ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന പംക്തി.
ശബ്ദത്തെക്കുറിച്ച് ചില പ്രാഥമിക പഠനങ്ങൾ നടത്തി, അദ്ദേഹത്തിന്റെ മഹത്തായ സംഭാവനയാണ് പൈഥഗോറസ് സിദ്ധാന്തം. ഭൂമിക്ക് ഗോളാകാരമാണെന്നും ഗ്രഹങ്ങൾക്കെല്ലാം അവയുടേതായ സഞ്ചാരപഥങ്ങളുണ്ടെന്നും കണ്ടെത്തി.
[dropcap]സു[/dropcap]പ്രസിദ്ധ ഈജിയൻ (Aegean) ദ്വീപായ സാമോസിൽ (Samos) 582 ബി.സി.യിൽ ജനിച്ചു. മറ്റെല്ലാ ഗ്രീക്ക് ചിന്തകന്മാരേയും പോലെ പൈഥഗോറസും വിജ്ഞാനസമ്പാദനത്തിനും മറ്റുമായി ഈജിപ്തിലും മറ്റു പൂർവദേശങ്ങളിലും സഞ്ചരിക്കുകയുണ്ടായി. പ്രശസ്ത യവന ചിന്തകരായ അനാക്സിമാൻഡറുടെയും ഥെയിൽസിന്റെയും കീഴിൽ പഠിക്കുവാനുള്ള അവസരം പൈഥഗോറസിന് ലഭിച്ചു. പ്രഗദ്ഭരായ ഗുരുക്കന്മാരുടെ കൂടെയുളള അഭ്യസനം പൈഥഗോറസിൽ മൊട്ടിട്ടു നിന്നിരുന്ന വിജ്ഞാനതൃഷ്ണയെ ഉദ്ദീപിപ്പിച്ചു.
529 ബി.സി.യിൽ അദ്ദേഹം സാമോസിൽ നിന്നു തെക്കെ ഇറ്റലിയിലുള്ള ക്രോട്ടൻ എന്ന സ്ഥലത്ത് താമസമാക്കി. അക്കാലത്ത് ദക്ഷിണ ഇറ്റലിയുടെ തീരപ്രദേശങ്ങളും കിഴക്കൻ സിസിലിയും ഗ്രീക്കുകാരുടെ അധീനത്തിലായിരുന്നു. ഗ്രീക്ക് സംസ്കാരവും ആധിപത്യവും അവിടങ്ങളിൽ നിലനിന്നു പോന്നു. സാമോസിലെ ഭരണാധിപനായിരുന്ന പോളിക്രറ്റിസിന്റെ (Polycrates) സേഛാധിപത്യത്തിൽ മടുത്താണ് പൈഥഗോറസ് അവിടം വിട്ടതെന്ന് കരുതുന്നു. പൈഥഗോറസിന്റെ വരവോടെ ഥെയ് ലീസ് ഗ്രീസിന്റെ കിഴക്കൻ ഭാഗത്ത് ആരംഭിച്ച ശാസ്ത്രീയവും തത്ത്വചിന്താപരവും ആയ പാരമ്പര്യം പശ്ചിമ ഭാഗത്തേക്കും വ്യാപിച്ചു. നിഗുഢത, ആത്മസംയമനം, അധ്യാത്മദർശനം എന്നിവയിൽ ഊന്നിയ വിശ്വാസവ്യവസ്ഥക്ക് പൈഥഗോറസ് തുടക്കമിട്ടു. ഈ ആരാധാനാസമ്പ്രദായം (cult) ‘പൈഥഗോറിയനിസം’ എന്ന പേരിൽ അറിയപ്പെടുന്നു. ഇത് ഇരുമ്പു ദണ്ഡുകൊണ്ട് തീതളളുക, അമരപ്പയർ ഭക്ഷിക്കുക തുടങ്ങിയവ വിലക്കിയിരുന്നു. ആത്മാവിന് ദേഹാന്തര പ്രാപ്തിയുണ്ടെന്നും ഈ വിശ്വാസ സംഹിത പ്രഖ്യാപിച്ചു. പൈഥഗോറിയനിസത്തിന് അഭിജാതരുടെ ഇടയിൽ ആദ്യം വലിയ പ്രചാരം ലഭിച്ചെങ്കിലും പിന്നീട് തിരിച്ചടി നേരിടേണ്ടിവന്നു. പൈഥഗോറസിന്റെ മരണത്തിന് പത്തു വർഷം മുമ്പേ അദ്ദേഹത്തെ ക്രോട്ടണിൽ നിന്നു പുറത്താക്കുന്നതിൽ ഇത് കലാശിച്ചു.
ശബ്ദത്തെക്കുറിച്ച് പൈഥഗോറസ് വിശദമായ പഠനങ്ങൾ നടത്തി. സംഗീത ഉപകരണത്തിലെ ചരടുകൾക്ക് നീളം കുറഞ്ഞിരുന്നാൽ ശബ്ദം കൂടുതൽ ഉച്ചത്തിലുള്ള അവസ്ഥയിൽ ആയിരിക്കുമെന്ന് അദ്ദേഹം കണ്ടെത്തി. ചരടിന്റെ നീളവും ശബ്ദത്തിന്റെ ഉച്ചനീചാവസ്ഥയും (pitch) തമ്മിൽ ബന്ധമുണ്ടെന്ന നിഗമനത്തിൽ പൈഥഗോറസ് എത്തിച്ചേർന്നു. ഒരു ചരട് മറ്റൊന്നിന്റെ ഇരട്ടി നീളമുളളതാണെങ്കിൽ അതിൽ നിന്നുളള ഒരു “ഒക്റ്റൈവ്” (octave) കുറഞ്ഞിരിക്കും. (സംഗീതത്തിൽ സ്ഥായിയിൽ നിന്ന് ആറ് സ്വരങ്ങൾ കീഴേയോ മേലേയോ). ചരടുകളുടെ “പിരിമുറുക്കം’ (tension) വർധിപ്പിച്ച് “പിച്ച് ഉയർത്തുവാൻ സാധിക്കുമെന്നും കണ്ടെത്തി. ശബ്ദത്തെക്കുറിച്ച് പല പരീക്ഷണങ്ങളിലും പൈഥഗോറസ് ഏർപ്പെട്ടു. ആധുനിക ശാസ്ത്ര വികസനത്തിന്റെ വെളിച്ചത്തിലും ഊർജതന്ത്രത്തിലെ ശബ്ദത്തെക്കുറിച്ചുള്ള ഗ്രീക്കുകാരുടെ നിഗമനങ്ങൾ പലതും പ്രസക്തമാണ്.
ഗണിതശാസ്ത്ര സംബന്ധമായ അന്വേഷണങ്ങളിലും പൈഥഗോറസ് ഏർപ്പെട്ടു. “നമ്പറു’കളെക്കുറിച്ചെല്ലാം അദ്ദേഹം പഠനങ്ങൾ നടത്തി. പൈഥഗോറസ് തിയറം എന്ന പേരിലറിയപ്പെടുന്ന സുപ്രസിദ്ധ “തിയറം’ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനയാണ്. പ്രഭാത നക്ഷത്രവും (ഫോസ്ഫറസ്) സായാഹ്ന നക്ഷത്രവും (ഹോസ്പെറെസ് – Hesperus) ഒന്നാണെന്ന് കണ്ടെത്തിയ ആദ്യത്തെ ഗ്രീക്ക് പണ്ഡിതനും പൈഥഗോറസ് ആയിരുന്നു. അദ്ദേഹത്തിനു ശേഷം അത് അഫ്രോഡൈറ്റ് – (Aphrodite) എന്ന പേരിലറിയപ്പെട്ടു. വീനസ് (Venus-ശുകൻ) എന്ന ഗ്രഹമായിരുന്നു അത്. ചന്ദ്രന്റെ ഭ്രമണ വീഥി (orbit) ഭൂമധ്യരേഖയുടെ അതേ തലത്തിലല്ല എന്നും അൽപം ചെരിഞ്ഞ ഒരു കോൺമൂല (angle) യിൽ ആണെന്നും പെഥഗോറസ് മനസ്സിലാക്കി. ഭൂമിക്ക് ഗോളാകാരമാണെന്ന് പ്രസ്താവിച്ച ആദ്യത്തെ ചിന്തകൻ പൈഥഗോറസ് ആയിരുന്നു. സൂര്യൻ, ചന്ദ്രൻ, മറ്റു ഗ്രഹങ്ങൾ എന്നിവകൾക്കെല്ലാം അവയുടേതായ സഞ്ചാരപഥങ്ങൾ ഉണ്ടെന്ന് പൈഥഗോറസ് കണ്ടെത്തി. 497 ബി.സി.യിൽ ദക്ഷിണ ഇറ്റലിയിലെ മെറ്റപോൺടം (Metapontum) എന്ന സ്ഥലത്തുവച്ച് പൈഥഗോറസ് നിര്യാതനായി.
പൈഥഗോറസ് സിദ്ധാന്തം തെളിയിക്കുന്ന ആനിമേഷൻ
അവലംബം – ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.