Read Time:8 Minute

ആസ്ത്രേലിയയിൽ മുയലുകൾ വില്ലന്മാർ ആണോ ?

ഒരു പാവം മുയൽ പരിസ്ഥിതിയോട് എന്ത് ചെയ്യാനാണ്! എന്നാൽ ആസ്ത്രേലിയക്കാരോട് ചോദിച്ചുനോക്കൂ.

ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber


ഇതെന്തൊരു ചോദ്യമാണെന്നല്ലേ വായിക്കുന്നവരിൽ ഒട്ടുമിക്കവരും വിചാരിക്കുന്നത്? ഒരു പാവം മുയൽ പരിസ്ഥിതിയോട് എന്ത് ചെയ്യാനാണ്! എന്നാൽ ആസ്ത്രേലിയക്കാരോട് ചോദിച്ചുനോക്കൂ. വർഷാവർഷം അവരുടെ കോടിക്കണക്കിനു ഡോളറിന്റെ വിളവ് തിന്നുനശിപ്പിക്കുന്ന സസ്തനി കീടങ്ങളാണ് (mammalian pest) അവർക്ക് മുയൽക്കുഞ്ഞന്മാർ.

ഇതെങ്ങനെ സംഭവിച്ചു?

1787-ഇൽ യൂറോപ്പിൽ നിന്നുള്ള ആദ്യ ത്തെ കപ്പൽ വരുന്നതുവരെ അസ്ട്രേലിയയിൽ മുയലുകൾ ഇല്ലായിരുന്നു. ആദ്യ കപ്പലിൽ യൂറോപ്യന്മാർ ആസ്ത്രേലിയയിലേക്ക് കൊണ്ടുവന്നത് വീട്ടിൽ വളർത്തുന്ന മുയലുകളെ ആയിരുന്നു. ഭക്ഷണത്തിനായി അവയെ കൂട്ടിലിട്ട് വളർത്തി. ഈ മുയലുകൾ ആസ്ത്രേലിയൻ പരിസ്ഥിതിയ്ക്ക് കാര്യമായ ആഘാതമൊന്നും ഏൽപ്പിച്ചില്ല. പല യൂറോപ്യൻ കുടിയേറ്റക്കാരും ഏകദേശം 70 വർഷത്തിനുള്ളിൽ പല പല ഘട്ടങ്ങളിലായി മുയൽ കുഞ്ഞുങ്ങളെ കൊണ്ടുവരുകയും ഭക്ഷണത്തിനും വിനോദവേട്ടയ്ക്കും ആയി അവയെ ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ 1859 ൽ തോമസ് ഓസ്റ്റിൻ എന്നൊരാൾ അയാളുടെ എസ്റ്റേറ്റിലേക്ക് കാട്ടുമുയലുകളേയും വീട്ടുമുയലുകളേയും ഒന്നിച്ചു കൊണ്ടുവന്ന് കൂട്ടിലടയ്ക്കാതെ എസ്റ്റേറ്റിൽ മേയാൻ വിട്ടു. മുയൽ വേട്ടയായിരുന്നു അയാളുടെ വിനോദം. ഇതിനു ശേഷമാണു ആസ്ത്രേലിയൻ മുയലുകളുടെ എണ്ണം അപകടകരമായി കൂടിയത് എന്ന് സ്ഥിതിവിവര കണക്കുകൾ പറയുന്നു.

പിന്നീട് ഈ മുയലുകൾ ആസ്ത്രേലിയ മുഴുവൻ ജൈവ അധിനിവേശം (biological invasion) നടത്തുകയും ഇരുന്നൂറോളം സസ്യ-ജീവിവർഗങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുകയും ചെയ്തു. ആസ്ത്രേലിയൻ പരിസ്ഥിതിയെ അപായകരമായ രീതിയിൽ നശിപ്പിക്കുകയും കാർഷിക വ്യവസായത്തിന് വളരെയധികം സാമ്പത്തിക നാശം ഉണ്ടാക്കുകയും ചെ യ്യുകയാണു ഈ മുയൽക്കുഞ്ഞുങ്ങൾ. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ജൈവ അധിനിവേശമാണ് യൂറോപ്യൻ മുയലുകൾ ആസ്ത്രേലിയയിൽ നടത്തിയത്. മുയൽ നിയന്ത്രണത്തിന് ധാരാളം പണം ആസ്ത്രേലിയൻ സർക്കാറിന് അതിനാൽ ഇപ്പോൾ വിനിയോഗിക്കേണ്ടി വരുന്നു. ചില സംസ്ഥാനങ്ങളിൽ മുയ ലുകളെ ഓമനമൃഗങ്ങളായി വളർത്തുന്ന തിനു പോലും ഇപ്പോൾ നിലവിൽ നിരോധനമുണ്ട്.

ആസ്ത്രേലിയൻ മുയൽ പഠനം

എങ്ങനെയാണ് അല്ലെങ്കിൽ എന്തുകൊണ്ടാണ് ഈ യൂറോപ്യൻ മുയലുകൾക്ക് ആസ്ത്രേലിയയിൽ ഇത്രവലിയ അധിനിവേശം നടത്താനായത് എന്നതാണു സയൻസ് അന്വേഷിക്കുന്നത്. ആസ്ത്രേലിയ, ന്യൂസിലാൻ്റ്, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ മുയലുകളുടെ ജനിതക വിശകലനം നടത്തിക്കൊണ്ടുള്ള ഏറ്റവും പുതിയ പഠനം കണ്ടെത്തിയത് ആസ്ത്രേലിയൻ മുയലുകൾക്കെല്ലാം ഒരേപോലെയുള്ള ജനിതകമാണെന്നാണു്. ഇതാകട്ടെ കാട്ടുമുയലുകളുടേയും നാട്ടു മുയലുകളുടേയും ജനിതകം കൂടിചേർന്നതുമാണ്. അമ്മയിൽ നിന്നും വരുന്ന മൈറ്റോകോണ്ഡ്രിയൽ ഡി.എൻ.എ പഠനം നടത്തിയപ്പോൾ മുഴുവൻ ആസ്ത്രേലിയൻ മുയലുകളും യൂറോപ്പിൽ നിന്നും വന്ന വെറും 5 പെൺമുയലുകളുടെ സന്തതിപരമ്പരയാണെന്നും കണ്ടു. അതായത് തോമസ് ഓസ്റ്റിൻ വേട്ടവിനോദത്തിനായി കൊണ്ടുവന്ന കാട്ടുമുയലുകളൂടേയും നാട്ടുമുയലുകളുടേയും സങ്കരജാതിയാണു ഈ കടന്ന് കയറ്റം ഉണ്ടാക്കിയത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും മാളങ്ങൾ തുരന്ന് വാസസ്ഥലം ഉണ്ടാക്കാനും നാട്ടുമുയലുകളേക്കാൾ മിടുക്ക് കാട്ടുമുയലുകൾക്കാണു. അത്തരം ജീനുകളും നാട്ടുമുയലുകളുടെ ജീനുകളും ചേർന്നുണ്ടായ പുതിയ സങ്കരയിനം, ആസ്ത്രേലിയൻ പ്രകൃതിയിൽ കൂടുതൽ ഇണങ്ങിച്ചേ രുകയും പെറ്റുപെരുകി ആസ്ത്രേലിയ മുഴുവൻ വ്യാപിക്കുകയും ചെയ്തു

ഫോട്ടോ : Eddie Jim

എന്താണു ഇത്തരം പഠനങ്ങളുടെ പ്രസക്തി

കാട്ടുമുയലുകളും നാട്ടുമുയലുകളും ചേർന്ന സങ്കരയിനം രൂപപ്പെട്ടതാണ് യൂറോപ്യൻ മുയലുകളുടെ ആസ്ത്രേലിയൻ അധിനിവേശം സാധ്യമാക്കിയത്. പ്രതികൂല പരിസ്ഥിതിയിലും മുയലുകൾ പെറ്റുപെരുകാൻ അവസരമുണ്ടായി. ഇതിനെ എല്ലാം തികഞ്ഞ കൊടുങ്കാറ്റ് (Perfect storm) എന്ന് പറയാം. അതായത് ശരിയായ സ്ഥലത്ത് ശരിയായ സമയത്ത്, ശരിയായ പരിസ്ഥിതി മാറ്റങ്ങൾ നടന്നുകൊണ്ടിരി ക്കുമ്പോൾ അതിനു യോജിച്ച മുയലുകൾ രംഗം കയ്യടക്കി.

എങ്ങനെയാണ് ജനിതകഘടന ഒരു ജൈവ അധിനിവേശത്തെ സഹായിക്കുന്നത് എന്ന് മനസ്സിലാക്കാൻ ചരിത്രവും സയൻസും ചേർന്നു നടത്തുന്ന ഇത്തരം പഠനങ്ങൾ സഹായിക്കും. മാത്രമല്ല, എങ്ങനെ ഇത്തരം ജൈവഅധിനിവേശങൾ ഭാവിയിൽ നടക്കും എന്നത് പ്രവചിക്കാനും അത് മുൻകൂട്ടി കണ്ട് ഒഴിവാക്കാനും ഈ പഠനങ്ങൾ സഹായകമാണ്.


അധികവായനയ്ക്ക്

A single introduction of wild rabbits triggered the biological invasion of Australia, August 22, 2022,

Happy
Happy
15 %
Sad
Sad
4 %
Excited
Excited
19 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
63 %

3 thoughts on “ആസ്ത്രേലിയയിൽ മുയലുകൾ വില്ലന്മാർ ആണോ ?

  1. നാട്ടുമുയലുകളുടെയും കാട്ടുമുയലുകളുടെയും ക്രോമസോം നമ്പർ വ്യത്യസ്തമാണെന്നും അവ തമ്മിൽ യോജിച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നുമാണ് അറിവ്. അപ്പോൾ ഇതെങ്ങനെ സംഭവിക്കും? ( ക്രോമസോം നമ്പർ 44&48)ആസ്‌ട്രേലിയയിലെ മുയൽ അധിനിവേശത്തെക്കുറിച്ച് മുമ്പ് വായിച്ചതിലും ഇത് കേട്ടിട്ടില്ല.വിശദമാക്കാമോ?

    1. ഇത് ആസ്ത്രേലിയൻ ബണ്ണി അധിനിവേശത്തെ കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ആണു. ഇതിൽ ആസ്ത്രേലിയയിൽ അധിനിവേശം നടത്തിയ യൂറോപ്യൻ മുയലുകളെ കുറിച്ചാണു പഠിച്ചത് European rabbit (Oryctolagus cuniculus അതിൻ്റെ ഡൊമസ്റ്റികേറ്റഡ് സബ്സ്പീസിസ് domesticated rabbit (Oryctolagus cuniculus domesticus)
      രണ്ടിനും 21 ജോഡി ക്രോമസോമുകൾ ആണു. ബ്രീഡിങ്ങ് സാധ്യമാണു.

      കമൻ്റിൽ പരാമർശിച്ചവ അമേരിക്കയിൽ കാണുന്ന വൈൾഡ് റാബിറ്റും ( Lepus sylvaticus) യൂറോപ്യൻ ഡൊമസ്റ്റികേറ്റഡ് റാബിറ്റും ആയിരിക്കും എന്ന് കരുതുന്നു. ഇവ രണ്ടും രണ്ട് സ്പീസിസ് ആണു. ബ്രീഡിങ്ങ് നടക്കാൻ സാധ്യത വളരെ കുറവാണു.

      ആസ്ത്രേലിയയിൽ യൂറോപ്യൻ മുയലുകൾ ആണു അധിനിവേശം നടത്തിയത്.

Leave a Reply

Previous post അസ്ഥിമാടങ്ങള്‍ കഥ പറയുമ്പോള്‍
Next post താരേ സമീൻ പർ – ന്യൂക്ലിയർ ഫ്യൂഷൻ ഗവേഷണത്തിൽ വഴിത്തിരിവ്
Close