Read Time:6 Minute
ഓസോൺ പാളീക്ഷയം ആദ്യമായി കണ്ടെത്തുകയും, നാം ജീവിക്കുന്ന വർത്തമാനജിയോളജിക്കൽ കാലഘട്ടത്തെ ആന്ത്രോപ്പോസീൻ എന്നു നാമകരണം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഡച്ച് രസതന്ത്രജ്ഞൻ പോൾ ജോസഫ് ക്രൂട്ട്സൺ അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു.
ഭൂമിയിൽ നിന്ന് മനുഷ്യ പ്രവർത്തന ഫലമായി അന്തരീക്ഷത്തിൽ സ്ട്രാറ്റോസ്ഫിയറിൽ എത്തുന്ന നൈട്രജൻ ഓക്സൈഡ് വാതകം സൂര്യനിൽ നിന്നും പ്രസരിക്കുന്ന അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന ഓസോൺ പാളി ക്ഷയിക്കാൻ കാരണമാവുന്നു എന്ന് 1970 ൽ ആദ്യമായി കണ്ടെത്തിയത് പോൾ ജോസഫ് ക്രൂട്ട്സൺ ആയിരുന്നു. പിന്നീട് 1974 ൽ മനുഷ്യർ ഉപയോഗിക്കുന്ന ശീതീകരണികളിൽ നിന്ന് അതരീക്ഷത്തിലേക്ക് വമിക്കുന്ന ക്ലോറോ ഫ്ലൂറോകാർബണുകളും ഓസോൺ പാളീ ക്ഷയത്തിന് കാരണമാവുന്നു എന്ന് അമേരിക്കൻ രസതന്ത്രജ്ഞരായ മറിയോ മോലിന, എഫ്. ഷെർവുഡ് റൗലാൻഡ് എന്നിവരും കണ്ടെത്തി. ഇവർക്ക് മുന്നുപേർക്കുമായി 1995 ൽ രസതന്ത്ര നൊബേൽ സമ്മാനം നൽകി.
പോൾ ജോസഫ് ക്രൂട്ട്സൺ, മറിയോ മോലിന, എഫ്. ഷെർവുഡ് റൗലാൻഡ് – 1995 ലെ രസതന്ത്ര നൊബേൽ ഇവർക്കായിരുന്നു
വ്യവസായ വിപ്ലവാനന്തരം അന്തരീഷതാപനത്തിൽ വന്നു കൊണ്ടിരിക്കുന്ന വർധനവ് ഭൂമിയുടെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് സൃഷ്ടിക്കുന്നത്. ഭൂമിയിലെ മനുഷ്യ പ്രവർത്തനങ്ങളാണിതിന് കാരണമായിട്ടുള്ളത്. അതുകൊണ്ട് വ്യവസായ വിപ്ലവാനന്തര കാലത്തെ(AD1800 നു ശേഷമുള്ള കാലത്തെ) ആന്ത്രോപ്പോസീൻ എന്ന് നാമകരണം ചെയ്യണമെന്ന് നിർദ്ദേശിച്ചത് പോൾ ജോസഫ് ക്രൂട്ട്സൺ ആയിരുന്നു. 2000 ൽ ക്രൂട്ട്സണും അമരിക്കൻ മറൈൻബയോളജിസ്റ്റ് യുജീൻസ്റ്റോർമറും ചേർന്നെഴുതിയ ഒരു പ്രബന്ധത്തിലൂടെയാണ് ഈ നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ചത്.
2007 ൽ ക്രൂട്ട്സണും കാലാവസ്ഥാ ശാസ്ത്രജ്ഞനായ വിൽ സ്റ്റെ ഫെനും പരിസ്ഥിതി ചരിത്രകാരനായ ജോൺ.ആർ. മക്നിലും ചേർന്നെഴുതിയ പ്രബന്ധത്തിൽ 1800 നു ശേഷം രണ്ടാം ലോക മഹായുദ്ധാവസാനം വരെയുള്ള കാലത്തെ ഫോസിൽ ഇന്ധനങ്ങളുടെ കാലമെന്നും 1950 നു ശേഷമുള്ള കാലത്തെ മഹാത്വരണകാലമെന്നും(period of great acceleration) വിശേഷിപ്പിക്കണമെന്നു നിർദ്ദേശിച്ചു.
ഇതിന്റെ പശ്ചാത്തലത്തിൽ പിന്നീട് 1950 നു ശേഷമുള്ള കാലത്തെയാണ് ആന്ത്രോപ്പോസീൻ എന്നു വിശേഷിപ്പിക്കേണ്ടത് എന്ന അഭിപ്രായം ശാസ്ത്ര ലോകത്ത് ശക്തിപ്പെട്ടു.
ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ മാറ്റത്തിനു കാരണം മനുഷ്യൻ പ്രകൃതിയിൽ നടത്തിയിട്ടുള്ള ഇടപെടൽ മൂലമാണ് എന്നത് കൊണ്ട് ഈ മാറ്റത്തെ മനുഷ്യനിർമിത കാലാവസ്ഥാമാറ്റം (Anthropogenic climate change) എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. അതു കൊണ്ട് നാം ജീവിക്കുന്ന വർത്തമാന ജിയോളജിക്കൽ കാലഘട്ടത്തെ ആന്ത്രോപ്പോസീൻ (Anthropocene) എന്നു നാമകരണം ചെയ്തിരിക്കുകയാണ്.ഭൂമിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കിയാണ് ജിയോളജിക്കൽ കാലഘട്ടങ്ങളെ നിർണയിക്കുന്നതും നാമകരണം ചെയ്യുന്നതും.
ഒടുവിൽ 1950 നു ശേഷമുള്ള കാലത്തെ ആന്ത്രോപ്പോസീൻ എന്ന് നാമകരണം ചെയ്യാൻ ഏതാണ്ട് ധാരണയായതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തീരുമാനമെടുക്കേണ്ടത് ഇന്റർനാഷനൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസിന്റെ ആഭിമുഖ്യത്തിലുള്ള ഇന്റർനാഷനൽ കമ്മീഷൻ ഓൺ സ്ട്രാറ്റിഗ്രഫിയാണ്. അവർ നിയോഗിച്ച ആന്ത്രോപ്പോസീൻ വർക്കിംഗ് ഗ്രൂപ്പ് 1950 കൾക്ക് ശേഷമുളള കാലഘട്ടത്തെ ആന്ത്രോപ്പോസീൻ എന്നു നാമകരണം ചെയ്യാൻ നിർദ്ദേശിച്ചു കഴിഞ്ഞു.
പോൾ ജോസഫ് ക്രൂട്ട് സെൻ (Paul Jozef Crutzen) കടപ്പാട് വിക്കിപീഡിയ
ക്രൂട്ട്സൺ ഒരു വലിയ ശാസ്ത്രജ്ഞൻ മാത്രമായിരുന്നില്ല. മനുഷ്യന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിച്ച ഒരു മഹാപ്രതിഭ കൂടിയായിരുന്നു. അദേഹത്തിന്റെ ലോകത്തിനുള്ള മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ്,1987 ൽ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലുള്ള മോൺടിയൽ പ്രോട്ടക്കോളിന്റെ ഭാഗമായി അന്തരീക്ഷത്തിലെ ക്ലോറോ ഫ്ലൂറോ കാർബർൺന്റെ അളവ് കുറയ്ക്കാനുള്ള നടപടികൾ ഉണ്ടായതും ഓസോൺ പാളിക്ഷയം കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞതും. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മനുഷ്യ സ്നേഹിയായ ഒരു മഹാ പ്രതിഭയെ ലോകത്തിനു നഷ്ടമായിരിക്കുകയാണ്.

എഴുത്ത്: പി.കെ.ബാലകൃഷ്ണൻ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സമുദ്രശാസ്ത്രത്തിന്റെ ചരിത്രം
Next post കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടന പരിപാടി – തത്സമയം
Close