[dropcap]പൂ[/dropcap]മ്പാറ്റകളില്‍ ഏറ്റവും സുന്ദരിയേത് എന്ന ചോദ്യം രണ്ടുകാരണങ്ങളാല്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നും ഇല്ലാത്തതാണ്. ഒന്നാമത് എല്ലാ പൂമ്പാറ്റകളും അതിസുന്ദരികളാണ്, രണ്ടാമത് സൌന്ദര്യം എന്നുപറയുന്നത് അനുവാചകന്റെ രുചിഭേദങ്ങള്‍ക്കനുസരിച്ചിരിക്കും. എങ്കിലും അതീവസുന്ദരിയായ ഒരു പൂമ്പാറ്റയാണ് ബുദ്ധമയൂരി എന്നതില്‍ തര്‍ക്കമില്ല. പശ്ചിമഘട്ടത്തില്‍മാത്രം കാണപ്പെടുന്ന ഈ പൂമ്പാറ്റയെ എപ്പോഴുമൊന്നും കാണാനാവില്ല. നിത്യഹരിതവനങ്ങളുടെയും അതിന്റെ ചുറ്റുപാടും കേരളത്തിലും കര്‍ണ്ണാടകത്തിലും മണ്‍സൂണിലും അതിനുശേഷമുള്ള കാലത്തും കാണപ്പെടുന്ന ഈ ശലഭം മരങ്ങളുടെ മുകളില്‍ക്കൂടിപറക്കുന്നവയും അപൂര്‍വ്വമായി മാത്രം താഴെവരുന്നവയും ആണ്. കൊങ്ങിണിയില്‍നിന്നും ഹനുമാന്‍കിരീടത്തില്‍നിന്നും ചെമ്പരത്തിയില്‍നിന്നും ചെത്തിപ്പൂക്കളില്‍നിന്നും തേന്‍ കുടിക്കുമ്പോഴാണ് മിക്കവാറും ഇവയുടെ ഫോട്ടോ ഏടുക്കാന്‍ പറ്റുന്നത്. ഉച്ചയ്ക്കും ഉച്ചതിരിഞ്ഞും പ്രത്യക്ഷപ്പെടുന്ന ഇവ അല്‍പ്പനേരംകൊണ്ടുതന്നെ മരങ്ങളുടെ തലപ്പത്തേക്ക് സ്ഥലംവിടും. നല്ലവേഗത്തില്‍ പറക്കുന്ന ബുദ്ധമയൂരി ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ക്കൂടിയെല്ലാം പെട്ടെന്ന് ഊളിയിടാന്‍ സമര്‍ത്ഥരാണ്. വെളിച്ചം അടിക്കുന്ന കോണിനെ അടിസ്ഥാനപ്പെടുത്തി ഇവയുടെ നിറം തിളങ്ങുന്ന പച്ചയോ നീലയോ പര്‍പ്പിളോ ഒക്കെയാണെന്നു തോന്നും, ഏതായാലും ലോഹവര്‍ണ്ണം തന്നെ. ചിറകടിക്കുമ്പോള്‍ മയില്‍പ്പീലിയുടെ തിളക്കം അനുഭവപ്പെടും. പൂമ്പാറ്റകളെല്ലാംതന്നെ ചെടികളുടെ ഇലകളില്‍ ആണ് മുട്ടയിടുക, വിരിഞ്ഞിറങ്ങുന്ന കുഞ്ഞുപുഴുക്കള്‍ ഇലതിന്ന് വലുതാവുന്നു. ചിലവ പൂക്കളും അപൂര്‍വ്വം ചിലവ കായകളും തിന്നാറുണ്ട്. ചിലയിനം പൂമ്പാറ്റകള്‍ ഏതാനും തരം ചെടികളില്‍ മുട്ടയിടും, മറ്റുചിലവ ഒരേയൊരു ചെടിയില്‍ മാത്രമേ മുട്ടയിടുകയുള്ളൂ, അവയുടെ പുഴുക്കള്‍ക്ക് ആ ഇനം ചെടി്കളുടെ ഇലകള്‍ മാത്രമേ തിന്നാന്‍ ആവുകയുള്ളൂ. അതുപോലെ ചിലയിനം ചെടികള്‍ പല പൂമ്പാറ്റപ്പുഴുക്കളും തിന്നുമ്പോള്‍ മറ്റുചില ചെടികള്‍ ഒരുതരം പൂമ്പാറ്റകളുടെ പുഴുക്കൾ മാത്രമേ തിന്നുകയുള്ളൂ. ഇതൊക്കെ ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യങ്ങളല്ല. 400 -500 ലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ ചെടികളും പൂമ്പാറ്റകളും ഒരുമിച്ച് പരിണമിക്കുന്ന കാലം മുതലുള്ള ശീലമാണിത്. മനുഷ്യന്റെ പൂര്‍വികര്‍ ഉണ്ടായിട്ടുതന്നെ ഏറിപ്പോയാല്‍ 75 ലക്ഷം വര്‍ഷങ്ങളേ ആയിട്ടുള്ളൂ എന്നോര്‍ക്കുമ്പോഴാണ് ഈ നീണ്ടകാലത്തിന്റെ വ്യാപ്തിയേപ്പറ്റി ഏതാണ്ടൊരു ഐഡിയ കിട്ടുകയുള്ളൂ. ഈ പൂമ്പാറ്റകള്‍ തിന്നുന്ന ചെടികള്‍ ഉള്ളയിടങ്ങളില്‍ അവയെ കാണാന്‍ സാധ്യത കൂടുതലാണ്. പുഴുക്കള്‍ തിന്നുന്ന ഇനംചെടികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ എന്തായാലും ആ പൂമ്പാറ്റകളെ കാണാന്‍ ആവില്ലെന്ന് ഉറപ്പ്. പൂമ്പാറ്റകളെക്കാള്‍ സസ്യങ്ങളുടെ പരാഗണത്തിനുസഹായിക്കുന്ന ജീവികളായി തേനിച്ചകള്‍ മാത്രമേ ഉള്ളൂ. ഇങ്ങനെ സസ്യങ്ങളും പൂമ്പാറ്റകളും നിലനില്‍പ്പിനായി പരസ്പരം സഹായിക്കുന്നു. പൂമ്പാറ്റകള്‍ ഇല്ലാതായാല്‍ പലതരം സസ്യങ്ങളും എന്നന്നേക്കുമായി ഇല്ലാതാവും. പൂമ്പാറ്റകളുടെ പുഴുക്കള്‍ തിന്നുന്ന ചെടികള്‍ മിക്കവയും പലതരത്തിലുള്ള ഔഷധങ്ങളായി ഉപയോഗിക്കുന്നസസ്യങ്ങളുമാണ്.മുള്ളിലവ് എന്ന, പ്രത്യക്ഷത്തില്‍ ഉപയോഗമൊന്നുമില്ലന്ന് നമ്മള്‍ കരുതുന്ന മരവും ബുദ്ധമയൂരി എന്ന ചിത്രശവഭവും തമ്മിലുള്ള ബന്ധം അതി ദൃഢമാണ്. ഈ മരത്തിന്റെ അഭാവം ബുദ്ധമയൂരിയുടെ അതിജീവനത്തെ സാരമായി ബാധിക്കുന്നു.
ബുദ്ധമയൂരി മുട്ടയിടുന്നതും അവയുടെ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ഭക്ഷിക്കുന്നതും മുള്ളിലം (മുള്ളിലവ്) എന്ന മരത്തിന്റെ ഇലകള്‍ മാത്രമാണ്. തളിരിലകള്‍ മാത്രമാണ് പുഴുക്കള്‍ ഭക്ഷിക്കുന്നത്. ഇലപൊഴിക്കുന്ന ഈ മരത്തിലാവട്ടെ മഴക്കാലത്തിന്റെ ആരംഭത്തിലേ തളിരിലകള്‍ ഉണ്ടാവുകയുള്ളു. അതായത് ഈ പൂമ്പാറ്റയുടെ ഒരേയൊരു തലമുറ മാത്രമാണ് ഒരു വര്‍ഷം ഉണ്ടാവാന്‍ സാധ്യതയുള്ളത്. അതിനാല്‍ പല പ്യൂപ്പകളും അടുത്ത മഴക്കാലത്തിന്റെ അനുകൂലമായ അവസ്ഥവരെ സമാധിയില്‍ത്തന്നെ തുടരാറുമുണ്ട്. നമ്മുടെ നാട്ടില്‍ പ്രായേണ സുലഭമാണ് മുള്ളിലവ്. എന്നാല്‍ പ്രത്യേകിച്ച് പ്രത്യക്ഷഗുണങ്ങള്‍ ഒന്നുമില്ലാത്ത ഈ മരം ആരും നട്ടുവളര്‍ത്താറൊന്നുമില്ല. അനുദിനം ഇതിന്റെ എണ്ണം കുറഞ്ഞുതന്നെ വരികയാണ്. കോടിക്കണക്കിനുവര്‍ഷം നീണ്ടുനിന്ന ഈ തുടര്‍ച്ച നമ്മുടെ പ്രവൃത്തികൊണ്ട് ഇല്ലാതാവാന്‍ പാടില്ല.
ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന് പൂമ്പാറ്റയുള്‍പ്പെടെയുള്ള ഷഡ്‌പദങ്ങളുടെ സംഭാവനകള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതിലും അധികമാണ്. എന്തുതന്നെയായാലും ബുദ്ധമയൂരി ഇല്ലാത്ത ഭൂമി തീര്‍ത്തും അപൂര്‍ണ്ണവും വിരസവും ആയിരിക്കുമെന്നുറപ്പ്. അങ്ങനൊരുദിനം ഉണ്ടാവാതിരിക്കട്ടെ. –