Read Time:4 Minute

നവനീത് കൃഷ്ണന്‍ എസ്.

മാര്‍സ് 2020 എന്ന ചൊവ്വാദൗത്യത്തിന്റെ പേര് പ്രഖ്യാപിച്ചു. അലക്സാണ്ടര്‍ മാത്തര്‍ എന്ന പതിമൂന്നു വയസ്സുകാരന്‍ നിര്‍ദ്ദേശിച്ച Perseverance എന്ന പേരാണ് നാസ തിരഞ്ഞെടുത്തത്.

പെര്‍സിവയറന്‍സ് ചൊവ്വയില്‍. ചിത്രകാരഭാവന. കടപ്പാട്: NASA/JPL-Caltech

മാര്‍സ് 2020 എന്ന ചൊവ്വാദൗത്യത്തിന്റെ പേര് പ്രഖ്യാപിച്ചു. അലക്സാണ്ടര്‍ മാത്തര്‍ എന്ന പതിമൂന്നു വയസ്സുകാരന്‍ നിര്‍ദ്ദേശിച്ച Perseverance എന്ന പേരാണ് നാസ തിരഞ്ഞെടുത്തത്. വിര്‍ജിനീയയിലെ ലേക്ക് ബ്രഡോക് സെക്കന്‍ഡറി സ്കൂളിലെ ഏഴാം ഗ്രേഡര്‍ വിദ്യാര്‍ത്ഥിയാണ് അലക്സ്.

നാസയുടെ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റിലെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ ആയ തോമസ് സുര്‍ബുച്ചന്‍ ആണ് പേര് പ്രഖ്യാപിച്ചത്. Name the Rover മത്സരത്തില്‍ 28000 ത്തില്‍ അധികം എന്‍ട്രികളാണ് ലഭിച്ചത്. അതില്‍നിന്ന് അവസാനഘട്ടത്തിലേക്ക് Clarity, Courage, Endurance, Fortitude, Ingenuity, Perseverance, Promise, Tenacity, Vision എന്നീ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. ഇതില്‍നിന്നാണ് അവസാനം Perseverance തിരഞ്ഞെടുക്കപ്പെട്ടത്.

അലക്സാണ്ടര്‍ മാത്തര്‍

രണ്ടു വര്‍ഷം മുന്‍പ് വീഡിയോ ഗെയിമുകള്‍ കളിച്ചുനടന്നിരുന്ന കുട്ടിയായിരുന്നു അലക്സ്. 2018ല്‍ അല്‍ബാമയിലെ ഒരു സ്പേസ് ക്യാമ്പ് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. അതായിരുന്നു വീഡിയോ ഗെയിമുകളില്‍നിന്ന് സ്പേസ് സയന്‍സിലേക്കുള്ള അലക്സിന്റെ വഴികാട്ടി. സ്പേസ് സയന്‍സിനോടും റോക്കറ്റുകളോടും ഉള്ള അവന്റെ ആ സ്ഥിരോത്സാഹം. അതാണ് പതിമൂന്നാമത്തെ വയസ്സില്‍ ഒരു ചൊവ്വാദൗത്യത്തിനു പേരിട്ട വിദ്യാര്‍ത്ഥി എന്ന ബഹുമതി അലക്സിനെ തേടിയെത്താന്‍ കാരണം.

മിക്കവാറും ഈ വര്‍ഷം ജൂലൈയിലാവും പെര്‍സിവയറന്‍സിന്റെ വിക്ഷേപണം. 2021 ഫെബ്രുവരി 18ന് പെര്‍സിവയറന്‍സ് ചൊവ്വയില്‍ ഇറങ്ങും. ആറു ചക്രങ്ങളുള്ള വലിയൊരു പരീക്ഷണശാലയാണ് പെര്‍സിവയറന്‍സ്. 1043കിലോ ഭാരം വരുന്ന ഒരു വാഹനം!

പാത്ത്ഫൈന്‍ഡര്‍, സ്പിരിറ്റ്, ഓപ്പര്‍ച്യുണിറ്റി, ക്യൂരിയോസിറ്റി എന്നിവയാണ് ഇതിനു മുന്‍പ് ചൊവ്വയിലേക്ക് അയച്ച റോവറുകള്‍. ഇതില്‍ ക്യൂരിയോസിറ്റി ഇപ്പോഴും പൂര്‍ണ്ണമായും പ്രവര്‍ത്തനനിരതമാണ്. ഈ പേരുകള്‍പോലെ തന്നെ മനോഹരവും അര്‍ത്ഥപൂര്‍ണ്ണവും ആയ പേരാണ് പെര്‍സിവയറന്‍സ് എന്നാണ് വിലയിരുത്തല്‍. പേരുപോലെ തന്നെ സ്ഥിരോത്സാഹിയാവും ഈ റോവര്‍!
ചൊവ്വയില്‍ പണ്ട് ജീവന്‍ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തലാണ് മാര്‍സ് 2020യുടെ പ്രധാന ദൗത്യം. കൂടാതെ ചൊവ്വയില്‍ മനുഷ്യര്‍ താമസിക്കാന്‍ ചെല്ലുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചു വിവരം തരാനും പെര്‍സിവയറന്‍സിന് ആകും. ചൊവ്വയിലെ ജെസീറോ ക്രേറ്ററിലാവും പെര്‍സിവയറന്‍സ് ഇറങ്ങുക. 687 ചൊവ്വാദിവസങ്ങള്‍ ഏറ്റവും ചുരുങ്ങിയത് പെര്‍സിവയറന്‍സ് പ്രവര്‍ത്തനനിരതമായിരിക്കും.

വീഡിയോ കാണാം

 


ലേഖകന്റെ ശാസ്ത്ര ബ്ലോഗ് വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post യൂറോപ്പിയം – ഒരു ദിവസം ഒരു മൂലകം
Next post എമിലി ഡു ഷാറ്റ്ലി: ഊര്‍ജ്ജം കണ്ടുപിടിച്ചവള്‍ 
Close