Read Time:8 Minute

സറാക്ക അശോക (Saraca asoca) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അശോക വൃക്ഷങ്ങൾ ലെഗുമിനോസേ (Leguminosae) സസ്യകുടുംബത്തിലും സിസാൽപിനിയെസിയെ (Caesalpiniaceae) ഉപകുടുംബത്തിലും ഉൾപ്പെടുന്നതാണ്. ഏഷ്യൻ ജനുസ് ആയ അശോക വൃക്ഷങ്ങൾ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മാർ എന്നിടങ്ങളിൽ ആണ് വളരുന്നത്. അശോക വൃക്ഷങ്ങളുടെ തനതു ആവാസവ്യവസ്ഥ കാണപ്പെടുന്നത് ഈർപ്പമുള്ള ഉഷ്ണമേഖല വനങ്ങളിലും, നിത്യഹരിത വനങ്ങളിലും ആണ്.

ഇന്ത്യയിലെ പല ബോട്ടാണിക്കൽ ഗാർഡനുകളിലും ഒരു അലങ്കാര സസ്യമായി അശോക വൃക്ഷങ്ങളെ കാണാറുണ്ട്, കൂടാതെ തണൽ മരങ്ങളായി വെച്ചുപിടിപ്പിക്കാറുമുണ്ട്. ദുഃഖത്തെ അകറ്റുക എന്ന അർത്ഥത്തോടുകൂടിയ അശോക വൃക്ഷത്തിന്റെ കടുത്ത ഓറഞ്ച് നിറത്തിലുള്ള പുഷ്പങ്ങൾ അത്യാകർഷണീയവും സുഗന്ധപൂരിതവുമാണ്. പ്രേമദേവനായ മദനന്റെ വില്ലിലെ അഞ്ച് പുഷ്പങ്ങളിൽ ഒന്നായും കണക്കാക്കുന്നു..

അശോക വൃക്ഷങ്ങൾ | ഫോട്ടോ : പ്രജിത് ടി.എം.

വൃത്താകൃതിയിലോ, സ്തൂപാകൃതിയിലോ കാണപ്പെടുന്ന നിറയെ കടുംപച്ച നിറത്തിലുള്ള ഇലകൾ കാണാം, അവയ്ക്ക് ഇടയിലായി ഇളം പിങ്ക് നിറത്തിലുള്ള ഇളം ഇലകൾ ശിഖരങ്ങളുടെ അഗ്രഭാഗത്തായി തൂങ്ങി നിൽക്കുന്നു.  പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്രത്തിൽ കാര്യമായ ഔഷധ മൂല്യമുള്ള ഒരു സസ്യമാണ് അശോകം.  ഗർഭാശയപരമായ രോഗങ്ങളുടെയും  മറ്റ് രോഗങ്ങളുടെയും ചികിത്സയിൽ ഈ സസ്യത്തിന്റെ ഉപയോഗത്തിന് ഒരു  നീണ്ട ചരിത്രമുണ്ട്. പ്രകൃതിദത്ത ആവാസവ്യവസ്ഥകളിൽ ഇവയുടെ എണ്ണം കുറയുന്നത് കാരണം അശോക സസ്യങ്ങൾ  ഇന്ന് ഐ.യു.സി.എൻ-ന്റെ   വംശനാശ ഭീക്ഷണി നേരിടുന്ന സസ്യങ്ങളുടെ   പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

പൂക്കളിൽ പുളിയുറുമ്പുകൾ കൂട് കൂട്ടുന്നു | ഫോട്ടോ : പ്രജിത് ടി.എം.

പുളിയുറുമ്പുകൾ

അശോകവൃക്ഷങ്ങളുടെ  കാണാമറയത്തെ  ചില ആത്മബന്ധങ്ങളെ കുറിച്ചാണ് അടുത്തത് പറയുവാൻ പോവുന്നത്. അശോകമരങ്ങളുടെ നിലനിൽപ്പിനായി കൂടെ നിൽക്കുന്ന ഒരു ചങ്ങാതിയാണ് ഇക്കോഫില്ല സ്മരാഗ്ഡിന (Oecophylla smaragdina) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന പുളിയുറുമ്പുകൾ (Asian weaver ant). പുളിയുറുമ്പുകൾ ഒരു യോദ്ധാവിനെ പോലെ എല്ലാ ഭാഗങ്ങളിലൂടെയും സഞ്ചരിച്ചു വൃക്ഷത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ജൈവിക  ആക്രമണങ്ങൾ വൃക്ഷത്തിന് നേരിടേണ്ടി വന്നാൽ ഉറുമ്പുകൾ കൂട്ടത്തോടെ എതിർക്കുന്നു. സഹജീവിതത്തിന്റെ (Mutualism) ഭാഗമായി അശോകവൃക്ഷങ്ങൾ ഉറുമ്പുകൾക്ക് വേണ്ടി എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കൊടുക്കുന്നു. ഇളം ഇലകളുടെ അഗ്രഭാഗത്തുള്ള ഗ്രന്ഥികളിലൂടെ പോഷക സമ്പുഷ്ഠമായ സ്രവങ്ങൾ ഉറുമ്പുകൾക്ക് ഭക്ഷണമായി നൽകുന്നു. ഇലകൾ കൊണ്ട് നിർമ്മിക്കുന്ന കൂടുകളിൽ ഉറുമ്പുകളുടെ പ്രജനനവും ജീവിതവും കൂടി ചേർന്നു പോവുന്നു.

വൃക്ഷത്തെ ആക്രമിക്കുന്ന ഷഡ്പദങ്ങളെ തുരത്തിയോടിക്കുന്ന പുളിയുറുമ്പുകൾ | ഫോട്ടോ : പ്രജിത് ടി.എം.

അഫിഡുകൾ

അശോകത്തിന്റെയും ഉറുമ്പുകളുടെയും സഹജീവിതത്തിന്റെ ഇടയിലേക്ക് കയറിവരുന്ന അതിഥികളാണ് മെംബ്രസിഡ (Membracide) കുടുംബത്തിലുൾപെടുന്ന ലെപ്റ്റോസെൻട്രസ് ട്ടോറസ് (Leptocentrus taurus) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അഫിഡ് (Aphid) ഷഡ്പദങ്ങൾ. ട്രീ ഹോപ്പേഴ്സ് (Tree Hoppers) എന്ന് സാധാരണയായി അറിയപ്പെടുന്ന അഫിഡുകളുടെ തലയുടെ ഭാഗത്തായി ഒരു കൊമ്പ് കാണുവാൻ സാധിക്കും.

അഫിഡ്

അശോകമരങ്ങളുടെ പൂക്കളിലും, ഇലകളിലും, ഫലങ്ങളിലും ഒക്കെയാണ് അഫിഡുകൾ സ്ഥാനമുറപ്പിക്കുന്നത്. അശോകമരത്തിന്റെ ഫലങ്ങളുടെയും അഫിഡുകളുടെയും വളർച്ചയുടെ ഘട്ടങ്ങളിൽ ഒട്ടേറെ സാമ്യതകളുണ്ട്. വളർച്ചയുടെ ഘട്ടത്തിൽ ഫലങ്ങളിൽ ഉണ്ടാവുന്ന നിറ വ്യത്യാസത്തിന് അനുസൃതമായി അഫിഡുകളിലും മാറ്റം കാണാവുന്നതാണ്.

ഇളം ഇലകളിലെ സ്രവങ്ങൾ ഭക്ഷിക്കുന്ന പുളിയുറുമ്പുകൾ | ഫോട്ടോ : പ്രജിത് ടി.എം.

ഫലങ്ങളുടെ പ്രതലവുമായി ഉണ്ടാക്കിയെടുക്കുന്ന സാമ്യത അഫിഡുകളെ മറ്റ് ജീവികളുടെ അക്രമണത്തിൽ നിന്നും സംരക്ഷിക്കുന്നു. അഫിഡുകൾ, വളർച്ചക്ക് വേണ്ടി പലയിനം പഞ്ചസാരകൾ (Sugars) അടങ്ങിയ നീരുകൾ വൃക്ഷത്തിൽ നിന്നും വലിച്ചൂറ്റിയെടുത്തു ഉപയോഗിക്കുന്നു. സംരക്ഷണം നൽകുന്ന ഉറുമ്പുകൾക്ക് പ്രത്യുപകാരമായി “honey dew” എന്നറിയപ്പെടുന്ന വിശിഷ്ട സ്രവങ്ങൾ അഫിഡുകളുടെ പുറകിലുള്ള ഗ്രന്ഥികളിലൂടെ (Gland) നല്കപ്പെടുന്നു. അശോകമരങ്ങളും ഉറുമ്പുകളും അഫിഡുകളും ചേർന്നുള്ള സഹജീവിതത്തിന്റെ ഈ ആത്മബന്ധങ്ങൾ തികച്ചും കൗതുകമുണർത്തുന്നതാണ്.

പാകമാകാത്ത ഫലങ്ങളുടെ പ്രതലത്തിൽ കാണുന്ന അഫിഡുകളും ഉറുമ്പുകളും | ഫോട്ടോ : പ്രജിത് ടി.എം.

അധികവായനയ്ക്ക്

  1. Smitha, G. R., & Thondaiman, V. (2016). Reproductive biology and breeding system of Saraca asoca (Roxb.) De Wilde: a vulnerable medicinal plant. SpringerPlus, 5(1), 2025. >>>>

അനുബന്ധ വായനയ്ക്ക്

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം – ലൂക്ക പ്രത്യേക പതിപ്പ്

Happy
Happy
25 %
Sad
Sad
0 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post തലച്ചോറിലെ സംസാരശേഷി കേന്ദ്രം കണ്ടെത്തിയ പോൾ ബ്രോക്കയുടെ ഇരുന്നൂറാം ജന്മവാർഷികദിനം
Next post ILLUMINATE -24 – കുട്ടികൾക്ക് നൂതനമായ ആശയങ്ങൾ പങ്കുവയ്ക്കാൻ അവസരം!
Close