Read Time:52 Minute

പോസ്റ്റ്മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്നും വിശദീകരിക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു. 2025 ഏപ്രിൽ മാസത്തിലെ ശാസ്ത്രഗതിയിൽ  പ്രസിദ്ധീകരിച്ചത്.

ജൂലിയസ് സീസർ എന്ന വിശ്വപ്രസിദ്ധനായ റോമൻ ചക്രവർത്തിയെ അറിയാത്തവരായി ആരുംതന്നെയുണ്ടാകാൻ സാധ്യതയില്ല. സ്‌കൂളുകളിലെ ചരിത്രപാഠപുസ്‌തകങ്ങൾ പഠിച്ചവർ ആ പേര് ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും. എന്താണ് ജൂലിയസ് സീസറും വൈദ്യശാസ്ത്രവും തമ്മിലുള്ള ബന്ധം? ഒരുപക്ഷേ, മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഒരാത്മബന്ധമാണ് സീസറിന് ഇക്കാര്യത്തിലുള്ളത് എന്നുപറയേണ്ടിവന്നേക്കും. ജനനംകൊണ്ടും മരണംകൊണ്ടും ഒരാൾ ചരിത്രരേഖകളിൽ ഇടംപിടിക്കുക എന്നുവെച്ചാൽ ഒരുപക്ഷേ, അത് സീസറിനുമാത്രം സാധിച്ചിട്ടുള്ള ഒരപൂർവ സൗഭാഗ്യം ആയിരുന്നിരിക്കണം. അമ്മയുടെ ഗർഭപാത്രം കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന പ്രക്രിയയായ ‘സിസേറിയൻ സെക്‌ഷൻ’ എന്ന ഓപ്പറേഷന് ആ പേരുവരാനുള്ള കാരണം, ആദ്യമായി ജൂലിയസ് സീസറിനെ അത്തരത്തിൽ ജനിപ്പിച്ചതിനാലാണെന്ന് ഒരു പൊതുധാരണയുണ്ട്. ജനനത്തിന്റെ കാര്യത്തിൽ അതൊരു ധാരണ മാത്രമാണെങ്കിലും, ലോകത്താദ്യമായി നടത്തിയ പോസ്റ്റ്മോർട്ടം പരിശോധന മഹാനായ ജൂലിയസ് സീസറിന്റെ മൃതശരീരത്തിൽ ആയിരുന്നുവെന്നുള്ളത് ഒരു ചരിത്രസത്യമാണ്. സ്വന്തം അനുയായികളുടെ കുത്തേറ്റു മരിച്ച സീസറിന്റെ മൃതശരീരം പോസ്റ്റ്മോർട്ടം പരിശോധന നടത്തിയത് അദ്ദേഹത്തിന്റെ ഭിഷ്വഗ്വരനായ ആന്റിസ്റ്റിയസ് ആയിരുന്നത്രേ! സീസറിനേറ്റ ഇരുപത്തിമൂന്ന് കുത്തുകളിൽ നെഞ്ചിനേറ്റ, മരണകാരണമായ മുറിവേൽപ്പിച്ചത് ഏറ്റവും അടുത്ത അനുയായിയായിരുന്ന ബ്രൂട്ടസ് ആയിരുന്നു വെന്നുള്ളതും മറ്റൊരു സത്യം. ഇത് ലോകചരിത്രം. 

1928-ൽ ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയിലെ ഡിസെക്ഷൻ റൂം കടപ്പാട്: Eric Sundström

ഇനി, ഇന്ത്യൻ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, ഇവിടുത്തെ ആദ്യത്തെ പോസ്റ്റ്മോർട്ടം പരിശോധന നടത്തപ്പെട്ടിട്ടുള്ളത് 1693-ൽ ചെന്നൈയിൽ (അന്നത്തെ മദ്രാസ്) വെച്ചായിരുന്നുവെന്നാണ് രേഖകൾ പറയുന്നത്. ആർസെനിക് പോയ്സണിങ് സംശയിക്കപ്പെട്ട ഒരു കേസിൽ എഡ്വേർഡ് ബൽക്ളി എന്ന ഡോക്ടറാണ് ജെയിംസ് വീലർ എന്നയാളുടെ മൃതശരീരത്തിൽ ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ്മോർട്ടം നടത്തിയത്. അതിനുശേഷം അനേകം വർഷങ്ങൾപിന്നിട്ട് ഇന്നത്തെനിലയിൽ എത്തിയപ്പോഴേക്കും പോസ്റ്റ്മോർട്ടം എക്സാമിനേഷൻ അഥവാ മൃതദേഹ പരിശോധനയെന്ന പ്രക്രിയക്ക് വളരെയേറെ രൂപാന്തരം സംഭവിക്കുകയും അത്തരം പരിശോധനകൾ ശാസ്ത്രീയാടിസ്ഥാനത്തിൽ കൈകാര്യംചെയ്യുന്ന വൈദ്യശാഖയായ ഫോറൻസിക് മെഡിസിൻ നിലവിൽവരുകയും ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്യാനന്തരം പിന്നെയും വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ഫോറൻസിക് മെഡിസിൻ എന്ന വിഭാഗത്തിന് കൂടുതൽ വളർച്ചകൾ ഉണ്ടായതും ഇന്നത്തെ ആധുനികരീതിയിലുള്ള പോസ്റ്റ്മോർട്ടം പരിശോധനാസംവിധാനങ്ങൾ നിലവിൽ വന്നതും. 

എന്താണ് പോസ്റ്റ്മോർട്ടം പരിശോധന? 

ഏകദേശം അഞ്ചു വർഷങ്ങൾക്ക് മുമ്പുള്ള ഒരു സംഭവം പറഞ്ഞുതുടങ്ങാം. എറണാകുളത്ത് അരൂരിനടുത്ത് കായൽ കരയിൽ ഒരു നീലവിപ്പ് കാണപ്പെട്ടു എന്ന പത്രവാർത്തയാണ് തുടക്കം. സാധാരണ ഉപേക്ഷിക്കപ്പെട്ട നിലയിലാണത് കാണപ്പെട്ടതെങ്കിലും അതിന്റെ മുകൾഭാഗം കോൺക്രീറ്റ്‌ ചെയ്‌ത് ഭദ്രമാക്കിയ നിലയിലായിരുന്നു. പൊലീസ് വന്ന് കോൺക്രീറ്റ് പൊട്ടിച്ചപ്പോൾ അതിൽ അസ്ഥികളെന്നപോലെ തോന്നുന്ന ഭാഗങ്ങൾ കാണാൻ കഴിഞ്ഞു. ഉടൻതന്നെ കൂടുതൽ പരിശോധനകൾക്കായി പൊലീസ് എറണാകുളം മെഡിക്കൽ കോളേജിൽനിന്നും ഫോറൻസിക് സർജന്റെ സേവനം തേടുകയും ചെയ്തു. പിന്നീട്, ആ വീപ്പ ശ്രദ്ധാപൂർവം പൊട്ടിച്ചുനോക്കിയപ്പോൾ അതിനകത്ത് ഏകദേശം പൂർണ്ണമായി അഴുകി അസ്ഥികുടംമാത്രമായ രീതിയിലുള്ള ഒരു മൃതശരീരമാണ് കാണാൻ കഴിഞ്ഞത്. പിന്നീട് നടത്തിയ വിശദമായ ഫോറൻസിക് പരിശോധനയിൽ അതൊരു സ്ത്രീയുടെ അസ്ഥികൂടമാണെന്നും അതിന് ഏകദേശം ഒന്നരവർഷത്തെ പഴക്കമുണ്ടെന്നും അവർക്ക് 50 വയസ്സിനടുത്ത് പ്രായമുണ്ടെന്നും ഉദ്ദേശം 155 സെന്റിമീറ്റർ ഉയരമുണ്ടാകാമെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ഇതുകൂടാതെ, വീപ്പയിൽ നിന്നും ലഭിച്ച ദ്രവിച്ചുതുടങ്ങിയ വസ്ത്രഭാഗങ്ങളിൽനിന്നും അവരുടെ ജീവിതരീതിയെപ്പറ്റിയുള്ള ഒരു ഏകദേശ അനുമാനവും അരഞ്ഞാണത്തിന്റെയും വസ്ത്രങ്ങളുടെയും മറ്റും വലുപ്പത്തിൽനിന്നും ജീവിച്ചിരുന്നപ്പോൾ അവർക്കുണ്ടായിരുന്ന ഒരു ഏകദേശ ശരീരഘടനയെയും പറ്റി ഒരു ധാരണയുണ്ടാക്കാനും കഴിഞ്ഞു. ഇത്രയൊക്കെയായാലും കൊല്ലപ്പെട്ടതാര് എന്ന ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. അസ്ഥികൂടത്തിന്റെ ഓരോ ഭാഗവും സൂക്ഷമമായി പരിശോധിച്ചപ്പോഴാണ്, അവരുടെ ഇടത് കണങ്കാലിൽ നെരിയാണിയുടെ ഭാഗത്തായി ഒരു ചെറിയ ‘സ്റ്റീൽ സ്കൂ’ ഉറപ്പിച്ചിരിക്കുന്നതായി കാണാൻ കഴിഞ്ഞത്. പൊട്ടിയ അസ്ഥിയുടെ ഭാഗങ്ങൾ തമ്മിൽ യോജിപ്പിച്ചുനിർത്താൻ ഒരു സർജിക്കൽ പ്രക്രിയയിലൂടെ ഉറപ്പിച്ചിരുന്നതായിരുന്നു ഏകദേശം അഞ്ച് സെന്റിമീറ്ററിനടുത്ത് നീളം വരുന്ന ആ ലോഹഭാഗം, അതേസമയം, പൊട്ടിയ അസ്ഥിയുടെ ഭാഗങ്ങൾ തമ്മിൽ വിട്ടുനി ന്നിരുന്നതിനാൽ ആ ഓപ്പറേഷൻ നടന്ന് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും അവർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന ഒരു നിഗമനത്തിലെത്താൻ അപ്പോൾത്തന്നെ സാധിച്ചിരുന്നു. അതിനുപുറമേ, ആ സ്ക്രൂവിന്റെ തലഭാഗത്തുണ്ടായിരുന്ന സൂക്ഷ്മമമായ ചില അക്ഷരങ്ങളിലും അക്കങ്ങളിലും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ അതുണ്ടാക്കിയ കമ്പനിയുടെ വിവരങ്ങളും ആ സ്ക്രൂ ഉപയോഗിച്ച ആശുപത്രിയുടെ വിവരവും ആശുപത്രിയിൽനിന്നും അതുവെച്ചുപിടിപ്പിച്ച രോഗിയുടെ പേരുവിവരങ്ങൾ പൊലീസിന് ലഭിച്ചതോടെ നീല വീപ്പയിൽ കാണപ്പെട്ട അസ്ഥികൂടത്തിനൊരു അവകാശിയായി. തുടർന്നുള്ള കൃത്യമായ അന്വേഷണത്തിൽ കേരളാ പൊലീസ്, ആ കേസിൻറെ എല്ലാ കുരുക്കുകളുമഴിച്ചു പ്രഗല്ഭമായ രീതിയിൽ കേസ് തെളിയിച്ചുവെന്നതും പ്രത്യേകിച്ചു പറയേണ്ടതാണ്. ചിട്ടയോടെയുള്ള ഫോറൻസിക് പരിശോധനയും കൃത്യമായ നിരീക്ഷണവും പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകളുടെ ശാസ്ത്രീയമായ വിശകലനവുമാണ് ഒരു സമസ്യപോലെ തോന്നിച്ച ‘ബ്ലൂ-ബാരൽ കേസിൽ’ ഏറ്റവും സഹായകമായതെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞത് ഇന്നും ഓർക്കുന്നു. 

ഏതെങ്കിലും അസ്വാഭാവികമായ രീതിയിലോ സമാനമായുള്ള സംശയാസ്പദമായ തരത്തിലോ മരണപ്പെട്ട ഒരു വ്യക്തിയുടെ മൃതശരീരം വൈദ്യശാസ്ത്ര വൈദഗ്ധ്യം ഉപയോഗപ്പെടുത്തി വ്യവസ്ഥാനുസൃതമായ രീതിയിൽ ശാസ്ത്രീയമായി തുറന്നു പരിശോധിക്കുന്ന നിയമപ്രകാരമുള്ള ഒരു പ്രക്രിയയാണ് പോസ്റ്റ്മോർട്ടം എക്സ‌ാമിനേഷൻ അഥവാ മൃതദേഹപരിശോധന. ഇത്തരം മരണങ്ങളിൽ ഇൻക്വസ്റ്റ് എന്ന് അറിയപ്പെടുന്ന നിയമാനുസൃതമായ പോലീസ് നടപടികൾ കഴിഞ്ഞശേഷം മാത്രമാണ് ഒരു മൃതശരീരം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് വിധേയമാക്കുന്നത്. സാധാരണഗതിയിൽ കൃത്യം നടന്ന/മരണം സംഭവിച്ച പൊലീസ് സ്റ്റേഷൻ പരിധിയിൽ അക്കാര്യത്തിൽ ഒരു ക്രൈം രജിസ്റ്റർ ചെയ്യുകയും അതിനുശേഷം ആ പൊലീസ് സ്റ്റേഷൻറെ ചുമതലയുള്ള സ്റ്റേഷൻ ഹൗസ് ഓഫീസറോ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തിയ സബ് ഇൻസ്പെക്ടറോ നേരിട്ട് ഇൻക്വസ്റ്റ് നടത്തുകയും മൃതശരീരം പോസ്റ്റ്മോർട്ടം പരിശോധനക്കായി ബന്ധപ്പെട്ട ആശുപത്രിയിൽ പൊലീസ് മുഖാന്തിരം എത്തിക്കുകയുമാണ് സാധാരണ രീതി. അതേസമയം, അസ്വാഭാവിക മരണങ്ങളും തുടർന്നു നടക്കേണ്ട ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം പരിശോധന എന്നിവയും പൊതുജനങ്ങളെ സംബന്ധിച്ച് എക്കാലവും സംശയങ്ങളുള്ള ഒരു മേഖലയാണ്. പ്രത്യക്ഷത്തിൽ അസ്വാഭാവികതയുള്ള മരണങ്ങളിൽ മൃതശരീരം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയക്കുമ്പോൾ അത് ഒരിക്കലും തർക്കങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ, മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന നിയമനടപടികളും മെഡിക്കൽ രംഗത്തുള്ള ഒരു ഡോക്ടർ പാലിക്കേണ്ടതും മെഡിക്കോലീഗൽ ആയതുമായ ഉത്തരവാദിത്വങ്ങളുടെ സങ്കീർണ്ണതയുംമൂലം പലപ്പോഴും മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിക്കുന്നതോ അല്ലെങ്കിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുന്നതോ ആയ ഒരു വ്യക്തിയുടെ മൃതശരീരം ഉറ്റവർക്ക് വിട്ടുനൽകുന്നതിനുമുമ്പ് പോസ്റ്റ്മോർട്ടം വേണമെന്ന ഡോക്ടറുടെ ആവശ്യവുമായി ബന്ധപ്പെട്ട് വാഗ്വാദങ്ങൾ മുതൽ കൈയേറ്റങ്ങൾവരെ ഉണ്ടാകാറുണ്ട്. അതേസമയം, ക്യത്യമായ നടപടിക്രമങ്ങൾ യഥാസമയം പാലിക്കുകയാണെങ്കിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന നിയമപരമായ ബാധ്യതകളും ബുദ്ധിമുട്ടുകളും ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും എന്നതാണ് സത്യം. എല്ലാ അസ്വാഭാവിക മരണങ്ങളും മരണം നടന്ന സ്ഥലത്തിന്റെ പരിധിയിൽ വരുന്ന പൊലീസ് സ്റ്റേഷനുകളിൽ നിയമപരമായി അറിയിക്കേണ്ടത് പൊതുജനങ്ങളുടെകൂടി ഉത്തരവാദിത്വമാണ്. അതുപോലെ, ആശുപത്രിയിൽവെച്ചു നടക്കുന്ന അസ്വാഭാവിക മരണങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യേണ്ടത് ആശുപത്രി അധികൃതരുടെയും നിയമപരമായ ഉത്തരവാദിത്വമാണ്. 

ഏതെങ്കിലും രോഗിയെ, അല്ലെങ്കിൽ പരുക്കേറ്റ വ്യക്തിയെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിക്കുകയാണെങ്കിൽ അക്കാര്യം ആശുപത്രിയുടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതും ആശുപത്രി അധികൃതരുടെ നിയമപരമായ ഉത്തരവാദിത്വമാണ്. ആശുപത്രിയിൽ എത്തിയശേഷം ചികിത്സ തുടരുന്നതിനിടെ അധികം വൈകാതെ സംഭവിക്കുന്ന മരണങ്ങളിലും ഇത് ബാധകമാണ്. 

മരണകാരണം വ്യക്തമായിട്ടുള്ളതും സ്വാഭാവികമരണമാണെന്ന് ബോധ്യപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രാഥമികമായ അന്വേഷണങ്ങളും പരിശോധനകളും നടത്തി, മരണപ്പെട്ടയാളുടെ സമീപകാല മെഡിക്കൽ രേഖകൾകൂടി പരിശോധിച്ചശേഷം മറ്റു സംശയങ്ങൾ/പരാതികളൊന്നും ഇല്ലെങ്കിൽ മൃതശരീരം പോസ്റ്റ്മോർട്ടം പരിശോധന ഒഴിവാക്കിക്കൊണ്ട് ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള വിവേചനാധികാരമുണ്ട്. മേൽപറഞ്ഞ സാഹചര്യത്തിൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ നൽകുന്ന ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ ഹാജരാക്കുന്നപക്ഷം ആശുപത്രി അധികൃതർ മൃതശരീരം ബന്ധുക്കൾക്ക് വിട്ടു നൽകുന്നതാണ്. അതേസമയം, ഏതെങ്കിലും മരണത്തിൽ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത തോന്നുന്നപക്ഷം പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്നതിന് പൊലീസ് ഉദ്യോഗസ്ഥന് ബന്ധുക്കളുടെ സമ്മതംതേടേണ്ട ആവശ്യമില്ലായെന്നുള്ളതും പ്രസ്‌താവ്യമാണ്. സ്വാഭാവികമെന്ന് പൊതുവെ തോന്നാവുന്ന ഒരു മരണത്തിൽ ഏതെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ പൗരപ്രമുഖരോ സംശയം പ്രകടിപ്പിക്കുകയും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും ചെയ്താൽ അക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്തശേഷം മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി പിടിച്ചെടുക്കാനും പൊലീസിന് സാധ്യമാണ് എന്നുള്ളതും നമ്മൾ അറിയേണ്ടതുണ്ട്. ചിലപ്പോഴൊക്കെ മരണാനന്തര ചടങ്ങുകൾക്കിടയിൽ നിന്നുപോലും മൃതശരീരം പൊലീസ് തുടർപരിശോധനകൾക്കായി എടുത്തുകൊണ്ടുപോയി എന്ന് നമ്മൾ മാധ്യമങ്ങളിൽ നിന്നും അറിയാറുണ്ടല്ലോ. അതുകൊണ്ടു തന്നെ, പോസ്റ്റ്മോർട്ടം പരിശോധന ആവശ്യമാണെന്ന് ഉറപ്പാക്കുന്ന മരണങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചശേഷം മൃതശരീരം പൊലിസ് സർജൻ കാര്യാലയത്തിലോ അല്ലെങ്കിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുള്ള മറ്റ് ആശുപത്രികളിലോ എത്തിച്ച് പരിശോധന പൂർത്തിയാക്കുകയും അതിനു ശേഷംമാത്രം മൃതശരീരം ബന്ധുക്കൾക്ക് കൈമാറുക എന്നതുമാണ് നിലവിലുള്ള നിയമം. മരണത്തിന് കാരണമായ കുറ്റകൃത്യം/അപകടം നടന്നതോ അതുമായി ബന്ധപ്പെട്ട ക്രൈം രേഖപ്പെടുത്തിയിട്ടുള്ളതോ ആയ പൊലീസ് സ്റ്റേഷനിൽ നിന്നുമുള്ള ഉദ്യോഗസ്ഥനാണ് സാധാരണയായി ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയെങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ പ്രസ്തു‌ത പ്രദേശത്തിന്റെ അധികാരപരിധിയുള്ള മജിസ്ട്രേട്ട് ആയിരിക്കും അത്തരം നടപടികൾ പൂർത്തീകരിക്കുക.

കേരളത്തിലെ നിലവിലെ സാഹചര്യമനുസരിച്ച് സർക്കാർ ആശുപത്രികളിൽ മാത്രമാണ് പോസ്റ്റ്മോർട്ടം പരിശോധന നടത്താനുള്ള അനുമതിയുള്ളത്, ചില സംസ്ഥാനങ്ങളിൽ സ്വകാര്യ-ആശുപത്രികൾക്കും പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അനുമതിയുണ്ടെങ്കിലും കേരളത്തിൽ ഇക്കാര്യം നടപ്പിലാക്കിയിട്ടില്ല. പോസ്റ്റ്മോർട്ടം പരിശോധനയുടെ കാര്യത്തിൽ ഒരു സ്വകാര്യവൽക്കരണം ആവശ്യമാണോ എന്നുള്ളതിന്റെയും അതിന്റെ ഗുണ-ദോഷങ്ങളുടെയും സാങ്കേതികത്വത്തിന്റെയും കാര്യങ്ങൾ ഇവിടെ ചർച്ചചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. (കേരളത്തിൽ കൊച്ചിയിലുള്ള അമൃത മെഡിക്കൽ കോളേജിന് മാത്രമാണ് നിലവിൽ സർക്കാർ സംവിധാനത്തിനു പുറമെ പോസ്റ്റ്മോർട്ടം പരിശോധന നടത്താനുള്ള അനുമതിയുള്ളത്. അതേസമയം, ചില നിബന്ധനകൾക്ക് വിധേയമായും മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ട ചില സാഹചര്യങ്ങൾ മുൻനിർത്തിക്കൊണ്ടുമാണ് അത്തരത്തിലുള്ള ഒരു അനുമതി സംസ്ഥാന ആഭ്യന്തര വകുപ്പ് നൽകിയിട്ടുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്). നിലവിൽ കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ലാ/ജനറൽ ആശുപത്രികൾ, ചില താലൂക്ക്/ഇതര ആശുപത്രികൾ എന്നിവിടങ്ങളിലാണ് പോസ്റ്റ്മോർട്ടം പരിശോധന നടത്തിക്കിട്ടുന്നത്. സർക്കാർ മെഡിക്കൽ കോളേജുകളിൽ ഫോറൻസിക് വിഭാഗത്തിലും പൊതു ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ആശുപത്രികളിൽ അതാത് സൂപ്രണ്ട് ഓഫീസുകളിലുമാണ് പോസ്റ്റുമോർട്ടം പരിശോധനയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് സമീപിക്കേണ്ടത്. ഇൻക്വസ്റ്റ് അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചശേഷം അതതുദിവസങ്ങളിൽ ആദ്യം ലഭ്യമാക്കുന്ന അപേക്ഷകൾ (കെ പി എഫ് 102) ഔ ദ്യോഗികമായി സ്വീകരിക്കുന്ന ക്രമത്തിനനുസരിച്ചാണ് ഓരോ മൃതശരീരവും പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് വിധേയമാക്കുക. അതായത്. ഓരോ ദിവസവും പൊലീസ് ഉദ്യോഗസ്ഥർ പോസ്റ്റുമോർട്ടത്തിനുള്ള അപേക്ഷകൾ പൊലീസ് സർജന് അല്ലെങ്കിൽ അതിനായി അധികാരപ്പെടുത്തിയിട്ടുള്ള ഡോക്ടർക്ക് കൈമാറുന്ന ക്രമപ്രകാരമാണ് ഓരോ പരിശോധനയും നടക്കുക. സാധാരണഗതിയിൽ ഒരു പോസ്റ്റ്‌മോർട്ടം പരിശോധന പൂർത്തിയാക്കാൻ ഒന്നുമുതൽ ഒന്നര മണിക്കൂർവരെ സമയം എടുക്കാറുണ്ട്. മരണങ്ങളുടെ പ്രത്യേകതകളും സാഹചര്യങ്ങളും വ്യതിയാനങ്ങളുമനുസരിച്ച് പരിശോധനയുടെ ദൈർഘ്യം ഇനിയും കൂടാവുന്നതാണ്. പോസ്റ്റ്‌മോർട്ടം പരിശോധനയുടെ അനുബന്ധമായി മറ്റു ലബോറട്ടറി പരിശോധനകളും നടത്തേണ്ടിവന്നാൽ അതും സമയദൈർഘ്യത്തെ ബാധിച്ചേക്കും. 

നിലവിൽ വർഷത്തിൽ 365 ദിവസവും കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പോസ്റ്റ്മോർട്ടം പരിശോധനാ സേവനം ലഭ്യമാണ്. അവശ്യസേവനങ്ങളുടെ വിഭാഗത്തിൽപ്പെടുന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള പൊതു അവധികൾപോലും ഈ സേവന ലഭ്യതയ്ക്ക് തടസ്സം വരുത്തുകയില്ല. ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ ഒരോ സ്ഥലത്തെയും സവിശേഷ സാഹചര്യമനുസരിച്ച് പോസ്റ്റ്മോർട്ടം പരിശോധന 

ലഭ്യമായ ദിവസങ്ങളിലും സമയക്രമത്തിലും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. എല്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം നാല് മണിവരെയാണ് പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ സാധാരണ ഒന്നര മണിക്കൂറിനകം പരിശോധന പൂർത്തിയാക്കി മൃതശരീരം ബന്ധുക്കൾക്ക് കൈമാറാൻ മിക്കപ്പോഴും സാധിക്കാറുണ്ട്. അതേസമയം, കേസുകളുടെ സവിശേഷതയ്ക്കും എണ്ണം കൂടുന്നതിനുമനുസരിച്ച് പലപ്പോഴും പരിശോധന ആറ് മണിവരെയോ അതിലുമപ്പുറമോ നീണ്ടുപോകാറുമുണ്ട്. പലപ്പോഴും പോസ്റ്റു മോർട്ടത്തിനുള്ള അപേക്ഷകൾ നാല് മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന നിലവിലുള്ള സംവിധാനം പൊതുജനങ്ങൾക്കും പോലീസിനും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. അടുത്തകാലത്തായി ഇക്കാര്യവുമായി ബന്ധപ്പെട്ട് ബഹു. കേരള ഹൈക്കോടതി വിധിന്യായങ്ങളും അതിനെത്തുടർന്ന് സർക്കാരിന്റേതായ സർക്കുലറുകളും പുറപ്പെടുവിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം പരിശോധന രാത്രികാലങ്ങളിലും നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവശേഷിയും ഒരുക്കിയശേഷം പരിശോധനാസമയം ഇരുപത്തിനാല് മണിക്കൂർ ആക്കാനും, അത് പ്രാരംഭമായി കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ എന്നീ മെഡിക്കൽ കോളേജുകളിൽ പ്രാവർത്തികമാക്കാനുമാണ് ബഹു. ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്. അത് നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ ഊർജിതമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പോസ്റ്റ്മോർട്ടം പരിശോധന ഇരുപത്തിനാല് മണിക്കൂർ നീളുന്ന സേവനമായി ദൈർഘിപ്പിച്ചില്ലെങ്കിലും ഏതാനും മണിക്കൂറുകളെങ്കിലും സമയക്രമത്തിൽ മാറ്റം വരുത്തി പ്രസ്‌തുത പരിശോധന സായംകാലങ്ങളിൽകൂടി ലഭ്യമാക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായേക്കുമെന്നാണ് നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യുമ്പോൾ മനസ്സിലാകുന്നത്. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുള്ള അപേക്ഷകൾ വൈകീട്ട് ആറ് മണിവരെയെങ്കിലും സ്വീകരിക്കാനുള്ള നടപടികൾ എടുക്കാനും പരിശോധനാസമയത്തിൽ അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താനുമായി ഭൗതിക സാഹചര്യങ്ങളിൽ ചെറിയ മാറ്റങ്ങളും ചുരുങ്ങിയ മനുഷ്യവിഭവശേഷിയും മാത്രമേ കൂടുതലായി ആവശ്യമായി വരുന്നുള്ളൂ. അതേസമയം, ആ ചെറിയ മാറ്റം ഉണ്ടാക്കുന്ന അനന്തരഫലങ്ങൾ പൊതുസമൂഹത്തിന് പ്രതീക്ഷിക്കാവുന്നതിലുമപ്പുറം ഉപകാരപ്രദവുമായിരിക്കും. 

എന്തിനാണ് പോസ്റ്റ്മോർട്ടം? 

അസ്വാഭാവിക മരണങ്ങളിൽ എന്താണ് മരണകാരണം എന്നത് വ്യക്തമായി കണ്ടുപിടിക്കുക എന്നതാണ് ഒരു പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രധാന ധർമ്മം, അതുതന്നെയാണ് പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്ന ഡോക്ടർ നേരിടുന്ന പ്രധാന വെല്ലുവിളിയും. മെഡിക്കൽ കോളേജുകളിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്നത് ഫോറൻസിക് വിഭാഗത്തിലാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഫോറൻസിക് മെഡിസിനിൽ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടർമാരോ അവരുടെ മേൽനോട്ടത്തിൽ ആ വിഭാഗത്തിൽ സേവനം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരോ ആയിരിക്കും സാധാരണയായി മെഡിക്കൽ കോളേജുകളിൽ വെച്ചുള്ള പോസ്റ്റ്മോർട്ടം പരിശോധന ന ടത്തുന്നത്. ആരോഗ്യവകുപ്പിന്റെ കിഴിലുള്ള പ്രധാന ആശുപത്രികളിൽ ഇത്തരത്തിൽ ഫോറൻസിക് മെഡിസിനിൽ പരിശീലനം നേടിയ ഡോക്ടർമാർ തന്നെയാണ് പോസ്റ്റ്മോർട്ടം പരിശോധന കൈകാര്യം ചെയ്യുന്നത്. അതേ സമയം, മറ്റ് സർക്കാർ ആശുപത്രികളിൽ സാധാരണ ഡോക്ടർമാർ (പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ലാത്തവർ) ആണ് പലപ്പോഴും പോസ്റ്റ്മോർട്ടം നടത്തുന്നത് എന്നതാണ് മറ്റൊരു യാഥാർഥ്യം. അതായത്, അത്തരത്തിൽ പോസ്റ്റ്മോർട്ടം നടത്തുന്ന ഡോക്ടർമാർ പലപ്പോഴും മെഡിസിനിൽ പ്രാഥമിക ബിരുദംമാത്രം നേടിയവരോ അല്ലെങ്കിൽ ഫോറൻസിക്-ഇതര വിഷയങ്ങളിൽ പ്രാവീണ്യം നേടിയവരോ ആയിരിക്കും. ആ ഡോക്ടർമാർക്ക് പോസ്റ്റ്മോർട്ടം സംബന്ധമായ പല പ്രാഥമിക കാര്യങ്ങളെപ്പറ്റിയും വേണ്ടരീതിയിലുള്ള അറിവ് ഉണ്ടായിരിക്കണമെന്നില്ലായെന്നതും നമ്മൾ തിരിച്ചറിയേണ്ടതാണ്. എന്നാൽ, നിയമപ്രകാരം നടത്തേണ്ട ഒരു നിർബന്ധിത പരിശോധനയായതുകൊണ്ട് പ്രാഥമിക അന്വേഷണങ്ങൾക്കുശേഷം ഒട്ടുംതന്നെ സംശയങ്ങൾ ഇല്ലാത്ത കേസുകളിൽ പോലീസ് പലപ്പോഴും പോസ്റ്റ്മോർട്ടത്തിനായി ഇത്തരത്തിലു ള്ള ആശുപത്രികളെയും സമീപിക്കാറുണ്ടെന്നതാണ് വസ്തുത. നിലവിൽ പ്രാബല്യത്തിലുള്ള നിയമം അതിന് അനുവദിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ക്രിമിനൽ നടപടിക്രമങ്ങളുടെ സങ്കീർണ്ണത കണക്കിലെടുത്തുകൊണ്ട് കഴിയുന്നതും പോസ്റ്റ്മോർട്ടം പരിശോധന ഒരു ഫോറൻസിക് വിദഗ്‌ധനെക്കൊണ്ട് നടത്തിക്കാനുള്ള അടിസ്ഥാന സാഹചര്യങ്ങൾ സർക്കാർ ഒരുക്കുന്നത് ഭാവിയിൽ സംസ്ഥാനം നീതിന്യായരംഗത്ത് കൂടുതൽ പുരോഗതി കൈവരിക്കുന്നതിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പായേയ്ക്കും. 

മരണകാരണം എന്താണെന്ന് കണ്ടുപിടിക്കൽ മാത്രമല്ല ഒരു പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നുള്ളത് ആമുഖത്തിൽ പറഞ്ഞ നിലവീപ്പയിലെ അസ്ഥികൂടത്തിന്റെ ഉദാഹരണത്തിൽനിന്നും മനസ്സിലായിട്ടുണ്ടാവുമല്ലോ. മരണപ്പെട്ട ഒരാളുടെ അസ്തിത്വം (ഐഡന്റിറ്റി) എന്താണെന്ന് തിരിച്ചറിയുക എന്നുള്ളത് പോസ്റ്റ്മോർട്ടം പരിശോധനയുടെ ഒരു പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. മരിച്ചനിലയിൽ കണ്ടെത്തിയ ഒരു അജ്ഞാത മൃതദേഹം ആരുടേതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ മാത്രമേ ആ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസിന് ഏറ്റവും സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. പലപ്പോഴും മരണപ്പെട്ട വ്യക്തി ആരാണന്ന് തിരിച്ചറിയാൻ സാധിക്കാത്തതു മൂലം കേസന്വേഷണം വഴിമുട്ടിയ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അതുപോലെ, മരണം നടന്നിട്ട് ഏകദേശം എത്രസമയം പിന്നിട്ടിട്ടുണ്ടാകാമെന്ന് കണക്കാക്കുന്നതും പോസ്റ്റ്മോർട്ടം പരിശോധനയുടെ അനുബന്ധ ലക്ഷ്യങ്ങളിൽ ഒന്നാണ്. മൃതശരീരത്തിൽ കാണപ്പെട്ട മുറിവുകൾ സ്വയം ഏല്പിച്ചതാണോ അല്ലെങ്കിൽ മറ്റൊരാളാൽ ഏല്‌പിക്കപ്പെട്ടതാണോയെന്നതും അവയുടെ പഴക്കവും കണക്കാക്കാൻ പോലീസ് ആശ്രയിക്കുന്നത് പോസ്റ്റ്മോർട്ടം പരിശോധനയെത്തന്നെയാണ്. കൂടാതെ, ഒരാൾ കൊലചെയ്യപ്പെട്ടതാണോ അതോ അപകടത്തിൽ പെട്ടതാണോ അതുമല്ലെങ്കിൽ, സ്വയംഹത്യ നടത്തിയതാണോ എന്നതിനെപ്പറ്റിയെല്ലാം വിശദവും വസ്‌തുനിഷ്ഠവുമായ പോസ്റ്റ്മോർട്ടം പരിശോധനയിൽനിന്ന് ഏറെക്കുറെ കൃത്യമായി അനുമാനിക്കാൻ കഴിയുന്നതാണ്. ദൃക്സാക്ഷികൾ ഇല്ലാത്ത പല അപകടങ്ങളിലും കുറ്റകൃത്യങ്ങളിലും മൃതശരീരത്തിന്റെ പ്രത്യേകതകളും മുറിവുകളുടെ വിശകലനവും അടിസ്ഥാനമാക്കി ആ കുറ്റകൃത്യം/സംഭവം പുനർനിർമ്മിക്കാനും വിദഗ്ദനായ ഒരു ഫോറൻസിക് സർജന് കൃത്യതയാർന്ന ഒരു പോസ്റ്റ്മോർട്ടത്തിലൂടെ സാധ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനുപുറമെ, കുറ്റാന്വേഷണത്തിന്റെ ഭാഗമായി മൃതശരീരത്തെയും കൃത്യം നടന്ന സ്ഥലത്തെയും കുറ്റവാളിയെയും അതിലുമുപരി ഒരുവേള കുറ്റകൃത്യത്തിനുപയോഗിച്ച ആയുധങ്ങളെയും തമ്മിൽ കോർത്തിണക്കുന്ന വിവിധതരം തെളിവുകൾ പിന്നീട് അന്വേഷണാവശ്യത്തിനും കോടതിയിൽ ഉപയോഗിക്കാനുമായി ശേഖരിക്കുന്നതും പോസ്റ്റ്മോർട്ടം പരിശോധനയുടെ ഭാഗമായാണ്. ഇവകൂടാതെ, ചില സ്വാഭാവിക-അസ്വാഭാവിക മരണങ്ങളിൽ മരണകാരണം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള വിവിധ സാമ്പിളുകളും ശേഖരിക്കുന്നത് പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായാണ്. ചുരുക്കിപ്പറഞ്ഞാൽ, പോസ്റ്റ്മോർട്ടം പരിശോധന ഒരു സങ്കീർണ്ണമായ പ്രക്രിയ ആണെന്നതിലുപരി കുറ്റാന്വേഷണത്തിനെ സഹായിക്കുന്ന അസംഖ്യം വാതായനങ്ങൾ തുറന്നിടുന്ന ഒരു പ്രക്രിയയാണെന്നുകൂടി നിസ്സംശയം പറയാവുന്നതാണ്. അതുപോലെതന്നെ, സമൂഹത്തിലെ വിവിധ ശ്രേണികളിൽ ജീവിച്ചിരുന്ന ഓരോരുത്തരും അവർ ജ്ഞാതരോ അജ്ഞാതരോ എന്ന അന്തരങ്ങളില്ലാതെ ‘സമത്വം’ എന്ന പദത്തിന്റെ സ്വത്വമായ അർഥം കൈവരിക്കുന്നത് പോസ്റ്റ്മോർട്ടം ടേബിളിൽ എത്തുമ്പോൾ മാത്രമാണെന്നത് മറ്റൊരു യാഥാർഥ്യമാണ്. 

എങ്ങനെയാണ് പോസ്റ്റ്മോർട്ടം? 

നമ്മൾ സാധാരണ ‘പോസ്റ്റ്മോർട്ടം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രധാനമായും ഒരു കുറ്റകൃത്യവുമായോ അപകടവുമായോ അതുമല്ലെങ്കിൽ, അസ്വാഭാവിക മരണവുമായോ ബന്ധപ്പെട്ട് പൊലീസിന്റെ ആവശ്യപ്രകാരം നടത്തുന്ന പരിശോധനയെയാണ്. ശാസ്ത്രീയമായി പറഞ്ഞാൽ ഇത്തരം പോസ്റ്റ്മോർട്ടങ്ങൾ മെഡിക്കോ-ലീഗൽ ഓട്ടോപ്‌സി’ അഥവാ ‘മെഡിക്കോ-ലീഗൽ പോസ്റ്റ്‌മോർട്ടം’ എന്നാണ് അറിയപ്പെടുന്നത്. പോസ്റ്റ്മോർട്ടത്തിനുവേണ്ടി പൊലീസ് ഉദ്യോഗസ്ഥന്റെയോ മജിസ്ട്രേട്ടിന്റെയോ ഔദ്യോഗികമായ അപേക്ഷ ലഭിച്ചാൽ മാത്രമേ ഇത്തരം പരിശോധനകൾ നടത്താൻ സാധിക്കുകയുള്ളൂ. മാത്രമല്ല, ഇത്തരത്തിലുള്ള പോസ്റ്റ്മോർട്ടത്തിന് മരണപ്പെട്ടയാളുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ യാതൊരുവിധത്തിലുള്ള സമ്മതവും ആവശ്യമില്ലതാനും. അവിടെ സംഭവിച്ച അസ്വാഭാവിക മരണം ‘സ്റ്റേറ്റിന്’ എതിരെ നടന്ന കുറ്റകൃത്യമായി കണക്കിലെടുത്തുകൊണ്ട് പരപ്രേരണയില്ലാതെ സർക്കാർ നേരിട്ട് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്നത്. അതിനാൽതന്നെ, ആ പരിശോധനയ്ക്ക് തടസ്സം നിൽക്കാൻ ആർക്കുംതന്നെ സാധ്യമല്ലായെന്നുള്ളതും പ്രത്യേകം പറയേണ്ടതില്ലല്ലോ. മേൽപറഞ്ഞ വിഭാഗത്തിൽപ്പെടാത്തതും അതേസമയം, നമ്മുടെ നാട്ടിൽ അധികം പ്രായോഗികമാകാത്തതുമായ മറ്റൊരുതരം മൃതദേഹപരിശോധനയാണ് ‘പാത്തോളജിക്കൽ ഓട്ടോപ്സി’ അഥവാ ‘ക്ലിനിക്കൽ ഓട്ടോപിസി’ എന്നറിയപ്പെടുന്ന പോസ്റ്റ്മോർട്ടം പരിശോധന. ആശുപത്രിയിൽവെച്ചു സ്വാഭാവിക കാരണങ്ങളാൽ ചികിത്സക്കിടയിൽ മരണപ്പെടുകയും അതേസമയം, മരണം സംഭവിക്കുന്നതിന് മുമ്പ് ഒരു കൃത്യമായ രോഗനിർണ്ണയം നടത്താൻ സാധിക്കാതെവരുകയും ചെയ്യുന്ന സന്ദർഭങ്ങളിലാണ് ഇത്തരത്തിലുള്ള പോസ്റ്റ്മോർട്ടം പരിശോധന ആവശ്യമായി വരുന്നത്. ഈ പരിശോധനയുടെ പ്രത്യേകത എന്താണെന്നുവെച്ചാൽ, ഇക്കാര്യത്തിൽ പൊലീസ് ഇടപെടൽ ആവശ്യമില്ലായെന്നുള്ളതുതന്നെയാണ്. അതേസമയം, ഇത്തരത്തിലുള്ള പോസ്റ്റ്മോർട്ടം നടത്തുന്നതിന് അടുത്ത ബന്ധുവിന്റെ സമ്മതപത്രം തീർച്ചയായും ആവശ്യമാണുതാനും. അസുഖംമൂലമുള്ള കൃത്യമായ മരണകാരണം കണ്ടുപിടിക്കുക എന്നതുമാത്രമാണ് ഇത്തരത്തിലുള്ള പോസ്റ്റ്മോർട്ടത്തിന്റെ ഏകലക്ഷ്യം. (നമ്മുടെ നാട്ടിൽ ഇപ്പോഴും പൊലീസ് മുഖാന്തിരം നടക്കുന്ന ചില മെഡിക്കോ-ലീഗൽ പോസ്റ്റ്മോർട്ടങ്ങളെങ്കിലും ഈ ഗണത്തിൽപ്പെടുന്നതാണെന്നാണ് മറ്റൊരു സത്യം. ചികിത്സിക്കുന്ന ഡോക്ടറുടെ ഈ വിഷയത്തിലുള്ള അജ്ഞതയും പൊലീസിനും ബന്ധുക്കൾക്കും ഇക്കാര്യത്തിലുള്ള അറിവില്ലായ്‌മയുമാണ് അതിനുകാരണമാകുന്നതെന്നാണ് മറ്റൊരു യാഥാർഥ്യം). 

സാധാരണനിലയിൽ, ഒരു പോസ്റ്റ്മോർട്ടം പരിശോധനയെന്നാൽ അത് മൃതശരീരത്തിന്റെ ബാഹ്യവും ആന്തരികവുമായ വിശദമായ പരിശോധനയുടെയും ശരീരത്തിൽനിന്നും ശേഖരിക്കുന്ന പലതരം സാമ്പിളുകളുടെ വിവിധ ലബോറട്ടറി പരിശോധനകളുടെയും സംയോജിതഫലമാണ്. ‘കേരള മെഡിക്കോ-ലീഗൽ കോഡ്‘ എന്ന പേരിൽ മെഡിക്കോ-ലീഗൽ പരിശോധനയുമായി ബന്ധപ്പെട്ട മാർഗരേഖകൾ നിഷ്‌കർഷിക്കുന്ന സർക്കാർ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് പോസ്റ്റ്മോർട്ടവും അനുബന്ധ പരിശോധനകളും കേരളത്തിൽ നടത്തിവരുന്നത്. മൃതശരിരത്തിന്റെ, വിശദമായി നടത്തുന്ന ബാഹ്യപരിശോധനയിൽനിന്നുതന്നെ ഒരു ഫോറൻസിക് സർജന് തുടർന്നു നടത്തേണ്ട ആന്തരിക പരിശോധനയെപ്പറ്റിയും ശേഖരിക്കേണ്ട വിവിധ സാമ്പിളുകളെപ്പറ്റിയും കൃത്യമായ ഒരു ധാരണയുണ്ടാക്കാൻ സാധിക്കുന്നതാണ്. ശരീരത്തിനുപുറമെയുള്ള ലക്ഷണങ്ങളും വ്യതിയാനങ്ങളുമെല്ലാം രേഖപ്പെടുത്തിയശേഷം മരണപ്പെട്ടയാളുടെ തലയിലെയും കഴുത്തിലെയും നെഞ്ചിലെയും വയർഭാഗത്തെയും ആന്തരികാവയവങ്ങൾ പുറത്തെടുത്ത് അതീവ ശ്രദ്ധയോടെയും സൂക്ഷ്‌മായും പരിശോധിക്കുകയാണ് സാധാരണ ഒരു പോസ്റ്റ്മോർട്ടത്തിലെ രീതി കസ്റ്റഡിമരണങ്ങൾപോലുള്ള കേസുകളിലും മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെടുന്ന കേസുകളിലും മേൽപറഞ്ഞ പരിശോധനയ്ക്കുപുറമേ, മൃതശരീരത്തിന്റെ കൈകാലുകളും പുറവും സ്വകാര്യഭാഗങ്ങളും അടക്കമുള്ള എല്ലാഭാഗങ്ങളുംതന്നെ കീറിമുറിച്ചു വിശദമായി പരിശോധിക്കേണ്ടിവരാറുണ്ട്. ജീവനുള്ള ഒരു വ്യക്തിയുടെ ശരീരത്തിൽ ശസ്ത്രക്രിയ ചെയ്യാൻ ഉപയോഗിക്കുന്നതും അതിനു സമാനമായ രീതിയിലുള്ളതുമായ ഉപകരണങ്ങൾ തന്നെയാണ് പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായി മൃതശരീരം കീറിമുറിക്കാൻ ഉപയോഗിക്കുന്നത്. വിശദമായ പരിശോധനകൾക്കും ആവശ്യമായ സാമ്പിൾ ശേഖരണത്തിനു ശേഷം മേൽപറഞ്ഞ അവയവങ്ങൾ ശരീരത്തിനകത്തുവെച്ച് ഏവർക്കും സ്വീകാര്യമായ രീതിയിൽ തുന്നിക്കെട്ടുകയാണ് പിന്നീട് ചെയ്യുന്നത്. ഇതെല്ലാംകഴിഞ്ഞ് കഴുകിവൃത്തിയാക്കിയ മൃതശരീരം ബന്ധുക്കൾക്ക് കൈമാറുന്നതോടെ പോസ്റ്റ്മോർട്ടം നടപടികൾ അവസാനിച്ചെന്ന് എല്ലാവരും കരുതുമെങ്കിലും അതിലേർപ്പെട്ട ഡോക്ടറെ സംബന്ധിച്ച് ആ നിമിഷം ഒരു പുതിയതും സമഗ്രവുമായ കേസിന്റെ തുടക്കം മാത്രമാണെന്നതാണ് വസ്തുത. പിന്നീട് ഏറെ വർഷങ്ങൾക്കുശേഷം ഏതെങ്കിലും നീതിന്യായ കോടതിയിൽ ആ കേസുമായി ബന്ധപ്പെട്ട മൊഴിനൽകി സാക്ഷിക്കൂടിന് പുറത്തുവരുമ്പോൾ മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറെ സംബന്ധിച്ച് ആ കേസിന് വിരാമമാകുന്നത്. ആ കാലയളവ് പലപ്പോഴും പത്തും പതിനഞ്ചും വർഷങ്ങൾക്കുമപ്പുറം നീണ്ടുപോകാറുണ്ടെന്നുള്ളത് മറ്റൊരു ദുഖകരമായ സംഗതിയാണ്. 

അറിയേണ്ടത് എന്തെല്ലാം? 

പോസ്റ്റ്മോർട്ടം കഴിഞ്ഞ് മറ്റുതിരക്കുകളെല്ലാം അവസാനിച്ചാൽപ്പിന്നെ, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള ബന്ധുക്കളുടെ നെട്ടോട്ടമാണ്. ആരോട് അന്വേഷിക്കണമെന്ന് അറിയാതെയും എവിടെ ചോദിക്കണമെന്ന് അറിയാതെയും പൊലീസ് സ്റ്റേഷനിലും ആശുപത്രിയുടെ ഓഫീസിലുമായി സമയംകളയുന്ന പലരേയും കാണേണ്ടിവന്നിട്ടുണ്ട്. പലരും പൊലീസിന് നൽകുന്ന റിപ്പോർട്ടിന്റെ ഫോട്ടോകോപ്പി സംഘടിപ്പിക്കാൻ കഷ്ടപ്പെടുന്നതും കണ്ടിട്ടുണ്ട്. എന്നാൽ, പോസ്റ്റ്മോർട്ടം പരിശോധനയുടെ ഭാഗമായി തയ്യാറാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ ഒരു നേർപകർപ്പ് ലഭിക്കുന്നതിന് മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവിന് നിയമപരമായ അവകാശമുണ്ട്. ഫോറൻസിക് വിഭാഗത്തിൽനിന്നോ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽനിന്നോ ലഭിക്കുന്ന നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോറം (ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽനിന്നും ഈ നിശ്ചിത അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്) പൂരിപ്പിച്ചശേഷം അതിൽ നിഷ്കർഷിക്കുന്ന ഭാഗത്ത് അന്വേഷണോദ്യോഗസ്ഥന്റെ അനുമതികൂടിവാങ്ങി ഏതെങ്കിലും പ്രവൃത്തി ദിവസത്തിൽ ഓഫീസിൽ നേരിട്ടുചെന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കുന്നതാണ്. മരിച്ച വ്യക്തിയുടെ അടുത്ത ബന്ധു (ഭർത്താവ്, ഭാര്യ, മകൻ, മകൾ, അച്ഛൻ, അമ്മ എന്നിങ്ങനെ) ആയിരിക്കണം അപേക്ഷകൻ. എന്നുമാത്രമല്ല, അപേക്ഷകൻ ഓഫീസിൽ നേരിട്ട് വരുകയും വേണം. പകർപ്പ് ലഭിക്കുന്നതിനായി വരുന്ന അപേക്ഷകൻ ഫോട്ടോ പതിച്ചിട്ടുള്ള ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ രേഖയുടെ ഒറിജിനൽകൂടി കരുതേണ്ടതാണ്. അപേക്ഷകന് എന്തെങ്കിലും കാരണങ്ങളാൽ നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ (ശാരീരിക അവശതയോ മറ്റോ) അപേക്ഷകന്റെ പ്രതിനിധിയായി ഒരാളെ സാക്ഷ്യപ്പെടുത്തിയ കത്തുമായി പറഞ്ഞുവിടാവുന്നതാണ്. തിരിച്ചറിയൽരേഖയും അപേക്ഷയും പരിശോധിച്ചശേഷം പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിൽനിന്നും (മെഡിക്കൽ കോളേജുകളുടെ കാര്യത്തിൽ ഫോറൻസിക് വിഭാഗത്തിൽനിന്നും) പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപേക്ഷകന് നൽകുന്നതാണ്. ഇത്തരത്തിൽ നൽകുന്ന പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് ഒറ്റത്തവണ മാത്രമേ സുപ്രണ്ട് ഓഫീസ്/ഫോറൻസിക് വിഭാഗത്തിൽനിന്നും നൽകുകയുള്ളൂ. പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപേക്ഷ നൽകിയ അന്നോ അല്ലെങ്കിൽ സേവനാവകാശ നിയമപ്രകാരം അപേക്ഷിച്ച തീയതി മുതൽ പരമാവധി 15 ദിവസത്തിനകമോ അപേക്ഷകന് ലഭ്യമാക്കുന്നതാണ്. ഇത്തരത്തിൽ അനുവദിക്കുന്ന ഈ സർട്ടിഫിക്കറ്റ് പ്രവൃത്തി ദിവസങ്ങളിൽ മാത്രമേ ഫോറൻസിക് വിഭാഗത്തിൽ/ആശുപത്രി ഓഫീസിൽനിന്നും ലഭിക്കുകയുള്ളൂ. മുൻഗണനാ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡുകൾ ഉള്ളവർക്ക് സൗജന്യമായാണ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് നൽകിവരുന്നത്. ഈ വിഭാഗത്തിൽ ഉൾപ്പെടാത്തവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള തുകയായ 25 രൂപാ ഫീസ് ഓഫീസിൽ അടച്ചതിനുശേഷം സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൈപ്പറ്റാവുന്നതാണ്. അതോടൊപ്പംതന്നെ പോസ്റ്റ്മോർട്ടം പരിശോധനയുടെ അനുബന്ധമായി നടത്തിയ മറ്റു ലബോറട്ടറി പരിശോധനാ ഫലങ്ങളുടെ പകർപ്പുകളും ആവശ്യമെങ്കിൽ അപേക്ഷകന് ലഭിക്കുന്നതാണ്. മരണാന്തരം ലഭിക്കേണ്ട ഇൻഷ്വറൻസ്/സാമ്പത്തിക ആനുകൂല്യങ്ങൾ / നിയമപരമായ ആവശ്യങ്ങൾ എന്നിവയ്ക്ക് ഇത്തരത്തിൽ ലഭിക്കുന്ന പകർപ്പ് ഉപയോഗിക്കുന്നതാണ് അഭികാമ്യം. അതേസമയം, വിവരാവകാശ നിയമപ്രകാരം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പിന് അപേക്ഷിക്കുന്ന ഒരു പ്രവണത പൊതുജനങ്ങൾക്കിടയിലും അഭിഭാഷകർക്കിടയിലും ഇപ്പോൾ കണ്ടുവരുന്നുണ്ട്. എന്നാൽ, വിവരാവകാശ നിയമത്തിലെ ചാപ്റ്റർ 2, ക്ലോസ് 8 (h) അനുസരിച്ച് ഇത്തരത്തിലുള്ള അപേക്ഷകൾ പ്രകാരം വിവരം വെളിപ്പെടുത്തുന്നതിൽ നിന്നും ഇക്കാര്യം ഒഴിവാക്കിയിട്ടുണ്ട്. 

അസ്വാഭാവിക മരണങ്ങളിൽ നടത്തുന്ന പോസ്റ്റ്മോർട്ടം എക്‌സാമിനേഷൻ എന്ന ഈ മൃതദേഹ പരിശോധന ക്രിമിനൽ നടപടിക്രമപ്രകാരം നിയമം അനുശാസിക്കുന്ന ഒരു നിർബന്ധിത പരിശോധന ആയതിനാൽ ഇപ്രകാരം നടത്തുന്ന പോസ്റ്റ്മോർട്ടം പരിശോധന പൊതുജനങ്ങൾക്ക് പൂർണ്ണമായും സൗജന്യമായി ഫോറൻസിക് വിഭാഗത്തിൽ ആശുപത്രിയിൽനിന്നും സർക്കാർ ലഭ്യമാക്കുന്ന ഒരു സേവനമാണ്. അതുകൊണ്ടുതന്നെ, ഈ സർക്കാർ സ്ഥാപനങ്ങളിൽ പോസ്റ്റ്മോർട്ടം നടത്തിക്കിട്ടുന്നതിനായി യാതൊരു വിധത്തിലുമുള്ള പണമിടപാടുകളും പൊതുജനങ്ങൾ നടത്തേണ്ടതില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ വർഷത്തിൽ എല്ലാ ദിവസവും ഈ സേവനം യാതൊരുവിധ മുടക്കവും കൂടാതെ ലഭിക്കാനുള്ള അവകാശം പൊതുജനങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ, നിലവിൽ വൈകീട്ട് നാലുമണിവരെ മാത്രം ലഭ്യമാകുന്ന ഈ സേവനം ഏതാനും മണിക്കൂറുകൾ കൂടി ദീർഘിപ്പിച്ച് സായംകാലത്തേക്കുകൂടി ലഭ്യമാക്കുന്നത് എന്തുകൊണ്ടും പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായമായേക്കും. അതുപോലെ, പോസ്റ്റ്മോർട്ടം പരിശോധനാ സൗകര്യങ്ങൾ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും മാത്രമായി മിതപ്പെടുത്താതെ താലൂക്കുതല ആശുപത്രികളിൽക്കൂടി ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതും പൊതുസമൂഹത്തിന് വളരെയേറെ ആശ്വാസപ്രദമായേയ്ക്കും. മാത്രമല്ല, നീതിന്യായ കോടതികളും അന്വേഷണ ഏജൻസികളും ഒരുപോലെ ആശ്രയിക്കുന്ന ഒരു മെഡിക്കൽരേഖ എന്നനിലയിൽ പോസ്റ്റ്മോർട്ടം പരിശോധനയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോൾത്തന്നെ പോസ്റ്റ്മോർട്ടം പരിശോധനാരംഗത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും സേവന-സഹായങ്ങൾ ലോകം തേടിത്തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള പരമ്പരാഗത മാതൃകയിലുള്ള പോസ്റ്റ്മോർട്ടം പരിശോധനയെ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിഷ്കൃതരീതികൾ (വെർച്വൽ ഓട്ടോ സി) നിഷ്‌കാസനം ചെയ്യുന്ന കാലം അനതിവിദൂരമല്ല. അതു കൊണ്ടുതന്നെ, നമ്മുടെ വികസിത കേരളത്തിലെങ്കിലും നേരത്തെ പരാമർശിച്ച തരത്തിലുള്ള ‘അവിദഗ്‌ധ പോസ്റ്റ്മോർട്ടങ്ങൾ’ ഒഴിവാക്കാനും കഴിയുന്നതും താലൂക്കു തല ആശുപത്രികളിലടക്കം എല്ലാ പോസ്റ്റ്‌മോർട്ടങ്ങളും ശാസ്ത്രീയമായി കൈകാര്യംചെയ്യാൻ വേണ്ടിയുള്ള സൗകര്യങ്ങളും മനുഷ്യവി ഭവശേഷിയും ഒരുക്കാനും സർക്കാർ ഊർജസ്വലമായി ഇടപെടേണ്ടതുണ്ട്…


2025 ഏപ്രിൽ മാസത്തിലെ ശാസ്ത്രഗതിയിൽ  പ്രസിദ്ധീകരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഗണിത ഒളിമ്പ്യാഡിൽ സഞ്ജന ചാക്കോയ്ക്ക് വെള്ളിമെഡൽ
Next post ആര്യഭട്ട @ 50  – ഇന്ത്യൻ ഉപഗ്രഹ സാങ്കേതികവിദ്യയുടെ 50 വർഷങ്ങൾ
Close