സാഹിത്യത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം തെല്ലുപോലും ആരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ടാകില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഓരോ നൊബേല്‍ പ്രഖ്യാപന സമയത്തും ഉയര്‍ന്നു വരുന്ന പേരുകളുടെ പട്ടികയില്‍ ഇക്കുറി സമ്മാനിതയായ ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണോയുടെ പേരുണ്ടാകും. എന്നാല്‍, നൊബേല്‍ സമിതിയുടെ കഴിഞ്ഞവര്‍ഷങ്ങളിലേതുപോലെ ഒരു അപരിചിതനായ പുതിയ എഴുത്തുകാരനാകുമെന്ന് നമ്മള്‍ വായനക്കാര്‍ കരുതും. കഴിഞ്ഞ വര്‍ഷം സമ്മാനിതനായ അബ്ദുല്‍ റസാഖ് ഗുര്‍നെ പുരസ്കാരിതനാകുന്നതുവരെ അദൃശ്യനായി നിന്ന ഒരെഴുത്തുകാരനാണ്. ഓരോ പുരസ്കാരവും വായനക്കാരെ സംബഡിച്ച് പുതിയ ഒരു കണ്ടെടുക്കല്‍ പോലെയാണ്. ആനി എര്‍ണോ പക്ഷേ, 90-കള്‍ മുതല്‍ ഫ്രാന്‍സില്‍ സജീവമായി വായിക്കപ്പെടുന്ന എഴുത്തുകാരിയാണ്. സ്ത്രീപക്ഷ എഴുത്തുകാരിയെന്ന നിലയില്‍ ഫ്രഞ്ച് രാഷ്ട്രീയത്തില്‍ വലിയ ഇടപെടലുകള്‍ നടത്തുന്ന എഴുത്തുകാരി കൂടിയാണ് അവര്‍.
കോവിഡ് മഹാമാരിയുടെ കാലത്ത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോണിനെ ഏതോ ആജ്ഞലോകത്തെ ഭരണാധികാരിയെന്നാണ് ആനി എര്‍ണോ വിശേഷിപ്പിച്ചത്. മഹാമാരിയുടെ കാലത്തെ ഭരണകൂടത്തിന്‍റെ കെടുകാര്യസ്ഥതയെ കണ്ടുകൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത്. ആ മക്രോണ്‍ തന്നെ അവരെ ഫ്രഞ്ച് സാഹിത്യത്തിലെ അഭിമാനകരമായ എഴുത്തുകാരിയെന്നു നൊബേല്‍ സമ്മാനം ലഭിച്ച ശേഷം പറഞ്ഞു. അബോര്‍ഷന്‍ നിയമപരമല്ലാത്തതിനെതിരേ അതിശക്തമായ പോരാട്ടം നടത്തുന്നതിനും ആനി എര്‍ണോ ഫ്രഞ്ച് സ്ത്രീ സമൂഹത്തോടൊപ്പം മുന്നിലുണ്ടായിരുന്നു.
തുറന്നെഴുത്തുകളാണ് അവരുടെ ഓരോ പുസ്തകവും. ആത്മസാഹിത്യമെന്ന (auto-fiction) സാഹിത്യ ശാഖയിലാണ് അവരുടെ എഴുത്തുകളെ വിശേഷിപ്പിക്കുന്നത്. ഓര്‍മകള്‍ എഴുതുക എന്നതാണ് ആനി എര്‍ണോയുടെ ‘സോഷ്യോളജിക്കല്‍ ഓട്ടോഫിക്ഷന്‍’ കൃതികളുടെ പ്രത്യേകത. ജീവിച്ചു കഴിഞ്ഞു പോയ കാലത്തെ വര്‍ഷങ്ങള്‍ അഥവാ പതിറ്റാണ്ടുകള്‍ കഴിഞ്ഞ അനുഭവങ്ങളെ അതേ തീവ്രതയോടും തീക്ഷണതയോടും ആനി തന്‍റെ പുസ്തകങ്ങളിലൂടെ വീണ്ടെടുക്കുന്നു. ഓര്‍മകളുടെ എസ്കവേഷന്‍ ആണ് അവരുടെ പുസ്തകങ്ങള്‍.
“എന്‍റെ പല പുസ്തകങ്ങളും നോവലുകളാണെന്ന് എനിക്ക് ഉറപ്പില്ല. ഫിക്ഷനുകളോ? എപ്പോഴും അല്ല. വസ്തുനിഷ്ഠമായി, വ്യക്തമായി ഒരു ഇടപ്പെടലും ഇല്ലാതെ ഓര്‍ക്കാനും നിരീക്ഷിക്കാനും നോക്കാനും പറയാന്‍ ശ്രമിക്കാനുമാണ് ഞാന്‍ ചെയ്യുന്നത്”, അവര്‍ മാധ്യമങ്ങള്‍ക്ക് എഴുതിയ കുറിപ്പില്‍ പറയുന്നു.
എര്‍ണോ തന്‍റെ 45-ാം വയസ്സിലാണ് ഗൗരവമായി എഴുതിത്തുടങ്ങുന്നത്. അതിനു മുന്‍പേ അവര്‍ ആത്മകഥാത്മകമായ നോവലുകള്‍ എഴുതിയിട്ടുണ്ട്. അതൊക്കെ പക്ഷേ, എഴുത്തുകാരിയെന്ന നിലയില്‍ അവരെ തൃപ്തിപ്പെടുത്തിയിരുന്നില്ല. അവര്‍ക്ക് എഴുത്തെന്നത് വേദനാജനകമായ ഒരു അനുഭവമാണ്. അതുപോലെതന്നെ അത് അവര്‍ക്ക് നാണക്കേടുമാണ്. ‘സിമ്പിള്‍ പാഷന്‍’ എന്ന പുസ്തകത്തിന്‍റെ അവസാനത്തില്‍ ആനി എഴുതുന്നുണ്ട്, “ഓരോ പുസ്തകവും എഴുതി അവസാനിപ്പിക്കുമ്പോള്‍ എന്നില്‍ കടുത്ത ഉത്കണ്ഠ ഉണ്ടാവും. എഴുതിയതൊക്കെ പുസ്തകമാവുമ്പോള്‍ ഞാനെന്ന എഴുത്തുകാരിയെ, എന്‍റെ ജീവിതത്തെ വായനക്കാരാവുമല്ലോ വിധിക്കുക. എന്‍റെ ഇതുവരെയുള്ള ജീവിതത്തെ അവര്‍ വായിക്കുമ്പോള്‍, വിലയിടുമ്പോള്‍ എനിക്ക് തെല്ല് നാണക്കേട് തോന്നുന്നു. പലപ്പോഴും, എന്‍റെ പുസ്തകം എഴുതി അവസാനിക്കുമ്പോള്‍ ഞാന്‍ മരിച്ചുപോയേക്കുമെന്ന ഭയം എന്നെ പിടികൂടുന്നു”.
“ഞാന്‍ തുറന്നെഴുതുകയായിരുന്നു. അതിന്‍റെ വരുംവരായ്കകളെക്കുറിച്ച് ഓര്‍ത്തതേ ഇല്ല. എന്നാല്‍, ഓരോ പുസ്തകവും എഴുതി ഒടുവിലെത്തുമ്പോള്‍ ഞാന്‍ തെല്ല് ആശ്ചര്യത്തോടെയും നാണക്കേടോടെയും കൂടിയാകും അതിനെ നോക്കുക”, അവര്‍ എഴുതുന്നു.
“ഞാനെഴുതുന്നത് ഞാന്‍ ഒറ്റയ്ക്കായതു കൊണ്ടാണ്. എന്‍റെ ജീവിതത്തിലെ ശൂന്യതയെ മറികടക്കാന്‍ ഞാന്‍ എഴുത്തില്‍ അഭയം തേടുന്നു. എന്‍റെ ജീവിതത്തിലെ എല്ലാ ഓര്‍മകളെയും 58-ലെ ഫ്രാന്‍സിലെ രാഷ്ട്രീയാവസ്ഥയെ, അവിചാരിതമായി ഗര്‍ഭം പേറി നിയമത്തിനെതിരായി ഗര്‍ഭച്ഛിദ്രം നടത്തിയത്, മാതാപിതാക്കളുടെ സ്നേഹത്തിന്‍റെ നാളുകളെക്കുറിച്ച്, അച്ഛനെക്കുറിച്ച്, മറവിരോഗം പിടിപെട്ട അമ്മയെക്കുറിച്ച്, പ്രണയ കാമനകളുടെ നാളുകളിലെ ജീവിതത്തെക്കുറിച്ച്. അങ്ങനെ, എന്‍റെ ജീവിതത്തിലെ അസഹനീയമായ ഓര്‍മകളെ തുരത്താന്‍ എഴുത്തായിരുന്നു എനിക്ക് മറുമരുന്ന്”, ആനി തന്‍റെ ഗേറ്റിങ് ലോസ്റ്റ് എന്ന പുസ്തകത്തില്‍ എഴുതുന്നുണ്ട്.
എര്‍ണോയുടെ അസംസ്കൃത വസ്തു തന്‍റെ തന്നെ ജീവിതത്തിന്‍റെ ഭൂതകാലമാണ്. തന്‍റെ എല്ലാ പുസ്തകങ്ങളും ചെറുതാണ്. ഒരാളുടെ ഓര്‍മപ്പുസ്തകങ്ങള്‍ എത്ര ക്ഷമയോടെ എഴുത്തുകാര്‍ വായിക്കുമെന്ന് അവര്‍ അത്ഭുതപ്പെടുന്നു. തന്‍റെ പുസ്തകങ്ങളുടെ തുടര്‍ച്ചയാണ് മെലിഞ്ഞ എല്ലാ പുസ്തകങ്ങളും. അതിലെല്ലാം അവരുടെ ജീവിതത്തെ ക്രമത്തോടെ രേഖപ്പെടുത്തുന്നു. ആനി എര്‍ണോയെ ആവര്‍ത്തിച്ചു വായിക്കുന്നത് അനുഭൂതിദായകമായ അനുഭവമാണ്. അത് ഓരോ വായനക്കാരിലും ആത്മബലത്തിന് പ്രേരകമാകുമെന്ന് തീര്‍ച്ചയാണ്.
എങ്ങനെയാണ് ഇങ്ങനെ ഓര്‍മകളെ ആനി അടുക്കിവെക്കുന്നത്. എങ്ങനെയാണ് ഒരു ഫോട്ടോഗ്രാഫിക് ഓര്‍മപോലെ അതിനത്രയും ദൃശ്യപരത ഉണ്ടാവുന്നത്? “ഞാന്‍ വെറുതെ ഓര്‍ക്കാന്‍ ശ്രമിക്കുന്നില്ല. അതിനുള്ളിലായിരിക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്. മുമ്പോ ശേഷമോ ഒഴുകാതെ, ആ നിമിഷം തന്നെ അവിടെ ഉണ്ടായിരിക്കാന്‍. ആ നിമിഷത്തിന്‍റെ ശുദ്ധമായ അസ്തിത്വത്തില്‍ ആയിരിക്കുക” അവര്‍ ദി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഫ്രഞ്ച് സമൂഹത്തിലെ മാമൂലുകളോടെ എതിരിട്ടു വന്നതാണ് ആനി എര്‍ണോ. തന്‍റെ എഴുത്തു ജീവിതത്തിന്‍റെ പ്രാരംഭ ദിശയില്‍ അവര്‍ക്ക് നടക്കേണ്ടിവന്നത് കല്ലും മുള്ളും നിറഞ്ഞ പരവതാനിയിലൂടെയാണ്. വിമര്‍ശകര്‍ ഒന്നടങ്കം അവരെ കളിയാക്കിക്കൊണ്ടിരുന്നു. “മാഡം ഓവറി” എന്ന സവിശേഷ പദം നല്‍കി അവരെ അവരൊക്കെ തരം കിട്ടുമ്പോള്‍ കളിയാക്കിക്കൊണ്ടിരുന്നു.
“ഞാന്‍ അംഗീകരിക്കപ്പെടുക എന്നത് ഫ്രഞ്ച് സാഹിത്യലോകത്തത്ര എളുപ്പമായിരുന്നില്ല. എന്‍റെ എഴുത്തുകളെ നിരൂപകര്‍ മാനിച്ചതേയില്ല. മറിച്ച്, അവരൊക്കെ തരം കിട്ടുമ്പോഴൊക്കെ എന്നെ കളിയാക്കുകയും ചെയ്യുമായിരുന്നു. ഫ്രഞ്ച് കലാലോകം ആണുങ്ങളുടെ വരുതിയിലാണ്. അതൊന്നും അങ്ങനെ മാറാന്‍ പോകുന്നില്ല”, ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു.
ഈ അടുത്ത് വീണ്ടും അതേ ചോദ്യം ആനിയോട് ചോദിച്ചപ്പോള്‍, കൗതുകകരമായിരുന്നു മറുപടി. പുരുഷാധിപത്യത്തിന്‍റെ വിവിധ മണ്ഡലങ്ങളെ ഇളക്കിമറിച്ച പ്രസ്ഥാനങ്ങളിലൊന്നായിരുന്നില്ലേ ‘മീ ടൂ’. അതിന് അവര്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്. “വളരെ ഗഹനമായ എന്തോ ഒന്ന് ആ പ്രസ്ഥാനത്തെ മാറ്റിമറിച്ചു. അതൊരു പോസറ്റീവ് ആയ പ്രേരകമാണ് സമൂഹത്തില്‍ ഉണ്ടാക്കിയത്. അതിനേറ്റവും വലിയ തെളിവെന്തെന്നാല്‍ മുന്‍പ് എന്നെ പരിഗണിക്കാതിരുന്നവരെല്ലാംതന്നെ ഇന്ന് എന്നെ അഭിനന്ദിക്കാന്‍ കാണിക്കുന്ന ആവേശമാണ്”.
82-ാം വയസ്സിലും എഴുതാനുള്ള കൗതുകം ഈ എഴുത്തുകാരിയെ വിട്ടു പോയിട്ടില്ല. എഴുത്തിനെക്കുറിച്ചു അവര്‍ മുന്നൊരുക്കം നടത്താറില്ല. എഴുത്തിന്‍റെ കാര്യത്തില്‍ മാത്രം താന്‍ “ഒരല്‍പ്പം അന്ധവിശ്വാസിയാണ്” എന്നവര്‍ പറയും. ഇനിയെന്താകും എഴുതുക എന്ന് ചോദിച്ചാല്‍. ആനിയുടെ മറുപടി ഇങ്ങനെയാണ് ‘ജീവിതം വളരെ വലുതും അനന്തമായി നിരീക്ഷിക്കാവുന്നതുമാണ്, ഒരു ജീവിതം പറയാന്‍ ഒരു ആയുസ്സ് മതിയാവില്ല”.
2022 നവംബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം.
നോബൽ സമ്മാന പ്രഖ്യാപനം – സാഹിത്യം