
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയും കിലയും ചേർന്ന് ‘Communication for Science & Development’ എന്ന വിഷയത്തിൽ പോഡ്കാസ്റ്റ് ശില്പശാല സംഘടിപ്പിച്ചു. 2023 ജൂലൈ 29, 30 തിയ്യതികളിൽ തൃശ്ശൂർ കിലയിൽ വെച്ചായിരുന്നു ശിൽപശാല. പോഡ്കാസ്റ്റ്, ശബ്ദലേഖനമേഖലയിൽ താത്പര്യമുള്ള 50 പേരാണ് ശില്പശാലയിൽ പങ്കെടുത്തത്.

കിലയിലെ മീഡിയ & പബ്ലിക് റിലേഷൻസ് കോർഡിനേറ്റർ പി.വി.ഷെബി സ്വാഗതം പറഞ്ഞു. ‘ശാസ്ത്ര ബോധവും ശാസ്ത്ര വിനിമയവും സാമൂഹ്യ മാറ്റത്തിന്’ എന്ന വിഷയത്തിൽ ലൂക്ക എഡിറ്റോറിയൽ ബോർഡംഗം അരുൺ രവി സംസാരിച്ചു. തുടർന്ന് ‘ശബ്ദമാധ്യമം- സാധ്യതകൾ, പരിമിതികൾ’ (നരേന്ദ്രൻ.കെ.എം.), റേഡിയോയ്ക്ക് വേണ്ടി എഴുതുമ്പോൾ (പ്രഭാകരൻ ടി.ടി.), റേഡിയോയിലൂടെ സംസാരിക്കുമ്പോൾ’ (കെ.ആർ. ചാർളി), പോഡ്കാസ്റ്റിന്റെ ലോകം’ (അനന്തപത്മനാഭൻ) , പോഡ്കാസ്റ്റ് ചെയ്യുമ്പോൾ (ഡോ.സി.ചിഞ്ചു) എന്നീ അവതരണങ്ങൾ നടന്നു.

കേൾവിക്കാർക്ക് വേണ്ടിയുള്ള വായന പാനൽ ചർച്ചയിൽ മാതൃഭൂമി ക്ലബ് എഫ്.എം സീനിയർ പ്രൊഡ്യൂസർ RJ സിംല , എഴുത്തുകാരികളായ സംഗീത ചേനംപുല്ലുി, ഇ.എൻ.ഷീജ എന്നിവർ ക്യാമ്പംഗങ്ങളോട് സംസാരിച്ചു. പരിഷത് കലാജാഥ, റേഡിയോ അനുഭവങ്ങൾ എം.എസ്. മോഹനൻ പങ്കിട്ടു. ശബ്ദലേഖനവും എഡിറ്റിങ്ങും പ്രക്ഷേപണവും- പ്രായോഗിക സെഷന് മുജീബ് റഹ്മാൻ നേതൃത്വം നൽകി.

രണ്ടാം ദിവസം ക്യാമ്പിൽ വെച്ച് റിക്കാർഡ് ചെയ്ത ഇനങ്ങളുടെ അവതരണം നടന്നു. തുടർന്ന് ശബ്ദകലാകാരിയായ ഷിജിന സി. യുമായുള്ള സംഭാഷണം, നരേന്ദ്രൻ കെ.എം നയിച്ച ‘പോഡ്കാസ്റ്റിങ്ങിനുവേണ്ടിയുള്ള അഭിമുഖസംഭാഷണങ്ങൾ’ എന്നിവ നടന്നു. ഫ്രന്റ് ലൈന്റെ സീനിയർ ഡെപ്യൂട്ടി എഡിറ്റർ ജിനോയ് ജോസ് പി ‘എന്നുടെ ഒച്ച കേട്ടുവോ വേറിട്ട് ?’ എന്ന അവതരണം നടത്തി. കില ഡയറക്ടർ ജോയ് ഇളമൺ, എം.സ്വരാജ് തുടങ്ങിവർ ക്യാമ്പംഗങ്ങളുമായി സംസാരിച്ചു. ലൂക്ക എഡിറ്റോറിയൽ ബോർഡംഗം വി ചന്ദ്രബാബുവായിരുന്നു ക്യാമ്പ് ഡയറക്ടർ.

















ഫോട്ടോകൾ : ജിജോ വള്ളിക്കുന്ന്