ഇനി ചന്ദ്രന്റെ കാര്യമോ? ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതും ദീര്‍ഘവൃത്തത്തിൽ തന്നെ. ശരാശരി ദൂരം മൂന്നു ലക്ഷത്തി എന്‍പത്തിനാലായിരം കിലോമീറ്റര്‍. കൂടിയ ദൂരവും കുറഞ്ഞ ദൂരവും തമ്മിലുള്ള വ്യത്യാസം അരലക്ഷം കിലോമീറ്റര്‍. അതായത്, ശരാശരി ദൂരത്തിന്റെ ഏകദേശം എട്ടിലൊന്ന്. കാഴ്‌ചയിലനുഭവപ്പെടുന്ന വലുപ്പവ്യത്യാസവും അത്രതന്നെ. ഏകദേശം 13 ശതമാനം. എന്നാല്‍ ഇത് എപ്പോഴും ദൃശ്യമാകുന്നില്ല. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന ദിവസവും ഏറ്റവും അകലെ പോകുന്ന ദിവസവും പൗര്‍ണമി വരണമെന്നില്ലല്ലോ. വല്ലപ്പോഴുമേ ഇതു സംഭവിക്കൂ. അപ്പോള്‍ ഓരോ ഫോട്ടോ എടുത്ത് വെച്ച് താരതമ്യം ചെയ്‌തു നോക്കാവുന്നതാണ്.
ഇത്രയും പറഞ്ഞത് യഥാര്‍ഥദൃശ്യത്തിന്റെ കാര്യം. എന്നാല്‍ ഇതു കൂടാതെ, ഉദയാസ്‌തമയ സമയങ്ങളില്‍ നമുക്ക് അനുഭവപ്പെടുന്ന ഒരു വലുപ്പവ്യത്യാസമുണ്ട്. ഇത് ഒരു മിഥ്യാ അനുഭവമാണ്. ഉദയസൂര്യനും അസ്‌തമയ സൂര്യനും മറ്റു നേരങ്ങളിലുള്ള സൂര്യനേക്കാള്‍ വളരെ വലുതായി നമുക്കു തോന്നും. ഫോട്ടോ എടുത്തു പരിശോധിച്ചാലും ഉപകരണങ്ങള്‍ കൊണ്ടളന്നാലും ഒരു വ്യത്യാസവും കാണുകയുമില്ല. നമ്മുടെ കണ്ണും തലച്ചോറും ചേര്‍ന്ന് ഒരുക്കുന്ന ഒരു മായക്കാഴ്‌ച (illusion) ആണിത്.
വസ്‌തുക്കളുടെ വലിപ്പം നമ്മുടെ തലച്ചോര്‍ തീരുമാനിക്കുന്നത് വസ്‌തുവിന്റെ അഗ്രഭാഗങ്ങളില്‍ നിന്ന് കണ്ണിലെത്തുന്ന പ്രകാശരശ്‌മികളുടെ കോണളവ് തിട്ടപ്പെടുത്തിയാണ്. ഓരമ്മയുടെ കാല്‍പാദങ്ങളില്‍ നിന്നും തലയില്‍ നിന്നും വരുന്ന രശ്‌മികള്‍ക്കിടയിലെ കോണളവ് ആ അമ്മയുടെ സമീപം നില്‍ക്കുന്ന കുട്ടിയുടെ കാല്‍പ്പാദങ്ങളില്‍ നിന്നും തലയില്‍ നിന്നും വരുന്ന രശ്‌മികള്‍ തമ്മിലുള്ള കോണളവിനേക്കാള്‍ വളരെ കൂടുതലായതുകൊണ്ട് അമ്മയെ നമ്മള്‍ വലുതായി കാണും. ഇനി കുട്ടിയെ അവിടെത്തന്നെ നിര്‍ത്തി അമ്മയെ ദൂരേയ്‌ക്ക് കൊണ്ടുപോകുന്നു എന്നിരിക്കട്ടെ. വേണ്ടത്ര അകലെ എത്തിയാല്‍ അമ്മയുടെ അഗ്രഭാഗങ്ങളില്‍ നിന്നു വരുന്ന രശ്‌മികളുടെ കോണളവ് കുട്ടിയുടേതിനേക്കാള്‍ കുറയും. അപ്പോഴും നമ്മുടെ തലച്ചോറിനറിയാം അമ്മയാണ് വലുതെന്ന്. അത് അമ്മയെ തന്നെ വലുതാക്കി അനുഭവിപ്പിക്കും. ഇതു മിഥ്യാ അനുഭവസൃഷ്ടിയാണ്. ഇതുപോലെ തന്നെയാണ് അസ്‌തമയ സൂര്യന്റെ വലുപ്പക്കൂടുതലും. ശരിക്കും സൂര്യബിംബം നമ്മുടെ കണ്ണില്‍ സൃഷ്ടിക്കുന്ന കോണ്‍ അര ഡിഗ്രിയാണ് – ഉച്ചയ്‌ക്കുംവൈകിട്ടുമെല്ലാം. എന്നാല്‍ ഭൂതലത്തിന്റെ അറ്റത്ത്, ചക്രവാളത്തില്‍ സൂര്യനെ കാണുമ്പോള്‍ തലച്ചോര്‍ ഇടപെട്ട് വലിപ്പം കൂട്ടിക്കാണിക്കും. പൂര്‍ണചന്ദ്രന്റെ കാര്യത്തിലും ഇതുതന്നെ. മുകളിലേക്കു നോക്കുമ്പോള്‍ എന്തുകൊണ്ടോ തലച്ചോര്‍ ഈ പണി ചെയ്യുന്നില്ല.