പൂനെ ഐസറിലെ (IISER) ഗവേഷണ വിദ്യാഥിയായ ശിശിർ സംഖ്യായാൻ പൂനെയിലെ ജ്യോതി ശാസ്ത്ര ഗവേഷണകേന്ദ്രത്തിലെ (IUCAA) ജോയ്ദീപ് ബാഗ്ചി, സോമക് റായ് ചൗധരി, പ്രാതിക് ദഭാഡെ എന്നിവർക്കു പുറമേ തൊടുപുഴ ന്യൂമാൻ കോളജിലെ ജോ ജേക്കബും അടങ്ങിയ ഗവേഷക കൂട്ടായ്മയാണ് ഈ കണ്ടുപിടുത്തം നടത്തിയത്.
അമേരിക്കയിലെ ന്യൂമെക്സിക്കോയിലെ സാക്രാമെന്റോ മലനിരകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ടെലിസ്കോപ് ഉപയോഗിച്ച് നടത്തിയ സ്ലോവൻ ഡിജിറ്റൽ സ്കൈ സർവേ (SDSS) വഴി ലഭ്യമായ വിവരങ്ങൾ പരിശോധിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്.
ഗാലക്സ്സി, ക്ലസ്റ്റർ, സൂപ്പർ ക്ലസ്റ്റർ
ഗുരുത്വാകഷണബലത്താൽ പരസ്പരം ബന്ധിതമായ നക്ഷത്രങ്ങളുടെ വലിയ ഗണമാണ് ഗാലക്സസി. നമ്മുടെ കണ്ണു കൊണ്ട് കാണാവുന്ന നക്ഷത്രങ്ങളെല്ലാം ആകാശഗംഗ എന്ന ഗാലക്സിയിൽ പെടുന്നു. ഇതിൽ ആകെ എത്ര നക്ഷത്രം ഉണ്ടെന്നതിന് കൃത്യമായ കണക്കില്ല. 10,000 കോടി മുതൽ 40,000 കോടി വരെയാണ് മതിപ്പു കണക്കുകൾ. ആൻഡ്രോമീഡ എന്നത് നമ്മുടെ കണ്ണു കൊണ്ട് കാണാവുന്ന മറ്റൊരു ഗാലക്സിയാണ്. ഒരു ലക്ഷം കോടി നക്ഷത്രമടങ്ങിയ ഈ അയൽക്കാരനിലേക്കുള്ള ദൂരം 25 ലക്ഷം പ്രകാശവർഷമാണ്. ആകാശഗംഗയും ആൻഡ്രോമീഡയും അൻപതിലധികം സമീപ ഗാലക്സികളും ചേർന്നാൽ ഗാലക്സി ക്ലസ്റ്റർ എന്നറിയപ്പെടുന്ന ഒരു അയൽക്കൂട്ടമാകും. ഇങ്ങനെയുള്ള നൂറുകണിനു ക്ലസ്റ്റർ ചേരുമ്പോൾ ലാനിയാകി (Laniakea) എ സൂപ്പർ ക്ലസ്റ്ററാകും. ഇതിൽ ഏതാണ്ട് ഒരുലക്ഷം ഗാലക്സി പെടുന്നുവെന്നാണ് ഉൗഹം. ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത് നമ്മുടേതിൽ നിന്നും വളരെ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു സൂപ്പർ ക്ലസ്റ്ററാണ്.
സരസ്വതി എവിടെ?
നമ്മുടെ ഗാലക്സിയിൽ നിന്നും ക്ലസ്റ്ററിൽ നിന്നും സൂപ്പർ ക്ലസ്റ്ററിൽ നിന്നും ഒക്കെ വളരെ അകലെ മീനം രാശിയിലാണ് പുതിയ സൂപ്പർ ക്ലസ്റ്ററിനെ കണ്ടെത്തിയിരിക്കുന്നത്. ഇതിലേക്കുള്ള ദൂരം 400 കോടി പ്രകാശവർഷം എന്നാണ് കണക്കാക്കിയിരിക്കുന്നത്. അവിടെ നിന്നു വരുന്ന പ്രകാശത്തിന്റെ ചുവപ്പു നീക്കം (red shift) അളന്ന് ഹബിൾ നിയമം ഉപയോഗിച്ച് ദൂരം കണക്കാക്കുമ്പോഴാണ് ഇത് ലഭിക്കുന്നത്. ഈ സൂപ്പർ ക്ലസ്റ്റർ മീനം രാശിയിൽ ഏതാണ്ട് 9 ഡിഗ്രി സ്പാൻ ചെയ്തിരിക്കുന്നു. അങ്ങനെങ്കിൽ അതിന്റെ വലിപ്പം ഏകദേശം 60 കോടി പ്രകാശവർഷം ഉണ്ടാകണം. ഇത് സാധാരണയിൽ കവിഞ്ഞ ഒരു വലിപ്പമാണ്. ഇതിനു മുമ്പ് ഇത്തരത്തിൽ ഒരെണ്ണത്തിനെ 1989ൽ കണ്ടെത്തിയിരുന്നു. അതിന്റെ സ്വഭാവവിശേഷങ്ങൾ കണ്ടെത്തിയത് ഇന്ത്യക്കാരനായ സോമക് റായ് ചൗധരിയാണ്. അദ്ദേഹം ഇപ്പോൾ പൂനെയിലെ ഗവേഷണകേന്ദ്രത്തിന്റെ(IUCAA) ഡയറക്ടറും ‘സരസ്വതിയെ’ കണ്ടെത്തിയ സംഘത്തിലെ അംഗവുമാണ്.
ആകാശ വസ്തുക്കൾക്ക് നദികളുടെയും ദേവന്മാരുടെയും പേരിടുന്ന രീതി പണ്ടു മുതലേ ഉള്ളതാണ്. ഗംഗയിൽ നിന്നാണ് ആകാശഗംഗ എന്ന പേരു കിട്ടിയത്. സരസ്വതീ നദിയെ അനുസ്മരിച്ചാണ് ഈ സൂപ്പർ ക്ലസ്റ്ററിന് ഈ പുതിയ പേര് നല്കിയത്. ഇതിൽ ചുരുങ്ങിയത് 43 ഗാലക്സി കൂട്ടങ്ങളെങ്കിലും (cluster) ഉണ്ട്. ഇവയുടെ ആകെ ദ്രവ്യമാനം 20 ലക്ഷം കോടി സൂര്യന്മാരുടേതിനു സമമാണ്.
ഇവയിലേക്കുള്ള ദൂരം 400 കോടി പ്രകാശ വർഷമാണെന്നതും പ്രപഞ്ചത്തിന്റെ പ്രായം 1400 കോടി വർഷമാണെന്നതും പരിഗണിച്ചാൽ, പ്രപഞ്ചം ഉണ്ടായി 1000 കോടി വർഷം കഴിഞ്ഞപ്പോൾ അവിടെ നിന്നു പോന്ന പ്രകാശം വഴിയാണ് നമ്മൾ ഇപ്പോൾ ഇവയെക്കുറിച്ച് മനസ്സിലാക്കുന്നത്. പ്രപഞ്ചവിജ്ഞാനീയ പഠനത്തിൽ ഒരു നാഴികക്കല്ലാവുകയാണ് അഭിമാനകരമായ ഈ കണ്ടുപിടുത്തം.
One thought on “ആകാശഗംഗയ്ക്കുമപ്പുറം – സരസ്വതി സൂപ്പർ ക്ലസ്റ്റർ”