ജീന എ.വി
എങ്ങനെയാണ് നഗ്നനേത്രമുപയോഗിച്ച് ഒരു ഗ്രഹത്തെ നക്ഷത്രത്തിൽ നിന്നും വേർതിരിച്ചറിയുക?
ഒറ്റനോട്ടത്തിൽ പറയുകയാണെങ്കിൽ, ഗ്രഹങ്ങൾ നക്ഷത്രങ്ങളെ പോലെ മിന്നി തിളങ്ങാറില്ല. മാസങ്ങളും വർഷങ്ങളും എടുത്തു നിരീക്ഷിക്കുമ്പോൾ, നക്ഷത്രങ്ങൾ ധ്രുവ നക്ഷത്രത്തെ കേന്ദ്രീകരിച്ച് ചലിക്കുന്നതായി കാണാനാവും. കാലാനുസൃതമായി പുതിയ കണ്ടെത്തലുകൾ ചിലപ്പോൾ പുതിയ നിഗമനത്തിലേക്കെത്തിക്കാം.
പ്ലൂട്ടോയെ കണ്ടെത്തുന്നത് 1930 ലാണ്. ഒൻപതാമത്തെ ഗ്രഹമായി പ്ലൂട്ടോ സൗരയൂഥകുടുംബത്തിൽ കൂടി. കുയ്പ്പർ ബെൽറ്റിൽ, പ്ലൂട്ടോയെപോലെ സൂര്യനെ ചുറ്റുന്ന വേറെയും ആകാശഗോളങ്ങളെ കണ്ടതുമുതൽ (1990 കൾ) പ്ലൂട്ടോയുടെ ഗ്രഹ പദവി ചോദ്യം ചെയ്യപ്പെട്ടു. ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന നിരീക്ഷണങ്ങൾക്കും, അവലോകങ്ങൾക്കും ഒടുവിൽ, ഒരു ആകാശഗോളം ഗ്രഹം ആവേണ്ട മാനദണ്ഡങ്ങൾ പുതുക്കുകയും, തുടർന്ന് 2006 ൽ ഒരു കുള്ളൻ ഗ്രഹമായി (dwarf planet) പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനു മുൻപ് ഒരു ലേഖനത്തിൽ നാം കണ്ടിരുന്നു, യുറാനസിന്റെ സഞ്ചാരപഥത്തിലെ ഉലച്ചിൽ നിരീക്ഷിച്ച്, ജ്യോതിശാസ്ത്രജ്ഞരും ഗണിതജ്ഞരുമായ ജെ ജെ വെരീയ്‌ർ, ജോൺ സി ആഡംസ് എന്നിവർ 1845- 46 കളിലായി, യുറാനസിനുമപ്പുറം ഒരു പുതിയ ഗ്രഹം എന്ന സൈദ്ധാന്തിക പരികല്പനയിലേക്കെത്തിയത്. തുടർന്ന് എട്ടാമത്തെ ആ ഗ്രഹം ടെലസ്കോപ്പിലൂടെ നിരീക്ഷിക്കപ്പെട്ടു, അതിനെ നെപ്ട്യൂൺ എന്നു വിളിച്ചു.
അതിനു മുൻപ് ആരും നെപ്ട്യൂണിനെ കണ്ടില്ല എന്നുണ്ടോ? നെപ്ട്യൂണിനെ കണ്ടിരുന്നു എന്ന് മാത്രമല്ല, അതിനെ ആകാശമാപ്പുകളിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്തിനേറെ, 1845 കളിൽ, നെപ്ട്യൂണിനെ അന്വേഷിച്ചു ടെലെസ്കോപ് തിരിച്ചു വച്ച ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ ജെയിംസ് ചാലിസ് നെപ്ട്യൂണിനെ കാണുകയും ചെയ്തിരുന്നു. പക്ഷേ അതൊരു നക്ഷത്രമായി തെറ്റിദ്ധരിച്ചു!
നെപ്ട്യൂൺ എന്ന ‘നക്ഷത്രം’
ശാസ്ത്രചരിത്ര രേഖകളിലൂടെ കണ്ണോടിക്കുമ്പോൾ കാണാം, നെപ്ട്യൂണിനെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ളതായി കണ്ടെത്തപ്പെട്ട രേഖ ഗലീലിയോയുടെ ആകാശ നിരീക്ഷണ പുസ്തകത്തിലെ 1612 ഡിസംബർ – 1613 ജനുവരി കാലഘട്ടത്തിലാണ്.
1612 ഡിസംബർ 28, പുലർച്ചെ 03:46 പ്രാദേശിക സമയം, വ്യാഴത്തിന് കിഴക്കായി ഒരു ‘നക്ഷത്ര’ത്തെ ഗലീലിയോ തന്റെ പുസ്തകത്തിൽ കുറിച്ചിട്ടു. വ്യാഴത്തെ അപേക്ഷിച്ചു അത് ആകാശത്തു ചലനമില്ലാതെ നിന്നു; ചിത്രം1 ൽ ഗലീലിയോയുടെ പുസ്തകത്തിലെ ഏതാനും ഭാഗങ്ങൾ കൊടുത്തിരിക്കുന്നു. വ്യാഴത്തെ കേന്ദ്രീകരിച്ചു 1613 ജനുവരി 28 വരെയുള്ള ആ ‘നക്ഷത്ര’ത്തിന്റെ എഫമെറിസ് (ephemeris) സ്ഥാനം ഗലീലിയോ തന്റെ പുസ്തകത്തിൽ കുറിച്ചിട്ടു; ചിത്രം 2. ഗലീലിയൻ ടെലസ്കോപ്പിലൂടെ നോക്കിയാൽ, വ്യാഴത്തെക്കാൾ ഒരുപാട് ചെറുതും, മങ്ങിയതും, വളരെ പതിയെ നീങ്ങുന്നതുമായിരുന്നു ആ ‘നക്ഷത്രം’.
ചിത്രം 1- ഗലീലിയോയുടെ പുസ്തകത്തിലെ ഏതാനും ഭാഗങ്ങൾ – 1612 Dec 27/28 മുതൽ 1613 Jan 2/3 വരെ – ഡിസംബർ 27/28 – ഉച്ച മുതലാണ് ഒരു പുതിയ ദിവസം തുടങ്ങുന്നത് ഗലീലിയോയുടെ രേഖകളിൽ. അതായത്, 1612 ഡിസംബർ 28 03:46, ഗലീലിൻ രേഖകളിൽ ഡിസംബർ 27,15:46 എന്നാണ്.
ഗലീലിയോ കണ്ട ആ നക്ഷത്രമാണ് നെപ്ട്യൂൺ എങ്ങിനെ ഉറപ്പിയ്ക്കാം? ചിത്രം 3 നോക്കുക. ചിത്രം 3a) ഗലീലിയോയുടെ നിരീക്ഷണ പുസ്തകത്തിലെ 1613 ജനുവരി 27-28 (26 -27) ലെ താളുകൾ. ചിത്രം 3b) ജനുവരി 28, യൂണിവേഴ്‌സൽ സമയം 23:00നു**, SAO 119234 എന്ന നക്ഷത്രം, വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ, നെപ്ട്യൂൺ എന്നിവയുടെ എഫമെറിസ് സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നു.
ചിത്രം 3a, 3b എന്നിവ താരതമ്യം ചെയ്യുമ്പോൾമനസിലാക്കാം, ഗലീലിയോ രേഖപ്പെടുത്തിയ ‘a’ എന്ന നക്ഷത്രം SAO 119234 ആണെന്ന്. ഗലീലിയോ ‘b’ രേഖപ്പെടുത്തിയ നക്ഷത്രത്തിന്റെ അടുത്തായി തന്നെ നെപ്ട്യൂണിന്റെ കണക്കുകൂട്ടപ്പെട്ട സ്ഥാനവും കാണാം. ഇത് നിസ്സംശയം വിരൽ ചൂണ്ടുന്നത്, ഗലീലിയോയുടെ ‘b’ എന്ന നക്ഷത്രം നെപ്ട്യൂൺ ആയിരുന്നു എന്നാണ്!
ചിത്രം 3aൽ, ഇടതുഭാഗത് താഴെയായി കാണുന്ന ഭാഗം ഇങ്ങനെ വായിച്ചെടുക്കാം; a എന്ന നക്ഷത്രത്തിന്റെ അപ്പുറത്ത്, അതേ നേർരേഖയിൽ ഒന്നുകൂടെ ഉണ്ട്, അത് b, കഴിഞ്ഞ രാത്രിയും ഇതിനെ കണ്ടിരുന്നു, പക്ഷെ അവ തമ്മിലുള്ള അകലം കൂടുതലായിരുന്നു.
അതായത്, ഗലീലിയോ നെപ്ട്യൂണിനെ കണ്ടു എന്ന് മാത്രമല്ല, a എന്ന നക്ഷത്രത്തെ അപേക്ഷിച്ചു അതിനു സ്ഥാനചലനം ഉണ്ടായിട്ടുണ്ട് എന്നും നിരീക്ഷിച്ചിരുന്നു.
ഗ്രഹമെന്നു ഉറപ്പിക്കാൻ തക്കതായ നിരീക്ഷണങ്ങളിലേക്ക് എത്തിയിരുന്നില്ല എന്ന് ഊഹിക്കാം. 234 വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് നെപ്ട്യൂൺ ഒരു ഗ്രഹമായി നിരീക്ഷിക്കപെടുന്നത്.
അവലംബത്തിലെ നേച്ചർ ശാസ്ത്രലേഖനത്തിലെ അവലോകനത്തിൽ, ലേഖകർ ഇതും ചേർത്തിരുന്നു; ‘അവലോകനത്തിനൊടുവിൽ, ‘b’ എന്ന നക്ഷത്രത്തിന്റെ ഗലീലിയോ രേഖപെടുത്തിയതും, തങ്ങൾ കണക്കുകൂട്ടിയതുമായ എഫെമെറിസ് സ്ഥാനങ്ങൾ കണക്കിലെടുത്താൽ, നെപ്ട്യൂണിൻറെ പരിക്രമണ പഥത്തിനു ഒരു അജ്ഞാതമായ ഉലച്ചിലുണ്ടെന്നു വേണം കരുതാൻ.’
17 ആം നൂറ്റാണ്ടിലെ ഈ ദിവസത്തിൽ എങ്ങനെയാണ് ശാസ്ത്രം സ്വയം ചോദ്യം ചെയ്തു മുന്നോട്ടു നീങ്ങുന്നത് എന്ന് വീണ്ടും നമുക്കോർമ്മിക്കാം, ഗലീലിയോയുടെ സ്ഥാന ചലനം സംഭവിച്ച ആ അത്ഭുത നക്ഷത്രത്തിലൂടെ…
അടിക്കുറിപ്പ്:
നെപ്ട്യൂൺ: മറ്റു നിരീക്ഷണങ്ങൾ.
- 1795 മെയ് 8, 10 തീയതികളിലായി ഫ്രഞ്ച് ആകാശനിരീക്ഷണാലയത്തിൽ, ജെറോം ലലാനിന്റെ സംഘം ഈ നക്ഷത്രത്തെ രേഖപ്പെടുത്തിയതായി കാണാം. അതിന്റെ സ്ഥാനത്തിലെ അനിശ്ചിതത്ത്വവും രേഖപ്പെടുത്തിയിരുന്നു.
- ജൂലൈ 14, 1830 നു ജോൺ ഹെർഷെൽ എന്ന വാനനിരീക്ഷകനും രേഖപ്പെടുത്തിയിരുന്നു നെപ്ട്യൂണിനെ. എന്നാൽ അപ്പോഴും അതൊരു ഗ്രഹമാണെന്നു തിരിച്ചറിഞ്ഞിരുന്നില്ല.
അവലംബം: Nature Vol. 287, 25 Sept. 1980
One thought on “നെപ്റ്റ്യൂൺ”