Read Time:20 Minute

പ്രൊഫ.കെ.പാപ്പൂട്ടി 

ഫാം ഹാൾ പകർപ്പുകൾ ഏവരും വായിച്ചിരിക്കേണ്ട പുസ്തകമാണ്. രണ്ടാം ലോകയുദ്ധകാലത്ത് ജർമനിയിൽ  ജീവിച്ചിരുന്ന ഏതാനും പ്രമുഖ ശാസ്ത്രജ്ഞരുടെ മനസ്സിലേക്ക്, ശാസ്ത്രത്തോടും സമൂഹത്തോടും രാജ്യത്തോടും സ്വന്തം കുടുംബത്തോടും അവർ പുലർത്തുന്ന പ്രതിബദ്ധതയിലേക്ക് അത് വെളിച്ചം വീശുന്നു

ഇതൊരു പുസ്തകത്തെപ്പറ്റിയാണ്. പുസ്തകത്തിന്റെ പേര്: ഓപറേഷൻ എപ്‌സിലൺ -ഫാം ഹാൾ പകർപ്പുകൾ (Operation Epsilon -The Farm hall Transcripts). നാസിസത്തിന്റെയും യുദ്ധത്തിന്റെയും ഇരുണ്ടനാളുകളിലെ ശാസ്ത്രജ്ഞരുടെ ദുരിതപർവം.

1944: രണ്ടാം ലോക യുദ്ധത്തിൽ ജർമനി തോൽക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അമേരിക്കയും ബ്രിട്ടനും ചേർന്നുള്ള അണുബോംബ് നിർമാണം അന്തിമഘട്ടത്തിലാണ്. ജർമനിയും ബോംബ് നിർമാണ ശ്രമത്തിലാണെന്ന് കിംവദന്തിയുണ്ട്. അതെത്രത്തോളം മുന്നേറി എന്നറിയണം. എവിടെയാണ് പരീക്ഷണങ്ങൾ നടക്കുന്നത് എന്ന് കൃത്യമായറിയണം. അതിലുൾപ്പെട്ട ശാസ്ത്രജ്ഞരാരൊക്കെയെന്നും അറിയണം. എന്തിനാണെന്നല്ലേ? ജർമനി കീഴടങ്ങുമ്പോൾ ഈ ശാസ്ത്രജ്ഞരും ആണവവസ്തുക്കളും ഉപകരണങ്ങളുമൊന്നും സോവ്യറ്റ് റഷ്യയുടെയോ ഫ്രാൻസിന്റെയോ കയ്യിൽ എത്തിച്ചേരരുത്. അവരും ബോംബ് നിർമിച്ചാൽ യു.എസ്-ബ്രിട്ടീഷ് കുത്തക നഷ്ടപ്പെടും. റഷ്യയിൽ കപിറ്റ്‌സയും ലന്താവുവും മറ്റ് ഗംഭീരന്മാരുമുണ്ട്. ഫ്രാൻസിൽ യവേസ് റെകാർഡും ഷോലിയോ ക്യൂറിയും അടങ്ങിയ സംഘവുമുണ്ട്. ജർമൻ ശാസ്ത്രജ്ഞരെ ഇവരിൽ ആർക്ക് കിട്ടിയാലും അവരും ബോംബുണ്ടാക്കും.

ജർമനിയിൽ നിന്ന് വിവരങ്ങൾ ചോർത്തി റിപ്പോർട്ട് ചെയ്യാനുള്ള ചുമതല ഗൗഡ്‌സ്മിത്ത്(Samuel Goudsmit) എന്ന ആണവശാസ്ത്രജ്ഞന്റേതായിരുന്നു. ALSOS എന്നാണ് ആ രഹസ്യ പ്രൊജക്റ്റിന്റെ പേര്. ഗൗഡ്‌സ്മിത്ത് അത് വാശിയോടെ ചെയ്തു. കാരണം അദ്ദേഹത്തിന്റെ മാതാപിതാക്കൾ നാസികളാൽ വധിക്കപ്പെട്ടിരുന്നു. 1944 നവംബറോടെ കാര്യങ്ങൾ വ്യക്തമായി. ജർമനി ആണവ റിയാക്ടർ നിർമാണത്തിൽ കുറേയേറെ മുന്നേറിയിട്ടുണ്ടെങ്കിലും ബോംബ് നിർമാണത്തിൽ ഒട്ടും മുന്നേറിയിട്ടില്ല. ഗവേഷണങ്ങൾ തുടക്കത്തിൽ ബർലിനിലെ കൈസർ വില്യം ഇൻസ്റ്റിറ്റ്യൂട്ടിലാണ് നടന്നിരുന്നതെങ്കിലും നിരന്തരമായ വിമാനാക്രമണങ്ങളെ ഭയന്ന് അതെല്ലാം ഹെച്ചിൻഗൻ എന്ന സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നു. പിടിക്കപ്പെടേണ്ട പത്ത് പ്രമുഖരായ ശാസ്ത്രജ്ഞരെ ഗൗഡ്‌സ്മിത്ത് തിരിച്ചറിഞ്ഞിരുന്നു.

കിഴക്ക് നിന്ന് റഷ്യൻ പടയും മറുഭാഗത്ത് നിന്ന് ബ്രിട്ടീഷ്-യു.എസ്സ് സൈന്യവും  ഫ്രഞ്ച് സൈന്യവും ബർലിനിലേക്ക് അതിവേഗം മുന്നേറുകയാണ്. ഏതേത് ഭാഗങ്ങളാണ് കീഴടക്കേണ്ടതെന്ന ധാരണ ഈ സൈന്യവിഭാഗങ്ങൾക്ക് തമ്മിലുണ്ട്. അതനുസരിച്ച് ഹെച്ചിൻഗൻ ഫ്രാൻസിനാണ് അധീനപ്പെടുക. അപകടം തിരിച്ചറിഞ്ഞ ഗൗഡ്‌സ്മിത്തും സംഘവും ഫ്രഞ്ച് സൈനികരെത്തും മുമ്പേ ഹെച്ചിൻഗനിലെത്തി ആറ് ശാസ്ത്രജ്ഞരെയും അവരുടെ ഉപകരണങ്ങളും ഗവേഷണ റിക്കാർഡുകളും സഹിതം കൈക്കലാക്കി. പിന്നീട് പലയിടങ്ങളിൽ നിന്നു മായി മറ്റ് നാല് ശാസ്ത്രജ്ഞരെയും തടങ്കലിലാക്കി. ഇതാണ് ഓപറേഷൻ എപ്‌സിലൺ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ദൗത്യം. അവരെയെല്ലാം ആരുമറിയാതെ ആദ്യം ഫ്രാൻസിലും പിന്നീട് നെതർലണ്ടിലും താമസിപ്പിച്ചു.

1945 മെയ് 1 മുതൽ അവരെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ സംഭാഷണങ്ങളും രേഖപ്പെടുത്താൻ തുടങ്ങി. എട്ട് മാസക്കാലത്തെ ആ രേഖകളാണ് ഫാംഹാൾ കുറിപ്പുകൾ.
‘ഫാം ഹാൾ കടപ്പാട്‌ : വിക്കിപീഡിയ

കാര്യങ്ങൾ ഏറെക്കാലം ഇങ്ങനെ രഹസ്യമായി സൂക്ഷിക്കുക എളുപ്പമല്ല. സ്വന്തമായി ബോംബ് നിർമിച്ചുകഴിഞ്ഞതിനാൽ അമേരിക്കയ്ക്ക് ഈ ശാസ്ത്രജ്ഞരെ ക്കൊണ്ട് ആവശ്യവുമില്ല. ബ്രിട്ടനാകട്ടെ ദരിദ്രമായി കഴിഞ്ഞിരുന്നു. വിവരമറിഞ്ഞാൽ സഖ്യകക്ഷകളിൽപ്പെട്ട ഫ്രഞ്ചുകാരോ റഷ്യയോ അവരെ ആവശ്യപ്പെട്ടെന്ന് വരാം. അത് ഒഴിവാക്കിയേ തീരൂ. അപ്പോൾപ്പിന്നെ എന്തുചെയ്യും. അപ്പോഴാണ് ഒരു അമേരിക്കൻ ജനറൽ പറഞ്ഞത്, ഇവരെ വെടിവച്ച് കൊല്ലുന്നതാണ് എളുപ്പ പരിഹാരമെന്ന്. ഭാഗ്യം കൊണ്ട് അത് സ്വീകരിക്കപ്പെട്ടില്ല. ഒടുവിൽ, ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ നിന്ന് 15 കി.മീ. അകലെ, ബ്രിട്ടീഷ് രഹസ്യ പോലീസിന്റെ ‘ഫാം ഹാൾ’ എന്ന വിശാലമായ ഇരുനില കെട്ടിടത്തിൽ അവരെ തടവിലാക്കി. വേണ്ടത്ര ഭക്ഷണം; കളിസ്ഥലം; എഴുതാനും വായിക്കാനും ഗവേഷണപ്രബന്ധങ്ങൾ തയ്യാറാക്കാനുമെല്ലാം അനുവാദം; ആഴ്ചതോറും സെമിനാറുകൾ. എല്ലാ സൗകര്യങ്ങളുമുണ്ട്. പുറത്ത് ആരുമായും ബന്ധപ്പെടരുതെന്ന് മാത്രം. അവരുടെ എല്ലാ സംഭാഷണങ്ങളും രഹസ്യമായി റിക്കോർഡ് ചെയ്യാനുള്ള ഏർപ്പാടും ചെയ്തു. അത് ഇംഗ്ലീഷ് പരിഭാഷയോടെ സൈനിക നേതൃത്വത്തിന് അപ്പപ്പോൾ കൈമാറും. യുദ്ധക്കുറ്റവാളികളായി വിചാരണ ചെയ്താൽ കിട്ടുന്നതിലും വിശ്വസ്തമായ വിവരങ്ങൾ ഇങ്ങനെ ലഭ്യമാ ക്കാമെന്ന് അവർക്കറിയാമായിരുന്നു. ശാസ്ത്രജ്ഞരുടെ സ്വകാര്യ സംഭാഷണങ്ങളും കുടുംബത്തെക്കുറിച്ചുള്ള വേവലാതികളും നാളെ എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ചുള്ള ഭീതിയുമെല്ലാമാണ് ‘ഫാം ഹാൾ’ രേഖകളിലുള്ളത്.

ഫാംഹാളിൽ തടവിൽ കിടന്ന ശാസ്ത്രജ്ഞർ ആരൊക്കെയായിരുന്നു എന്ന് നോക്കാം.

1. വെർണർ ഹൈസൻബർഗ്(Werner Heisenberg): തടവിലാകുമ്പോൾ പ്രായം 44 വയസ്സ്. വിവാഹിതനായിട്ട് എട്ട് വർഷമേ ആയിരുന്നുള്ളൂ. 31-ാം വയസ്സിൽ നൊബേൽ സമ്മാനം നേടി. ‘ക്വാണ്ടം മെക്കാനിക്‌സിന്റെ സൃഷ്ടിക്ക്’ എന്നാണ് നൊബേൽ കമ്മറ്റിയുടെ സൈറ്റേഷൻ. 24-ാം വയസ്സിൽ ക്വാണ്ടം മെക്കാനിക്‌സിന്റെ മാ ട്രിക്‌സ് ഫോർമുലേഷനും 26-ാം വയസ്സിൽ പ്രശസ്തമായ അനിശ്ചിതത്വ സിദ്ധാന്തത്തിനും(uncertainty principle) ജന്മം നൽകി ശാസ്ത്രലോകത്തിന്റെയാകെ ആദരം പിടിച്ചുപറ്റിയ ശാസ്ത്രജ്ഞൻ. 1929-ൽ സത്യേന്ദ്രനാഥ് ബോസിനും സി.വി.രാമനുമൊപ്പം ഇന്ത്യയിൽ പ്രഭാഷണയാത്ര നടത്തിയിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് നാസി ഭരണകൂടത്തിന്റെ നിർബന്ധത്തിന് വഴങ്ങി ആണവഗവേഷണ ടീമിന്റെ നേതൃത്വം എടുക്കേണ്ടി വന്നു. എന്നാൽ ബോംബ് നിർമാണത്തിൽ അദ്ദേഹം ഒട്ടും താൽപര്യമെടുത്തില്ല എന്ന കാര്യം ഗൗഡ് സ്മിത്തിനും സംഘത്തിനും ബോധ്യമായിരുന്നു.

2.ഓട്ടോ ഹാൻ(Otto Hahn): വയസ്സ് 66. റേഡിയോ കെമിസ്ട്രിയുടെ പിതാവ് എന്നറിയപ്പെടുന്ന, ലോകം മുഴുവൻ ആദരിക്കുന്ന, വ്യക്തി. കൈസർ വില്യം ഇൻസ്റ്റിറ്റ്യൂട്ടിന്റെ രസതന്ത്രവിഭാഗം ഡയറക്ടർ. സ്റ്റ്രാസ്സ്മാൻ, ലി സ് മൈറ്റ്‌നർ എന്നിവരുമായി ചേർന്ന് 1938-ൽ യുറാനിയം അണുവിന്റെ വിഭജനം(fission) കണ്ടെത്തി. ആ കണ്ടെത്തലിന് നൊബേൽ സമ്മാനം പ്രഖ്യാപിച്ചത് തടവിൽ കഴിയുമ്പോൾ. നേരിട്ട് പോയി വാങ്ങാൻ അനുമതി കിട്ടിയില്ല. ഓട്ടോഹാൻ തികഞ്ഞ നാസി വിരുദ്ധനായിരുന്നു. ജൂതശാസ്ത്രജ്ഞരെ ജർമനിക്ക് പുറത്തെത്തിക്കാൻ മാക്‌സ്പ്ലാങ്കിനും നീൽസ് ബോറിനുമൊപ്പം പരിശ്രമിച്ച വ്യക്തി. ലിസ് മൈറ്റ്‌നർ യാത്രയായപ്പോൾ സ്വന്തം വിരലിൽ കിടന്ന, പൈതൃകമായി കിട്ടിയ വജ്രമോതിരം അ വർക്ക് നൽകിയിട്ട് പറഞ്ഞു, ‘വച്ചോളൂ, അതിർത്തി കടക്കാൻ കൈക്കൂലി നൽകേണ്ടി വരും’. തടവിൽ കിടക്കുമ്പോൾ ഹിരോഷിമയിൽ ബോംബിട്ട് ലക്ഷങ്ങളെ ചുട്ടുകൊന്നതറിഞ്ഞ്, തന്റെ കണ്ടെത്തലാണല്ലോ ഇതിനെല്ലാം കാരണമെന്നാലോചിച്ച് ആത്മഹത്യയ്ക്ക് പോ ലും തുനിഞ്ഞ മനുഷ്യസ്‌നേഹി. ഫോൺലാവേ അന്ന് രാത്രി മുഴുവൻ അദ്ദേഹത്തിന് കൂട്ടിരിക്കുകയായിരുന്നു.

3.ഫോൺ ലാവേ(Max von Laue): വയസ്സ് 66. എക്‌സ്‌റേ ക്രിസ്റ്റലോഗ്രഫിയിലെ കണ്ടുപിടുത്തങ്ങൾക്ക് 1914-ൽ നൊബേൽ സമ്മാനം നേടി. കൂടാതെ, ഓപ്റ്റിക്‌സ്, ക്വാണ്ടം സിദ്ധാന്തം, സൂപ്പർ കണ്ടക്റ്റിവിറ്റി, ആ പേക്ഷികതാ സിദ്ധാന്തം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലും മികച്ച സംഭാവനകൾ നൽകിയ ഭൗതിക ശാസ്ത്രജ്ഞൻ. ഓട്ടോഹാനൊപ്പം, നിരവധി ജൂതശാസ്ത്രജ്ഞരെ രാജ്യം വിടാൻ സഹായിച്ചു, തന്റെ ഡി പ്പാർട്ടുമെന്റിൽ അസിസ്റ്റന്റായി ഒരു നാസി പാർട്ടിക്കാരനെ നിയമിക്കാൻ സമ്മർദമുണ്ടായപ്പോൾ സധൈര്യം ചെറുത്തുനിന്ന വ്യക്തി. നൊബേൽ മെഡൽ നാസികൾ കൈയടക്കുമോ എന്ന ഭയത്താൽ അത് അക്വാറീജിയയിൽ ലയിപ്പിക്കുകയും യുദ്ധത്തിന് ശേഷം ആ സ്വർണം വീണ്ടെടുത്ത്, നൊബേൽ കമ്മിറ്റിയുടെ സഹായത്തോ ടെ വീണ്ടും മുദ്രണംചെയ്ത് വാങ്ങുകയും ചെയ്തു. പിന്നീട് യുദ്ധവിരുദ്ധരുടെ സംഘടനയായ പുഗ്‌വാഷി ന്റെ മുൻനിര പ്രവർത്തകനായി.

4. കാൾ വെയ്ത്‌സാക്കർ(Carl Friedrich von Weizsäcker): വയസ്സ് 33. 25-ാം വയസ്സിൽ ഹാൻസ് ബെതെയോടൊപ്പം നക്ഷത്രങ്ങളിലെ ഊർജോൽപാദനത്തിന്റെ രഹസ്യം -ഹൈഡ്രജൻ ഫ്യൂഷൻ- കണ്ടെത്തി (Bethe-Wei zsacker formula). സൗരയൂഥരൂപീകരണത്തി ന്റെ വിശദാംശങ്ങൾ തയ്യാറാക്കി. പ്രപഞ്ചത്തിൽ ഇതുപോലുള്ള വേറെയും ഗ്രഹയൂഥങ്ങൾ ഉണ്ടാകാമെന്ന് പ്രവചിച്ചു(ഇപ്പോൾ നാമവയെ കണ്ടെത്തിക്കൊണ്ടിരിക്കുന്നു). തികഞ്ഞ യുദ്ധവിരുദ്ധനായിരുന്ന വെയ്ത്‌സാക്കറുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഹൈസൻബർഗ് കോപ്പൻഹേഗനിൽ പോയി നീൽസ് ബോറിനെ കണ്ട് ഇംഗ്ലണ്ടും ജർമനിയുമായി യുദ്ധമില്ലാ കരാറുണ്ടാക്കാൻ മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിച്ചത്. പക്ഷേ രണ്ട് രാജ്യങ്ങളും അതിന് തയ്യാറായില്ല.

5. കാൾ വിർട്‌സ്(Karl Wirtz): വയസ്സ് 35. റിയാക്റ്റർ ഡിസൈനിങ്ങിൽ ഗണ്യമായ പുരോഗതി കൈവരിച്ചിരുന്നു. ബോംബ് നിർമാണത്തിൽ താൽപ്പര്യം കാട്ടിയില്ല. ന്യൂട്രോൺ ഫിസിക്‌സിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ഹൈസൻബർഗിന്റെ ആരാധകനും നല്ല സംഘാടകനും ആയിരുന്നു.

6. പോൾ ഹെർടെക്(Paul Harteck): വയസ്സ് 42. കൈസർ വില്യം ഇൻസ്റ്റിറ്റ്യൂട്ട് രസതന്ത്രവിഭാഗത്തിലെ പ്രശസ്ത ശാസ്ത്രജ്ഞൻ. അമോണിയ നിർമിച്ച് പ്രശസ്തനായ ഹാബറിന്റെ കൂടെ ഗവേഷണം. തുടർന്ന് റുഥർ ഫോഡിനൊപ്പം കാംബ്രിഡ്ജിൽ. തടവിലാക്കപ്പെടുമ്പോൾ ഹാംബർഗ് ഫിസിക്കൽ കെമിസ്ട്രി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ആയിരുന്നു

.

7. എറിക് ബാഗ്ഗേ(Erich Bagge): വയസ്സ് 33. മ്യൂണിക് പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞ് ഹൈ സൻബർഗിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. കോസ്മിക് റേ പഠനത്തിലായിരുന്നു അക്കാലത്ത് താൽപ്പര്യം. സോ വിയറ്റ് യൂണിയനോട് ആഭിമുഖ്യമുണ്ടായിരുന്നു. പാരീസിൽ ഷോലിയോ ക്യൂറിയുടെ കൂടെ ഗവേഷണ പഠനങ്ങളിൽ പങ്കെടുത്ത ശേഷം കൈസർവില്യം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഐസോടോപ്പുകൾ വേർതിരിക്കുന്നതിലായി പിന്നീട് താൽപ്പര്യം.

8. ഹോർഴ്സ്റ്റ് കോർഷിംഗ്(Horst Korsching): വയസ്സ് 33. ഫിസിക്കൽ ഇല്രേക്ടാകെമിസ്ട്രിയിൽ ഗവേഷണം. കൈസർ വില്യം ഇൻസ്റ്റിറ്റ്യൂട്ടിൽ ഐസോടോപ്പ് വേർതിരിക്കൽ, താപീയ വിസരണം തുടങ്ങിയ രംഗങ്ങളിൽ ദീബ്‌നറോടൊപ്പം പ്രവർത്തിച്ചു.

9. കുർട് ദീബ്‌നർ(Kurt Diebner): വയസ്സ് 40. പ്രശസ് തനായ ഹോഫ്മാന്റെ കൂടെ കോസ്മിക് റേ പഠനങ്ങളിൽ ഗവേഷണ ബിരുദം. ഹിറ്റ്‌ലറുടെ പട്ടാളത്തിൽ ഫി സിസിസ്റ്റായി പ്രവർത്തിച്ച ശേഷം ഹാർടെക്കിന്റെ സഹായിയായി നിയമിക്കപ്പെട്ടു. ശാസ്ത്രജ്ഞരെസംബന്ധിച്ച രഹസ്യവിവരങ്ങൾ നാസി പാർട്ടിക്ക് വേണ്ടി ശേഖരിക്കുക, അണുബോംബ് നിർമാണം ത്വരിതഗതിയിലാക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുക, ഇതൊക്കെയായിരുന്നു ചുമതല.

10. വാൽതർ ഗർലാക്ക്(Walther Gerlach):  വയസ്സ് 56. സമ്മർദത്തിന് വഴങ്ങി നാസി പാർട്ടിയിൽ അംഗത്വമെടുത്തു. കാന്തിക ക്ഷേത്രത്തിലെ ഇല്രേക്ടാണുകളുടെ സ്പിൻ ക്വാണ്ടീകരണ പഠനങ്ങൾ ഓട്ടോസ്റ്റേണിനൊപ്പം നടത്തി(പ്രശസ്തമായ സ്റ്റേൺ-ഗർലാക്ക് പരീക്ഷണം). എന്നാൽ സ്റ്റേണിന് 1943-ൽ നൊബേൽ സമ്മാനം ലഭിച്ചപ്പോൾ, നാസിബന്ധം മൂലമാകാം, ഗർലാക് തഴയപ്പെട്ടു. ഗവേഷണരംഗത്ത് ഒരു മികച്ച സംഘാടകനായിരുന്നു.

ഈ പത്ത് പേരിൽ ഒടുവിൽ പറഞ്ഞ രണ്ട് പേർക്ക് മാത്രമേ നാസി പാർട്ടിയുമായി ബന്ധമുണ്ടായിരുന്നുള്ളൂ എന്ന് ഗൗഡ്‌സ്മിത്തിന് അറിയാമായിരുന്നു. അതിൽത്തന്നെ ഗർലാക്ക്, കടുത്ത നാസിയോ ജൂതവിരുദ്ധനോ ആയിരുന്നുമില്ല. ആദ്യത്തെ എട്ട് പേരിൽ പ്രമുഖരെല്ലാം നാസിവിരുദ്ധ മനോഭാവമുള്ളവരായിരുന്നു. എന്നിട്ടും എട്ട് മാസക്കാലം അവർ കഷ്ടതകളനുഭവിച്ചു. ഭാര്യയും കുട്ടികളും ജീവിച്ചിരിപ്പുണ്ടോ, അവർക്ക് ഭക്ഷണം കിട്ടുന്നുണ്ടോ, കുട്ടികളുടെ വിദ്യാഭ്യാസം നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും അറിയാതെയാണ് ആദ്യ ത്തെ നാലഞ്ച് മാസം അവർ തള്ളിനീക്കിയത്. പിന്നീട് കത്തുകളയയ്ക്കാൻ അനുവാദം കിട്ടിയെങ്കിലും കടുത്ത സെൻസറിങ്ങ് നിലവിലുണ്ടായിരുന്നു. തങ്ങൾ ഏത് രാജ്യത്താണുള്ളത്, ആരൊക്കെയാണ് കൂടെയുള്ളത് എന്നൊന്നുമെഴുതാൻ അനുവാദമുണ്ടായിരുന്നില്ല.

മുൻപറഞ്ഞ ശാസ്ത്രജ്ഞരിൽ പകുതിപ്പേർക്കും ആണവ ഗവേഷണവുമായി ഒരു ബന്ധമുണ്ടായിരുന്നില്ല. ഉള്ളവർക്ക് തന്നെ ഊർജോൽപ്പാദനത്തിനുള്ള റിയാക്റ്റർ നിർമാണമായിരുന്നു ലക്ഷ്യം. ലോകാധിപത്യത്തിന് വേണ്ടിയുള്ള അമേരിക്കയുടെ മോഹമാണ് ഈ ശാസ്ത്രജ്ഞരുടെ ജീവിതം ദുരിതമയമാക്കിയത്. സ്വകാര്യ സംഭാഷണങ്ങൾക്കിടയ്ക്ക് ഒരിക്കൽ പോലും മറ്റേതെങ്കിലും രാജ്യത്തിലേക്ക് കുടിയേറണമെന്ന ആഗ്രഹം അവർ പ്രകടിപ്പിച്ചില്ല എന്നത് ശ്രദ്ധേയമാണ്. തിരിച്ചെത്തി ജർമൻ ശാസ്ത്രത്തെ ഉയിർത്തെഴുന്നേൽപ്പിക്കണം എന്ന ആഗ്രഹമാണ് അവർക്കുണ്ടായിരുന്നത്.

യുദ്ധം മനുഷ്യത്വഹീനമാണ്, അന്നും ഇന്നും. വിജയികളുടെ ഹുങ്കൃതിയാണ് അവിടെ കാണുക. അതിന് മുന്നിൽ ശാസ്ത്രജ്ഞരും കലാപ്രവർത്തകരുമെല്ലാം വെറും കീടങ്ങൾ മാത്രം. ഐൻസ്റ്റൈൻ അനിവാര്യനല്ല എന്ന് നാസികൾ പറയുമ്പോഴും ഹൈസൻബർഗും ലാവേയും ഓട്ടോഹാനും ഉൾപ്പെടെ പത്ത് പേരെയും വെടിവച്ച് കൊന്നാൽ പ്രശ്‌നം തീരുമല്ലോ എന്ന് യു.എസ്സ്. ജനറൽ പറയുമ്പോഴും നെരൂദയെ വധിക്കാൻ പി നോച്ചെ സമ്മതം നൽകുമ്പോഴും നമ്മൾ കാണുന്നത് ഒരേ ധിക്കാരത്തിന്റെ രൂപങ്ങളാണ്.
Operation Epsilon നാടകമായപ്പോൾ കടപ്പാട്‌   A.R. SINCLAIR PHOTOGRAPHY.

ഫാം ഹാൾ പകർപ്പുകൾ ഏവരും വായിച്ചിരിക്കേണ്ട പുസ്തകമാണ്. രണ്ടാം ലോകയുദ്ധകാലത്ത് ജർമനിയിൽ  ജീവിച്ചിരുന്ന ഏതാനും പ്രമുഖ ശാസ്ത്രജ്ഞരുടെ മനസ്സിലേക്ക്, ശാസ്ത്രത്തോടും സമൂഹത്തോടും രാജ്യത്തോടും സ്വന്തം കുടുംബത്തോടും അവർ പുലർത്തുന്ന പ്രതിബദ്ധതയിലേക്ക് അത് വെളിച്ചം വീശുന്നു. ഒരു ദുരന്ത നാടകത്തിലെ രംഗങ്ങൾ പോലെ അത് നമ്മെ മഥിക്കുന്നു. സ്ഥൂലത ഭയന്ന് ആ രംഗങ്ങളൊന്നും ഇവിടെ കൊടുക്കുന്നില്ല.


ശാസ്ത്രഗതി 2018 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചത്‌

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സീസിയം – ഒരു ദിവസം ഒരു മൂലകം
Next post കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാൽ മരിക്കുമോ ?
Close