
ഇന്ത്യയിലെ ആദ്യത്തെ വാഹനാപകടം നടന്നത് കേരളത്തിൽ ആണ് എന്നത് എനിക്ക് പുതിയ അറിവായിരുന്നു.(അന്നത്തെ തിരുവിതാംകൂർ). 1914 ൽ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ വരികയായിരുന്ന, ആധുനിക മലയാള ഭാഷയുടെ ശില്പി എന്നറിയപ്പെടുന്ന, കേരളവർമ വലിയ കോയിത്തമ്പുരാനാണ് അപ്രതീക്ഷിതമായുണ്ടായ കാറപകടത്തിൽ കൊല്ലപ്പെടുന്നത്. നൂറു വർഷത്തിന് ശേഷം, ഇന്ന് ഒരു വർഷം ശരാശരി 4000 മനുഷ്യർ കേരളത്തിൽ റോഡപകടങ്ങളിൽ മരിക്കുന്നു.
അതായത് ദിവസം പത്തിലേറെ ആളുകൾ ഇങ്ങനെ മരണപ്പെടുന്നു. രാജ്യത്തെ ജനസംഖ്യയുടെ 2.8 ശതമാനമാണ് കേരളത്തിലെ ജനസംഖ്യ. എന്നാൽ രാജ്യത്ത് നടക്കുന്ന റോഡപകട മരണങ്ങളുടെ 6 ശതമാനവും കേരളത്തിലാണ്. ഇന്ത്യയിൽ വാഹനാപകടം ഏറ്റവുമുയർന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്
മരിക്കുന്നതിലും പരിക്കേൽക്കുന്നതിലും നല്ലൊരു പങ്ക് 18 -45 പ്രായപരിധിയിൽ ഉള്ളവരാണ്. അപകടത്തിൽ പെട്ട 5.2 ശതമാനം ആളുകൾ മരിക്കുമ്പോൾ 5.9 ശതമാനം ആളുകളാണ് സ്ഥിരമായ അംഗവൈകല്യത്തിലേക്ക് വീണുപോകുന്നത്. ഇതിൽ 68 ശതമാനം ദാരിദ്ര്യ രേഖക്ക് അടിയിലുള്ളവരും 56 % കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സും ആയിരുന്നു.

എന്തുകൊണ്ടാണ് കേരളത്തിൽ ഇത്രയേറെ അപകടങ്ങൾ ഉണ്ടാവുന്നത്? ഇതെങ്ങനെ തടയാം? എന്തുകൊണ്ടാണ് ദിവസേന ഇത്രയേറെ ആളുകൾ മരിച്ചിട്ടും ഈ പ്രശ്നം സാമൂഹിക മനസ്സാക്ഷിയെ അലട്ടാത്തത്. ഇതേക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് പ്രമുഖ പത്രപ്രവർത്തകനായ ടി സി രാജേഷ് സിന്ധു നടത്തുന്നത്. വികസ്വര പാതകൾ, അരക്ഷിത യാത്രികർ എന്ന പുസ്തകത്തിൽ ഹിന്ദു ദിനപത്രത്തിന്റെ പ്രധാനപ്പെട്ട ജേർണലിസ്റ്റുകളിൽ ഒരാളായിരുന്ന അകാലത്തിൽ നമ്മെ വിട്ടുപോയ അനിൽ രാധാകൃഷ്ണന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബം നൽകുന്ന ഫെലോഷിപ്പിന്റെ ഭാഗമായാണ് രാജേഷ് വിപുലമായ ഈ പഠനം നടത്തിയതും ഈ പുസ്തകം പ്രസിദ്ധീകരിച്ചതും.
അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ ലോകമെമ്പാടും അംഗീകരിച്ചത് രാജേഷ് തുടക്കത്തിൽ തന്നെ ചൂണ്ടിക്കാട്ടുന്നു. റോഡ് ഇൻഫ്രാസ്ട്രക്ച്ചർ, സുരക്ഷ മാനേജ്മെന്റ്റ്, സുരക്ഷിതമായ വാഹനങ്ങൾ, സുരക്ഷിതമായ റോഡുപയോഗ സ്വഭാവം, അപകടാനന്തര ശുശ്രൂഷ എന്നിവയാണ് ഈ അഞ്ച് ഘടകങ്ങൾ. കേരളത്തിലെ അപകടങ്ങളുടെ സ്വഭാവം ഈ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായ ഡാറ്റയോടെ രാജേഷ് പരിശോധിക്കുന്നു
ഓരോന്നായി നമുക്ക് നോക്കാം
ആവശ്യത്തിന് റോഡില്ലാത്തതാണോ പ്രശ്നം?
ഇന്ന് കേരളത്തിൽ ആയിരം പേർക്ക് 7.05 കിലോമീറ്റർ റോഡുണ്ട്റോ ഡിന്റെ സാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 5.45 കിലോമീറ്ററാണ്. ദേശീയ തലത്തിൽ ഇത് 1.8 കിലോമീറ്റർ മാത്രമാണ്
ഇനി റോഡുകളുടെ നിലവാരം നോക്കിയാലോ?
ഇപ്പോഴത്തെ കണക്കനുസരിച്ച് മൊത്തം റോഡുകളുടെ 60 % ബി എം ബി സി റോഡുകളാണ്..ബിറ്റുമിൻ മെക്കാഡം ബിറ്റുമിൻ കോൺക്രീറ്റ് റോഡുകൾ. അങ്ങനെ നോക്കുമ്പോൾ റോഡുകളുടെ ഇൻഫ്രാസ്ട്രക്ച്ചറിന്റെ പ്രശ്നമല്ല റോഡപകടങ്ങളുടെ പ്രധാന കാരണം എന്ന് തോന്നാം. എന്നാൽ ഇനി വാഹനപ്പെരുപ്പം നോക്കാം. കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി. ആയിരം ആളുകൾക്ക് 490 വാഹനങ്ങൾ ഉണ്ട് കേരളത്തിൽ..വാഹനം വാങ്ങുന്നതിന്റെ വാർഷിക വളർച്ച കൂടിവരികയുമാണ്. അപ്പോൾ വാഹനപ്പെരുപ്പത്തിന് ആനുപാതികമായി റോഡിന്റെ ദൈർഘ്യം കൂടുന്നില്ല എന്നും കാണാം
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത വച്ച് ഇനി റോഡുകളുടെ ദൈർഘ്യം കൂട്ടാൻ കഴിയുമോ ?
എന്തുകൊണ്ടാണ് അപകടം ഉണ്ടായത് എന്ന് എങ്ങനെ കണ്ടെത്തും? പത്ര റിപോർട്ടുകൾ കഴിഞ്ഞാൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ തരുന്ന കണക്കുകളാണ് ആധാരം. നിർഭാഗ്യവശാൽ ഈ കണക്കുകൾ വേണ്ടത്ര കൃത്യമല്ല എന്ന് രാജേഷ് ചൂണ്ടിക്കാട്ടുന്നു. എങ്കിലും അപകടങ്ങളുടെ പൊതു പ്രവണത ഈ കണക്കുകളിൽ നിന്ന് കിട്ടും.
പൊതുവേ നോക്കുമ്പോൾ റോഡുകളുടെ നിലവാരം കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വേഗതയും അതിനോടൊപ്പമുണ്ടാകുന്ന അപകടങ്ങളും കൂടി. റോഡുപണി ധാരാളമായി നടക്കുന്ന ഒരു കാലമായതിനാൽ അത് അപകടങ്ങൾക്ക് പ്രധാന കാരണമായി മാറിയിട്ടുണ്ട്.
മൊത്തം അപകടങ്ങളുടെ 41 % ഇരുചക്ര വാഹനങ്ങളിലാണ്. 28 % കാറുകളും. മദ്യപാനം, മൊബൈലിൽ സംസാരിക്കൽ, അമിത വേഗം എന്നിങ്ങനെ ഡ്രൈവർ വരുത്തുന്ന പ്രശ്നങ്ങൾ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ ആവാമെങ്കിലും അതൊന്നും കൃത്യമായി രേഖപ്പെടുത്തുന്നില്ല, വിവിധ കാരണങ്ങളാൽ. അപകട തീവ്രത ഏറ്റവുമധികം രാത്രി പന്ത്രണ്ട് മുതൽ മൂന്ന് മണി വരെയാണ്. ഉയർന്ന വിദ്യാഭ്യാസവും ഡ്രൈവിംഗ് സാക്ഷരതയുമായി യാതൊരു ബന്ധവുമില്ല എന്ന് കണക്കുകൾ വച്ച് രാജേഷ് സൂചിപ്പിക്കുന്നു.
ഇതോടൊപ്പം നിയമപാലനത്തിലെ പ്രശ്നങ്ങൾ, പൊതു സമൂഹത്തിന്റെ മനോഭാവം, ഇപ്പോൾ പണിതുകൊണ്ടിരിക്കുന്ന ദേശീയ പാതകൾ അടക്കം റോഡ് നിർമാണത്തിലെ കുഴപ്പങ്ങൾ കാൽനട യാത്രികരുടെയും കുട്ടികളുടെയും പ്രത്യേക പ്രശ്നങ്ങൾ, രക്ഷാപ്രവർത്തനവും അപകടത്തിന് ശേഷം നൽകേണ്ട ശുശ്രൂഷയും എന്ന് തുടങ്ങി റോഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതി വിപുലമായും വിശദമായും രാജേഷ് എഴുതുന്നു.
ഒടുവിൽ ഇനി ചെയ്യേണ്ടതെന്ത് എന്നതിനെക്കുറിച്ച് നാറ്റ്പാക് നൽകിയ നിർദേശങ്ങൾ ഉൾപ്പടെ രാജേഷ് സംഗ്രഹിക്കുന്നുണ്ട്. നടപ്പാതകളുടെയും സൈക്കിൾ ട്രാക്കിന്റെയും ടു വീലർ ട്രാക്കുകളുടെയും നിർമാണം, മീഡിയനുകൾ, ഇന്റലിജന്റ് ട്രാൻസ്‌പോർട് സിസ്റ്റം, പാർക്കിംഗ് ഇതെല്ലാം ഈ നിർദേശങ്ങളിലുണ്ട്.
ഇങ്ങനെ ധാരാളം കണക്കുകളൂം അതുമായി ബന്ധപ്പെട്ട വിശകലനവും ചേർന്ന് എല്ലാ മലയാളികളും ശ്രദ്ധയോടെ വായിക്കേണ്ട ഒരു പുസ്തകമാണിത്. വാഹനം ഉപയോഗിക്കുന്നവരും ഏതെങ്കിലും തരത്തിൽ നമ്മുടെ റോഡുകൾ ഉപയോഗിക്കുന്നവരും ഈ പുസ്തകം ശ്രദ്ധയോടെ വായിക്കണം.
ഈ പുസ്തകത്തിൽ നിന്ന് വ്യക്തി എന്ന നിലക്ക് ഞാൻ പഠിച്ച പാഠം റോഡിലിറങ്ങുന്ന ഓരോ സമയത്തും ഞാൻ സ്വയം ശീലിക്കേണ്ട സുരക്ഷ നിർദേശങ്ങളാണ്. എങ്ങനെയാണ് ഈ രംഗത്ത് താത്പര്യമുണ്ടായത് എന്ന് തുടക്കത്തിൽ തന്നെ രാജേഷ് എഴുതുന്നു. ഇതേക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതിരുന്ന ഒരു കാലത്ത് ദിവസവും ഇടുക്കി പോലെ താരതമ്യേന ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ ഏറെക്കാലം ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതും ചെറുതും വലുതുമായ പത്തോളം അപകടങ്ങളിൽ പെട്ടതും പിന്നീട് ഒരു സുഹൃത്തിന്റെ നിർദേശത്തിൽ ഹെൽമെറ്റ് ഉപയോഗിച്ച് തുടങ്ങിയതും പിന്നീട് മുഖമടിച്ചു വീണപ്പോൾ ഹെൽമെറ്റ് രക്ഷിച്ചതുമെല്ലാം രാജേഷ് എഴുതുന്നു. പിന്നീട് നഗരത്തിൽ രാജേഷും പങ്കാളിയായ സിന്ധുവും ഹെൽമെറ്റ് ധരിച്ച് പോകുമ്പോൾ ആളുകൾ പരിഹാസത്തോടെ നോക്കിയിരുന്നതും രാജേഷ് ഓർക്കുന്നു. ഇന്ന് അത് നിയമമായത് രാജേഷ് ഓർമിപ്പിക്കുന്നു.
സമകാലിക കേരളത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു കർത്തവ്യമാണ് രാജേഷ് ഏറ്റെടുത്തത്. ഇനി ഈ പുസ്തകം വ്യാപകമായി വായിക്കപ്പെടണം. ചർച്ച ചെയ്യപ്പെടണം. ഒരാൾ പോലും അപകടത്തിൽ മരിക്കാത്ത ഒരു കേരളം നമ്മൾ സ്വപ്നം കണ്ടുതുടങ്ങണം.
പ്രസാധകർ: മലയാളം ബുക്സ് , വില 350 രൂപ പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജി.സാജൻ എഴുതിയ പുസ്തകക്കുറിപ്പുകൾ
