Read Time:6 Minute

ഡോ.സുരേഷ് കുട്ടി

ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്

ഒരു മഹാ പ്രതിസന്ധി ഘട്ടം വരുമ്പോള്‍ മനുഷ്യന്‍ എങ്ങനെയാണ് പരസ്പരം താങ്ങാവുന്നത്, ശക്തർ ബലഹീനര്‍ക്ക് തണൽ ആവുന്നത് എന്നെല്ലാം, പ്രളയ സമയങ്ങളിലും പിന്നെ ഇപ്പൊള്‍ കോവിഡ് മഹാമാരിയിലും നാം ദിനംപ്രതി കാണുന്നുണ്ട്. ഫേസ്ബുക്ക് പോലും കരുതലിന്റെ പുതിയ ഇമൊജി പുറത്തിറക്കി. മനുഷ്യന്‍ മനുഷ്യന് കരുതലാവുന്ന വാര്‍ത്തകളാണ് എല്ലായിടത്തും. ഇത് പോലെ സമാനമായ പാരസ്പര്യ ബന്ധം സസ്യലോകത്തും ഉണ്ട് എന്നു പഠനങ്ങള്‍ പറയുന്നു.
സാധാരണ നമ്മുടെ ധാരണ ഒരു വലിയ ചെടിക്ക് താഴെ ഒരു ചെറിയ സസ്യം വളര്‍ന്നാല്‍ അതിനു ആവശ്യത്തിനു പോഷകങ്ങളും പ്രകാശ സംസ്ലേഷണത്തിന് ആവശ്യമായ വെയിലും കിട്ടില്ല എന്നും അതിനാല്‍ തന്നെ ചെറിയ സസ്യം മുരടിച്ചു പോകും എന്നുമാണ്. പലപ്പോഴും ഇത് ശരിയും ആണ്, കാരണം താഴെതലത്തിൽ വളരുന്ന ചെറു സസ്യങ്ങൾക്ക് ജീവൽമത്സരത്തിൽ നിലനിൽക്കാനുള്ള മെയ്‌വഴക്കം താരതമ്യേന കുറവാണല്ലോ.

എന്നാൽ ചില പ്രതികൂല സാഹചര്യങ്ങളിൽ വലിയ സസ്യങ്ങൾ താഴെ വളരുന്ന ചെറുസസ്യങ്ങൾക്ക് അക്ഷരാർത്ഥത്തിൽ തണലാകും എന്നാണ് പോർട്‌സ്മൗത്ത് സർവകലാശാലയിലെ ഡോ. റോസിയോ ബരേൽസിന്റെ (Rocío Perez-Barrales) നേതൃത്വത്തിൽ നടന്ന പഠനങ്ങൾ പറയുന്നത്. മാത്രമല്ല ചെറുസസ്യം വന്മരത്തിനു തിരിച്ചും ഉപകാരപ്രദമായ സഹായം ചെയ്യുന്നു എന്നറിയുമ്പോൾ ആണ് പ്രസ്തുത പഠനത്തിന്റെ പ്രത്യേകത മനസ്സിലാവുക.

കടപ്പാട് shutterstock.

വലിയ വൃക്ഷങ്ങളും അതിന്റെ തണലിൽ വളരുന്ന ചെറു ചെടികളും വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ ഒക്കെ വളരുന്നു എന്ന പഠനത്തിൽ കണ്ടത് വളരെ വിസ്മയിപ്പിക്കുന്ന ഫലങ്ങൾ ആണ്. മരുവത്കരണം പോലെയുള്ള പ്രതികൂല സാഹചര്യത്തിൽ ഒരു കുഞ്ഞു ചെടി വന്മരതണലിൽ എത്തിപ്പെട്ടു വളരാവുന്ന സാഹചര്യം കുറവാണ്. എങ്കിലും അങ്ങനെ എത്തിപ്പെടുന്ന കുഞ്ഞിചെടിക്കാണ് നിലനിൽപിന് ഉള്ള സാധ്യത കൂടുതൽ. അമിതചൂടിൽ നിന്നും അതുവഴിയുള്ള ജലനഷ്ടത്തിൽ നിന്നും എല്ലാമുള്ള സംരക്ഷണം വന്മരത്തണലിൽ ഉണ്ടാകും. എന്നാൽ പിന്നീട് ഈ തണലിൽ നിന്നും മാറ്റി മറ്റൊരു സ്ഥലത്തു നടുമ്പോൾ തണൽ കിട്ടാതെ വളർന്ന കുഞ്ഞിചെടികളെ അപേക്ഷിച്ച് കൂടുതൽ ആരോഗ്യവും പൂക്കളും, തണലിൽ വളർന്ന ചെടികൾ കാണിക്കുന്നു. അത് പോലെ തന്നെ തണൽ കൊടുത്ത സസ്യവും തണലിൽ മറ്റു കുഞ്ഞിച്ചെടികൾ വളരാത്ത സസ്യവും താരതമ്യം ചെയ്യുമ്പോൾ തണൽ കൊടുത്ത സസ്യത്തിൽ കൂടുതൽ പുഷ്പങ്ങൾ ഉണ്ടാകുന്നു എന്നും ഈ പഠനത്തിൽ കണ്ടെത്തി.

കൂട്ടമായി വളരുന്ന സസ്യങ്ങൾക്ക് ഒറ്റക്ക് വളരുന്ന സസ്യത്തെ അപേക്ഷിച്ച് നിലനിൽപിന് ഉള്ള സാധ്യത കൂടുതൽ ആവുന്നതിൽ മണ്ണിലുള്ള കുമിളുകളുടെ വൈവിധ്യവും സുപ്രധാന കാരണമാണ്. ;ചിത്രം sciencedirect
സസ്യങ്ങളുടെ വേര് മണ്ഡലം അഥവാ rizosphere ഇനിയും പൂർണമായും മനസ്സിലാവാത്ത ഒരു അത്ഭുത മേഖലയാണ്. സസ്യങ്ങളെ കടലിൽ നിന്നും കരയിൽ ആധിപത്യം സ്ഥാപിക്കാൻ സഹായിച്ചു എന്നു കരുതപ്പെടുന്നത് ആദ്യം കര സ്വന്തമാക്കിയ കുമിളുകൾ ആണ് എന്നാണ് പഠനങ്ങൾ പറയുന്നത്.
ഒട്ടുമിക്ക പുഷ്പിത സസ്യങ്ങൾക്കും കുമിൾ വർഗ്ഗങ്ങൾ ഇല്ലാതെ ജീവനം അസാധ്യമാണ്. വേരുകളിൽ അവ കുമിൾ വർഗ്ഗങ്ങളുമായി പല തരം സമ്പർക്ക ബന്ധങ്ങൾ ഉണ്ടാക്കുന്നു. ഒരൊ തരം സസ്യങ്ങളം വ്യത്യസ്ത കുമിൾ വർഗ്ഗവുമായി ആണ് ഇത്തരം ബന്ധങ്ങൾ ഉണ്ടാവുക. ഒരു ചെടിക്ക് തന്നെ പല കുമിൾ വർഗ്ഗ സഹായി ഉണ്ടാവും. മണ്ണിലെ ലവണങ്ങളും ഈർപ്പവും വലിച്ചെടുക്കാൻ സഹായിക്കുക തുടങ്ങി രോഗകാരികളായ പരാദകുമിളുകളുടെയും നിമാ വിരകളുടെയും വളർച്ച തടയുക വരെ ഉള്ള അനേകം ജോലികൾ മിത്ര കുമിളുകൾ ചെയ്യുന്നുണ്ട്. കൂടുതൽ സസ്യ വർഗ്ഗങ്ങൾ ഉള്ള മണ്ണിൽ മിത്രകുമിളുകളുടെ എണ്ണവും കൂടുതൽ ആവും. സസ്യങ്ങൾ തമ്മിലുള്ള പരസ്പര ആശ്രിതത്വത്തിനു ഈ മിത്ര കുമിളുകൾ നൽകുന്ന സംഭാവന ചെറുതല്ല. കൂട്ടമായി വളരുന്ന സസ്യങ്ങൾക്ക് ഒറ്റക്ക് വളരുന്ന സസ്യത്തെ അപേക്ഷിച്ച് നിലനിൽപിന് ഉള്ള സാധ്യത കൂടുതൽ ആവുന്നതിൽ മണ്ണിലുള്ള കുമിളുകളുടെ വൈവിധ്യവും സുപ്രധാന കാരണമാണ്.

ഈ പ്രതികൂലകാലത്ത് പരസ്പര ആശ്രിതത്വത്തിന്റെ വലിയ പാഠങ്ങൾ സസ്യങ്ങളിൽ നിന്നു കൂടെ നമുക്ക് പഠിക്കാനുണ്ട്.


അധിക വായനകള്‍

  1. Alicia Montesinos-Navarro, Isabelle Storer, Rocío Perez-Barrales. Benefits for nurse and facilitated plants emerge when interactions are considered along the entire life-span. Perspectives in Plant Ecology, Evolution and Systematics, 2019; 41: 125483 DOI: 10.1016/j.ppees.2019.125483
Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 4
Next post ശിലകൾ ഉണ്ടാകുന്നതെങ്ങനെ?
Close