
ഈ ഭൗമ ദിനത്തിൽ എന്തിനു നമ്മുടെ ഊർജ്ജഭാവിയെപ്പറ്റി ആലോചിക്കണം? പലപ്പോഴും അല്പം ജലം അധികം ഉപയോഗിക്കുമ്പോഴും, കടയിൽ നിന്ന് ഒരു പ്ലാസ്റ്റിക് സഞ്ചി അധികം വാങ്ങുമ്പോഴും മലയാളികൾക്ക് പൊതുവേ ഒരുള്ളിൽ കുത്ത് തോന്നാറുണ്ട് എന്നത് പരസ്യമായ രഹസ്യമാണല്ലോ. പക്ഷെ, ഒന്നല്ലേ, കുറച്ചല്ലേ, സാരമില്ല എന്ന് നമ്മൾ നമ്മളെ ആശ്വസിപ്പിക്കും. വീട്ടിൽ എയർ കണ്ടീഷൻ ചെയ്യുന്നത് ശരിയോ എന്ന് രണ്ടു തവണ ചിന്തിക്കും. എന്താണ് ശരി? ഭൂമിക്ക് വേണ്ടി എല്ലാം ഉപേക്ഷിക്കുകയാണോ വേണ്ടത്? അങ്ങനെയെങ്കിൽ സ്വല്പം ഊർജ്ജം ലാഭിക്കാൻ കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ നടന്നു കളയാം എന്ന് കരുതാൻ പറ്റുമോ?
മനുഷ്യർ മാത്രമല്ല, സകല സസ്യ ജന്തുജാലങ്ങളും ഊർജ്ജം ഉപയോഗിക്കുന്നു. 3600 എക്സ ജൂൾസ് ഊർജ്ജമാണ് ഭൂമിയിലെ മൊത്തം ഊർജ്ജ ഉപയോഗം. സസ്യജന്തു ജാലങ്ങളുടെ 0.01 ശതമാനം മാത്രമുള്ള മനുഷ്യർ മൊത്തം ഊർജ്ജ ഉപയോഗത്തിന്റെ 16 ശതമാനത്തിനും ഉത്തരവാദിയാണ്. ഇവിടെയാണ് ഒരു പ്രധാന പോയിന്റ് ഒളിഞ്ഞു കിടക്കുന്നത്. നമ്മൾ മനുഷ്യരുടെ ഊർജ്ജ ഉറവിടം പ്രധാനമായും കാർബൺ സംയുക്തങ്ങൾ അടങ്ങിയ ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, കൽക്കരി എന്നീ ഇന്ധനങ്ങളാണ്. ഇവ കത്തിക്കുന്നതിന്റെ ഭാഗമായി ധാരാളം കാർബൺ ഡൈഓക്സൈഡ് പുറത്തേക്ക് വരുന്നു. (കാർബൺ ഡൈ ഓക്സൈഡ് മാത്രമല്ല, CO, NOX, HC, SO2, PM തുടങ്ങിയ ഗ്യാസുകളും പുറത്തേക്ക് വരുന്നുണ്ട്.) ഏതാണ്ട് 1750 കൾക്ക് ശേഷം മാത്രം, നമ്മുടെ ഊർജ്ജ ഉപയോഗം ഭൂമിയുടെ അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ് ന്റെ അളവ് ഇരട്ടി ആക്കി. 1950 ൽ വെറും 280 PPM ഉണ്ടായിരുന്ന കാർബൺ ഡൈഓക്സൈഡ് ഏപ്രിൽ 16, 2025 ൽ 430 ppm ആയി ഉയർന്നു. (Daily CO2, n.d.).
കാർബൺന്റെ അളവ് കൂടുന്നത് ഭൂമിയുടെ അന്തരീക്ഷ താപനില കൂടാനും, മഞ്ഞു ഉരുകി സമുദ്രനിരപ്പ് ഉയരാനും, തീക്ഷ്ണമായ കാലാവസ്ഥ മാറ്റങ്ങൾക്കും കാരണമാകുന്നു. വെള്ളപ്പൊക്കം, പ്രളയം, കൊടുങ്കാറ്റ് , പേമാരി ഇവ അവയിൽ ചിലത് മാത്രം. കാലാവസ്ഥ മാറ്റം മൂലം ചില ജീവജാലങ്ങൾ പാടെ അപ്രത്യക്ഷമാകുന്നു. കൂടുതൽ കൂടുതൽ മൃഗങ്ങൾ ചുവന്ന പട്ടികയിൽ ഇടം പിടിക്കുന്നു. മൊത്തം ഭൂമിയുടെ ചൂട് ഇനിയും കൂടിയാൽ മനുഷ്യനും ബഹുഭൂരിപക്ഷം ഇപ്പോഴുള്ള ജീവജാലങ്ങൾക്കും അന്യമാകും നമ്മുടെ കാലാവസ്ഥ. വില്ലൻ നമ്മുടെ ഊർജ്ജ ഉപയോഗം തന്നെ. ഇനി ആലോചിക്കാൻ ഉള്ളത്, എന്ത് ചെയ്യാം എന്നാണ്. കാർബൺ പുറന്തള്ളാത്ത ഊർജ്ജ സ്രോതസ്സുകളായ (പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ) സൗരോർജം, കാറ്റ്, ചെറിയ ജല വൈദ്യുതി, ജിയോ-തെർമൽ എന്നിവയുടെ ഉപയോഗം കൂട്ടാം. പക്ഷെ- എന്താണ് ഇപ്പോഴത്തെ ഊർജ ഉപയോഗ രീതികൾ? മേല്പറഞ്ഞ ഊർജ്ജ ഉറവിടങ്ങൾ മാത്രം ആശ്രയിക്കാൻ സാധിക്കുമോ? കേരളത്തിന്റെ ഊർജ്ജ ഉപയോഗം എന്ത്? ഇന്ത്യയുടെ? ലോകത്തിന്റെ? എന്താണ് നമ്മുടെ ഊർജ്ജ ഭാവി?
ആദ്യം നമ്മൾ എവിടെ നിൽക്കുന്നു എന്ന് നോക്കാം. ലോകത്തിന്റെ മുഴുവൻ ഊർജ്ജത്തിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് നോക്കിയാൽ, 2023 ലെ ഊർജ്ജ ഉപയോഗത്തിന്റെ 81 ശതമാനം കാർബൺ അടിസ്ഥാനമാക്കിയുള്ള ഫോസിൽ ഇന്ധനങ്ങളിൽ നിന്നും, 15 ശതമാനം പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നുമാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഊർജ്ജ ഉപയോഗം 89 ശതമാനം ഫോസിൽ ഇന്ധനവും, 9 .7 ശതമാനം പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നുമാണ്. കേരളത്തിലും 80 ശതമാനം ഊർജ്ജവും ഫോസിൽ ഇന്ധനങ്ങളാണ്. ബാക്കിയുള്ള 20 ശതമാനം വൈദ്യുതി ആണ്. ഈ വൈദ്യുതി ഉല്പാദനത്തിന്റെ 85 ശതമാനം ഊർജ്ജം വലിയ ഡാമുകളിൽ നിന്നുല്പാദിപ്പിക്കുന്ന ജല വൈദ്യതിയും ബാക്കി, ചെറിയ ജല വൈദ്യുതിയും, സൗരോർജ പാനലുകളും ആണ്. ചുരുക്കിപ്പറഞ്ഞാൽ ആകെ മൊത്തം ഉപയോഗത്തിന്റെ ഏറിയ പങ്കും ഫോസിൽ ഇന്ധനങ്ങൾ തന്നെ. നേരത്തെ കണ്ടത് പോലെ, ഫോസിൽ ഇന്ധന വാതകങ്ങൾ അന്തരീക്ഷത്തിൽ കൂടിക്കഴിയുമ്പോൾ, ഇവക്ക് സൗരോർജം ഭൗമ മണ്ഡലത്തിന് പുറത്തേക്ക് പോകാതെ പിടിച്ചു നിർത്തി, ഭൂമിയുടെ ചൂട് കൂട്ടാൻ സാധിക്കും. കാർബൺ ഡൈ ഓക്സൈഡ് അടങ്ങുന്ന ഭൂമിയുടെ ചൂട് കൂട്ടുന്ന ഇത്തരം വാതകങ്ങളെ പൊതുവിൽ ഹരിതഗൃഹ വാതകങ്ങൾ എന്നാണ് വിളിക്കുന്നത്. സ്വതവേ തണുപ്പാണ് ഭൂമിക്ക്. ഹരിതഗൃഹ വാതകങ്ങൾ ഇല്ലെങ്കിൽ- നമുക്ക് തീരെ താമസിയ്ക്കാൻ സാധിക്കാത്ത ഒരിടമായി ഭൂമി മാറിയേനെ. പക്ഷെ അമിതമായാൽ അമൃതും വിഷം എന്നാണല്ലോ. അതുപോലെ, ഹരിതഗൃഹ വാതകങ്ങളുടെ പ്രഭാവം മൂലം ഭൂമിയുടെ ചൂട് വ്യവസായ വിപ്ലവത്തിന് മുമ്പുള്ളതിലും, 1.2 ഡിഗ്രി കൂടുതൽ ആണ്. ഇപ്പോക്ക് 1.5 ഡിഗ്രിക്കും 2 ഡിഗ്രിക്കും മുകളിൽ പോയാൽ നമ്മുടെ പവിഴ പുറ്റുകളും ചെറിയ ദ്വീപുകളും എന്നന്നേക്കും ഇല്ലാതാകും. രാജ്യങ്ങൾ തന്നെ വെള്ളത്തിന് അടിയിലാകും. നമ്മുടെ തേനീച്ചകൾ ഇല്ലാതാകും, ഭക്ഷ്യ ക്ഷാമത്തിലേക്ക് ഇത് നയിക്കും.
എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന ഘട്ടത്തിലാണ്, ഐക്യരാഷ്ട്ര സഭ കാലാവസ്ഥ മാറ്റം നേരിടാൻ ഒരു ചട്ടക്കൂട് (UNFCCC) ഉണ്ടാക്കാൻ തീരുമാനിക്കുന്നതും, 197 രാജ്യങ്ങൾ ചേർന്ന COP (കോൺഫറൻസ് ഓഫ് പാർട്ടീസ്) 1995 ൽ ബെർലിനിൽ വെച്ച് ചേരുന്നതും. ഇതിന്റെ ഭാഗമായി, 2015 ൽ പാരിസിൽ വെച്ച് ചേർന്ന COP21 ൽ എല്ലാ രാജ്യങ്ങളും ആഗോളതാപനത്തിന്റെ അളവ് 1.5 നു കീഴെ വരാനുള്ള നടപടികൾ നിർബന്ധമായും സ്വീകരിക്കാനുള്ള കരാറിൽ ഒപ്പു വെച്ചു. ഇതിനെന്താണിവിടെ പ്രസക്തി എന്നല്ലേ? ഇതിന്റെ ഭാഗമായി ഈ രാജ്യങ്ങളെല്ലാം പുതിയ ഊർജ്ജ നയങ്ങൾ സ്വീകരിക്കാൻ നിര്ബന്ധിതരായി. 2013 ൽ നിന്ന് 2023 ലേക്ക് നമ്മൾ കാലെടുത്തു വെച്ചത് 15 ശതമാനം അധികം ഊർജ്ജ ആവശ്യങ്ങളോടെയാണ്. പക്ഷെ- COP21 കരാറുകളുടെ ഭാഗമായി, ഈ ഊർജ്ജത്തിന്റെ 40 ശതമാനവും പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ ഉപയോഗിച്ചാണ് ഉണ്ടാക്കിയത് (Executive Summary – World Energy Outlook 2024 – Analysis, n.d.).
ഇനി ഇന്ത്യയിലേക്ക് വന്നാൽ, വൈദ്യതി ഉല്പാദനത്തിന്റെ 40 ശതമാനം 2030 ഓടെ പാരമ്പര്യേതര ഊർജ്ജമാക്കും എന്നായിരുന്നു തീരുമാനിച്ചിരുന്നത്. 2021 ൽ തന്നെ, ഉദ്ദേശിച്ചതിലും 9 വർഷങ്ങൾക്ക് മുൻപ് തന്നെ, നമ്മൾ ഈ ടാർഗറ്റ് നേടിക്കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ മുഴുവൻ ഊർജ്ജ ഉപയോഗവും കാർബൺ രഹിത ഊർജ്ജത്തിലേക്ക് 2070 ആകുമ്പോഴേക്കും മാറും. കാടുകൾ വെച്ചുപിടിക്കുക, 500 GW വരുന്ന സൗരോർജ പാനലുകളും, കാറ്റാടികളും പിടിപ്പിക്കുക. ഹൈബ്രിഡ് (ഫോസിൽ ഇന്ധനം + വൈദ്യുതി) ഉപയോഗിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കാൻ കൂടുതൽ സൗകര്യങ്ങൾ ചെയ്തുകൊടുക്കുക. അങ്ങനെ, 2070 ആകുമ്പോഴേക്കും അകെ മൊത്തം കാർബൺ പുറന്തള്ളൽ പൂജ്യം ആക്കുക എന്നിവയാണ് ഇന്ത്യയുടെ ലക്ഷ്യം (Press Release:Press Information Bureau, 2023). 40 ശതമാനത്തോളം വൈദ്യുതി കാർബൺ രഹിതമായി ഉല്പാദിപ്പിക്കാൻ സാധിക്കുമെങ്കിലും(Installed Capacity), 20.1 ശതമാനം വൈദ്യുതി മാത്രമാണ് ഉപയോഗിക്കുന്നത് (Energy Statistics India 2024, 2024). കാലാവസ്ഥ വ്യതിയാനവും (മേഘം, മഴ) അതിനെ അനുസരിച്ചു ഊർജ്ജ ഉല്പാദനത്തിൽ വരുന്ന മാറ്റവും , ഇപ്പോഴുള്ള വൈദ്യുതി ഗ്രിഡുകളുടെ സൗകര്യക്കുറവുകളുമാണ് ഉല്പാദിപ്പിക്കാൻ സാധിക്കുന്ന മുഴുവൻ വൈദ്യുതിയും ഉപയോഗ്യമാകാത്തതിന് കാരണം.

കാര്യമൊക്കെ കൊള്ളാം, ഇത്രയധികം വൈദ്യതി ഉല്പാദിപ്പിച്ചിട്ടും എന്താണ്, ഇത് ആകെയുള്ള ഊർജ ഉപയോഗത്തിൽ പ്രതിഫലിക്കാത്തത്? വലിയ വലിയ വ്യവസായ സ്ഥാപനങ്ങൾ, കപ്പലുകൾ, ഫാക്ടറികൾ എന്നിവക്ക് വൈദ്യുതി മാത്രം പോര. കൂടുതൽ ഊർജം ഉൾകൊള്ളുന്ന, ശേഖരിച്ചു വെക്കാനും, ടാങ്കുകളിൽ കൊണ്ടുപോകാനും സാധിക്കുന്ന, ക്രൂഡ് ഓയിൽ പോലെ മറ്റൊരു ഊർജം ഉണ്ടായേ മതിയാകൂ.അവിടെയാണ് ഹൈഡ്രജൻ വരുന്നത്. ചെലവ് കുറച്ചു ഉൽപാദിക്കാൻ സാധിച്ചാൽ, കൂടുതൽ ഊർജ സാന്ദ്രതയുള്ള,എവിടെയും ഉപയോഗിക്കാൻ പറ്റിയ ,ശുദ്ധജലം മാത്രം പുറന്തള്ളുന്ന കിടിലൻ ഇന്ധനമാണ് ഹൈഡ്രജൻ. ചെലവ് കുറച്ച് , സൂര്യപ്രകാശത്തിൽ നിന്ന് നേരിട്ട് ഉത്പാദിപ്പിക്കാൻ ലോകമെമ്പാടും ഗവേഷണങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. ഇന്ത്യയിലും അന്തർദേശിയ ഹൈഡ്രജൻ ദൗത്യം വഴി ഗവേഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ആകെ മൊത്തം കാർബൺ പുറന്തള്ളൽ (Net Zero Carbon Emission) പൂജ്യമാകാനുള്ള നയങ്ങളിലേക്ക് രാജ്യങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോൾ നമുക്ക് എന്ത് ചെയ്യാം? LED ബൾബുകൾ ഉപയോഗിക്കുക, ആവശ്യമില്ലാത്ത ഉപകാരണങ്ങൾ ഓഫാക്കി വെക്കുക, സാധ്യമെങ്കിൽ, സൗരോർജ പാനലുകൾ, പൊതു വാഹനങ്ങൾ, സൈക്കിൾ ഉപയോഗിക്കുക. നിങ്ങളുടെ വേസ്റ്റ് കൃത്യമായി വേർതിരിക്കുക, വെള്ളത്തിന്റെ ഉപയോഗം കുറക്കുക. പറ്റുമ്പോഴെക്കെ പ്ലാസ്റ്റിക് ഉപയോഗം ഒന്നുകിൽ വേണ്ട, അല്ലെങ്കിൽ പുനരുപയോഗം, അല്ലെങ്കിൽ റീസൈക്കിൾ എന്നോർക്കുക. ഒരു സഞ്ചി 10 തവണ ഉപയോഗിച്ചാൽ പത്തു സഞ്ചികൾ വാങ്ങാതെ നിങ്ങളുടെ കാർബൺ കാൽപ്പാട് കുറക്കാം. പക്ഷെ- ഇത് നടപ്പിലാക്കാൻ സർക്കാരുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. പൊതു ഗതാഗതം മെച്ചപ്പെടുന്നതിനു അനുസരിച്ച്, ആളുകളുടെ സ്വകാര്യ വാഹന ഉപയോഗം കുറയും. ഇല്ലെങ്കിൽ, സ്വന്തം സൗകര്യം നോക്കി എല്ലാവരും കാറുകളുമായി പുറത്തിറങ്ങും.

“ഒത്തുപിടിച്ചാൽ മലയും പോരും “ എന്നാണല്ലോ. നമ്മളെല്ലാം മേല്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, 2050 നു ഉള്ളിൽ കാർബൺ പുറന്തള്ളൽ 50 ശതമാനം കുറക്കാം, ഭൂമിയുടെ ചൂട് വ്യവസായ വിപ്ലവത്തിന് മുൻപുള്ള നിരക്കിലേക്ക് മാറുകയും ചെയ്യും (Behavioural Changes – Energy System, 2023). ഊർജ്ജം കരുതലോടെ ഉപയോഗിക്കാനുള്ള മനസ്സ് നമുക്കും , സമൂഹത്തിനു അതിനുള്ള സഹായങ്ങൾ സർക്കാരും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ, നമ്മുടെ മക്കൾക്കോ, അവരുടെ മക്കൾക്കോ പോലും വെള്ളപ്പൊക്കമോ പേമാരിയോ പേടിക്കാതെ ഉറങ്ങാൻ സാധിക്കില്ല എന്നോർത്തോളൂ.
References
- Behavioural Changes – Energy System. (2023, July 10). IEA. Retrieved April 21, 2025, from >>>
- Daily CO2. (n.d.). Earth’s CO2. Retrieved April 21, 2025, from >>>
- Energy Statistics India 2024. (2024, march 14). Energy Statistics India 2024. Energy Statistics India 2024. >>>
- Executive Summary – World Energy Outlook 2024 – Analysis. (n.d.). IEA. Retrieved April 21, 2025, from >>>
- Press Release:Press Information Bureau. (2023, December 18). Press Release:Press Information Bureau. Retrieved April 21, 2025, from >>>

- കാലാവസ്ഥാമാറ്റത്തിന്റെ ഭൌതികശാസ്ത്രം
- ഭാവിയിലെ കാലാവസ്ഥാമാറ്റം പ്രവചിക്കുന്നതെങ്ങനെ ?
- കാലാവസ്ഥാമാറ്റത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ
- കാലാവസ്ഥാമാറ്റം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ
- സമുദ്രങ്ങളും കാലാവസ്ഥാമാറ്റവും
- ചരിത്രാതീത കാലത്തെ കാലത്തെ കാലാവസ്ഥ
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – അഡാപ്റ്റേഷനും ജിയോ എഞ്ചിനിയറിംഗും
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – മിറ്റിഗേഷൻ
- കുറഞ്ഞ കാർബൺ സമ്പദ് വ്യവസ്ഥ
- കാലാവസ്ഥാമാറ്റവും സമൂഹവും