താൽപര്യക്കുറവ് മൂലവും ഭൂമി മറ്റുപല ആവശ്യങ്ങൾക്കുപയോഗിച്ചും മുറിക്കപ്പെട്ടും പുരയിടകൃഷിരീതി അന്യംനിന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ പുരയിടകൃഷികളിലെ നിലവിലെ കാർബൺ സംഭരണശേഷി അളക്കുകയും അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് കാർബൺ ഓഫ്‌സെറ്റിങ്ങിന് യോഗ്യമാക്കുകയും ചെയ്യുന്ന ഗവേഷണത്തിലാണ് സജിത സിറിൾ ഏർപ്പെട്ടിരിക്കുന്നത്. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ സജിത സിറിൾ (Department of Silviculture and Agroforestry, College of Forestry, Kerala Agricultural University) – നടത്തിയ അവതരണം.
അവതരണം കാണാം
കാടിനോട് സമാനത പുലർത്തുന്ന കേരളത്തിലെ പുരയിടക്കൃഷികൾ പ്രത്യക്ഷമായും പരോക്ഷമായും നമുക്ക് ഒരുപാട് സേവനങ്ങൾ നൽകുന്നുണ്ട്. വൃക്ഷനിബിഢമായ ഈ കൃഷിരീതി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനു പുറമെ കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്നാൽ ഇന്ന്, താൽപര്യക്കുറവ് മൂലവും വേണ്ടത്ര വരവില്ലാത്തതിനാലും പുരയിടകൃഷി അന്യംനിന്നുകൊണ്ടിരിക്കുകയാണ്. പുരയിടകൃഷിരീതിയിലൂടെ നാം നടുന്ന മരങ്ങൾ, സമകാലീന പ്രതിസന്ധികളായ ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും പ്രധാന കാരണക്കാരായ, കാർബൺ ഡൈ ഓക്സൈഡിനെ ദീർഘകാലത്തേക്ക് അന്തരീക്ഷത്തിലെത്താതെ സംഭരിക്കുന്നുണ്ട്. ഇത്തരത്തിൽ മരങ്ങൾ നട്ട് കാർബൺ സംഭരിക്കുന്നതിനു ആനുപാതികമായി ഒരു തുക വീട്ടുടമസ്ഥർക്ക് ലഭിച്ചാലോ? ഇത് വീട്ടുവളപ്പുകളിൽ മരം നടുന്നത് പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം കേരളത്തിന്റെ സവിശേഷമായ ഈ കൃഷിരീതിയെ സംരക്ഷിക്കുന്നതിനും സഹായിക്കും. കാർബൺ ഓഫ്‌സെറ്റിങ്ങ് എന്നറിയപ്പെടുന്ന പദ്ധതിയിൽ പുരയിടക്കൃഷിയെ ഉൾപ്പെടുത്തിയാൽ പുതുതായി വീട്ടുവളപ്പുകളിൽ മരം നടുമ്പോൾ വീട്ടുടമസ്ഥർക്കു പണം ലഭിക്കും. അതിനായി കേരളത്തിലെ പുരയിടകൃഷികളിലെ നിലവിലെ കാർബൺ സംഭരണശേഷി അളക്കുകയും അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് കാർബൺ ഓഫ്‌സെറ്റിങ്ങിന് യോഗ്യമാക്കുകയും ചെയ്യുക എന്നതാണ് എന്റെ ഗവേഷണ ലക്ഷ്യം.
സജിത സിറിൾ
Department of Silviculture and Agroforestry, College of Forestry, Kerala Agricultural University
കേരള കാർഷിക സർവകലാശാലയിലെ വനശാസ്ത്ര കോളേജിലെ Silviculture and Agroforestry വിഭാഗത്തിൽ പുരയിട കൃഷിയെകുറിച്ചു പഠിക്കുന്ന ഡോക്ടറേറ്റ് ബിരുദ വിദ്യാർത്ഥിയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ഫെല്ലോഷിപ്പോടു കൂടി Forestry ബിരുദാനന്തര ബിരുദം നേടി. കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്റ്റ് ഫെല്ലോ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.