Read Time:47 Minute

ഭാവി ഊർജസാധ്യതകളിൽ ആണവോർജത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന ലേഖനം. 2024 സെപ്റ്റംബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്. ശാസ്ത്രഗതിയുടെ 2024 സെപ്റ്റംബർ , ഒക്ടോബർ ലക്കങ്ങൾ ആണവോർജ്ജം മുഖ്യവിഷയമായുള്ള ലേഖനങ്ങളാണ് ഉള്ളത്. ഡോ. രാജീവ് പാട്ടത്തിൽ ആണ് ഈ രണ്ടു ലക്കങ്ങളുടെ ഗസ്റ്റ് എഡിറ്റർ

ന്യൂക്ലിയർ എനർജിയെപ്പറ്റിയുള്ള ഏതൊരു ചർച്ചയും ആണവ ദുരന്തങ്ങളെക്കുറിച്ചും അവമൂലം ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും മാത്രമായി ചുരുങ്ങുന്നതെങ്ങനെയാണ്? ഇതിനുത്തരം പറയുന്നതോടൊപ്പം നമ്മൾ ആലോചിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്, മനുഷ്യൻ തീയുടെ ഉപയോഗം പഠിച്ചതും അത് ഭൂമുഖത്തുള്ള മനുഷ്യന്റെ നിലനില്പിനുള്ള ഏറ്റവും വലിയ ആയുധമാക്കി മാറ്റിയതും എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ?

ആദ്യകാലത്ത് മനുഷ്യനും ഏതൊരു മൃഗത്തെപ്പോലെ തീയെ പേടിയായിരുന്നു. പിന്നീട് ദൂരെനിന്ന് നിരീക്ഷിക്കാനും അതിനെ നിയന്ത്രിക്കാനും പഠിച്ചപ്പോഴാണ് കാടിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ മനുഷ്യർ തുടങ്ങിയത്. കാട്ടുതീ ആളിപ്പടർന്ന് കാടിനെയും മനുഷ്യനെയും എന്നെങ്കിലും അത് ചുട്ടുതിന്നുമെന്ന് കരുതി തീയെ പേടിച്ചുമാത്രം ജീവിച്ചിരുന്നെങ്കിലോ ? മനുഷ്യന് തീയെ നിയന്ത്രിച്ച് ഉപയോഗിക്കാനുള്ള താൽപര്യമില്ലായിരുന്നെങ്കിലോ? അനേകായിരം വർഷങ്ങൾ കുന്തവും കല്ലുമായി മാത്രം അവർ തള്ളിനീക്കുമായിരുന്നു. തീയും കാട്ടുതീയും തമ്മിൽ വ്യത്യാസമുണ്ടന്ന തിരിച്ചറിവ് വലുതാണ്.

അതുകൊണ്ട്, പരിസര മലിനീകരണവും ആഗോളതാപനത്തിന് ആക്കം കൂട്ടുന്ന നിർഗമനങ്ങളും കഴിയുന്നത്ര കുറച്ച്, വർധിച്ചുവരുന്ന ഊർജാവശ്യങ്ങൾ നിറവേറ്റുന്നതിൽ ആണവനിലയങ്ങളുടെ പങ്ക് എത്രത്തോളം ആകാമെന്നും, കാലങ്ങളായി ന്യൂക്ലിയർ പവർ രംഗത്തുണ്ടായി വന്നിട്ടുള്ള ഗവേഷണങ്ങളും അവ തരുന്ന അധികസുരക്ഷാമാർഗങ്ങളും മറ്റും നമ്മുടെ പൊതുബോധമണ്ഡലത്തിൽ ചർച്ചയ്ക്ക് വരേണ്ട സമയമായെന്ന് തോന്നുന്നു.

നിലവിലെ പൊതുബോധത്തെ മാറ്റിത്തീർക്കാൻ സയൻസിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. ന്യൂക്ലിയർ എനർജിയുടെ കാര്യത്തിൽ മാറിക്കൊണ്ടിരിക്കുന്ന കാഴ്‌ചപ്പാടുകൾ അനേകമുണ്ട്. അതിലേക്ക് പോകുന്നതിനുമുമ്പ്, ന്യൂക്ലിയർ എനർജിയുമായി ബന്ധപ്പെട്ട കുറച്ച് ശാസ്ത്രീയ വിവരങ്ങൾ പരിശോധിക്കാം.

അണുബോംബിൽ നിന്ന് ആണവോർജത്തിലേക്ക്

 1942 ലെ ചിക്കാഗോ ആണവ ഗവേഷണങ്ങളും തുടർന്ന്, ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ രണ്ടാം ലോക മഹായുദ്ധാനന്തര ശേഷിപ്പുകളും ഉണ്ടാക്കിയ ഭീതിജനകമായ അന്തരീക്ഷം ഇന്നും മനുഷ്യന്റെ പേടിസ്വപ്നമായി അവശേഷിക്കുന്നു. മനുഷ്യക്കുരുതിയിലൂടെ ലോകാധിപത്യം നേടാൻ ശ്രമിക്കുന്നവർ ഒരുഭാഗത്തും ന്യൂക്ലിയർ ഗവേഷണങ്ങളുടെ ലക്ഷ്യം സൈനിക ആവശ്യമാകരുതെന്ന് ആവർത്തിച്ച് പറയുന്നവരുടെ പക്ഷം മറുഭാഗത്തുമായി നിലകൊണ്ട നാളുകളാണ് പിന്നീട് ലോകം കണ്ടത്.

നിയന്ത്രിതമായ സാഹചര്യത്തിൽ ന്യൂക്ലിയർ ഫിഷൻ റിയാക്ഷൻ (Controlled Nuclear Fission Reaction) മനുഷ്യന്റെ വർധിച്ചുവരുന്ന ഊർജാവശ്യങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടങ്ങിയതും ഇതേകാലത്താണ്. ഇതാണ് പിന്നീട് ആണവ നിലയങ്ങളുടെ വളർച്ചയിലേക്ക് നയിച്ചത്. സ്ഥിരത കുറഞ്ഞ യുറേനിയം (Uranium-235) പോലുള്ള വലിയ ന്യൂക്ലിയസുകളെ വിഘടിച്ച് (Nuclear fission) ഊർജം ഉൽപാദിപ്പിക്കാനുള്ള ശ്രമമാണ് ന്യൂക്ലിയർ റിയാക്ടറുകളിൽ നടക്കുന്നത്. ഇവയെ വിഘടിപ്പിക്കാൻ ചാർജില്ലാത്ത കണങ്ങളായ ന്യൂട്രോണുകളെക്കൊണ്ട് നിശ്ചിത വേഗതയിൽ ഇടിപ്പിക്കുകയാണ് ചെയ്യുക (ന്യൂക്ലിയർ ഫിഷന്റെ ചിത്രം – ചിത്രം 1 നോക്കുക),

ചിത്രം 1

 ഇങ്ങനെ ന്യൂട്രോൺ ആഘാതമേൽക്കുമ്പോൾ യുറേനിയംപോലുള്ള ഭാരമേറിയ ന്യൂക്ലിയസ് വിഘടിച്ച് താരതമ്യേന ഭാരം കുറഞ്ഞ ന്യൂക്ലിയസുകളും (fissile products) കൂടുതൽ ന്യൂട്രോൺ കണങ്ങളുമായി മാറുന്നു. ഇതിനൊപ്പം അധികംവരുന്ന കുറച്ച് ദ്രവ്യം ഊർജമായിമാറുന്നു. പ്രധാനമായും ഈ ഫിസൈൽ പ്രോഡക്ടുകളുടെ ഗതികോർജവും റേഡിയേഷനുമായി പുറത്തുവരുന്ന ഇത് റിയാക്ടർ കോറിനുള്ളിൽ താപോർജമായി മാറും. ന്യൂക്ലിയർ റിയാക്ടറുകൾ ഉണ്ടാക്കുന്ന ഈ താപോർജത്തെയാണ് നമുക്കുപയോഗിക്കാൻ പറ്റുന്ന ഇലക്ട്രിസിറ്റിപോലുള്ള ഊർജ സ്രോതസ്സുകളായി, ജനറേറ്ററുകൾ വഴി നാം മാറ്റിയെടുക്കുന്നത്. ഇങ്ങനെ ന്യൂക്ലിയർ ഫിഷനിലൂടെ പുറത്തുവരുന്ന ന്യൂട്രോണുകൾ തിരിച്ച് മറ്റു ന്യൂക്ലിയസുകളെ വിഘടിപ്പിക്കാൻ കഴിവുള്ളവയാണ്. ഉദാഹരണമായി, ഒരു ന്യൂട്രോൺ വന്നിടിച്ച് യുറേനിയം ന്യൂക്ലിയസ് വിഘടിക്കുമ്പോൾ മൂന്നു ന്യൂട്രോണുകളാണ് ഉണ്ടാവുന്നത്. ഇവ അടുത്തുള്ള മൂന്നു യുറേനിയം ന്യൂക്ലിയസുകളെ വിഘടിപ്പിക്കും. അപ്പോൾ മൂന്നിനു പകരം ഒമ്പത് ന്യൂട്രോണുകൾ ഉണ്ടാവും. ഇങ്ങനെ വളരെപ്പെട്ടെന്ന് അനേകം ന്യൂക്ലിയസുകൾ വിഘടിക്കുന്ന ഒരു ചെയിൻ റിയാക്ഷനാണ് റിയാക്ടറുകളിൽ നടക്കുന്നത്. റിയാക്ടറുകളിൽ ഇത് വളരെ നിയന്ത്രിതമായി വളരെക്കൂടുതൽ സമയംകൊണ്ട് നടക്കുമ്പോൾ ന്യൂക്ലിയർ ബോംബുകളിൽ ഇത് അനിയന്ത്രിതമായി ഒറ്റയടിക്ക് നടക്കുന്നു എന്നതാണ് വ്യത്യാസം.

ചെയിൻ റിയാക്ഷനെ നിയന്ത്രിക്കുന്നതെങ്ങനെ?

വിഘടനശേഷം ഉണ്ടാകുന്ന ന്യൂട്രോണുകളെ നീക്കം ചെയ്തും അവയുടെ വേഗത കുറച്ചുമാണ് ചെയിൻ റിയാക്ഷനെ റിയാക്ടറുക ളിൽ നിയന്ത്രണവിധേയമാക്കുന്ന ത്. ഒരു ആണവ നിലയത്തിൽ ന്യൂ ക്ലിയർ ഫിഷനെ നിയന്ത്രിക്കുന്ന പ്രധാന ഭാഗമാണ് താഴെകൊടുത്തിരിക്കുന്നത്.

റിയാക്ടറുകൾക്കുള്ളിലെ യുറേനിയംപോലുള്ള ന്യൂക്ലിയർ ഇന്ധനങ്ങൾ ചെറിയ സിറാമിക് കഷ്‌ണങ്ങളാക്കി (ceramic pellets) സീൽ ചെയ്ത ലോഹട്യൂബുകളിലാണ് ഉണ്ടാവുക. ഫ്യൂവൽ റോഡുകൾ എന്നാണ് ഇവയെ വിളിക്കുന്നത്. ഇത്തരം കുറേ ഫ്യൂവൽ റോഡുകളുടെ കെട്ടുകളായാണ് റിയാക്ടറുകൾക്കുള്ളിലെ ഫ്യൂവൽ അസംബ്ലി.

ന്യൂക്ലിയർ ഫിഷന്റെ ഫലമായുണ്ടാവുന്ന ന്യൂട്രോണുകളുടെ എണ്ണവും വേഗവും നിയന്ത്രിച്ചാണ് ചെയിൻ റിയാക്ഷനെ കൺട്രോൾ ചെയ്‌ത് വരുതിയിലാക്കുന്നതെന്നു പറഞ്ഞല്ലോ. ഇതിനായി വ്യത്യസ്‌ത രീതിയിൽ പ്രവർത്തിക്കുന്ന രണ്ടു തരം സംവിധാനങ്ങളാണ് ന്യൂക്ലിയർ റിയാക്ടറുകളിൽ പൊതുവേ ഉണ്ടാവുക. ആദ്യത്തേത്. ബോറോൺ, കാഡ്‌മിയം തുടങ്ങിയവകൊണ്ടു നിർമ്മിച്ച് ഫ്യൂവൽ റോഡുകൾക്കിടയിൽ ആവശ്യാനുസരണം തിരുകിക്കയറ്റാൻ പറ്റുന്ന കൺട്രോൾ റോഡുകളാണ്. ഇവ അധികമായി വരുന്ന ന്യൂട്രോണുകളെ ആഗിരണം ചെയ്തത് മാറ്റുകയും അതുവഴി ചെയിൻ റിയാക്ഷന്റെ തോത് കുറയ്ക്കുകയും ചെയ്യുന്നു. രണ്ടാമത്തേത്, ചെയിൻ റിയാക്ഷനെ കൂടുതൽ സമയം നിലനിർത്താൻ വേണ്ടിയുള്ളതാണ്. സാധാരണ ന്യൂക്ലിയർ ഫിഷനിൽ ഉൽപാദിപ്പിക്കപ്പെടുന്ന ന്യൂട്രോണുകൾക്ക് വലിയ എനർജി  സ്പീഡ്  ഉണ്ടായിരിക്കും. ഇവയുടെ സ്പ‌ീഡ് കൂ ടുമ്പോൾ മറ്റൊരു ന്യൂക്ലിയസുമായി കൂട്ടിമുട്ടി ഫിഷൻ ഉണ്ടാക്കാനു ള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത്. അതുകൊണ്ട്, കൂടുതൽ സമയം ന്യൂക്ലിയർ റിയാക്ഷൻ നിലനിർത്തിക്കൊണ്ടുപോകാൻ ഈ ന്യൂട്രോണുകളുടെ വേഗത കുറയ്ക്കേണ്ടതുണ്ട്. ഇതിനാണ് ഫ്യൂവൽ റോഡുകൾക്കിടയിൽക്കൂടി കടത്തി വിടുന്ന, മോഡറേറ്ററുകൾ എന്നുവിളിക്കുന്ന പദാർഥങ്ങൾ ഉപയോഗിക്കുന്നത്. ജ ലം, ഖനജലം, ഗ്രാഫൈറ്റ് തുടങ്ങിയ പദാർഥങ്ങളാണ് സാധാരണ മോഡറേറ്ററുകളായി ഉപയോഗിക്കുന്നത്.

ന്യൂക്ലിയർ റിയാക്ടറുകളിൽ വിഘടനം വഴി പുറത്തുവിടുന്ന താപം പിടിച്ചെടുക്കുകയും വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിക്കുകയും വേണമല്ലോ. ഇതിനായി റിയാക്ടറുകളിൽ കൂളന്റുകൾ ഉപയോഗിക്കുന്നു, അത് ഇന്ധനം പ്രോസസ്സ് ചെയ്യുന്ന കോറിൽനിന്നും ചൂട് നീക്കം ചെയ്യുകയും അത് ഇലക്ട്രിക്കൽ ജനറേറ്ററുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. കോറിനുള്ളിൽ നിയന്ത്രിതമായ രീതിയിൽ മർദം നിലനിർത്താനും കൂളന്റുകൾ സഹായിക്കുന്നു. സാധാരണയായി ഉപയോഗിക്കുന്ന കൂളൻ്റ്  ജലമാണ്, ഘനജലം, കാർബൺ ഡൈഓക്സൈഡ്, ഹീലിയം, ലിക്വിഡ് സോഡിയം, സോഡിയം-പൊട്ടാസ്യം അലോയ് എന്നിവ കൂളന്റായി ഉപയോഗിക്കുന്ന ആണവനിലയങ്ങളും ഉണ്ട്. കൂളന്റുകൾ ക്യത്യമായി പ്രവർത്തിച്ചില്ലെങ്കിൽ അത് താപത്തിൻ്റെ അനിയന്ത്രിതമായ വിതരണത്തിനും ആണവനിലയത്തിന്റെ തകർച്ചയ്ക്കുംവരെ കാരണമാകാറുമുണ്ട്.

അണുബോംബും ആണവനിലയങ്ങളും

 നേരത്തെ സൂചിപ്പിച്ചതുപോലെ, ജനങ്ങളുടെ പൊതുബോധത്തിൽ ആണവനിലയങ്ങളെന്നു കേൾക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പൊട്ടിത്തെറിക്കും എന്നൊരു ഇമേജ് കൃത്യമായും ഉണ്ടെന്നു കാണാം. എന്നാൽ, എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ബോംബാണോ ന്യൂക്ലിയർ റിയാക്ടറുകൾ? അല്ലേയല്ല എന്നാണുത്തരം.

ആണവനിലയങ്ങളിലും അണുബോംബിലും ഉപയോഗിക്കുന്നത് ഒരേതരം ഇന്ധനങ്ങളാണെങ്കിലും അവയുടെ കോൺസെൻട്രേഷനിൽ വലിയ വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, തൊണ്ണൂറു ശതമാനത്തിലധികം യുറേനിയംപോലുള്ള റേഡിയോ ആക്ടീവ് മെറ്റീരിയൽ അടങ്ങിയ ഫ്യൂവൽ പെല്ലറ്റുകളെ വളരെയധികം മർദത്തിൽ തീരെച്ചെറിയ ഒരു വോള്യത്തിലേക്ക് ചുരുക്കി, ഇന്ധനത്തിന്റെ സാന്ദ്രത വർധിപ്പിച്ച്, ഏറ്റവുമധികം നിയന്ത്രണാതീതമായ ചെയിൻ റിയാക്ഷനുകൾ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് ഉണ്ടാക്കുമ്പോഴാണ് അണുബോംബിൽ വളരെയധികം ഊർജം സ്ഫോടനത്തിൻ്റെ രൂപത്തിൽ പുറത്തുവരുന്നത്.

 ഇതിൽനിന്നും വളരെ വ്യത്യസ്തമാണ് ആണവനിലയങ്ങളുടെ പ്രവർത്തന രീതി. ഇതിലുപയോഗിക്കുന്ന ഫ്യൂവൽ റോഡുകളിൽ വളരെച്ചെറിയ ശതമാനം റേഡിയോ ആക്ടീവ് മെറ്റീരിയലേ ഉണ്ടാവൂ. മാത്രമല്ല, അവ അടങ്ങിയ ഫ്യൂവൽ റോഡുകൾ തമ്മിലുള്ള അകലം താരതമ്യേന കൂടുതലുമാണ്. അതുകൊണ്ടുതന്നെ, സ്ഫോടനത്തിലേക്ക് നയിക്കുന്നത് തരം അനിയന്ത്രിതമായ ചെയിൻ റിയാക്ഷനുകൾ റിയാക്ടറുകളിൽ ഉണ്ടാവില്ല. ഉണ്ടാകുന്ന ന്യൂട്രോണുകൾ അധികവും ഇന്ധനത്തിന് വെളിയിൽപ്പോകാനാണ് കൂടുതൽ സാധ്യത എന്നതുകൊണ്ട് അവയിൽ കൂടുതൽ സമയത്തേക്ക് ഫിഷൻ റിയാക്ഷനുകൾ നിലനിർത്താൻതന്നെ സാധാരണഗതിയിൽ ബുദ്ധിമുട്ടാണ്. റിയാക്ടറുകളിൽ മോഡറേറ്ററുകൾ ഉപയോഗിക്കുന്നതുതന്നെ ഇതിനാണ്.

എങ്ങനെയാണ് ആണവദുരന്തങ്ങൾ ഉണ്ടാവുന്നത്?

കഴിഞ്ഞ 60 വർഷത്തെ ന്യൂക്ലിയർ എനർജിയുടെ ചരിത്രം നോക്കിയാൽ 18500 സഞ്ചിത ആണവ നിലയ വർഷങ്ങൾ (cumulative nuclear reactor years) 36 രാഷ്ട്രങ്ങളിലായി ഉണ്ടായിട്ടുണ്ട്. നാന്നൂറ്റി നാല്‌പതോളം ആണവ നിലയങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട്. ഇത്രയും കാലത്തിനിടയ്ക്ക് എടുത്തു പറയാൻ തക്ക പ്രാധാന്യമുള്ള 3 ആണവ അപകടങ്ങൾ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. ത്രീ മൈൽ ഐലൻഡ് (USA 1979), ചെർണോബിൽ (Ukraine 1986), ഫുക്കുഷിമ ദൈയിച്ചി (Fukushima Daiichi, Japan 2011) ഇവയാണത്. അതുകൊണ്ട്, സ്റ്റാറ്റിസ്റ്റിക്‌സ് വെച്ചു നോക്കിയാൽ വളരെ സേഫ് ആയി എല്ലാവരും കണക്കാക്കേണ്ട ഊർജസ്രോതസ്സാണ് ന്യൂക്ലിയർ എനർജി, പിന്നെങ്ങനെയാണ് നാമിപ്പോഴും പേടിയോടെ നോക്കിക്കാണുന്ന ന്യൂക്ലിയർ ദുരന്തങ്ങളുടെ ചിത്രങ്ങൾ നമ്മുടെ മനസ്സിൽ ഉറച്ചുപോയത്?

ഇതിന് ഒരു കാരണം. ഇത്തരം അപകടങ്ങൾ വളരെ അപൂർവമാണെങ്കിലും അവ ഉണ്ടാകുമ്പോൾ സംഭവിക്കുന്ന വൻതോതിലുള്ള, അനേകായിരം കിലോമീറ്ററുകളോളം വ്യാപിക്കാൻ സാധ്യതയുള്ള റേഡിയോ ആക്ടീവ് മലിനീകരണമാണ്. ഇതെങ്ങനെയാണ് ഉണ്ടാവുന്നതെന്നറിയാൻ ഇത്തരം അപകടങ്ങളുടെ വിശദശാംശങ്ങളിലേക്ക് കടക്കേണ്ടിവരും.

റിയാക്ടറുകളിൽ അപകടങ്ങളുണ്ടാവുന്നത് പലപ്പോഴും ഹ്യൂമൻ എറർ എന്നുവിളിക്കുന്ന, സുരക്ഷാ മാർഗനിർദേശങ്ങൾ ശരിയായി പാലിക്കാത്തതിന്റെ ഫലമായുണ്ടാവുന്ന പ്രശ്നങ്ങൾ കൊണ്ടോ പ്രക്യതിദുരന്തം പോലുള്ള ബാഹ്യകാരണങ്ങളോകൊണ്ട് റിയാക്ടറിനുള്ളിലെ ചില സുരക്ഷാസംവിധാനങ്ങൾ വേണ്ട സമയത്ത് ശരിയായി പ്രവർത്തിക്കാതിരിക്കുന്നതുകൊണ്ടോ ആണെന്നാണ് ഇതുവരെയു ള്ള ഡാറ്റ സൂചിപ്പിക്കുന്നത്. ഉദാഹരണമായി, ചെർണോബിലിലെ ആണവദുരന്തത്തിൽ റിയാക്ടർ ഷ ട്ട്ഡൗൺ ചെയ്യുകയാണെന്ന ധാരണയിൽ അതിലെ കൂളിങ് സിസ്റ്റം കുറച്ചു നേരത്തേക്ക് പ്രവർത്തിപ്പിക്കാതിരിക്കുന്ന സാഹചര്യം ഉണ്ടായി. ഇതേസമയത്ത് കൺട്രോൾ റോഡുകളെ പിൻവലിച്ചതുകൊണ്ട് റിയാക്ഷൻ റേറ്റ് കൂടുകയും റിയാക്ടർ കോറിൽ വർധിച്ച താപം ഉണ്ടാവുകയും ചെയ്തു. ഇത് ആ സമയത്ത് ഓണാക്കിയ കുളിങ് സിസ്റ്റത്തിലെ ജലത്തെ പെട്ടെന്ന് ആവിയാക്കി മാറ്റി, റിയാക്ടർ കോറിൽ അത്യധികമായ മർദം ഉണ്ടാക്കുകയും തൽഫലമായി സ്ഫോടനവും പത്തു ദിവസത്തോളം നീണ്ടുനിന്ന തീപിടിത്തവും ഒട്ടേറെ റേഡിയോ ആക്ടീവ് മെറ്റീരിയലുകളെ യൂറോപ്പിലാകമാനം പടർത്തിയ സാഹചര്യവുമുണ്ടായി (ചിത്രം 3 കാണുക).

ചിത്രം 3

 ചെർണോബിൽ ദുരന്തത്തിൽ രണ്ടുപേർ ഉടനടിയും, 28 പേർ പിന്നീട് നിലയത്തിൽ നിന്ന് പുറത്തു വന്ന റേഡിയേഷൻ മൂലവും മരിക്കുകയുണ്ടായി. ഇതിനുപുറമേ റേഡിയേഷൻ എക്സ്പോഷർകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങളും പലർക്കുമുണ്ടായി. ചെർണോബിൽ ദുരന്തം കഴിഞ്ഞ് ഏകദേശം നാല്‌പതു കൊല്ലമായെങ്കിലും ജർമ്മനിയിലും മറ്റും ഇപ്പോഴും അതിൽ നിന്നുള്ള റേഡിയോ ആക്ടീവ് സീഷിയത്തിന്റെ സാന്നിധ്യമുണ്ട്. റിയാക്ടറിലെ ഇന്ധനമായിരുന്ന പ്ലൂട്ടോണിയത്തിന്റെ ഹാഫ് ലൈഫ് ആയിരക്കണക്കിന് വർഷമായതിനാൽ ചെർണോബിൽ സൈറ്റിൽ ഇപ്പോഴും ശക്തമായ റേഡിയേഷൻ മലിനീകരണവുമുണ്ട്. അവിടെ സന്ദർശകരെ ഇപ്പോൾ അനുവദിക്കുന്നു ണ്ടെങ്കിലും ഒരു നിശ്ചിതസമയം മാത്രം ചെലവഴിക്കാനേ അനുവാദമുള്ളു. ഫുക്കുഷിമയിലെ ദുരന്തത്തിന്റെ പ്രധാന ഉത്തരവാദി സുനാമിയായിരുന്നു. ഇതിൽ പവർപ്ലാന്റിലെ കൂളിങ് സിസ്റ്റത്തിന്റെ പവർ സപ്ലൈകൾ തകരാറിലാവുകയും തന്മൂലം റിയാക്ടർ കോറിലെ താപം അനിയന്ത്രിതമായി ഉയർന്ന് ഫ്യൂവൽ റോഡുകൾ മെൽറ്റ് ചെയ്യുന്ന അവസ്ഥയുണ്ടാവുകയും ചെയ്‌തു. ചെർണോബിലിലേതുപോലെ ഉയർന്ന താപം സൃഷ്ടിച്ച മർദം സ് ഫോടനത്തിലേക്ക് നയിച്ചെങ്കിലും ചെർണോബിലിലേതിനേക്കാൾ കുടുതൽ സുരക്ഷാസംവിധാനങ്ങൾ (പ്രഷർ കുക്കറിലെ സേഫ്റ്റി വാൽവ് പോലെയുള്ള പ്രഷർ വെൻ്റിങ് സംവിധാനങ്ങൾ) ഫുക്കുഷിമയിൽ ഉണ്ടായിരുന്നതുകൊണ്ട് 1986-ലേതിനേക്കാൾ കുറഞ്ഞ റേഡിയോ ആ ക്ലീവ് മലിനീകരണമേ ഫുക്കുഷി മയിൽ ഉണ്ടായുള്ളൂ. ചെർണോബിലിന്റെ പത്തിലൊന്ന് റേഡിയോ ആക്ടീവ് ഉത്സർജനമേ ഫുക്കുഷിമയിൽ ഉണ്ടായുള്ളൂ എന്നാണ് അനുമാനം. ഒഴിപ്പിക്കൽ തുടങ്ങിയ സുരക്ഷാനടപടികൾ കൃത്യമായി പാലിച്ചതുകൊണ്ട് ഒരാൾ പോലും ദുരന്തത്തിൽ മരിച്ചതുമില്ല.

ആണവോർജത്തിന്റെ ദൂഷ്യവശങ്ങളുടെ കണക്കെടുക്കുന്നതിനോടൊപ്പം മറ്റ് ഊർജോൽപാദന മാർഗങ്ങളുടെ ഡാറ്റയുമായി ന്യൂക്ലിയർ എനർജിയെ താരതമ്യം ചെയ്യുമ്പോൾ മാത്രമേ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഏതാണ് അനുയോജ്യം എന്നതിൽ സമതുലിതമായ ഒരു ചർച്ച സാധ്യമാവൂ.

ന്യൂക്ലിയർ എനർജി ശരിക്കും ആളെക്കൊല്ലിയാണോ?

പ്രധാനമായും കൽക്കരി, നാച്വറൽ ഗാസ്, പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗപ്പെടുത്തുന്ന തെർമ്മൽ പവർ സ്റ്റേഷനുകൾ വഴിയും വെള്ളത്തിന്റെ സ്ഥിതികോർജം ഉപയോഗപ്പെടുത്തുന്ന ജലവൈദ്യുത പദ്ധതി വഴിയുമൊക്കെ മനുഷ്യർ ഊർജം ഉൽപാദിപ്പിക്കുമ്പോഴാണോ, അതോ ആണവനി ലയങ്ങൾ കൊണ്ടാണോ കൂടുതൽ മനുഷ്യർ മരിച്ചിട്ടുള്ളത്? ആഗോള എനർജി ഉപഭോഗത്തിന്റെ 36% ഉണ്ടാക്കുന്നത് കൽക്കരി വഴിയാവുമ്പോൾ, 12% ജലവൈദ്യുത പദ്ധതികൾ വഴിയും 10% ന്യൂക്ലിയർ എനർജി വഴിയുമാണ് കിട്ടുന്നത്. അതുകൊണ്ടുതന്നെ, ഇവയെ താരതമ്യപ്പെടുത്തുമ്പോൾ ഒരു യൂണിറ്റ് എനർജി ഉൽപാദനത്തിൽ ഈ സോഴ്‌സുകൾ എത്രത്തോളം അപകടകാരികളാണെന്ന് പരിശോധിക്കുന്നതാണ് നല്ലത്. ഇപ്രകാരം, ഒരു മണിക്കൂറിൽ ഒരു Terawatt (one trillion watts) എനർജി (TWh) ഉൽപാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മരിക്കുന്നവരുടെ എണ്ണമാണ് ഇതോടൊപ്പം ബാർഗ്രാഫായി കൊടുത്തിരിക്കുന്നത്. ഇത്തരം മരണങ്ങൾ ഉൽപാദനവുമായി ബന്ധപ്പെട്ട അപകടങ്ങളോ ആ ഊർജ സ്രോതസ്സ് വരുത്തിവയ്ക്കുന്ന പരിസര മലിനീകരണത്തിന്റെ അനന്തരഫലങ്ങൾകൊണ്ടോ ഒക്കെയാകാം. ഡാറ്റ നോക്കുമ്പോൾ കൽക്കരിയുടെ ഉപയോഗത്തിലൂടെ 57 പേർ മരിക്കുമ്പോൾ (Brown coal + Coal) തത്തുല്യമായ ന്യൂക്ലിയർ എനർജിയുടെ ഉൽപാദനത്തിലൂടെ സംഭവിക്കുന്ന മരണങ്ങൾ താരതമ്യേന വളരെക്കുറവാണ് (ചിത്രം 4).

എങ്ങനെ നോക്കിയാലും ന്യൂക്ലിയർ വഴി ഉൽപാദിപ്പിക്കപ്പെടുന്ന എനർജി അപകടം കുറഞ്ഞതായാണ് ഡാറ്റകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുക.

ഇതിന് ഒരു കാരണം, ഇത്തരം ഊർജ സ്രോതസ്സുകളിൽ ഒരു യൂണിറ്റ് എനർജി ഉൽപാദിപ്പിക്കുന്നതിന് ഉപയോഗിക്കേണ്ടിവരുന്ന ഇന്ധനത്തിന്റെ അളവാണ്. ഊർജോൽപാദനത്തിന്റെ പാരിസ്ഥിതിക ആഘാതത്തിലും ഊർജ സ്രോതസ്സുകളുടെ ഈ എഫിഷ്യൻസിക്ക് വലിയ പങ്കുണ്ട്. ഒരേ അളവ് ഊർജം ഉൽപാദിപ്പിക്കാൻ ചില സ്രോതസ്സുകളിൽ വളരെ കൂടുതൽ അളവ് ഇന്ധനം ഉപയോഗിക്കേണ്ടി വരുമ്പോൾ അവകൊണ്ടുള്ള പ്രശ്‌നങ്ങളും കൂടുന്നുവെന്നതാണ് ഇതിലെ കാര്യം.

ഉദാഹരണമായി, 2 കിലോഗ്രാം യുറേനിയം – 235 ഉപയോഗിച്ച് ഏകദേശം 1000 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. ഇത്രയും വൈദ്യുതി കൽക്കരി നിലയങ്ങളിലാണ് ഉൽപാദിപ്പിക്കുന്നതെന്ന് കരുതുക, 5600 ടൺ കൽക്കരി അതിന് ആവശ്യമായിവരും. അത്രയധികം ഊർജമാണ് ന്യൂക്ലിയർ ഇന്ധനങ്ങളിൽ സംഭരിച്ചു വെച്ചിരിക്കുന്നത്. ഒരിഞ്ച് കനമുള്ള യുറേനിയം നൽകുന്ന ഊർജത്തിന്റെ അത്രയും ഊർജം ഉൽപാദിപ്പിക്കാൻ എത്രത്തോളം മറ്റ് ഇന്ധനങ്ങൾ വേണ്ടിവരുമെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഒരു താരതമ്യം ചിത്രം  5-ൽ നൽകിയിരിക്കുന്നു.

ചിത്രം  5

ന്യൂക്ലിയർ ഇന്ധനങ്ങൾക്കാണ് ഏറ്റവും എ നർജി എഫിഷ്യൻസി എന്നത് പകൽപോലെ വ്യക്തമായിട്ടും ഇന്ത്യയിലെ അനുദിനം വർധിച്ചു വരുന്ന ഊർജ ഉപഭോഗത്തിന് താരതമ്യേന പരിസ്ഥിതി സൗഹൃദപരമായ ഒരു പ്രായോഗിക പരിഹാരം തൽക്കാലം വേറെയൊന്നില്ല എന്നറിഞ്ഞിട്ടും ഇന്നുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷിതമായ രീതിയിൽ ആണവനിലയങ്ങളെ പ്രവർത്തിപ്പിക്കാം എന്ന് കണക്കുകൾ കാണിച്ചിട്ടും നമ്മൾ ആണവ നിലയങ്ങളുടെ കാര്യത്തിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതിന് കാരണം എന്താവും?

ഇതിനൊരു കാരണം, പൊതു ബോധത്തിൽ നമ്മൾ ഉണ്ടാക്കിയെടുത്ത ‘റേഡിയേഷൻ പേടി’യല്ലേ എന്ന് സംശയിച്ചാൽ തെറ്റുപറയാനാവില്ല. മൊബൈൽ ടവറിൽ നിന്നുണ്ടാവുന്ന ‘റേഡിയേഷനെ’ മുതൽ തേനിയിൽ INO (India based neutrino observatory) വരുമ്പോൾ ന്യൂട്രിനോകളിൽ നിന്നുണ്ടാവുന്ന ‘റേഡിയേഷനെ’ വരെ എതിർത്തവരാണ് നമ്മൾ. ന്യൂട്രിനോ എന്താണെന്നും, ലക്ഷക്കണക്കിന് ന്യൂട്രിനോ നമ്മുടെ ശരീരത്തിലൂടെ നിരന്തരം കടന്നുപോകുന്നുണ്ടെന്ന വസ്തുതകളൊന്നും ചിന്തിക്കാൻ വിവാദം ഉണ്ടാക്കിയവർ ശ്രമിച്ചില്ല.

റേഡിയേഷൻ പല തരത്തിലുണ്ട്, പ്രശ്നക്കാരും പ്രശ്‌നക്കാരല്ലാത്തവരും. നമ്മുടെ ശരീരത്തിലെ ആറ്റങ്ങളെ അയണീകരിക്കാൻ കെല്‌പുള്ള റേഡിയേഷനുകളാണ് ഇതിൽ പൊതുവെ പ്രശ്നക്കാർ. ആ ണവ റിയാക്ടറുകൾക്കുള്ളിൽ ന്യൂക്ലിയർ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ചില റേഡിയേഷനുകൾ ഇത്തരത്തിലുള്ളവയാണ്. ഇവ മനുഷ്യശരീരവുമായി സമ്പർക്കത്തിൽ വന്നാൽ പ്രശ്‌നമാണ്. കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ‌നങ്ങൾക്ക് കാരണമാവാറുമുണ്ട്. ഉദാഹരണമായി, ആണവ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്ന സ്ഥിരത കുറഞ്ഞ ന്യൂക്ലിയസുകളുടെയൊക്കെ പ്രത്യേകത അവ സ്ഥിരത കൈവരിക്കാൻ ശ്രമിക്കുമ്പോൾ പുറത്തുവരുന്ന ആൽഫ, ബീറ്റ, ന്യൂട്രോൺ കണങ്ങളും ഗാമാ വികിരണങ്ങളുമാണ്.

ചിത്രം 6

എന്നാൽ ഹാനികരമായ കണങ്ങളേയും വികിരണങ്ങളേയും പൂർണ്ണ മായും തടഞ്ഞുനിർത്തി മനുഷ്യർക്ക് ഹാനികരമല്ലാത്ത ലെവലിൽ എത്തിക്കാനുള്ള ഷീൽഡിങ് സാങ്കേതികവിദ്യ എല്ലാ ആണവനിലയങ്ങളിലും ഉണ്ട്. ലെഡ്. കോൺക്രീറ്റ്, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കൾ പല കട്ടിയിലും കോമ്പിനേഷനുകളിലും ഉപയോഗിച്ചാണ് ഇത്തരം റേഡിയേഷൻ ഷീൽഡിങ് ഉണ്ടാക്കുന്നത്. ഏതൊക്കെ വസ്തുക്കൾ ഏതൊക്കെ വികിരണങ്ങളെയാണ് തടഞ്ഞു നിർത്തുകയെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ ചിത്രം 6 സഹായകരമാവും.

ആണവനിലയങ്ങൾ ഒന്നും ഇല്ലാതെത്തന്നെ നമുക്കുചുറ്റും സ്വാഭാവികമായി കാണുന്ന ‘നാച്വറൽ’ റേഡിയേഷൻ സോഴ്‌സുകൾ ഉണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് (ഉദാ: വാഴപ്പഴം), വീടുവെക്കാൻ ഉപയോഗിക്കുന്ന കോൺക്രീറ്റിൽ നിന്ന്, ചിലയിടങ്ങളിലെ മണ്ണിൽനിന്നും കടൽത്തീരങ്ങളിലെ മണലിൽ നിന്നുമൊക്കെ ഇത്തരം റേഡിയേഷനുകൾ നമ്മുടെ ചുറ്റും ഉണ്ടാവുന്നുണ്ട് (ചിത്രം 7 ശ്രദ്ധിക്കുക). ഈ ബാക്ക് ഗ്രൗണ്ട് അഥവാ പശ്ചാത്തല വികിരണ ലെവലിൽനിന്നും അധികമാവാതിരിക്കാൻ തക്ക ഷീൽഡി ങ്ങാണ് മിക്ക ആണവനിലയങ്ങളിലും ഉ പയോഗിക്കുന്നത്. ഇന്ത്യയിൽ ഇതിന്റെ മോണിറ്ററിങ്ങും റെഗുലേഷനും ആറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ (AERB) ചുമതലയാണ്. AERB അന്തരീക്ഷത്തിലെ വിവിധ മാർഗങ്ങളിലൂടെയുള്ള റേഡിയേഷന്റെ അളവ് (background radiation) പഠിക്കുകയും അതു തടയാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ നിർദേശം നൽകുകയും ചെയ്യാറുണ്ട്. മനുഷ്യശരീരത്തിന് ഏറ്റാൽ ഹാനികരമാവാത്ത പശ്ചാത്തല റേഡിയേഷന്റെ പരിധി (millisievert (mSv) per year) നിശ്ചയിക്കേണ്ടത് AERB യാണ്. ഇന്ത്യയിൽ 1 mSv/year ആയാണ് അതിന്റെ പരിധി (Whole body. Effective dose) നിശ്ചയിച്ചിരിക്കുന്നത്.

ചിത്രം 7

നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം എക്സ്പോസ് ചെയ്യപ്പെടുന്ന റേഡിയേഷനിൽ ആണവനിലയങ്ങൾ ഉൾപ്പെടുന്ന ന്യൂക്ലിയർ ഇൻഡസ്ട്രി പുറത്തുവിടുന്ന റേഡിയേഷന്റെ പങ്ക് വളരെ കുറവാണെന്ന് മുകളിൽ കൊടുത്ത ഡാറ്റയിൽ നിന്ന് മനസ്സിലാക്കാം. ഇത് ഒരുതരത്തിൽ ന്യൂക്ലിയർ ഇൻഡസ്ട്രിയിൽ അനുവർത്തിക്കുന്ന സൂരക്ഷാ സംവിധാനങ്ങളുടെ മികവിനേയും ആണവനിലയങ്ങളിലെ റേഡിയേഷൻ സേഫ്റ്റിക്ക് ലോകരാഷ്ടങ്ങൾ നൽകുന്ന പ്രാധാന്യത്തെയുമാണ് സൂചിപ്പിക്കുന്നത്.

ആണവനിലയങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും

ന്യൂക്ലിയർ ഫിഷൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന എല്ലാ ആണവനിലയങ്ങളുടേയും പൊതുവായ ഒരു പ്രശ്നമാണ്. ഇതിൽനിന്നു വരുന്ന റേഡിയോ ആക്ടീവ് വേസ്റ്റുകളുടെ നിർമ്മാർജനവും സംരക്ഷണവും. പലപ്പോഴും ന്യൂക്ലിയർ വേസ്റ്റിനെപ്പറ്റി പറയുമ്പോൾ ആണവ നിലയത്തിൽനിന്ന് പുറത്തുവരുന്ന എല്ലാ വേസ്റ്റും ഗുരുതരമായ റേഡിയേഷൻ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവയായാണ് നമ്മൾ മനസ്സിലാക്കുക. പക്ഷേ, പഠനങ്ങൾ പറയുന്നത് 97 ശതമാനവും റേഡിയേഷൻ തീവ്രത കുറഞ്ഞ ന്യൂക്ലിയർ വേസ്റ്റാണെന്നാണ്. മൂന്ന് ശതമാനമാണ് ശക്തമായ റേഡിയേഷൻ സാധ്യതയുള്ളതും വളരെ ദൈർഘ്യമേറിയ ഹാഫ്-ലൈഫ് ഉള്ളതുമായ വേസ്റ്റുകൾ. ഒരു ആണവനിലയത്തിൽ നിന്നും ശരാശരി 25-30 ടൺ തീവ്രത കൂടിയ നൂക്ലിയർ വേസ്റ്റാണ് ഒരുവർഷം പുറത്തുവരാറുള്ളത്. ഇതിന്റെ മൂന്നിൽ ഒരു ഭാഗം പുനരുപയോഗസാധ്യതയുള്ളതാണ്. ബാക്കിവരുന്നവ സൂക്ഷിച്ചു വെയ്ക്കാൻ കൃത്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഉണ്ട്. എങ്കിലും ഇവയുടെ കൃത്യമായ സ്റ്റോറേജ്, സംരക്ഷണം തുടങ്ങിയ കാര്യ ങ്ങൾ ഗൗരവതരമായ ബാധ്യതതന്നെയാണ്.

പക്ഷേ, ഇത്തരം ന്യൂക്ലിയർ വേസ്റ്റുകൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ നമ്മൾ മനസ്സിലാക്കേണ്ടത് ന്യൂക്ലിയർ അല്ലാത്ത വിവിധ മാർഗങ്ങളിലൂടെ ഊർജം ഉൽപാദിപ്പിക്കുമ്പോൾ പുറത്തുവരുന്ന ഹരിതഗൃഹവാതകങ്ങളുണ്ടാക്കു ന്ന പാരിസ്ഥിതിക ആഘാതങ്ങളുമായി തുലനം ചെയ്‌താണ്. പ്രത്യേകിച്ചും, ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ.

ആഗോളതാപനത്തെപ്പറ്റി ചർച്ച ചെയ്യാൻ 2022 നവംബറിൽ ഈജിപ്തിൽ വെച്ച് നടന്ന COP-27 (27th Conference of the Parties to the United Nations Frame- work Convention on Climate Change) ആഗോളതാപന വർധന 1.5°C ഉള്ളിൽ നിലനിർത്തുക എന്ന ലക്ഷ്യം മുന്നോട്ടുവെച്ചാണ് അവസാനിപ്പിച്ചത്. ഇതിന്റെ ചുവടു പിടിച്ച് പല രാഷ്ട്രങ്ങളും ക്ലീൻ എനർജിയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചു തുടങ്ങി. ക്ലീൻ എനർജി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ഉൽപാദനസമയത്തും ഉപയോഗസമയത്തും ആഗോളതാപനത്തിന് ആക്കംകൂട്ടുന്ന ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനം കഴിയുന്നതും കുറയ്ക്കുക എന്നതാണ്.

ആഗോളതാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശാസ്ത്രീയമായി പഠിക്കാനായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ രൂപവൽക്കരിച്ച ശാസ്ത്രജ്ഞരുടെയും നയതന്ത്രപ്രതിനിധികളുടെയും കൂട്ടായ്മയായ IPCC (Intergovernmental Panel on Climate Change), അവരുടെ റിപ്പോർട്ടിലെ ഒരു ഗ്രാഫ് താഴെക്കൊടുക്കുന്നു. ഓരോ ഊർജ സ്രോതസ്സും പുറപ്പെടുവിക്കുന്ന കാർബൺ ഡൈഓക്സൈഡ് ഇക്വിവലന്റ് (CO2-Eq) ആണ് അതിൽ. CO2-Eq കൊണ്ട് അർഥമാക്കുന്നത് ആഗോളതാപനത്തിന് കാരണമാവാൻ കഴിവുള്ള (global warming potential (GWP)) ഹരിതഗൃഹ വാതകങ്ങളുടെ ഗ്രാമിൽ ഉള്ള അളവാണ്. ആഗോള താപന ക്ഷമത (Global warming potential) എന്ന അളവുകോൽ ഉപയോഗിച്ചാണ് ഹരിതഗൃഹ വാതകങ്ങളുടെ പ്രഹരശേഷി അളക്കുന്നത്. ഇത് കാർബൺ ഡൈഓക്സൈഡിന് 1 ആണെങ്കിൽ മീഥൈന് 28 ഉം, നൈട്രസ് ഓക്സൈഡിന് 265 ഉം ആണ്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് കാർബൺ ഡൈ ഓക്സൈഡ് തുല്യത (CO2 -Eq) പറയുന്നത്. ഇതു പ്രകാരം 820g CO2 Eq ആണ് കൽക്കരി വഴി പുറത്തുവരുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ്, അതേ സമയം 12g CO2-Eq മാത്രമാണ് ന്യൂക്ലിയർ വഴി പുറത്തുവരുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ്. വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഊർജങ്ങളിൽ ഏറ്റവും കുറവ് കാർബൺ പുറത്തേക്ക് വിടുന്നത് ന്യൂക്ലിയർ എനർജിയും വിൻഡ് എനർജിയും ആണെന്നർഥം. അതായത്, എനർജി ഉൽപാദിപ്പിക്കുവാൻ കാർബൺ ബഹിർഗമനം ഏറ്റവും കുറഞ്ഞ മാർഗങ്ങളിലൊന്ന് ആണവോർജത്തിന്റെ ഉപയോഗമാണ്.

ഊർജസ്രോതസ്സുകളും ആഗോള ട്രെൻഡുകളും

ലോകത്തെ ഊർജോൽപാദനത്തിന്റെ ഏകദേശം 10% മാത്രമേ ഇന്ന് ആണവ നിലയങ്ങളിൽക്കൂടി ഉൽപാദിപ്പിക്കുന്നുള്ളൂ. ഇതിൽത്തന്നെ, ഓരോ രാജ്യത്തിന്റെയും പങ്കാളിത്തം എടുക്കുകയാണെങ്കിൽ ഇന്ത്യയുടെ സ്ഥാനം വളരെ പിറകിലാണ്. ലോകത്ത് വിവിധങ്ങളായ മാർഗങ്ങളിലൂടെ ഓരോ രാജ്യവും ഉൽപാദിപ്പിക്കുന്ന എനർജിയുടെ കണക്ക് ചിത്രം 9-ൽ കൊടുത്തിരിക്കുന്നു.

ചിത്രം 9

തീയിനെ വരുതിയിലാക്കിയതുമൂലം മനുഷ്യരാശിക്കുണ്ടായ മാറ്റത്തെ ന്യൂക്ലിയർ എനർജിയുമായി തുടക്കത്തിൽ താരതമ്യം ചെയ്തിരുന്നല്ലോ. ഭൂമുഖത്തുള്ള പല രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക അന്തരത്തിന് ഒരുകാരണം ഊർജത്തിൻ്റെ മുകളിലുള്ള സ്വാധീനവും അത് ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യവുമാണ് (വിപണി വിലയടക്കം ഊർജ ഉപയോഗ സ്വാതന്ത്ര്യത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്). ഓരോ രാജ്യവും തങ്ങളുടെ ആണവനിലയങ്ങളിൽ ഉൽപാദനം നടത്തുന്ന ഊർജത്തിന്റെ ശതമാനം ഇൻ്റർ നാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) യുടെ പവർ റിയാക്ടർ ഇൻഫർമേഷൻ സിസ്റ്റം (PRIS) തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

ശതമാന അടിസ്ഥാനത്തിൽ നോക്കിയാൽ ആഗോളതലത്തിൽ ഇന്ന് ഉപയോഗിക്കുന്ന ന്യൂക്ലിയർ എനർജിയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഫ്രാൻസ് ആണ്. രണ്ടാംസ്ഥാനത്ത് ഉണ്ടായിരുന്ന ജപ്പാനിൽ 2011 ലെ ഫുക്കുഷിമ ദുരന്തത്തിനുശേഷം ഉൽപാദനം കുറച്ചതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇതിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സ്ഥാനം വളരെ പിറകിലാണ് (3.1 ശതമാനം).

ഫ്രാൻസിൽ മാത്രം 56 ആണവനിലയങ്ങളാണ് ഉള്ളത്. അതേസമയം, ഫ്രാൻസിന്റെ അറിരട്ടി വലുപ്പമുള്ള ഇന്ത്യയിൽ 19 ആണവ നിലയങ്ങളാണ് ഉള്ളത്. ചൈന 2011നുശേഷം 42 പുതിയ ആണവ നിലയങ്ങളാണ് സ്ഥാപിച്ചത് (ആകെ 55). 2047-ൽ വികസിതരാജ്യമാവുമെന്ന് സ്വപ്നം കാണുന്ന നാം അതിനാവശ്യമായ ഊർജപ്രതിസന്ധിയെ നേരിടാൻപോകുന്നത് എങ്ങനെയാണ്?

ഫുക്കുഷിമ ദുരന്തത്തിനുശേഷം പുതിയ ആണവനിലയങ്ങളുടെ കാര്യത്തിൽ മിക്ക രാഷ്ട്രങ്ങളും മെല്ലെപ്പോക്ക് നയം സ്വീകരിച്ചത് ശാസ്ത്രീയമായിരുന്നോവെന്ന് ചിന്തിക്കേണ്ടതുണ്ട്. 2050 ആവുമ്പോഴേക്കും 792 gigawatts വൈദ്യുതി (നിലവിൽ ഉള്ളതിന്റെ ഇരട്ടി) ആണവനിലയങ്ങൾവഴി ഉൽപാദിപ്പിക്കാനുള്ള ശ്രമവുമായാണ് IAEA ഇപ്പോൾ മുന്നോട്ടു പോവുന്നത്. ഇ ങ്ങനെയുള്ള ഊർജ ഉൽപാദനമാർഗങ്ങളിൽ വരാൻപോകുന്ന മാറ്റങ്ങളാവും ഭാവിയിൽ ഹരിതഗൃഹ വാതകങ്ങളുടെ തോതുകുറച്ച് ആഗോളതാപനം പിടിച്ചു നിർത്താൻ പോകുന്നത്.

കഴിഞ്ഞ അമ്പതുവർഷത്തിൽ ലോകത്തെ ഊർജ ഉപഭോഗം 175% വർധിച്ചുവെന്നാണ് കണക്കുകൾ. ഈ ട്രെൻഡ് തുടരുന്നതായാണ് എല്ലാ ഡാറ്റകളും പ്രവചിക്കുന്നത്. വർധിച്ചുവരുന്ന ഊർജ ഉപഭോഗ ത്തിന് പുതിയ പവർപ്ലാന്റുകളും ആവശ്യമാണ്. ഇവ വളരെ വികേന്ദ്രീകൃതമായി വിതരണം ചെയ്യേണ്ട തുള്ളതുകൊണ്ട് ഊർജനിലയങ്ങൾ ഉണ്ടാക്കാനാവശ്യമായ സ്ഥലപരിമിതി എപ്പോഴും ഒരു പ്രശ്‌നമാണ്. 2022-ൽ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വിഭാഗം വിവിധ പവർ പ്ലാന്റുകൾ ഉണ്ടാക്കാനാവശ്യമായ സ്ഥലത്തിന്റെ ഉപയോഗം പഠിക്കുകയുണ്ടായി. ആ കണക്കുകൾ സൂചിപ്പിക്കുന്നത് ആണവനിലയത്തെ അപേക്ഷിച്ച് ഒരു ഒരു യൂണിറ്റ് ഊർജം ഉൽപാദിപ്പിക്കാൻ കൽക്കരിനിലയം 27 ഉം സോളാർ നിലയം 31 ഉം വിന്റ് ഫാം 173 ഉം ഇരട്ടിയാണ് സ്ഥലം ഉപയോഗിക്കുന്നതെന്നാണ്. അതുകൊണ്ടുതന്നെ, വലിയ ഊർജ പതിസന്ധിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ലോകത്ത് കുറഞ്ഞ സ്ഥലത്ത് കൂടുതൽ ഊർജ ഉത്പാദനം നടത്താൻ കഴിയുന്ന ആണവനിലയങ്ങൾ ഒരു അനിവാര്യതയാണ് – കേരളംപോലെ ഉപയോഗപ്രദമായ ഭൂമിയുടെ ലഭ്യതകുറഞ്ഞ സ്ഥലങ്ങളിൽ പ്രത്യേകിച്ചും. പുതിയ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ കേരളം അനുഭവിക്കുന്ന പ്രതിസന്ധി നമ്മൾ കണ്ടതാണ്. ഒരു മെഗാവാട്ട് ഔവർ (Megawatt hour) വൈദ്യുതി ഉൽപാദിപ്പിക്കാൻ 33 ചതുരശ്ര മീറ്റർ സ്ഥലമാണ് ജലവൈദ്യുതി പദ്ധതിക്ക് വേണ്ടത്. അതേസമയം, 0.3 ചതുരശ്ര മീറ്റർ സ്ഥലം മാത്രമാണ് അത്രയും വൈദ്യുതി ഉൽപാദിപ്പിക്കാൻ ആണവനിലയത്തിന് വേണ്ടത്.

പുതിയ ന്യൂക്ലിയർ ഊർജ സ്രോതസ്സുകളുടെ സാധ്യതകൾ

 ന്യൂക്ലിയർ ഫിഷൻ അടിസ്ഥാനമാക്കിയുള്ള ഊർജോൽപാദനം വളരെ പാകതവന്ന, വളരെയധികം ടെസ്റ്റ് ചെയ്യപ്പെട്ട സാങ്കേതികവിദ്യയാണെങ്കിലും, ഇതിലും വളരെയധികം ഗവേഷണങ്ങൾ ഇന്നും നടക്കുന്നുണ്ട്. വളരെക്കൂടുതൽ ഊർജം ഉൽപാദിപ്പിക്കുന്ന വളരെ വലിയ പവർപ്ലാന്റുകൾക്കു പകരം ചെറിയ, ഓരോ ടൗണിലും പ്രവർത്തിപ്പിക്കാൻ പറ്റുന്ന മോഡുലാർ റിയാക്ടറുകളിൽ ഇന്ത്യയിലുൾപ്പെടെ പല രാജ്യങ്ങളിലും റിസർച്ചുകൾ നടക്കുന്നുണ്ട്. ഇതിനുപുറമെയാണ് സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും നടക്കുന്നതുപോലെ  ഹൈഡ്രജൻ മുതലായ ഭാരംകുറഞ്ഞ ന്യൂക്ലിയസ്സുകളെ  സംയോജിപ്പിച്ച്  കുറച്ചുകൂടി വലിയ ഹീലിയം മുതലായ ആറ്റങ്ങൾ ഉണ്ടാക്കുന്നതുവഴി എനർജി ഉത്പാദിപ്പിക്കുന്ന പ്രക്രിയയായ ന്യൂക്ലിയാർ ഫ്യൂഷനിലൂള്ള ഗവേഷണങ്ങൾ. വളരെയേറെ വെല്ലുവിളികളുള്ള പ്രക്രിയയാണെങ്കിലും ഏകദേശം അതിരില്ലാത്തത് എന്നു വിളിക്കാവുന്നതും ഫിഷനിലുള്ളതുപോലെ റേഡിയോ ആക്ടീവ് വേസ്റ്റുകളുടെയോ റിയാക്ടർ സ്ഫോടനങ്ങളുടേയോ പ്രശ്‌നമില്ലാത്ത, ഫിഷനെക്കാളും എഫിഷ്യന്റ് ആയ ഊർജസ്രോതസ്സാണ് ഫ്യൂഷൻ. ഈയടുത്ത് കുതിച്ചുചാട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഫ്യൂഷൻ അടിസ്ഥാനമാക്കി വ്യാവസായികാടിസ്ഥാനത്തിൽ പ്ലാന്റുകൾ വരാൻ ഇനിയും ദശകങ്ങൾ എടുക്കും, അതുവരേയ്‌ക്കെങ്കിലും കുറഞ്ഞ ചെലവിൽ ഉണ്ടാക്കാൻ കഴിയുന്ന ഫിഷൻ എനർജിയുടെ വലിയ സാധ്യത  ഇപ്പോഴും നിലനിൽക്കുകയാണ്.

ഊർജം എല്ലാ മനുഷ്യന്റെയും ജീവിതവുമായി അത്രയധികം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. കേവല സ്ഥാപിത താത്പര്യങ്ങൾക്കപ്പുറത്ത് ജനാധിപത്യപരമായ ഊർജത്തിന്റെ വിതരണം നടക്കേണ്ടതുണ്ട്. അതിനുവേണ്ട ജനാധിപത്യ, സോഷ്യലിസ്റ്റ് വ്യവസ്ഥ ലോകത്ത് രൂപപ്പെടേണ്ടതുമുണ്ട്. അത്തരമൊരു ലോകത്ത് മാത്രമേ, ന്യൂക്ലിയർ എനർജിയെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഊർജ പ്രതിസന്ധിയെയും അഗോളതാപനത്തെയും പ്രതിരോധിക്കാൻ വേണ്ടത് കാല്‌പനികമായ കാഴ്‌ചപ്പാടുകളല്ല, കൃത്യമായ കണക്കുകളുടെ പിൻബലമുള്ള പഠനവും ഊർജ സ്രോതസ്സുകളെ ഉപയോഗപ്പെടുത്താനുള്ള പുതിയ സാങ്കേതിക സാധ്യതകളുമാണ്..

കടപ്പാട് : https://ourworldindata.org/nuclear-energy

മറ്റു ലേഖനങ്ങൾ

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൂപ്പർ ക്ലസ്റ്ററുകൾക്കും രക്ഷയില്ല -വഴിക്കുരുക്കിൽപ്പെട്ട പൂവ് 12
Next post മോഡുലാർ റിയാക്‌ടറുകൾ – ആണവോർജത്തിന്റെ നൂതനമായ സാധ്യതകൾ
Close