Read Time:29 Minute

നിങ്ങള്‍ക്ക് നിക്ഷേപമുള്ള ബാങ്ക് പ്രതിസന്ധിമൂലം തകരാന്‍ പോകുന്നു! വാര്‍ത്ത സത്യമോ മിഥ്യയോ ആകട്ടെ നിങ്ങളുടെ ആദ്യ പ്രതികരണമെന്താകും? സ്വാഭാവികമായും നിക്ഷേപിച്ച പണം പിന്‍വലിക്കാനാവും ആദ്യശ്രമം. ഇതുതന്നെയാണ് 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് തൊട്ടുമുമ്പും സംഭവിച്ചത്. സബ് പ്രൈം ഹൗസിങ് ലോണ്‍ മൂലം പ്രതിസന്ധി നേരിട്ട, ലോകത്തിലെ തന്നെ നാലാമത്തെ വലിയ ബാങ്കായിരുന്ന അമേരിക്കന്‍ ബാങ്ക്, ‘ലേമാന്‍ ബ്രദേഴ്സ്’ തകര്‍ന്നു എന്ന വാര്‍ത്ത പരക്കുന്നു. സ്വാഭാവികമായും നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപത്തുക പിന്‍വലിക്കാനെത്തുന്നു. കടക്കെണിയിലായ ബാങ്കിന് പണം തിരികെ നല്‍കാനാകാത്ത സ്ഥിതി സംജാതമായതോടെ ബാങ്ക് തകര്‍ന്നുവെന്ന വാര്‍ത്ത കൂടുതല്‍ വ്യാപിക്കുന്നു. ലേമാന്‍ ബ്രദേഴ്സും കടന്ന് ബാങ്കിങ് മേഖലയിലാകെ പ്രതിസന്ധിയുടെ നിഴല്‍ വീഴുന്നു. ആഗോളതലത്തില്‍ വ്യാപിച്ചുകിടക്കുന്ന ഓഹരി വിപണികളിലെ ബാങ്കിങ് ഓഹരികള്‍ വിറ്റഴിക്കല്‍ ആരംഭിക്കുന്നു. അതോടെ ഓഹരി വിപണികള്‍ കൂപ്പുകുത്തുന്നു-നിക്ഷേപം എല്ലാ മേഖലയിലും ഇടിയുന്നു-ഉത്പാദനം കുറയുന്നു-തൊഴില്‍ മേഖലയില്‍ പിരിച്ചുവിടല്‍ ആരംഭിക്കുന്നു-മാസങ്ങള്‍ കൊണ്ട് ആഗോളസാമ്പത്തികരംഗം പ്രതിസന്ധിയുടെ പിടിയിലമരുന്നു.

ലോകം മുഴുവന്‍ വര്‍ഷങ്ങളോളം പ്രതിസന്ധിയിലാക്കിയ, പ്രതിസന്ധിയുടെ തുടക്കം ബാങ്കിങ് മേഖലയില്‍ നിന്നാണെന്നോര്‍ക്കുക. യുദ്ധങ്ങളും മഹാമാരികളും ആഗോള സമ്പദ് വ്യവസ്ഥയില്‍ സമ്മര്‍ദങ്ങള്‍ തീര്‍ക്കുന്ന പുതിയ കാലത്ത്, സാമ്പത്തിക പ്രതിസന്ധികള്‍ ആവര്‍ത്തിക്കപ്പെടാമെന്ന ആശങ്കകള്‍ക്ക് മറുപടിയുമായാണ്, 2022-ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്കാര പ്രഖ്യാപനമെത്തുന്നത്. ബാങ്കുകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം എങ്ങനെ കുറയ്ക്കാനാകുമെന്ന കണ്ടെത്തലുകള്‍ക്കാണ് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാനം. “ബാങ്കുകളും ധനപ്രതിസന്ധിയും” എന്ന ഗവേഷണത്തിന് ബെന്‍.എസ്. ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യൂ ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൈബ്വിഗ് എന്നീ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരാണ് പുരസ്കാരം പങ്കിട്ടത്.

പുരസ്കാര ജേതാക്കള്‍

ഡഗ്ലസ് ഡയമണ്ട്, ബെന്‍ ബെര്‍നാങ്കെ, ഫിലിപ്പ് ഡൈബ്വിഗ്

ആധുനിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാകാന്‍ കഴിയുന്നുവെന്നതിനാല്‍ ബാങ്കിങ് മേഖലയിലെ ഗവേഷണവും പ്രധാനമാണ്. എന്തിനാണ് നമുക്ക് ബാങ്കുകള്‍… പ്രതിസന്ധികാലങ്ങളില്‍ അവയെ എപ്രകാരം സുരക്ഷിതമാക്കി നിര്‍ത്താം… ബാങ്കുകളുടെ തകര്‍ച്ച സാമ്പത്തിക പ്രതിസന്ധിയെ ഏതെല്ലാം വിധത്തില്‍ രൂക്ഷമാക്കും എന്നിങ്ങനെ നീളുന്നു ആധുനിക ബാങ്കിങ് ഗവേഷണത്തിന്‍റെ ചോദ്യമുനകള്‍. ഇത്തരമൊരു ഗവേഷണത്തിന് അടിത്തറപാകുന്നത് ബെന്‍ ബെര്‍നാങ്കെ, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് ഡൈബ്വിഗ് എന്നിവരാണ്, 1980-കളുടെ തുടക്കത്തില്‍. 

1953-ല്‍ ജനിച്ച ബെര്‍നാങ്കെ, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് പി.എച്ച്.ഡിയും പൂര്‍ത്തിയാക്കി. തുടര്‍ന്ന് പ്രിസ്റ്റണ്‍ സര്‍വകലാശാലയില്‍ പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചു. 2006 മുതല്‍ 2014 വരെ അദ്ദേഹം അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ ചെയര്‍മാന്‍ ആയി സേവനമനുഷ്ഠിച്ചു. പ്രസിഡന്‍റ് ബരാക് ഒബാമയുടെ കാലത്ത് 2010-ല്‍ രണ്ടാമതും ഫെഡറല്‍ റിസര്‍വിന്‍റെ ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യപ്പെട്ട ബെന്നിനെ ‘ശാന്തതയുടെ പ്രതീകം’ എന്ന് ഒബാമ വിശേഷിപ്പിച്ചതും ശ്രദ്ധേയമാണ്.

1953-ല്‍ ജനിച്ച ഡഗ്ലസ് ഡയമണ്ട്, ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്. ‘പണലഭ്യത’, ‘സാമ്പത്തിക പ്രതിസന്ധി’ എന്നിവയെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡയമണ്ട്, അമേരിക്കന്‍ ഫിനാന്‍സ് അസോസിയേഷന്‍റേയും വെസ്റ്റേണ്‍ ഫിനാന്‍സ് അസോസിയേഷന്‍റേയും മുന്‍ പ്രസിഡന്‍റ് കൂടിയാണ്. ഇന്ത്യയിലെ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമൊത്ത് ഡയമണ്ട് നടത്തിയ പഠനങ്ങള്‍ കൂടി ((“Fear of Fire Sales, Illiquidity Seeking and Credit Freezes’, “Liquidity Risk, Liquidity Creation and Financial Fragility: A Theory of Banking’) ഈയവസരത്തില്‍ ഓര്‍മിക്കേണ്ടതുണ്ട്.

1955-ല്‍ ജനിച്ച ഫിലിപ്പ് ഡൈബ്വിഗ്, വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഒലീന്‍ ബിസിനസ് സ്കൂളില്‍ ബാങ്കിങ് ആന്‍റ് ഫിനാന്‍സ് പ്രൊഫസറാണ്. യേയില്‍ (yale), പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റികളില്‍ പ്രൊഫസര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുള്ള ഫിലിപ്പ്, വെസ്റ്റേണ്‍ ഫിനാന്‍സ് അസോസിയേഷന്‍റെ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബെര്‍നാങ്കെയുടെ സംഭാവനകള്‍

ബെന്‍ ബെര്‍നാങ്കെ
കടപ്പാട്:wikimedia.org

2008-ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഫെഡറല്‍ റിസര്‍വിന്‍റെ തലവനെന്ന നിലയില്‍ ബെന്‍ ബെര്‍നാങ്കെ നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തിന്‍റെ “The Federal Reserve and the Financial Crisis’  വിവരിക്കുന്നത്. 2 വര്‍ഷത്തിനുശേഷം പുറത്തിറങ്ങിയ “The Courage to Act-A Memoir of a Crisis and its Aftermath’, 2008-ലെ പ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ച നേരിടുമായിരുന്ന ആഗോള സമ്പദ് വ്യവസ്ഥയെ കടുത്ത നയങ്ങള്‍ എങ്ങനെ കരകയറ്റിയെന്ന് വിവരിക്കുന്നതാണ്.

2007-നും 2009-നും ഇടയില്‍ അമേരിക്കന്‍ കുടുംബങ്ങളുടെ മൊത്തം ആസ്തി $16.2 ട്രില്യണ്‍ നഷ്ടപ്പെട്ടുവെന്ന് സെന്‍റ് ലൂയിസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് കണക്കാക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധികള്‍ എത്രമാത്രം രൂക്ഷമായ പ്രത്യാഘാതമാണ് സാമ്പത്തിക രംഗത്ത് സൃഷ്ടിക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇവിടെയാണ് ബെര്‍നാങ്കെയുടെ ഇടപെടലുകളുടെ പ്രസക്തിയും നൊബേല്‍ പുരസ്കാരത്തിന്‍റെ ഈ വര്‍ഷത്തെ വേറിട്ട മുന്‍ഗണനയും ശ്രദ്ധേയമാകുന്നത്.

ബെര്‍നാങ്കെയുടെ ധനനയ ഇടപെടലുകള്‍ക്ക് അടിസ്ഥാനം, ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ 1930-കളിലെ മഹാമാന്ദ്യത്തെ വിശകലനം ചെയ്ത് നടത്തിയ അദ്ദേഹത്തിന്‍റെ പഠനാനുഭവങ്ങളാണ്. പരിഭ്രാന്തിയോടെയുള്ള കൂട്ടായ നിക്ഷേപം പിന്‍വലിക്കല്‍, പ്രതിസന്ധിക്ക് എത്രമാത്രം ആഴവും രൂക്ഷതയും സൃഷ്ടിക്കുമെന്ന് പഠനം കാട്ടിത്തരുന്നുണ്ട്. 30-കളില്‍ 50% ത്തോളം ബാങ്കുകള്‍ അമേരിക്കയില്‍ തകര്‍ന്നപ്പോള്‍ വായ്പയെടുത്തവരെക്കുറിച്ചുള്ള വിലയേറിയ വിവരങ്ങള്‍ നഷ്ടമാവുക മാത്രവുമല്ല, ചെറുസമ്പാദ്യങ്ങളെ ഉത്പാദനക്ഷമമായ നിക്ഷേപങ്ങളായി മാറ്റാനുള്ള സമൂഹത്തിന്‍റെ ശേഷിയും ഇല്ലാതായി! 

മഹാമാന്ദ്യത്തെക്കുറിച്ചുള്ള കാര്യകാരണ വിശകലനത്തിന്‍റെ അനുഭവത്തില്‍ നിന്നാണ് ബെന്‍, ഫെഡറല്‍ റിസര്‍വിന്‍റെ തലപ്പത്തേക്ക് വരുന്നത്, 2006-ല്‍. 2007 ലെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പലിശ (ഫെഡറല്‍ ഫണ്ട് നിരക്ക്) 5.25%-ല്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് 0.25% ആയി കുറയ്ക്കുകയാണ് ഫെഡറല്‍ റിസര്‍വ് ചെയ്തത്. അങ്ങനെ ‘ഗ്രേറ്റ് മോഡറേഷന്‍’ എന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ ഒരു കാലഘട്ടത്തിന് (1980 കളുടെ തുടക്കം മുതല്‍ 2007 വരെ യു.എസ് സമ്പദ് വ്യവസ്ഥയില്‍ പ്രകടമായ ബിസിനസ്സ് സൈക്കിള്‍ ചാഞ്ചാട്ടത്തിന്‍റെ കുറവ് രേഖപ്പെടുത്തിയ കാലഘട്ടം), 2007-ല്‍ വിരാമമാകുന്നതുവരെയും അതിനുശേഷമുള്ള പ്രതിസന്ധിയില്‍ നിന്നും യു.എസ് സമ്പദ്വ്യവസ്ഥ എളുപ്പത്തില്‍ കരകയറുന്നതിനു ബെന്‍ ധനനയം നിര്‍ണായകമായിരുന്നുവെന്ന് കൂട്ടിവായിക്കാവുന്നതാണ്. 

അപ്പോഴും ചില ചോദ്യങ്ങള്‍ പുരസ്കാര പ്രഖ്യാപനം ബാക്കിവെയ്ക്കുന്നുണ്ട്. പുരസ്കാര ജേതാക്കളില്‍ പ്രമുഖനായ ബെര്‍നാങ്കെ ഫെഡറല്‍ റിസര്‍വിന്‍റെ തലപ്പത്ത് ഇരിക്കുന്ന കാലത്തുതന്നെയാണ് 2007-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഉദയം ചെയ്യുന്നത് എന്നതാണ് വൈരുധ്യം. പ്രതിസന്ധിക്ക് കാരണമായ ‘സബ് പ്രൈം ഭവനവായ്പ പ്രതിസന്ധി’യെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ബെര്‍നാങ്കെ അവഗണിച്ചുവെന്നതും പലിശനിരക്ക് ചരിത്രത്തിലെതന്നെ താഴ്ന്ന നിലയിലേക്ക് താഴ്ത്തിയതും വിമര്‍ശിക്കപ്പെടുന്നുണ്ട്.

ഡയമണ്ട്-ഡൈബ്വിഗ് മോഡല്‍ 

ഡഗ്ലസ് ഡയമണ്ട്
കടപ്പാട്:news.uchicago.edu

1983-ല്‍ ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് ഡൈബ്വിഗ് എന്നിവര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച മോഡലാണ് നൊബേല്‍ സമ്മാനാര്‍ഹമായ ഡയമണ്ട്-ഡൈബ്വിഗ് മോഡല്‍. മോഡലില്‍ പരാമര്‍ശിക്കുന്നത്, സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്നതിനായി കാട്ടുന്ന ഭയചകിത നെട്ടോട്ടവും അത് മൂലം മൂര്‍ഛിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും അതിന് പരിഹാരവുമാണ്. ബാങ്കുകളുടെ ദ്രവത്വം തീരെ കുറഞ്ഞ അഥവാ എളുപ്പം തിരിച്ചുപിടിക്കാനാവാത്ത ആസ്തികളും /ലിക്വിഡിറ്റി കുറഞ്ഞ ലോണുകളും (Illiquid assets/business or mortgage loan), എപ്പോള്‍ വേണമെങ്കിലും നിക്ഷേപകര്‍ക്ക് തിരികെ നല്‍കേണ്ട ദ്രവത്വം കൂടിയ/ലിക്വിഡിറ്റി കൂടിയ ബാധ്യതകളും (liquid assets like deposits) ചേര്‍ന്ന പ്രവര്‍ത്തനം നിക്ഷേപകര്‍ക്കിടയില്‍ എപ്രകാരം പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്ന് ഈ മാതൃക വിവരിക്കുന്നു.

ഫിലിപ്പ് ഡൈബ്വിഗ്
കടപ്പാട്:olinblog.wustl.edu

ഭാവിയില്‍ ഉയര്‍ന്ന ലാഭം ലക്ഷ്യമിടുന്ന ബിസിനസ് നിക്ഷേപകര്‍ പലിശ കുറഞ്ഞ ദീര്‍ഘകാല വായ്പകള്‍ക്കായി ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. ഉടന്‍ തിരിച്ചുപിടിക്കാന്‍ ബാങ്കിന് കഴിയാത്ത ഇത്തരം ദ്രവത്വം കുറഞ്ഞ വായ്പകള്‍ വീട്, വാഹനം എന്നീ ആവശ്യങ്ങള്‍ക്കായി വ്യക്തികളും തേടാറുണ്ട്. ഈ ബാങ്കിങ് പ്രവര്‍ത്തനങ്ങളുടെ മറുഭാഗത്ത് ചെറു നിക്ഷേപകരുടെ വലിയൊരു കൂട്ടവുമുണ്ട്. അവരുടെ നിക്ഷേപമാണ് വായ്പാഫണ്ടായി മാറ്റുന്നത് എന്നോര്‍ക്കുക. പ്രവചനാതീതമായ അപ്രതീക്ഷിത ചെലവുകള്‍ നിറവേറ്റാനായി അവര്‍ നിക്ഷേപം ഏത് സമയത്തും പിന്‍വലിക്കാന്‍ ഇടയുണ്ട്. എളുപ്പം പിന്‍വലിക്കാനാകും വിധം ലിക്വിഡ് അക്കൗണ്ടുകള്‍ക്കാണ് (short meturing deposit accounts) അത്തരം നിക്ഷേപകര്‍ മുന്‍ഗണന നല്‍കുന്നത്.

മേല്‍ പരാമര്‍ശിച്ച രണ്ട് സാഹചര്യങ്ങളുടെയും – ലിക്വിഡ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുവാന്‍ താല്‍പ്പര്യപ്പെടുന്ന ചെറു നിക്ഷേപകരുടെയും ലോങ് മെച്യൂരിറ്റി ലോണുകള്‍ എടുക്കുന്നവരുടെയും-ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്‍റെ ധര്‍മമാണ് ഡയമണ്ട് – ഡൈബ്വിഗ് മോഡലില്‍ ബാങ്കുകള്‍ നിര്‍വഹിച്ചു വരുന്നത്. സാധാരണ സാഹചര്യങ്ങളില്‍ വ്യക്തിഗത നിക്ഷേപങ്ങള്‍ സ്വരുക്കൂട്ടി വലിയ ഫണ്ടുകളാക്കി മാറ്റി വലിയ വായ്പകള്‍ നല്‍കുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. നിക്ഷേപകര്‍ക്ക് സ്വമേധയാ അവരുടെ നിക്ഷേപ തുകകള്‍ ബിസിനസുകാര്‍ക്കുള്ള ലോണുകളാക്കി മാറ്റാനാകില്ല. കാരണം, നിക്ഷേപ തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കേണ്ടിവരുമെന്നവര്‍ക്കറിയാം. മാത്രവുമല്ല, ബിസിനസ് വായ്പകള്‍ ദീര്‍ഘ കാലത്തേക്കായ് എടുക്കുന്നതാകയാല്‍ തിരിച്ചടവും കാലതാമസം നേരിടും. ഇക്കാരണത്താലാണ് ദീര്‍ഘകാല വായ്പ ആഗ്രഹിക്കുന്ന ബിസിനസ് സംരംഭകര്‍ക്കും ലിക്വിഡ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്ന ചെറുനിക്ഷേപകര്‍ക്കുമിടയില്‍ ഇടനിലക്കാരനായി ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിക്ഷേപകര്‍ക്ക് നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ ദീര്‍ഘകാല വായ്പയെടുക്കുന്നവരില്‍ നിന്ന് ഈടാക്കാനും പ്രസ്തുത പലിശ വ്യത്യാസത്തില്‍ നിന്നും ബാങ്കിനാവശ്യമായ ലാഭം സ്വരുകൂട്ടാനും ബാങ്കിന് സാധിക്കുന്നു. 

മോഡലിലെ ‘നാഷ് ഇക്വിലിബ്രിയം’

ഡയമണ്ട് -ഡൈബ്വിഗ് മാതൃക ചൂണ്ടിക്കാട്ടുന്നതുപോലെ നിക്ഷേപകരുടെ ആവശ്യങ്ങള്‍ വ്യക്തിഗതമാണ്. അതിനാല്‍ത്തന്നെ, പണം പിന്‍വലിക്കുന്നതിനുള്ള നിക്ഷേപകരുടെ ആവശ്യം ഒരേസമയം ഉണ്ടാകാന്‍ സാധ്യതയില്ല. വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലൂടെ, ഹ്രസ്വകാലത്തേക്ക് ആകെ നിക്ഷേപത്തിന്‍റെ ഒരു ചെറിയ ഭാഗം മാത്രമേ പിന്‍വലിക്കപ്പെടുകയുള്ളൂ എന്നാണ് ബാങ്ക് പ്രതീക്ഷിക്കുക. അതിനാവശ്യമായ ചെറിയൊരു ഭാഗം തുക മാത്രം ലിക്വിഡ് മണിയായി കൈയില്‍ കരുതിവെച്ചുകൊണ്ട് ബാക്കി തുക മുഴുവനും വായ്പയായി മാറ്റാന്‍ ബാങ്കിന് കഴിയും. 

എന്നാല്‍, മറ്റൊരു സാധ്യത കൂടി നിലനില്‍ക്കുന്നു. ബിസിനസ് സംരംഭങ്ങള്‍ക്കും മറ്റുമായി ബാങ്കുകള്‍ ദീര്‍ഘകാല വായ്പകളാണ് പൊതുവേ കൊടുക്കുന്നതെന്നതിനാല്‍ അത്തരം വായ്പാതുക പെട്ടെന്ന് തിരികെ ആവശ്യപ്പെടാന്‍ കഴിയില്ല. അഥവാ ആവശ്യപ്പെട്ടാലും വായ്പയെടുത്തവര്‍ക്ക് തിരിച്ചടക്കാനാകണമെന്നുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ബാങ്കിലെ എല്ലാ നിക്ഷേപകരും ഒരേസമയം നിക്ഷേപതുക പിന്‍വലിക്കാന്‍ ശ്രമിച്ചാലാണ് അപകടം സംഭവിക്കുക. അങ്ങനെ വന്നാല്‍ എല്ലാ നിക്ഷേപകര്‍ക്കും പണം തിരികെ നല്‍കാന്‍ ബാങ്കിന് കഴിയാതെ വരും. ബാങ്ക് തകരുകയും പാപ്പരായി മാറുകയും ചെയ്യും.

ബാങ്കിങ് രംഗത്തെ ലിക്വിഡിറ്റി പ്രതിസന്ധിയും അത് സൃഷ്ടിക്കുന്ന പരിഭ്രാന്തിയും ചെറിയ ബാങ്കുകളെ മാത്രമല്ല, ശക്തമായ അടിത്തറയുള്ള ബാങ്കുകളെയും ബാധിക്കാം. നിക്ഷേപകരുടെ നിക്ഷേപം പിന്‍വലിക്കാനുള്ള പരിഭ്രാന്തിയെ ‘ബാങ്ക് റണ്‍’ എന്നാണ് വിശേഷിപ്പിക്കുക. മറ്റെല്ലാ നിക്ഷേപകരും ബാങ്കില്‍ നിന്ന് അവരുടെ നിക്ഷേപം ഉടനടി പിന്‍വലിക്കും എന്ന് ഒരാള്‍ക്ക് തോന്നുകയാണെങ്കില്‍, അത്, തന്‍റെ നിക്ഷേപവും പിന്‍വലിക്കാന്‍ അയാള്‍ക്ക് പ്രേരണയാകും. സ്വാഭാവികമായും നാം തുടക്കത്തില്‍ പരാമര്‍ശിച്ചതുപോലെ അയാള്‍ പിന്‍വലിക്കാനുള്ളവരുടെ നീണ്ട നിരയില്‍ ഏറ്റവും മുന്നിലെത്താന്‍ ശ്രമിക്കും. നേരേമറിച്ച്, മറ്റു നിക്ഷേപകര്‍ അവര്‍ക്ക് യഥാര്‍ഥ ആവശ്യമുള്ളപ്പോള്‍ മാത്രമേ പണം പിന്‍വലിക്കുകയുള്ളൂ എന്ന് ഒരാള്‍ ചിന്തിച്ചാല്‍, ‘ബാങ്ക് റണ്‍’ ഒഴിവാകും – എല്ലാ നിക്ഷേപകരും അവരവര്‍ക്ക് യഥാര്‍ഥ ആവശ്യമുള്ളപ്പോള്‍ മാത്രം പിന്‍വലിക്കുന്ന യുക്തിസഹമായ പ്രവണതയിലേക്ക് മാറും. ഈ 2 സന്തുലിതാവസ്ഥകളും ഡയമണ്ട് – ഡൈബ്വിഗ് മോഡലില്‍ പരാമര്‍ശിക്കുന്ന ‘നാഷ് സന്തുലിതാവസ്ഥ’കളാണ്. ഈ രണ്ട് സന്തുലിതാവസ്ഥയ്ക്കും വിപരീതഫലങ്ങളാണ് സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിക്കാനാവുക. ‘ബാങ്ക് റണ്‍’ ഉള്ളപ്പോള്‍ നിക്ഷേപകര്‍ക്ക് അവരുടെ പരിഭ്രാന്തി മൂലം, ഭാവിയില്‍ ലഭിക്കാമായിരുന്ന പലിശയും ഒരുപക്ഷേ, നിക്ഷേപത്തുക പോലും നഷ്ടമാകും. നേരെ മറിച്ചായാല്‍ പലിശയുടെ ലാഭം നേടുകയും ചെയ്യാം.

പ്രായോഗികതയിലേക്ക്…

ഫ്രാക്ഷണല്‍ റിസര്‍വ് ബാങ്കിങ് (ആകെ നിക്ഷേപത്തിന്‍റെ ഒരു ചെറിയ ഭാഗം/ഫ്രാക്ഷന്‍ മാത്രം ബാങ്ക് കൈവശം വയ്ക്കുകയും അടിയന്തിര പിന്‍വലിക്കല്‍ നേരിടാന്‍ അത് ഉപയോഗിക്കുകയും ചെയ്യുന്ന രീതി) നിലനില്‍ക്കുന്നതിനാല്‍ ‘ബാങ്ക് റണ്‍’ നേരിടുന്ന ബാങ്കുകള്‍ സാധാരണയായി അടച്ചു പൂട്ടുകയും കൂടുതല്‍ പിന്‍വലിക്കല്‍ സാധ്യത നിരസിക്കുകയും ചെയ്യും. ഇത് ‘സസ്പെന്‍ഷന്‍ ഓഫ് കണ്‍വേര്‍ട്ടിബിലിറ്റി’ എന്നാണ് അറിയപ്പെടുന്നത്. ഇത് ബാങ്കിങ് രംഗത്ത്/സാമ്പത്തിക വ്യവസ്ഥയില്‍ കൂടുതല്‍ പരിഭ്രാന്തി ജനിപ്പിക്കും. നിക്ഷേപം പിന്‍വലിക്കാന്‍ യഥാര്‍ഥത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഈയവസരത്തില്‍ തുക തിരികെ കിട്ടില്ലായെന്നൊരു പ്രശ്നം സംജാതമാകുമെങ്കിലും ഉടനടി ബാങ്ക് പാപ്പരത്തത്തിലേക്ക് നീങ്ങുന്നത് തടയാനാകും. അങ്ങനെ വായ്പയെടുത്തവര്‍ തിരികെ അടയ്ക്കുന്നതുവരെ കാത്തിരിക്കാന്‍ ബാങ്കുകള്‍ക്ക് സാവകാശം കിട്ടും. ഒപ്പം നിക്ഷേപകര്‍ക്ക് പണം ഘട്ടം ഘട്ടമായി തിരികെ നല്‍കാനും സാധിക്കും.

ഡയമണ്ടും ഡൈബ്വിഗും ഇവിടെ വാദിക്കുന്നതനുസരിച്ച്, ഓരോ കാലയളവിലേക്കും ആവശ്യമായ ചെലവിന്‍റെ യഥാര്‍ഥ തുക ബാങ്കുകള്‍ക്ക് കൃത്യമായി അറിയില്ലെങ്കില്‍ ‘ബാങ്ക് റണ്‍’ തടയുന്നതില്‍ ‘സസ്പെന്‍ഷന്‍ ഓഫ് കണ്‍വേര്‍ട്ടിബിലിറ്റി’ വിജയിക്കണമെന്നില്ല. അതിനാല്‍ത്തന്നെ, ‘ബാങ്ക് റണ്‍’ തടയാനുള്ള ഫലപ്രദമായ മാര്‍ഗമായി അവര്‍ മുന്നോട്ടുവെയ്ക്കുന്നത് സര്‍ക്കാരോ കേന്ദ്രബാങ്കോ പിന്തുണക്കുന്ന ‘ഡെപ്പോസിറ്റ് ഇന്‍ഷ്വറന്‍സ്’ ആണ്. അത്തരമൊരു ഇന്‍ഷ്വറന്‍സ് നിക്ഷേപകര്‍ക്ക് തങ്ങളുടെ മുഴുവന്‍ നിക്ഷേപത്തുകയും തിരികെ കിട്ടുമെന്ന് ഉറപ്പ് നല്‍കും. അഥവാ ‘ബാങ്ക് റണ്‍’ സംഭവിച്ചാല്‍ത്തന്നെയും നിക്ഷേപം തിരികെ കിട്ടുമെന്ന് ഉറപ്പുള്ളതിനാല്‍, നിക്ഷേപകര്‍ക്ക് ഉടനടി കൂട്ടത്തോടെ പിന്‍വലിക്കാനുള്ള പ്രേരണ ഉണ്ടാവുകയുമില്ല. ഇത്തരത്തില്‍ നിക്ഷേപ ഇന്‍ഷ്വറന്‍സിലൂടെ ബാങ്ക് റണ്‍ സാധ്യത ഇല്ലാതാക്കാന്‍ കഴിയും. മറുവശത്ത് നിക്ഷേപ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നത് ഗവണ്‍മെന്‍റിനെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയാകാനും ഇടയില്ല. കാരണം, ഇന്‍ഷുറന്‍സ് ഉള്ളതുകൊണ്ട് ‘ബാങ്ക് റണ്‍’ തടയപ്പെടുന്നതിനാല്‍ ‘നിക്ഷേപ ഇന്‍ഷ്വറന്‍സ്’ യഥാര്‍ഥത്തില്‍ ഒരിക്കലും നല്‍കേണ്ടിയും വരില്ല.

നൊബേല്‍ പുരസ്കാരത്തിന്‍റെ കാലികപ്രസക്തി 

മുതലാളിത്ത വ്യവസ്ഥിതിയില്‍ ഒഴിവാക്കാനാകാത്ത സഹജമായ ഒരു പ്രവണതയാണ് ‘പ്രതിസന്ധി’ എന്നത്. 1930 കളിലെ മഹാമാന്ദ്യം അതിനേറ്റവും ഉദാത്തമായൊരു ഉദാഹരണമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ആഗോള സമ്പദ്ചരിത്രം പരിശോധിച്ചാല്‍ ഏഴോളം സാമ്പത്തിക പ്രതിസന്ധികള്‍ (30-കളിലെ മാഹാമാന്ദ്യം, 1956-ലെ സൂയസ് പ്രതിസന്ധി, 1982-ലെ ഇന്‍റര്‍നാഷണല്‍ കട പ്രതിസന്ധി, 1997-2001 കാലത്തെ ഈസ്റ്റ് ഏഷ്യന്‍ പ്രതിസന്ധി, 1992-97 കാലത്തെ റഷ്യന്‍ സാമ്പത്തിക പ്രതിസന്ധി, 1994-2002 കാലത്തെ ലാറ്റിന്‍ അമേരിക്കന്‍ പ്രതിസന്ധി, ഒടുവില്‍ 2007-2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി) വ്യത്യസ്ത ആഴത്തിലും പരപ്പിലും ആഘാതത്തിലും കാണാന്‍ കഴിയും.

പതിയെ തുടങ്ങുന്ന പ്രതിസന്ധി, നിക്ഷേപകരുടെ പരിഭ്രാന്തിയാല്‍ മൂര്‍ഛിച്ച് മാന്ദ്യ സമാന സാഹചര്യത്തിലേക്ക് വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കുക, നയരൂപീകരണം നടത്തുകയെന്നതാണ് ഭരണകൂടത്തിന്‍റെ ധര്‍മം – വിജയവും. 30 കളിലെ മഹാമാന്ദ്യത്തിന് തടയിടാന്‍ കെയിന്‍സ് ഉയര്‍ത്തിക്കാട്ടിയ, വിപണിയില്‍ ഇടപെടാനുള്ള ധനനയം (fiscal policy) തന്നെയാണ് ഇന്നും സര്‍ക്കാരുകള്‍ പിന്തുടരുന്നത്. പ്രതിസന്ധികാലത്ത് ബാങ്കുകളുടെ പണനയം (monetary policy) പൂര്‍ണമായും ഫലം കാണാതെ വരുന്നിടത്ത് സര്‍ക്കാരിന്‍റെ ധനനയമാണ് ലക്ഷ്യം കാണുക. ഈ സമ്മിശ്ര പരീക്ഷണങ്ങളുടെ പ്രതികരണങ്ങള്‍ 1930 കളിലേയും 2007-2009-ലെ സാമ്പത്തിക പ്രതിസന്ധി കാലത്തെയും യുഎസ് സമ്പദ് വ്യവസ്ഥ പരിശോധിച്ചാല്‍ വ്യക്തമാകും. മഹാമാന്ദ്യകാലത്ത് 50% ബാങ്കുകള്‍ പരാജയപ്പെട്ടപ്പോള്‍ 2008-ല്‍ കേവലം 0.6% ബാങ്കുകള്‍ മാത്രമേ തകര്‍ച്ച നേരിട്ടുള്ളൂ.

ചുരുക്കത്തില്‍, വിപണി കൂടുതല്‍ സ്വതന്ത്രമാവുകയും അതിരുകള്‍ ഇല്ലാതാവുകയും കമ്പോള വ്യവസ്ഥിതി സഹജമായ അസ്ഥിരതയും അനിശ്ചിതത്വവും പ്രകടിപ്പിക്കുകയും ചെയ്യുന്ന പുതിയകാലത്ത് സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അടിവരയിടുകയാണ് സ്വീഡിഷ് അക്കാദമി, ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്ര നൊബേല്‍ പ്രഖ്യാപനത്തിലൂടെ. പ്രതിസന്ധികള്‍ക്ക് ആക്കം കുറയ്ക്കാന്‍ ഉതകുന്ന അത്തരം ഇടപെടലുകള്‍ 1980-കളില്‍ത്തന്നെ നടത്തിയ ബെര്‍ണാങ്കെ, ഡയമണ്ട്, ഫിലിപ്പ് എന്നിവര്‍ അതിനാല്‍ത്തന്നെ ശ്രദ്ധേയരാകുന്നു. പുരസ്കാര സമിതി ചൂണ്ടിക്കാട്ടുന്നതുപോലെ ശക്തമായ ബാങ്കിങ് സംവിധാനവും ക്രിയാത്മക ധനനയങ്ങള്‍ ഉള്ള സര്‍ക്കാരുകളും മുതലാളിത്ത പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇന്ന് അനിവാര്യമാണ്-അഥവാ അവയുടെ പ്രസക്തിയേറിവരുകയുമാണ്.


2022 നവംബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം.


നോബൽ സമ്മാന പ്രഖ്യാപനംസാമ്പത്തികശാസ്ത്രം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
50 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “‘ബാങ്കുകളും ധനപ്രതിസന്ധിയും’ എന്ന ഗവേഷണത്തിന് സാമ്പത്തികശാസ്ത്ര നൊബേല്‍

  1. Nobel Prize for economics is a scam … economics as a faculty of science itself is quite questionable considering physics and the resource reality of planet earth … It sounds like giving a Nobel Prize for Astrology. Total nonsense and Bernanke will be laughed at for this study(Bailing out Banks and creating the biggest Wall Street Bubble won’t result in a stable system the results of his interventions will be seen a as scam just to help the rich few … History wont forgive this kind of fraud!

Leave a Reply

Previous post നവസാങ്കേതിക തിങ്കത്തോൺ – രജിസ്ട്രേഷൻ ആരംഭിച്ചു
Next post 2022 ഡിസംബറിലെ ആകാശം
Close