ഡി.വിൽസൺ
—
—
കൃഷിയുടെ തുടക്കം
മാനവചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിച്ച കാർഷിക സംസ്കാരത്തിന്റെ ആരംഭം 12,000 വർഷങ്ങൾക്കു മുമ്പായിരുന്നു എന്ന് പുരാവസ്തു ശേഖരങ്ങൾ വെളിപ്പെടുത്തുന്നു. കാടുകൾ വെട്ടിത്തെളിച്ച്, വിത്ത് നട്ട്, ചെടികളുണ്ടാക്കി, അതിൽ നിന്ന് വിത്തു ശേഖരിക്കുന്ന മാറ്റത്തെ പുരാവസ്തു ഗവേഷകനായ ഗോർഡൻ ചൈൽഡ് നവ ശിലായുഗ വിപ്ലവ’ (neolithic revolution) മെന്ന് വിശേഷിപ്പിക്കുകയുണ്ടായി.
വേട്ടയാടലിൽ നിന്ന് കൃഷിയിലേക്കുള്ള ചുവടുമാറ്റം ആദ്യം ഉണ്ടായത് സമീപ പൗരസ്ത്യദേശങ്ങളിലാണെന്നു കരുതപ്പെടുന്നു. 10,000 വർഷത്തിനുമേൽ പഴക്കമുള്ള എമ്മർ (Emmer), എൻകോൺ (Einkorn) എന്നീ ഗോതമ്പുകൾ, meme (Aswad), സിറിയ (Syria), അലികൊഷ് (Alikosh), ഇറാൻ (Iran) എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വന്യ ഇനത്തിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ബാർളി ഗിൽഗൽ (Gilgal), നറ്റിവ് (Nativ), ഹദ് (Hagdud) എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. വന്യഇനങ്ങൾ കാണുന്ന ഈ പ്രദേശങ്ങളിൽത്തന്നെയായിരിക്കാം ബാർളി കൃഷിയും ആരംഭിച്ചതെന്ന് കണക്കാക്കപ്പെടുന്നു.
ഏഴായിരം വർഷങ്ങൾക്കുമുമ്പ് ആഫ്രിക്കയിൽ ബാർളി, എമ്മർ ഗോതമ്പ്, ലെന്റിൽ, ചുണ്ടൻ കടല എന്നിവ കൃഷിചെയ്തിരുന്നു. സഹാറയുടെ തെക്കുഭാഗത്ത് പേൾ മില്ലറ്റ്, മക്കച്ചോളം, ആഫ്രിക്കൻ നെല്ലിന്റെ മുൻഗാമിയായ ഒറൈസ് ബാർത്തി (Oryza barthii) എന്നിവ കൃഷി ചെയ്തിരുന്നു.
കാർഷികവിളകളെയും അവയുടെ ഉത്പത്തിയെയും കുറിച്ച് ആദ്യമായി ആധികാരികമായ പഠനം നടത്തിയത് അൽഫോൻസ് ദ കാൻഡോൾ (Alphonse de Candolle) എന്ന ശാസ്ത്രജ്ഞനാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ കാണപ്പെട്ട സസ്യങ്ങളുടെ വിശദമായ പഠനങ്ങളിൽ നിന്ന് വിളകളുടെ ഉദ്ഭവസ്ഥാനം ഏതാണെന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു. കാർഷികവിളകളുടെ ഉദ്ഭവസ്ഥാനം നിർണയിക്കുന്നതിനുള്ള ഉപാധികളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മിക്ക കാർഷികവിളകളും പുരാതനകാലം മുതൽ കൃഷിചെയ്തു വരുന്നതിനാൽ അവയുടെ ഉദ്ഭവത്തെക്കുറിച്ച് പരിമിതമായ അറിവേയുള്ളു. കൃഷിചെയ്യുന്ന ഒരു സ്പീഷീസിന്റെ ഭൂമിശാസ്ത്രപരമായ ഉദ്ഭവം / ഉത്പത്തി (geographical origin of a species) കണ്ടുപിടിക്കുന്നതിന് അവ സ്വതവേ (indigeneously) എവിടെയാണ് വളരുന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട്. സസ്യഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള പരിജ്ഞാനവും പരിചയസമ്പന്നരായ സസ്യശേഖർത്താക്കളുടെ (plant collectors) സംഭാവനകളും കാർഷിക വിളകളുടെ ഉത്പത്തി കണ്ടെത്തുന്നതിന് സഹായകമായിട്ടുണ്ട്. കാറ്റിലൂടെയും പക്ഷികളിലൂടെയും വിത്തുകൾ വിദൂരസ്ഥലങ്ങളിൽ എത്തിച്ചേരാനുള്ള സാധ്യതയുണ്ട്. അതിനാൽ ഒരു സ്ഥലത്ത് ഒരു സ്പീഷീസ് വ്യാപകമായി കാണുന്നതുകൊണ്ടു മാത്രം അത് അവിടെയാണു ഉദ്ഭവിച്ചതെന്ന നിഗമനത്തിലെത്താൻ കഴിയുകയില്ല. ഉദാഹരണമായി മെഡിറ്ററേനിയൻ കടൽത്തീരങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന അഗേവ് അമേരിക്കാന (Agave americana) സസ്യം അമേരിക്കയിൽ നിന്ന് എത്തിച്ചേർന്നതാണ്.
ഒരു ഭൂപ്രദേശത്ത് കാണപ്പെടുന്ന ഒരു സ്പീഷീസ് അവിടത്തെ വന്യ സ്പീഷീസുകളിൽ നിന്നുദ്ഭവിച്ച സ്വദേശിയാണോ അതോ വിദേശിയാണോ എന്ന് സൂക്ഷ്മ നിരീക്ഷണത്തിലൂടെ, അനുബന്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് മാത്രമേ അനുമാനിക്കാൻ സാധിക്കുകയുള്ളു. ചില വിദേശ സസ്യങ്ങൾ പുതിയ സ്ഥലങ്ങളിൽ എത്തിച്ചേർന്നാൽ അവിടത്തെ ആവാസവ്യവസ്ഥയിൽ പൊരുത്തപ്പെടാൻ കഴിയാതെ ക്രമേണ അപ്രത്യക്ഷമാകും. എന്നാൽ മറ്റു ചില സ്പീഷീസുകൾ പുതിയ ആവാസവ്യവസ്ഥയിൽ സ്വദേശീയമെന്ന് തോന്നത്തക്കവിധം അനുകൂലനപ്പെട്ട് വളരാറുണ്ട്. അങ്ങനെ വരുന്ന സന്ദർഭങ്ങളിൽ ഏതു കാലഘട്ടം മുതലാണ് ആ സ്പീഷീസ് കണ്ടു തുടങ്ങിയത് എന്ന് കണ്ടുപിടിക്കേണ്ടി വരും. അതിന് ചരിത്രരേഖകളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുക്കേണ്ടതുണ്ട്.
പ്രമുഖ കാർഷിക വിളകൾ പരസ്പര സമ്പർക്കമില്ലാത്ത മൂന്നു വ്യത്യസ്ത ഭൂഭാഗങ്ങളിൽ (ചൈന, തെക്കു പടിഞ്ഞാറൻ ഏഷ്യ, അയനാനന്തര രേഖകൾക്കിടയിലുള്ള അമേരിക്കൻ പ്രദേശങ്ങൾ) ഉദ്ഭവിച്ചതായാണ് അനുമാനിക്കപ്പെടുന്നത്. 1492-ൽ യൂറോപ്യർ അമേരിക്കയിലെത്തിയതോടെ കാർഷികവിളകൾ എല്ലാരാജ്യങ്ങളിലേക്കും വ്യാപിച്ചു. അമേരിക്കയിലെ സ്പീഷീസുകളായ ഉരുളക്കിഴങ്ങ്, ചോളം, കള്ളിച്ചെടി (prickly pear), പുകയിലച്ചെടി ഇവയെല്ലാം യൂറോപ്പിലും ഏഷ്യയിലും എത്തി. സസ്യസ്പീഷീസുകളുടെ നാടൻ പേരുകൾ പലപ്പോഴും തെറ്റായ ദിശകളിൽ കൊണ്ടത്തിക്കും എന്ന് കാൻഡോൾ അഭിപ്രായപ്പെടുന്നു. കാരണം ഒരേ സസ്യം തന്നെ പല സ്ഥലങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു.
സസ്യങ്ങളുടെ ഉദ്ഭവകേന്ദ്രങ്ങൾ (Centres of origin)
കാർഷിക വിളകളുടെ വിതരണം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വിവിധ രീതിയിലാണ് കാണപ്പെടുന്നത്. ചില സ്ഥലങ്ങളിൽ മറ്റുസ്ഥലങ്ങളെയപേക്ഷിച്ച് വൈവിധ്യം കൂടുതലാണ്. കൃഷിചെയ്യുന്ന സ്പീഷീസ് മാത്രമല്ല അതിന്റെ അനുബന്ധ സ്പീഷീസുകളും വന്യ സ്പീഷീസുകളും ധാരാളമായി ഈ പ്രദേശങ്ങളിൽ കാണപ്പെടുന്നു. വൈവിധ്യം കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ വന്യസ്പീഷീസുകളിൽ നിന്നാണ് കൃഷിയുക്തമായ സ്പീഷീസുകൾ പരിണാമ പ്രക്രിയയിലൂടെ ഉദ്ഭവിച്ചത് എന്നാണ് വാവിലോവിന്റെ നിരീക്ഷണം (N.I Vavilov, 1926). ഇത്തരം വൈവിധ്യകേന്ദ്രങ്ങളെ ആ സ്പീഷീസിന്റെ പ്രാഥമിക ഉദ്ഭവകേന്ദ്രങ്ങൾ (Primary Centres of Origin) എന്ന് വാവിലോവ് നാമകരണം ചെയ്തു.
ഇന്ന് കൃഷി ചെയ്തുവരുന്ന എല്ലാ കാർഷിക വിളകൾക്കും ഇതുപോലുള്ള പ്രാഥമിക ഉദ്ഭവകേന്ദ്രങ്ങൾ ഉള്ളതായി കണ്ടെത്താൻ സാധിക്കും. പ്രാഥമിക ഉദ്ഭവ കേന്ദ്രങ്ങളിൽനിന്നും വിവിധ മാർഗങ്ങളിലൂടെ കാർഷികവിളകൾ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. പ്രാഥമിക ഉദ്ഭവകേന്ദ്രങ്ങളിൽ നിന്ന് മറ്റൊരിടത്ത് എത്തിപ്പെടുമ്പോൾ അവിടെ ആ സ്പീഷീസിന്റെ വൈവിധ്യം പൊതുവേ കുറവായിരിക്കും. എന്നാൽ ഇതിനപവാദമായി ചില സ്ഥലങ്ങളിൽ പ്രാഥമിക കേന്ദ്രങ്ങളിൽ നിന്ന് എത്തിപ്പെട്ട ചില സ്പീഷീസുകളുടെ വൈവിധ്യമാർന്ന വന്യരൂപങ്ങൾ കാണാറുണ്ട്. ഇത്തരം കേന്ദ്രങ്ങളെ രണ്ടാം ഉദ്ഭവകേന്ദ്രം (secondary centre of origin) എന്നു പറയുന്നു.
ഉദ്ഭവകേന്ദ്രങ്ങൾ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് വാവിലോവാണ്. ലെനിൻഗ്രാഡിലെ ഇൻസ്റ്റ്യൂട്ട് ഒഫ് പ്ലാന്റ് ഇൻഡസ്ട്രിയുടെ ഡയറക്ടറായിരുന്ന (1916-36) അദ്ദേഹം നടത്തിയ സസ്യശേഖരങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ നിഗമനത്തിൽ എത്തിച്ചേരുന്നതിന് സഹായിച്ചത്. ഒരു സ്പീഷീസിന്റെ സ്വഭാവം അനുബന്ധ സ്പീഷീസിലും കാണാം എന്ന തത്ത്വത്തിന്റെ (Law of homologous series of variation) ഉപജ്ഞാതാവും അദ്ദേഹമാണ്.
ഉദാഹരണമായി ഗോതമ്പിന്റെ ദ്വിപ്ലോയിഡുകളും ബഹുപ്ലോയിഡുകളുമുണ്ട്. ഇവ രണ്ടും ഒരു പോലെ വ്യത്യസ്തങ്ങളായ (Identical contrasting) സ്വഭാവങ്ങൾ കാണിക്കാറുണ്ട്. അതിനാൽ ഒരു സ്പീഷീസിന്റെ ഉദ്ഭവകേന്ദ്രത്തിൽ നിന്നു ശേഖരിക്കുന്ന സസ്യങ്ങളുടെ എല്ലാ സ്വഭാവങ്ങളും ഒരു സ്പീഷീസിലില്ലെങ്കിലും അതിന്റെ അനുബന്ധ സ്പീഷീസുകളിൽ ഉണ്ടായിരിക്കും.
ചൈന, ഹിന്ദുസ്ഥാൻ, മധ്യേഷ്യ, ഏഷ്യാ മൈനർ, മെഡിറ്ററേനിയൻ, അബിസീനിയ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നീ എട്ട് ഉദ്ഭവകേന്ദ്രങ്ങളിലാണ് കാർഷികവിളകൾ ജന്മംകൊണ്ടത് എന്നാണ് വാവിലോവിന്റെ നിഗമനം. തുടർന്ന് 1935-ൽ ഹിന്ദുസ്ഥാൻ എന്ന ഉദ്ഭവകേന്ദ്രത്തെ ഇൻഡോ ബർമ കേന്ദ്രമെന്നും സയാം മലയാ ജാവാ കേന്ദ്രമെന്നും രണ്ടായിത്തിരിച്ചു. അതു പോലെ തെക്കേ അമേരിക്കൻ കേന്ദ്രത്തെ പെറു, ചിലി, ബ്രസീൽ – പരാഗ്വേ എന്നീ മൂന്നു കേന്ദ്രങ്ങളാക്കി. അങ്ങനെ 11 ഉദ്ഭവകേന്ദ്രങ്ങളിലായി കാർഷികവിളകൾ ഉദ്ഭവിച്ചു എന്ന തത്ത്വം വാവിലോവ് അവതരിപ്പിച്ചു. അതിനുശേഷം യു.എസ്സിനെയും ഉദ്ഭവകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. സൂര്യകാന്തി (Helianthus annuus), ജെറുസലേം ആർട്ടിയോക്ക് (Helianthus tuberosus) എന്നീ സസ്യങ്ങൾ ഈ കേന്ദ്രത്തിൽ ഉദ്ഭവിച്ചതായി കരുതപ്പെടുന്നു.
ഒരു സ്പീഷീസിന്റെ വൈവിധ്യവും അതിന്റെ വന്യ സ്പീഷീസുകളുടെയും അനുബന്ധ സ്പീഷീസുകളുടെയും വൈവിധ്യവും കണക്കിലെടുത്താണ് ആ സ്പീഷീസിന്റെ ഉദ്ഭവകേന്ദ്രം തിട്ടപ്പെടുത്തുന്നത്. അപ്രകാരം ഓരോ ഉദ്ഭവകേന്ദ്രത്തിലും ഉദ്ഭവിച്ചു എന്നു കരുതപ്പെടുന്ന സസ്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. ചില സ്പീഷീസുകളുടെ പ്രാഥമിക ഉദ്ഭവകേന്ദ്രങ്ങൾ മറ്റുചില സ്പീഷീസുകളുടെ രണ്ടാം ഉദ്ഭവകേന്ദ്രങ്ങളാണ്.
സൊയാബീൻ, റാഡിഷ്, ചേമ്പ്, ചെറുധാന്യങ്ങൾ, കടുകിന്റെ സ്പീഷീസുകൾ, ഉള്ളി, വഴുതന, പീച്ച്, പ്ലം, ചൈനീസ് തേയില തുടങ്ങിയ കാർഷിക വിളകളുടെ പ്രാഥമിക ഉദ്ഭവകേന്ദ്രം ചൈനയാണ്. എന്നാൽ നെല്ല്, തുവരപ്പരിപ്പ്, ചുണ്ടൻ കടല, വൻപയർ, ചെറുപ യർ, വഴുതിന, കരിമ്പ് തുടങ്ങിയവയുടെ പ്രാഥമിക ഉദ്ഭവകേന്ദ്രം ഹിന്ദുസ്ഥാനാണ്. ഏഷ്യയിൽ ഉദ്ഭവിച്ചു എന്നു കരുതപ്പെടുന്ന വിളകളാണ് ഗോതമ്പ്, പയർ, എള്ള്, സാഫ്ളവർ, ചണം, ഉള്ളി, വെളുത്തുള്ളി, ആപ്പിൾ തുടങ്ങിയവ. ഏഷ്യാമൈനറിൽ പിറന്നവയെന്നു കരുതപ്പെടുന്ന ചില വിളകളാണ് ക്യാരറ്റ്, കാബേജ്, ഓട്സ്, അത്തി, മാതളം, ആപ്പിൾ, മുന്തിരി, ലെറ്റ്യൂസ് തുടങ്ങിയവ. ഡ്യൂറം ഗോതമ്പ്, എമ്മർ ഗോതമ്പ്, ബാർളി, ലെന്റിൽ, ക്ലോവർ പുല്ല്, കടുകിന്റെ സ്പീഷീസുകൾ തുടങ്ങിയവയുടെ ഉദ്ഭവം മെഡിറ്ററേനിയ ആണ്.
ബാർളി, മക്കച്ചോളം, ബജ്റ, ആവണക്ക്, കാപ്പി, വെണ്ട എന്നിവയുടെ പ്രാഥമിക ഉദ്ഭവകേന്ദ്രം അബിസീനിയയാണ്. മധ്യ അമേരിക്കൻ ഉദ്ഭവകേന്ദ്രത്തെ മെക്സിക്കൻ കേന്ദ്രമെന്നും പറയാറുണ്ട്. ഇവിടെ ജന്മമെടുത്ത സസ്യങ്ങളാണ് ചോളം, ലിമാബീൻ, മഞ്ഞൾ, വെള്ളരി വർഗങ്ങൾ, മധുരക്കിഴങ്ങ്, കൂവക്കിഴങ്ങ്, പരുത്തി, പപ്പായ, പേര, അവക്കാഡോ തുടങ്ങിയവ. ഉരുളക്കിഴങ്ങിന്റെ ചില സ്പീഷീസുകൾ, ചോളം, ലിമാ ബീൻ, നിലക്കടല, പൈനാപ്പിൾ, മത്തൻ, ഈജിപ്ഷ്യൻ പരുത്തി, തക്കാളി, പേര, പുകയില, മരച്ചീനി, റബ്ബർ തുടങ്ങിയവയുടെ ഉദ്ഭവം തെക്കേ അമേരിക്കയിലാണ്.
വൈവിധ്യകേന്ദ്രങ്ങൾ (Centers of Diversity)
ഒരു സ്പീഷീസിന്റെ ഉദ്ഭവകേന്ദ്രത്തിലാണ് ഏറ്റവുമധികം വൈവിധ്യം കാണപ്പെടുന്നത് എന്ന ആശയം വളരെയധികം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ ആവാസ വ്യവസ്ഥയിലും ചുറ്റുപാടുകളിലും വളരുന്ന സസ്യങ്ങളിൽ വൈവിധ്യം സ്വാഭാവികമായും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ വ്യത്യസ്തങ്ങളായ കാലാവസ്ഥയിൽ വളരുന്ന സസ്യങ്ങളിൽ കൂടുതൽ വൈ വിധ്യം പ്രകടമായിരിക്കും. അതിനർഥം അത് അവിടെ ഉദ്ഭവിച്ചു എന്നല്ല. മലനിരകൾ, മടക്കുകൾ, താഴ്വരകൾ എന്നിവയടങ്ങിയ വിസ്തൃതമായ ഭൂപ്രദേശത്തെ സസ്യങ്ങൾ ആവാസ വ്യവസ്ഥയ്ക്കനുയോജ്യമായ അനുകൂലനങ്ങൾ സ്വാഭാവികമായും സ്വായത്തമാക്കും. പ്രാഥമിക ഉദ്ഭവകേന്ദ്രവും രണ്ടാം ഉദ്ഭവകേന്ദ്രവും തമ്മിലുള്ള വേർതിരിവും ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. ഒരേ സ്പീഷീസിൽ ഒന്നിലധികം പ്രാഥമിക ഉദ്ഭവകേ നങ്ങൾ ഉള്ളതും ചോദ്യം ചെയ്യപ്പെടാവുന്നതാണ്.
പ്രാഥമിക ഉദ്ഭവകേന്ദ്രത്തിൽ സംഭവിച്ചേക്കാവുന്ന പ്രകൃതിക്ഷോഭങ്ങൾ അവിടത്തെ വൈവിധ്യം കുറയ്ക്കുന്നതിനുള്ള സാധ്യതയും വിസ്മരിക്കാവുന്നതല്ല. ഇത്തരം സാഹചര്യങ്ങളിൽ രണ്ടാം ഉദ്ഭവകേന്ദ്രത്തിൽ കൂടുതൽ വൈവിധ്യം നിലനിൽക്കുവാനുള്ള സാധ്യതയുണ്ട്. അതിനാൽ നിലവിലുള്ള വൈവിധ്യം കണക്കിലെടുത്ത് സസ്യങ്ങളുടെ പ്രാഥമിക ഉദ്ഭവകേന്ദ്രം നിശ്ചയിക്കുന്നരീതി കുറ്റമറ്റതല്ല. ഷുക്കോവ്സ്കി (Zhukovsky) യുടെ അഭിപ്രായ പ്രകാരം പ്രാഥമിക ഉദ്ഭവകേന്ദ്രങ്ങളെന്നു പറയുന്നതിനെക്കാൾ വൈവിധ്യകേന്ദ്രങ്ങൾ (Centers of Diversity) എന്ന പദപ്രയോഗമാണ് കൂടുതൽ അഭികാമ്യം. വൈവിധ്യകേന്ദ്രങ്ങൾ കാർഷിക വിളകളുടെ ഉദ്ഭവകേന്ദ്രങ്ങൾ ആയിരിക്കാനുള്ള സാധ്യതകൾ ഉണ്ടെങ്കിൽത്തന്നെയും എപ്പോഴും അങ്ങനെ ആയിക്കൊള്ളണമെന്നില്ല. കാർഷികവിളകളുടെ വൈവിധ്യം കാണപ്പെടുന്ന പന്ത്രണ്ട് മെഗാജീൻ കേന്ദ്രങ്ങൾ (Mega gene centres of diversity) അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. കൂടാതെ കാർഷികവിളകളുടെ വന്യസ്പീഷീസുകൾ കൂടുതലായി കാണുന്ന മൈക്രോ സെന്ററുകളും അദ്ദേഹം വേർതിരിച്ചു കാണിച്ചു. കൃഷി ചെയ്യുന്ന രൂപങ്ങൾ ആദ്യം ഈ മൈക്രോസെന്ററുകളിൽ ഉദ്ഭവിച്ചിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹം നിർദേശിച്ച മൈക്രോസെന്ററുകൾ താഴെ പറയുന്നവ യാണ്.
- ചൈനീസ്-ജാപ്പനീസ് പ്രദേശം
- ഇൻഡോ -ചൈന-ഇൻഡോനേഷ്യൻ പ്രദേശം
- ആസ്റ്റ്രേലിയൻ പ്രദേശം
- ഹിന്ദുസ്ഥാൻ
- മധ്യേഷ്യ
- സമീപസ്ഥ കിഴക്കൻ പ്രദേശങ്ങൾ
- മെഡിറ്ററേനിയൻ പ്രദേശം
- ആഫ്രിക്ക
- യൂറോപ്യൻ സൈബീരിയൻ പ്രദേശം
- തെക്കേ അമേരിക്ക
- മധ്യ അമേരിക്കയും മെക്സിക്കോയും
- വടക്കേ അമേരിക്ക.
നെല്ലിന്റെ ഉത്പത്തി
ലോകത്തിൽ രണ്ടാമത്തെ പ്രധാന ഭക്ഷ്യവിളയാണ് നെല്ല്. 15 കോടി ഹെക്ടറിലധികം കൃഷിചെയ്യപ്പെടുന്ന നെല്ലിന്റെ ഉത്പാദനം 37.5 കോടി ടണ്ണിലധികമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ നെല്ലുത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിലും ചുറ്റുപാടുകളിലും വളരുന്ന ഒരു വിളയാണ് നെല്ല്. സമുദ്രനിരപ്പിലുള്ള കേരളത്തിലെ കുട്ടനാടു മുതൽ സമുദ്രനിരപ്പിൽ നിന്നും 2000 മീറ്റർ ഉയർന്ന ഹിമാലയം വരെ നെല്ല് കൃഷി ചെയ്യുന്നുണ്ട്.
പോയേസി (Poacea) സസ്യകുടുംബ ത്തിലെ ഒരംഗമാണ് നെല്ല്. ഒറൈസ (Oryza) എന്ന ജീനസിൽ 22 സ്പീഷീസുകളാണുള്ളത്. ഇതിൽ ഒറൈസ സറ്റൈവ, ഒറൈസ ഗ്ലാബറിമ (Oryza sativa. Oryza glaberrima) എന്നീ രണ്ടു സ്പീഷീസുകൾ മാത്രമാണ് കൃഷി ചെയ്യപ്പെടുന്നത്. ജനിതക വൈവിധ്യവും പുരാവസ്തുഗവേഷകരുടെ വെളിപ്പെടുത്തലുകളും ഭൂമിശാസ്ത്രപരമായി കണക്കിലെടുത്ത് നെല്ലിന്റെ ഉദ്ഭവകേന്ദ്രവും വൈവിധ്യകേന്ദ്രങ്ങളും എവിടെയാണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ വടക്കുകിഴക്ക് മലനിരകൾ തുടങ്ങി തെക്കുകിഴക്ക് ഏഷ്യയും തെക്കു പടിഞ്ഞാറ് ചൈനയും വരെ പരന്നുകിടക്കുന്ന ഭൂപ്രദേശമാണ് ഒറൈസ സറ്റൈവയുടെ പ്രാഥമിക ഉദ്ഭവകേന്ദ്രമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ആഫ്രിക്കയിലെ നൈജർ നദീതീരമാണ് ഒറൈസ് ഗ്ലാബറിമയുടെ പ്രാഥമിക ഉദ്ഭവകേന്ദ്രമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ഇന്ത്യയിലെ ഹിമാലയൻ താഴ്വരകളും ഛത്തീസ്ഗഡ് പ്രദേശങ്ങളും ഒറീസ ജയ്പൂർ പ്രദേശങ്ങളും, തായ്ലൻഡിന്റെ വട ക്കുഭാഗവും മ്യാൻമർ (Myanmar) പ്രദേശവും ചൈനയിലെ യൂനാൻ (Yunnan) ഭരണപ്രദേശങ്ങളും നെല്ലിന്റെ വൈവിധ്യകേന്ദ്രങ്ങളാണ്. ജനിതക വൈവിധ്യ കേന്ദ്രങ്ങളിൽത്തന്നെയാവണം അവ ആദ്യമായി നട്ടുവളർത്തി (domestication)ത്തുടങ്ങിയത്.
നെല്ലിന്റെ ഉദ്ഭവകാലഘട്ടം കൃത്യമായി നിർവചിക്കുവാൻ പ്രയാസമാണ്. ഏകദേശം 10,000 വർഷങ്ങൾക്കുമുമ്പ് കള പോലുള്ള വന്യജനിതാവിൽ നിന്ന് മ്യൂട്ടേഷന്റെയും സങ്കരണത്തിന്റെയും പ്രകൃതി നിർധാരണത്തിന്റെയും ഫലമായി ഇവ ഉദ്ഭവിച്ചു എന്ന് കരുതപ്പെടുന്നു. പുരാവസ്തു ഗവേഷണ തെളിവുകളും ചരിത്രരേഖകളും പ്രകാരം ഒ. സറ്റൈവ സ്പീഷീസിൽപ്പെട്ട നെല്ലിന്റെ കൃഷി 7,000-10,000 വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചു എന്ന് കണക്കാക്കപ്പെടുന്നു. കിഴക്കൻ ചൈനയിൽ നിന്നും വടക്കേ ഇന്ത്യയിൽനിന്നും കണ്ടെടുത്ത ഏഷ്യൻ നെല്ലിന്റെ അവശിഷ്ടങ്ങൾക്ക് 7000 വർഷത്തെ പഴക്കമുണ്ട്. വടക്കൻ തായ്ലൻഡിൽ കണ്ടെടുത്ത വന്യ ഇനത്തിൽപ്പെട്ട നെല്ലിന് 6000 വർഷത്തെ പഴക്കമുണ്ട്. ആഫ്രിക്കൻ നെല്ലിന്റെ കൃഷി ആരംഭിച്ചത് 3500 വർഷങ്ങൾക്കു മു നായിരുന്നു എന്ന് തെളിവുകൾ വ്യക്തമാക്കുന്നു.
ഏഷ്യയിലും ആഫ്രിക്കയിലും കാണപ്പെടുന്നത് സറ്റൈവ (Sativa), ഒഫിഷ്യാനലിസ് (Officinalis), മേയറിയാന (Meyeriana), റിയി (Ridleyi) എന്നീ നാല് സ്പീഷീസിൽപ്പെട്ട നെല്ലാണ്. കാർഷികയിനങ്ങളായ ഒ. സറ്റൈവയും ഒ. ഗ്ലാബറിമയും കൂടാതെ വന്യ സ്പീഷീസുകളായ ഒ. ലോഞ്ചിസ്റ്റാമിനേറ്റ് (O. longistaminate), ഓ. ബാർത്തി (O. barthi), ഒ. സ്റ്റാപ്ഫീ (O. Stapfi), ഒ. റൂഫി പോഗോൺ (O. rufipogon), ഒ. നിവാരാ (O. nivara) എന്നിവ സറ്റൈവ ഗ്രൂപ്പിൽപ്പെടുന്നു.
ക്യൂബയിലെ വംശനാശം സംഭവിച്ച ഒ. ക്യൂബൻസിസ് (O. Cubensis) സറ്റൈവ ഗ്രൂപ്പിലെ മറ്റൊരംഗമാണ്. ഇതും ഒ. പെരി നിസി (O. perennis)ന്റെ ഉപസ്പീഷീസാണങ്കിലും ഇതിൽ നിന്നു കൃഷിയുക്തമായ സ്പീഷീസുകൾ ഉദ്ഭവിച്ചതായി കാണുന്നില്ല. കൃഷി ചെയ്യുന്ന സ്പീഷീസുകൾക്ക് പൊതുവായ സ്വഭാവവിശേഷങ്ങൾ ഉണ്ടെങ്കിലും ചില പ്രധാന സ്വഭാവങ്ങളിൽ വ്യത്യാ സങ്ങൾ ഉണ്ടായിരിക്കും.
കോശീയാടിസ്ഥാനത്തിലുള്ള പഠനങ്ങളിൽ നിന്നും ഒറൈസ എന്ന ജീനസ്സിൽ ദ്വിപ്ലോയിഡുകളും ടാബ്ലോയിഡുകളും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒ. സജൈവ, ഒ. ഗ്ലാബറിമ, അതിന്റെ വന്യ ബന്ധുക്കൾ, ഒ. പങ്റ്റേറ്റ് (O. punctata) എന്നിവ ദ്വിപ്ലോയിഡുകളാണ് (2n=24); ഒ. മൈന്യൂട്ട (O. minuta), ഒ. ലാറ്റിഫോളിയ (O. latifolia), ഒ. അലാറ്റ (O.alata), ഒ.മലമ്പുഴാൻസിസ് (O. malampuzhansis), ഒ. ഗ്രാൻഡിക്ലൂമിസ് (O. grandiglumis), ഒ. ലോഞ്ചിറ്റുമിസ് (0. longiglumis), ഒ. റെഡ്ലിയി (O. ridleyi) തുടങ്ങിയ ടാപ്ലോയിഡു(2n=48)കളും.
ഭൂമിശാസ്ത്രപരമായ വിന്യാസത്തിന്റെ അടിസ്ഥാനത്തിലും, കോശീയ ഘടനാ സവിശേഷത (cytomorphological features)കളുടെ അടിസ്ഥാനത്തിലും ലൈംഗിക ആകർഷണ(sexual affinity)ത്തിന്റെ അടിസ്ഥാനത്തിലും ആദ്യമായി നെൽച്ചെടിയുടെ പരിണാമപാത കണ്ടെത്താൻ ശ്രമിച്ചത് എസ്. സമ്പത്ത്, എം.ബി.വി.എൻ. റാവു (1951) എന്നീ ശാസ്ത്രജ്ഞരാണ്. പരീക്ഷണ നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ കൃഷിചെയ്യുന്ന രണ്ടു സ്പീഷീസിന്റെയും പൊതുവായ പൂർവികൻ വംശനാശം സംഭവിച്ച ഒ. പെരിനിസ് എന്ന വന്യ ഇനമാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. ഈ വന്യ സ്പീഷീസിൽ നിന്ന് സമാന്തര പരിണാമത്തിലൂടെ രണ്ടു സ്പീഷീസുകൾ ഉദ്ഭവിച്ചു. ഏഷ്യയിൽ ഉദ്ഭവിച്ചത്, ഒ. റൂഫി പോഗോണും ആഫ്രിക്കയിൽ ഉദ്ഭവിച്ചത്, ഒ. ലോഞ്ചി സ്റ്റോമിയും ആയിരുന്നു. ഇവ രണ്ടും റൈസോം (rhizome) ഉണ്ടാകുന്ന ദീർഘകാല വിളകളാണ്. എന്നാൽ കാലക്രമേണ നിരവധി മ്യൂട്ടേഷനുകളുടെയും പ്രകൃതി നിർധാരണത്തിന്റെയും ഫലമായി റൈസോം ഉണ്ടാകുന്ന പ്രകൃതവും, ആയുർദൈർഘ്യവും നഷ്ടപ്പെട്ട രണ്ടു സ്പീഷീസുകൾ ജന്മമെടുത്തു. ഒ. റൂഫി പോഗോണിൽ നിന്ന് ഒ. നിവാരയും ലോഞ്ചിസ്റ്റാമിനേറ്റയിൽ നിന്ന് ഒ. ബാർത്തിയും ആണ് ജന്മമെടുത്തത്. ഇവ രണ്ടും വാർഷിക വിളകളാണ്.
ഈ കാലഘട്ടത്തിലാണ് ഉത്പാദനം കൂടിയതും മൂപ്പ് കുറഞ്ഞതുമായ വിത്തുകൾ മനുഷ്യൻ ഊർജിതമായി തിരഞ്ഞെടുക്കുവാൻ തുടങ്ങിയത്. ഇതിന്റെ ഫലമായി ഒ. നിവാരയിൽ നിന്ന് കൃഷിചെയ്യുന്ന സ്പീഷീസായ ഒ. സറ്റൈവ ഏഷ്യയിലും ഒ. ബാർത്തിയിൽ നിന്ന് കൃഷി ചെയ്യുന്ന സ്പീഷീസായ ഒ. ഗ്ലാബർനിമ ആഫ്രിക്കയിലും ഉദ്ഭവിച്ചു. കൃഷിചെയ്യുന്ന രണ്ടു സ്പീഷീസിന്റെയും സഞ്ചാരപാത. രണ്ടും ഒരേ സ്പീഷീസിൽ (ഒ. പെരി നസ്) നിന്നാണ് ജന്മമെടുത്തത് എന്നു സൂചിപ്പിക്കുന്നു.
ഏഷ്യയിൽ കൃഷിചെയ്യുന്ന നെല്ലിന്റെ വാർഷിക വിളയിനങ്ങളുടെ പുരാതന സ്പീഷീസുകൾ “നിയോ തെർമൽ’ കാലഘട്ടത്തിൽ ഹിമാലയത്തിന്റെ തെക്കും വടക്കും ഭാഗത്തുള്ള ചരിവുകളിൽ ഉദ്ഭവിച്ചതാണെന്നു കരുതപ്പെടുന്നു. ആദ്യം കൃഷിചെയ്തു തുടങ്ങിയത് ഒ. സറ്റൈവയാണ്.
ഒ. സറ്റൈവയുടെ ഉദ്ഭവത്തെയും വിന്യാസത്തെയും തുടർന്ന് ഏഷ്യയിൽ ഇൻഡിക്ക, ജപ്പോണിക്ക, ജാവ നിക്ക് എന്നീ മൂന്ന് ഉപസ്പീഷീസുകൾ രൂപംകൊണ്ടു. ഇൻഡിക്ക ഏഷ്യയിലെ ഉഷ്ണമേഖല-മിതോഷ്ണമേഖല (tropical & subtropical) പ്രദേശങ്ങളായ ഇന്ത്യ, തെക്കൻ ചൈന, വിയറ്റ്നാം, തായ്ലൻഡ്, മ്യാൻമർ, ഫിലിപ്പീൻസ്, ബാംഗ്ലദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ കാലാവസ്ഥയ്ക്കനുയോജ്യമാണ്. എന്നാൽ ഉഷ്ണമേഖലയും മിതോഷ്ണമേഖലയും ഉൾപ്പെട്ട കൊറിയ, ജപ്പാൻ, വട ക്കൻ ചൈന എന്നീ രാജ്യങ്ങൾക്കനുയോജ്യമായ സ്പീഷീസാണ് ജപ്പോണിക്ക്. മധ്യരേഖയ്ക്കടുത്തുള്ള ഇൻഡോനേഷ്യയിൽ വളരുന്നവയാണ് ജാനിക്ക വ്യത്യസ്തങ്ങളായ ആവാസ വ്യവസ്ഥകളിൽ പ്രകൃതിനിർധാരണത്തിന്റെയും കൃത്രിമനിർധാരണത്തിന്റെയും ഫലമായാണ് ഈ ഉപസ്പീഷീസുകൾ ഉണ്ടായിട്ടുള്ളത്.
ക്രോമസോമുകളുടെ ജോടി ചേരൽ, ഒന്നാം തലമുറ യിലെ വന്ധ്യത, രണ്ടാം തലമുറയിലെ വേർതിരിവ് (Segregation) എന്നിവയുടെ അടിസ്ഥാനത്തിൽ മൂന്നു സ്പീഷീസുകളും തമ്മിലുള്ള ജനിതക ആകർഷണം പഠന വിധേയമാക്കിയിട്ടുണ്ട്. ഇതിൽ ഇൻഡിക്കയും ജാവനിക്കയും തമ്മിലും ജാവനിക്കയും ജപ്പോണിക്കയും തമ്മിലും ഉള്ള ആകർഷണം ഇൻഡിക്കയും ജപ്പോണി ക്കയും തമ്മിലുള്ള ആകർഷണത്തെയപേക്ഷിച്ച് കുറവായിരിക്കുന്നതായി കണ്ടിട്ടുണ്ട്.
ഇന്ന് നെല്ല് കൃഷിചെയ്യുന്ന എല്ലാ രാജ്യങ്ങളും കാലാവസ്ഥയ്ക്കും ആവാസ വ്യവസ്ഥയ്ക്കും അനുയോജ്യമായ ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശുദ്ധനിര നിർധാരണം (pure line selection)ത്തിലൂടെ വികസിപ്പിച്ചെടുത്ത ഇനങ്ങളാണ് കൂടുതലും കൃഷിചെയ്യുന്നത്. പുന സ്സംയോജന പ്രജനനരീതിയി(recombination breeding) ലൂടെയും അനേകം അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. തായ്വാനിലെ ജപ്പോണിക്ക് നെല്ലിൽ നിന്നാണ് ഡീ-ജിയോ-വൂ-യെൻ (Dee geo-woo-gen) എന്ന മൂപ്പ് കുറഞ്ഞതും ഉയരംകുറഞ്ഞതുമായ നെല്ലിനത്തിന്റെ ആവിർഭാവം. നെൽക്കൃഷിയിൽ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിച്ച ഒരു സംഭവമാണിത്. ഇതിൽ നിന്നും വികസിപ്പിച്ചെടുത്ത രണ്ടു കുറുകിയ ഇനങ്ങളാണ് താങ് നേറ്റിവ് 1 ഉം (Taichung native-1), ഐ.ആർ-8 ഉം. (IR-8). ഈ ഇനങ്ങൾ ജനിതാക്കളായി ഉപയോഗിച്ച് അനേകം മൂപ്പുകുറഞ്ഞതും കുറുകിയതും അത്യുത്പാദനശേഷിയുള്ളതുമായ ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നെൽച്ചെടിയിൽ പുരുഷവന്ധ്യത ഉണ്ടെന്ന് കണ്ടത്തിയതോടെ സങ്കരവീര്യം വാണിജ്യാടിസ്ഥാനത്തിൽ ചൂഷണം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1976-ൽ ചൈന ആദ്യത്തെ സങ്കരനെല്ല് പുറത്തിറക്കിയത് നെല്ലുത്പാദനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കി. തുടർന്ന് ജപ്പാൻ, കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളും സങ്കര നെല്ലിനങ്ങൾ വികസിപ്പിച്ചെടുക്കുകയുണ്ടായി.
ജനിതക എഞ്ചിനീയറിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ജീൻമാറ്റത്തിലും പരീക്ഷണവിജയം നേടിക്കഴിഞ്ഞു. ഡാഫോഡിൽ എന്ന അലങ്കാരസസ്യത്തിൽ നിന്ന് രണ്ടു ജീനുകളും എർവിനിയ യൂറിഡൊവേറ (Erwinia uridowera) എന്ന ബാക്റ്റീരിയയിൽ നിന്നു രണ്ടു ജീനുകളും നെൽച്ചെടിയിലേക്ക് സന്നിവേശിപ്പിച്ച് “സുവർണ നെല്ല്’ (golden rice) എന്ന ജി.എം. നെല്ല് വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിറ്റാമിൻ എ ഉത്പാദിപ്പിക്കുന്നതിനു വേണ്ട ബീറ്റാ കരോട്ടീൻ ഉത്പാദിപ്പിക്കുവാൻ ഈ നെല്ലിനത്തിനു കഴിയും എന്നുള്ളതാണ് പ്രത്യേകത.
ഗോതമ്പിന്റെ ഉത്പത്തി
ഇന്ത്യയിൽ വിസ്തീർണത്തിന്റെയും ഉത്പാദനത്തിന്റെയും കാര്യത്തിൽ നെല്ലുകഴിഞ്ഞാൽ രണ്ടാം സ്ഥാനം ഗോതമ്പിനാണ്. ഉത്പാദനത്തിൽ ആഗോളതലത്തിൽ ചൈന കഴിഞ്ഞാൽ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.
ഗോതമ്പിന്റെ ജന്മദേശം തെക്കു പടിഞ്ഞാറൻ ഏഷ്യ ആണെന്ന് കരുതപ്പെടുന്നു. ഗോതമ്പിന്റെ ഏറ്റവും പഴക്കം ചെന്ന അവശിഷ്ടങ്ങൾ സിറിയ, ജോർദാൻ, ടർക്കി എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇന്നു കാണുന്ന ഗോതമ്പിന്റെ വന്യബന്ധുക്കളായ സ്പീഷീസുകൾ 9000 വർഷങ്ങൾക്കുമുമ്പ് കിഴക്കൻ യൂറോപ്പിൽ (Eastern Europe) ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പരക്കെ കൃഷിചെയ്യുന്ന റൊട്ടി ഗോതമ്പ് (bread wheat) 5000 വർഷങ്ങൾക്കുമുമ്പ് നൈൽ നദീതീരത്തു വളർന്നിരുന്നതായി പുരാവസ്തുഗവേഷണ ങ്ങൾ വെളിപ്പെടുത്തുന്നു.
ഗോതമ്പിന്റെ ഉത്പത്തിയെക്കുറിച്ചുള്ള പഠനങ്ങൾ ഇന്നും പൂർണതയിലെത്തിയിട്ടില്ല. ഏറെ സാമ്പത്തിക പ്രാധാന്യമുള്ള ഗോതമ്പ് പോയേസി (Poaceae) കുടുംബാംഗമാണ്. സസ്യവർഗീകരണ നിയമപ്രകാരം ടിറ്റിസിയേ (Triticeae) എന്ന ഗോത്രത്തിൽപ്പെടുന്നു. ബാർളി, റൈ (rye), ഗോതമ്പ് എന്നീ മൂന്നു വിളകളാണ് ഈ ഗ്രൂപ്പിൽപ്പെടുന്നവ. പ്രാചീനകാലം മുതൽ തന്നെ ഇവ ഉപയോഗിച്ചുവരുന്നു. ഈ ഗ്രൂപ്പിൽപ്പെട്ട മറ്റനേകം സസ്യങ്ങൾ തീറ്റപ്പുല്ലുകളാണ്.
ടിറ്റിസിയേ എന്ന ഗോത്രത്തിന്റെ ഉപഗോത്രമാണ് ട്രിറ്റിസിനേ (Triticinae). അതിൽപ്പെടുന്ന വ്യത്യസ്തങ്ങളായ ജനുസ്സുകളാണ് ടിറ്റികം (Triticum), എയ്ജിലോപ്സ (Aegilops), സെകേൽ (Secale), അഗ്രോപെറോഎ (Agropyron), ഹെയ്നാൾഡിയ (Haynaldia). ഗോതമ്പു സ്പീഷീസുകളെ ഷുൾസ് (Schulz,1913), എക്റോൺ (Eikron), (Emmer), ഡിങ്കൽ (Dinkel) എന്ന് മൂന്നു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഈ മൂന്നു ഗ്രൂപ്പുകളിലും
ഉള്ള ക്രോമസോമുകളുടെ എണ്ണം യഥാക്രമം n = 7, 14, 21 എന്നീ ക്രമത്തിലാണെന്ന് സകുമാറാ (Sakumara.,1918) സ്ഥാപിച്ചിട്ടുണ്ട്. സങ്കരങ്ങളിലെ ക്രോമസോമുകളുടെ ജോടി ചേരലിനെ അടിസ്ഥാനപ്പെടുത്തി ട്രിറ്റികംസ്പീഷീസിന്റെ പരിണാമ ബന്ധത്തെക്കുറിച്ചു വിശദമായ പഠനങ്ങൾ കിഹാറ (Kihara) എന്ന ശാസ്ത്രജ്ഞനും കൂട്ടരും നടത്തിയിട്ടുണ്ട്. അതിൽനിന്നും വിവിധ സ്പീഷീസു കളിലുള്ള ജീനോം AA, AABB, AABBDD എന്നി ങ്ങനെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
എ ജീനോമിന്റെ ദാതാവ് (A-Genome Donor)
ദ്വിപ്ലോയിഡ് ഗോതമ്പായ ടി. മോണോ കോകം (T. monococcum), ടാബ്ലോയിഡ് ഗോതമ്പായ ടി. ടർജിഡം (T. turgidum) എന്നിവ തമ്മിൽ ബാഹ്യപ്രകടന സ്വഭാവങ്ങളിൽ കുറേ സമാനതകൾ ഉണ്ട്. മാത്രവുമല്ല ക്രോമസോം ജോടി ചേരുമ്പോഴുള്ള പ്രത്യേകതകൾ കണക്കിലെടുക്കുമ്പോൾ ബഹുബ്ലോയിഡ് ഗോതമ്പിലെ ഒരു ടി.മോണോകോകം സ്പീഷീസിൽ നിന്ന് ഉദ്ഭവിച്ചതാണെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നിട്ടുള്ളത്. ഏകദേശം 8000 വർഷ ങ്ങൾക്കുമുമ്പ് ഒരേ കാലഘട്ടത്തിൽത്തന്നെ ടി. മോണോകോകവും ടി. ടർജിഡവും കൃഷി ചെയ്തിരുന്നതായി പുരാവസ്തു ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ടെട്രാ പ്ലോയിഡിലെ A ജീനോം ടി. മോണോകോകത്തിന്റെ വന്യയിനമായ ടി. എയ്ജിലോ പോയ്ഡ്സ് ആണെന്ന് അടുത്തകാലത്ത് തന്മാത്രാതല ത്തിൽ നടത്തിയ ഗവേഷണങ്ങളും തെളിയിക്കുന്നു.
ഗോതമ്പിന്റെ മറ്റു സ്പീഷീസുകളായ ടി. ടിമോഫീവി (T. timopheevi), ടി. ഡൈകോകം (T. dicoccum), ടി.ഏസ്റ്റിവം (T. aestivum) എന്നിവയിലുള്ള എ ജീനോമിന്റെ ഉറവിടം ടി. യുറാർടു (T. urartu) ആണ്. മറ്റൊരു വസ്തുത ടി. എയ്സ്റ്റിവത്തിലെ 7 ക്രോമസോമുകളിൽ 6 എണ്ണവും A ജീനോം ജനിതാവിൽ നിന്നും ലഭിച്ചതാണ്. ക്രോമസോമിന്റെ AA ഉത്പത്തി അജ്ഞാതമാണ്
ബി ജീനോമിന്റെ ദാതാവ് (B-genome donor).
‘B’ ജീനോമിന്റെ ഉദ്ഭവം സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. പല മാനദണ്ഡങ്ങൾ പ്രകാരം പല സ്പീഷീസുകളിൽ നിന്നും ‘B’ ജീനോം ലഭിച്ചിരിക്കാൻ സാധ്യതയുള്ളതായി കരുതുന്നു. എഇ. ബൈകോർണിസ് (Ae bicornis), എഇ. ലോങ്ഗിസിമ (Ae. longissima), എഇ. സീറി (Ae, searii), എഇ. ഷാറോനെൻസിസ് (Ae. sharonensis), എഇ. സ്പെൽറോഡിസ് (Ae. speltoides). എന്നാൽ ബി ജീനോം ട്രിറ്റികം സ്പെൽറ്റോഡിസ് (triticum speltoides)-ൽ നിന്നും ലഭ്യമായതായി വിശ്വസിക്കുന്ന ഗവേഷകരും ഉണ്ട്.
ഡി ജീനോമിന്റെ ധാതാവ് (D-Genome Donor)
ആറുസെറ്റ് ജീനോമുകളുള്ള D-ജീനോമിന്റെ ഉറവിടം എയ്ജിലോപ്സ് സ്ക്വാറോസ (Aegilops squarossa) ആണ്. കാരണം എമ്മർ ഗ്രൂപ്പിലെ ടാബ്ലോയിഡ് ഗോതമ്പ് 6000 വർഷങ്ങൾക്ക് മുമ്പ് കൃഷി ചെയ്തിരുന്നു. അതിനാൽ ഗോതമ്പിന്റെ Aയും B യും ജീനോമുകൾ എമ്മർ ഗ്രൂപ്പിൽനിന്ന് ലഭിച്ചിരിക്കാനാണ് സാധ്യത.
AA, AABB, AABBDD ജീനോമിന്റെ അടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന സ്പീഷീസുകളെയും വന്യ സ്പീഷീസുകളെയും മൂന്നായിത്തിരിച്ചിട്ടുണ്ട്. AA ജീനോമുള്ള ടി.മോണോകോകം, AABB ജീനോമുള്ള ടി. ടർജിഡം, AABBDD ജീനോമുള്ള ടി. എയ്റ്റിവം. ജീനോമിക ഘടനയിൽ വ്യത്യാസമുള്ള മറ്റ് രണ്ടു സ്പീഷീസുകളുമുണ്ട്: AAGG ജീനോമുള്ള ടി. ടൈമോഫീലി (T. timopheevi), AAAAGG ജീനോമുള്ള ടി. ഷുകോവ്സ്കി (T. zhukovskyi). ടി.അറാടടികം (T. araraticum) ടൈമോഫീവിയുടെ വന്യരൂപമാണ്.
ടാബ്ലോയിഡ് സ്പീഷീസുകളിൽ ആദ്യം ഉണ്ടായത് ടി. ടർജിഡം വാർ ഡൈകോകോയ്ഡും (T. turgidum var dicoccoides) ടി. ടൈമോഫീവിയുടെ വന്യയിനമായ ടി. അറാറിടികവുമാണ്. ഇവ രണ്ടും 8000 വർഷങ്ങൾക്കു മുമ്പ് ഒരേ കാലഘട്ടത്തിൽ കൃഷിചെയ്തിരിക്കാനാണ് സാധ്യത. അതിൽ നിന്ന് ക്രമേണ എമ്മർ ഗോതമ്പും, തുടർന്നുണ്ടായ മ്യൂട്ടേഷനുകളുടെ ഫലമായി ഡ്യൂറമും ഉദ്ഭവിച്ചിരിക്കാം എന്നു കരുതുന്നു. ഹെക്സാപ്ലോയിഡ് ഗോതമ്പിന്റെ വന്യസ്പീഷീസുകൾ ഒന്നും ഇതേവ രെയും കണ്ടെത്തിയിട്ടില്ല. അതിനാൽ ഗോതമ്പ് കൃഷി ആരംഭിച്ചതിനുശേഷമാണ് ഹെക്സാപ്ലോയിഡ് ഗോതമ്പ് ജന്മംകൊണ്ടതെന്ന് കരുതുന്നു.
ചോളം (Maize)
മനുഷ്യന്റെ ഭക്ഷ്യാഹാരം എന്ന നിലയിലും കാലിത്തീറ്റ എന്ന നിലയിലും ആഗോളപ്രാധാന്യമുള്ള ഒരു വിളയാണ് ചോളം. അനേകം വ്യാവസായിക ഉത്പന്നങ്ങളും ചോളത്തിൽ നിന്നുത്പാദിപ്പിക്കുന്നുണ്ട്. അമേരിക്ക, ചൈന, മെക്സിക്കോ, ബ്രസീൽ, അർജന്റീന, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ ചോളം ധാരാളമായി കൃഷി ചെയ്യുന്നു.
ചോളത്തിന്റെ ഉദ്ഭവം എങ്ങനെയെന്നുള്ളത് സസ്യ ശാസ്ത്രജ്ഞർക്കിടയിൽ ഒരു തർക്കവിഷയമാണ്. എങ്കിലും മെക്സിക്കോയിലും ഗ്വാട്ടിമാലയിലും കാണപ്പെടുന്ന ടിയോസിന്റെ (Zea mexicanana) എന്ന കാട്ടുപുല്ലാണ് ചോളത്തിന്റെ പൂർവജനയിതാവെന്ന് വിശ്വസിക്കുന്നു. 8000 വർഷങ്ങൾക്കുമുമ്പ് അമേരിക്കയിൽ, പ്രത്യേകിച്ച് തെക്കൻ മെക്സിക്കോയിലാണ് ടിയോസിന്റെയിൽ നിന്ന് ചോളം ജന്മമെടുത്തത്. ദീർഘകാലത്തെ പരിചരണം കൊണ്ട് ചോളത്തിന്റെ രൂപത്തിലും ഗുണത്തിലും വളരെ വ്യത്യാസങ്ങൾ വന്നു. അതിനാൽ ഇപ്പോൾ ചോളവും ടിയോസിന്റെയും തമ്മിൽ സാമ്യത വളരെക്കുറവാണ്. ടിയോസിന്റെയിൽ നിന്നും ചോളത്തിലേക്കുള്ള പരിണാമപ്രക്രിയയ്ക്കിടയിൽ മ്യൂട്ടേഷനും സങ്കരണവും ജനിതകവിഗതിയും നിർധാരണവും ഒക്കെ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. ടിയോസിന്റെ ചെടി കൾക്കിടയിൽ ഒറ്റപ്പെട്ടുകാണുന്ന ഗുണപ്രദമായ ചെടികളിൽനിന്ന് മുന്നൂറിലധികം വർഗങ്ങൾ (races) ഉണ്ടായിട്ടുണ്ട്. ഈ വർഗങ്ങൾ ക്രമേണ അതിന്റെ ഉദ്ഭവകേന്ദ്രത്തിനകലെയുള്ള അമേരിക്കയുടെ വിവിധ ഭാഗ ങ്ങൾക്ക് അനുയോജ്യമായിത്തീരുകയായിരുന്നു.
ചോളത്തിന്റെ വ്യാപകമായ വിന്യാസവും വൈവിധ്യവും കാരണം ഒന്നിലധികം ഉദ്ഭവകേന്ദ്രങ്ങളുണ്ടെന്ന് വാദിക്കുന്നവരും ഉണ്ട്. ചോളവും ടിയോസിന്റെയും തമ്മിൽ വ്യാപകമായ തോതിൽ ജീൻ പ്രവാഹം (gene flow) നടന്നിട്ടുള്ളതായി ബാഹ്യഘടനാ പഠനങ്ങളും (morphological studies) തന്മാത്രാ പഠനങ്ങളും വെളിപ്പെടുത്തുന്നു. അതിന്റെ ഫലമായി ചോളത്തിന്റെയും ടിയോ സിന്റെയുടെയും വ്യത്യസ്തങ്ങളായ ജനിതക ഘടന നിലനിർത്തപ്പെടുന്നുണ്ട്.
മക്കച്ചോളം (Sorghum vulgare)
വളരെ വ്യത്യസ്തങ്ങളായ കാലാവസ്ഥകൾക്കനുകൂലപ്പെട്ട ഒരു വിളയാണ് മക്കച്ചോളം. ഭക്ഷ്യവിളകളിൽ, ആഗോളതലത്തിൽ മക്കച്ചോളം അഞ്ചാംസ്ഥാനത്താണ്. വന്യ പുല്ലുവർഗങ്ങളിൽ നിന്നും നിർധാരണം വഴി ആഫ്രിക്കയിൽ ജന്മംകൊണ്ട ഒരു വിളയാണ് മക്കച്ചോളം. ആഫ്രിക്കയിലെ തെക്കുകിഴക്കൻ മേഖലയിലാണ് വന്യ യിനങ്ങളുടെയും കൃഷി ചെയ്യുന്ന സ്പീഷീസിന്റെയും ഏറ്റവും കൂടുതൽ ജനിതക വൈവിധ്യം കാണപ്പെടു ന്നത്. മക്കച്ചോളത്തിന്റെ വന്യ സ്പീഷീസായ സോർഗം ബൈകളർ (Sorghum bicolor) ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്നു. അതിനാൽ നട്ടുവളർത്തലും (domestication) അവിടെത്തന്നെ ആരംഭിച്ചു എന്ന് ഊഹിക്കാം. മറ്റൊരു വന്യസ്പീഷീസായ എസ്. വെർട്ടിസില്ലിഫ്ളോറ (S. verticilliflorum)ത്തിൽ നിന്ന് മക്കച്ചോളം ഉദ്ഭവിച്ചതാകാ നാണ് സാധ്യത. കാരണം മക്കച്ചോളം കൃഷിചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും ഈ വന്യയിനങ്ങളും കാണുന്നുണ്ട്. മക്കച്ചോളവുമായി അടുത്ത ബന്ധമുള്ള വർഗങ്ങളായ ഡ്യൂറ (durra), ഗ്വിനി (guinea), കാഫിർ (kafir) യഥാക്രമം എസ്. എയ്തിയോപികം (S. aethiopicum), എസ്. അരുൺഡിനേസിയം (S. arundinaceum) എസ്. വെർടിസിലിഫ്ളോറം (S. Verticilliflorum) എന്നീ സ്പീഷീസുകളിൽ നിന്നുദ്ഭവിച്ചവയാണ്. ഏഷ്യയിലാണ് എസ്. ബൈകളർ വാർ ബൈകളറി(S. bicolor var bicolor)-ന്റെ ഏറ്റവും അധികം വൈവിധ്യം കാണുന്നത്. ഗിനി പടി ഞ്ഞാറൻ ആഫ്രിക്കയിലും കഫിർ കിഴക്കൻ ആഫ്രിക്കയിലും ഡ്യൂറ (Durra) എത്യോപ്യയിലും ധാരാളമായി കണ്ടുവരുന്നു. ജീൻ വിനിമയം (gene transfer) വഴി ഉടലെടുത്തിട്ടുള്ള സങ്കരരാശികൾ (Hybrid strains) പല ഭാഗങ്ങളിലും കാണപ്പെടുന്നുണ്ട്.