ത്രഗതി ഓൺലൈനായി വരിചേരാൻ വെബ്സൈറ്റ് സന്ദർശിക്കുക . ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 8304038919
