Read Time:17 Minute

2022 ഒക്ടോബര്‍ ഏഴിനാണ് സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്. ഓസ്ലോ സിറ്റി ഹാളിലെ ആല്‍ഫ്രഡ് മൊബൈലിന്‍റെ സുവര്‍ണ ചിത്രം ആലേഖനം ചെയ്ത പോഡിയത്തിനു പിന്നില്‍ നിന്നുകൊണ്ട് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ അധ്യക്ഷ ബെറിറ്റ് റീഡ് ആന്‍ഡേഴ്സണ്‍ അവിടെ സന്നിഹിതരായ പത്രപ്രവര്‍ത്തകരെ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞു, 

‘ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഒരു വ്യക്തിക്കും രണ്ട് സ്ഥാപനങ്ങള്‍ക്കും നല്‍കാന്‍ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. സമ്മാനര്‍ഹര്‍ അവരവരുടെ രാജ്യങ്ങളിലെ സിവില്‍ സമൂഹങ്ങളുടെ പ്രതിനിധികളാണ്. നിരവധി വര്‍ഷങ്ങളായി ഇവര്‍ അധികാരത്തെ ചോദ്യം ചെയ്യാനുള്ള അവകാശത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്നു. മാത്രമല്ല, യുദ്ധ കുറ്റകൃത്യങ്ങള്‍, മനുഷ്യാവകാശലംഘനങ്ങള്‍, അധികാര ദുര്‍വിനിയോഗം എന്നിവ രേഖപ്പെടുത്തുന്നതില്‍ അതുല്യമായ സംഭാവനയും ഇവര്‍ നല്‍കിയിട്ടുണ്ട്. ഇതെല്ലാം ചേര്‍ന്ന് സമാധാനം, ജനാധിപത്യം എന്നിവ നിലനിര്‍ത്തുന്നതില്‍ സിവില്‍സമൂഹത്തിന്‍റെ പ്രസക്തി എത്രമാത്രമാണെന്ന് ഇവര്‍ തെളിയിച്ചു. ഈ വര്‍ഷത്തെ സമാധാന നൊബേല്‍ ബലാറസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഏലിസ് ബിയാലിയാറ്റ്സ്കി, റഷ്യയിലെ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍, ഉക്രൈനിലെ മനുഷ്യാവകാശ സംഘടനയായ സെന്‍റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവര്‍ക്ക് സമ്മാനിക്കുകയാണ്.’

തുടര്‍ന്ന് അവര്‍ വിജയികളായ വ്യക്തിയുടെയും സംഘടനകളുടെയും സംഭാവനകള്‍ ഹ്രസ്വമായി വിവരിച്ചു. ജനാധിപത്യ പോരാട്ടങ്ങളുടെ നേതാവായ ഏലിസ് ബിയാലിയാറ്റ്സ്കി (Ales Bialiatski) വിചാരണ കൂടാതെ തടവില്‍ അടയ്ക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ച്, 1980-ല്‍ നൊബേല്‍ സമ്മാനം ലഭിച്ച ആന്ദ്രേ സഖറോവ് നയിച്ചിരുന്ന ‘മെമ്മോറിയല്‍’ എന്ന റഷ്യയിലെ ഏറ്റവും പഴക്കമുള്ള മനുഷ്യാവകാശ ഗ്രൂപ്പ് ചെച്നിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങളും പീഡനങ്ങളും പുറത്തുകൊണ്ടുവന്നതും ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെമ്മോറിയലിന്‍റെ ചെച്നിയന്‍ ശാഖയുടെ മേധാവി നതാലിയ എസ്റ്റെമിറോവ 2009-ല്‍ കൊലചെയ്യപ്പെട്ടതിനെക്കുറിച്ച്, 2022 ഫെബ്രുവരി മുതല്‍ ഉക്രൈനിലെ റഷ്യന്‍ സേനയുടെ അടിച്ചമര്‍ത്തലിന് എതിരെ പോരാടുന്ന സെന്‍റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് നേരിടുന്ന പീഡനങ്ങളെക്കുറിച്ച്… റഷ്യ, ബലാറസ്, ഉക്രൈന്‍ മേഖല എത്രമാത്രം സംഘര്‍ഷപൂര്‍ണമാണെന്ന് വ്യക്തമാക്കുന്ന വാക്കുകള്‍!

ഏലിസ് ബിയാലിയാറ്റ്സ്കി

മാനവികമൂല്യങ്ങള്‍ക്കുവേണ്ടിയുള്ള തുടര്‍ച്ചയായ ശ്രമങ്ങളിലൂടെ ഈ വര്‍ഷത്തെ ജേതാക്കള്‍ സമാധാനത്തെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യത്തെയും സംബന്ധിച്ച ആല്‍ഫ്രെഡ് നൊബേലിന്‍റെ കാഴ്ചപ്പാടിന് പുതുജീവന്‍ നല്‍കി എന്നുപറഞ്ഞ് അവര്‍ പ്രഖ്യാപനം അവസാനിപ്പിച്ചു. പിന്നീട് നടന്ന ചോദ്യോത്തരവേളയില്‍ സമ്മാന പ്രഖ്യാപനത്തിന്‍റെ രാഷ്ട്രീയ പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന ചോദ്യങ്ങളുയര്‍ന്നു.

ജയിലില്‍ കഴിയുന്ന ആളായ ഏലിസ് ബിയാലിയാറ്റ്സ്കിക്ക് നൊബേല്‍ സമ്മാനം നല്‍കുന്നതിലൂടെ ഭരണകൂടത്തിന് കമ്മിറ്റി നല്‍കുന്ന സന്ദേശം എന്താണ് എന്നായിരുന്നു ഒരു ചോദ്യം. ബലാറസിലെ അധികൃതര്‍ക്ക് ഞങ്ങള്‍ നല്‍കുന്ന സന്ദേശം, ഏലിസ് ബിയാലിയാറ്റ്സ്കിയെ വിട്ടയക്കണമെന്നുതന്നെയാണ് എന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത കമ്മിറ്റി അധ്യക്ഷ മറുപടി പറഞ്ഞു. അതുമാത്രമല്ല, പ്രായോഗികം ആകുമെന്ന് അത്രയൊന്നും പ്രത്യാശ ഇല്ലെങ്കിലും ബലാറസിലെ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .

വ്ളാദ്മിര്‍ പുതിന്‍റെ എഴുപതാം ജന്മദിനമായ ഇന്ന് ഈ അവാര്‍ഡ് പ്രഖ്യാപിച്ച വഴി അദ്ദേഹത്തിന് നല്‍കുന്ന ഉചിതമായ ഒരു ജന്മദിന സമ്മാനമായി ഇതിനെ കമ്മിറ്റി കാണുന്നുണ്ടോ എന്നായിരുന്നു ശ്രദ്ധേയമായ മറ്റൊരു ചോദ്യം.

സമ്മാനം പ്രസിഡണ്ട് പുതിനെയോ അദ്ദേഹത്തിന്‍റെ ജന്മദിനത്തെയോ പരിഗണിക്കുന്നില്ല എന്നാല്‍, പുതിന്‍റെ ഗവണ്‍മെന്‍റും ബലാറസിലെ ഗവണ്‍മെന്‍റും പ്രതിനിധീകരിക്കുന്നത് സ്വേച്ഛാധിപത്യ ഗവണ്‍മെന്‍റുകളെയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്ന നയം പുനഃപരിശോധിക്കാന്‍ അദ്ദേഹം തയ്യാറാകും എന്ന് ഞങ്ങള്‍ വിചാരിക്കുന്നു എന്നായിരുന്നു മറുപടി. ചിലതിന്, ചിലര്‍ക്ക് നല്‍കുന്നു എന്നതല്ലാതെ ആര്‍ക്കും എതിരായല്ല നൊബേല്‍ നല്‍കുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം ഈ സമ്മാന പ്രഖ്യാപനം ജയിലില്‍ കഴിയുന്ന ഏലിസ് ബിയാലിയാറ്റ്സ്കിയെ കൂടുതല്‍ ദോഷകരമായി ബാധിക്കില്ല എന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

നൊബേല്‍ നേടിയവര്‍ പുകഴ്ത്തപ്പെട്ടതിനൊപ്പം ലോകത്തെ രണ്ട് സ്വേച്ഛാധിപതികള്‍ വിമര്‍ശിക്കപ്പെടുകകൂടി ചെയ്തതോടെ ഈ വര്‍ഷത്തെ നൊബേല്‍ ലോകമെങ്ങും വലിയ ചര്‍ച്ചയായി. ഉക്രൈയിനെ ആക്രമിക്കാന്‍ റഷ്യക്ക് സകല പിന്തുണയും നല്‍കുന്ന രാജ്യമാണ് ബലാറസ്. ബലാറസ് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുകാഷെന്‍കോ ജയിലിലടച്ച ഏലിസ് ബിയാലിയാറ്റ്സ്കിക്കും റഷ്യന്‍ സുപ്രീംകോടതി അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച മെമ്മോറിയലും ഉക്രൈയിനിലെ പുതിന്‍റെ മനുഷ്യാവകാശലംഘനങ്ങള്‍ ഡോക്യുമെന്‍റ് ചെയ്യുന്ന സെന്‍റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിനും പുതിന്‍റെ എഴുപതാം ജന്മദിനം തന്നെ സമാധാന നൊബേല്‍ നല്‍കിയത് പുതിന്‍ – ലുകാഷെന്‍കോ ദ്വയത്തിനെതിരെയുള്ള ശക്തമായ സന്ദേശമാണ് എന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഒപ്പം, ഏലിസ് ബിയാലിയാറ്റ്സ്കി എന്ന ധീരനായ മനുഷ്യാവകാശ പ്രവര്‍ത്തകനെയും അദ്ദേഹത്തിന്‍റെ ത്യാഗപൂര്‍ണമായ ജീവിതവും ലോകജനതക്കു മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടു.

ആരാണ് ഏലിസ് ബിയാലിയാറ്റ്സ്കി

60 കാരനായ ഏലിസ് ബിയാലിയാറ്റ്സ്കി പതിനെട്ടാം വയസ്സില്‍ സാഹിത്യ വിദ്യാര്‍ഥിയായിരുന്ന സമയം മുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സാഹിത്യ സംസ്കാരിക രംഗത്തായിരുന്നു ആദ്യകാല പ്രവര്‍ത്തനം. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചക്കുശേഷം സ്വതന്ത്രരാജ്യമായ ബലാസിലെ സാഹിത്യത്തെയും സംസ്കാരത്തെയും വളര്‍ത്തുന്നതിനായി യുവഎഴുത്തുകാരെ സംഘടിപ്പിക്കുന്നതിനാണ് ആദ്യകാലത്ത് അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നത്. പിന്നീട് ബലാറസിനെ പരമാധികാര ജനാധിപത്യ രാജ്യമാക്കി മാറ്റാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. നിരവധി സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. രഹസ്യ സംഘടനയായ ഇന്‍ഡിപെന്‍ഡന്‍സ്, ബലാറേഷ്യന്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന രാഷ്ട്രീയ പാര്‍ട്ടി എന്നിവയിലൊക്കെ നേതൃസ്ഥാനത്ത് ഏലിസ് ബിയാലിയാറ്റ്സ്കി പ്രവര്‍ത്തിച്ചു. എന്നാല്‍, 1996-ല്‍ വിയസ്ന അഥവാ വസന്തം എന്ന സംഘടന രൂപീകരിക്കുന്നതോടെയാണ് അദ്ദേഹം ഭരണകൂടത്തിന്‍റെ കടുത്ത നിരീക്ഷണങ്ങള്‍ക്ക് വിധേയനാകുന്നത്. വിയസ്ന ബലാറസിലാകെ സ്വാധീനം വര്‍ധിപ്പിച്ചത് ഭരണകൂടത്തെ അസ്വസ്ഥരാക്കി. അവസരം കാത്തിരുന്ന അവര്‍ ബലാറസ് സുപ്രീംകോടതിയെ ഉപയോഗിച്ച് വിയസ്നയെ നിരോധിച്ചു. 2001-ലെ ബലാറസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംഘടന ശ്രമിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍, പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഏലിസ് ബിയാലിയാറ്റ്സ്കി ഒരുക്കമായിരുന്നില്ല. സംഘടന പ്രവര്‍ത്തനം തുടര്‍ന്നു. 2007 ആയപ്പോഴേക്കും ഏലിസ് ബിയാലിയാറ്റ്സ്കി നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്‍റെ വൈസ് പ്രസിഡന്‍റായി. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഗവണ്‍മെന്‍റ് തീരുമാനിച്ചു. 2011-ല്‍ ഏലിസ് ബിയാലിയാറ്റ്സ്കി അറസ്റ്റ് ചെയ്യപ്പെട്ടു. സാമ്പത്തിക കുറ്റകൃത്യമാണ് അദ്ദേഹത്തിന്‍റെ മേല്‍ ആരോപിക്കപ്പെട്ടത്. നികുതി വെട്ടിച്ചു എന്ന കേസ് ആണ് സര്‍ക്കാര്‍ കെട്ടിച്ചമച്ചത്. നാലു വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. എന്നാല്‍, കുടുംബാംഗങ്ങളെപോലും കാണാന്‍ അനുവദിക്കാതെ അദ്ദേഹത്തെ മാനസ്സികമായി തളര്‍ത്താനാണ് ഗവണ്‍മെന്‍റ് ശ്രമിച്ചത്. ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ അടക്കമുള്ള സംഘടനകള്‍ ഇടപെട്ടതിന്‍റെ ഫലമായി 2014 ലാണ് അദ്ദേഹം ജയില്‍ മോചിതനാവുന്നത്.

2020-21 ല്‍ ബലാറസ് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലൂകോഷെന്‍ കോയ്ക്കെതിരെ വ്യാപകപ്രതിഷേധം രാജ്യത്ത് ഉയര്‍ന്നു. ഈ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു, ഏലിസ് ബിയാലിയാറ്റ്സ്കി. തിരഞ്ഞെടുപ്പില്‍ ലൂകാഷെന്‍കോ പരാജയപ്പെടുമെന്നും പ്രതിപക്ഷ നേതാവ് സ്വെറ്റ്ലാന ടിഖനോവ്സ്കി പുതിയ പ്രസിഡന്‍റ് ആകുമെന്നും കരുതപ്പെട്ട കാലമായിരുന്നു അത് . എന്നാല്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലുകാഷെന്‍കോ തന്നെ വീണ്ടും അധികാരത്തിലെത്തി. ഇത് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് സാധിച്ചത് എന്ന ആരോപണം ഉയര്‍ന്നിരുന്നു. പ്രസിഡന്‍റായ ലുകാഷെന്‍കോവ്, ഏലിസ് ബിയാലിയാറ്റ്സ്കി ഉള്‍പ്പെടെ ആയിരക്കണക്കിന് മനുഷ്യാവകാശ പ്രവര്‍ത്തകരെ തുറുങ്കിലടച്ചു.

അവാര്‍ഡിന്‍റെ സന്ദേശം

മറ്റെല്ലാ അവാര്‍ഡുകളും പോലെ നൊബേല്‍ സമ്മാനവും വിവാദമുക്തമായിരുന്നില്ല. പലതവണ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടും ഗാന്ധിജിക്ക് സമ്മാനിക്കാതിരുന്നതും 2009-ല്‍ അമേരിക്കന്‍ പ്രസിഡന്‍റായ ബരാക് ഒബാമയ്ക്ക് ചെയ്തികളേക്കാള്‍ വാക്കിനെ വിലമതിച്ചുകൊണ്ട് നൊബേല്‍ നല്‍കിയതുമെല്ലാം സമാധാന നൊബേലിന്‍റെ 1901 മുതലുള്ള ചരിത്രത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട അധ്യായങ്ങളാണ്. എന്നാല്‍, കടുത്ത ഭരണകൂട വിമര്‍ശകനടക്കം സിവില്‍ സമൂഹത്തിന്‍റെ ഭാഗമായി നിന്നുകൊണ്ട് മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുന്നവരെ തിരഞ്ഞെടുത്തതുവഴി ഇത്തവണത്തെ സമാധാന നൊബേല്‍ സമ്മാനം അതിന്‍റെ പ്രസക്തി ഒരുപടി ഉയര്‍ത്തി എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. ഭരണകൂടങ്ങള്‍ സ്വേച്ഛാധിപത്യത്തിലേക്കും അടിച്ചമര്‍ത്തലുകളിലേക്കും നീങ്ങുമ്പോള്‍ സിവില്‍ സമൂഹങ്ങള്‍ നിസ്സംഗരാവുകയല്ല, ഉണര്‍ന്ന് പോരാടുകയാണ് വേണ്ടതെന്നും അതിലൂടെ മാത്രമേ, സമാധാനവും ജനാധിപത്യവും നിലനിര്‍ത്താനാകൂ എന്നുമുള്ള നൊബേല്‍ കമ്മിറ്റിയുടെ നിരീക്ഷണം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.

ഏലിസ് ബിയാലിയാറ്റ്സ്കി അടക്കമുള്ള രാഷ്ട്രീയ തടവുകാരരെ മോചിപ്പിക്കണമെന്ന നൊബേല്‍ കമ്മിറ്റിയുടെ ആഹ്വാന ശേഷം ബലാറസിലെ പ്രതിപക്ഷവും ഐക്യരാഷ്ട്രസഭയും എല്ലാം ഈ ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍, അജ്ഞാത തടവറയില്‍ കഴിയുന്ന ഏലിസ് ബിയാലിയാറ്റ്സ്കിയുടെ തടവ് അന്യായമായി നീളുകയാണ്. തനിക്ക് നൊബേല്‍ ലഭിച്ചതുപോലും അദ്ദേഹം അറിഞ്ഞിട്ടുണ്ടോ എന്നതില്‍പ്പോലും വ്യക്തതയില്ലാതെ!


2022 നവംബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം.


നോബൽ സമ്മാന പ്രഖ്യാപനംസമാധാനം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2022 ഡിസംബറിലെ ആകാശം
Next post മഹാപ്രപഞ്ചത്തിന്റെ ത്രിമാന രൂപം 
Close