
ഒളിമ്പിക്സിലെ ഭാഗ്യമൃഗങ്ങൾ
ഒളിമ്പിക്സിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളാകാൻ ഭാഗ്യം കിട്ടിയ മൃഗങ്ങളെക്കുറിച്ച് വായിക്കാം
പാരീസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക ‘മാസ്കോട്ട്’ (Mascot) അഥവാ ഭാഗ്യചിഹ്നമാണ് ഫ്രീഷ് (Phryges). ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഒരു പ്രത്യേകതരം തൊപ്പിയുടെ മനുഷ്യരൂപമാണ് ഫ്രീഷ്. 1972 മുതലിങ്ങോട്ടുള്ള എല്ലാ ഒളിമ്പിക്സിലും ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളുണ്ടായിരുന്നു. അവയിൽ ഭൂരിപക്ഷവും മൃഗങ്ങളായിരുന്നു എന്ന കൌതുകവുമുണ്ട്. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളാകാൻ ഭാഗ്യം കിട്ടിയ മൃഗങ്ങളെക്കുറിച്ചാണ് ഈ ലേഖനം. അതിന് മുൻപ് ‘മാസ്കോട്ട്’ എന്ന വാക്കിന്റെ ഉൽപ്പത്തി എങ്ങനെയായിരുന്നു എന്ന് പരിശോധിക്കാം.

തുടക്കം ഫ്രാൻസിൽ
തെക്ക് കിഴക്കൻ ഫ്രാൻസിലെ പ്രോവൻസ് മേഖലയിലെ ഭാഷയാണ് പ്രോവൻസൽ (Provencal). 1880 ൽ പ്രോവൻസൽ ഭാഷയിൽ അവതരിപ്പിക്കപ്പെട്ട പ്രശസ്തമായ ഒരു ഹ്രസ്വ ഓപ്പറ (Operetta) യുടെ പേരാണ് ലാ മാസ്കോട്ട് (La Mascotte). ഇതിലെ അഭിനയത്തിലൂടെ ഫ്രഞ്ച് ഗായികയും നടിയുമായ മേരി ഗ്രിസിയർ-മോണ്ട്ബേസൺ (Marie Grisier-Montbazon) അതിപ്രശസ്തയായി. നടിയുടെ അഭൂതപൂർവ്വമായ വിജയത്തെ തുടർന്ന് ഒരു പ്രദേശിക ആഭരണശാല ഓപ്പറയിൽ അവർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചിത്രം പതിച്ച ഒരു ബ്രേസ്ലെറ്റ് അവതരിപ്പിച്ചു. ബ്രേസ്ലെറ്റ് ഒരു വമ്പൻ വിജയമായി. അതായിരുന്നു ലോകത്തിലെ ആദ്യ മാസ്കോട്ട്. തുടർന്ന് മാസ്കോട്ട് ഭാഗ്യം കൊണ്ടുവരുമെന്ന ഒരു വിശ്വാസവുമുണ്ടായി. അങ്ങനെയാണ് മാസ്കോട്ട് ഭാഗ്യചിഹ്നമായി മാറിയത്.

ആദ്യത്തെ ഒളിമ്പിക്സ് മാസ്കോട്ട്
ഒളിമ്പിക്സിലെ ആദ്യത്തെ ഔദ്യോഗിക മാസ്കോട്ട് 1972 ലാണ് അവതരിപ്പിക്കപ്പെട്ടതെങ്കിലും അതിന് മുൻപും അനൌദ്യോഗികമായി മാസ്കോട്ട് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 1932 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലെ സ്മോക്കി (Smoky) യാണ് ആദ്യത്തെ ഒളിമ്പിക്സ് മാസ്കോട്ടായി കരുതപ്പെടുന്നത്. 1931-32 കാലഘട്ടത്തിൽ ലോസ് ആഞ്ചലസിലെ ഒളിമ്പിക്സ് ഗ്രാമത്തിൽ ജനിച്ച, കറുപ്പ് നിറമുള്ള ഒരു നായക്കുട്ടിയാണ് സ്മോക്കി. ഒളിമ്പിക്സിന് ശേഷം ഒരു കുടുംബം ദത്തെടുത്ത സ്മോക്കി 1934 ൽ ഒരു റോഡപകടത്തിൽ കൊല്ലപ്പെട്ടു.

ആദ്യത്തെ ഔദ്യോഗിക മാസ്കോട്ട്
നേരത്തെ സൂചിപ്പിച്ചപോലെ 1972 ലെ മ്യൂണിക്ക് ഒളിമ്പിക്സിലാണ് ആദ്യമായി ഒരു ഔദ്യോഗിക മാസ്കോട്ട് അവതരിപ്പിക്കപ്പെട്ടത്. വാൾഡി (Waldi) എന്ന് പേരിട്ട ഡാക്ക്സ് ഹണ്ട് (dachshund) വിഭാഗത്തിൽ പെട്ട നായയാണ് വാൾഡി.

ജർമ്മനിയിലെ ബവേറിയയിലെ പ്രശസ്തമായ നായ്ക്കളാണ് ഡാക്ക്സ് ഹണ്ടുകൾ. ബഹുവർണ്ണത്തിലാണ് എലേനാ വിൻഷർമൻ (Elena Winschermann) വാൾഡിയെ സൃഷ്ടിച്ചത്. വാൾഡിക്ക് ജീവിക്കുന്ന ഒരു പ്രതിരൂപവുമുണ്ടായിരുന്നു, ഷെറി വോൺ ബിർക്കാൻഹോഫ് (Cherie von Birkenhof) എന്ന നായ. ഒളിമ്പിക്സ് മാരത്തോണിന്റെ റൂട്ടിന് വാൾഡിയുടെ ആകൃതിയായിരുന്നു!

1976, മോൺട്രിയൽ
ആമിക് (Amik) എന്ന് പേരുള്ള ബീവറായിരുന്നു മോൺട്രിയൽ ഒളിമ്പിക്സിന്റെ മാസ്കോട്ട്. കാനഡയിലെ അമേരിക്കൻ ഇന്ത്യക്കാരുടെ ഭാഷയായ ആൽഗോൺക്വിനിൽ (Algonquin) ആമിക് എന്നാൽ ബീവർ തന്നെയാണ്. പതിനാറാം നൂറ്റാണ്ട് മുതൽ കാനഡയുടെ വികസനത്തിൽ വലിയ പങ്കുവഹിച്ച ജീവികളാണ് ബീവറുകൾ. ബീവർ രോമത്തിന്റെ കച്ചവടം കാനഡയിലെ ഒരു പ്രധാന വാണിജ്യ പ്രവർത്തനമായിരുന്നു.

1980, മോസ്കോ
ഒളിമ്പിക്സ് മാസ്കോട്ടുകൾ ആഗോള ശ്രദ്ധ പിടിച്ചു പറ്റാൻ തുടങ്ങിയത് മോസ്കോ ഒളിമ്പിക്സിലെ മിഷയുടെ (Misha) വരവോടെയാണ്. ഒരു പക്ഷേ ഏറ്റവും പ്രശസ്തമായ ഒളിമ്പിക്സ് മാസ്കോട്ടും മിഷ തന്നെയാണ്. പുഞ്ചിരി തൂകുന്ന ഒരു കരടിക്കുട്ടിയാണ് മിഷ. മുഴുവൻ പേര് മിഖായിൽ പോട്ടാപിച്ച് ടോപ്റ്റിഗിൻ (Mikhail Potapych Toptygin). റഷ്യൻ സംസ്കാരത്തിലെ നിറസാന്നിദ്ധ്യമാണ് കരടികൾ. വിക്ടർ ചിഴിക്കോവാണ് (Victor Chizhikov) മിഷയുടെ സൃഷ്ടാവ്. ഒളിമ്പിക്സ് മാസ്കോട്ടുകൾ മികച്ച കച്ചവട സാധ്യതയാകുന്നത് മിഷയുടെ വൻ വിജയത്തോടെയാണ്.

1984, ലോസ് ആഞ്ചലസ്
സാം (Sam) എന്ന് പേരിട്ട ഗരുഢനായിരുന്നു ലോസ് ആഞ്ചലസിലെ മാസ്കോട്ട്. വാൾട് ഡിസ്നി പ്രൊഡക്ഷൻസിലെ റോബർട്ട് മൂറാണ് (Robert Moore) സാമിന്റെ സൃഷ്ടാവ്. മാസ്കോട്ട് തിരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത് ഒരു കരടിയായിരുന്നു. എന്നാൽ തൊട്ട് മുൻപത്തെ ഒളിമ്പിക്സ് മാസ്കോട്ടും കരടി ആയിരുന്നതിനാൽ ഭാഗ്യം ഗരുഢന്റെ കൂടെയായി.

സിയോൾ, 1988
ഹോഡോറി (Hodori) എന്ന ആൺ കടുവയായിരുന്നു സിയോളിലെ മാസ്കോട്ട്. കൊറിയൻ ഭാഷയിൽ ‘ഹോ’ എന്നാൽ കടുവയും ‘ഡോറി’ പുല്ലിംഗത്തെ സൂചിപ്പിക്കുന്ന ശബ്ദവുമാണ്. കൊറിയൻ നാടോടിക്കഥകളിലും ഇതിഹാസങ്ങളിലും പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് കടുവകൾ. ഹോഡോറിയുടെ സൃഷ്ടാവ് കിം ഹ്യുൻ (Kim Hyun).

ബാർസലോണ, 1992
ഒളിമ്പിക്സ് സ്പെയിനിലെ ബാർസലോണയിലെത്തുമ്പോൾ മാസ്കോട്ടിനും രൂപപരിണാമമുണ്ടായി. കോബി (Cobi) എന്ന മോസ്കോട്ട് രൂപകല്പന ചെയ്തത് ഒരു പൈറീനിയൻ പർവ്വത നായയുടെ (Pyrenean mountain dog ) ചുവട് പിടിച്ചായിരുന്നെങ്കിലും അത് ‘ക്യൂബിസ്റ്റ്’ രീതിയിൽ വരച്ച മനുഷ്യരൂപമുള്ള ചിത്രമായിരുന്നു. ജാവിയർ മരിസ്കായാണ് (Javier Marisca) കോർബിയുടെ സൃഷ്ടാവ്.


സിഡ്നി, 2000
1996 ലെ അറ്റ്ലാന്റ ഒളിമ്പിക്സിന്റെ മാസ്കോട്ട് ആയിരുന്ന ഇസി (Izzy ) ഒരു കംപ്യൂട്ടർ നിർമ്മിത രൂപമായിരുന്നു. എന്നാൽ സിഡ്നിയിലെ മാസ്കോട്ടിൽ മൂന്ന് ജീവികളുണ്ടായിരുന്നു: സിഡ് (Syd), ഒല്ലി (Olly), മില്ലി (Millie). സിഡ് പ്ലാറ്റിപ്പസും ഒല്ലി കൂക്കബറ (kookaburra) എന്ന പക്ഷിയും മില്ലി എക്കിഡ്നയും. ഇവ യഥാക്രമം ജലം, വായു, ഭൂമി എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. മൂന്നും ആസ്ത്രേലിയയിൽ മാത്രം കാണപ്പെടുന്ന ജീവികൾ. സിഡ്നിയിൽ നിന്ന് സിഡും ഒളിമ്പിക്സിൽ നിന്ന് ഒല്ലിയും മില്ലനിയത്തിൽ നിന്ന് മില്ലിയുമുണ്ടായി. പുതിയ മില്ലനിയത്തിലാണല്ലോ സിഡ്നി ഒളിമ്പിക്സ് അരങ്ങേറിയത്. മാത്യു ഹട്ടനാണ് (Matthew Hatton) സൃഷ്ടാവ്.

ബീജിങ്, 2008
2004 ൽ ഒളിമ്പിക്സ് അതിന്റെ പ്രഭവസ്ഥാനമായ ആഥൻസിൽ തിരിച്ചെത്തിയപ്പോൾ മാസ്കോട്ട് ഗ്രീക്ക് ദേവതകളായി: ഫെവോസും (Phevos) അഥീനയും (Athena). ബീജിങ്ങിലെ മാസ്കോട്ടിൽ അഞ്ച് കഥാപാത്രങ്ങളുണ്ടായിരുന്നു: ബീബീ (BEIBEI), ജിങ്ജിങ് (JINGJING), ഹ്വാൻ ഹ്വാൻ (HUANHUAN), യിങ് യിങ് (YINGYING), നിനി (NINI). അഞ്ച് വാക്കുകളും ഒന്നിച്ച് പറഞ്ഞാൽ ബീജിങ്ങിലേക്ക് സ്വാഗതം എന്നാണർത്ഥം. അഞ്ചിൽ നാലെണ്ണം ജീവികളാണ്. ബീബീ മൽസ്യവും ജിങ്ജിങ് പാണ്ടയും യിങ് യിങ് തിബത്തൻ മാനും നിനി സ്വാളോ (Swallow) എന്ന പക്ഷിയും. ഹ്വാൻ ഹ്വാൻ ഒരു സാങ്കല്പിക കഥാപാത്രമാണ്. ഹാൻ മീലിനാണ് (Han Meilin) സൃഷ്ടാവ്. 2008 ന് ശേഷമുണ്ടായ ഒളിമ്പിക്സ് മാസ്കോട്ടുകളിൽ ഒന്നുപോലും ഏതെങ്കിലും ഒരു ജീവിയിൽ നിന്ന് പ്രചോദനം കൊണ്ട് സൃഷ്ടിച്ചവയല്ല. 2016 ലെ റിയോ ഒളിമ്പിക്സിലെ വിനീഷ്യസ് (Vinicius) ഒന്നിലേറെ ബ്രസീലിയൻ ജീവികളുടെ ഒരു മിശ്രണമാണ്. എന്നാൽ ഏത് ജീവിയാണെന്ന് എടുത്ത് പറയുന്നില്ല.
മൃഗങ്ങളുടെ കാലം കഴിഞ്ഞോ ?
1972 മുതൽ 2024 വരെയുള്ള 14 മാസ്കോട്ടുകളിൽ എട്ടെണ്ണം മൃഗങ്ങളോ പക്ഷികളോ ആയിരുന്നു. ഒരെണ്ണം വിവിധ ജീവികളുടെ മിശ്രണവും. ആതിഥേയ രാജ്യങ്ങളുടെ സംസ്കാരവുമായി അടുത്ത ബന്ധമുള്ളവയായിരുന്നു ഈ ജീവികൾ. 2020 ലെ (2021 ൽ നടന്നത്) ടോക്കിയോ ഒളിമ്പിക്സിലും ഈ വർഷത്തെ പാരീസ് ഒളിമ്പിക്സിലും ഭാഗ്യചിഹ്നങ്ങൾ മൃഗങ്ങളല്ല. ഇഷ്ടങ്ങളുടെ തലമുറമാറ്റമായിരിക്കുമോ ഇതിന് കാരണം?
പുരുഷാധിപത്യം?
കൌതുകകരമായ മറ്റൊരു കാര്യം മാസ്കോട്ടുകളിൽ ഉപയോഗിക്കപ്പെട്ട ജീവികളുടെ ലിംഗമാണ്. ഭൂരിപക്ഷവും പുരുഷന്മാരായിരുന്നു! വാൾഡി, മിഷ, സാം, ഹോഡോറി, കോബി, ജിങ് ജിങ് , യിങ് യിങ് തുടങ്ങിയവയെല്ലാം പുരുഷന്മാരായിരുന്നു. ബീജിങ്ങിലെ മാസ്കോട്ടുകളിൽ രണ്ട് സ്ത്രീകളുണ്ട്. ബീബിയും നിനിയും. ജീവികളായ മറ്റ് മാസ്കോട്ടുകളുടെ ലിംഗം വ്യക്തമാക്കിയിട്ടുമില്ല. 1896 ൽ ആഥൻസിൽ നടന്ന ആദ്യ ഒളിമ്പിക്സിൽ സ്ത്രീ പങ്കാളിത്തം തീരെ ഉണ്ടായിരുന്നില്ല. 1900 ലെ പാരീസ് ഒളിമ്പിക്സിൽ ആകെ 22 വനിതകളാണ് പങ്കെടുത്തത്. അത് ആകെ പങ്കെടുത്ത കായികതാരങ്ങളുടെ 2.2% മാത്രമായിരുന്നു! 124 വർഷത്തിന് ശേഷം ഒളിമ്പിക്സ് പാരീസിൽ തിരിച്ചെത്തുമ്പോൾ പങ്കാളിത്തത്തിന്റെ കാര്യത്തിൽ ലിംഗസമത്വമുണ്ടാക്കുക എന്നത് സംഘാടകരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു. എന്നാൽ മാസ്കോട്ടുകൾക്കിടയിലെ ലിംഗപരമായ അസമത്വം ആരെങ്കിലും ചൂണ്ടിക്കാട്ടിയതായി അറിവില്ല.

അധിക വായനയ്ക്ക്:
- The Olympics studies centre (2019). Olympic Summer Games Mascots from Munich 1972 to Tokyo 2020. Available at www.olympic.org/library

