Read Time:13 Minute

പൊണ്ണത്തടിയും അമിതഭാരവുമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നു. പൊണ്ണത്തടിയുണ്ടാകുന്നതിന് കാരണമാകുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും കുട്ടികളിൽ പൊണ്ണത്തടിയുണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ച് വിശദമാക്കുന്നു.

മനുഷ്യാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു പ്രധാനപ്രശ്‌നമാണ് പൊണ്ണത്തടി. മനുഷ്യശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് പൊണ്ണത്തടിയെന്ന് വിളിക്കുന്നത്. മുതിർന്നവരെപ്പോലെതന്നെ കുട്ടികളിലും ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിനാവശ്യമായ പോഷകങ്ങൾ ശരിയായ അളവിലല്ലായെങ്കിൽ പോഷകാഹാരക്കുറവോ പൊണ്ണത്തടിയോ ഉണ്ടായേക്കാം. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ആരോഗ്യമേഖല നേരിട്ടിരുന്ന പ്രധാന വെല്ലുവിളി പോഷകാഹാരക്കുറവായിരുന്നുവെങ്കിൽ, ഇപ്പോളത് അമിതഭാരവും പൊണ്ണത്തടിയുമാണ്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ് ഇത്. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള ഏകദേശം 890 ദശലക്ഷം മുതിർന്ന ആളുകളിൽ പൊണ്ണത്തടി കാണുന്നു, അതേസമയം, 390 ദശലക്ഷം ആളുകളിൽ ഭാരക്കുറവും കാണുന്നു. അഞ്ച് വയസ്സിന് താഴെയുള്ള 37 ദശലക്ഷം കുട്ടികളിൽ അമിതഭാരവും 149 ദശലക്ഷം പേർക്ക് വളർച്ച മുരടിപ്പും കാണുന്നു.

മാറിവരുന്ന ജീവിതശൈലിയും ഭക്ഷണരീതിയും വർധിച്ചുവരുന്ന ദൃശ്യമാധ്യമ ഉപയോഗവും കായിക വിനോദങ്ങളുടെ അഭാവവും കുട്ടികളിൽ പൊണ്ണത്തടി വർധിപ്പിക്കുന്നു. ഇത് ഇപ്പോൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട വിഷയമായി മാറിയിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, 21-ാം നൂറ്റാണ്ട് നേരിടുന്ന ഏറ്റവും ഗുരുതരമായ ആഗോള പൊതുജനാരോഗ്യ വെല്ലുവിളികളിലൊന്നാണ് കുട്ടികളിലെ അമിതവണ്ണം. മുമ്പ്, വികസിത രാജ്യങ്ങളിലെമാത്രം പ്രശ്‌നമായിരുന്ന കുട്ടികളിലെ പൊണ്ണത്തടി ഇപ്പോൾ വികസ്വര രാജ്യങ്ങളിലെയും പ്രശ്‌നമായി മാറിയിരിക്കുന്നു. കോവിഡ്-19 അതിവ്യാപനവും അതിനാൽ ഏർപ്പെടുത്തേണ്ടിവന്ന നിയന്ത്രണങ്ങളും ഇതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

2017 ലെ കണക്കുകൾ പ്രകാരം ഇന്ത്യ പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിലെ 14.4 മില്യൺ കുട്ടികൾ പൊണ്ണത്തടിയുള്ളവരാണ്. ചൈനയാണ് ഇതിൽ ഒന്നാമത്. 2020 ലെ കണക്കുകൾ പ്രകാരം ഇപ്പോൾ ഇന്ത്യയിൽ 33 മില്യൺ കുട്ടികൾ പൊണ്ണത്തടിയുള്ളവരാണ്. അമിതഭാരവും പൊണ്ണത്തടിയും വരുംവർഷങ്ങളിൽ 6.2% എന്നതോതിൽ വർധിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ പ്രവണത തുടർന്നു പോയാൽ 2035 ആകുമ്പോഴേയ്ക്കും 83 മില്യൺ എന്ന കണക്കുകളിലേക്ക് കടക്കും.

NFHS-5 രേഖ പ്രകാരം ഇന്ത്യയിലെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ 3.4% അമിതഭാരമുള്ളവരാണ്. NFHS-4 കണക്കുകളുമായി (2.1%) താരതമ്യം ചെയ്യുമ്പോൾ ഇതിൽ പകുതിയിലധികം വർധന ഉണ്ടായതായി കാണാൻ കഴിയും. 15 നും 19 നും ഇടയിലുള്ള കുട്ടികളിലെ NFHS-4 കണക്കുകൾ പ്രകാരം 9.7% ആൺകുട്ടികളും 13.7% പെൺകുട്ടികളും അമിതവണ്ണമുള്ളവരാണ്. അധികഭാരമുള്ളവരെല്ലാം പൊണ്ണത്തടിയുള്ളവരല്ല. ചില കുട്ടികൾ ശരാശരിയേക്കാൾ വലുപ്പമുള്ളവരായിരിക്കാം. കുട്ടികൾ വളരുന്നതിനനുസരിച്ച് വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ശരീരത്തിലെ കൊഴുപ്പ് വ്യത്യസ്ത അളവിലാണ് അടിഞ്ഞുകൂടുന്നത്. അതുകൊണ്ട്, കുട്ടികളിലെ പൊണ്ണത്തടി പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. പൊണ്ണത്തടി പ്രധാനമായും രണ്ടുവിധമുണ്ട്. ഇതിൽ ജനിതക ഘടകങ്ങൾ കാരണമുണ്ടാകുന്ന പൊണ്ണത്തടി ചികിത്സിക്കുന്നതിൽ പരിമിധികളുണ്ട്. എന്നാൽ, ജീവിതശൈലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പൊണ്ണത്തടി നിയന്ത്രണവിധേയമാണ്.

ഉയർന്ന കലോറി അടങ്ങിയ ഭക്ഷണം, മധുരമുള്ള പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ ശരീരഭാരം വർധിപ്പിക്കുന്നു. ശാരീരികമായി യാതൊരു പ്രവർത്തനങ്ങളിലും ഏർപ്പെടാത്ത കുട്ടികളിലും പൊണ്ണത്തടിയുണ്ടാകുന്നു. കൂടാതെ, ഹോർമോണുകളും ജനിതക ഘടകങ്ങളും ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. കുടുംബത്തിൽ പൊണ്ണത്തടി ഉള്ളവരുണ്ടെങ്കിലും കുട്ടികളിൽ ഇതു കാണാൻ സാധിക്കും. ടി വി സ്‌ക്രീനുകളുടെയും മൊബൈൽ ഫോണുകളുടെയും വീഡിയോ ഗെയിമുകളുടെയും മുമ്പിൽ കുട്ടികൾ ചെലവഴിക്കുന്ന സമയം വളരെ കൂടുതലാണ്. ഉദാസീനമായ ഈ ജീവിതരീതിയും പൊണ്ണത്തടിക്ക് വഴിയൊരുക്കുന്നു. കൂടാതെ, ഗർഭാവസ്ഥയിൽ അമ്മമാരിൽ കണ്ടുവരുന്ന അമിതഭാരം, പ്രമേഹം, ഉയർന്ന രക്തസമ്മർദം, പുകയിലയുടെ ഉപയോഗം എന്നിവയും കുഞ്ഞുങ്ങളിൽ പൊണ്ണത്തടിയുണ്ടാകാൻ കാരണമാകുന്നു.

കുട്ടിക്കാലത്തുകാണുന്ന അമിതവണ്ണം മിക്കവർക്കും ഭാവിയിൽ വിട്ടുമാറാത്ത പല രോഗങ്ങളും ഉണ്ടാകുവാൻ ഇടയാക്കുന്നു. പ്രായം കൂടുന്തോറും ഒന്നിലധികം രോഗാവസ്ഥകൾക്ക് കാരണമായി അമിതവണ്ണം/പൊണ്ണത്തടി മാറിയേക്കാം. മെറ്റബോളിക് സിൻഡ്രോം, ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ, ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ, ആസ്ത്മ, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം തുടങ്ങി നിരവധി അസുഖങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. കൂടാതെ, എൻഡോമെട്രിയൽ, ഒവേറിയൻ, പ്രോസ്റ്റേറ്റ്, കരൾ, കിഡ്‌നി, കോളൻ സംബന്ധമായ നിരവധി കാൻസറുകൾക്കും പൊണ്ണത്തടി കാരണമാകുന്നു.

ഉയരത്തിന്റെയും ഭാരത്തിന്റെയും അടിസ്ഥാനത്തിൽ അമിതവണ്ണവും പൊണ്ണത്തടിയും ബോഡി മാസ്സ് ഇൻഡക്‌സ് (BMI) ഉപയോഗിച്ച് കണക്കാക്കുന്നു. പ്രായാനുസൃതമായി ബോഡി മാസ്സ് ഇൻഡക്‌സ് തരംതിരിച്ചിട്ടുണ്ട്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ ലോകാരോഗ്യ സംഘടനയുടെ ഗ്രോത്ത് ചാർട്ട് ഉപയോഗിക്കുന്നു. ചാർട്ട് പ്രകാരം ഉയരത്തിനനുസരിച്ചുള്ള ഭാരം (വെയിറ്റ് ഫൊർ ഹൈറ്റ്) റഫറൻസ് മീഡിയനേക്കാൾ 2 SD മുകളിൽ വന്നാൽ അമിതവണ്ണമായും 3 SD മുകളിൽ വന്നാൽ പൊണ്ണത്തടിയായും കണക്കാക്കുന്നു. 5 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (IAP) നിർദേശപ്രകാരം ബോഡി മാസ്സ് ഇൻഡക്‌സ് 23 നു മുകളിൽ വരുമ്പോൾ അമിതവണ്ണമായും 27 നു മുകളിൽ വരുമ്പോൾ പൊണ്ണത്തടിയായും കണക്കാക്കുന്നു.

ഉപയോഗപ്രദമാണെങ്കിലും, ബി എം ഐ ക്ക് ചില പരിമിതികളുണ്ട്. അമിത കൊഴുപ്പ് കണ്ടെത്തുന്നതിനുള്ള ക്ഷമത കുറവാണ്. വയറിലെ കൊഴുപ്പ് കണ്ടെത്തുന്നതിൽ ബി എം ഐ മാത്രമായി അപര്യാപ്തമാണ്. ഇത്തരത്തിൽ ഉപയോഗിക്കാവുന്ന മറ്റൊരു സൂചികയാണ് അരക്കെട്ടിന്റെ ചുറ്റളവ് (WC). ഇത് ലളിതമായ ഒരു അളവുകോലാണ്, ഇത് ക്ലിനിക്കലായി സ്റ്റാൻഡേർഡ് ചെയ്യാനും പ്രയോഗിക്കാനും പ്രയാസമില്ല. ബോഡി മാസ്സ് ഇൻഡക്‌സ്, അരക്കെട്ടിന്റെ ചുറ്റളവ് എന്നിവയുടെ സംയോജനം ഉയർന്ന അപകട സാധ്യതയുള്ള പൊണ്ണത്തടിയെ തിരിച്ചറിയാൻ സഹായിക്കുന്നു. ബി എം ഐ യുടെ പോലെതന്നെ സ്റ്റാൻഡേർഡ് ചാർട്ടുകൾ അരക്കെട്ടിന്റെ ചുറ്റളവ് കണക്കാക്കുന്നതിനു ലഭ്യമാണ്.

ആഗോളതലത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന അമിതഭാരവും പൊണ്ണത്തടിയും ഫലപ്രദമായരീതിയിൽ ഇല്ലാതാക്കുവാൻ ഏറ്റവും അടിസ്ഥാന തലത്തിൽനിന്നുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്. ഗർഭിണിയായിരിക്കുമ്പോൾ ആരോഗ്യകരമായ ഭാരം നിലനിർത്തുവാനും ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയവ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം. കുട്ടിയുടെ ജനനശേഷം ആറ് മാസം മുലപ്പാൽമാത്രം നൽകുക. അതിനുശേഷം ആരോഗ്യകരമായ രീതിയിലുള്ള ഭക്ഷണക്രമം കുട്ടിയെ ശീലിപ്പിക്കുക. ജങ്ഗ് ഫുഡ്, മധുരമേറിയ പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ്, അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം എന്നിവ നിർബന്ധമായും ഒഴിവാക്കണം.

ഭക്ഷണക്രമീകരണം പോലെതന്നെ പ്രധാനമാണ് ശാരീരിക അധ്വാനം. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ വിനോദത്തിനായി ഭൂരിഭാഗം സമയവും മൊബൈൽ സ്‌ക്രീനുകളുടെയും ടെലിവിഷനുകളുടെയും മുമ്പിൽ ചെലവഴിക്കുന്നു. ഉദാസീനമായ ഈ ജീവിതരീതി കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം അഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ദിവസവും കുറഞ്ഞത് 60 മിനിട്ടെങ്കിലും തീവ്രവ്യായാമത്തിൽ ഏർപ്പെടണമെന്നാണ്.

ദീർഘവ്യാപനമുള്ള അമിതവണ്ണത്തെയും പൊണ്ണത്തടിയെയും തുടക്കത്തിൽത്തന്നെ കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്. അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടാകുവാൻ സാധ്യതയുള്ള കുട്ടികളെ ശരിയായി തിരിച്ചറിയുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം. തുടർച്ചയായ നിരീക്ഷണത്തിലൂടെ ഇത് സാധ്യമാകും. അങ്കണവാടികളിലും സ്‌കൂളുകളിലും കൃത്യമായ രീതിയിൽ ഗ്രോത്ത് ചാർട്ടുകളും അനുബന്ധരേഖകളും സൂക്ഷിക്കണം. വിദ്യാർഥികളേയും അധ്യാപകരേയും രക്ഷാകർത്താക്കളേയും ഒരുമിച്ചുചേർത്ത് കുട്ടികളുടെ ഭക്ഷണ-വ്യായാമ സംസ്‌കാരം ആരോഗ്യകരമായി വളർത്തിയെടുക്കാൻ ഒരു ശക്തമായ സ്‌കൂൾ ആരോഗ്യ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കണം.

അമിതവണ്ണവും പൊണ്ണത്തടിയും കണ്ടെത്തുന്ന കുട്ടികളിൽ കാരണങ്ങൾ വ്യക്തമായി മനസ്സിലാക്കി അതിനെ മറികടക്കാനുള്ള കൃത്യമായ മാർഗരേഖ തയ്യാറാക്കി മാതാപിതാക്കളെയും അധ്യാപകരെയും അതിനു പ്രാപ്തരാക്കണം. ആരോഗ്യകരമായ ഭക്ഷണരീതിയും ശരിയായ വ്യായാമരീതിയും നിയന്ത്രിതമായ സ്‌ക്രീൻ ഉപയോഗവും പിൻതുടർന്നാൽ വർധിച്ചുകൊണ്ടിരിക്കുന്ന, കുട്ടികളിലെ അമിതവണ്ണത്തെയും പൊണ്ണത്തടിയെയും നിയന്ത്രണവിധേയമാക്കാൻ സാധിക്കും.


ശാസ്ത്രഗതി

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അൾട്രാ പ്രോസസ്ഡ് ഫുഡ്‌സും ജീവിതശൈലീ രോഗങ്ങളും
Next post ഭക്ഷണ സംസ്‌കാരവും മാറ്റങ്ങളും
Close