![](https://i0.wp.com/luca.co.in/wp-content/uploads/2025/02/herb9-1.png?resize=1140%2C1140&ssl=1)
ഈ പ്രണയദിനത്തിൽ തേനീച്ചകളെ പ്രണയബദ്ധരാക്കി സ്വന്തം പരാഗണം നടത്തിക്കുന്ന ഒരു ഓർക്കിഡിനെ പരിചയപ്പെടാം.
പരിണാമ ചരിത്രത്തില്‍ താരതമ്യേന പുതുമുഖങ്ങളാണ് ഓര്‍ക്കിഡുകള്‍. അതിനാല്‍ തന്നെ വൈവിധ്യത്തിലും അനുരൂപണത്തിലും മറ്റേതു സസ്യഗണത്തേക്കാള്‍ മുന്‍പിലാണ് ഓര്‍ക്കിഡുകള്‍. ആൻഡ്രീന നൈഗ്രോയെനീയ (Andrena nigroaenea) എന്ന തേനീച്ചയെ സ്വന്തം പരാഗണത്തിന്നായി അതിസമര്‍ത്ഥമായി ഉപയോഗിക്കുന്ന ഒഫ്രിസ് സ്ഫീഗോഡെസ് (Ophrys sphegodes) എന്ന ഓര്‍ക്കിഡിന്റെ കഥയാണ്.
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/Ophrys-sphegodes.jpg?resize=1140%2C765&ssl=1)
ഷഡ്പദങ്ങള്‍ ആശയവിനിമയം നടത്തുന്നത് ഫെറോമോണ്‍ എന്ന പ്രത്യേക രാസമിശ്രിതം ഉപയോഗിച്ചാണെന്ന് ഓര്‍ക്കുമല്ലോ. ആൻഡ്രീന തേനീച്ചകളും അതുപോലെതന്നെ. ഭക്ഷണ ലഭ്യത സ്വന്തം കോളനിയിലെ മറ്റുള്ളവരെ അറിയിക്കാനും അപകട സൂചന നൽകുവാനും, ഇണകളെ ആകര്‍ഷിക്കാനും ഇത്തരം ഫെറോമോണ്‍ തന്നെയാണെന്ന് പറയേണ്ടതില്ലലോ.
ഫെറോമോണ്‍ കെണികള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണം കേട്ടുകാണും. ഇണയുടെ ഫെറോമോണ്‍ കെണികളില്‍ ആക്കിവെച്ചു അവയെ കീടങ്ങളുടെ ആക്രമണ സ്ഥലത്തു വെച്ച് അവയെ കുടുക്കുകയാണ് ചെയ്യുന്നത്.
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/orchid-8-1.png?resize=491%2C652&ssl=1)
ഇതേ രീതി തന്നെയാണ് ഇവിടെ ഒഫ്രിസും ഉപയോഗിക്കുന്നത്. കൂടെ ഒരല്പം മിമിക്രി കൂടെ ഉണ്ടെന്നു മാത്രം. ഒഫ്രിസിന്റെ പൂക്കള്‍ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ പെണ്‍ ആൻഡ്രീന തേനീച്ച പോലെ തന്നെയിരിക്കും. നിറവും രൂപവും എല്ലാം അതുപോലെ തന്നെ. അത് മാത്രമല്ല പെണ്‍ ഈച്ചയുടെ ഫെറോമോണ്‍ അതുപോലെതന്നെ ഒഫ്രിസ് അതിന്റെ പൂക്കളില്‍ ഉണ്ടാക്കി വെച്ചിരിക്കും.
സ്വാഭാവികമായും ഈ ഫെറോമോണുകളില്‍ ആകൃഷ്ടനായി പ്രണയബദ്ധരായി ആണ്‍ ഈച്ച പൂക്കളെ തേടി എത്തുകയും, പൂക്കള്‍ പെൺതേനീച്ചയെന്നു തെറ്റിദ്ധരിച്ച് ഇണ ചേരാന്‍ ശ്രമിക്കുകയും ചെയ്യും. ഓര്‍ക്കിഡ് സസ്യ ഗണത്തിന് ഉള്ള ഒരു പ്രത്യേകത പരാഗരേണുക്കള്‍ എല്ലാം കൂടെ ഒരുമിച്ച് ഒരു കുലയായി കാണും (Pollinia). ഇണചേരാന്‍ ശ്രമിക്കുന്ന ആൻഡ്രീന ഈച്ചയുടെ മേലെ ഈ കുല പറ്റിപിടിപ്പിക്കും. ഇണ ചേരാൻ ഉള്ള പാഴ് ശ്രമങ്ങൾ കഴിയുമ്പോൾ അബദ്ധം മനസിലായ ആൻഡ്രീന ഈച്ച ആ പൂവില്‍ നിന്നും പറന്നു പോകും.
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/Pollination-and-genome-of-Ophrys-sphegodes.png?resize=828%2C382&ssl=1)
അതിന്നിടയിൽ പരാഗരേണുക്കുല ഈച്ചയുടെ അടിയിൽ പറ്റി പിടിച്ചിറ്റുണ്ടാവും. അങ്ങനെ പോകുമ്പോൾ വീണ്ടും മറ്റൊരു ഒഫ്രിസ് സുന്ദരിയെ കാണും അപ്പോഴും ഇത് തന്നെ അവസ്ഥ, വീണ്ടും അബദ്ധം പറ്റും. ഇവിടെയും ഇണചേരാന്‍ ശ്രമിക്കുമ്പോള്‍ നേരത്തെ പറ്റിപ്പിടിച്ചിരുന്ന പരാഗരേണുകുല ഈ പുതിയ ഒഫ്രിസിന്റെ പരാഗണസ്ഥലത്ത് പറ്റിപിടിക്കുകയും, അങ്ങനെ പരപ്പരാഗണം സാദ്ധ്യമാവുകയും ചെയ്യും.
ഈ അബദ്ധം ആൻഡ്രീന ഈച്ചക്ക് വീണ്ടും വീണ്ടും പിണയുകയും അതിന്റെ മറവിൽ ഒഫ്രിസ് ഓർക്കിഡ് സ്വന്തം പരാഗണം മുറ തെറ്റാതെ നടത്തുകയും ചെയ്യുന്നു. ഇനി കാര്യം അങ്ങനെയൊക്കെ ആണെങ്കിലും ഇവിടെ ഒഫ്രിസ് നേരിടുന്ന വെല്ലുവിളി, ആൻഡ്രീന ഈച്ചയല്ലാതെ മറ്റാർക്കും ഒഫ്രിസ്സിന്റെ പരാഗണം നടത്താൻ കഴിയില്ല എന്നതാണ്. ഏതെങ്കിലും കാരണത്താൽ ആൻഡ്രീന ഈച്ചകൾ എത്താതിരിക്കുകയോ അല്ലെങ്കിൽ അവയുടെ എണ്ണത്തിൽ കുറവുണ്ടാവുകയോ ചെയ്‌താൽ ഒഫ്രിസിനെയും അത് പ്രതികൂലമായി ബാധിക്കും
മറ്റു സസ്യങ്ങൾ സ്വന്തം പരാഗവാഹകരെ ആകർഷിക്കാൻ നിറവും മണവും തേനും ഒക്കെ ഉപയോഗിക്കുമ്പോൾ ഒഫ്രിസ് ഉപയോഗിക്കുന്നത് പ്രണയമാണ്.
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/490483428_2ae266b090_c-1.jpg?resize=300%2C198&ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/490483370_cb38dcee21_z-1.jpg?resize=300%2C198&ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/427010994_827c6b8c3d_z.jpg?resize=300%2C198&ssl=1)
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/412913054_89abf813b4_z.jpg?resize=300%2C198&ssl=1)
കൂടുതൽ ചിത്രങ്ങൾക്ക് : Ophrys pollination by Nico’s wild bees & wasps
മറ്റു ലേഖനങ്ങൾ
![](https://i0.wp.com/luca.co.in/wp-content/uploads/2023/08/Ophioglossum-vulgatum-Adders-Tongue-Plant.png?w=1140&ssl=1)
സസ്യജാലകം
നാട്ടുചെടികളെപ്പറ്റി ചെറുകുറിപ്പുകൾ