
ഈ ഓണക്കാലത്ത് കേരളത്തിലെ നാട്ടുപൂക്കളുടെ ഫോട്ടോ എടുത്ത് വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്യു.. സമ്മാനം നേടൂ..

വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന Wiki Loves Onam ക്യാമ്പയിനൊപ്പം ലൂക്കയും ചേരുന്നു. കേരളത്തിലെ നാട്ടുപൂക്കളുടെ ഫോട്ടോകൾ പൊതു സഞ്ചയത്തിൽ ലഭ്യമാക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും Kerala Biodiversity Monitoring Network ഉം ചേർന്ന് പൂക്കാലം 24 – പൂ പകർത്താൻ പോരുന്നോ ? – എന്ന പേരിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. 2024 സെപ്റ്റംബർ 5 മുതൽ 30 വരെയുള്ള തിയ്യതികളിലാണ് ഫോട്ടോകൾ അപ്ലോഡ് ചെയ്യേണ്ടത്.
നിബന്ധനകൾ
- വിക്കിമീഡിയ കോമൺസ് വെബ്സൈറ്റിൽ അക്കൗണ്ട് ഉണ്ടാക്കുക https://w.wiki/SMS. നിലവിൽ അക്കൗണ്ട് ഉള്ളവർക്ക് അത് ഉപയോഗിക്കാം.
- പങ്കെടുക്കുന്നവർ ലൂക്കയിലെ രജിസ്ട്രേഷൻ ഫോമിൽ (https://quiz.luca.co.in/pookkalam-24/) രജിസ്റ്റർ ചെയ്തിരിക്കണം.
- വിക്കിമീഡിയ കോമൺസിലെ ഈ പേജിലാണ് (https://w.wiki/B5Lp) ഫോട്ടോകൾ അപ്ലോഡ് ചെയ്യേണ്ടത്. ഫോട്ടോകള്‍ പരിപൂര്‍ണ്ണമായും സ്വയം എടുത്തതാവണം.
- ഒരാൾക്ക് എത്ര ഫോട്ടോ വേണമെങ്കിലും അപ്ലോഡ് ചെയ്യാം. ഒരേ ഫോട്ടോ ആവർത്തിച്ച് അപ്ലോഡ് ചെയ്യരുത്. അവ്യക്തമായ ഫോട്ടോകൾ അപ്ലോഡ് ചെയ്യരുത്.
- ക്യാമറയിലോ മൊബൈലിലോ എടുത്ത ചിത്രങ്ങൾ വിക്കി കോമൺസിലെ ഈ കാറ്റഗറിയിൽ [Category:Images from Wiki Loves Onam 2024 (flower)] ചേർക്കപ്പെടും. (https://w.wiki/B5Bw)
- ഫയലിന്റെ പേരായി ഫോട്ടോയിലെ പൂവിൻ്റെ പേര് ഇംഗ്ലീഷിലോ മലയാളത്തിലോ കൊടുക്കണം. (ഉദാ: തെച്ചിപ്പൂവ് എറണാകുളത്തുനിന്നും|Thechi flower from Ernakulam).
- ചിത്രം നല്ല റെസല്യൂഷനിലുള്ളതായിരിക്കണം (മിനിമം 2 എം.ബി). വാട്ടർമാർക്കുകളോ മറ്റ് സിഗ്നേച്ചറുകളോ ചിത്രത്തിൽ പാടില്ല.
- ചിത്രമെടുത്ത ലൊക്കേഷനും അപ്ലോഡ് ചെയ്യുമ്പോൾ ചേർക്കാൻ മറക്കരുത്.
- ഇത് കൂടാതെ പൂച്ചെടി വളർന്നു നിൽക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ (ചെങ്കൽപ്പാറ, വെള്ളക്കെട്ട്, വയല്‍പ്രദേശം, വീട്ടു പറമ്പ് etc) ചെടിയുടെ പ്രത്യേകതകൾ (കുറ്റിച്ചെടി, വള്ളിച്ചെടി, മരം, നിലത്ത് പടരുന്നത് etc) എന്നിവ കൂടി വിവരണത്തിൽ എഴുതിച്ചേർക്കാം.
- ഈ ഫോട്ടോകള്‍ വിക്കികോമണ്സിലേക്കു നല്കുമ്പോള് ആ ഫോട്ടോ നിങ്ങളുടെ കടപ്പാടോടുകൂടി ഏതൊരാവശ്യത്തിനും ലോകത്താര്‍ക്കും തികച്ചും സൗജന്യമായി ഉപയോഗിക്കാനുള്ള അനുമതിയോടുകൂടിയാണ് ചേർക്കപ്പെടുന്നത്.
🌻🌺 മത്സരത്തിൽ പങ്കെടുക്കാൻ 3 ഘട്ടങ്ങൾ 🌼🌸

മത്സരാർത്ഥികളുടെ സംശയനിവാരണത്തിനായി കേരളത്തിലെ നാട്ടുപൂക്കൾ, മൊബൈൽ ഫോട്ടോഗ്രഫി, വിക്കിമീഡിയ കോമൺസ് എന്നിവയെക്കുറിച്ചുള്ള ഓൺലൈൻ ക്ലാസ് വീഡിയോ കാണാം
വിക്കിമീഡിയയിൽ എങ്ങനെ ഫോട്ടോ അപ്ലോഡ് ചെയ്യാം ? – വീഡിയോ കാണൂ

എന്താണ് വിക്കിമീഡിയ കോമണ്‍സ് ?
വിക്കിപീഡിയയെക്കുറിച്ച് കേട്ടിരിക്കുമല്ലോ. അവിടെ ലേഖനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചിത്രങ്ങള്‍ മുഴുവന്‍ വിക്കിമീഡിയ കോമണ്‍സില്‍ നിന്നുള്ളതാണ്. (https://commons.wikimedia.org) തികച്ചും സ്വതന്ത്രമായ ചിത്രങ്ങളാണ് ഇവിടെയുള്ളത് എന്നതാണ് കോമണ്‍സിന്റെ പ്രത്യേകത. ആര്‍ക്കും സ്വയമെടുത്ത ചിത്രങ്ങള്‍ പല തരത്തിലുള്ള സ്വതന്ത്രലൈസന്‍സോടെ കോമണ്‍സില്‍ അപ്ലോഡ് ചെയ്യാനാകും. ഇന്റര്‍നെറ്റില്‍നിന്നും കിട്ടുന്ന ചിത്രങ്ങള്‍ ആര്‍ക്കും തോന്നിയപോലെ എടുത്ത് ഉപയോഗിക്കാന്‍ അവകാശമില്ല എന്നറിയാമല്ലോ. എന്നാല്‍ വിക്കി കോമണ്‍സിലെ ചിത്രങ്ങളാണെങ്കില്‍ ആര്‍ക്കും കടപ്പാടോടെ ഉപയോഗിക്കാം. അതുപോലെ ഇന്റർനെറ്റിൽ കാണുന്ന ചിത്രങ്ങൾ കോമൺസിൽ ചേർക്കുകയും ചെയ്യരുത്. വൈജ്ഞാനികമൂല്യമുള്ള ഏതു ചിത്രവും വീഡിയോയും ഓഡിയോക്ലിപ്പും വിക്കികോമണ്‍സിലേക്ക് അപ്ലോഡ് ചെയ്യാവുന്നതാണ്. പണമൊന്നും പ്രതീക്ഷിക്കരുത് എന്നുകൂടി പറയട്ടെ. നമ്മളെടുക്കുന്ന ചിത്രങ്ങളിലൂടെ ലോകം എന്നെന്നും നമ്മെ ഓര്‍ക്കാന്‍ വിക്കിമീഡിയോ കോമണ്‍സില്‍ക്കൂടി ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് സഹായിക്കും. ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സോടെ അപ്ലോഡ് ചെയ്താല്‍ നിങ്ങള്‍ക്ക് ആ ചിത്രത്തിന്റെ ക്രഡിറ്റ് ലഭിക്കും. മറ്റാര്‍ക്കും എന്താവശ്യത്തിനും ആ ചിത്രം ഉപയോഗിക്കാം. പക്ഷേ ചിത്രത്തിന്റെ കടപ്പാട് ഫോട്ടോഗ്രാഫര്‍ക്ക് നല്‍കിയേ തീരൂ എന്നുമാത്രം.

ഇതിനായി എന്തു ചെയ്യണം?
അതിനായി വിക്കികോമണ്‍സില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ഇതിന് രണ്ടു വഴികളുണ്ട്. വെബ്സൈറ്റു വഴിയും മൊബൈല്‍ ആപ്പ് വഴിയും. വൈബ്സൈറ്റ് വഴി ചെയ്യുന്നവര്‍ക്ക് https://w.wiki/SMS ല്‍ ചെന്നാല്‍ വളരെ ലളിതമായി ഒരു അക്കൗണ്ട് ഉണ്ടാക്കാനാകും. വിക്കിപീഡിയ അടക്കമുള്ള ഏതു വിക്കിസംരംഭങ്ങളില്‍ ഇടപെടുന്നതിനും തിരുത്തുന്നതിനും ഒക്കെ ഇതേ അക്കൗണ്ട് ഉപയോഗിക്കാനുമാവും. അക്കൌണ്ട് തുടങ്ങിയശേഷം അപ്ലോഡ് ലിങ്കില്‍ (https://w.wiki/B5Lp) ക്ലിക്ക് ചെയ്ത് ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ തുടങ്ങാം. ഡിജിറ്റല്‍ ക്യാമറയിലോ മൊബൈലിലോ എടുത്ത ഫോട്ടോകള്‍ കമ്പ്യൂട്ടറിലേക്കു മാറ്റിയശേഷമോ മൊബൈലിൽ നിന്ന് നേരിട്ടോ ഇങ്ങനെ അപ്ലോഡ് ചെയ്യാവുന്നതാണ്.


മൊബൈലിൽ എങ്ങനെ അപ്ലോഡ് ചെയ്യും ?
മൊബൈല്‍ഫോണ്‍ മാത്രം ഉള്ളവരായിരിക്കും നമുക്കിടയില്‍ ഏറ്റവും കൂടുതല്‍. മൊബൈല്‍ഫോണ്‍ ആപ്പ് ഉപയോഗിച്ചും വിക്കിമീഡിയ കോമണ്‍സിലേക്ക് നമ്മുടെ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവും. ഇതിനായി മൊബൈലിലെ പ്ലേസ്റ്റോറില്‍ ചെന്ന് വിക്കിമീഡിയ കോമണ്‍സ് (wikimedia commons ) എന്ന് തിരഞ്ഞ് ഇന്‍സ്റ്റാള്‍ ചെയ്യുക. വിക്കിമീഡിയ ഫൌണ്ടേഷനാണ് ലളിതമായ ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതുവരെ അക്കൌണ്ട് തുടങ്ങാത്തവര്‍ക്ക് SIGN UP ല്‍ ക്ലിക്ക് ചെയ്ത് അക്കൌണ്ട് തുടങ്ങാവുന്നതാണ്. നിലവില്‍ അക്കൌണ്ട് ഉള്ളവര്‍ക്ക് യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
ആപ്പില്‍ ലോഗിന്‍ ചെയ്തശേഷം മുകളിലെ ഗാലറി ഐക്കണില്‍ അമര്‍ത്തിയാല്‍ ഫോണ്ഗാലറിയില് സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അപ്ലോഡ് ചെയ്യാം. അതല്ലെങ്കില്‍ ഫോണ്ഗാലറിയിലെ ചിത്രത്തില്‍ പോയി SEND ബട്ടണില്‍ അമര്‍ത്തി Commons ആപ്പ് തിരഞ്ഞെടുത്താലും മതിയാവും. ചിത്രത്തിന് നല്ലൊരു പേര് (Title) നല്‍കുക എന്നത് പ്രധാനമാണ്. പൂവിൻ്റെ ചിത്രമെടുത്ത സ്ഥലം, ചിത്രത്തിന്റെ പ്രത്യേകത എന്നിവ ചേര്‍ത്തുള്ള പേരുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യമാണ്. Techi flower from Tanoor എന്നൊക്കെ യുക്തിപൂര്‍വം ഉപയോഗിക്കാം. തെച്ചിപ്പൂവ് താനൂരുനിന്ന് – നാടൻ പൂക്കൾ-ഓണം 2024 എന്നിങ്ങനെ മലയാളത്തിലും ചിത്രത്തിന്റെ title നല്‍കാവുന്നതാണ്.
ചിത്രത്തെക്കുറിച്ചുള്ള ചെറു വിവരണമാണ് ഇനി ചേര്‍ക്കേണ്ടത്. Description എന്ന ഭാഗത്ത് ഇതു നല്‍കാം. എന്താണ് ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലാവുക എന്നതാണു പ്രധാനം. മലയാളത്തിലോ ഇംഗ്ലീഷിലോ ലഘുവിവരണം നല്‍കാം. “മാടായിപ്പാറയിൽ നിന്നും എടുത്ത കാക്കപ്പൂവിന്റെ ചിത്രം.” എന്നൊക്കെയുള്ള രീതിയില്‍ വിവരണം ആവാം. വിവരണം നാലോ അഞ്ചോ വാക്യങ്ങള്‍ ആയാലും നല്ലതു തന്നെ.
അടുത്തത് ചിത്രത്തിനുള്ള ലൈസന്‍സ് തിരഞ്ഞെടുക്കലാണ്. ക്രിയേറ്റീവ് കോമണ്‍സ് CC0, ക്രിയേറ്റീവ് കോമണ്‍സ് Attribution 3.0, ക്രിയേറ്റീവ് കോമണ്‍സ് Attribution-ShareAlike 3.0 എന്നൊക്കെയുള്ള പലതരം ലൈസന്‍സുകള്‍ നിങ്ങള്‍ക്കവിടെ കാണാനാകും. തുടക്കം എന്ന നിലയില്‍ Creative Commons Attribution-Share Alike 4.0 (https://creativecommons.org/licenses/by-sa/4.0/) എന്നതോ Creative Commons Attribution-Share Alike 3.0 എന്നതോ ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ക്കു കടപ്പാടു നല്‍കിയും ഇതേ ലൈസന്‍സോടുകൂടിയും മാത്രമേ ഈ ചിത്രം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാവൂ എന്നാണ് ഈ ലൈസന്‍സ് പറയുന്നത്. CC0 തിരഞ്ഞെടുത്താല്‍ നമ്മുടെ ചിത്രത്തിന്മേലുള്ള എല്ലാ അവകാശങ്ങളും ത്യജിച്ച് പരിപൂര്‍ണ്ണമായും സമൂഹത്തിന്റെ ആവശ്യത്തിലേക്കായി വിട്ടുനല്‍കി എന്നാണ് അതിനര്‍ത്ഥം. നിങ്ങളുടെ കടപ്പാട് നല്‍കിയോ നല്കാതെയോ ആര്‍ക്കും ആ ചിത്രം പിന്നീട് ഉപയോഗിക്കാനാവും എന്നു ചുരുക്കം.
കാറ്റഗറി തെരഞ്ഞെടുക്കല്‍
ഇതിനുശേഷം മുകളിലെ ആരോ ബട്ടണ്‍ അമര്‍ത്തിയാല്‍ കാറ്റഗറീസ് എന്ന ഭാഗത്തെത്തും. ഇവിടെ നമ്മള് എടുത്ത ചിത്രം ഏതു കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു എന്നത് തിരഞ്ഞെടുക്കണം. Images from Wiki Loves Onam 2024 എന്ന ടൈപ്പു ചെയ്ത് ഈ കാറ്റഗറി തിരഞ്ഞെടുക്കാവുന്നതാണ്. കാറ്റഗറി നല്കല് ഏറെ പ്രധാനമാണ്. വിക്കിമീഡിയ കോമണ്‍സില്‍ വൈജ്ഞാനികമൂല്യമുള്ള ഒരു നല്ല ചിത്രം അപ്ലോഡ് ചെയ്യുകയും കാറ്റഗറി തിരഞ്ഞെടുക്കാതിരിക്കുകയും ചെയ്താല്‍ ആ ചിത്രംകൊണ്ട് ഏറെ പ്രയോജനം സമൂഹത്തിനു ലഭിക്കണമെന്നില്ല. അതിനാല്‍ നിര്‍ബന്ധമായും കാറ്റഗറി ചേര്‍ക്കുക. പല കാറ്റഗറികള്‍ ഒരേ സമയം തിരഞ്ഞെടുക്കാവുന്നതുമാണ്. വിക്കിപീഡിയയിലെ പല ലേഖനങ്ങള്‍ക്കും നമ്മള് അപ്ലോഡ് ചെയ്ത ഫോട്ടോകള്‍ ഉപയോഗിക്കപ്പെടാം. വിക്കിപീഡിയയില്‍ വിവരം കൂട്ടിച്ചേര്‍ക്കാന്‍ അറിയുന്ന ആര്‍ക്കും ഈ ഫോട്ടോകള്‍ അതിനായി ഉപയോഗിക്കാം. https://w.wiki/B5Lp ഈ ലിങ്കിൽ ഞെക്കിയതിനു ശേഷം വരുന്ന പേജിലാണ് ചിത്രങ്ങൾ ചേർക്കുന്നതെങ്കിൽ കാറ്റഗറി അവിടെ ഓട്ടോമാറ്റിക്കായി ഉണ്ടാവും. കൂടാതെ പൂവിന്റെ കാറ്റഗറി അധികം ചേർക്കുന്നത് നന്നാവും.
വിക്കിമീഡിയയിൽ എങ്ങനെ ഫോട്ടോ അപ്ലോഡ് ചെയ്യാം ? – വീഡിയോ കാണൂ
Related
