
വൈദ്യുത സിഗ്‌നലുകളെ ഒപ്‌ടിക്കൽ സിഗ്‌നലുകളാക്കി മാറ്റുന്ന ചെറിയ ഉപകരണങ്ങളാണ് പ്ലാസ്മോണിക് മോഡുലേറ്ററുകൾ. ഇവ ഒപ്‌ടിക്കൽ ഫൈബറുകളിലൂടെയുള്ള പ്രക്ഷേപണത്തിനായി ഉപയോഗിക്കുന്നു. ഇതുവരെ, ഇത്തരത്തിലുള്ള ഒരു മോഡുലേറ്ററിനും ഒരു ടെറാഹെർട്‌സിനപ്പുറം ഫ്രീക്വൻസിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ടെറാഹെർട്‌സ് ഫ്രീക്വൻസികളിൽ ഒപ്പിക്കൽ ഡാറ്റാ ട്രാൻസ്‌മിഷൻ സാധ്യമാക്കുന്ന പ്ലാസ്മോണിക് മോഡുലേറ്റർ ഗവേഷകർ ഈയിടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ടെറാഹെർട്സ് സിഗ്‌നലുകളെ ഒപ്‌ടിക്കൽ ഫൈ ബറിലേക്ക് മാറ്റുന്നത് സാങ്കേതികമായി സാധ്യമാണെങ്കിലും, ഇത് വളരെ ശ്രമകരമായ ഒരു പ്രക്രിയയാണ്. നിലവിൽ നിരവധി ചെലവേറിയ ഘടകങ്ങൾ ആവശ്യമാണ്. അതേസമയം, പുതിയ പ്ലാസ്മോണിക് മോഡുലേറ്ററുകൾക്ക് സിഗ്‌നലുകളെ നേരിട്ട് പരിവർത്തനം ചെയ്യാൻ കഴിയും, ഇത് ഊർജ ഉപഭോഗം കുറയ് ക്കുകയും കൃത്യത വർധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, വ്യത്യസ്‌ത ഫ്രീക്വൻസി ശ്രേണികൾക്ക് നിലവിൽ വ്യത്യസ്‌ത ഘടകങ്ങൾ ആവശ്യമാണ്. സ്വർണ്ണം ഉൾപ്പെടെയുള്ള വിവിധ വസ്‌തുക്കൾകൊണ്ട് നിർമ്മിച്ച ഒരു ചെറിയ നാനോ ഘടനയാണ് പുതിയ മോഡുലേറ്റർ.

ഈ മോഡുലേറ്ററുകൾക്ക് ഡാറ്റാ ട്രാൻസ്‌മിഷന് പുറമെ, വൈദ്യശാസ്ത്രത്തിലെ ഇമേജിങ്, മെറ്റീരിയൽ വിശകലനത്തിനുള്ള സ്പെക്ട്രോസ്കോപ്പിക് രീതികൾ, വിമാനത്താവളങ്ങളിലെ ബാഗേജ് സ്കാനറുകൾ, റഡാർ എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ ഉപയോഗമുണ്ട്.
2025 ഏപ്രിൽ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്. എഴുതിയത് : ഡോ. ദീപ കെ.ജി
അവലംബം:
Optica Vol. 12. Issue 3, pp. 325-328 (2025)