വിജയകുമാർ ബ്ലാത്തൂർ
ചെണ്ടമേളത്തിന്റെ ആസുരതാളത്തിനൊത്ത് ചുവട് വെച്ച് തെയ്യാട്ടമാടുന്ന ഈ കുഞ്ഞ് വർണ ചിലന്തിയുടെ വിഡിയോ വൈറലായി വാട്ട്സാപ്പുകളിൽ തകർത്ത് ഓടുന്നുണ്ട്. വസൂരിമാല തെയ്യം എന്നത് പോലെ കൊറോണ തെയ്യം എന്ന് ഏതോ സഹൃദയൻ പേരും നൽകീട്ടുണ്ട്. MARATUS SPECIOSUS എന്ന് ശാസ്ത്രനാമമുള്ള ഒരിനം മയിൽ ചിലന്തി (Peacock spider)ആണിത്.
2012 ൽ ആണ് ആദ്യമായി ഇതിന്റെ മയിലാട്ട ഫോട്ടോ കിട്ടുന്നത്. ആസ്ട്രേലിയയാണ് മയിൽ ചിലന്തികളുടെ ഇടം . ഇതുവരെ ആയി 86 ഇനം മയിൽ ചിലന്തികളെ കണ്ടെത്തീട്ടുണ്ട്. അതിൽ 48 ഇനങ്ങളെ കണ്ടെത്തി പേര് നൽകിയത് Jurgen Otto യും David E Hill എന്നിവർ ചേർന്നാണ്.
ഒരു അരി മണിയുടെ വലിപ്പം പോലും ഇല്ലാതെ ചാടി ചാടി നടക്കുന്ന കുഞ്ഞൻ ചിലന്തി ജനുസാണ് മരാറ്റസ് . ആൺ ചിലന്തികളും പെൺ ചിലന്തികളും കാഴ്ചയിൽ ഒരു സാമ്യവും ഇല്ല. പെൺ ചിലന്തികളെ നരച്ച കളറിൽ ചിലപ്പോൾ പെട്ടെന്ന് കാഴ്ചയിൽ പെടുക പോലും ഇല്ല. എന്നാൽ ആണുങ്ങൾ തനി മയിലുകൾ തന്നെ. ഇണചേരാനായി പെൺ ചിലന്തിയെ ആകർഷിക്കാൻ അതി മനോഹര ചുവടുകളോടെ നൃത്തം ചെയ്യും. ശരീരത്തിന്റെ പിൻഭാഗത്ത് ഇറിഡെസെൻ്റ് പ്രതിഭാസ പ്രത്യേകതയുള്ള വർണ്ണ വിശറി പോലുള്ള സംവിധാനം വിതർത്ത് ഉയർത്താൻ അതിന് ആവും. നിറയെ വർണരോമരാജികളുടെ ആലവട്ട വെഞ്ചാമര ഭംഗി! എട്ടു കാലുകളിൽ മൂന്നാം ജോഡി കാലുകൾ നീളം കൂടിയതാണ്. പതുത്ത വർണ രോമങ്ങളോടെ ഡിസൈൻ ഉള്ള ഈ കാലുകൾ രണ്ടുഭാഗത്തേക്കും മുദ്രകൾ കാട്ടുന്ന കൈകൾ പോലെ ഉയർത്തിപ്പിടിച്ചാണ് നൃത്തം ചെയ്യുക. ഇടത്തോട്ടും വലത്തോട്ടും താളത്തിൽ വിലങ്ങനെ നീങ്ങിയാണ് നൃത്തച്ചുവട് . ശരീരം നന്നായി വിറപ്പിക്കും. പെൺ ചിലന്തിയുടെ മുന്നിൽ പെട്ടാൽ ഉടൻ ആൺ ചിലന്തി ശൃംഗാര നൃത്തം തുടങ്ങും. പെണ്ണ് ചിലപ്പോൾ മൈൻഡ് ചെയ്യില്ല. കണ്ട ഭാവം കാണിക്കാതെ നിൽക്കും. (നല്ല വിശപ്പുള്ള സമയവും വേറെ ആണുമായി ഇണചേർന്ന് മുട്ട പേറുന്ന സമയവും ആണെങ്കിൽ പിന്നെ ഒന്നും നോക്കില്ല – ഒറ്റ ചാട്ടത്തിന് നൃത്തക്കാരന്റെ കഥ കഴിച്ച് ശാപ്പിടും – അത്ര തന്നെ!) ആൺ ഡാൻസ് നിർത്താതെ കൂടെ കൂടുകയാണെങ്കിൽ പെൺ ചിലന്തി – “വേണ്ട മോനെ, വേണ്ട മോനെ…. ” എന്ന സിഗ്നലായി ഒരു സൈഡിൽ നിന്ന് മറ്റേ സൈഡിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും ശരീരം കുലുക്കി വിറപ്പിച്ചുള്ള നൃത്തം ചെയ്യും. താത്പര്യമില്ല എന്നാണ് സന്ദേശം. ഇഷ്ടമാണെങ്കിൽ നൃത്തം ആസ്വദിച്ച് കൂടെ കൂടും. നാല് മിനുറ്റ് മുതൽ 50 മിനുറ്റ് വരെ നീളും നൃത്ത പരിപാടി . ഇണ ചേർന്ന ശേഷം ചിലപ്പോൾ ആൺ ചിലന്തിയെ തിന്നുന്ന പതിവും ഉണ്ട്. എന്നാൽ ഈ അപകടം അറിയാവുന്നത് കൊണ്ട് ഇണ ചേരൽ കഴിഞ്ഞ ഉടൻ ഒട്ടും സമയം പാഴാക്കാതെ ചാടി ഒഴിഞ്ഞ് ജീവൻ രക്ഷിക്കാൻ ആൺ ചിലന്തി നോക്കും. പെൺചിലന്തി സ്വന്തം ശരീരം 180 ഡിഗ്രി പിണച്ചൊക്കെയാണ് ഇണ ചേരുന്നത്. പിണഞ്ഞ് നാശമായ സ്വന്തം ശരീരം പൂർവാവസ്ഥയിലേക്ക് നിവർത്തുന്ന തിരക്കായതിനാൽ ആൺ ചിലന്തി അപകടത്തിൽ പെടാതെ തടി കയിച്ചിലാകും.
ഇവയുടെ ശരാശരി ആയുസ് ഒരു വർഷമാണ്. മുട്ട വിരിഞ്ഞിറങ്ങിയവ പ്രായപൂർത്തിയാവാൻ ആറു മാസത്തോളമെടുക്കും നിരവധി തവണ ഉറ പൊഴിച്ചാണ് പൂർണ വളർച്ച എത്തുന്നത്. ഓരോ ഉറ പൊഴിക്കലിനും ആഴ്ചകൾ എടുക്കും – ഈ സമയമത്രയും ഇവ ഭക്ഷണമൊന്നും കഴിക്കില്ല. ഉറസഞ്ചി ചുറ്റുപാടുകളിൽ നിന്ന് കാണാൻ പറ്റാത്ത വിധം മറഞ്ഞ് കിടക്കും. അവസാന ഉറ പൊഴിക്കലോടെ മാത്രമേ ലൈംഗീക അവയവങ്ങൾ പൂർണ രൂപത്തിൽ വികസിക്കുന്നുള്ളു.. പിന്നീട് ഇണ ചേരലിനുള്ള മാസങ്ങളാണ്. നിശാശലഭങ്ങൾ, കടന്നലുകൾ, മറ്റ് എട്ടുകാലികൾ, തുടങ്ങി തന്നേക്കാൾ വലിയവരെ വരെ ആക്രമിച്ച് പിടിച്ച് തിന്നും.
ഇരപിടുത്തം പൂച്ചയേപ്പോലെ ആണ്. പതുങ്ങി ഒളിച്ചിരുന്നു പെട്ടന്ന് ചാടി വീണ് പിടികൂടി ശാപ്പിടുന്ന രീതി.
ഇവർ ഇങ്ങനെ മനോഹര നൃത്തം ചെയ്യുന്നത് എന്തിനാണ് എന്ന കാര്യത്തിൽ ഇപ്പഴും കൃത്യമായ വിശദീകരണം ആയിട്ടില്ല. നൃത്തച്ചുവടുകളും എത്ര സമയം നൃത്തം വെക്കുന്നു എന്നതും ഇണയുടെ കായിക ക്ഷമതയുടെ അളവുകോലായി കണക്കാക്കി നല്ല ഇണയെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് അവസരം ആക്കുന്നു എന്നാണ് പൊതു നിഗമനം . രൂപ സൗന്ദര്യവും നൃത്തസൗന്ദര്യവും മനുഷ്യരെ പോലെ ഇവർ തിരിച്ചറിയുന്നുണ്ടാവാൻ സാദ്ധ്യത ഇല്ല.
ഫോട്ടോകൾക്ക് കടപ്പാട്: Jurgen Otto , David E Hill
എല്ലാ ഇനം മയിൽ തുള്ളൽ ചിലന്തികളേക്കുറിച്ചും അറിയാൻ സന്ദർശിക്കുക : www.peacockspider.org