എങ്ങനെയാണ് 13 മോശമായ നമ്പറാണെന്ന ഭയം ഉണ്ടായത്?, പതിമൂന്നിനെ നല്ല കാര്യമായി അവതരിപ്പിക്കുന്ന ഒരായിരം കാര്യങ്ങൾ ചരിത്രത്തിൽ കാണാമെങ്കിലും സൂക്ഷ്മമായി പഠിച്ചാൽ അതിവേഗത്തിൽ ജനങ്ങൾക്കിടയിൽ സഞ്ചരിച്ചത് ഭയമാണെന്ന് നമുക്ക് മനസ്സിലാകും.
കേൾക്കാം
ഏത് നൂറ്റാണ്ടിലാണ് പതിമൂന്ന് എന്ന സംഖ്യയോട് ചില മനുഷ്യർക്ക് ഭയം തുടങ്ങിയതെന്ന് കൃത്യമായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും നൂറ്റാണ്ടുകളായി മനുഷ്യർ പറഞ്ഞു പേടിപ്പിക്കുകയും, അത് ചില ബിസിനസ് കാര്യങ്ങളിൽ വരെ ഉൾപ്പെടുത്തുകയും ചെയ്യുന്നത് വളരെ സാധാരണ കാര്യമായി പല സ്ഥലങ്ങളിലെയും പ്രവർത്തനങ്ങളിലെ നിരീക്ഷണങ്ങളിൽ നിന്നും മനസ്സിലാകും. ചെറുപ്പത്തിൽ ക്രിക്കറ്റ് കളിക്കുമ്പോഴാണ് ഞാൻ ആദ്യമായി 13 എന്ന സംഖ്യാവില്ലനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. ആ സന്ദർഭങ്ങളിൽ ഞാൻ അത്ര കാര്യമായി എടുത്തിരുന്നില്ല. എന്നാൽ വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ ചില ഹോട്ടൽ മുറികളിൽ താമസിക്കേണ്ട സാഹചര്യം വന്നപ്പോഴാണ്, ഇത് ലോകം മുഴുവൻ വ്യാപിച്ച ഭയത്തിന്റെ വൈറസ് നമ്പർ ആണെന്ന് മനസ്സിലായത്. അവിടുത്തെ ഹോട്ടലുകളിൽ പതിമൂന്നാം നില രേഖപ്പെടുത്താതെ പതിനാല് എഴുതി കാണിച്ചത് കണ്ടപ്പോൾ എനിക്ക് വലിയ രസം തോന്നി. ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും അന്ധവിശ്വാസികൾ ഉണ്ടല്ലോയെന്ന് ചെറുതായൊന്നു സമാധാനം കൊള്ളുകയും ചെയ്തു.
പടിഞ്ഞാറൻ സംസ്കാരത്തിന്റെ ഭാഗമായി 12 എന്ന സംഖ്യ പരിപൂർണ്ണതയുടെ പര്യായമായി ഉപയോഗിക്കാറുണ്ട്. ക്രിസ്തു ജനിച്ചു കഴിഞ്ഞു പന്ത്രണ്ട് ദിവസം (എപ്പിഫനി – വെളിപാടിന്റെ ദിവസം), രാശി ചക്രത്തിലെ (സോഡിയാക്) 12 ചിഹ്നങ്ങൾ, ഹെർക്കുലീസിന്റെ 12 ജോലികൾ, 12 ഗ്രീക്ക് ദൈവങ്ങൾ, ഇസ്രായേലിലെ 12 വിഭാഗങ്ങൾ. അതിനും നൂറ്റാണ്ടുകൾ മുമ്പ്, BC 1700-കളിൽ ബാബിലോണിയ ഭരിച്ചിരുന്ന ഹമ്മുറാബി രാജാവിന്റെ നിയമ സംഹിതകൾ എഴുതിയപ്പോൾ പതിമൂന്നാം നിയമം വേണ്ടെന്ന് വെച്ചു. ചിലപ്പോൾ തെറ്റ് പറ്റിയതാവാം. പക്ഷെ അതും ഈ വിശ്വാസവുമായി ബന്ധപ്പെടുത്തി കണ്ടിട്ടുണ്ട്. 13 നെ പേടിക്കുന്നതിന് സൈക്കോളജിയിൽ ശാസ്ത്രനാമം വരെയായി. (ട്രൈസ്കൈദേകഫോബിയ – triskaidekaphobia) കാര്യങ്ങൾ പോയ പോക്ക് കാണുമ്പോൾ നമ്മളിൽ ചിലർ ചിരിക്കും. ഞാൻ ചിരിച്ചിട്ടുണ്ട്. എനിക്ക് യോജിക്കാതിരിക്കാൻ കഴിയില്ല. കാരണം ഒരിക്കൽ ഭയം കയറിയാൽ പിന്നെ അതിനെ പുറംതള്ളാൻ ശാസ്ത്രീയ സഹായം തന്നെ വേണ്ടി വരും. അതുകൊണ്ട് അങ്ങനെയൊരു ശാസ്ത്രീയ നാമം ഉണ്ടായതിൽ അത്ഭുതപ്പെടാനില്ല. അതും നൂറ്റാണ്ടുകളായുള്ള വിശ്വാസമാകുമ്പോൾ ശക്തികൂടും. എന്നാൽ നിങ്ങൾ പേടിക്കേണ്ട, 13 വെള്ളിയാഴ്ച വന്നാൽ മാത്രമേ കുഴപ്പമുള്ളൂ എന്നാണ് ചിലരുടെ വാദം.
ബൈബിൾ പാരമ്പര്യമാണ് 13 എന്ന സംഖ്യയെ അതിക്രൂരനാക്കിയത്. യേശുവിന്റെ അവസാനത്തെ അത്താഴത്തിനു പതിമൂന്നു പേരാണ് പങ്കെടുത്തത്. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ന്യൂയോർക്കിലെ ക്യാപ്റ്റൻ വില്യം ഫൗളർ (1827 -1897) ഈ അന്ധവിശ്വാസത്തിനെതിരായി പ്രവർത്തിക്കാൻ തീരുമാനിച്ചു. അദ്ദേഹം നമ്പർ പതിമൂന്ന് എന്ന ക്ലബ് തന്നെ ആരംഭിച്ചു. എല്ലാ മാസവും പതിമൂന്നാം തിയതി പതിമൂന്നാം മുറിയിൽ പതിമൂന്ന് പേരായി 13 കോഴ്സ് ഡിന്നർ നടത്തി യോഗം ചേരുന്ന കലാപരിപാടികൾ ആരംഭിച്ചു. നാലോളം അമേരിക്കൻ പ്രസിഡന്റ്മാർ വരെ പലപ്പോഴായി യോഗത്തിൽ വന്നിരുന്നുവെന്നാണ് രേഖകൾ പറയുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും 100 വർഷത്തിന് ശേഷവും ലോകത്തിലെ ഏറ്റവും വലിയ പല ഹോട്ടൽ സമുച്ഛയങ്ങളും ഇപ്പോഴും അത് തുടരുന്നു. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചാൽ ഒറ്റ കാരണമേ ഈ കാലഘട്ടത്തിൽ നമ്മൾ കേൾക്കുകയുള്ളു. ഇതിന്റെ പേരിൽ റൂമിന്റെ വാടക അല്ലെങ്കിൽ അപാർട്മെന്റ് വില തുടങ്ങിയവ കുറയ്ക്കേണ്ടി വരുന്നത് കച്ചവടത്തിനെ ബാധിക്കും. കാശുപോകുന്ന വെല്ലുവിളികൾക്ക് ചെറുതും വലുതുമായ കച്ചവടക്കാർ തയ്യാറല്ലത്രെ. (കേരള ഹൈക്കോർട്ടിലും 13 ഒഴിച്ചിട്ട മുറിയാണ്). ഇതിനു വിപരീതമായി പതിമൂന്ന് നല്ല ദിവസമായി കണക്കാക്കുന്ന പല കാര്യങ്ങളും വിവിധ മത പ്രചാരകർ പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ട്. ഫ്രാൻസിലും ഇറ്റലിയിലും പതിമൂന്ന് നല്ല സംഖ്യയായി പലപ്പോഴും ആഘോഷിച്ചിരുന്നു. പതിമൂന്നിനെ നല്ല കാര്യമായി അവതരിപ്പിക്കുന്ന ഒരായിരം കാര്യങ്ങൾ ചരിത്രത്തിൽ കാണാമെങ്കിലും സൂക്ഷ്മമായി പഠിച്ചാൽ അതിവേഗത്തിൽ ജനങ്ങൾക്കിടയിൽ സഞ്ചരിച്ചത് ഭയമാണെന്ന് നമുക്ക് മനസ്സിലാകും. വർഷം 2021; ഞാൻ ഇപ്പോൾ താമസിക്കുന്ന അപ്പാർട്മെന്റിലും 13 ഒഴിച്ചിട്ടുണ്ട്.