Read Time:35 Minute


ശ്രീനിധി കെ എസ്
ഗവേഷക, ഐ ഐ ടി ബോംബെ, മുംബൈ & മൊണാഷ് യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ

ലോകത്തിലെ ഏറ്റവും പഴയ ശാസ്ത്രജേർണൽ ആയ ഫിലോസഫിക്കൽ ട്രാൻസാക്ഷൻസിന്റെ (Philosophical Transactions) 356-ാമത് വാർഷികമാണ് ഈ വർഷം. ജേർണലുകളിലൂടെ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത് മൂന്നര നൂറ്റാണ്ടു പിന്നിടുമ്പോൾ, പ്രിന്റിൽൽ നിന്നും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലേക്ക് ഗവേഷകലോകം നീങ്ങിയിരിക്കുന്നു. ഈ കാലത്ത്, ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് സ്വതന്ത്രലഭ്യതാപ്രസ്ഥാനം.

ഗവേഷണഫലങ്ങളുടെ പ്രസിദ്ധീകരണങ്ങൾ ഏവർക്കും വായനയ്ക്കും പുനരുപയോഗത്തിനും സ്വതന്ത്രമായും സൗജന്യമായും ലഭ്യമാക്കുന്നതിനെയാണ് സ്വതന്ത്രലഭ്യത/തുറന്ന ലഭ്യത/ഓപ്പൺ ആക്സസ്‌ (open access) എന്നു പറയുന്നത്. ലൈബ്രറികൾക്കും വായനക്കാർക്കും ഗവേഷണഫലങ്ങൾ ലഭ്യമാക്കുന്നതിന് സാമ്പത്തികമോ സാങ്കേതികമോ നിയമപരമോ ആയ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന പരിമിതികൾ ഒഴിവാക്കാൻ വേണ്ടിയാണ് ഈ ആശയം രൂപപ്പെട്ടത്.

പൊതുമുതൽ ഉപയോഗിച്ചു കൊണ്ടുള്ള ഗവേഷണങ്ങളുടെ ഫലങ്ങൾ പൊതുജനത്തിന് സൗജന്യമായി ലഭിക്കണം എന്ന ധാർമ്മികതയാണ് ഈ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്നത്. അക്കാദമികപ്രസാധകഭീമന്മാർ ആയ എൽസെവിയർ(Elsevier), വൈലി (Wiley), അമേരിക്കൻ കെമിക്കൽ സൊസൈറ്റി(American Chemical Society) എന്നിവർ ചേർന്ന്, അക്കാദമികപ്രസിദ്ധീകരണങ്ങൾ പകർപ്പവകാശം ലംഘിച്ചുകൊണ്ട് ഏവർക്കും സൗജന്യമായി ലഭ്യമാക്കുന്ന സൈ-ഹബ് (Sci Hub) , പുസ്തകങ്ങൾ ലഭ്യമാക്കുന്ന ലിബ്-ജെൻ (LibGen-Library Genesis) എന്നീ വെബ്‌സൈറ്റുകൾക്ക് എതിരെ  ഡൽഹി ഹൈക്കോടതിയിൽ കേസ് കൊടുത്തിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഗവേഷണഫലങ്ങളുടെ സ്വതന്ത്രലഭ്യതയെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടേറുകയാണ്.

ജേർണലുകളുടെ ചരിത്രം

പതിനേഴാം നൂറ്റാണ്ടുവരെ ശാസ്ത്രഗവേഷണങ്ങളുടെ ഫലങ്ങൾ പ്രധാനമായും കൈമാറ്റം ചെയ്തിരുന്നത് പുസ്തകങ്ങളിലൂടെയും കത്തുകളിലൂടെയും ആയിരുന്നു. ഗവേഷകർ തങ്ങളുടെ നീണ്ട കാലത്തെ ഗവേഷക ജീവിതത്തിലെ കണ്ടെത്തലുകൾ പുസ്‌തകങ്ങൾ ആയി പ്രസിദ്ധീകരിക്കുകയും ശാസ്ത്രജ്ഞർ അവരുടെ കണ്ടെത്തലുകളും സംശയങ്ങളും അഭിപ്രായങ്ങളും കത്തുകളിലൂടെ കൈമാറുകയും ചെയ്തു. 1665 മാർച്ച് ആറിനാണ് റോയൽ സൊസൈറ്റി ഓഫ് ലണ്ടൻ ഫോർ ഇം‌പ്രൂവിങ്ങ് സയന്റിഫിക് നോളജ് എന്ന ‘റോയൽ സൊസൈറ്റി‘യിൽ നിന്നും ഫിലോസഫിക്കൽ ട്രാൻസാക്ഷൻസ് എന്ന ആനുകാലികം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. റോയൽ സൊസൈറ്റിയുടെ സെക്രട്ടറി ആയിരുന്ന ഹെൻറി  ഓൾഡൻബെർഗ് ആണ് ശാസ്ത്രവിവരങ്ങൾ വിനിമയം ചെയ്യുന്നതിനായി ഈ പ്രസിദ്ധീകരണം തുടങ്ങുന്നത്. ഇന്നു പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും പഴയ ശാസ്ത്രജേണലും ഇത് തന്നെയാണ്. ഐസക് ന്യൂട്ടന്റെ പ്രസിദ്ധമായ പ്രിസം പരീക്ഷണ ഫലങ്ങളും മറ്റും ഫിലോസോഫിക്കൽ ട്രാൻസാക്ഷനിൽ  ആദ്യകാലത്തു പ്രസിദ്ധീകരിക്കപ്പെട്ടതാണ്.

ആദ്യകാല ശാസ്ത്രപ്രബന്ധങ്ങളുടെ ഘടന കത്തുകളിൽ നിന്നും സ്വാംശീകരിച്ചതായിരുന്നു. ഈ പ്രബന്ധങ്ങളിൽ പ്രധാനമായും ഗവേഷണഫലങ്ങളും നിരീക്ഷണങ്ങളും ആണ് രേഖപ്പെടുത്തിയിരുന്നത്. അവയുടെ വിശദീകരണമോ സിദ്ധാന്തവൽക്കരണമോ താരതമ്യേന കുറവായിരുന്ന ഈ പ്രബന്ധങ്ങൾ പാരിമാണികതയെക്കാൾ(Quantitativity) ഗുണാത്മകതക്ക്(Qualitativity) പ്രാധാന്യം ഉള്ളവയായിരുന്നു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ആണ് ഗവേഷണനിരീക്ഷണങ്ങളുടെ പ്രസിദ്ധീകരണം എന്നതിൽ നിന്നും മാറി അവയുടെ വിശദീകരണത്തിനും വ്യാഖ്യാനത്തിനും കൂടുതൽ പ്രാധാന്യം വന്നത്. ഇന്നത്തെ ശാസ്ത്രലേഖനങ്ങളുടെ ഭാഷയിൽ നിന്നും വിഭിന്നമായി കൂടുതൽ സങ്കീർണ്ണവും ദീർഘവുമായ വാക്യോപവാക്യങ്ങളും സാഹിത്യപരമായ ഭാഷയും ആണ് ആദ്യകാലപ്രബന്ധങ്ങളിൽ  ഉപയോഗിച്ചിരുന്നത്. ശാസ്ത്രപദസഞ്ചയം കൂടുതൽ സമ്പന്നമായി വന്നതോടെ ശാസ്ത്രപ്രബന്ധങ്ങളിൽ നിന്നും സാഹിത്യഭാഷയും നീണ്ട വാചകങ്ങളും അപ്രത്യക്ഷമാവുകയും പകരം ലളിതമായ വാക്യഘടനയിൽ കൂടുതൽ സാങ്കേതികപദങ്ങൾ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു.  വിദ്യാഭ്യാസസമ്പന്നരായ ആർക്കും വായിച്ചു മനസിലാക്കാമായിരുന്ന ആദ്യകാല ശാസ്ത്രപ്രബന്ധങ്ങൾ അതാത് മേഖലയിൽ വൈദഗ്ധ്യം ഉള്ളവർക്ക് മാത്രം മനസിലാക്കിയെടുക്കാൻ കഴിയുന്ന രീതിയിലേക്ക് മാറി. ജേർണലുകളുടെയും പ്രബന്ധങ്ങളുടെയും ചരിത്രം ശാസ്ത്രചിന്തയുടെയും ശാസ്ത്രവിവരവിനിമയത്തിന്റെയും പരിണാമത്തിന്റെ ചരിത്രം കൂടി ആണെന്ന് ചുരുക്കം.

ഫിലോസോഫിക്കൽ ട്രാൻസാക്ഷൻസിനു ശേഷം പല ജേർണലുകളും തുടങ്ങി. പതിനെട്ടാം നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും എതാണ്ട് അഞ്ഞൂറോളം ജേർണലുകൾ പ്രസിദ്ധീകരണം തുടങ്ങിയിരുന്നു. ആദ്യകാല ജേർണലുകളിൽ പൊതുവായ ശാസ്ത്രവിവരങ്ങൾ ആണ് പങ്കുവച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ആണ് വിവിധ ശാസ്ത്രമേഖലകൾക്ക് വേണ്ടി പ്രത്യേകം (specialized) ജേർണലുകൾ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയത്. 1731-ൽ ആണ് ആദ്യത്തെ സമ്പൂർണ്ണ പിയർ റിവ്യൂഡ് (peer reviewed) ജേർണൽ ആയ മെഡിക്കൽ എസ്സേയ്‌സ് ആന്റ് ഒബ്സർവേഷൻസ് (Medical Essays and Observations) തുടങ്ങുന്നത്. ഇന്ന് ശാസ്ത്രലോകത്തെ ഏതു മേഖലയിലെയും കണ്ടെത്തലുകൾ വിദഗ്ദ്ധ നിരൂപണത്തിനു ശേഷം ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. അങ്ങനെ പ്രസിദ്ധീകരിക്കപ്പെട്ട കണ്ടെത്തലുകൾക്ക് മാത്രം ശാസ്ത്രീയസ്വീകാര്യത കല്പിക്കപ്പെടുകയും ചെയ്യുന്നു.

കടലാസ്സിൽ നിന്നും  കമ്പ്യൂട്ടറിലേക്ക് – സ്വതന്ത്രലഭ്യതാപ്രസ്ഥാനത്തിന്റെ തുടക്കം

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ പല ജേർണലുകളും ലഭ്യമാക്കാൻ കൊടുക്കേണ്ട വിലയിൽ ക്രമാതീതമായ (200%ത്തോളം) വർധന വരികയും വലിയ ഗവേഷണസ്ഥാപനങ്ങൾക്കു പോലും അവ വില കൊടുത്തു വാങ്ങിക്കുന്നത് സാമ്പത്തികബുദ്ധിമുട്ടു സൃഷ്ടിക്കുകയും ചെയ്തു. ഇതോടെയാണ് പൊതുഖജനാവിലെ പണം ഉപയോഗിച്ച് നടത്തുന്ന ഗവേഷണത്തിന്റെ വിവരങ്ങൾ സൗജന്യമായി ലഭിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചർച്ചകൾ സജീവമായത്. ലോകം ഡിജിറ്റൽ യുഗത്തിലേക്ക് കടന്നതോടെ അക്കാദമികവിവരവിനിമയവും ഓൺലൈൻ പ്രവേശനം നടത്തി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പല അച്ചടിജേർണലുകളും സമാന്തരമായി ഓൺലൈൻ പതിപ്പുകൾ പരീക്ഷിക്കാൻ തുടങ്ങി. 1990ൽ ആണ് ആദ്യത്തെ സമ്പൂർണ ഓൺലൈൻ ജേർണൽ ആയ പോസ്റ്റ്‌മോഡേൺ കൾച്ചർ (Postmodern Culture) ആരംഭിക്കുന്നത്. ഓൺലൈൻ ജേർണലുകളുടെ വ്യാപനം ഉല്പാദനത്തിന്റെയും വിതരണത്തിന്റെയും ചെലവ് വലിയ രീതിയിൽ കുറച്ചു. എന്നാൽ വിദഗ്ദ്ധനിരൂപണം, എഡിറ്റിംഗ് തുടങ്ങിയവയിലൂടെയുള്ള ഗുണനിലവാരനിയന്ത്രണത്തിന്റെ (quality control) ചെലവ് പഴയപോലെ തന്നെ നിലനിന്നു.  ഇന്റർനെറ്റിലൂടെ ഉള്ള ഗവേഷണഫലങ്ങളുടെ വിനിമയം അധികച്ചെലവില്ലാതെ ഏവർക്കും പ്രാപ്തമാക്കാവുന്ന രീതിയിൽ നടത്താം എന്ന സാധ്യതയാണ് സ്വതന്ത്രലഭ്യതാപ്രസ്ഥാനത്തിനു പ്രേരണയായത്. 2000-ാമാണ്ടോടു കൂടി ആണ് ഗവേഷണഫലങ്ങളുടെ തുറന്ന ലഭ്യതയും സ്വതന്ത്രമായ ഉപയോഗവും ആയി ബന്ധപ്പെട്ട് ചില വികസിത രാഷ്ട്രങ്ങളിൽ സ്വതന്ത്ര ലഭ്യത എന്ന ആശയം ശക്തമായി പ്രചാരത്തിൽ വരുന്നത്. 2001 ഡിസംബറിൽ ഓപ്പൺ സൊസൈറ്റി ഇന്സ്റ്റിറ്റ്യൂട്ടിന്റെ (Open Society Institute) നേതൃത്വത്തിൽ ബുഡാപെസ്റ്റിൽ നടന്ന സമ്മേളനവും തുടർന്ന് 2002 ഫെബ്രുവരി മാസത്തിൽ നടന്ന ബുഡാപെസ്റ്റ് സ്വതന്ത്രലഭ്യതാസംരംഭവും (Budapest Open Access Initiative) സ്വതന്ത്രലഭ്യതാപ്രസ്ഥാനത്തിന് രൂപവും അടിത്തറയും നൽകി. 2003 ജൂണിൽ ബെതെസ്ദയിലും (bethesda) ഒക്ടോബറിൽ ബെർലിനിലും നടന്ന സ്വതന്ത്രലഭ്യതാപ്രസ്താവനകളിലൂടെ (Open Access Declaration) സ്വതന്ത്രലഭ്യത എന്ന പദത്തിന്റെ അർത്ഥതലങ്ങളും സ്വതന്ത്രലഭ്യതാപ്രസ്ഥാനത്തിന്റെ പ്രാധാന്യവും കൂടുതൽ ചർച്ച ചെയ്തു തുടങ്ങി. തുടർന്ന് ഗവേഷണഫലങ്ങളുടെ തുറന്ന ലഭ്യതക്കു വേണ്ടിയുള്ള സംരംഭങ്ങളും മുന്നേറ്റങ്ങളും ആഗോളതലത്തിൽ വ്യാപിക്കുകയും ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി വികസ്വരരാജ്യങ്ങൾ അതിൽ പങ്കുചേരുകയും ചെയ്തു.

അക്കാദമികപ്രസാധനം എന്ന കച്ചവടലോകം

ഗവേഷണഫലങ്ങൾ സാമ്പത്തികമോ സാങ്കേതികമോ ആയ പരിധികൾ ഇല്ലാതെ ഏവർക്കും ലഭ്യമാക്കുക എന്ന ധാർമ്മികവാദത്തിനു പുറമെ സ്വതന്ത്രലഭ്യതാപ്രസ്ഥാനം മുന്നോട്ടു വയ്ക്കുന്ന മറ്റൊരു വിഷയമാണ് ഗവേഷണപ്രസിദ്ധീകരണം എന്ന ബിസിനസ് ലോകത്തെ സമവാക്യങ്ങൾ. അക്കാദമികസമൂഹത്തിനു അകത്തു നടക്കുന്ന ഗവേഷണവിനിമയം എന്ന പ്രക്രിയയിലെ ഇടനിലക്കാർ ആണ് ജേർണൽ പ്രസാധകർ. ഗവേഷകരുടെ കണ്ടെത്തലുകളെ അതിൽ താല്പര്യമുള്ള കുറച്ചുകൂടി വലിയൊരു സദസ്സിലേക്ക് എത്തിക്കുന്നതിനുള്ള ടൂൾ ആണ് ഗവേഷണപ്രബന്ധങ്ങൾ. പ്രസാധകർ തങ്ങളുടെ ജേർണലിലൂടെ അതിനുള്ള പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നതിലൂടെ വലിയൊരു കച്ചവടലോകം കൂടി സൃഷ്ടിക്കുകയാണ്. ഉദാഹരണത്തിന് പ്രസാധകഭീമരിലെ ഒരു പ്രധാനിയായ എൽസെവിയറിന്റെ മാതൃകമ്പനിയായ RELX ന്റെ 2019 ലെ വാർഷികവരുമാനം 10.079 ബില്യൺ US ഡോളർ ആണ് . ഇതിന്റെ 34% ആണ് എൽസെവിയറിന്റെ പങ്ക്. RELXന്റെ ക്രമീകൃതപ്രവർത്തനലാഭത്തിന്റെ (Adjusted Operating Profit ) (3.188 ബില്യൺ US ഡോളർ) 39% എൽസെവിയറിന്റേത് ആണ്. മറ്റു പ്രസാധകരിൽ നിന്നും വ്യത്യസ്തമായി അക്കാദമികപ്രസാധകർ പ്രബന്ധരചയിതാക്കൾക്ക് പ്രതിഫലം കൊടുക്കേണ്ട ആവശ്യമില്ല. പകരം ഗവേഷകർ സൗജന്യമായോ ഒരു തുക പ്രസാധകർക്ക് ഫീസ് നല്കിക്കൊണ്ടോ അവരുടെ ഗവേഷണഫലങ്ങൾ സമർപ്പിക്കുന്നു. എഡിറ്റിംഗ് സംബന്ധിയായ ചെലവാണ് പ്രസാധകർ കണ്ടെത്തേണ്ട തുക. എന്നാൽ ശാസ്ത്രജേർണലുകളിൽ വിദഗ്ദ്ധനിരൂപണത്തിന്റെ ഭാഗമായി ലേഖനത്തിന്റെ ഗുണനിയന്ത്രണം വലിയ ശതമാനവും കൈകാര്യം ചെയ്യപ്പെടുന്നു. ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്ക് അച്ചടിയുടെയും വിതരണത്തിന്റെയും ചെലവ് വളരെ കുറവ് ആണ് താനും. ചുരുക്കിപ്പറഞ്ഞാൽ ഉപഭോക്തൃസമൂഹത്തിൽ നിന്നും അവരുടെ ഉല്പന്നം  ചെലവില്ലാതെ വാങ്ങുകയും അതെ സമൂഹത്തിനെ കൊണ്ടു തന്നെ കുറഞ്ഞ ചെലവിൽ നിരൂപണവും മെച്ചപ്പെടുത്തലും ഉൾപ്പെടെയുള്ള ഗുണനിലവാരനിയന്ത്രണം നടത്തിക്കുകയും  അവസാനം അതേ സമൂഹത്തിന് അതു വലിയ വിലക്ക് വിൽക്കുകയും ചെയ്യുന്നതാണ് അക്കാദമികപ്രസാധകരുടെ ബിസിനസ് സമവാക്യം.

നിലവിൽ ലോകത്തെ ഏറ്റവും വലിയ 5 അക്കാദമിക് പ്രസാധകരാണ് ആകെ ജേണൽ ലേഖനങ്ങളുടെ 50% പ്രസിദ്ധീകരിക്കുന്നത്. സോഷ്യൽ സയൻസ് മേഖലയിലെ ലേഖനങ്ങളുടെ 70% ഇവരുടെ കൈയ്യിലാണ്.

ശാസ്ത്രജേർണലുകളിലൂടെയുള്ള പ്രസിദ്ധീകരണം ആണ് ഇന്ന് ഏറ്റവും സ്വീകാര്യവും വ്യവസ്ഥിതവുമായ ശാസ്ത്രവിനിമയം ആയി കണക്കാക്കുന്നത്. ഏറ്റവും കൂടുതൽ ഖ്യാതിയുള്ള ജേർണലിൽ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ഗവേഷണഫലങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും ഗവേഷകർക്ക് ലഭിക്കുന്ന വിശ്വാസ്യതയും പ്രശസ്തിയും കൂടുതൽ ആണ്. അതിനാൽ തന്നെ മികച്ച ജേർണലുകളിൽ പ്രബന്ധം പ്രസിദ്ധീകരിക്കാനുള്ള ഒരു മത്സരം തന്നെ ശാസ്ത്രലോകത്തു നടക്കുന്നുണ്ട്. ഇതിലൂടെ, പ്രബന്ധങ്ങൾ, ജേർണലുകളുടെ നിലനിൽപ്പിനുള്ള ആവശ്യകതയാകുന്നതിനേക്കാൾ ജേർണലുകൾ, പ്രബന്ധങ്ങളുടെ വിശ്വാസ്യതക്കു വേണ്ടിയുള്ള ആവശ്യകതയായി മാറുകയും മികച്ച പ്രസാധകർക്ക് വലിയ ബുദ്ധിമുട്ട് ഇല്ലാതെ തന്നെ ധാരാളം പ്രബന്ധങ്ങൾ ലഭിക്കുന്നതിന് ഇടയാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് പ്രസാധകർ ഗവേഷണഫലവിനിമയത്തിന്റെ കച്ചവടനിയന്ത്രകർ ആകുന്നത്. ഗവേഷണസാധ്യതകളും ഗവേഷണനിക്ഷേപങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ അന്തരീക്ഷം പ്രസാധകർക്ക് അനുകൂലമായി തന്നെ തുടരുകയും ചെയ്യുന്നു.

സ്വതന്ത്രലഭ്യത പല നിറത്തിൽ  

ഗവേഷകർക്ക് അവർ പങ്കുവെക്കാൻ ഉദ്ദേശിക്കുന്ന ഗവേഷണഫലങ്ങളുടെ തുറന്ന ലഭ്യത ഉറപ്പു വരുത്താൻ പല മാർഗങ്ങൾ ഉണ്ട്. ഏതെങ്കിലും ഓപ്പൺ ആക്‌സസ്  ജേർണലിന്റെ വെബ്‌സൈറ്റിൽ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് അത് ഏവർക്കും സൗജന്യവും സ്വതന്ത്രവും ആയി ലഭ്യമാക്കുന്നതിനെ ‘സുവർണ്ണ സ്വതന്ത്ര ലഭ്യത’ (Golden open access) എന്നു വിളിക്കുന്നു. ഗവേഷകരുടെയോ ഗവേഷണകേന്ദ്രത്തിന്റെയോ ഓൺലൈൻ ശേഖരണിയിൽ (repository) ഗവേഷണഫലങ്ങൾ നിക്ഷേപിക്കുകയും അത് പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നതാണ്  ‘ഹരിത സ്വതന്ത്രലഭ്യത’ (Green open access). സമ്മിശ്ര സ്വതന്ത്ര ലഭ്യത (hybrid open access) എന്ന വിഭാഗത്തിൽ പ്രബന്ധരചയിതാക്കൾ പ്രസാധകർക്ക് ഓപ്പൺ ആക്‌സസ് ഫീസ് നൽകിക്കൊണ്ട് അവരുടെ ഗവേഷണഫലത്തിന്റെ തുറന്ന ലഭ്യത ഉറപ്പു വരുത്തുന്നു. ഇവയ്ക്കു പുറമെ വെങ്കലസ്വതന്ത്രലഭ്യത(Bronze open access), വജ്രസ്വതന്ത്രലഭ്യത (Diamond open access) തുടങ്ങിയ രൂപങ്ങളും ഉണ്ട്. ഇതിൽ ഒന്നും പെടാത്ത മറ്റൊരു സ്വതന്ത്രലഭ്യതാരീതി ആണ് സൈ-ഹബ് പോലെയുള്ള വെബ്‌സൈറ്റുകൾ. ഗവേഷണഫലങ്ങളുടെ ലഭ്യതാനിയന്ത്രണങ്ങളും കോപ്പിറൈറ്റ് നിബന്ധനകളും ലംഘിച്ചുകൊണ്ട് അവയുടെ പൈറേറ്റഡ് ഡിജിറ്റൽ പകർപ്പുകൾ  വെബ്‌സൈറ്റുകളിലൂടെ  ലഭ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

സ്വതന്ത്രലഭ്യതാനയം ഇന്ത്യയിൽ

അന്താരാഷ്ട്ര ജേർണലുകളുടെ പരിമിതമായ ലഭ്യത ഇന്ത്യൻ ഗവേഷണങ്ങളെ വലിയ രീതിയിൽ ബാധിക്കുന്നതിനാൽ മറ്റു പല വികസ്വരരാജ്യങ്ങളെയും പോലെ ഇന്ത്യയും ബുഡാപെസ്റ്റ് സംരംഭത്തോട് ചേർന്നു നിന്നു കൊണ്ട് സ്വതന്ത്രലഭ്യതാനയം പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ വിവിധ ശാസ്ത്രകോൺഫറൻസുകളിലൂടെയും സെമിനാറുകളിലൂടെയും സ്വതന്ത്രലഭ്യതാപ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.

ഗവേഷണ സ്ഥാപനങ്ങൾ സ്ഥാപനങ്ങൾ, IISc, IITകൾ, NITകൾ CSIR, ICMR തുടങ്ങിയവയുടെ കീഴിൽ ഉള്ള സ്ഥാപനങ്ങൾ തുടങ്ങി പല ഗവേഷണകേന്ദ്രങ്ങളും  സ്വതന്ത്രലഭ്യതാനയത്തിന്റെ ഭാഗമായി സ്വന്തം സ്ഥാപനശേഖരണികളിലൂടെ ഗവേഷണഫലങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. പല ഇന്ത്യൻ പ്രസാധകരും അവരുടെ ഓൺലൈൻ പതിപ്പുകളുടെ പ്രസാധനത്തിൽ സ്വതന്ത്രലഭ്യതാനയം സ്വീകരിച്ചിട്ടുണ്ട്. പ്രബന്ധരചയിതാക്കളിൽ നിന്നും ഫീസ് ഈടാക്കുന്നതിന് പകരം സർക്കാർ ഗ്രാന്റുകളിലൂടെയും അച്ചടിപ്പതിപ്പുകളുടെ വരിസംഖ്യയിലൂടെ ലഭിക്കുന്ന ലാഭത്തിലൂടെയും ആണ് ഈ ജേർണലുകൾ വരുമാനം കണ്ടെത്തുന്നത്. INSA (ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ), IAS (ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്), മെഡ്നോ പബ്ലിക്കേഷൻസ് (Medknow publications) തുടങ്ങിയവയുടെ ജേർണലുകൾ ഇന്ത്യയിലെ ഓപ്പൺ ആക്‌സസ് ജേർണലുകൾക്ക് ഉദാഹരണങ്ങളാണ്.

അക്കാദമികലോകത്തെ റോബിൻഹുഡുകൾ

അന്താരാഷ്ട്രപ്രസിദ്ധീകരണ ഭീമന്മാർ ഡൽഹി ഹൈക്കോടതിയിൽ കൊടുത്തിട്ടുള്ള കേസിലെ എതിർകക്ഷികൾ ആയ സൈ-ഹബ്, ലിബ്-ജെൻ എന്നിവ അക്കാദമിക രംഗത്തെ റോബിൻഹുഡുകൾ എന്നാണ് അറിയപ്പെടുന്നത്. പ്രസാധകർ വലിയ വിലയ്ക്ക് വിൽക്കുകയും പകർപ്പവകാശം കൈവശം വയ്ക്കുകയും ചെയ്യുന്ന ഗവേഷണപ്രബന്ധങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ pdf ഫോർമാറ്റിൽ സൗജന്യമായി ആർക്കും ലഭ്യമാക്കുകയാണ് ഈ വെബ്‌സൈറ്റുകളിലൂടെ. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ വെബ്‌സൈറ്റുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വലിയ സ്വാധീനം ആണ് ഗവേഷകലോകത്ത് സൃഷ്ടിച്ചത്. സുവർണ്ണസ്വതന്ത്രലഭ്യത, ഹരിതസ്വതന്ത്രലഭ്യത, സമ്മിശ്രസ്വതന്ത്രലഭ്യത എന്നീ രീതികളുടെ വിവിധ പോരായ്മകളും സാവകാശവും കാരണം ആണ് സ്വതന്ത്രലഭ്യതയുടെ റോബിൻഹുഡ് രീതിക്ക് വളരെ പെട്ടെന്ന് വ്യാപകമായ സ്വീകാര്യത ലഭിച്ചത്.

2011ൽ ആണ് അലക്സാണ്ട്ര എൽബാക്കിയാൻ (Alexandra Elbakyan) സൈ-ഹബ് രൂപീകരിക്കുന്നത്. 2019ൽ  സൈ-ഹബ് ഉടമസ്ഥർ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിനം ഏകദേശം നാല്പത്തിനായിരത്തോളം പേർ സൈ-ഹബ്ബിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. 2017 മാർച്ചിലെ കണക്കുകൾ പ്രകാരം ടോൾ ആക്‌സസ് ജേർണലുകളിലെ (ലഭ്യതക്കു പണം കൊടുക്കേണ്ട ജേർണലുകൾ) 85.1%  പ്രബന്ധങ്ങളും സൈ-ഹബ്ബിന്റെ ശേഖരത്തിൽ ലഭ്യമാണ്. 2020ൽ നടന്ന ഒരു പഠനത്തിൽ (Correa et al., 2020) സൈ-ഹബ്ബിൽ നിന്നും ഡൌൺലോഡ് ചെയ്ത പ്രബന്ധങ്ങൾ മറ്റു ഇടങ്ങളിൽ നിന്നും ലഭ്യമായ പ്രബന്ധങ്ങളേക്കാൾ 1.72%  കൂടുതൽ സൈറ്റ് (cite) ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. 2016ൽ ശാസ്ത്രലോകത്തെ സ്വാധീനിച്ച പത്തു പേരിൽ ഒരാളായി എൽബാക്കിയാനെ നേച്ചർ മാസിക(Nature) തിരഞ്ഞെടുത്തിരുന്നു.

യൂണിവേഴ്സിറ്റികളുടെയും ലൈബ്രറികളുടെയും സബ്സ്ക്രിപ്ഷൻ വിവരങ്ങൾ ഉപയോഗിച്ചു കൊണ്ടാണ് സൈ-ഹബ് പ്രധാനമായും പ്രബന്ധങ്ങൾ ശേഖരിക്കുന്നത്. 2018ലെ കണക്കുകൾ പ്രകാരം 400ഓളം യൂണിവേഴ്സിറ്റികളുടെ ആക്‌സസ് സൈ-ഹബ് നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റികളിൽ നിന്നും ചോർന്നു കിട്ടുന്ന ലോഗിൻ വിവരങ്ങൾ ആണ് പ്രധാനമായും ഇതിന് ഉപയോഗപ്പെടുത്തുന്നത് എന്ന് പറയപ്പെടുന്നു. എന്നാൽ അക്കാദമികരംഗത്തെ അനവധി വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരം അവരുടെ ലോഗിൻ വിവരങ്ങൾ സൈ-ഹബ്ബുമായി പങ്കുവച്ചിട്ടുണ്ടെന്നു എൽബാക്കിയാൻ പറഞ്ഞിട്ടുണ്ട്. 2012ൽ സൈ-ഹബ്, ലിബ്-ജെനുമായി ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. അതു വരെയും പുസ്തകങ്ങളുടെ ശേഖരങ്ങൾ മാത്രം ഉണ്ടായിരുന്ന ലിബ്-ജെൻ, സൈ-ഹബ് ഡൌൺലോഡ് ചെയ്യുന്ന പ്രബന്ധങ്ങൾക്കു വേണ്ടിയുള്ള ശേഖരണി കൂടി ആയി പ്രവർത്തിക്കാൻ തുടങ്ങി. ഓരോ തവണയും പ്രബന്ധങ്ങളുടെ പുതിയ കോപ്പികൾ ഡൌൺലോഡ് ചെയ്യുകയും തുടർന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നതിന് പകരം ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന പ്രബന്ധങ്ങൾ,  ലിബ്-ജനിൽ നേരത്തെ നിക്ഷേപിച്ചു വച്ചിട്ടുള്ള ശേഖരണിയിൽ ആദ്യം പരിശോധിക്കുന്ന വിധത്തിൽ സൈ-ഹബ്ബിനെ എൽബാക്കിയാൻ മാറ്റി. 2015 മുതൽ സൈ-ഹബ് സ്വന്തം ശേഖരണി തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. ഇലക്ട്രോണിക് പുസ്തകങ്ങളുടെ ലഭ്യതക്കു മാത്രം ആണ്  ലിബ്-ജെൻ ശേഖരണിയെ  സൈ-ഹബ് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്. നിരവധി തവണ പല രാജ്യങ്ങളിലായി പ്രസാധകകുത്തകകളുമായി നിയമയുദ്ധത്തിൽ ഏർപ്പെടുകയും പകർപ്പവകാശപ്രശ്നത്തിൽ പരാജയം നേരിടേണ്ടി വരികയും ചെയ്ത സൈ-ഹബ് വിവിധ ഡൊമൈൻ നാമങ്ങളിലൂടെ മാറി മാറി സഞ്ചരിച്ചു കൊണ്ടാണ് ഇന്നും സേവനം നല്കിക്കൊണ്ടിരിക്കുന്നത്.

ഗവേഷണഫലങ്ങൾ ഏവർക്കും, പ്രത്യേകിച്ചും അവികസിത-വികസ്വര രാജ്യങ്ങളിലുള്ളവർക്ക്, സൗജന്യമായി ലഭ്യമാക്കുന്നതിൽ സൈ-ഹബ് വഹിച്ച പങ്ക് വളരെയധികം വലുതാണ്.

സ്വതന്ത്രലഭ്യതാസമരങ്ങളുടെ ചരിത്രത്തിൽ മാറ്റി നിർത്താനാവാത്ത മറ്റൊരു പേരാണ് ആരോൺ സ്വാർട്സിന്റേത്(Aaron Swartz). അമേരിക്കൻ കമ്പ്യൂട്ടർ പ്രോഗ്രാമറും ഇന്റർനെറ്റ് ആക്ടിവിസ്റ്റും ആയിരുന്ന സ്വാർട്സ് 2008 ൽ എഴുതിയ ഗറില്ല സ്വതന്ത്രലഭ്യതാവിജ്ഞാപനത്തിലൂടെ (Guerilla Open Access Manifesto) ഇന്റർനെറ്റ് ലഭ്യത ഉള്ള ഏവർക്കും ശാസ്ത്രവിവരങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടി പോരാടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രചരിപ്പിച്ചു. വിവരലഭ്യതയുടെ സ്വകാര്യവത്കരണം പൊതുസംസ്കാരത്തെ കൊള്ളയടിക്കുന്നതിനു തുല്യമാണെന്നു വിശ്വസിച്ച അദ്ദേഹം അതിനെതിരെ സിവിൽ നിയമലംഘനമാർഗ്ഗത്തിലൂടെ പോരാടാൻ ഈ വിജ്ഞാപനത്തിലൂടെ ആഹ്വാനം ചെയ്തു. 2011ൽ, മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (MIT) ഗസ്റ്റ് യൂസർ ലോഗിൻ വഴി ഡിജിറ്റൽ ലൈബ്രറിയായ JSTORൽ നിന്നും നാല്പത് ലക്ഷത്തോളം അക്കാദമികലേഖനങ്ങൾ ഡൌൺലോഡ് ചെയ്തതിന്റെ പേരിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 35 വർഷം തടവും നഷ്ടപരിഹാരവും 10 ലക്ഷം ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് സ്വാർട്സിന്റെ പേരിൽ ചുമത്തിയിരുന്നത്. തുടർന്ന് 2013ഇൽ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വാർട്സിന്റെ ആത്മഹത്യ വലിയ ചലനങ്ങൾ ആണ് സ്വതന്ത്രലഭ്യതാപ്രസ്ഥാനത്തിൽ ഉണ്ടാക്കിയത്. #PDFTribute ഹാഷ്‌ടാഗോടു കൂടി സ്വതന്ത്രലഭ്യതാവക്താക്കളും സ്വാർട്സിന്റെ മറ്റു അനുകൂലികളും അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചു. സ്വാർട്സിന് എതിരെയുള്ള നടപടികളും തുടർന്നുണ്ടായ ആത്മഹത്യയും അമേരിക്കയിലെ നിയമനിർമാണ-നീതിനിർവഹണ വിഭാഗങ്ങളിൽ പോലും പ്രതിഫലനങ്ങൾ സൃഷ്ടിച്ചു. 2013 ൽ ഇന്റർനെറ്റ് സൊസൈറ്റിയുടെ (ISOC) Interner Hall of Fame ബഹുമതി മരണാനന്തരം നൽകി അദ്ദേഹത്തെ ആദരിച്ചു. വിവരസ്വതന്ത്രതക്ക് വേണ്ടി പോരാടിയ രക്തസാക്ഷി ആയിട്ടാണ് ആരോൺ സ്വാർട്സിനെ ഇന്ന് ലോകം ഓർക്കുന്നത്.

സ്വതന്ത്രലഭ്യതപ്രസ്ഥാനവുമായി ബന്ധപ്പെട്ടു ചർച്ച ചെയ്യുമ്പോൾ ഒഴിച്ചുകൂടാനാവാത്തവയാണ് ഇത്തരം ബദൽ ലഭ്യതാമാർഗങ്ങൾ. കുത്തകഭീമന്മാർക്കു കനത്ത വെല്ലുവിളിയുയർത്തുന്നുണ്ടെങ്കിലും വ്യവസ്ഥാപിതസ്വതന്ത്രലഭ്യതാരീതികൾ ആയ സുവർണ്ണ-ഹരിതലഭ്യതകളുടെ പ്രാധാന്യം കുറയ്ക്കുന്നു എന്ന വിമർശനവും ഇത് നേരിടുന്നുണ്ട്. വ്യവസ്ഥാപിതരീതികളേക്കാൾ വേഗത്തിലും വ്യാപ്തിയിലും ഈ ബദൽ രീതി സ്വീകാര്യത നേടിയതിനു പല കാരണങ്ങളും ഉണ്ട്. പ്രസിദ്ധീകരണത്തിന് എടുക്കുന്ന കാലതാമസം, പ്രബന്ധശേഖരം കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട്, ശേഖരണികളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രബന്ധങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച അനിശ്ചിതാവസ്ഥയും വിശ്വാസ്യത സ്ഥാപിച്ചെടുക്കാൻ വേണ്ടിവരുന്ന കാലതാമസവും തുടങ്ങി വ്യവസ്ഥാപിതരീതികളുടെ പല പോരായ്മകളും ബദൽ രീതികളുടെ വളർച്ചക്ക് ആക്കം കൂട്ടി. വ്യവസ്ഥാപിതരീതികളിൽ സ്വതന്ത്രലഭ്യത വിജയകരമായി സ്ഥാപിതമാകണമെങ്കിൽ ഗവേഷകർ, നിക്ഷേപകർ, പ്രസാധകർ, വായനക്കാർ തുടങ്ങി ഗവേഷണവിനിമയവുമായി ബന്ധപ്പെട്ട എല്ലാവരും അനുകൂലമായ സമീപനം നടത്തേണ്ടതുണ്ട്. നിലവിൽ ഉള്ള വ്യവസ്ഥകൾക്ക് അതീതമായി അക്കാദമികലോകത്ത് അടിസ്ഥാനപരമായി അത്തരം ഒരു മാറ്റം വരുവാൻ വളരെ കാലതാമസം എടുക്കും. അതിനാൽ തന്നെ ഗവേഷകർക്ക് വിശ്വാസ്യത നഷ്ടപ്പെടാതെ, വായനക്കാർക്ക് സ്വതന്ത്രമായി പ്രബന്ധങ്ങൾ ലഭ്യമാക്കുന്ന ബദൽ രീതികൾക്ക് പ്രചാരം ഏറി.  ഇതിനു പുറമെ, സൈ-ഹബ് പോലെയുള്ള വെബ് സൈറ്റുകൾ, ആവശ്യമുള്ള പ്രബന്ധങ്ങൾ ഏറ്റവും ലളിതമായ രീതിയിൽ കണ്ടെത്തി ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്ന രീതിയിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രബന്ധങ്ങളുടെ വിശാലമായ ലഭ്യതക്കൊപ്പം തന്നെ മറ്റു ശേഖരണികളെക്കാളും അക്കാദമിക് സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളെക്കാളും ഇവയ്ക്കുള്ള അനായാസ്യതയും ഈ വെബ്‌സൈറ്റുകളുടേ ഏറിയ സ്വീകാര്യതക്ക് കാരണം ആണ്.

പ്ലാൻ S (Plan S)

സ്വതന്ത്രലഭ്യതാപ്രസ്ഥാനത്തിന്റെ ഭാഗമായി നടക്കുന്ന ഏറ്റവും പുതിയ മുന്നേറ്റങ്ങളിൽ ഒന്നാണ് പ്ലാൻ S ന്റെ രൂപീകരണം. 12 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷണ ഏജൻസികളും ഗവേഷണനിക്ഷേപകരും ചേർന്നുള്ള കൂട്ടായ്മയായ cOAlition S, പ്ലാൻ S എന്ന സംരംഭത്തിന് 2018-ൽ തുടക്കം കുറിച്ചു.

2021 ഓടു കൂടി സ്റ്റേറ്റിന്റെ ചെലവിൽ നടക്കുന്ന ഗവേഷണഫലങ്ങൾ എല്ലാം തന്നെ പൊതുശേഖരണിയിലൂടെയോ  ഓപ്പൺ ആക്‌സസ് ജേർണലുകളിലൂടെയോ ഏവർക്കും സ്വതന്ത്രവും സൗജന്യവുമായി ലഭ്യമാക്കുന്ന പദ്ധതി ആണ് പ്ലാൻ S.
2021 ജനുവരി 4 ന് cOAlition വെബ്‌സൈറ്റിൽ വന്ന കണക്കുകൾ പ്രകാരം 160  എൽസെവിയർ ജേർണലുകൾ പ്ലാൻ S മായി ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാൻ S-ന്റെ ട്രാൻസ്ഫോർമേറ്റീവ് ജേർണൽ ഘടന സ്വീകരിക്കും എന്ന് സ്പ്രിങ്ങർ നേച്ചർ (Springer Nature) 2020 നവംബറിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അതിനും മുൻപ് തന്നെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് ഉൾപ്പെടെയുള്ള നിരവധി പ്രസാധകർ പ്ലാൻ S-ുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

ഇതും ഒരു അവകാശപ്പോരാട്ടം

ഗവേഷണപ്രബന്ധങ്ങളുടെ ലഭ്യതക്ക് വില കൊടുക്കേണ്ടിവരിക എന്നത്  മനുഷ്യസമൂഹത്തിലെ ചെറിയൊരു വിഭാഗത്തെ, ഗവേഷകലോകത്തെ, മാത്രം നേരിട്ട് ബാധിക്കുന്ന പ്രശ്‍നം ആയിരിക്കാം. എങ്കിലും വൻകിടകുത്തകകളെ ചെറുത്തുനിന്നുകൊണ്ട് പൊതുസമൂഹം അതിന്റെ നിലനിൽപ്പിനും വളർച്ചക്കും വേണ്ടി നടത്തുന്ന സമരങ്ങളുടെ കൂടെ തന്നെ സ്വതന്ത്രലഭ്യതാപ്രസ്ഥാനത്തെ കാണേണ്ടതുണ്ട്. വിവരങ്ങളുടെ ലഭ്യതയ്ക്ക് സമ്പത്ത് പരിധി നിശ്ചയിക്കുക എന്ന അനീതിക്കെതിരെയുള്ള പോരാട്ടമായി ഇതിനെ അടയാളപ്പെടുത്തണം.  ഹരിതസ്വതന്ത്രലഭ്യതയും സുവർണ്ണസ്വതന്ത്രലഭ്യതയും സൈ-ഹബ് നടത്തുന്ന പ്രവർത്തനങ്ങളും എല്ലാം ആ ചെറുത്തുനിൽപ്പിന്റെ വിവിധ രൂപങ്ങൾ മാത്രം ആണ്.

രണ്ടു പതിറ്റാണ്ടോളമായി ഗവേഷണഫലങ്ങളുടെ സ്വതന്ത്രലഭ്യതക്കുവേണ്ടി നടത്തുന്ന സമരങ്ങളും സംരംഭങ്ങളും പ്രസിദ്ധീകരണലോകത്ത് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. എങ്കിലും പ്രസാധകഭീമന്മാർക്കെതിരെ പൊരുതിക്കൊണ്ട് ഗവേഷണലഭ്യത പൂർണമായും സ്വതന്ത്രമായി ലഭിക്കുന്നതിന് ഇനിയും സ്വതന്ത്രലഭ്യതാപ്രസ്ഥാനം മുന്നോട്ടു പോകേണ്ടതുണ്ട് .


സ്വതന്ത്ര ലഭ്യതയെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ

അധികവായനയ്ക്ക്

  1. Annual Report and Financial Statements 2019, RELX https://www.google.com/url?q=https://www.relx.com/~/media/Files/R/RELX-Group/documents/reports/annual-reports/2019-annual-report.pdf&sa=D&ust=1610283998922000&usg=AOvVaw0rPz05-QuH_NbsUdj1mUXD
  2. Bist, R. S., & Mohanty, V. P. (2006). Open access movement and open access initiatives in India.
    https://ir.inflibnet.ac.in/bitstream/1944/1227/1/236-246.pdf
  3. Björk, B. C. (2017). Gold, green, and black open access. Learned publishing, 30(2), 173-175.
    https://onlinelibrary.wiley.com/doi/full/10.1002/leap.1096
  4. Buranyi, S. (2017). Is the staggeringly profitable business of scientific publishing bad for science. The Guardian, 27(7), 1-12. https://www.theguardian.com/science/2017/jun/27/profitable-business-scientific-publishing-bad-for-science
  5. Correa, J. C., Laverde-Rojas, H., Marmolejo-Ramos, F., Tejada, J., & Bahník, Š. (2020). The Sci-hub Effect: Sci-hub downloads lead to more article citations. arXiv preprint arXiv:2006.14979. https://arxiv.org/abs/2006.14979
  6. Edwards, R., & Shulenburger, D. (2003). The high cost of scholarly journals:(and what to do about it). Change: The Magazine of Higher Learning, 35(6), 10-19. https://kuscholarworks.ku.edu/bitstream/handle/1808/12546/Highe%20Cost%20of%20Scholarly%20-%20Change.pdf
  7. Gould, R. R. (2014). Aaron Swartz’s Legacy. Academe: Magazine of the American Association of University Professors, 100(1). https://papers.ssrn.com/sol3/papers.cfm?abstract_id=2207299
  8. Graber-Stiehl, I. (2018). Science’s pirate queen. Alexandra Elbakyan is plundering the academic publishing establishment. The Verge. Stand, 20, 2019. https://getpocket. com/explore/item/science-s-pirate-queen,
  9. Green, T. (2017). We’ve failed: Pirate black open access is trumping green and gold and we must change our approach. Learned Publishing, 30(4), 325-329. https://onlinelibrary.wiley.com/doi/pdfdirect/10.1002/leap.1116
  10. Himmelstein, D. S., Romero, A. R., Levernier, J. G., Munro, T. A., McLaughlin, S. R., Tzovaras, B. G., & Greene, C. S. (2018). Sci-Hub provides access to nearly all scholarly literature. ELife, 7, e32822.
    https://elifesciences.org/articles/32822
  11. Mack, C. (2015). 350 years of scientific journals. Journal of Micro/Nanolithography, MEMS, and MOEMS, 14(010101), 1-010101. https://pdfs.semanticscholar.org/2cbc/43b7ff4f0d85b76af5b0c2d7565ed0aa7cfc.pdf
  12. Salager-Meyer, F. (2012). The open access movement or” edemocracy”: its birth, rise, problems and solutions. Ibérica, Revista de la Asociación Europea de Lenguas para Fines Específicos, (24), 55-73. https://www.redalyc.org/pdf/2870/287024476006.pdf

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

3 thoughts on “സ്വതന്ത്രലഭ്യതാപ്രസ്ഥാനം എന്ന അവകാശപ്പോരാട്ടം 

  1. Sci-hub ന്റെയും Lib-Gen ന്റെയും ഗുണഫലങ്ങൾ അനുഭവിക്കുന്നവരാണ് ഞങ്ങൾ. വലിയ പണം കൊടുത്ത് പുസ്തകങ്ങളും ജേർണലുകളും വാങ്ങാൻ പലപ്പോഴും സ്ഥാപനങ്ങൾക്കുപോലും ഫണ്ടിംഗ് പരിമിതി കാരണം വാങ്ങാനാകാത്ത സാഹചര്യത്തിൽ Research papers എല്ലാവർക്കും സ്വതന്ത്രപ്ലാറ്റ്ഫോമിൽ കിട്ടേണ്ടത് ഗവേഷകരുടെ കൂടി ആവശ്യമാണ്. ലേഖനം നന്നായി

  2. നല്ല ലേഖനം. കൊള്ളലാഭം കൊയ്യുന്ന ജേർണലുകൾക്കെതിരെ ഓപ്പൺ ആക്സസ് മൂവ്മെന്റിന്റെ ഭാഗമാവാൻ നമ്മുടെ സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളും തയ്യാറാകണം. ഗവേഷണഫലങ്ങൾ പൊതു സഞ്ചയത്തിൽ ലഭ്യമാക്കുക എന്നത് വളരെ പ്രധാനമാണ്.

Leave a Reply

Previous post മഹാമാരിയെക്കുറിച്ചൊരു വെളിപാടുപുസ്തകം
Next post ആഴക്കടലിലെ ഇരുട്ട്
Close