- കേരളത്തിലെ പ്രധാന നദികൾ നേരിടുന്ന മലിനീകരണ പ്രശ്നങ്ങൾ എന്തെല്ലാമാണ്?
- കേരളത്തിലെ ഭൂഗർഭജല ഗുണനിലവാര പ്രശ്നങ്ങളുടെ കാരണങ്ങൾ വ്യക്തമാക്കുന്നു
- ജല ഗുണനിലവാര പരിപാലനത്തിനുള്ള പ്രവർത്തന പദ്ധതികൾ നിർദേശിക്കുന്നു
- 2024 ആഗസ്റ്റ് ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം
പെരിയാറിൽ കൂട്ടത്തോടെ മത്സ്യം ചത്തുപൊങ്ങിയത് വലിയ വാർത്തയായിരുന്നല്ലോ. 2021 മെയ് 20-നായിരുന്നു ഏറെ ചർച്ചചെയ്യപ്പെട്ട ആ സംഭവം നടന്നത്. വേനൽക്കാലത്ത് പാതാളം ബണ്ട് അടച്ചിടുമ്പോൾ റെഗുലേറ്ററിന് മുകളിൽ ജൈവമാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതാണ് ഇതിനു കാരണമായതെന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയത്. മറ്റു ചില പഠനങ്ങളിൽ (കുഫോസ്) രാസമാലിന്യത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ നദീജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ശരിയായ വിവരം വളരെ ആവശ്യമാണെന്നത് ഒന്നുകൂടി നമ്മെ ഓർമ്മപ്പെടുത്തുന്നതാണ് ഈ സംഭവം. ജൈവപദാർഥങ്ങൾ, ഹാനികരമായ ബാക്ടീരിയകൾ എന്നിവ നമ്മുടെ ജലസ്രോതസ്സുകൾക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. മാലിന്യം കലർന്ന ജലം ഉപയോഗിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ കടുത്ത ഭീഷണി ഉയർത്തുന്നു. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പരിസ്ഥിതിപ്രശ്നമായി ഐക്യരാഷ്ട്ര സഭയുടെ യുണൈറ്റഡ് നാഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാം കണക്കാക്കുന്നത് ജല മലിനീകരണമാണ്. മാലിന്യരഹിതമായ സുരക്ഷിത ജലം ലഭ്യമാകുക എന്നത് ജനങ്ങളുടെ അവകാശമാണ്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വരൾച്ചയും വെള്ളപ്പൊക്കവും ജല ഗുണനിലവാരത്തെ സാരമായി സ്വാധീനിക്കുന്നു. ജലസുരക്ഷ ഉറപ്പാക്കുന്നത് ഇന്ന് വലിയ വെല്ലുവിളിയായി മാറിക്കഴിഞ്ഞു.
ജലവിഭവ വികസന വിനിയോഗ കേന്ദ്രവും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കേരളത്തിലെ എല്ലാ നദികളുടെയും ജലഗുണനിലവാരത്തിൻ്റെ വിശദമായ പാരിസ്ഥിതിക നിരീക്ഷണം നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ ഒട്ടേറെ നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.
നദീജല ഗുണനിലവാര സൂചികയും മാനദണ്ഡങ്ങളും
നദികളിലെ പ്രശ്ന ബാധിത പ്രദേശങ്ങൾ തിരിച്ചറിയുന്നതിനും ആവശ്യമായ കർമ്മപദ്ധതികൾ നിർദേശിക്കുന്നതിനും ജലഗുണനിലവാര നിരീക്ഷണങ്ങൾ ആവശ്യമാണ്. ജലത്തിന്റെ ഗുണനിലവാര വിലയിരുത്തൽ അതിന്റെ ഭൗതിക, രാസ, ബയോളജിക്കൽ, മൈക്രോ ബയോളജിക്കൽ അവസ്ഥകളുടെ വിലയിരുത്തലുകളാണ്. ജലസ്രോതസ്സുകളുടെ സ്വഭാവത്തെക്കുറിച്ച് സമ്പന്നമായ വിവരങ്ങൾ അടങ്ങിയിരിക്കുന്ന ഡാറ്റ ഇതിനായി ശേഖരിക്കുന്നു. നദികളുടെ ജലഗുണ നിലവാരം പ്രധാനമായും കുടിവെള്ള സവിശേഷതകൾക്കായുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ഐ എസ് 10500: 2012), കനേഡിയൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ഓഫ് എൻവിയോൺമെന്റ് (സി സി എം ഇ), മികച്ച നിയുക്ത ഉപയോഗങ്ങൾക്കായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി പി സി ബി) വർഗീകരണം എന്നിവ ഉപയോഗിച്ചാണ് നിർണ്ണയിക്കുന്നത്.
- മികച്ചത് (Excellent): (സി സി എം ഇ മൂല്യം 95-100) സുരക്ഷിത ജലം; സ്വഭാവിക സംശുദ്ധ ജലത്തിനോടു സമമായിട്ടുള്ളത്
- നല്ലത് (Good): (സി സി എം ഇ മൂല്യം 80-94) ലഘുവായ ഭിഷണിയുള്ളത്; അഭികാമ്യമായ നിലവാരത്തിലുള്ളത്
- ന്യായമായത് (Fair): (സി സി എം ഇ മൂല്യം 65-79) പൊതുവെ സുരക്ഷിതമായത്; ചിലപ്പോഴൊക്കെ അഭികാമ്യ നിലയിൽനിന്നും താഴോട്ടു പോകുന്നത്.
- അരികത്ത് (Marginal): (സി സി എം ഇ മൂല്യം 45-64) കൂടെക്കൂടെ ഭീഷണാവസ്ഥയിലേക്കെത്തുന്നത്; പലപ്പോഴും അഭികാമ്യ നിലവാരത്തിൽനിന്നും താഴേക്കുപോകുന്നത്.
- മോശം (Poor): (സി സി എം ഇ മൂല്യം 0-44) ജലഗുണ മേന്മ എപ്പോഴും ഭീഷണാവസ്ഥയിൽ; അഭികാമ്യ അവസ്ഥയിൽനിന്നും എപ്പോഴും താഴ്ന്ന നിലയിൽ.
ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് വർഗീകരണം
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഉൾനാടൻ ഉപരിതല ജലത്തെ A മുതൽ E വരെ അഞ്ചായി തരംതിരിച്ച് അവയുടെ നിയുക്ത മികച്ച ഉപയോഗത്തിന്റെയും ആവശ്യമുള്ള വിഭാഗത്തിൻ്റെയും അടിസ്ഥാനത്തിൽ ജലത്തിന്റെ ഗുണനിലവാരം A യിൽ നിന്ന് E യിലേക്ക് ക്രമേണ കുറയുന്ന തരത്തിൽ വർഗീകരണം നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഏതൊരു ജലാശയത്തെയും ചില മികച്ച ഉപയോഗത്തിനായി നിയുക്തമാക്കാം. pH (ക്ഷാരതയുടെ അളവ്), ഓക്സിജന്റെ അളവ്, BOD (ജീവരാസായന ഓക്സിജൻ ആവശ്യം), കോളിഫോം എണ്ണം, സ്വതന്ത്ര അമോണിയ, നൈട്രജൻ, വൈദ്യുത ചാലകത, സോഡിയം ആഗിരണം അനുപാതം, ബോറോൺ എന്നിവ ഈ വർഗീകരണത്തിനായുള്ള ജലഗുണനിലവാര മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.
നിയുക്ത മെച്ചപ്പെട്ട ഉപയോഗം | വിഭാഗം | മാനദണ്ഡം |
---|---|---|
Drinking Water Source without conventional treatment but after disinfection | A | Total Coliforms Organism MPN/100ml shall be 50 or less pH between 6.5 and 8.5 Dissolved Oxygen 6mg/l or more Biochemical Oxygen Demand 5 days 20°C 2mg/l or less |
Outdoor bathing (Organised) | B | Total Coliforms Organism MPN/100ml shall be 500 or less pH between 6.5 and 8.5 Dissolved Oxygen 5mg/l or more Biochemical Oxygen Demand 5 days 20°C 3mg/l or less |
Drinking water source after conventional treatment | C | Total Coliforms Organism MPN/100ml shall be 5000 or less pH between 6 to 9 Dissolved Oxygen 4mg/l or more Biochemical Oxygen Demand 5 days 20°C 3mg/l or less |
Propagation of Wild life and Fisheries | D | pH between 6.5 to 8.5 Dissolved Oxygen 4mg/l or more Free Ammonia (as N) 1.2 mg/l or less |
Irrigation, Industrial Cooling, Controlled Waste disposal | E | pH between 6.0 to 8.5 Electrical Conductivity at 25°C micro mhos/cm Max.2250 Sodium absorption Ratio Max. 26 Boron Max. 2mg/l |
Below-E | Not Meeting A, B, C, D & E Criteria |
കേരളത്തിലെ നദികളുടെ ഗുണ നിലവാരം
കേരളത്തിലെ 44 പ്രധാന നദികളിൽ മുന്നെണ്ണം ഒഴികെ ബാക്കിയെല്ലാം പശ്ചിമഘട്ടത്തിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. അവയിൽ 41 എണ്ണം പടിഞ്ഞാറോട്ടാണ് ഒഴുകുന്നത്. 3 എണ്ണം കിഴക്കോട്ടും. നീളം, വീതി, നീരൊഴുക്ക് എന്നിവയുടെ കാര്യത്തിൽ കേരളത്തിലെ നദികൾ ചെറുതാണ്. എല്ലാ നദികളും പൂർണ്ണമായും മൺസൂൺ നിയന്ത്രിതമാണ്. അവയിൽ പലതും വേനൽക്കാലത്ത് അരുവികളായി ചുരുങ്ങുകയോ പൂർണ്ണമായും വരണ്ടുപോകുകയോ ചെയ്യുന്നു. നിലവിലെ വ്യവസ്ഥാപിത ജലഗുണ നിലവാര നിരീക്ഷണ രീതികളിലൂടെ കണ്ടെത്തിയ പ്രാഥമിക ഡാറ്റയ്ക്കൊപ്പം ജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ലഭ്യമായ ദ്വിതീയ ഡാറ്റയും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.
കേരളത്തിലെ ഹ്രസ്വവും വേഗത്തിൽ ഒഴുകുന്നതും മൺസൂണിൽ നിറയുന്നതുമായ നദികളിൽ പലപ്പോഴും വേനൽക്കാലത്തു ശുദ്ധജല പ്രവാഹം കുറയുമ്പോൾ ഉപ്പുവെള്ളം നദിയുടെ കീഴ്‌ഭാഗങ്ങളിലേക്ക് (lower course) കടക്കുന്നു. ഈ ജലാശയങ്ങളിൽ രണ്ടു പ്രധാന പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നു.
- ഉപ്പുവെള്ളം നദിയുടെ ഉൾഭാഗത്തേക്ക് കൂടുതൽ വ്യാപിക്കുന്നു
- സിസ്റ്റത്തിന്റെ ഫ്ളഷിങ് ഫല പ്രദമാകാതിരിക്കുന്നു.
നദികളുടെ മലിനീകരണം താഴ്വരയിൽ കൂടുതൽ രുക്ഷമാണ്. കേരളത്തിലെ ഭൂരിഭാഗം നദികളിലും 10 മില്ലിഗ്രാം/ലിറ്ററിൽ താഴെയാണ് ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് ഉള്ളത്. കേരളത്തിലെ നദീജലത്തിന്റെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് ബാക്ടീരിയോളജിക്കൽ മലിനീകരണം.
ജലഗുണനിലവാര സൂചിക, ബയോളജിക്കൽ സൂചിക, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വർഗീകരണം എന്നിവയെ അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത നദികളുടെ ജലഗുണനിലവാര പഠനത്തിന്റെ ഒരു സംഗ്രഹം താഴെ വിവരിക്കുന്നു.
പമ്പാനദി
ഒരു വർഷം 50 ദശലക്ഷത്തിലധികം ആളുകളെ ആകർഷിക്കുന്ന ശബരിമല എന്ന തീർഥാടനകേന്ദ്രം പമ്പാനദീതടത്തിലാണ്. ഈ പ്രദേശത്തിന് ചുറ്റുമുള്ള പമ്പയിലെ മലിനീകരണം ഒരു പ്രധാന പാരിസ്ഥിതിക പ്രശ്‌നമാണ്. നദിയിൽ കൂടിയ അളവിൽ ബാക്ടീരിയോളജിക്കൽ മലിനീകരണം കണ്ടെത്തിയിട്ടുണ്ട്. എല്ലാ വർഷവും ഒക്ടോബർ-ജനുവരി മാസങ്ങളിൽ നടക്കുന്ന ശബരിമല തീർഥാടന വേളയിൽ പമ്പ-ത്രിവേണി, കക്കിയിലെയും കൊച്ചുപമ്പയിലെയും അരുവികളുടെ സംഗമ സ്ഥാനം, എന്നിവിടങ്ങളിലെ മലിനീകരണം തീവ്രമാണ്. കൂടാതെ, നദിയുടെ വിവിധയിടങ്ങളിൽ സ്വാംശീകരണശേഷി പഠിക്കുകയുണ്ടായി. അതനുസരിച്ച് മൊത്തം കോളിഫോം ബാക്ടീരിയകളുടെ എണ്ണം (46000 എം പി.എൻ/ 100 മില്ലി) പരമാവധി അനുവദനീയമായ അളവിലേക്ക് (500 എം പി എൽ/ 100 മില്ലി- കേന്ദ്ര മലിനികരണ നിയന്ത്രണ ബോർഡ് മാനദണ്ഡമനുസരിച്ച്) എത്തിച്ച് മാലിന്യ മുക്തമാക്കാൻ, പ്രധാന കൈവഴിയിലെ ഒഴുക്ക് നിലവിലുള്ള 4m/secൽ നിന്ന് ഏകദേശം 28þ35 m/sec ക്രമത്തിൽ വർധിപ്പിക്കേണ്ടതുണ്ട്. ഇതു പൂർണ്ണമായും സാധ്യമല്ലെങ്കിൽ, പ്രത്യേകിച്ചും വർധിച്ച മലിനീകരണ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉചിതമായ മലിനജല ശുദ്ധീകരണരീതികളും ശുചിത്വ സംവിധാനങ്ങളും നടപ്പിലാക്കി നദിയുടെ സ്വാംശീകരണശേഷി വർധിപ്പിക്കണം.
കബനി നദി
കാവേരി നദിയുടെ ഒരു പ്രധാന കൈവഴിയാണ് കേരളത്തിൽ നിന്നും കിഴക്കോട്ടേയ്ക്കൊഴുകുന്ന മൂന്ന് നദികളിൽ ഒന്നായ കബനി നദി.
CCME ജല ഗുണനിലവാര സൂചിക പ്രകാരം കബനി നദീജലത്തിന്റെ ഗുണനിലവാര സൂചിക 65 നും 94 നും ഇടയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് മനുഷ്യ പ്രവൃത്തിയിലൂടെയുള്ള മലിനീകരണ ഭീഷണിയെ സൂചിപ്പിക്കുന്നു. പനമരമ്പുഴ, കബനി പുഴ, ബൈരക്കുപ്പ, ചൂട്ടക്കടവ്, വള്ളിയൂർകാവ്, ബാണാസുര സാഗർ റിസർവോയർ എന്നിവയിൽ ചെറിയതോതിൽ മലിനീകരണ ഭീഷണി ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നദിയുടെ ഈ ഭാഗങ്ങളിൽ ശുചീകണത്തിനു വിധേയമാകാത്ത ഗാർഹിക മാലിന്യങ്ങൾ നേരിട്ടെത്തുന്നുണ്ട്.
നെയ്യാർ നദി
അഗസ്ത്യകൂടം കുന്നുകളിൽ നിന്നാണ് നെയ്യാർ ഉദ്ഭവിക്കുന്നത്. നെയ്യാറ്റിൻ കര താലൂക്കിലൂടെ ഒഴുകുന്ന ഈ നദി പൂവാറിനടുത്തുവെച്ച് അറേബ്യൻ കടലിൽ ചേരുന്നു.
നെയ്യാർ പൊതുവെ ഗുണനിലവാരത്തിൽ മികച്ചതാണെന്ന് സി സി എം ഇ (CCME) ജലഗുണനിലവാര സൂചിക സുചിപ്പിക്കുന്നു. പന്ത്, സ്പിൽവേ പ്രദേശങ്ങളിൽ നീരൊഴുക്ക് കുറവാണ്. കുളിക്കുന്നതിനും അലക്കുന്നതിനും ഉപയോഗിക്കുന്ന സ്ഥലമാണ് നെയ്യാറിലെ സ്‌പിൽ വേ പ്രദേശം. നെയ്യാറ്റിൻകരഭാഗം ഒരു മാലിന്യനിക്ഷേപ കേന്ദ്രമാണ്. കൂടാതെ, കുളിക്കൽ, കഴുകൽ തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു. ലവണാംശ കടന്നു കയറ്റവും മലമൂത്ര വിസർജ്യവുമാണ് മാവിളക്കടവ് ഭാഗം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ, പൂവാർ പാലത്തിനുസമീപം മണൽഖനനം, മലിനജലം മൂലമുണ്ടാകുന്ന മലിനീകരണം എന്നിവയാണ് പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങൾ. പൂവാർ പൊഴിക്കര ടൂറിസം മേഖലയാണ്. ടൂറിസവുമായി ബന്ധപ്പെട്ട മാലിന്യപ്രശ്നങ്ങളാണ് ഇവിടെ കൂടുതലും. ലവണാംശ കടന്നുകയറ്റം ഇവിടെ നല്ല തോതിൽ അനുഭവപ്പെടുന്നുണ്ട്.
പെരിയാർ നദി
ജലത്തിന്റെ ഗുണനിലവാര വിശകലനം സൂചിപ്പിക്കുന്നത് ഇരുമ്പും ക്ഷാരസ്വഭാവവും ഫോസ്ഫേറ്റും നദിയുടെ കീഴ് ഭാഗങ്ങളിൽ കൂടുതലാണ് എന്നാണ്. അലിഞ്ഞുചേർന്ന ഓക്സിജൻ (DO) 6.27 മി ല്ലിഗ്രാം/ലിറ്റർ മുതൽ 8.47 മില്ലിഗ്രാം/ ലിറ്റർവരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡ് (BOD) 0.34 മില്ലിഗ്രാം/ലിറ്റർ മുതൽ 2.07 മില്ലി ഗ്രാം/ ലിറ്റർ വരെ കാണപ്പെടുന്നു. മിക്കവാറും സ്ഥലങ്ങളിലും കോളിഫോമിന്റെയും ഇ-കോളിയുടെയും സാന്നിധ്യം സ്ഥിരീകരിച്ചു. ജൈവിക വിശകലനമനുസരിച്ച്, മഞ്ഞുമ്മൽ മേഖലയിൽ ഉയർന്ന പോഷക സമ്പുഷ്പീകരണം താരതമ്യേന വലിയ മലിനീകരണത്തിന് കരണമായിട്ടുണ്ട്. നദിയുടെ ചില മേഖലകളിൽ കൂടിയ മലിനീകരണം അതിജീവിക്കുന്ന നാലുതരം ആൽഗകൾ കണ്ടെത്തുകയുണ്ടായി.
പി എച്ച്, കലക്കൽ, നിറം, ലയ ഖര പദാർഥങ്ങൾ, ക്ഷാരത്വം, കാഠിന്യം, കാൽസ്യം, മഗ്‌നീഷ്യം, ക്ലോറൈഡ്, നൈട്രേറ്റ്- നൈട്രജൻ, സൾഫേറ്റ്, ഇരുമ്പ്, മൊത്തം കോളിഫോം, മലജന്യ കോളിഫോം, ഓക്സിജൻ തുടങ്ങിയ പതിനഞ്ചു ഘടകങ്ങൾ കണക്കിലെടുത്തു തയ്യാറാക്കിയ പെരിയാർ നദിയുടെ സി സി എം ഇ (CCME) ജല ഗുണനിലവാര സൂചിക പൊതുവെ 65-79 വരെയാണ്. നദിയുടെ ഉറവിടത്തോട് അടുത്തുള്ള ഭാഗങ്ങളിൽ (upper course) പൊതുവെ നല്ല ജലഗുണ നിലവാരമുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, താഴ്ന്നഭാഗത്ത് ജലത്തിന്റെ ഗുണ നിലവാരം കാണിക്കുന്നത് ഇവ മലിനീകരണ ഭീഷണി നേരിടുന്നു എന്നാണ്.
പെരിയാർ നദിയിലെ വിവിധ സ്റ്റേഷനുകളുടെ വർഗീകരണം, മിക്ക സ്റ്റേഷനുകളും ‘സി’ ക്ലാസിന് കീഴിലാണെന്ന് വെളിപ്പെടുത്തുന്നു. ഇത് ഈ സ്റ്റേഷനുകളിലെ വെള്ളം പരമ്പരാഗത ശുചീകരണവും അണുവിമുക്തമാക്കലും ഉപയോഗിച്ച് കുടിവെള്ളമായി ഉപയോഗിക്കാമെന്ന് സൂചിപ്പിക്കുന്നു. 13 ഓളം സ്റ്റേഷനുകൾ ‘ഇ’ ക്ലാസിലാണ്. ജല സേചനം, വ്യാവസായിക തണുപ്പിക്കൽ, മാലിന്യ നിർമ്മാർജനം എന്നിവയ്ക്ക് മാത്രമേ ഈ വെള്ളം ഉപയോഗിക്കാൻ കഴിയു,
ഭാരതപ്പുഴ
പുഴയിലെ പ്രധാന പ്രശ്നം ബാക്ടീരിയോളജിക്കൽ മലിനീകരണമാണ്. പുഴയുടെ വിവിധ ഭാഗങ്ങൾ വിവിധ ജല ഗുണനിലവാരമാണ് കാണിക്കുന്നത്. മികച്ച നിയുക്ത ഉപയോഗത്തെ അടിസ്ഥാനമാക്കി നദിയുടെ സി പി സി ബി (CPCB) തരംതിരിവ് സൂചിപ്പിക്കുന്നത് മലമ്പുഴ ഭാഗം ഗുണനിലവാരമുള്ള ക്ലാസ്-എ വിഭാഗത്തിൽ പെടുമെന്നാണ്. അതായത്, പരമ്പരാഗത ശുചീകരണം ഇല്ലാതെ. എന്നാൽ, അണുവിമുക്തമാക്കലിനു ശേഷം ഈ ഭാഗത്തെ ജലം കുടി വെള്ള സ്രോതസ്സായി ഉപയോഗിക്കാം. തൃത്താല, ഒറ്റപ്പാലം, മീനാക്ഷിപുരം, ആലത്തൂർ, കൊല്ലങ്കോട്, ഷൊർണ്ണൂർ, ചമ്രവട്ടം തുടങ്ങിയ പ്രദേശങ്ങളിലെ ജലഗുണനിലവാരം മൊത്തം കോളിഫോം, പി എച്ച്, ഡി ഒ എന്നിവ അടിസ്ഥാനമാക്കി വിശകലനം ചെയ്യുമ്പോൾ ഗുണനിലവാരമുള്ള ക്ലാസ്-ബി യിലാണ് വരുന്നത്. ഇവിടെയൊക്കെ പരമ്പരാഗത രീതിയിലൂടെ അണു വിമുക്തമാക്കി കുടിവെള്ള സ്രോതസ്സിനായി ഉപയോഗിക്കാം.
ജൈവ വിശകലനം സൂചിപ്പിക്കുന്നത് കൽപാത്തി പുഴയ്ക്കും പട്ടാമ്പി പുഴയ്ക്കും ജൈവ മലിനീ കരണംമൂലമുള്ള പ്രശ്‌നങ്ങൾ ഉണ്ടെന്നാണ്. നദിയുടെ താഴ്ന്നഭാഗങ്ങളിൽ ലവണാംശ കടന്നുകയറ്റവും ഉയർന്ന അയോണിക് സാന്ദ്രതയും അനുഭവപ്പെടുന്നുണ്ട്. കടലിൽനിന്ന് ഉപ്പുവെള്ളം പുഴമുഖത്തുനിന്നും 6 കി മീ അകലെയുള്ള ചമ്രവട്ടം പാലം (ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്‌ജ്) വരെ എത്തുന്നുണ്ട്.
വളപട്ടണം നദി
വളപട്ടണം, തലശ്ശേരി നദിതടങ്ങളിലെ അഴിമുഖ ആവാസ വ്യവസ്ഥയിൽ കണ്ടൽക്കാടുകളുടെ സ്വാധീനം വളരെ വ്യക്തമാണ്. ഈ നദീതടങ്ങളിലെ കണ്ടൽ പ്രദേശങ്ങളിൽ, മഴക്കാലത്തിനുമുമ്പ് കാത്സ്യം, മഗ്‌നീഷ്യം, സോഡിയം, സൾഫേറ്റ്, വെള്ളത്തിലെ ക്ലോറൈഡ് എന്നിവയുടെ അളവ് വളരെ കുടുതലാണ്. മഴക്കാലത്ത് കോളിഫോം മലിനീകരണം കൂടുതലായി കണ്ടിരുന്നു. മൺസൂണിനു മുമ്പും മൺസൂൺ സീസണുകളിലും മേല്പറഞ്ഞ രണ്ടു നദീതടങ്ങളിലും ഇ-കോളിയുടെ സാന്നിധ്യം കണ്ടെത്തി. മൺസൂണിനുമുമ്പുള്ള കാലയളവിൽ ഉയർന്ന ഉൽപാദനക്ഷമത കണ്ടെത്തി. ലവണാംശ കടന്നു കയറ്റം ഈ പ്രദേശത്തെ ജലഗുണ നിലവാര സവിശേഷതകളെ സ്വാധീനിച്ചിരിക്കുന്നു.
മുവാറ്റുപുഴ നദി
എല്ലാ സീസണുകളിലും ബാക്ടീരിയമൂലമുള്ള മലിനീകരണം മൂവാറ്റുപുഴ നദിയിൽ അനുഭവപ്പെടുന്നു. മൺസൂണിനു ശേഷമുള്ള സമയത്താണ് പരമാവധി മലിനീകരണ തോത് കാണുന്നത്. മുറിഞ്ഞ പുഴഭാഗത്ത് ജലത്തിന്റെ ഗുണനിലവാരം വളരെ മോശമായി കാണപ്പെട്ടു. പാലംകടവ് മുതൽ നദിയുടെ താഴ്ന്ന പ്രദേശങ്ങളിൽ വ്യവസായങ്ങളിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നുമുള്ള മാലിന്യങ്ങൾ വന്നുചേരുന്നു. വ്യവസായ ശാലകളിൽനിന്ന് നദിയിലേക്ക് മാലിന്യം പുറന്തള്ളുന്ന ഒരു കനാലാണ് കൊളോത്ത് കനാൽ, വെട്ടിക്കാട്ടുമുക്ക് പാലത്തിൽനിന്നും ഏകദേശം 500 മീറ്റർ മുകളിലായിട്ടാണ് ഈ കനാൽ നദിയിലേക്ക് ചേരുന്നത്. തൊടുപുഴയിൽ, മാംസ ചന്തയിൽനിന്നും ആശുപത്രിയിൽ നിന്നുമുള്ള മാലിന്യങ്ങൾ നദിയിലേക്ക് നേരിട്ട് പുറന്തള്ളുന്ന ഒരു പ്രധാന ഡ്രയിനേജ് ഉള്ളതായി കണ്ടെത്തി. COME ജല ഗുണ നിലവാര സുചികയനുസരിച്ച്, വെള്ളൂർ ഭാഗത്ത് മറ്റെല്ലാ പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുണനിലവാരത്തിൽ മോശമാണെന്ന് കണ്ടെത്തി. വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറിയുടെ പ്രവർത്തനം വളരെയധികം കുറച്ച സാഹചര്യത്തിൽ ഈ അവസ്ഥക്ക് മാറ്റം വരാവുന്നതാണ്. മുറിഞ്ഞ പുഴ പാലം, ഇത്തിപ്പുഴ-വേമ്പനാട് മിക്സിങ് പോയിന്റ് എന്നിവിടങ്ങളിൽ ക്ലോറൈഡ്, മഗ്‌നീഷ്യം, ലയ പദാർഥങ്ങൾ എന്നിവ ഉയർന്ന അളവിൽ കാണാം.
വ്യാവസായിക, മുനിസിപ്പൽ മാലിന്യങ്ങൾ നേരിട്ട് പുറന്തള്ളാത്തതിനാൽ ജലത്തിന്റെ ഗുണനിലവാരം നദിയുടെ മേൽ ഭാഗങ്ങളിൽ താരതമ്യേന മികച്ചതായിരുന്നു. മൂവാറ്റുപുഴ നദി ‘A’ അല്ലെങ്കിൽ ‘C’ എന്ന CPCB വർഗീകരണത്തിനുകീഴിൽ നിലനിർത്തി സംരക്ഷിക്കുന്നതിന് 45-55 m/sec എന്ന നിലവിലുള്ള ഒഴുക്ക് നിലനിർത്തണം. കൂടാതെ, സെക്കൻ്റിൽ 25ml എന്ന നിലയിലേക്ക് ഒഴുക്ക് കുറയുന്നത് വേമ്പനാട് അഴിമുഖത്തുനിന്നുമുള്ള ഉപ്പുവെള്ളത്തിൻ്റെ കടന്നു കയറ്റത്തിന് കാരണമാവുകയും ജല ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇടുക്കി റിസെർവോയറിൽ നിന്നുള്ള വെള്ളം ഭാഗികമായി ഉപയോഗിച്ച് നദിയിലെ ശുദ്ധജലത്തിന്റെ ഒഴുക്ക് നിലനിർത്താം.
മൂവാറ്റുപുഴ നദിയിലേക്ക് പുറന്തള്ളുന്ന മലിനജലം നദിയിലേക്ക് പുറന്തള്ളുന്നതിനു മുമ്പായി BOD 30 മില്ലിഗ്രാം/ ലിറ്റർ, DO 4 മില്ലി ഗ്രാം/ലിറ്റർ എന്ന അളവിലേക്കെത്തുന്ന രീതിയിൽ സംസ്‌കരിച്ചു പുറന്തള്ളി നദിയുടെ ആരോഗ്യസ്ഥിതി മെച്ചമാക്കാം.
അഞ്ചരക്കണ്ടി നദി
ബാക്ടീരിയോളജിക്കൽ മലിനീകരണമാണ് നദിയുടെ പ്രധാന ഭീഷണി. നദിയുടെ ഗുണ നിലവാര പ്രശ്നങ്ങൾ കണ്ണവം പാലത്തിനടുത്തും വേങ്ങാട് റെഗുലേറ്ററിനടുത്തുമാണ് കൂടുതലുള്ളതായി കണ്ടെത്തിയത്. റെഗുലേറ്ററിന് സമീപം BOD 3 മില്ലി ഗ്രാം/ ലിറ്ററിൽ കൂടുതലായിരുന്നു.
കടലുണ്ടി-തിരൂർ നദി
കടലുണ്ടി-തിരൂർ നദിയിലെ മലിനീകരണത്തിന് ഒരു പ്രധാന കാരണം ഗാർഹിക മലിനജലം പുറന്തള്ളുന്നതാണ്. നദീതീരത്ത് താമസിക്കുന്ന ആളുകൾ അവരുടെ മാലിന്യങ്ങൾ നേരിട്ട് നദിയിലേക്ക് പുറന്തള്ളുന്നതു കൊണ്ടാകാം ബാക്ടീരിയകളുടെ അമിതമായ സാന്നിധ്യം കണ്ടുവരുന്നത്. കടലുണ്ടി നദിയുടെ ജലഗുണവുമായി താരതമ്യപ്പെടുത്തുമ്പോൾ തിരൂർ നദീതടം വളരെ മലിനമാണ്. മാലിന്യങ്ങൾ വലിച്ചെറിയൽ, മരം വ്യവസായം മൂലമുള്ള മാലിന്യം, ആശുപത്രി മാലിന്യം പുറന്തള്ളൽ തുടങ്ങിയവ കാരണം നദിയുടെ പല പ്രദേശങ്ങളിലും DO കുറവാണെന്ന് കണ്ടെത്തി. സംസ്ക്‌കരിക്കാത്ത മലിനജലം പുറന്തള്ളൽ, തേങ്ങയുടെ തൊണ്ട് ചിയാനിടുന്നത്. നീറ്റുകക്ക ഖനനം തുടങ്ങിയവ മലിനീകരണത്തിന് കാരണമാകുന്ന ഘടകങ്ങളാണ്.
സമുദ്രനിരപ്പിൽ നിന്നും 45 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ടത്തിലെ ചേരിക്കുളത്തൂരിൽ നിന്നാണ് കല്ലായി നദി ഉദ്ഭവിക്കുന്നത്. 22 കിലോമീറ്റർ നീളമുണ്ട്. ചാലിയാറിന്റെ തെക്കുഭാഗത്തുള്ള മനുഷ്യനിർമ്മിത കനാൽ വഴി ഇത് ചാലിയാറുമായി ബന്ധിപ്പിച്ചിരിക്കുന്നു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ടനുസരിച്ചു കേരളത്തിലെ ഏറ്റവും മലിനമായ നദിയാണ് കല്ലായി പുഴ. CWRDM ന്റെ പഠനം അടിസ്ഥാനമാക്കിയുള്ള കല്ലായി പുഴയുടെ ജലഗുണനിലവാരം ഇനി വിവരിക്കുന്നു.
- മിക്കവാറും ഉപരിതല ജല സാമ്പിളുകളും ക്ഷാര സ്വഭാവമുള്ളതായി കണ്ടെത്തി. പരമാവധി മൂല്യം മുരിയാട് പാലം ഭാഗത്ത് പിഎച്ച് 8.75 നിരീക്ഷിച്ചു.
- Electrical Conductivity യുടെ ഉയർന്ന മുല്യം (34300 മൈക്രോ സീമെൻസ്/സെന്റിമീറ്റർ) കോതി പ്രദേശത്ത് കണ്ടെത്തി. ഇത് ലവണാംശത്തിൻ്റെ കടന്നുകയറ്റം മൂലമാകാം.
- കനോലി കനാൽ കല്ലായി നദിയുമായി ചേരുന്ന മുരിയാ ട് പാലത്തിനടുത്തായി മൺസൂണിന് മുമ്പുള്ള സീസണിൽ കലക്കൽ (turbidity) ഉയർന്നതായി കണ്ടെത്തി (8.5 NTU)
- മൺസൂണിന് മുമ്പുള്ള സീസണിൽ ക്ലോറൈഡിന്റെ മുല്യം കൂടുതലാണെന്ന് കണ്ടെത്തി, മൂല്യം കോതിയിൽ 10200 മില്ലിഗ്രാം/ ലിറ്റർ. ഉയർന്ന മൂല്യം നിരീക്ഷിച്ചു വേലിയേറ്റസമയത്തു അറബിക്കടലിൽനിന്നുള്ള സ്വാധീനമായിരിക്കാം ഉയർന്ന ക്ലോറൈഡിന്റെ കാരണം.
- ബി ഒ ഡി (BOD) യുടെ പരമാവധി മൂല്യം (13.33 മില്ലി ഗ്രാം/ലിറ്റർ) മുരിയാട് പാലത്തിനടുത്തായി നിരീക്ഷിച്ചു. കനോലി കനാൽ കല്ലായി നദിയുമായി ചേരുന്ന മുരിയാട് പാലത്തിന്റെ അടുത്തുള്ള ഭാഗമാണ് ഇത്. കല്ലായി പുഴയുടെ ഏറ്റവും മലീമസമായ ഒരു ഭാഗമാണ്. കോഴിക്കോട് നഗരത്തിലെ മാലിന്യങ്ങൾ ഒഴുകിയെത്തുന്ന കനോലി കനാൽ മുരിയാട് ഭാഗത്താണ് കല്ലായി പുഴയുമായി ചേരുന്നത്.
- CCME വാട്ടർ ക്വാളിറ്റി ഇൻഡക്‌സ് അനുസരിച്ച്, നാല് നിരീക്ഷണ കേന്ദ്രങ്ങളിൽ നാമമാത്രമായ ജല ഗുണനിലവാരം കാണിച്ചു. ഏഴ് നിരീക്ഷണ കേന്ദ്രങ്ങളിൽ ജലത്തിന്റെ ഗുണനിലവാരം മോശമായിരുന്നു.
- CPCB ക്ലാസിഫിക്കേഷൻ അനുസരിച്ച് കല്ലായി പുഴയുടെ എല്ലാ സാമ്പിളുകളും സി വിഭാഗത്തിൽപ്പെട്ടവയാണ്.
- ശേഖരിച്ച മൊത്തം സാമ്പിളുകളിൽ മഴക്കാലത്തിന് മുമ്പുള്ള സീസണിൽ 64% ത്തിലും മൺസൂണിന് ശേഷമുള്ള സീസണിൽ 82 ശതമാനം ഉപരിതല ജല സാമ്പിളുകളിലും ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടിരുന്നു.
- മൺസൂണിന് മുമ്പുള്ള സീസണിൽ പന്തീരങ്കാവിലെ ഉയർന്ന Palmer’s aigal genus index സൂചിക സ്കോർ ഉയർന്ന അളവിലുള്ള ജൈവ മലിനീകരണം സൂചിപ്പിക്കുന്നു.
- മൂന്ന് സീസണുകളിലും ജന്തുപ്ലവകങ്ങൾ (zooplankton). വലിയ അകശേരുക്കൾ (macro invertebrates) എന്നിവയുടെ കുറഞ്ഞ വൈവിധ്യം ജീവജാലം (biota) നേരിടുന്ന സമ്മർദത്തെ സൂചിപ്പിക്കുന്നു.
കേരളത്തിലെ ഭൂഗർഭജല ഗുണനിലവാരം
കേരളത്തിലെ ഭൂഗർഭജല ഗുണനിലവാര പ്രശ്നം പ്രധാനമായും ബാക്ടീരിയോളജിക്കൽ മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് 90% തുറന്ന കിണറുകളിലും കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും മനുഷ്യ പ്രവൃത്തികളാണ് ഇതിനു കാരണം. സംസ്കരിക്കാത്ത മലിനജലവും ഖരമാലിന്യവും ഭൂഗർഭജല മലിനീകരണത്തിന് കാരണമാകുന്നു. കിണറ്റിൽനിന്നുള്ള ലാട്രിൻ ദൂരവും ഇ-കോളിയുടെ സാന്നിധ്യവും ഇതിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. ലൈനിങ്ങുള്ള കിണറുകളിൽ 25 ശതമാനത്തിൽ താഴെയും ശൗചാലയത്തിൽ നിന്ന് 7.5 മീറ്ററിൽ കൂടുതൽ അകലത്തിൽ സ്ഥിതിചെയ്യുന്ന കിണറുകളിൽ 16 ശതമാനത്തിൽ താഴെയുമാണ് ഇ-കോളിയുടെ സാന്നിധ്യം എന്ന് നിരീക്ഷണ ഫലങ്ങൾ സൂചിപ്പിക്കുന്നു.
അമിതമായ ഇരുമ്പ്, ക്ലോറൈഡ്. കുറഞ്ഞ പി എച്ച്. അധിക ഫ്ളൂറൈഡ് എന്നിവയാണ് മറ്റ് പ്രാ ദേശിക ജലഗുണനിലവാര പ്രശ്നങ്ങൾ. ചില തീരപ്രദേശങ്ങളിലെ ആഴം കുറഞ്ഞ ജലാശയങ്ങളിൽ ലവണാംശ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഴം കൂടിയ ജല സംഭരണികളിൽ 15 മില്ലിഗ്രാം/ലിറ്റർ മുതൽ 2.6 മില്ലിഗ്രാം/ലിറ്റർ വരെ ഫ്ളൂറൈഡ് കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന കേരള വാട്ടർ ആതോറിറ്റിയുടെ 11 കിണറുകളിലും ഫ്ളൂറൈഡിന്റെ അളവ് 1 മില്ലിഗ്രാം/ ലിറ്ററിൽ കൂടുതലായാണ് കാണപ്പെട്ടിട്ടുള്ളത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ചില ആഴത്തിലുള്ള കിണറുകളിലും കഞ്ചിക്കോട് പ്രദേശത്തും മുതലമടയിലും മറ്റു ചില കിഴക്കൻ ഭാഗങ്ങളിലുമുള്ള കിണറുകളിലും 1 മില്ലിഗ്രാമിൽ കൂടുതൽ ഫ്ളൂറൈഡ് സാന്ദ്രത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാവസായിക മാലിന്യങ്ങൾ, മുനിസിപ്പൽ മാലിന്യങ്ങൾ മൂടുന്നയിടം, മുനിസിപ്പൽ മലിനജലം തുടങ്ങിയവകൊണ്ടുള്ള പ്രശ്‌നങ്ങൾ കേരളത്തിലെ ഏതാനും സ്ഥലങ്ങളിൽ കാണപ്പെടുന്നു.
ജൈവ അപഗ്രഥനം (ബയോളജിക്കൽ അനാലിസിസ്)
ജലത്തിന്റെ ഗുണനിലവാരത്തിലെ കാലികമായ വ്യതിയാനം ഒരു ജൈവ അപഗ്രഥനംവഴി നന്നായി സ്ഥിരീകരിക്കപ്പെടുന്നു. കൂടാതെ, ജൈവ സൂചികകളായ വൈവിധ്യ സൂചിക, പാമറിന്റെ ആൽഗൽ ജനുസ്സ് സൂചിക, ഫാമിലി ബയോട്ടിക് സൂചിക എന്നിവ നദിപോലുള്ള ലോട്ടിക് സിസ്റ്റത്തിന്റെ (ഒഴുകുന്ന ജല ആവാസവ്യവസ്ഥ) ഗുണനിലവാരത്തെ വിലയിരുത്തുന്നതിൽ കൂടുതൽ സ്ഥിരത പുലർത്തുന്നു. പാമറിന്റെ ആൽഗൽ ജനുസ്സ് സൂചികയനുസരിച്ച്, ഒരു സാംബിൾ 20 അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോർ കാണിക്കുന്നെങ്കിൽ ജൈവമലിനീകരണത്തിൻ്റെ സൂചനയാണ്, അതേസമയം, ഉയർന്ന ജൈവമലിനീകരണത്തിന്റെ തെളിവായി 15 മുതൽ 19 വരെ സ്കോർ എടുക്കുകയും ചെയ്യാം. കുറഞ്ഞ കണക്കുകൾ സൂചിപ്പിക്കുന്നത് ജൈവമലിനീകരണം ഉയർന്നതല്ല എന്നാണ്.
ഫൈറ്റോപ്ലാങ്ക്‌ടൺ, സൂപ്ലാങ്കൺ, ബെന്തിക് മാക്രോ അകശേരുക്കൾ എന്നിവയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാനത്ത് കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന നദികളുടെ ജൈവ ഗുണനിലവാരം നിരീക്ഷിച്ചിരുന്നു. വിവിധ സീസണുകളിൽ സസ്യ-ജന്തു-പൂപ്പൽ ജീവജാലങ്ങളുടെ ഘടനയിലുള്ള മാറ്റങ്ങൾ ജലാശയത്തിന്റെ നിലവിലുള്ള പാരിസ്ഥിതിക അവസ്ഥയുടെ ഒരു പ്രതിഫലനമാണ്.
മലിനജലം, ജൈവ മാലിന്യങ്ങൾ എന്നിവ അരുവികൾക്ക് വളരെയധികം ഭീഷണി ഉയർത്തുന്നതായി നിരീക്ഷിക്കപ്പെട്ടു. കിഴക്കോട്ട് ഒഴുകുന്ന കബനിയേക്കാൾ പടിഞ്ഞാറോട്ട് ഒഴുകുന്ന നെയ്യാർ നദിയിലെ ബയോട്ടയാണ് മനുഷ്യന്റെ പ്രവർത്തനങ്ങളുടെ പ്രത്യാഘാതങ്ങൾ കൂടുതൽ പ്രതിഫലിപ്പിക്കുന്നത്.
കേരളത്തിലെ നദികൾ നേരിടുന്ന പ്രധാന പാരിസ്ഥിതിക പ്രശനങ്ങളിലൊന്നാണ് സംസ്കരിക്കാത്ത മലിനജലം പുറംതള്ളുന്നത്. ഇത് നദികളുടെ ജൈവ മലിനീകരണത്തിന് കാരണമാകുന്നു. കണക്കാക്കിയ എല്ലാ സൂചികകളും നദികളിലെ ജൈവമലിനീകരണം റിപ്പോർട്ട് ചെയ്യുന്നു. മൺസൂൺ മഴയുടെ തുടക്കത്തിനുശേഷം നദികളിലെ മലിനീകരണം വർധിക്കുന്നതായി ആൽഗൽ കമ്മ്യൂണിറ്റി ഘടനയും അവയുടെ കാലിക ചലനാത്മകതയും സൂചിപ്പിക്കുന്നു. മൺസൂണിനുശേഷം പോഷകനദികളിൽ നിന്നും കനാലുകളിൽ നിന്നും ആവശ്യമായ അളവിൽ ജൈവവസ്തുക്കൾ ഒഴുകിയെത്തുന്നു. നദിയിലെ ജൈവ മലിനീകരണത്തിന് മലിനജല ഓടകളും കാരണമാകുന്നു. കബനിയുമായി താരതമ്യപ്പെടുത്തുമ്പോൾ നെയ്യാറിൽ ജൈവ മലിനീകരണ സാധ്യത കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വണ്ടിച്ചിറത്തോട്, കുളത്തൂർ വലിയതോട്, മരുതൂർതോട്, അതിയന്നൂർത്തോട്, തലയിൽ തോട്, കോട്ടുകാൽത്തോട്, വെങ്ങാനൂർത്തോട് തുടങ്ങിയ കനാലുകളുടെ വിപുലമായ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്ന നെയ്യാർ ജനവാസ പ്രദേശങ്ങളിലൂടെ ഒഴുകുന്നു. ജൈവവ സ്തുക്കളുടെ ഗണ്യമായ വരവ് നദിയിലെ വിവിധതലങ്ങളിലുള്ള സസ്യ-ജന്തു-പൂപ്പൽ ജീവജാലങ്ങളുടെ ഘടനയിൽ പ്രതിഫലിക്കുന്നു.
താരതമ്യേന മലിനീകരണം കുറഞ്ഞ കബനി നദിയിൽ, ജൈവ മലിനീകരണം ബയോട്ട പ്രതിഫലിപ്പിക്കുന്ന അളവിൽ എത്തിച്ചേരാൻ കൂടുതൽ സമയമെടുക്കും.
ജല ഗുണനിലവാര പരിപാലനത്തിനുള്ള പ്രവർത്തന പദ്ധതികൾ
ജല ഗുണനിലവാര പരിപാലനം ഉറപ്പാക്കാനുള്ള വിവിധ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടിയിരിക്കുന്നു. മലിനജല പരിപാലനത്തിന്റെ ഘടകങ്ങൾ ഉൾപ്പെടുത്തി നഗര ഗ്രാമീണ ജലനയം വികസിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. ജലസംരക്ഷണം, മലിനജല സംസ്കരണം, കെട്ടിടങ്ങൾക്കുള്ളിലെ ജലത്തിന്റെ പുനരുപയോഗം എന്നിവയ്ക്കുള്ള നടപടികൾ സംയോജിപ്പിക്കുന്നതിന് ഉചിതമായ കെട്ടിട നിയമങ്ങൾ (ഇരട്ട പൈപ്പ് ലൈൻ സംവിധാനം പോലുള്ള) വികസിപ്പിക്കേണ്ടതുണ്ട്. അതുപോലെ തന്നെ, ജലസംരക്ഷണത്തിനും മലിനജല പുനരുപയോഗത്തിനും പ്രവർത്തന മാനദണ്ഡങ്ങൾ വികസിപ്പിക്കണം. ഗ്രേ വാട്ടർ (പുനരുപയോഗം ചെയ്യാവുന്ന മലിനജലം) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് അവബോധം വളർത്തിയെടുക്കണം. അക്കാദമിക് പാഠ്യപദ്ധതിയിൽ മലിനജല പരിപാലന ഘടകങ്ങൾ ഉൾക്കൊള്ളിക്കേണ്ടിയിരിക്കുന്നു.
നദീതടങ്ങളിൽ ഇനിപ്പറയുന്ന മേഖലകളിൽ അടിയന്തിര ശ്രദ്ധ ആവശ്യമാണ്
റിസർവോയറിന്റെ ശരിയായ പ്രവർത്തനം, ദുർബല പ്രദേശങ്ങൾക്കായുള്ള ജലസുരക്ഷാ പദ്ധതി, ദ്രാവക ഖരമാലിന്യങ്ങൾ സംസ്ക്കരിക്കാനുള്ള സാങ്കേതിക മാർഗങ്ങൾ, ഗാർഹിക-കമ്മ്യൂണിറ്റിതലത്തിൽ ഉചിതമായ സാങ്കേതികവിദ്യ. അണക്കെട്ടുകളുടെയും ബണ്ടുകളുടെയും ശാസ്ത്രീയ പ്രവർത്തനം, ടൂറിസത്തിന്റെ നിയന്ത്രണം. ആസൂത്രിതമായ നഗരവൽക്കരണം, തുടങ്ങിയ മേഖലകളിൽ പ്രത്യേകശ്രദ്ധ ആവശ്യമാണ്.
ജല ഗുണനിലവാരം ഉറപ്പാക്കാനും അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നേരിടാനും സ്ഥാപന സംവിധാനം വികസിപ്പിക്കേണ്ട പല മേഖലകളുമുണ്ട്. ജല ഗുണനിലവാര നിരീക്ഷണ പരിശോധനയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പഞ്ചായത്തു തലത്തിൽ സൃഷ്ടിക്കുകയും വേണം. ഭൂവിനിയോഗത്തിലുള്ള നിയന്ത്രണ സമീപനങ്ങൾ ശാസ്ത്രീയമാക്കാനും നടപ്പാക്കാനുമുള്ള സംവിധാനങ്ങൾ ഇനിയും ശക്തിപ്പെടുത്തണം. ഭൂഗർഭജലത്തിലെ സൂക്ഷ്‌മജീവികളുടെ യാത്രാദൂരവും അതിജീവന സമയവും നിർണ്ണയിക്കാനുള്ള സംവിധാനം ഉണ്ടാക്കേണ്ടിയിരിക്കുന്നു. കുടിവെള്ള കാർഡുകളിലൂടെ ജലത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുക അത്യാവശ്യമാണ്. വിദഗ്ധരിൽനിന്ന് പൊതുജനങ്ങൾക്കും തിരിച്ചും എന്താണോ വേണ്ടതെന്നു മനസ്സിലാക്കാൻ സംവാദങ്ങൾ സംഘടിപ്പിക്കുന്നത് വളരെ ഗുണപ്രദമായിരിക്കും. ജലവിതരണത്തിലെ അപാകങ്ങൾ വിലയിരുത്തി പരിഹരിക്കേണ്ട
അടിസ്ഥാന ഡാറ്റ ശേഖരിക്കാനും വിശകലനം ചെയ്യാനുമുള്ള പ്ലാനിങ്, ഉൽപാദനത്തിന് അനുയോജ്യമായ പ്രദേശങ്ങളുടെ സർവെ, ദ്രാവക മാലിന്യങ്ങൾ ശേഖരിക്കൽ, മാലിന്യസംസ്‌കരണം തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണന കൊടുക്കേണ്ടതായിട്ടുണ്ട്. മുൻഗണനാപ്രദേശ ദ്രാവകമാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള സംവിധാനത്തിന് രൂപംകൊടുക്കുകയും പ്രാദേശിക ഭരണസ്ഥാപനങ്ങൾവഴി ദ്രാവകമാലിന്യ നിർമാർജനം നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമുണ്ട്. ജലവിഭവ സംബന്ധമായ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുകയും ഏകോപിപ്പിക്കുകയും അതോടൊപ്പം ജലമേഖലയിലെ ഗവേഷണ-വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ഗവേഷണഫലങ്ങൾ ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ പ്രാപ്യമാക്കുകയും വേണം. പ്രശ്‌നങ്ങൾ നേരിടുന്ന ആരോഗ്യമേഖലയുടെ സംരക്ഷണത്തിനും ടൂറിസത്തെ ഒരു വൻകിട സാമ്പത്തിക സ്രോതസ്സായി മാറ്റാനും നമ്മുടെ നദികളുടെ ഗുണനിലവാരം നിലനിർത്തേണ്ടത് ആവശ്യമാണ്.
റഫറൻസ്
- APHA, AWWA, WEF (2005) Standard methods for the examination of water and wastewater, 21st ed. Washington, DC, American Public Health Association, American Water Works Association and Water Environment Federation
- WHO (2008) Guidelines for drinking-water quality, 3rd ed. Surveillance and control of community supplies. Geneva, World Health Organization >>>
- CWRDM (2009-2018), Environmental Monitoring Programme on Water Quality, Published by Kerala State council for Science Technology and Environment, Thiruvantjapuram
- Indian Standard Drinking Water Specification, Bureau of Indian Standards, New Delhi >>>
- Designated Best Use Water Quality Criteria. >>>
- CCME WATER QUALITY INDEX USER’S MANUAL 2017 >>>
ശാസ്ത്രഗതി മാസിക ഓൺലൈനായി വരിചേരാം