നാമിപ്പോൾ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന കാലമാണ്. എന്താണ് ജനാധിപത്യമെന്നും എന്തെല്ലാമല്ലെന്നും ജനാധിപത്യത്തെ സംരക്ഷിക്കേണ്ടതെങ്ങനെ എന്ന അന്വേഷണവും ഒപ്പമുണ്ട്. എന്നാൽ സാധാരണ പൗരർക്ക് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ എന്തെങ്കിലും ചെയ്യാനാവുമോ എന്ന ചോദ്യം അവശേഷിക്കുന്നു. ഏറ്റവും അടിത്തട്ട് മുതൽ അനുഭവപ്പെടേണ്ട ഒന്നാണ് ജനാധിപത്യം എന്നിരിക്കെ, താഴേയ്ക്കിടയിൽ നടക്കുന്ന സാമൂഹിക സംരംഭങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ സാമൂഹിക ഭൂമികയെ മെച്ചപ്പെടുത്താനും ഉതകുമോ എന്നുമൊക്കെ ചിന്തിക്കുന്നതിൽ പ്രസക്തിയേറുന്നു.
ജനാധിപത്യ പരിപാലനത്തിലും സാധാരണ പൗരരെ ഭരണ പ്രക്രിയയിൽ ഉൾച്ചേർക്കാനും തങ്ങളുടെ ശബ്ദമുയർത്താൻ കഴിവുറ്റവരാക്കാനും ഉള്ള പ്രയത്നം താഴെത്തട്ടിൽ നിന്നുതന്നെ പലേടങ്ങളിലും നടക്കുന്നുണ്ട്. ‘ജനാധിപത്യ പുനർനിർമിതി താഴെത്തട്ടുമുതൽ പൗരർ പരിപോഷിപ്പിക്കുന്നതെങ്ങനെ” (Reconstructing Democracy How Citizens are Building from the Ground Up: Charles Taylor, Ptarizia Nanz, Madeline Beaubien Taylor 2020; Harvard Universtiy Press) എന്ന പുസ്തകം ഈ വിഷയമാണ് പ്രതിപാദിക്കുന്നത്.
മൂന്നു വ്യത്യസ്‌ത, എന്നാൽ പരസ്‌പര പൂരകങ്ങളായ മേഖലകളിൽ പ്രാവീണ്യമുള്ള പേരാണ് പുസ്‌തകം തയ്യാറാക്കാൻ ഒത്തുകൂടിയത്. ചാൾസ് ടെയ്ലർ അറിയപ്പെട്ട ദാർശനികനാണ്; ജനാധിപത്യത്തിന്റെ പൊതുസ്വഭാവവും പൗരരുടെ പങ്കാളിത്തവും അദ്ദേഹത്തിന് ഇഷ്ട വിഷയങ്ങളാണ്. പങ്കാളിത്ത ഭരണരീതികളും അവയുടെ പ്രയോഗികവത്കരണവുമാണ് പാട്രിസിയ നൻസ് സ്പെഷലൈസ് ചെയ്യുന്നത്. മാഡലിൻ ടെയ്‌ലർ പൊളിറ്റിക്കൽ സയൻസ് വിദഗ്ദ്ധയും. അസാമാന്യമായ പരിജ്ഞാനവും സാങ്കേതിക മികവും ഒത്തുചേർത്താണ് പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്.
എന്താണ് ഇത്തരത്തിൽ ഒരു പുസ്‌തകത്തിന്റെ പ്രസക്തി? ജനാധിപത്യം തകരാറിലാണെന്ന ചിന്ത വ്യാപിക്കുന്നുണ്ട് പാശ്ചാത്യ നാടുകളിൽ. പല ജനാഭിപ്രായ സർവേകളും ഇതിൽ കൂടുതൽ കണ്ടെത്തുന്നു; ജനാധിപത്യം എന്ന വ്യവസ്ഥിതിയിൽ വിശ്വാസം നഷ്ടപ്പെടുന്നവർ ഏറിവരുന്നത്രെ. ചെറുപ്പക്കാർക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം പ്രകടമായ തോതിൽ നഷ്ടപ്പെട്ടിരിക്കുന്നു. അധികാര കേന്ദ്രീകൃതമായ ഭരണം സമുഹത്തിന് ഗുണം ചെയ്യുമെന്നും ടെക്നോക്രസി സമൂഹത്തിനെ മുന്നോട്ടു നയിക്കാനുതകുമെന്നും അവർ കരുതുന്നു. സമാന ചിന്തകൾ പാശ്ചാത്യേതര സമൂഹങ്ങളിലും പ്രസക്തമായി വരുന്നു. ക്ഷേമരാഷ്ട്രം എന്ന ആശയം ക്ഷയോന്മുഖമായി വരുന്നത് എങ്ങും നമുക്ക് കാണാം. മുതലാളിത്ത വ്യവസ്ഥയും സ്വതന്ത്ര മാർക്കറ്റ് വ്യവസ്ഥയും സാധാരണക്കാർക്കോ സമൂഹത്തിനോ സ്പർശിക്കാനാകാത്ത കൂട്ടുകെട്ടുകളിലേയ്ക്ക് വ്യവസ്ഥിതികൾ മാറുന്നുമുണ്ട്. ദൈനംദിന രാഷ്ട്രീയവും സാമൂഹിക ഇടപെടലും ഇവർക്ക് സ്വാധീനിക്കാനാകും. വൻകിട കോർപറേഷനുകൾ, ബാങ്കുകൾ, നമ്മുടെ ജീവിതത്തിൽ കടന്നാക്രമിക്കുന്ന അദൃശ്യ സമ്മർദങ്ങളായി രൂപപ്പെട്ടിരിക്കുന്നു. ഈ നൂറ്റാണ്ടിലെ പ്രധാന പ്രതിസന്ധി 2008 ലെ ബാങ്ക് തകർച്ചയും സാമ്പത്തിക മാന്ദ്യവും ആയിരുന്നെല്ലോ. ജനാധിപത്യത്തിന് അതുതടയാനായില്ലെന്ന് ചെറുപ്പക്കാർ ചിന്തിക്കുന്നു. സാമ്പത്തിക മാന്ദ്യത്തിൽ പെട്ട ഗ്രീസ് പോലെ ചില രാജ്യങ്ങൾക്ക് അതിൽനിന്ന് മുക്തമാകാനുള്ള പാക്കേജ് (bailout package) കർക്കശമായ വ്യവസ്ഥകളോടെയായിരുന്നു നൽകിയത്. മറ്റ് മാർഗങ്ങളില്ലെന്ന തിരിച്ചറിവാണ് സഹായം സ്വീകരിക്കാൻ ഗ്രീസിന് കെൽപ്പുണ്ടാക്കിയത്. എങ്കിലും ജനാധിപത്യത്തിൽ മറ്റു മാർഗങ്ങളില്ലെന്ന ചിന്ത ചെറുപ്പക്കാരെ അലട്ടുന്നുമുണ്ട്.
ഡിജിറ്റൽ ടെക്നോളജി നൽകുന്ന ആശയാവിഷ്കാരത്തിന്റെ സ്വാതന്ത്ര്യം ജനാധിപത്യ സംസ്ക്‌കാരത്തെത്തന്നെ ദുർബലപ്പെടുത്തുന്നുണ്ടോ എന്നും നാം ചിന്തിച്ചുപോകും. ആശയങ്ങൾ പങ്കിടാനും സർക്കാർ ഇടപെടലുകളെ വിമർശനാത്മകമായി വിലയിരുത്താനും നവമാധ്യമങ്ങൾ സഹായിക്കും. നമ്മോട് ആശയങ്ങൾ പങ്കിടുന്നവരുമായി ഒത്തുചേരാനും സമ്പർക്കം പുലർത്താനും നാം താല്‌പര്യപ്പെടുകയും ചെയ്യും. ക്രമേണ നാമറിയാതെ തന്നെ ഒരു മാറ്റൊലിയറ (echo chamber) നമുക്കായി സൃഷ്ടിക്കുകയും ചെയ്യും. അവിടെ സമ്പർക്കം പുലർത്തുന്നവർ പരസ്പരം അനുകമ്പാപുരസ്സരം ഇടപെടുന്നു. വ്യത്യസ്‌ത അഭിപ്രായങ്ങൾ ചർച്ചചെയ്യപ്പെടുകയല്ല, മറിച്ചു ഒരഭിപ്രായം ആവർത്തിച്ചുകേട്ടു ദൃഢീകരിക്കലാണ് പതിവ്. ഭിന്നാഭിപ്രായങ്ങൾ തിരസ്കരിക്കപ്പെടുകയും ഭിന്നാഭിപ്രായക്കാരെ ആക്രമിക്കുകയും മാറ്റൊലിയറയിൽ പതിവ് സംഭവങ്ങളാണ്. ആശയങ്ങൾ സെൻസർ ചെയ്യാതെ കൂട്ടായ പഠനം നടക്കുക എന്നതിന് പകരം സാമൂഹിക മാധ്യമങ്ങളിലൂടെ സാധ്യമാകുന്നത് മറ്റൊരു തരം ടെക്നോപോപുലിസം (technopopulism) ആണെന്ന് വരുന്നു.
നവീനാശയങ്ങൾ ഉണ്ടാകുന്നതാണ് ജനാധിപത്യത്തിന്റെ ശക്തി. എന്നാൽ വൻകിട കോർപറേറ്റുകൾ, നിർമ്മാണക്കുത്തകകൾ എന്നിവയ്ക്ക് സർക്കാർ നയങ്ങളെ സ്വാധീനിക്കാനും ലോബിയിങ് നടത്താനും സാധിക്കും. അന്താരഷ്ട്ര എണ്ണക്കമ്പനികൾ, മോട്ടോർ വാഹന വ്യവസായം, ഖനനം, എന്നിവ ഏതുരാജ്യത്തും ശക്തമാണെല്ലോ. സാമൂഹിക ഹിതത്തിനും പൊതുനന്മയ്ക്കും എതിരെ പ്രവർത്തിക്കാനാവർക്കൊട്ട് മടിയുമില്ല. അതിനാൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ആണവവികിരണം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സർക്കാരുകൾ അമാന്തിക്കും. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാകട്ടെ, ഇത്തരം വിഷയങ്ങളിൽ തങ്ങളുടെ അജ്ഞതകൊണ്ടും ജനഹിതം എങ്ങനെ പ്രവർത്തിക്കും എന്ന ആശങ്കകൊണ്ടും കൃത്യമായ തീരുമാനങ്ങളിൽ നിന്ന് ഒളിച്ചുപാർക്കുന്നു.
ഇതെല്ലാം ജനാധിപത്യത്തിന്റെ ആന്തരിക ദൗർബല്യങ്ങളല്ല; എന്നാൽ ജനാധിപത്യ സംവിധാനങ്ങളിൽ ഇത്തരം പ്രശ്‌നങ്ങൾ കാണുന്നുമുണ്ട്. അതിനാൽ ജനാധിപത്യ പ്രക്രിയ അധികാരികളുടെ കരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താതെ, പൗരർ കൂടി ഉത്തരവാദിത്തം കയ്യാളണം എന്ന ചിന്ത പുസ്‌തകം മുന്നോട്ടു വെക്കുന്നു. താഴ്ത്തട്ടിൽ നിന്ന് മേൽപ്പോട്ട് ജനാധിപത്യ നിർമിതികൾ സാധ്യമാക്കുന്നതെങ്ങനെയെന്നും അതിൽ പൊതുജന പങ്കാളിത്തം എങ്ങനെ സാക്ഷാത്കരിക്കാമെന്നും അന്വേഷിക്കുകയാണ് പുസ്‌തകം ചെയ്യുന്നത്.
താഴെത്തട്ടിൽ നിന്ന് നവനിർമിതി നടക്കണമെങ്കിൽ പ്രാദേശിക സമൂഹങ്ങൾ (local communtiy) തങ്ങളുടെ ക്ലേശങ്ങളും ആവലാതികളും എന്തെല്ലാമെന്നറിയണം. തങ്ങൾ അഭിമുഖീകരിക്കുന്ന പുതിയതും പഴയതുമായ വിഷയങ്ങളോട് സമചിത്തതയോടെ പ്രതികരിക്കാനും പോംവഴികൾ കണ്ടെത്താനും ശ്രമം വേണ്ടിവരും. സജീവമായ ചർച്ചകൾ നടക്കുന്ന സമൂഹങ്ങളിൽ മാത്രമേ പ്രശ്‌നങ്ങളുടെ ഗുരുലഘുത്വത്തെക്കുറിച്ചും പോംവഴികളുടെ പ്രായോഗിക വശങ്ങളെക്കുറിച്ചും അവധാനതയോടെ ചിന്തിക്കാനാകൂ. ഇതിന് പ്രാദേശിക സമൂഹത്തിലെ വ്യക്തികൾ, കൂട്ടായ്മകൾ എന്നിവരുടെ ഒത്തുചേരൽ അനിവാര്യമാണ്. ഇന്നത്തെ നിലയ്ക്ക് ഞങ്ങൾ പ്രതികരിക്കാനില്ല എന്ന നിലപാട് അതിനാൽത്തന്നെ അടിത്തട്ട് ജനാധിപത്യത്തിന് വിരുദ്ധമായ് വരും. നയരൂപീകരണം, പദ്ധതി ആവിഷ്കരണം എന്നിവ മുകൾത്തട്ടിൽ നിന്ന് വരുമ്പോൾ പ്രാദേശിക യാഥാർഥ്യങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പുപറയാനാവില്ല. കേന്ദ്രീകൃത നയസമീപനങ്ങൾ ആഗോള സ്വതന്ത്ര വാണിജ്യത്തിന് (global freet trade) അനുകൂലമായി വർത്തിക്കുന്നു. വൻകിട പദ്ധതികളും വലിയ മൂലധന നിക്ഷേപങ്ങളും മെല്ലെയെങ്കിലും ‘ഇറ്റിറ്റു വീഴൽ’ (trickle down) സാമ്പത്തിക മാതൃകയ്ക്ക് വഴങ്ങുമെന്നും ക്രമേണ അതിന്റെ ഗുണഫലങ്ങൾ എല്ലാ കുടുംബങ്ങളിലും എത്തിച്ചേരുമെന്നുമാണ് ശക്തമായ പൊതുധാരണ.
അതൊരു മിഥ്യാധാരണയാണ് പൊതുവെ പറഞ്ഞാൽ വൻകിട നിക്ഷേപങ്ങളും അന്താരാഷ്ട്ര കോർപറേഷനുകളും വികസിക്കു മ്പോൾ അതിന്റെ പ്രയോജനം ‘ഇറ്റിറ്റുവീഴൽ’ പ്രക്രീയയിലൂടെ തങ്ങളിലെത്തുന്നുവെന്നു സാധാരണക്കാർക്ക് സ്വാനുഭവത്തിലൂടെ പറയാനാവുന്നില്ല. ഇത് പ്രാദേശിക സമൂഹങ്ങളെയും അതുവഴി രാഷ്ട്രീയ സംവിധാനങ്ങളെയും ദുർബലപ്പെടുത്തും. തിരഞ്ഞെടുപ്പുകാലത്ത് സാമൂഹിക മാറ്റങ്ങളെക്കുറിച്ചു വോട്ടർമാർക്ക് ഉണ്ടാകേണ്ട അറിവ് ശോഷിച്ചപോലെ തോന്നപ്പെടും. ജനാധിപത്യ സ്ഥാപനങ്ങൾ ഒരുവശത്തും പൗരരുടെ ലക്ഷ്യബോധം സാമൂഹികാഭിലാഷം എന്നിവ മറ്റൊരുവശത്തും സങ്കല്‌പിച്ചാൽ ഇവ തമ്മിൽ അവശ്യം വേണ്ട സക്രിയാവസ്ഥയാണ് ജനാധിപത്യം സാർത്ഥകമാക്കുന്നത്. ഈ ബന്ധം പലകാരണങ്ങളാൽ ജീർണിച്ചു പോകാം.
ഒന്നാമതായി, ആധുനിക സമൂഹങ്ങളുടെ നിലനിൽപ്പ് അതിവിശാലവും വൈവിധ്യപൂർണവുമായ ക്രയവിക്രയങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് നിലകൊള്ളുന്നത്. ആഗോളീകരിക്കപ്പെട്ട ലോകത്തിൽ സർക്കാരുകൾ നമ്മുടെ സാമ്പത്തിക രംഗവും ക്ഷേമ പ്രവർത്തനങ്ങളും ഒപ്പം മാനേജ് ചെയ്യേണ്ടി വരുന്നു. സമൂഹത്തിന്റെ വ്യക്തഗത വിഷയങ്ങൾ പോലും സർക്കാർ നിരീക്ഷണത്തിലാണ്. വിവാഹം, കുടുംബം, തുടങ്ങി പല വിഷയങ്ങൾക്കൊപ്പമാണ് വിദേശ നയം പോലുള്ള കാര്യങ്ങലോലും ഒപ്പം കൂട്ടേണ്ടിവരുന്നത്. എല്ലാം ഒരേ സമയം തുല്യ പ്രാധാന്യമുള്ളതാകയുമില്ലല്ലോ. അതിനാൽ ചില വിഷയങ്ങൾ സജീവ നിരീക്ഷണത്തിലും ചിലത് വിസ്മൃതിയിലും പെട്ടുപോകും. എപ്പോഴും ഇങ്ങനെയാവണമെന്നില്ല. ഇതിനാക്കം കൂട്ടുന്നത് (കുറയ്ക്കുന്നതും) എന്ന ഉപാധിയിലൂടെയും. മീഡിയ ശക്തിപ്പെടുമ്പോൾ അത് കൈകാര്യം ചെയ്യുന്നവരും ശക്തരാകും. പലപ്പോഴും പോപ്പുലിസ്റ്റ് ആശയങ്ങൾ പ്രചാരത്തിലാകുന്നതും സർക്കാരുകൾ അങ്ങോട്ട് ചെയ്യുന്നതും അപൂർവമല്ല.
രണ്ടാമതായി, പണം മൂല്യങ്ങളെ സൗധീനിക്കുന്നതായി കാണാം. ജനാധിപത്യത്തിലും പണം അതിശക്തമായി നിലകൊള്ളുന്നുവന്നതിൽ തർക്കമില്ല. ഇതിലൂടെ ചിലവ്യക്തികൾ അസാധാരണമാം വിധം സ്വാധീനശക്തിയാർജ്ജിക്കും. സമൂഹത്തിലെ പല ഉപകരണങ്ങളെയും കൈപ്പിടിയിലൊതുക്കാനും പൊതുധാരണകളെ വക്രീഭവിച്ചു കാണിക്കാനും സ്വാധീനങ്ങൾക്കാവും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനും പ്രചാരണത്തെ സ്വാധീനിക്കാനും പണം ഉപയോഗപ്പെടും. തീർത്തും സ്വകാര്യവൽക്കരിച്ച മാതൃക അമേരിക്കയിൽ കാണാനാകും.
മൂന്നാമതായി, നവലിബറലിസം ഒരുക്കുന്ന മിഥ്യാസങ്കല്‌പമാണ്. വിപണികൾ സൗഹാർദമായി പെരുമാറുമെന്നും ന്യായാധിഷ്‌ഠിത വിതരണത്തിന് അനുകൂലമാണെന്നും ഉള്ള ചിന്ത ശരിയാവണമെന്നില്ല. അങ്ങനെയുള്ള വിശ്വാസങ്ങൾ പല സാമൂഹിക, സാമ്പത്തിക അസമത്വങ്ങളെയും അദൃശ്യമാക്കിവെയ്ക്കും. എന്തൊക്കെയായാലും ഒടുവിൽ എല്ലാം ശരിയായിക്കൊള്ളുമെന്ന ധാരണകൾ പ്രബലമാകാനും ഇടയുണ്ട്. ലിബറൽ സമൂഹങ്ങളുടെ ജീർണതയിൽ ഇതെല്ലം ഒളിഞ്ഞും തെളിഞ്ഞും കാണാനാകും. അതെങ്ങനെ ജനാധിപത്യത്തെ ശിഥിലമാക്കുമെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണ്ടിവരും. യൂറോപ്പിലും അമേരിക്കയിലും സംഭവിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. തുറസ്സായ ജനാധിപത്യ വീക്ഷണവും സമത്വവാദിയായ സമുഹങ്ങളും ഉണ്ടെന്ന ധാരണയാണ് ഇവിടങ്ങളിലെ സമൂഹത്തെക്കുറിച്ചു നാം ധരിച്ചുവെച്ചിരിക്കുന്നത്. അടുത്തകാലത്തായി അവിടെല്ലാം വളർന്നുവരുന്ന വിദേശീ സ്പർദ്ധ (xenophobia) അപരിചിതരോട് ഉണ്ടായിവരുന്ന അസഹിഷ്ണുത, മറ്റുള്ളവരോട് പ്രദർശിപ്പിക്കുന്ന സംശയം, അഭയാർത്ഥികളോടുള്ള എതിർപ്പ്, എന്നിവ ഒത്തു കണ്ടാൽ ഇത് വ്യക്തമാകും. ഇതനുസരിച്ചു പാശ്ചാത്യനാടുകളിൽ വലതുപക്ഷ വ്യതിയാനവും വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും ഉയർന്നുവരുന്നത് കാണാതെപോകരുത്.
താഴെത്തട്ടിൽ നിന്ന് മുകളിലേയ്ക്ക് ജനാധിപത്യ സംവിധാനങ്ങളെ പരിഷ്കരിക്കുന്നതും പുനർനിർമിതി നടത്തുന്നതും അതിനാൽ അത്യാവശ്യമാണ്. ജനാധിപത്യത്തെ സജീവമാക്കാനും തുല്യതയിൽ അധിഷ്ഠിതമാക്കാനും ഉള്ള പോം വഴികളിൽ പ്രധാനമാണിത്. ഇതുവഴി പ്രാദേശിക ലക്ഷ്യങ്ങളും താല്‌പര്യങ്ങളും വിശാല ജനാധിപത്യ സംവിധാനവുമായി പൊരുത്തപ്പെടുത്താനാകും എന്നതിൽ സംശയമില്ല. പല ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുസ്‌തകം രൂപകൽപന ചെയ്തിരിക്കുന്നത്. ഏതെങ്കിലും പ്രത്യേക സമൂഹം ഉദാഹരണങ്ങളിൽ കണ്ടെന്നു വരില്ല; എന്നാൽ അതിലെ ആശയങ്ങൾ ഏറിയും കുറഞ്ഞും ഏതു സമൂഹത്തിലും സംഭവിക്കാവുന്നതാണെന്നു വരുന്നു.
ഫലപ്രദമായ ജനാധിപത്യത്തിന് സാമുഹിക പങ്കാളിത്തം അത്യാവശ്യമാണ്. സ്ഥായിയായി നിലനിർത്താനാകുന്ന മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാകണം: ഇതാകട്ടെ, എളുപ്പവുമല്ല. ഭരണക്രമത്തിൽ (governance) പങ്കെടുക്കുന്ന സമൂഹങ്ങൾക്ക് മാത്രമേ മുന്നേറാനാകൂ എന്നത് സത്യമായി അവശേഷിക്കുന്നു. അതിനുള്ള പാഠങ്ങളുണ്ട് എന്ന് ഈ ഗ്രന്ഥം നമ്മെ ഓർമ്മിപ്പിക്കും.