ന്യൂക്ലിയർ ഫ്യൂഷൻ വഴിയുള്ള സുരക്ഷിതമായ ഊർജ ഉത്പാദനമെന്ന ദീർഘകാല സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. ഓക്സ്ഫോർഡിന് സമീപമുള്ള ജോയിന്റ് യൂറോപ്യൻ ടോറസിലെ (Joint European Torus – JET) റിയാക്ടറിൽ നടത്തിയ ഫ്യൂഷൻ പരീക്ഷണത്തിൽ അഞ്ച് സെക്കൻഡിനുള്ളിൽ 59 മെഗാ ജൂൾസ് ഊർജമാണ് ഉത്പാദിപ്പിച്ചത്. സാധാരണയായി ഒരേ സമയം 35,000 വീടുകളിൽ ഉപയോഗിക്കുന്ന ഊർജമാണിത്. വളരെ കുറഞ്ഞതോതിലേ ഫ്യൂഷൻ പ്രക്രിയയിൽ കാർബൺ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ.
ഹൈഡ്രജന്റെ ഐസോട്ടോപ്പുകളായ ഡ്യൂട്ടീരിയവും ടിഷ്യവും തമ്മിലുള്ള ഫ്യൂഷനാണ് റിയാക്ടറിൽ നടത്തിയത്. വളരെ ചെറിയ അളവിൽ, അതായത് 0.1mg ഡ്യൂട്ടിരിയവും ടിഷ്യവും മാത്രം ഉപയോഗിച്ചാണ് വലിയതോതിലുള്ള ഊർജം സൃഷ്ടിച്ചെടുത്ത്. താപനില വളരെ ഉയർത്തി പ്ലാസ്മാ അവസ്ഥയിൽ എത്തിച്ചതിന് ശേഷം ഫ്യൂഷൻ നടത്തുകയായിരുന്നു. പരീക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാന്തിക വലയം പ്ലാസയെ ഒരു പ്രത്യേക സ്ഥലത്ത് ഒതുക്കുന്നു. ഫ്യൂഷൻ സമയം കൂടുമ്പോൾ JET റിയാക്ടറിലുള്ള കോപ്പർ കാന്തിക വയറുകൾ അമിതമായി ചൂടാകാനുള്ള സാധ്യത ഉള്ളതുകൊണ്ട്, പരീക്ഷണസമയം അഞ്ച് സെക്കൻഡായി പരിമിതപ്പെടുത്തിയിരിക്കുകകയാണ്.
ഫ്യൂഷനിൽ ഉപയോഗിക്കുന്ന ഡ്യൂട്ടീരിയം സമുദ്രജലത്തിൽ സുലഭമാണ്. അതേസമയം ന്യൂക്ലിയർ ഫിഷന്റെ ഉപോത്പന്നമാണ് ട്രിഷ്യം.
അവലംബം: https://www.iter.org/proj/inafewlines, Sciencefocus.com