Read Time:6 Minute

ഇന്ന് ‘ഓസോൺ ദിനം ‘സൂര്യരശ്മിയിലെ അത്യധികം ഹാനികരമായ അൾട്രാ വയലറ്റ് (UV) വികിരണത്തിൽ നിന്നും ഭൂമിയെ രക്ഷിക്കുന്ന ട്രോപ്പോസ്ഫിയർ ഓസോൺ പാളിയെ തകർക്കുന്ന മനുഷ്യ നിർമ്മിത രാസികങ്ങളായ ക്ലോറോഫ്ളൂറോകാർബണുകളുടെ സാന്നിധ്യം അന്തരീക്ഷത്തിൽ വർധിക്കുന്നതിൽ 1970 മുതൽ ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഓസോൺ പാളീ ക്ഷയത്തിന്റെ രസതന്ത്രം അവർ കണ്ടെത്തി. എങ്കിലും അവർ പ്രതിരോധത്തിലാക്കപ്പട്ടു.

എന്നാൽ അടുത്ത ഒരു ദശകത്തിൽ, പ്രതീക്ഷിച്ചതിലും വളരെ മോശമാണ് ഓസോൺ പാളിയുടെ ക്ഷയം എന്നതിനുള്ള തെളിവുകളുടെ ആക്കം കൂടി. അതിന്റെ മുഖ്യ കാരണം സി.എഫ്.സി കളാണെന്നും ബോധ്യമായി. ശീതീകരണ ഉപകരണങ്ങൾ, സ്പ്രേകൾ എന്നിവയിലെല്ലാം വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ രാസികങ്ങളെ ഒഴിവാക്കുക അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ലായിരുന്നു.

എങ്കിലും പ്രശ്നം ഗുരുതരമാകയാൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ 1987 സെപ്റ്റംബർ മാസത്തിൽ മോൺട്രിയേൽ -,(ക്യാനഡ ) നഗരത്തിൽ ഒരു ആഗോള ഉച്ചകോടി വിളിച്ചു ചേർക്കപ്പെട്ടു. ശാസ്ത്രജ്ഞർ, പാരിസ്ഥിതികവാദികൾ, രാഷ്ട്ര നേതാക്കൾ, ഉദ്യോഗസ്ഥർ, വ്യവസായികൾ തുടങ്ങിയവർ പങ്കെടുത്തു. നീണ്ട ചർച്ചകൾ, വാദപ്രതിവാദങ്ങൾ, പ്രഭാഷണങ്ങൾ ഒക്കെ ഉച്ചകോടിയെ സജീവമാക്കി. അന്ത്യത്തിൽ സെപ്റ്റംബർ 16 ന് ‘മോൺട്രിയേൽ പെരുമാറ്റ ചട്ടം (Montreal Protocol) എന്ന സുപ്രധാന പ്രമാണത്തിന് രൂപം നൽകി. ഏറെ താമസിയാതെ 197 ലോകരാഷ്ട്രങ്ങൾ ഈ പെരുമാറ്റ ചട്ടം അംഗീകരിക്കാൻ തയ്യാറായി. സി.എഫ്.സി കൾ ഉൾപ്പെടെ ഓസോൺ പാളിയെ തകർക്കുന്ന രാസികങ്ങളുടെ ഉല്പാദനം, വിതരണം, ഉപയോഗം എന്നിവ ഘട്ടം ഘട്ടമായി നിയന്ത്രിക്കാനും ബദൽ സംവിധാനങ്ങൾ തേടാനും ആത്യന്തികമായി പരിപൂർണ്ണമായി ഒഴിവാക്കാനും മോൺട്രിയേൽ പ്രോട്ടോകോൾ വ്യവസ്ഥ ചെയ്യുന്നു. ഇത് നടപ്പാക്കുമ്പോൾ വികസ്വര അവികസിത രാജ്യങ്ങൾക്ക് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ലഘൂകരിക്കാനുള്ള നടപടികളും നിർദ്ദേശിക്കപ്പെട്ടു.

അന്റാർട്ടിക് ധ്രുവത്തിന് മുകളിൽ മൊത്തം ഓസോണിന്റെ തെറ്റായ വർണ്ണ കാഴ്ച. ഏറ്റവും കുറവ് ഓസോൺ ഉള്ളിടത്താണ് പർപ്പിൾ, നീല നിറങ്ങൾ, കൂടുതൽ ഓസോൺ ഉള്ളിടത്ത് മഞ്ഞയും ചുവപ്പും. (NASA)

ബന്ധപ്പെട്ട എല്ലാവരുടെയും പ്രയത്ന ഫലമായി മോൺട്രിയേൽ പ്രോട്ടോകോൾ അന്തരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഉടമ്പടികളിൽ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ ഒന്നായി മാറി ഈ പ്രമാണം. സയൻസിന്റെ സംഭാവനയാണിത്. രാഷ്ട്രീയ ഇച്ഛാശക്തിയും ആഗോളതലത്തിൽ മനുഷ്യനുൾപ്പെടയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനെ കുറിച്ചുള്ള അവബോധവുമാണ് ഓസോൺ പാളിയുടെ മുറിവുണക്കാൻ സഹായമായത്. 2050 അല്ലെങ്കിൽ 2060 എത്തുമ്പോൾ ഓസോൺ പാളി പൂർവ്വ സ്ഥിതിയിൽ ആകുമെന്ന് പ്രതീക്ഷിക്കപ്പടുന്നു. ശാസ്ത്രവും സാമൂഹിക ബോധവും രാഷ്ട്രീയ ഇച്ഛാശക്തിയും ഒത്തു പിടിച്ചാൽ ആ പ്രതീക്ഷ സഫലമാകും.

ഈ അവസരത്തിൽ, ഇന്ത്യയിൽ ഓസോൺ പഠനത്തിന് നേതൃത്വം നൽകിയ മലയാളി ശാസ്ത്രജ്ഞൻ -മിസ്റ്റർ ഓസോൺ എന്ന് സഹപ്രവർത്തകർ പേര് നല്കിയ ഡോക്ടർ കെ.ആർ.രാമനാഥനെ ആദരവോടെ സ്മരിക്കാം.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post ആദിത്യ മിഷനെ കുറിച്ച് അറിയാം – ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാം.
Next post ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ്, എന്ത് ?, എങ്ങനെ ?
Close