Read Time:14 Minute


ഹനീഷ് കെ.എം.

രാത്രിയിൽ വിളക്കുകളിലെ വെളിച്ചത്തിലേക്ക് പറന്നുവരുന്ന നിശാശലഭങ്ങളെ കണ്ടിട്ടില്ലേ? ആകർഷകമല്ലാത്ത നിറങ്ങളിലും  രൂപങ്ങളിലും കാണുന്നതിനാൽ അധികം ശ്രദ്ധ ലഭിക്കാതെ പോവുന്ന ഷഡ്പദങ്ങളാണവർ. നിശാശലഭങ്ങൾ ഭൂമിയിലെ ആദിമകാല ജീവിവർഗ്ഗങ്ങളിലൊന്നാണ്, 19 കോടി വർഷം പഴക്കമുള്ള നിശാശലഭ ഫോസിലുകൾ വരെ കണ്ടെത്തിയിട്ടുണ്ട്. നിശാശലഭങ്ങളിലെ രാത്രി സഞ്ചാരികൾ ഭക്ഷണവും ഇണയേയും തേടിയാണ് വെളിച്ചത്തിലേക്ക് ആകൃഷ്ടരാവുന്നത്. നിലാവെളിച്ചവും നക്ഷത്രങ്ങളുടെ വെളിച്ചവുമാണ് ഇവർ യാത്രയ്ക്കായി ആശ്രയിക്കുന്നത്, അതുകൊണ്ടുതന്നെ നിശാശലഭങ്ങളെ നിലാവിനെ തേടുന്നവരായിട്ടാണ് കരുതപ്പെടുന്നത്. മനുഷ്യനിർമ്മിത വിളക്കുകൾ ഉള്ളയിടങ്ങളിൽ അവയിൽ നിന്നുള്ള വെളിച്ചം നിശാശലഭങ്ങളുടെ സഞ്ചാരത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. വെളിച്ചസ്രോതസ്സിലേക്കുള്ള യാത്രയ്ക്ക് പറന്നുയരുന്നതിനുവേണ്ട ഊർജ്ജം ഏറ്റവും കുറഞ്ഞ വർത്തുളപാതയാണ് ഈ ശലഭങ്ങൾ മിക്കവാറും സ്വീകരിക്കുന്നത്.

Eudocima hypermnestra (Fruit piercing moth) കടപ്പാട് ഹനീഷ് കെ.എം.

ഇനിയും രേഖപ്പെടുത്താത്തതും തിരിച്ചറിയാത്തതുമായ ആയിരക്കണക്കിന് നിശാശലഭങ്ങൾ ഭൂമിയിലുണ്ട്. തേനീച്ചകളെയും ചിത്രശലഭങ്ങളെയും പോലെ പരാഗണത്തിനു സഹായിക്കുന്ന ഒരു പ്രമുഖ ജീവിവർഗ്ഗമാണ് നിശാശലഭങ്ങൾ. ഒരുപാട് ധാന്യങ്ങളുടെയും പഴങ്ങളുടെയും ഉൽപ്പാദനത്തിന് പരാഗണം വഴി സഹായിക്കുന്നത് നിശാശലഭങ്ങളാണ്, ഇതുമൂലം ഓരോവർഷവും ഒരുപാട് ആളുകൾക്ക് ഭക്ഷണവും വളരെയധികം പേർക്ക് തൊഴിലും വരുമാനവും ലഭിക്കുന്നു. തണ്ടുതുരപ്പന്മാരും ഇലചുരുട്ടികളുമായ ശലഭപ്പുഴുക്കൾ ചില കൃഷികൾക്ക് ഭീഷിണിയാണെങ്കിലും നിശാശലഭങ്ങൾ മൂലം കൃഷിയ്ക്ക് ഉണ്ടാവുന്ന മൊത്തം ഗുണഫലങ്ങൾ വെച്ചുനോക്കുമ്പോൾ ഇത് വളരെക്കുറവാണ്.

പരിസ്ഥിതിയുടെ സന്തുലനത്തിലും ഭക്ഷ്യശൃംഖലയിലും നിശാശലഭങ്ങളുടെ സംഭാവന വലുതാണ്, വൈജാത്യത്തിലും എണ്ണത്തിലും മുൻപന്തിയിലുള്ള നിശാശലഭങ്ങളെയോ അവയുടെ പുഴുക്കളെയോ പ്രധാനമായും ആശ്രയിച്ചാണ്   മറ്റുചില ഷഡ്പദങ്ങൾ, ചിലന്തികൾ, പല്ലികൾ, തവളകൾ, വവ്വാലുകൾ, പക്ഷികൾ തുടങ്ങിയവ ജീവിക്കുന്നത്, അതുകൊണ്ടുതന്നെ ഒരു സ്ഥലത്തെ പരിസ്ഥിതിയുടെ ആരോഗ്യം കണക്കാക്കാൻ ആ പ്രദേശത്തെ നിശാശലഭങ്ങളുടെ വൈവിധ്യം പരിശോധിച്ചാൽ മതി എന്ന് പറയാം. പരിസ്ഥിതിയിലുണ്ടാവുന്ന മാറ്റങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ജീവദൈർഘ്യം ഇത്തരം ഷഡ്പദങ്ങളെയാണ് സാധാരണ സൂചകങ്ങളായി ഉപയോഗിക്കുന്നത്.

Theretra lucasii (Common Name: Luca’s Hawk Moth) കടപ്പാട് ഹനീഷ് കെ.എം.

ഭൂമുഖത്ത് പൂക്കളുണ്ടാവാൻ തുടങ്ങിയ കാലത്തുതന്നെ ശലഭങ്ങളും ഉണ്ടായി എന്നാണ് പരിണാമത്തെകുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്, അവ പിന്നീട് ചിത്രശലഭങ്ങളും നിശാശലഭങ്ങളുമായി വിഭജിക്കപ്പെട്ടെങ്കിലും ഈ രണ്ടു വിഭാഗങ്ങളും തമ്മിൽ ജീവശാസ്ത്രപരമായി വലിയ വ്യത്യാസങ്ങളില്ല. ചിത്രശലഭങ്ങളെപ്പോലെ മുട്ട, പുഴു, പ്യൂപ്പ എന്നീ ഘട്ടങ്ങൾ കടന്നാണ് നിശാശലഭം അതിന്റെ ശലഭാവസ്ഥയിലെത്തുന്നത്. മിക്കവാറും ചിത്രശലഭങ്ങളുടെയും പുഴുക്കൾ ഇലകളോ പൂക്കളോ കായ്കളോ തിന്നു വളരുമ്പോൾ നിശാശലഭത്തിന്റെ പുഴുക്കളിൽ ചെടിയോ പൂവോ മാത്രം കഴിക്കുന്നവരും പായലോ ഫംഗസോ ഉണങ്ങിയ മരത്തടിയോ തുണിയോ തിന്നു വളരുന്നവരുമുണ്ട്.

Grammodes geometrica കടപ്പാട് ഹനീഷ് കെ.എം.

കുറഞ്ഞ തീറ്റയിൽനിന്നു വളരെ വേഗം മനുഷ്യർക്കുപയോഗിക്കാവുന്ന പ്രോട്ടീൻ ആക്കിമാറ്റുന്നതിനാൽ നിശാശലഭങ്ങളുടെ പുഴുക്കളെ ഭക്ഷണത്തിനായി വളർത്തുന്ന ഒരുപാട് സമൂഹങ്ങളുണ്ട്. ഒരു പക്ഷേ ഭാവിയിൽ കൂടുതൽ ആളുകൾ ഭക്ഷ്യസുരക്ഷയ്ക്കായി ഈ വഴി തെരെഞ്ഞെടുത്തേക്കാം. സിൽക്ക് ഉൽപ്പാദനത്തിനായി ലോകത്തിലെ പലരാജ്യങ്ങളിലും പട്ടുനൂൽപ്പുഴുക്കളെ വ്യാവസായികാടിസ്ഥാനത്തിൽ വളർത്തുന്നുണ്ട്. ഏകദേശം അയ്യായിരം വർഷം മുൻപേ തന്നെ മനുഷ്യൻ പട്ടുനൂൽപ്പുഴുകൃഷി തുടങ്ങിയിട്ടുണ്ട്, ഒരുപാടുപേർക്ക് തൊഴിൽ നൽകുന്ന ഈ മേഖലയിൽ ഇന്ത്യയിൽ മാത്രം വർഷം 25,000 കോടി രൂപയുടെ വ്യവഹാരം നടക്കുന്നുണ്ട്.

Amata passalis, (Common name: sandalwood defoliator) കടപ്പാട് ഹനീഷ് കെ.എം.

നിശാശലഭങ്ങൾ സാധാരണയായി സന്ധ്യകളിലും രാത്രിയിലുമാണ് സജീവമാവുന്നതെങ്കിലും  ചില നിശാശലഭങ്ങൾ പകൽ സമയത്ത് സജീവമാകുന്നവയാണ്. പൊതുവിൽ കരുതുന്ന പോലെ നിശാശലഭങ്ങൾ എല്ലാവരും ഇരുണ്ടനിറത്തോടും രോമങ്ങളോടും കൂടിയവയല്ല, നിറപ്പകിട്ടാർന്ന ഒരുപാട് ഇനങ്ങൾ ഇവയിലുണ്ട്. ഏറ്റവും ചെറിയ നിശാശലഭങ്ങൾ ഏതാനും മില്ലിമീറ്റർ മാത്രം നീളമുള്ളപ്പോൾ ഇവയിലെ വലിയ ശലഭങ്ങൾ ഒരടിയോളം ചിറകകലമുള്ളവരാണ്.  പൂന്തേനും പഴച്ചാറും തളിരുകളിലെയും മരത്തൊലിയിലെയും നീരുമൊക്കെയാണ് സാധാരണ നിശാശലഭങ്ങളുടെ ഭക്ഷണം, പക്ഷേ ചില ശലഭങ്ങൾ അഴുകിയ പഴങ്ങളിൽനിന്നോ, ജീവികളുടെ ശരീരാവശിഷ്ടങ്ങളിൽനിന്നോ വിസർജ്യങ്ങളിൽനിന്നോ നീരൂറ്റികുടിക്കുന്നവരാണ്. രാത്രിയിൽ വിടരുന്ന പൂക്കളിൽ പരാഗണം നടത്തുന്നത് മുഖ്യമായും നിശാശലഭങ്ങളാണ്. വൈവിധ്യവും എണ്ണവും കൂടുതലാണെങ്കിലും നിശാശലഭങ്ങളെക്കുറിച്ചു നമുക്കുള്ള അറിവ് പരിമിതമാണ്. ഇവയെകുറിച്ചുള്ള ശാസ്ത്രീയപഠനത്തിന് പലസ്ഥലങ്ങളിൽനിന്നുള്ള ഒരുപാട് നിരീക്ഷണങ്ങളും വിശകലനങ്ങളും ആവശ്യമാണ്.

ദേശീയ നിശാശലഭ വാരാചരണം 

നിശാശലഭങ്ങളെക്കുറിച്ചു ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും നിശാശലഭങ്ങളുടെ നിരീക്ഷണങ്ങൾ ശാസ്ത്രീയമായി ശേഖരിക്കാനും വേണ്ടി അന്താരാഷ്ട്രത്തലത്തിൽ തുടങ്ങിയ ഒരു സിറ്റിസൺ സയൻസ് സംരംഭമാണ് ദേശീയ നിശാശലഭ വാരാചരണം. 2012 മുതൽ എല്ലാവർഷവും ജൂലൈ മാസത്തിലെ ഒരാഴ്ചയാണ് നിശാശലഭ ചർച്ചകൾക്കും നിരീക്ഷണങ്ങൾക്കുമായി മാറ്റിവെക്കുന്നത്. ഈ വാരത്തിൽ വ്യക്തികളും സംഘടനകളും നിശാശലഭങ്ങളെ നിരീക്ഷിക്കാനും നിരീക്ഷണങ്ങൾ രേഖപ്പെടുത്താനും അവയെക്കുറിച്ച് ചർച്ചചെയ്യാനുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ശാസ്ത്രജ്ഞർക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കുട്ടികൾക്കും പരസ്പരം സംവദിക്കാനും ആശയങ്ങൾ കൈമാറാനുമുള്ള ഒരവസരം കൂടിയാണിത്.

മോത്ത് സ്ക്രീൻ

മോത്ത് സ്ക്രീൻ – നിശാശലഭനിരീക്ഷകനായ മനോജ് കരിങ്ങാമഠത്തിൽ ട്വിറ്ററിൽ പങ്കുവെച്ചത്
മിക്കവാറും നിശാശലഭങ്ങൾ രാത്രിയിൽ വരുന്നതിനാൽ രാത്രി സമയമാണ് അവയെ നിരീക്ഷിക്കാൻ ഏറ്റവും നല്ലത്. രാത്രിയിൽ വെളുത്ത സ്‌ക്രീനോ തുണിയോ കെട്ടി അതിലേക്ക് നല്ല തിളക്കമുള്ള വിളക്കുകൾ പ്രകാശിപ്പിച്ചു കൂടുതൽ നിശാശലഭങ്ങളെ ആകർഷിക്കാനും അവയെ കൂടുതൽ വ്യക്തമായി കാണുവാനും നല്ല ചിത്രങ്ങളെടുക്കുവാനും സാധിക്കും. കുട്ടികൾക്കും വിദ്യാർത്ഥികൾക്കും കുടുംബസമേതം വീട്ടിലെ വിളക്കിന് കീഴിലോ പുരയിടത്തിലെ വിളക്കിൻകീഴിലോ രാത്രിയിൽ നിശാശലഭങ്ങളെ നിരീക്ഷിക്കാവുന്നതാണ്.
Bocchoris inspersalis (Common Name: Dotted Sable) കടപ്പാട് ഹനീഷ് കെ.എം.

നിങ്ങൾക്കും പങ്കുചേരാം

നിശാശലഭങ്ങളുടെ ഇത്തരം ചിത്രങ്ങളും നിരീക്ഷണങ്ങളും സിറ്റിസൺ സയൻസ് പ്ലാറ്റുഫോമുകളായ ഐ-നാച്യുറലിസ്റ് (https://www.inaturalist.org), മോത്ത്സ് ഓഫ് ഇന്ത്യ (https://www.mothsofindia.org), ഇന്ത്യൻ ബയോഡൈവേഴ്‌സിറ്റി പോർട്ടൽ (https://indiabiodiversity.org) തുടങ്ങിയ ഏതെങ്കിലും ഒരിടത്ത് ശലഭത്തെ കണ്ട സ്ഥലവും തിയ്യതിയും സഹിതം അപ്ലോഡ് ചെയ്യുക. ഇത്തരം നിരീക്ഷണങ്ങൾ വിദഗ്‌ധരോ നിശാശലഭങ്ങളിൽ താല്പര്യമുള്ള വളണ്ടിയർമാരോ പരിശോധിക്കുകയും അവയുടെ ഇനം ഏതാണെന്നു നിർദേശിക്കുകയും ചെയ്യും. ഇത്തരത്തിൽ വ്യക്തമായി തിരിച്ചറിഞ്ഞ ഒരു നിരീക്ഷണം ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതാണ്. ഇന്ന സ്ഥലത്തു ഇന്ന ദിവസം ഈയൊരു പ്രത്യേക ശലഭത്തെ കണ്ടു എന്നത് ഒരു പ്രധാന രേഖയാണ്.

Mangina argus (Common Name: Crotalaria Podborer) കടപ്പാട് ഹനീഷ് കെ.എം.

പല നിശാശലഭങ്ങളും ഇപ്പോഴും ശാസ്ത്രത്തിനു അപരിചിതമായതിനാൽ ചിലപ്പോൾ നിങ്ങളുടെ നിരീക്ഷണം ഒരുപക്ഷേ പുതിയൊരു ഇനമാവാം, വളരെ സാധാരണമായ ഒരു ശലഭമാണെങ്കിൽപ്പോലും ഒരു പ്രത്യേക സ്ഥലത്തു ഒരു പ്രത്യേക സീസണിൽ കണ്ടു എന്നത് ശാസ്ത്രത്തിനു ആ ശലഭത്തെകുറിച്ച് ലഭിക്കുന്ന ഒരു അധിക വിവരമാണ്, അതുകൊണ്ടുതന്നെ ഒരു നിരീക്ഷിണവും അപ്രധാനമല്ല. നിശാശലഭങ്ങളെക്കുറിച്ചു ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഒരു പ്രദേശത്തെ നിശാശലഭങ്ങളുടെ പട്ടിക തയ്യാറാക്കാനും സീസൺ അനുസരിച്ചു എണ്ണത്തിലോ രൂപത്തിലോ വരുന്ന മാറ്റങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കും. ഇങ്ങനെയുള്ള കൂടുതൽ നിരീക്ഷണങ്ങൾ ലഭ്യമായാൽ കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതിയെ ബാധിക്കുന്നുണ്ടോ എന്നും ഏതെങ്കിലും ശലഭം ഭീഷിണി നേരിടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഊഹിക്കാതെ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ സാധിക്കും. ഈ പ്ലാറ്റുഫോമുകളിൽ പങ്കുവെയ്ക്കുന്ന വിവരങ്ങൾ ആർക്കെങ്കിലും ഉപയോഗിക്കണമെങ്കിൽ അതിന്റെ യഥാർത്ഥ ഉടമയ്ക്ക് ക്രെഡിറ്റ് നൽകി ഉപയോഗിക്കാവുന്ന ക്രിയേറ്റീവ് കോമൺസ് ലൈസെൻസ് ആണുള്ളത്.

പരിസ്ഥിതിയിൽ വളരെയധികം പ്രാധാന്യമുള്ളതും അധികം പഠനവിധേയമാകാത്തതുമായ നിശാശലഭങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ശാസ്ത്രത്തിനു നിങ്ങളുടെ ഓരോരുത്തരുടെയും സഹായം ആവശ്യമാണ്, അതിനുള്ള ഒരു വഴികൂടിയാണ് ദേശീയ നിശാശലഭ വാരാചരണത്തിൽ പങ്കുചേരൽ. 

ഹനീഷ് കെ എം –  ലേഖകൻ ശലഭ നിരീക്ഷകനും  ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനുമാണ്. ചിത്രത്തിൽ ദേശീയ നിശാശലഭ വാരാചരണം ടിഷർട്ടിൽ

#NationalMothWeek @Moth_Week @keralabio #NMWKerala

നിശാശലഭവാരാചരണം മലയാളം ബ്രോഷർ ഡൗൺലോഡ് ചെയ്യാം


നിശാശലഭങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾ ലൂക്കയോട് ചോദിക്കാം


വീടിനകത്തും ചുറ്റുപാടുമുള്ള ചെറുജീവികളെക്കുറിച്ചുള്ള ലൂക്കയുടെ വാവാതീപു പതിപ്പ് വായിക്കാം

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മൊണാർക്ക് ശലഭങ്ങളുടെ ദേശാടനം
Next post എംബ്രയോ – പരീക്ഷണശാലയിൽ ജീവൻ കുരുക്കുമ്പോൾ
Close