Read Time:18 Minute

2024 വർഷത്തെ രസതന്ത്ര നൊബേൽ ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജംപർ എന്നീ ശാസ്ത്രജ്ഞർ പങ്കിട്ടു. ജീവശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്ന തന്മാത്രകളാണ് പ്രോട്ടീനുകൾ. സാധാരണയായി പ്രോട്ടീനുകളിൽ കാണുന്ന 20 അമിനോ ആസിഡുകളെ ഉപയോഗിച്ച്, ജീവശരീരത്തിൽ കാണപ്പെടാത്ത പുതിയ പ്രോട്ടീനുകൾ നിർമ്മിച്ചതാണ് യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ പ്രൊഫസറായ ഡേവിഡ് ബേക്കറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മരുന്നുകൾ, വാക്സിനുകൾ, സെൻസറുകൾ തുടങ്ങി പല മേഖലകളിൽ ഈ പുതിയ പ്രോട്ടീനുകൾ ഉപയോഗിക്കാനാവും. ഇന്നുവരെ കണ്ടെത്തിയ ഇരുന്നൂറ് ദശലക്ഷം പ്രോട്ടീനുകളുടെ ഘടന കണ്ടെത്താൻ സഹായിക്കുന്ന AlphaFold2 എന്ന എ ഐ ടൂൾ വികസിപ്പിച്ചതിനും, പ്രോട്ടീനുകളുടെ ഘടന പ്രവചിച്ചതിനുമാണ് ഗൂഗിൾ ഡീപ് മൈൻറ്ന്റെ സി.ഇ.ഓ ആയ ഡെമിസ് ഹസാബിസിനും അതേ സ്ഥാപനത്തിലെ മുതിർന്ന ഗവേഷകനായ ജോൺ ജംപറിനും നോബൽ നല്കപ്പെടുന്നത്. ഇന്ന് 20 ലക്ഷത്തിലേറെ ഗവേഷകർ ഇവർ വികസിപ്പിച്ച ടൂൾ ഉപയോഗിക്കുന്നുണ്ട്. പ്രോട്ടീനുകളുടെ പ്രവർത്തനം മനസ്സിലാക്കാനും , പ്രത്യേക ദൌത്യങ്ങൾ നിർവ്വഹിക്കുന്ന പുതിയ പ്രോട്ടീൻ ഘടനകൾ വികസിപ്പിക്കാനും ഇവരുടെ കണ്ടെത്തൽ സഹായിക്കുന്നു.

Academy of Sciences © Johan Jarnestad/The Royal Swedish Academy of Sciences

പ്രോട്ടീനുകൾ

നമ്മുടെ ശരീരത്തിലെ എല്ലാ ജീവൽ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ജൈവതന്മാത്രകളാണ് പ്രോട്ടീനുകൾ. ജൈവ ഉൽപ്രേരകങ്ങളായ എൻസൈമുകൾക്കും അടിസ്ഥാനം പ്രോട്ടീൻ തന്മാത്രകൾ തന്നെ. ലിപിഡുകൾ അഥവാ കൊഴുപ്പുകളുമായി ചേർന്ന് കോശത്തിന് ആവരണം തീർത്ത് അകത്തേക്കും പുറത്തേക്കുമുള്ള വസ്തുക്കളുടെ സഞ്ചാരം നിയന്ത്രിക്കുന്നതും രോഗാണുബാധ തടയുന്നതും പ്രോട്ടീനുകളാണ്. ന്യൂക്ലിക് ആസിഡുകളുമായി ചേർന്ന് ന്യൂക്ലിയോ പ്രോട്ടീനുകളായും ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. മാത്രമല്ല പല പ്രോട്ടീനുകളും  ഹോർമോണുകളായും, ആന്റിബോഡികളായും പ്രവർത്തിക്കുന്നു. ഘടനാപരമായ ധര്മ്മങ്ങൾ നിർവഹിക്കുന്ന പേശികൾ, മുടി, നഖം, തൂവലുകൾ, പട്ടുനൂൽ എന്നിവയുടെ മുഖ്യ ഘടകവും പ്രോട്ടീനുകൾ തന്നെ. എന്നാൽ പ്രോട്ടീനുകളുടെ ഘടന കണ്ടെത്തുക ഒട്ടും എളുപ്പമായിരുന്നില്ല. അമിനോ ആസിഡുകൾ എന്ന ചെറു തന്മാത്രകൾ കൂടിച്ചേർന്നുണ്ടാകുന്ന പോളിമറുകളാണ് പ്രോട്ടീനുകൾ. വെറും ഇരുപത് അമിനോ ആസിഡുകൾ പല തരത്തിൽ കൂടിച്ചേർന്ന് അനന്തമായ തരം പ്രോട്ടീൻ തന്മാത്രകൾ നിർമ്മിക്കാനാവും. എന്നാൽ ഇവയെല്ലാം ശരീരത്തിൽ കാണപ്പെടുന്നില്ല. എൺപതിനായിരം മുതൽ നാല് ലക്ഷം വരെ പ്രോട്ടീനുകളാണ് മനുഷ്യശരീരത്തിൽ കാണപ്പെടുന്നത്. ഇവ തന്നെ എല്ലാക്കാലത്തും ഒരേ തോതിൽ കാണപ്പെടുകയുമില്ല. 51 അമിനോ ആസിഡുകൾ മാത്രമുള്ള ഇൻസുലിനും, രണ്ടായിരത്തിലേറെ അമിനോ ആസിഡുകളുള്ള മയോസിനും (പേശികൾ)  ഇതിൽപ്പെടുന്നു. ഇവയ്ക്കോരോന്നിനും തനത് ധർമ്മങ്ങളുമുണ്ട്. ഓരോ പ്രോട്ടീനും  എപ്പോഴൊക്കെ എത്രത്തോളം നിർമ്മിക്കണം, എപ്പോൾ നിർത്തണം എന്നെല്ലാം തീരുമാനിക്കുന്നതാകട്ടെ ഓരോരുത്തരുടെയും ജനിതക ഘടനയാണ്.

അമിനോ ആസിഡുകളുടെ നേർരേഖാ ക്രമീകരണം കൂടാതെ, പ്രോട്ടീൻ  ചങ്ങലകൾ പ്രത്യേക രീതിയിൽ ക്രമീകരിച്ച് ഉണ്ടാകുന്ന ദ്വിമാന, ത്രിമാന ഘടനകളും അവയുടെ പ്രവർത്തനത്തെ സംബന്ധിച്ച് പ്രധാനമാണ്. പ്രോട്ടീൻ ചങ്ങലകൾ പ്രത്യേക രീതിയിൽ ചുരുണ്ട് മടങ്ങിയാണ് ദ്വിമാന, ത്രിമാന ഘടനകൾ രൂപപ്പെടുന്നത്. ത്രിമാന ഘടനയാണ് പ്രോട്ടീനുകളെ ജലീയ മാധ്യമങ്ങളിൽ സ്ഥിരത നിലനിർത്താനും, രാസപ്രവർത്തനത്തിനും സഹായിക്കുന്നത്. പോളാർ ഗ്രൂപ്പുകൾ പുറത്തേക്കും, ജലവുമായി സമ്പർക്കം ഇഷ്ടപ്പെടാത്ത ആൽക്കൈൽ ഗ്രൂപ്പുകൾ അകത്തേക്കും വരുന്ന രീതിയിൽ ക്രമീകരിച്ചാണ് ഇത് സാധ്യമാക്കുന്നത്. മയോസിൻ പോലുള്ളവയെ ജലത്തിൽ ലയിക്കാതെ സംരക്ഷിക്കുന്നതും ത്രിമാന ഘടനയിലെ സവിശേഷതകൾ തന്നെ. ഹൈഡ്രജൻ ബോണ്ട്, പോളാർ ആകർഷണബലങ്ങൾ, സൾഫർ ബന്ധനങ്ങൾ എന്നിവയൊക്കെ ചേർന്നാണ് ഈ പ്രത്യേക ഘടനകൾക്ക് രൂപം നല്കുന്നത്. ഈ ഘടനയ്ക്ക് മാറ്റം വരുന്നതോടെ പ്രോട്ടീന്റെ പ്രവർത്തന ശേഷി നഷ്ടമാകും. മുട്ട പുഴുങ്ങുമ്പോൾ അതിലെ  പ്രോട്ടീനായ ആൽബുമിന് സംഭവിക്കുന്ന മാറ്റം ഉദാഹരണം.

ഏതാണ്ട് നാല് ലക്ഷം പ്രോട്ടീനുകൾ ശരീരത്തിൽ ഉണ്ടെന്ന് പറഞ്ഞല്ലോ. ഇവയിൽ ചിലത് ചെറിയ ചങ്ങലകൾ ഉള്ളതും, ചിലത് ഇടത്തരവും, മറ്റ് ചിലത് വളരെ വലിയ ചങ്ങലകളുമാണ്. ഇതിന് പുറമെയാണ് പലതരത്തിൽ ചുരുണ്ടുമടങ്ങി കോടിക്കണക്കിന് വ്യത്യസ്ത ത്രിമാന ഘടനകൾ രൂപപ്പെടാനുള്ള സാധ്യത. പ്രോട്ടീനിന്റെ  സങ്കീർണ്ണ ഘടനയുടെ ഇഴപിരിച്ചെടുക്കുക എളുപ്പമല്ല. രാസപ്രവർത്തനങ്ങളും, എക്സ്റേ ക്രിസ്റ്റലോഗ്രാഫിയും മാത്രമാണ് ആദ്യകാലത്ത് ശാസ്ത്രജ്ഞരുടെ സഹായത്തിനുണ്ടായിരുന്നത്. അമിനോ ആസിഡ് ശൃംഖലക്കനുസരിച്ച് ത്രിമാന ഘടന പ്രവചിക്കാം എന്ന ആശയം ചില ശാസ്ത്രജ്ഞർ മുന്നോട്ടുവെച്ചു. തുടർന്ന് 1994 ൽ Critical Assessment of Protein Structure Prediction (CASP) എന്ന പദ്ധതിയും അനുബന്ധമായി പ്രോട്ടീൻ ഘടന കണ്ടുപിടിക്കാനുള്ള മത്സരവും ശാസ്ത്രജ്ഞർ ആരംഭിച്ചു. അമിനോ ആസിഡുകൾ ഏതെല്ലാമാണെന്ന വിവരം നല്കി അതുപയോഗിച്ച് ത്രിമാന ഘടന പ്രവചിക്കുകയായിരുന്നു മത്സരം. ആദ്യകാലത്ത് ശരിയായ ഘടനയുടെ ഏതാണ്ട് നാൽപ്പത് ശതമാനത്തിനടുത്ത് എത്താനേ ഗവേഷകർക്ക് കഴിഞ്ഞിരുന്നുള്ളൂ.

ഡെമിസ് ഹസാബിസ്

ഡെമിസ് ഹസാബിസ്

2018 ൽ പതിമൂന്നാം CASP ൽ ഗേമിംഗ്, നിർമ്മിതബുദ്ധി മേഖലകളിൽ വിദഗ്ദ്ധനായ ഡെമിസ് ഹസാബിസ് മത്സരത്തിനെത്തിയതോടെ കഥ മാറി മറിഞ്ഞു. AlphaFold എന്ന എ ഐ ടൂൾ ഉപയോഗിച്ച് അറുപത് ശതമാനത്തിനടുത്ത് ശരിയായ പ്രവചനം നടത്തി അദ്ദേഹവും സംഘവും വിജയികളായി. ഘടന കണ്ടെത്താൻ കമ്പ്യൂട്ടർ പ്രോഗ്രാമുകളുടേയും നിർമ്മിത ബുദ്ധിയുടെയും സഹായം തേടുകയാണ് ഹസാബിസ് ചെയ്തത്. ആദ്യമായി അന്നുവരെ അറിയാവുന്ന എല്ലാ പ്രോട്ടീനുകളുടെയും അമിനോ ആസിഡ് ക്രമീകരണം ഉപയോഗിച്ച് AlphaFold നെ പരിശീലിപ്പിച്ചു. തുടർന്ന് ഘടന അറിയാത്ത പ്രോട്ടീനിന്റെ അമിനോ ആസിഡ് വിന്യാസം പ്രോഗ്രാമിന് നല്കുന്നു. അത് ഡാറ്റബേസിൽ സമാനമായ ഘടനകൾക്കായി തിരച്ചിൽ നടത്തും. അടുത്ത ഘട്ടത്തിൽ മറ്റ് ജീവികളിലുള്ള അമിനോ ആസിഡുകളുമായി താരതമ്യം ചെയ്യുന്നു. ഇതുവഴി രണ്ട് അമിനോ ആസിഡുകളും തമ്മിൽ ഘടനയിൽ എത്രത്തോളം അടുപ്പം/അകലം ഉണ്ടെന്ന് കണ്ടെത്തുന്നു.  ഈ വിവരങ്ങൾക്കൊപ്പം ആദ്യഘട്ടത്തിലെ വിവരങ്ങളും ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി മെച്ചപ്പെടുത്തി ഏറ്റവും സാധ്യതയുള്ള ഒരു ഘടന മുന്നോട്ട് വെക്കുന്നു. ട്രാൻസ്ഫോർമേഴ്സ് എന്ന ന്യൂറൽ നെറ്റ്വർക്ക് ആണ് ഇതിനായി ഉപയോഗിച്ചത്.  എങ്കിലും പ്രവചിക്കപ്പെട്ട ഘടന പ്രയോജനപ്പെടണമെങ്കിൽ 90% എങ്കിലും സാമ്യം ഉണ്ടായേ തീരൂ. ഹസാബിസിനും സംഘത്തിനും ആ തലത്തിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല.

ജോൺ ജംപർ

ജോൺ ജംപർ

ഫിസിക്സ് പഠിച്ച്, പ്രോട്ടീൻ ഘടന സിമുലേഷനിലേക്ക് തിരിഞ്ഞ ജോൺ ജംപർ ഹസാബിസിന്റെ സംഘത്തിന്റെ ഭാഗമാകുന്നത് ഈ സമയത്താണ്. ഡീപ് മൈൻറ് പ്രോട്ടീൻ ഘടനയിലേക്ക് തിരിയുന്നു എന്ന വാർത്തയാണ് അവിടെ ജോലിക്ക് അപേക്ഷിക്കാൻ ജംപറിനെ പ്രേരിപ്പിച്ചത്. പ്രോട്ടീനുകളെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവ് AlphaFold നെ മെച്ചപ്പെടുത്തി AlphaFold2 എന്ന കൂടുതൽ മെച്ചപ്പെട്ട ടൂൾ വികസിപ്പിക്കാൻ സഹായിച്ചു. ട്രാൻസ്ഫോർമേഴ്സിന്റെ പ്രവർത്തന ശേഷിയും കൃത്യതയും കൂടിയതും AlphaFold2 നെ കൂടുതൽ മെച്ചപ്പെട്ടതാക്കി. 2020 ലെ പതിന്നാലാം CASP ൽ മിക്ക പ്രോട്ടീനുകളുടെയും ഘടന എക്സ്റേ ക്രിസ്റ്റാലോഗ്രാഫിയിൽ നിന്ന് ലഭിക്കുന്നതിന് സമാനമായ കൃത്യതയോടെ പ്രവചിക്കാൻ AlphaFold2 ന് കഴിഞ്ഞു.മനുഷ്യനിലെ എല്ലാ പ്രോട്ടീനുകളുടെയും ഘടന കണ്ടെത്തുക മാത്രമല്ല, ലോകത്ത് ഇന്നുള്ള ജീവികളിൽ കണ്ടെത്തിയ 20 കോടി പ്രോട്ടീനുകളുടെ ഘടന പ്രവചിക്കാൻ AlphaFold2 വിന് സാധിച്ചിട്ടുണ്ട്. AlphaFold2 ന്റെ കോഡ് ആർക്കും ഉപയോഗത്തിന് ലഭ്യമാണ്. 190 രാജ്യങ്ങളിലെ ഇരുപത് ലക്ഷം ഗവേഷകർ ഇത് ഉപയോഗിക്കുന്നു. വർഷങ്ങൾ നീണ്ടുനിന്നിരുന്ന പ്രോട്ടീൻ ഘടനാപഠനം ഏതാനും മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ ഇത് സഹായിക്കുന്നു. ഏറെക്കാലമായുള്ള പ്രശ്നത്തിന് പരിഹാരമായതോടെ  2020 ൽ ഇനിയെന്ത് എന്ന ചോദ്യം ഉയർത്തിയാണ് CASP അവസാനിച്ചത്.

ഡേവിഡ് ബേക്കർ

ഡേവിഡ് ബേക്കർ

ഹാർവാഡ് സർവകലാശാലയിൽ സാമൂഹ്യശാസ്ത്ര വിദ്യാർഥിയായിരുന്ന ഡേവിഡ് ബേക്കറിനെ സെൽ ബയോളജിയിലേക്ക് വഴിതിരിച്ച് വിട്ടത് Molecular Biology of the Cell എന്ന ടെക്സ്റ്റ് ബുക് ആണത്രെ. ആദ്യഘട്ടത്തിൽ പ്രോട്ടീനുകളുടെ ചുരുണ്ടുമടങ്ങൽ അഥവാ ഫോൾഡിംഗിൽ പരീക്ഷണങ്ങൾ നടത്തുകയാണ് ചെയ്തത്. പിന്നീട് ഈ അറിവുകൾ ഉപയോഗപ്പെടുത്തി പ്രോട്ടീൻ ഘടന പ്രവചിക്കാൻ സഹായിക്കുന്ന റോസറ്റ എന്ന സോഫ്റ്റ്വെയർ രൂപപ്പെടുത്തി. 1998 ലെ CASP ൽ മെച്ചപ്പെട്ട പ്രകടനവും നടത്തി. എന്നാൽ അൽപ്പം തലതിരിഞ്ഞാണ് അദ്ദേഹം ചിന്തിച്ചത്. അമിനോ ആസിഡ് ശൃംഖല നല്കി ഘടന കണ്ടെത്തുന്നതിന് പകരം എന്തുകൊണ്ട് ഒരു പുതിയ പ്രോട്ടീന് ആവശ്യമായ അമിനോ ആസിഡ് സീക്വൻസുകൾ സോഫ്റ്റ്വെയറിനെക്കൊണ്ട് നിർദ്ദേശിപ്പിച്ചു കൂടാ? ഇതിലൂടെ നിരവധി പുതിയ പ്രോട്ടീൻ തന്മാത്രകൾ നിർമ്മിക്കാനാവില്ലേ? നിലവിലുള്ള പ്രോട്ടീനുകൾ അതേപടിയോ ചെറിയ മാറ്റങ്ങളോടെയോ കൃത്രിമമായി നിർമ്മിച്ച് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായിരുന്നു അന്നത്തെ രീതി. എന്നാൽ തീർത്തും പുതിയ പ്രോട്ടീനുകൾ നിർമ്മിക്കുക എന്നതായിരുന്നു ബേക്കറിന്റെ ആശയം. de novo design എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രോട്ടീൻ ഘടന ഗവേഷകർ വരച്ചു നല്കി അതിനാവശ്യമായ അമിനോ ആസിഡ് സീക്വൻസ് റോസെറ്റ കണ്ടെത്തുന്നതാണ് രീതി. ഇത് പരിശോധിക്കാനായി ബാക്ടീരിയയിൽ ജനിതകമാറ്റം വരുത്തി ഈ പ്രോട്ടീൻ ഉത്പാദിപ്പിച്ച് എക്സ്റേ ക്രിസ്റ്റലോഗ്രാഫി ഉപയോഗിച്ച് പഠനം നടത്തി. അവർ നിർമ്മിച്ച Top7 എന്ന പ്രോട്ടീന് റോസറ്റ പ്രവചിച്ചതിന് സമാനമായ ഘടനയാണ് എന്ന് മനസ്സിലായി. ഇതുപോലെ നാനോഘടനകൾ, മോളിക്കുലർ മെഷീനുകൾ, സെൻസർ, എന്നിവയായി ഉപയോഗിക്കാവുന്ന പ്രോട്ടീനുകളും, ഇൻഫ്ലുവൻസ വൈറസിനെതിരെ വാക്സിൻ ആയി ഉപയോഗിക്കാവുന്ന പ്രോട്ടീനുമൊക്കെ ഇതേ സംഘം നിർമ്മിച്ചു.

പ്രോട്ടീനുകളുടെ ഘടന കൃത്യമായി മനസ്സിലാക്കുന്നത് ജീവന്റെ പ്രവർത്തനങ്ങളുടെ രഹസ്യം മനസ്സിലാക്കാൻ സഹായിക്കും. ആന്റിബയോട്ടിക് റെസിസ്റ്റൻസിന് കാരണമാകുന്ന എൻസൈമിനെ തിരിച്ചറിയാനും, പ്ലാസ്റ്റിക് വിഘടിപ്പിക്കുന്ന എൻസൈം നിർമ്മിക്കാനുമൊക്കെ ഇവരുടെ കണ്ടെത്തൽ ഉപയോഗിക്കപ്പെട്ട് കഴിഞ്ഞു. പ്രോട്ടീനുകളുടെ സങ്കീർണ്ണമായ ഘടന മനസ്സിലാക്കാനും, കൃത്രിമമായി പ്രോട്ടീനുകളെ നിർമ്മിക്കാനും കഴിയുന്നത് കാൻസർ ഉൾപ്പടെയുള്ള പല രോഗങ്ങൾക്കും മരുന്നുകൾ വികസിപ്പിക്കാൻ സഹായിക്കും. കൂടാതെ രോഗാണുക്കളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിബോഡികൾ നിർമ്മിച്ച് വാക്സിൻ രൂപത്തിൽ നല്കാനുമാവും. വാർദ്ധക്യത്തെ തടയാനും, ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാനുമൊക്കെ സഹായിക്കുന്ന വിധത്തിൽ പ്രോട്ടീനുകളുടെ പ്രവർത്തനം കൃത്യമായി മനസ്സിലാക്കാനും, പ്രത്യേക ലക്ഷ്യങ്ങൾ നിറവേറ്റുന്ന കൃത്രിമ പ്രോട്ടീനുകൾ നിർമ്മിക്കാനും സഹായിക്കുന്നതാണ് നോബൽ നേടിയ ശാസ്ത്രജ്ഞരുടെ  കണ്ടെത്തലുകൾ. ഓർഗാനിക് തന്മാത്രകൾ ദൈവത്തിനല്ലാതെ മനുഷ്യന് നിർമ്മിക്കാൻ സാധ്യമല്ല എന്ന് വിശ്വസിച്ചിരുന്ന കാലത്ത് നിന്ന് കൃത്രിമ ജനിതക ഘടനയുള്ള ബാക്റ്റീരിയയെ നിർമ്മിക്കുന്നിടത്തോളം വളരാൻ ശാസ്ത്രത്തിന് കഴിഞ്ഞിരിക്കുന്നു. ആ യാത്രയിലെ ഒരു നാഴികക്കല്ലാണ് നോബലിലൂടെ ആദരിക്കപ്പെട്ടിരിക്കുന്നത്.

പ്രോട്ടീൻ ഘടന പ്രവചിക്കുന്ന പ്രോഗ്രാമുകൾ | Dr. V. Ramankutty

ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം വീഡിയോ കാണാം.

നൊബേൽ ലേഖനങ്ങൾ

നൊബേൽ പുരസ്കാരം 2024 – പ്രഖ്യാപനം ഒക്ടോബർ 7 മുതൽ

ഈ വർഷത്തെ നൊബേൽ സമ്മാന പ്രഖ്യാപനങ്ങൾ ഒക്ടോബർ 7 മുതൽ 14 വരെ നടക്കും. ലൂക്കയിൽ തത്സമയം കാണാം. ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്

നൊബേൽ പുരസ്കാരം 2024 – തിയ്യതികൾ

തിയ്യതി, സമയംവിഷയം
2024 ഒക്ടോബർ 7, ഇന്ത്യൻ സമയം 3 PMവൈദ്യശാസ്ത്രം
2024 ഒക്ടോബർ 8, ഇന്ത്യൻ സമയം 3.15 PMഫിസിക്സ്
2024 ഒക്ടോബർ 9, ഇന്ത്യൻ സമയം 3.15 PMകെമിസ്ട്രി
2024 ഒക്ടോബർ 10, ഇന്ത്യൻ സമയം 4.30 PMസാഹിത്യം
2024 ഒക്ടോബർ 11, ഇന്ത്യൻ സമയം 2.30 PMസമാധാനം
2024 ഒക്ടോബർ 14, ഇന്ത്യൻ സമയം 3.15 PMസാമ്പത്തികശാസ്ത്രം
2022 നൊബേൽ പുരസ്കാരം തിയ്യതികൾ

ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post രസതന്ത്ര നൊബേൽ 2024 – പ്രോട്ടീൻ ഡിസൈനിംഗിനും ഘടനാ പ്രവചനത്തിനും
Next post സായൻസികം – ശാസ്ത്രമാസം ക്ലാസുകൾക്കുള്ള പരിശീലനം
Close