അമേരിക്കയിലെ ബ്രോക്ക്പോർട്ട് (Brockport) എന്ന സ്ഥലത്തു വളർന്ന ഇന്ത്യൻ വംശജയായ ഒരു പെൺകുട്ടി, ചെറിയ പ്രായത്തിൽ തന്നെ അവൾക്കു പഠിക്കാൻ വലിയ താല്പര്യമായിരുന്നു. അതോടൊപ്പം തന്നെ ഒഴിവുസമയങ്ങളിൽ, അടുത്തുള്ള ഗ്രാമങ്ങളിലെ കുട്ടികളെ പഠിപ്പിക്കാനും സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുക്കാനും അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അച്ഛൻ പറഞ്ഞതനുസരിച്ച്, എളുപ്പത്തിൽ ഒരു ജോലിനേടാനായി കണക്കും കമ്പ്യൂട്ടർ സയൻസും നന്നായി പഠിച്ചു. പക്ഷെ കോളേജിൽ എത്തിയപ്പോൾ അവളുടെ താല്പര്യം ജീവശാസ്ത്രം (Biology) ആണെന്നു തോന്നിയതിനാൽ ആ വിഷയത്തിൽ ബിരുദപഠനം തുടങ്ങി.
അമേരിക്കയിലെ ബിരുദപഠനത്തിനു ശേഷമുള്ള അവധിക്കാലത്ത് ആ പെൺകുട്ടി ഇന്ത്യയിലേക്ക് വന്നു. ബാംഗ്ലൂരിന് അടുത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു അവളുടെ അച്ഛന്റെ വീട്. ആ ഒഴിവുകാലത്തും അവധി ആഘോഷിക്കാനായിരുന്നില്ല അവളുടെ താല്പര്യം. ഇന്ത്യയിൽ, മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ സഹായിക്കുന്ന ഒരു സന്നദ്ധസംഘടനയിൽ പ്രവർത്തിക്കാനാണ് ആ പെൺകുട്ടി ആഗ്രഹിച്ചത്. അക്കാലത്തെ പ്രവർത്തനങ്ങളിലൂടെ മാനസികാരോഗ്യത്തെ കുറിച്ചും നമ്മുടെ നാഡീവ്യൂഹത്തെ കുറിച്ചും കൂടുതൽ അറിയാൻ അവൾ ആഗ്രഹിച്ചു. അങ്ങനെ ബാംഗ്ലൂരിലെ NCBS ൽ ഒരു വർഷത്തേക്ക് ജോലിക്ക് കയറി, ഗവേഷണം ആരംഭിച്ചു. ആ പെൺകുട്ടിയാണ് ഇന്ന് ലോകം അറിയുന്ന ന്യൂറോശാസ്ത്രജ്ഞയായ ഡോ. പ്രിയംവദ രാജ സേതുപതി.
ബാംഗ്ലൂരിൽ വച്ച്, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഓർമ്മകളെക്കുറിച്ചു മനസ്സിലാക്കുകയായിരുന്നു പ്രിയയുടെ ഗവേഷണം. നേരത്തെയുള്ള കമ്പ്യൂട്ടർ സയൻസ് പഠനം ഈ ഗവേഷണത്തിന് ഏറെ സഹായിച്ചു. എന്നാൽ ഒഴിവു സമയങ്ങളിൽ വീണ്ടും പ്രിയ, രോഗികൾക്കിടയിൽ തന്നെ പ്രവർത്തിച്ചുകൊണ്ടിരുന്നു. മാനസികരോഗവും ഓർമ്മത്തകരാറുകളുമുള്ള മനുഷ്യരുടെ ഇടയിൽ പ്രവർത്തിച്ചപ്പോൾ തന്റെ പഠനമേഖലയും താൽപര്യവും അതാണെന്ന് പ്രിയ തിരിച്ചറിഞ്ഞു. ഇന്ത്യയിൽ നിന്നും തിരിച്ചു പോകുമ്പോൾ ഗവേഷണമാണ് തന്റെ പാതയെന്നും തീരുമാനിച്ചു.
അമേരിക്കയിൽ തിരിച്ചെത്തിയ ശേഷം, കാലിഫോർണിയയിലെ കൊളംബിയ സർവ്വകലാശാലയിൽ ചേർന്ന് ബിരുദാനന്തരബിരുദവും (എം.ഡി.) ഗവേഷണ ബിരുദമായ പിഎച്ച്.ഡി. യും നേടി. നൊബേൽ സമ്മാന ജേതാവായ പ്രൊഫ. എറിക് കാൻഡലി നൊപ്പമാണ് പ്രിയ, തന്റെ ഗവേഷണം ആരംഭിച്ചത്. 2024-ലെ വൈദ്യശാസ്ത്ര നോബൽസമ്മാനം ലഭിക്കുന്നത് അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസിനും ഗാരി റുവ്‌കുനുമാണ്. ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമായ ആർ എൻ എ (RNA- Ribonucleic acid) പലതരമുണ്ട്. അതിൽ തന്നെ, മൈക്രോ ആർ എൻ എ എന്ന കുഞ്ഞൻ ആർ എൻ എ യുടെ കണ്ടെത്തലിനാണ് ഇരുവർക്കും നോബൽ സമ്മാനം ലഭിച്ചത്. പ്രോട്ടീൻ ഉല്പാദിക്കുന്നതിനുള്ള ജീനുകളുടെ പ്രവർത്തനങ്ങളെ മൈക്രോ ആർ എൻ എ എങ്ങിനെ നിയന്ത്രിക്കുന്നു എന്നവർ കണ്ടെത്തി.
എന്നാൽ, പ്രോട്ടീൻ നിർമ്മാണം നിർത്തിവയ്ക്കുന്ന ഈ മൈക്രോ ആർ എൻ എ എന്ന കുഞ്ഞൻ തന്മാത്രയ്ക്ക് നമ്മുടെ ഓർമ്മകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതായിരുന്നു ഡോ. പ്രിയംവദ രാജ സേതുപതിയുടെ അന്വേഷണം. Aplysia californica എന്ന ശാസ്ത്രീയനാമമുള്ള ഒരു പ്രത്യേകതരം കടൽ ഒച്ചിലാണ് അവർ പഠനം നടത്തിയത്. അവയുടെ തലച്ചോറിൽ നമ്മുടെ നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്ന 20,000 ത്തോളം നാഡീകോശങ്ങളുണ്ട്. ഈ നാഡീകോശങ്ങളിലെ മൈക്രോ ആർ എൻ എ കൾക്ക് ഓർമ്മകളെ നിയന്ത്രിക്കുന്നതിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന വിഷയത്തിൽ ഗവേഷണം ആരംഭിച്ചു.
ഓർമ്മകൾ രണ്ട് തരത്തിലുണ്ട്, ഏറെ നാൾ നിലനിൽക്കുന്ന ഓർമ്മകളും വളരെ ചെറിയ സമയം മാത്രം നിലനിൽക്കുന്ന ഓർമ്മകളും! അത്ഭുതമെന്നു പറയട്ടെ, ഈ കടൽ ഒച്ചിന്റെ നാഡീകോശങ്ങളിലെ മൈക്രോ ആർ എൻ എ അവയുടെ ഏറെനേരം നിലനിൽക്കുന്ന ഓർമ്മകളുടെ രുപീകരണത്തിൽ പങ്കെടുക്കുന്നുണ്ട് എന്നു കണ്ടെത്താൻ കഴിഞ്ഞു! കുറഞ്ഞത് 48 മണിക്കൂറെങ്കിലും നീണ്ടു നിൽക്കുന്ന ഓർമ്മകളുടെ രൂപീകരണത്തിനാണ് ഈ ഇത്തിരികുഞ്ഞൻ തന്മാത്രകൾ സഹായിക്കുന്നത്.
ഈ കടൽ ഒച്ചിന്റെ തന്നെ നാഡീകോശത്തിലെ മറ്റൊരു തന്മാത്രയായ പി ആർ എൻ എ (piRNA), ദീർഘകാലം നിലനില്കുന്ന ഓർമ്മകളെ ഇല്ലാതാക്കുന്ന ഒരു പ്രോട്ടിന്റെ നിർമ്മാണം നിർത്തിവയ്ക്കുന്ന തായി മനസ്സിലാക്കി. അതായത്, അവയും നീണ്ടകാലത്തേക്കുള്ള ഓർമ്മകളുടെ രൂപീകരണത്തിനു സഹായിക്കുന്നു എന്ന് കണ്ടെത്തി.
മസ്തിഷ്കത്തിലെ അസാധാരണമായ ഓർമ്മകളുടെ വിന്യാസവും ജനിതകമാറ്റങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്, സ്റ്റാൻഫോഡ് സർവകലാശാലയിൽ വച്ച് പ്രിയ ഗവേഷണം നടത്തിയത്. തുടർന്ന്, ഗവേഷണം എലികളുടെ നാഡീകോശങ്ങളിലേക്കും അവയുടെ ഓർമ്മകളിലേക്കും മാറ്റി. പെരുമാറ്റ രീതികളെ കുറിച്ചുകൂടി പഠിക്കാൻ വേണ്ടിയാണ് ഒച്ചിൽ നിന്നും എലികളിലേക്ക് മാറിയത്. എലികൾ എന്നതൊരു മാതൃകാജീവി മാത്രമാണ്.
രണ്ട് ഗ്രൂപ്പുകളായി തിരിച്ച എലികളിൽ ഒരു ഗ്രൂപ്പിനെ ഒരു കൂട്ടിൽ ഇട്ടു, അവയ്ക്ക് പഞ്ചസാര ചേർത്ത വെള്ളം കൊടുത്തു അവയെ സന്തോഷിപ്പിച്ചു. എന്നാൽ അതേസമയം, മറ്റൊരു കൂട്ടിലിട്ട രണ്ടാമത്തെ സംഘത്തിൽപ്പെട്ട എലികൾക്ക് പേടിപ്പെടുത്തുന്ന അനുഭവങ്ങളാണ് നൽകിയത്. പെട്ടന്നു കാറ്റടിപ്പിക്കുന്നതു പോലെയുള്ള അനുഭവങ്ങൾ. ഈ രണ്ട് സാഹചര്യങ്ങളിലും അവയുടെ തലച്ചോറിന്റെ ചിത്രങ്ങൾ എടുത്തു. അവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പഠിച്ചു. ഈ രണ്ട് ഗ്രൂപ്പിലെ എലികളുടെയും തലച്ചോറിന്റെ വ്യത്യസ്തഭാഗങ്ങളിലെ കോശങ്ങളിൽ മാറ്റങ്ങൾ വന്നതായി മനസ്സിലാക്കി. അങ്ങനെ ഓർമ്മകൾ രൂപപ്പെടുന്നതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.
2017-ൽ ഡോ. പ്രിയ, റോക്ക് ഫെല്ലൂർ സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയായി. ഇപ്പോഴും നമ്മുടെ ഓർമ്മകൾ എങ്ങനെയാണ് രൂപീകരിക്കപ്പെടുന്നത്? എങ്ങനെയാണവ സൂക്ഷിച്ച് വയ്ക്കപ്പെടുന്നത്? എന്നതിനെക്കുറിച്ചുള്ള പഠനത്തിലാണ്. ഈ പഠനങ്ങളിലൂടെ ഓർമ്മകൾ നഷ്ടപ്പെടുന്ന രോഗികളെ രക്ഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡോ. പ്രിയംവദ രാജസേതുപതിയും സംഘവും. നമ്മുടെ മസ്തിഷ്കം എങ്ങനെയാണ് ഓരോ കാര്യങ്ങൾ ഓർക്കുന്നത് എന്നതു തേടിയാണ് ഡോ. പ്രിയയുടെ യാത്രകൾ. മനുഷ്യനിലെ നാഡിവ്യവസ്ഥയുടെ തകരാറുകൾ പഠിക്കാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും ഈ പഠനങ്ങൾക്ക് കഴിയും. ഒരു കമ്പ്യൂട്ടർ എഞ്ചിനിയർ ആകാൻ ആരംഭിച്ച ജീവിതയാത്ര പിന്നീട് ഒരു ഡോക്ടറിലേക്കും മാനസികാരോഗ്യ വിദഗ്ദ്ധയിലേക്കും ഒടുവിൽ ഒരു ന്യൂറോ ശാസ്ത്രജ്ഞയിലേക്കും എത്തിപ്പെട്ട കഥയാണ് ഡോ. പ്രിയം വദ രാജസേതുപതിയുടേത്.
നമ്മുടെ ആരോഗ്യരംഗത്ത് ഇന്ന് ധാരാളം ഗവേഷണങ്ങ ൾ നടക്കുന്നുണ്ട് എന്നറിയാമല്ലോ? അങ്ങനെയാണ് ഇന്ന് നമുക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതും അസുഖങ്ങളിൽ നിന്നും പെട്ടെന്ന് രക്ഷനേടാൻ സാധിക്കുന്നതും! ഒരു ശാസ്ത്രജ്ഞയോ ശാസ്ത്രജ്ഞനോ ആകാൻ ആഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കിൽ ഒരു ഡോക്ടർ ആയാലും എഞ്ചിനിയർ ആയാലും ഫാർമസിസ്റ്റ് ആയാലും ഏതെങ്കിലും ശാസ്ത്രവിഷയത്തിൽ ബിരുദം നേടിയാലുമെല്ലാം നിങ്ങൾക്ക് കൂടുതൽ പഠിച്ച്, ഗവേഷണം നടത്തി, ആ മേഖലയിൽ പുതിയ പുതിയ കണ്ടെത്തലുകൾ നടത്താൻ കഴിയും!
ശാസ്ത്രകേരളം 2025 ഫെബ്രുവരി ലക്കത്തിൽ എഴുതിയ ലേഖനം. ശാസ്ത്രകേരളം ഓൺലൈനായി വരിചേരാം >>>
മറ്റു ലേഖനങ്ങൾ
വനിതാ ശാസ്ത്രപ്രതിഭകളുടെ ചിത്രഗാലറി
200 വനിതാശാസ്ത്രജ്ഞർ – ലൂക്ക തയ്യാറാക്കിയ പ്രത്യേക ഇന്ററാക്ടീവ് പതിപ്പ് സ്വന്തമാക്കാം