മാനസിക രോഗങ്ങളുടെ ലക്ഷണങ്ങളും പ്രത്യേകതകളും വിശദീകരിക്കാനും മാനദണ്ഡങ്ങൾ നിശ്ചയിക്കാനും അമേരിക്കൻ സൈക്യാട്രിക്ക് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന Diagnostic and Statistical Manual of Mental Disorders (DSM) പുതിയ പതിപ്പായ DSM 5 TR 2022 മാർച്ചിൽ പുറത്തിറങ്ങി.
അടുപ്പമുള്ളവരുടെ മരണത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത അവസ്ഥയായ Prolonged Grief Disorder (PGD), Trauma and Related Stressors എന്ന വിഭാഗത്തിൽ ഒരു പുതിയ രോഗമായി ഇതിൽ ഉൾപ്പെടുന്നു. DSM-ന്റെ പരിഷ്കരിച്ച നാലാം പതിപ്പ് (DSM IV TR) വരെ കടുത്ത വിഷാദ രോഗത്തിന്റെ (Major Depressive Disorder) ലക്ഷണങ്ങൾ ഉള്ള ഒരാൾ വേണ്ടപ്പെട്ട ഒരാളുടെ മരണത്തെ തുടർന്നുള്ള ദുഃഖത്തിൽ ആയിരുന്നെങ്കിൽ രോഗനിർണയം നടത്തുമായിരുന്നില്ല. അവിടെ നിന്ന് ഉള്ള ഈ മാറ്റം ശ്രദ്ധേയമാണ്.
2022 ജനുവരിയിൽ നിലവിൽ വന്ന WHO-യുടെ International Classification of Diseases പതിനൊന്നാം പതിപ്പിലും (ICD-11) PGD ഉൾപ്പെടുത്തിയിട്ടുണ്ട്. വിയോഗ ദു:ഖം (Grief), വിലാപം/ദുഃഖാചരണം (Mourning) തുടങ്ങിയവയിൽ ഓരോ സമൂഹത്തിലെയും സംസ്കാരത്തിന് കാര്യമായ സ്വാധീനം ഉണ്ടെന്നത് ഇത്തരമൊരു രോഗത്തിന്റെ നിർണയത്തിൽ പരിഗണിക്കേണ്ട ഒരു ഘടകമാവാം. വിയോഗ ദുഃഖത്തെ അനാവശ്യമായി രോഗവൽക്കരിക്കുന്നതാണ് ഈ നീക്കമെന്നും ദുഃഖാചരണത്തിന് കാലാവധി നിശ്ചയിക്കുന്നത് അനാവശ്യമാണെന്നുമുള്ള വിമർശനങ്ങളും ഉണ്ട്.
വേണ്ടപ്പെട്ട ഒരാളുടെ മരണത്തെ തുടർന്ന് പെട്ടെന്നുള്ള പ്രതികരണത്തിന്റെ രൂക്ഷത (initial reactions) ഇന്റ്യ ഉൾപ്പെടുന്ന കിഴക്കൻ രാജ്യങ്ങളിൽ കൂടുതൽ ശക്തമായിരിക്കുകയും എന്നാൽ ഇവിടത്തുകാർ മരണം ഏൽപ്പിക്കുന്ന ആഘാതത്തിൽനിന്ന് വേഗം കരകയറുകയും ചെയ്യുന്നു. മറിച്ച് പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉള്ളവരുടെ ആദ്യ പ്രതികരണങ്ങൾ അത്ര കടുത്തതാവില്ലെങ്കിലും അവർക്ക് ഒരു മരണത്തിന്റെ ഷോക്കിൽ നിന്ന് മുക്തരാവാൻ കൂടുതൽ സമയം വേണ്ടി വരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.
മറ്റു പ്രധാന മാറ്റങ്ങൾ:
- ആത്മഹത്യാപരമായ പെരുമാറ്റം (suicidal behavior), ആത്മഹത്യാപരമല്ലാത്ത സ്വയം പീഡ (nonsuicidal self-injury – NSSI) എന്നിവ ഒരു രോഗത്തിന്റെ ഭാഗമല്ലാതെ തന്നെ പ്രത്യേക ശ്രദ്ധ കൊടുക്കാവുന്ന പ്രശ്നങ്ങളായി അംഗീകരിക്കുന്നു.
- ആദ്യം Mental Retardation എന്നും പിന്നീട് Intellectual Disability എന്നും വിളിച്ചിരുന്ന അവസ്ഥകളെ Intellectual Developmental Disorder എന്ന് പേര് മാറ്റിയിട്ടുണ്ട്. അതുപോലെ നേരത്തെ ഉണ്ടായിരുന്ന Conversion Disorder എന്ന രോഗത്തിന്റെ പേര് Functional Neurological Symptom Disorder എന്നും ആക്കിയിട്ടുണ്ട്. Social Anxiety Disorder എന്ന രോഗത്തിന്റെ വിവരണത്തിൽ നിന്ന് പഴയ പ്രയോഗമായ social phobia എന്നത് പൂർണ്ണമായും നീക്കിയിട്ടുമുണ്ട്.
- Cisgender എന്ന പദം ഉൾപ്പെടുത്തുകയും അതിന് നിർവചനം കൊടുക്കുകയും ചെയ്തിരിക്കുന്നു. “Desired gender” എന്ന പഴയ പ്രയോഗം “Experienced gender” എന്നും “Cross-sex medical procedure” എന്നത് മാറ്റി “Gender-affirming medical procedure” എന്നും ആക്കിയിട്ടുണ്ട്. അതുപോലെ “natal male”/“natal female” എന്നത് “individual assigned male/female at birth” എന്നും മാറ്റി.
- വംശീയത (racism), വിവേചനം (discrimination) തുടങ്ങിയവ മൂലം ഉണ്ടാകുന്ന ദോഷങ്ങളെ പരിഗണിക്കാനായി DSM-ൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ പൂർണ്ണമായും പരിഷ്കരിച്ചിട്ടുണ്ട്. ഒപ്പം ഓട്ടിസം സ്പെക്ട്രം രോഗങ്ങൾ, ബൈപോളാർ ഡിസോർഡർ, മേജർ ഡിപ്രഷൻ തുടങ്ങിയ രോഗങ്ങളുടെ മാനദണ്ഡങ്ങളിൽ ചെറിയ മാറ്റങ്ങളും പുതിയ DSM പതിപ്പിൽ വന്നിട്ടുണ്ട്.