
സന്തോഷ് ടി വർഗീസ്
സാമ്പത്തിക ശാസ്ത്ര വിഭാഗം
മഹാരാജാസ് കോളേജ്, എറണാകുളം

സ്ഥാപനങ്ങൾ (ഇൻസ്റ്റിറ്റ്യൂഷൻസ്) സമൂഹത്തിൽ എങ്ങനെയാണ് രൂപം കൊള്ളുന്നതെന്നും അവ എങ്ങനെയാണ് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകുന്നതെന്നും ഉള്ള ശ്രദ്ധേയമായ പഠനങ്ങൾക്കാണ് 2024 വർഷത്തിലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം നൽകിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞരായ ഡാരൺ അസിമോഗ്ലു, സൈമൺ ജോൺസൺ (അമേരിക്കയിലെ മസാഞ്ചുസ്റ്റസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ജെയിംസ് റോബിൻസൺ (ഹാർവാർഡ് സർവകലാശാല) എന്നിവരാണ് പുരസ്കാരം തുല്യമായി പങ്കുവെച്ചിരിക്കുന്നത്. ഇവർ മൂന്നു പേരും ദീർഘകാലമായി പ്രസ്തുത പഠന മേഖലയിൽ ഒന്നിച്ച് ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നവരാണ്.

സാമ്പത്തിക വികസനത്തിൽ സ്ഥാപനങ്ങളുടെ പങ്ക് വിലയിരുത്തുമ്പോൾ സ്ഥാപനങ്ങളുടെ നിർവചനവും പ്രാധാന്യവും വ്യക്തമാക്കേണ്ടതുണ്ട്. അമേരിക്കൻ ഇക്കണോമിക് അസോസിയേഷൻ്റെ മുപ്പത്തിയൊന്നാം വാർഷിക യോഗത്തിൽ (1919) വാൾട്ടൻ ഹാർമിൽട്ടൺ അവതരിപ്പിച്ച പ്രബന്ധത്തിലാണ് (ദി ഇൻസ്റ്റിറ്റ്യൂഷണൽ അപ്പ്രോച്ച് ടു ഇക്കണോമിക് തിയറി) ഇൻസ്റ്റിറ്റ്യൂഷണൽ ഇക്കണോമിക്സ് എന്ന ആശയം ഗൗരവത്തിലുള്ള ചർച്ചയായി മാറുന്നത്. അതിനൊക്കെ ഏറെനാൾ മുമ്പ് സാമ്പത്തിക ശാസ്ത്രത്തിലെ ഇൻസ്റ്റിറ്റ്യൂഷണൽ സമീപനത്തിന്റെ പ്രയോക്താക്കളിൽ പ്രമുഖനായ തോർസ്റ്റീൻ വെബ്ലൻ്റെ വിശകലനങ്ങൾ ശ്രദ്ധ നേടിയിരുന്നു എന്നത് കാണാതിരിക്കാനാവില്ല. എങ്കിലും സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങൾ സാമ്പത്തിക ശാസ്ത്ര അന്വേഷണങ്ങളുടെ സമഗ്രതയിൽ ഊന്നേണ്ടതുണ്ട് എന്ന ഉൾക്കാഴ്ച നിറഞ്ഞ വിലയിരുത്തൽ നടത്തിയ ഹാമില്‍ട്ടൻ്റെ ആശയങ്ങൾ അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
1930 കളുടെ അവസാനം ഇൻസ്റ്റിറ്റ്യൂഷണൽ ഇക്കണോമിക്സിന്റെ പുതിയൊരു ചിന്താധാര ഉയർന്നുവന്നു. റൊണാൾഡ് കോസ് (Ronald Coase)എന്ന ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഇതിന് തുടക്കം കുറിച്ചത്. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് വേണ്ടിവരുന്ന ചെലവ് (ട്രാൻസാക്ഷൻ കോസ്റ്റ്) കുറയ്ക്കുന്നതിനു വേണ്ടിയാണ് ബിസിനസ് സ്ഥാപനങ്ങൾ (ഫേം) സൃഷ്ടിക്കപ്പെടുന്നത് എന്ന ആശയം അദ്ദേഹം മുന്നോട്ട് വെച്ചു. 1991 ലെ നൊബേൽ പുരസ്കാരം അദ്ദേഹത്തിനായിരുന്നു. പ്രസ്തുത ചിന്താധാരയുടെ തുടർച്ചയെയാണ് ന്യൂ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്കണോമിക്സ് എന്ന് വിളിക്കപ്പെടുന്നത്. പ്രസ്തുത ചിന്താധാരയിൽ ഉൾപ്പെടുന്ന ഡഗളസ്സ് നോർത്ത് (Douglass Cecil North) (1993 നൊബേൽ പുരസ്കാരം) മുന്നോട്ടു വെച്ച സ്ഥാപനങ്ങൾ എന്നതിന്റെ നിർവചനമാണ് നൊബേൽ ജേതാക്കൾ പരക്കെ പിന്തുടരുന്നത്.


“രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ഇടപെടലുകളെ രൂപപ്പെടുത്തുകയും ചിട്ടപ്പെടുത്തുകയും (സ്ട്രക്ചർ ചെയ്യുന്ന) ചെയ്യുന്നതിനായി മനുഷ്യൻ കണ്ടെത്തിയ നിയന്ത്രണങ്ങളാണ് (കൺസ്ട്രെയിൻസ്) സ്ഥാപനങ്ങൾ” എന്നതാണ് നോർത്ത് മുന്നോട്ടുവെച്ച നിർവചനം. സാമ്പത്തിക രംഗത്ത് മനുഷ്യർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രേരക ശക്തികളെ (ഇൻസെന്റീവ്സ്) നിർണായകമായി സ്വാധീനിക്കുവാനും സ്ഥാപനങ്ങൾക്ക് കഴിയുമെന്നാണ് നോർത്ത് വിലയിരുത്തിയത്. (ഔപചാരികമായി സൃഷ്ടിക്കപ്പെടുന്ന സ്ഥാപനങ്ങളാണ് പ്രധാനമായും വിലയിരുത്തലിൽ കടന്നുവരുന്നതെങ്കിലും അനൗപചാരിക സ്ഥാപനങ്ങളായ വഴക്കങ്ങളും പരമ്പരാഗത രീതികളും സമ്പ്രദായങ്ങളും നാട്ടുനടപ്പും എല്ലാം സാമ്പത്തിക പ്രവർത്തനങ്ങളുടെ മേൽ ചെലുത്തുന്ന അതിനിർണ്ണായകമായ സ്വാധീനം കാണാതിരിക്കാൻ ആവില്ല.) സ്ഥാപനങ്ങളെ കുറിച്ച് നോർത്ത് മുന്നോട്ടുവെച്ച പ്രസ്തുത നിർവചനമാണ് മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തിൽ പരക്കെ സ്വീകരിക്കപ്പെടുന്നത്.

അതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും സമ്പന്നരായ 20% രാജ്യങ്ങൾ എങ്ങനെയാണ് ഏറ്റവും ദരിദ്രരായ 20% രാജ്യങ്ങളേക്കാൾ എതാണ്ട് 30 മടങ്ങ് സമ്പന്നരായി മാറിയതെന്ന ഗവേഷണത്തിന് പുരസ്കാര ജേതാക്കൾ ശ്രമിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന വ്യത്യസ്ത സ്വഭാവവും ഘടനയുമുള്ള സാമുഹ്യ സ്ഥാപനങ്ങളാണ് ഇതിനുള്ള മുഖ്യകാരണം എന്നാണ് അവർ വിലയിരുത്തിയിരിക്കുന്നത്. സാമ്പത്തിക അഭിവൃദ്ധി നേടിയ രാജ്യങ്ങളിൽ മെച്ചപ്പെട്ട ഗുണഫലം നൽകുന്ന സ്ഥാപനങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. അവരുടെ അഭിപ്രായത്തിൽ ജനാധിപത്യ സ്ഥാപനങ്ങളും രാഷ്ട്രീയ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യം സ്വകാര്യതയും സുതാര്യതാ സംവിധാനങ്ങളും നിയമവാഴ്ചയുമെല്ലാം ലോകത്തിലെ വികസിത രാജ്യങ്ങളിൽ ഒരു സ്വതന്ത്ര സംവിധാനം (സിസ്റ്റം) എന്ന നിലയിൽ ഏറെക്കുറെ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നുണ്ട്. വ്യക്തിബന്ധങ്ങളുടെയോ രാഷ്ട്രീയ സ്വാധീനത്തിന്റെയോ അടിസ്ഥാനത്തിലല്ല അവിടങ്ങളിൽ ഇത്തരം സംവിധാനങ്ങൾ പൊതുവേ പ്രവർത്തിക്കുന്നത്. എന്നാൽ അഭിവൃദ്ധിയുടെയും വികസനത്തിന്റെയും കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിലെ സാഹചര്യം ഇതിൽ നിന്നും തികച്ചും വിഭിന്നമാണ്. അവിടങ്ങളിലെ സാമൂഹ്യ സ്ഥാപനങ്ങൾ സമൂഹത്തിൽ ആധിപത്യം പുലർത്തുന്ന ശക്തികളുടെ നിയന്ത്രണത്തിലും സ്വാധീനത്തിലും ഉഴലുന്നവയാണ്.
നിയമവാഴ്ചയും, രാഷ്ട്രീയവും വ്യക്തിപരവുമായ സ്വാതന്ത്ര്യവും, സുതാര്യതാ സംവിധാനങ്ങളുമെല്ലാം തൃപ്തികരമായ രീതിയിലല്ല സംവിധാനം ചെയ്യപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. പലപ്പോഴും വ്യക്തി ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും മറ്റു പരിചയങ്ങളും ഒക്കെ വിവിധതരത്തിലുള്ള ഇടപാടുകൾ നടത്തിയെടുക്കുന്നതിന് ഇത്തരം രാജ്യങ്ങളിലും പ്രദേശങ്ങളിലും ആവശ്യമായി വരുന്നുണ്ട്. സ്ഥാപനങ്ങളുടെ കാര്യത്തിലുള്ള ഈ വ്യത്യാസമാണ് ലോകരാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തിക വികസനത്തിന്റെയും അഭിവൃദ്ധിയുടെയും അന്തരത്തിന്റെ പ്രധാന കാരണം.
എന്നാൽ ഈ നിരീക്ഷണം ശാസ്ത്രീയമായി വിശദീകരിക്കുവാൻ അത്ര എളുപ്പമല്ല. പല പ്രദേശങ്ങളിലും അവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സാമ്പത്തിക അഭിവൃദ്ധിയും തമ്മിൽ ശക്തമായ കോറിലേഷൻ കാണാൻ കഴിയും. എന്നാൽ കോറിലേഷൻ ഉണ്ടെന്നു കരുതി അവ തമ്മിൽ കാര്യകാരണ ബന്ധം (കോസ്സാലിറ്റി) ഉണ്ടെന്ന് വിലയിരുത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ സ്ഥാപനങ്ങളും അഭിവൃദ്ധിയും തമ്മിലുള്ള കാര്യകാരണ ബന്ധം ശാസ്ത്രീയമായി വിശദീകരിക്കുക ബുദ്ധിമുട്ടാണ്. പരീക്ഷണ രീതിശാസ്ത്രത്തിന്റെ (എക്സ്പിരിമെന്റൽ ഡിസൈൻ) അടിസ്ഥാനത്തിലുള്ള ഗവേഷണത്തിന്റെ ഫലമായാണ് സാധാരണഗതിയിൽ കാര്യകാരണ ബന്ധം (കോസ്സാലിറ്റി) തെളിയിക്കുന്നത്. എന്നാൽ സാമൂഹ്യശാസ്ത്രത്തിൽ പ്രസ്തുത രീതിശാസ്ത്രം പ്രയോഗിക്കുന്നതിന് നിരവധി പരിമിതികൾ ഉണ്ടല്ലോ. അവയെ മറികടന്ന് സ്ഥാപനങ്ങളും സാമ്പത്തിക അഭിവൃദ്ധിയും തമ്മിലുള്ള കാര്യകാരണ ബന്ധം വിശദീകരിക്കുവാൻ ശ്രദ്ധേയമായ ഒരു രീതിശാസ്ത്രം ഇവർ ഉപയോഗിച്ചു. സ്വാഭാവിക പരീക്ഷണം (നാച്ചുറൽ എക്സ്പിരിമെന്റ്) എന്ന രീതിശാസ്ത്രമാണ് അതിനായി പ്രയോഗിച്ചത്. 2021-ൽ നൊബേൽ പുരസ്കാരം നേടിയ ഡേവിഡ് കാർഡ്, ജേഷ്വാ ആൻഗ്രിസ്റ്റ്, ഗൈഡോ ഇംപെൻസ് എന്നിവരാണ് സാമ്പത്തിക ശാസ്ത്രത്തിൽ പ്രസ്തുത രീതിശാസ്ത്രത്തിന്റെ പ്രയോക്താക്കൾ.

സ്വാഭാവിക പരീക്ഷണമെന്ന രീതിശാസ്ത്രത്തിന്റെ വെളിച്ചത്തിലാണ് അസിമോഗ്ലുവും സംഘവും അഭിവൃദ്ധിക്ക് കാരണമാകുന്നതിൽ സ്ഥാപനങ്ങൾക്കുള്ള പങ്ക് വിശദീകരിക്കാൻ ശ്രമിക്കുന്നത്. അതിനായി അവർ സ്വീകരിച്ച ലളിത ഉദാഹരണങ്ങളിൽ ഒന്ന് അമേരിക്കയുടെയും മെക്സിക്കോയുടെയും അതിർത്തിയിലുള്ള നോഗാലസ്സ് എന്ന പട്ടണത്തിൽ ദൃശ്യമായ അഭിവൃദ്ധിയും അകാര്യത്തിൽ രണ്ടു പ്രദേശങ്ങൾ തമ്മിൽ നിലനിൽക്കുന്ന വൈരുദ്ധ്യവുമാണ്. പട്ടണത്തിന്റെ ഒരു ഭാഗം മെക്സിക്കോയിലെ സെനോറാ സംസ്ഥാനത്തിലും മറ്റൊരു ഭാഗം അമേരിക്കയിയിലെ അരിസോണ സംസ്ഥാനത്തിലുമാണ്. നോഗാലസ്സിൻ്റെ മെക്സിക്കൻ ഭാഗം മെക്സിക്കോയിലെ അഭിവൃദ്ധി കൂടിയ പ്രദേശമാണെങ്കിലും അമേരിക്കയിലെ നോഗാലസ്സമായി താരതമ്യം ചെയ്യുമ്പോൾ വളരെ പിന്നിലാണെന്ന് അവർ കണ്ടെത്തി. ഭൂമിശാസ്ത്രപരവും സാമൂഹ്യപരവുമായ സമാനത രണ്ടു പ്രദേശത്തിനുമുണ്ട്. കാലാവസ്ഥയും ഏതാണ്ട് ഒരേപോലെയാണ്. നോഗാലസ്സ് ജനതയുടെ ഉത്ഭവവും വ്യത്യസ്തമല്ല. സാമൂഹ്യവും സാംസ്കാരികവുമായ ഏകതാനത അവകാശപ്പെടാൻ കഴിയുന്ന ജനത അധിവസിക്കുന്ന നോഗാലസ്സിന്റെ മെക്സിക്കൻ-അമേരിക്കൻ പ്രദേശങ്ങളിൽ ഒരേ നിലയിലുള്ള സാമ്പത്തിക വികസനവും അഭിവൃദ്ധിയുമാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ അതിനു വിരുദ്ധമായി അഭിവൃദ്ധിയുടെ കാര്യത്തിൽ വലിയ അന്തരം ഈ പ്രദേശത്ത് ദൃശ്യമാണ്. അങ്ങനെയെങ്കിൽ ഈ വ്യത്യാസത്തിൻ്റെ കാരണം എന്താണെന്നാണ് പിന്നീട് അവർ അന്വേഷിച്ചത്. ആകെ കാണാൻ കഴിഞ്ഞ വ്യത്യാസം അവിടങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സ്ഥാപനങ്ങളുടെ കാര്യത്തിലുള്ള വൈജാത്യമാണ്. രണ്ടു പ്രദേശങ്ങളും രണ്ടു രാജ്യങ്ങളിലായതിനാൽ വ്യത്യസ്ത സ്വഭാവത്തിലും ഘടനയിലും തരത്തിലും ഉള്ള സാമൂഹ്യ സ്ഥാപനങ്ങളാണ് അവിടങ്ങളിൽ പ്രവർത്തിക്കുന്നത്. സ്ഥാപനങ്ങളുടെ കാര്യത്തിൽ കാണാൻ കഴിയുന്ന സുപ്രധാനമായ ഈ വ്യത്യാസമാണ് വ്യത്യസ്ത നിലയിലുള്ള അഭിവൃദ്ധിയുടെ കാരണമെന്ന് അവർ വിശദീകരിച്ചു.

ജനാധിപത്യ സംവിധാനങ്ങളും സർവ്വാശ്ലേഷിയായ (ഇൻക്ലൂസീവ്) മറ്റ് സാമൂഹ്യ സ്ഥാപനങ്ങളും സാമ്പത്തിക വികസനത്തെ എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോവുക എന്നതിന്റെ ഉൾക്കാഴ്ച നിറഞ്ഞ വിലയിരുത്തലുകളാണ് അസിമോഗ്ലുവും സംഘവും തങ്ങളുടെ ഗവേഷണ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു വെയ്ക്കുന്നത്. സാമ്പത്തിക ശാസ്ത്രരംഗത്തെ തുടർ ഗവേഷണത്തിൽ മാത്രമല്ല രാഷ്ട്രമീമാംസാ ഗവേഷണത്തിലും ഇവരുടെ കണ്ടെത്തലുകൾക്ക് വലിയ പ്രസക്തി ഉണ്ടെന്നാണ് നൊബേൽ പുരസ്കാര സമിതി വിലയിരുത്തിയിരിക്കുന്നത്.
എങ്കിലും സാമ്പത്തിക വികസനത്തിൽ വിനിമയരംഗത്ത് (എക്സ്ചെയ്ഞ്ച്) പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്വാധീനമാണ് അസിമോഗ്ലുവും സംഘവും പ്രധാനമായും പരിശോധിച്ചിരിക്കുന്നത് എന്നത് കാണാതിരിക്കാൻ ആവില്ല. എന്നാൽ സാമ്പത്തിക വികസനത്തിന്റെ കാര്യത്തിൽ ഉത്പാദനരംഗത്ത് സ്വാധീനം ചെലുത്തുന്ന സ്ഥാപനങ്ങളായ വ്യവസായിക നയം, വിദേശ വ്യാപാര ചുങ്കനിരക്ക്, ഇന്നോവേഷൻ നയങ്ങൾ, സബ്സിഡി തുടങ്ങിയവയുടെ സ്വാധീനം ഒട്ടും തന്നെ കുറച്ചു കാണാനോ അവഗണിക്കാനോ കഴിയുകയില്ല എന്ന ശക്തമായ വാദവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന വസ്തുത അവഗണിക്കാൻ കഴിയില്ല.

നൊബേൽ ലേഖനങ്ങൾ


