Read Time:17 Minute

”ചന്ദനലേപസുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ” എന്ന് ചലച്ചിത്രഗാനം. എന്നാൽ ഇവിടെ പറയാൻ പോകുന്നത് കാമിനിമാരെക്കുറിച്ചല്ല, സുഗന്ധം ചൂടിപ്പറന്ന് കാമിനിമാരെ പാട്ടിലാക്കുന്ന പ്രാണിലോകത്തിലെ കാമുകന്മാരെക്കുറിച്ചാണ്. തേനീച്ചക്കുടുംബത്തിലെ (Apidae) ഓർക്കിഡ് ഈച്ചകളാണ് (Orchid bees) നമ്മുടെ കഥയിലെ നായകന്മാർ. 

ഓർക്കിഡ് ഈച്ചകൾ

തേനീച്ചകളെപ്പോലെ പിൻകാലുകളിൽ പൂക്കൂടയുള്ളവയാണ് (pollen basket) ഓർക്കിഡ് ഈച്ചകൾ. ഏപ്പിഡേ കുടുംബത്തിലെ ഏപ്പിനേ (Apinae) ഉപകുടുംബാംഗങ്ങളാണ് എല്ലാ പൂക്കൂടക്കാരും. കോർബിക്കുല (corbicula) എന്നാണ് പൂക്കൂടയുടെ ശാസ്ത്രീയ പദം. അതുകൊണ്ട് പൂക്കൂടയുള്ള ഈച്ചകളെ ‘കോർബിക്കുലേറ്റ് ബീസ്’ എന്നാണ് വിളിക്കുന്നത്. തേനീച്ചകൾക്ക് പുറമേ ബംബിൾ ബീകളും ചെറുതേനീച്ചകളും ഏപ്പിനേ ഉപകുടുംബാംഗങ്ങളാണ്. ഈ മൂന്ന് വിഭാഗക്കാരെ ലോകത്തിന്റെ എല്ലാ ഭാഗത്തും കാണുമെങ്കിലും ഓർക്കിഡ് ഈച്ചകൾ അമേരിക്കൻ വൻകരകളിൽ മാത്രം കാണുന്നവയാണ്. അമേരിക്കയുടെ (USA) ദക്ഷിണ ഭാഗം മുതൽ ഉത്തര അർജന്റീന വരെയാണ് ഇവയുടെ വിഹാരഭൂമി. യൂഗ്ലോസ്സിനി (Euglossini) ഗോത്രക്കാരാണ് ഓർക്കിഡ് ഈച്ചകൾ. അഞ്ച് ജീനസ്സുകളിലായി ഇരുനൂറ്റി അൻപതോളം സ്പീഷീസുകളുണ്ട്. ഇവയിൽ രണ്ട് ജീനസ്സുകൾ മറ്റ് മൂന്ന് ജീനസ്സുകളിൽ പെട്ട ഓർക്കിഡ് ഈച്ചകളുടെ കൂടുകളിൽ മുട്ടയിടുന്നവയാണ് (kleptoparasites). ഒറ്റയ്ക്ക് ജീവിക്കുന്നവരും സമൂഹമായി ജീവിക്കുന്നവരുമുണ്ട് ഓർക്കിഡ് ഈച്ചകളുടെ കൂട്ടത്തിൽ. 15-20 ശതമാനം ഓർക്കിഡ് ഈച്ചകൾ കൂടുണ്ടാക്കുന്നവയാണ്. പൊതുവെ കരുത്തരും മിനുപ്പുള്ള ലോഹ നിറമുള്ളവയുമാണ് (metallic colour) ഓർക്കിഡ് ഈച്ചകൾ. പല സ്പീഷീസുകൾക്കും നീളമുള്ള തുമ്പിക്കൈകളുണ്ട്. ഉപയോഗിക്കാത്ത സമയത്ത് തുമ്പിക്കൈകൾ കാലുകൾക്കിടയിൽ മടക്കിവയ്ക്കുകയാണ് ചെയ്യുന്നത്. 

സുഗന്ധച്ചെപ്പ്

പൂക്കളിൽ നിന്നും സുഗന്ധ വസ്തുക്കൾ ശേഖരിക്കുന്ന കൗതുകകരമായ സ്വഭാവ സവിശേഷതയാണ് ആൺ ഓർക്കിഡ് ഈച്ചകളെ മറ്റേതൊരു പ്രണിയിൽ നിന്നും വ്യത്യസ്തരാക്കുന്നത്. പ്രധാനമായും ഓർക്കിഡ് പൂവുകളിൽ നിന്നാണ് സുഗന്ധ പദാർത്ഥങ്ങൾ ശേഖരിക്കുന്നത്. അതോടൊപ്പം പരാഗണം നടത്തുകയും ചെയ്യും. ചിലയിനം ഓർക്കിഡുകളിൽ പരാഗണം നടത്തുന്നത് പൂർണ്ണമായും ആൺ ഓർക്കിഡ് ഈച്ചകളാണ്. അങ്ങനെയാണ് ഇവയ്ക്ക് ഓർക്കിഡ് ഈച്ചകൾ എന്ന പേര് ലഭിക്കുന്നത്. ഓർക്കിഡ് പൂവുകൾക്ക് പുറമേ മറ്റ് പൂവുകളിൽ നിന്നും അഴുകുന്ന മരത്തടികളിൽ നിന്നും മനുഷ്യനിർമ്മിതമായ വസ്തുക്കളിൽ നിന്നും സുഗന്ധവസ്തുക്കൾ ശേഖരിക്കാറുണ്ട്. ആണുങ്ങളുടെ ഈ സ്വഭാവം മുതലെടുത്ത് സുഗന്ധക്കെണിയൊരുക്കി അവയെ പിടിക്കാനും കഴിയും . പെണ്ണീച്ചകൾക്ക് ഓർക്കിഡ് പൂവുകളോട് പ്രത്യേക താല്പര്യമൊന്നുമില്ല. കാരണം ഓർക്കിഡ് പൂക്കളിൽ തേനുണ്ടാവില്ല. അവ തേനും പൂമ്പൊടിയും ശേഖരിക്കാൻ വ്യത്യസ്ത വിഭാഗത്തിൽ പെട്ട പൂക്കൾ സന്ദർശിക്കുന്നവയാണ്. പൂമ്പൊടി ശേഖരിച്ചു വെയ്ക്കാൻ പെണ്ണീച്ചകൾക്ക് പിൻകാലുകളിൽ പൂക്കൂടയുണ്ട്. ആണീച്ചകൾക്ക് പൂക്കൂടയില്ല, പകരം സുഗന്ധച്ചെപ്പാണുള്ളത്. സുഗന്ധവസ്തുക്കൾ ശേഖരിച്ച് സൂക്ഷിച്ചുവെക്കുന്ന പിൻകാലുകളിലുള്ള അവയവമാണീ സുഗന്ധച്ചെപ്പ് . പ്രാണികളുടെ കാലുകൾ നാല് ഖണ്ഡങ്ങളാൽ നിർമ്മിതമാണ്. ശരീരത്തോട് ഒട്ടിനിൽക്കുന്ന ഖണ്ഡമാണ് കോക്‌സ (coxa). അതിനെ തുടർന്ന് ട്രോക്കാന്റർ (trochanter), ഫീമർ (femur), ടിബിയ (tibia), ടാർസസ് (tarsus). ടാർസസ് വീണ്ടും ടാർസോമിയറുകൾ എന്ന ഉപഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. മുൻകാലുകളിലെ ടാർസോമിയറുകളിൽ ധാരാളം രോമങ്ങളുണ്ട്. ബ്രഷുപോലെയുള്ള ഈ രോമങ്ങളുപയോഗിച്ചാണ് ആണീച്ചകൾ പൂക്കളിൽ നിന്നും മറ്റും സുഗന്ധത്തരികൾ ഒപ്പിയെടുക്കുന്നത്. ആന്റിനകൾ ഉപയോഗിച്ച് സുഗന്ധവസ്തുവിന്റെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്യും. പിൻകാലുകളിലെ ടിബിയയിലാണ് സുഗന്ധച്ചെപ്പുള്ളത് . ടിബിയ വീർത്ത് ചെപ്പ് പോലെ ആയതാണ് ഈ അവയവം . ഇതിൽ പുറത്തേക്ക് തുറക്കുന്ന ഒരു ചെറിയ പിളർപ്പുമുണ്ട്. അതിലൂടെയാണ് സുഗന്ധപദാർത്ഥങ്ങൾ ഉമിനീർ ഗ്രന്ഥി (labial gland) സ്രവിപ്പിക്കുന്ന കൊഴുപ്പടങ്ങിയ ദ്രാവകത്തിൽ കുഴച്ച് ഉള്ളിലിടുന്നത്. 

സുഗന്ധം പരത്തുന്ന രീതി 

ടിബിയയിലെ അറകളിൽ സൂക്ഷിച്ച സുഗന്ധ ലേപനം വായുവിൽ പരത്താനും പ്രത്യേക സംവിധാനമുണ്ട്. ഒന്ന്, മധ്യഭാഗത്തുള്ള കാലുകളുടെ ടിബിയകളിലുള്ള വെൽവെറ്റ് പ്രതലങ്ങൾ (velvet patches); രണ്ട്, പിൻചിറകുകളിൽ രോമങ്ങൾ കൊണ്ട് നിർമ്മിച്ച ചീപ്പ് പോലെയുള്ള അവയവം. ആദ്യമായി ചെപ്പിലുള്ള സുഗന്ധലേപനം മധ്യ ടിബിയയിലെ വെൽവെറ്റ് പ്രതലത്തിലേക്ക് മാറ്റുന്നു. ഈച്ചകൾ ചിറക് ചലിപ്പിക്കുമ്പോൾ ചിറകിലെ ചീപ്പുകൾ വെൽവെറ്റ് പ്രതലത്തിൽ ഒട്ടിയ സുഗന്ധ പദാർത്ഥം ചുരണ്ടിയെടുക്കുന്നു. അത് വായുവിൽ പരക്കുകയും ചെയ്യുന്നു. 

സുഗന്ധം പരത്തുന്നതെന്തിന്?

പരീക്ഷണം

സമീപകാലത്ത് ഫ്ലോറിഡയിൽ കുടിയേറിയ യൂഗ്ലോസ്സ ഡിലെമ്മ (Euglossa dilemma) എന്ന ഓർക്കിഡ് ഈച്ചകളിലാണ് ഗവേഷകർ തങ്ങളുടെ പരീക്ഷണം നടത്തിയത്. രണ്ട് വലിയ കൂടുകളിലാണ് പരീക്ഷണം നടത്തിയത്. കൂട്ടിനുള്ളിൽ പൂച്ചെടികളും, കൂടുണ്ടാക്കാനാവശ്യമായ അസംസ്കൃത വസ്തുക്കളും ആണീച്ചകൾക്ക് ഇരിക്കാനും ഇണചേരൽ പ്രകടനം നടത്താനുമാവശ്യമായ കമ്പുകളും ഒരുക്കിയിരുന്നു. പ്യൂപ്പകളിൽ നിന്നും പുതിയതായി പുറത്തുവന്ന ഈച്ചകളെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ ആണീച്ചകളുടെ സുഗന്ധച്ചെപ്പുകൾ കാലിയായിരുന്നു. ഓരോ ആണീച്ചയെയും പെണ്ണീച്ചയെയും പ്രത്യേകം പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു. ആണീച്ചകളിൽ പകുതിയെണ്ണത്തിന്റെ സുഗന്ധകച്ചെപ്പുകളിൽ മറ്റ് ആണീച്ചകളിൽ നിന്ന് ശേഖരിച്ച സുഗന്ധമിശ്രിതങ്ങൾ നിക്ഷേപിച്ചിരുന്നു. പരീക്ഷണഫലങ്ങളും നിഗമനങ്ങളും താഴെ കൊടുത്തിരിക്കുന്നു. 

  1. സുഗന്ധമുള്ള ആണീച്ചകളും സുഗന്ധമില്ലാത്ത ആണീച്ചകളും ഒരു പോലെയാണ് ഇണചേരൽ പ്രകടനം നടത്തിയത്. ഇത് സൂചിപ്പിക്കുന്നത് ഇണചേരൽ പ്രക്രിയയിൽ സുഗന്ധമിശ്രിതങ്ങൾക്ക് പങ്കില്ലെന്നാണ്. 
  2. സുഗന്ധമിശ്രിതം കൈവശമുള്ള ആണീച്ചകൾക്കരികിലാണ് മറ്റ് ആണീച്ചകൾ മത്സരത്തിനെന്നപോലെ ചുറ്റിപ്പറന്നത്. ഒടുവിൽ കൂട്ടത്തിൽ ഒരു ആണീച്ചമാത്രം ഇരിപ്പിടം കൈക്കലാക്കുന്നതും കണ്ടു. എന്നാൽ നേരത്തെ കരുതിയതുപോലെ സുഗന്ധമിശ്രിതങ്ങളുടെ ഗുണമേന്മയും മത്സരവിജയവുമായി ബന്ധമില്ലെന്നും കണ്ടെത്തി. കാരണം ചില അവസരങ്ങളിൽ സുഗന്ധമില്ലാത്ത ആണീച്ചയാണ് വിജയിച്ചത്. 
  3. പെണ്ണീച്ചകൾ ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രമേ ഇണചേരുകയുള്ളൂ. അതുകൊണ്ട് ഓരോ പെണ്ണീച്ചയും അതിന്റെ ഇണയെ കണ്ടെത്തുന്നത് നിരീക്ഷിക്കുക അത്ര എളുപ്പമല്ല. പെൺസന്തതികളുടെ (ആൺ സന്തതികളുണ്ടാകാൻ ഇണചേരൽ ആവശ്യമില്ല) ജനിതക വിശകലനം വഴിയാണ് ഈ പ്രായോഗിക തടസ്സം മറികടന്നത്. ഇരുപത്തേഴ് പെണ്ണീച്ചകളുടെ സന്തതികളുടെ ജനിതക വിശകലനം നടത്തിയപ്പോൾ ഇരുപത്താറിന്റേയും പിതൃത്വം സുഗന്ധവാഹികളായ ആണീച്ചകൾക്കാണെന്ന് കണ്ടെത്തി. ഇരുപത്തിയേഴാമത്തെ ആണീച്ചയുടെ സുഗന്ധച്ചെപ്പ് പരിശോധിച്ചപ്പോൾ അതിൽ ചെറിയ അളവിൽ സുഗന്ധമിശ്രിതം കണ്ടെത്തി. അതെങ്ങനെ സംഭവിച്ചു? രണ്ട് സാദ്ധ്യതകളാണ് ഗവേഷകർ സംശയിക്കുന്നത്. ഒന്നുകിൽ കൂട്ടിലുള്ള ചെടികളിൽ നിന്നും സുഗന്ധവസ്തുക്കൾ ശേഖരിച്ചതായിരിക്കാം അല്ലെങ്കിൽ സുഗന്ധമിശ്രിതമുള്ള ആണീച്ചകളിൽ നിന്ന് അത് മോഷ്ടിച്ചതായിരിക്കാം. ഏതായാലും ഒരു കാര്യം വ്യക്തമായി, സുഗന്ധം ചൂടിയ ആണീച്ചകളെ മാത്രമേ പെണ്ണീച്ചകൾ ഇണയായി സ്വീകരിക്കുകയുള്ളൂ. 
  4. എല്ലാ ഇണചേരൽ പ്രക്രിയകളും നിരീക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും എട്ട് ഇണചേരലുകൾ നിരീക്ഷിക്കാൻ ഗവേഷകർക്ക് അവസരമുണ്ടായി. അവയിൽ ഏഴെണ്ണത്തിലും പെണ്ണീച്ചകൾ സുഗന്ധവാഹികളായ ആണീച്ചകളെയാണ് തെരഞ്ഞെടുത്തത്. ആണീച്ചകളെ അവ കീഴ് ഭാഗത്തുനിന്നും സമീപിക്കുകയും പെട്ടെന്നുതന്നെ ഇണചേരുകയും ചെയ്തു. എട്ടാമത്തെ പെണ്ണീച്ച സുഗന്ധവാഹകനെയും സുഗന്ധമില്ലാത്തവനെയും ഏതാനും തവണ മാറിമാറി സമീപിക്കുകയും ഒടുവിൽ സുഗന്ധവാഹകനെത്തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു! 
  5. ഒരു ആണീച്ചയുടെ സുഗന്ധത്തിൽ മറ്റ് ആണീച്ചകൾ ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ടായിരിക്കാം? ഇണകളെ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ള ഒരിടം എന്ന നിലയിലായിരിക്കാം ഇണചേരൽ പ്രകടനം നടത്തുന്ന ഒരു ആണീച്ചയുടെ അടുത്തേക്ക് മറ്റ് ആണീച്ചകളെ ആകർഷിക്കുന്നത് എന്നാണ് ഒരു വിശദീകരണം. ഇതൊരു പരികല്പന മാത്രമാണ്. അവസാന വിധി പറയും മുൻപ് കൂടുതൽ പരീക്ഷണത്തെളിവുകൾ ആവശ്യമാണ്.
  1. Dressler RL (1968). Pollination by euglossine bees. Evolution 22,  202–210. >>>
  2. Dressler RL (1982). Biology of the Orchid Bees. Ann.Rec. Ecol.Syst. 13, 373-394. >>>
  3. Eltz T, Whiten WM, Roubik DW, Linsenmair KE (1999). Fragrance collection, storage, and accumulation by individual male orchid bees. Journal of Chemical Ecology, 25, 1: 157-176. >>>
  4. Faria LRR, Melo GAR (2020).  Orchid bees. In Starr C (ed.), Encyclopedia of Social Insects. >>>
  5. Henske J, Saleh NW, Chouvenc T,  Ramırez SR, Eltz T (2023). Function of environment-derived male perfumes in orchid bees. Current Biology. 33, 2075–2080. >>>
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഭൂമിയിലെത്തിയ വിരുന്നുകാർ – നോവൽ അവസാനിക്കുന്നു
Close