കോവിഡ് ഭീതി മറ്റെല്ലാ രോഗഭയങ്ങളേയും നിസാരമാക്കിക്കഴിഞ്ഞു. ചരിത്രത്തിൽ ഇത്ര കാലവും രോഗപ്പകർച്ച നടത്തുന്നതിൽ ഒന്നാം സ്ഥാനത്തുണ്ടായത് കൊതുകുകളാണ്. അവർ ഇപ്പഴും മൂളിപ്പറന്ന് ചുറ്റും ഉണ്ട്. പണി നിർത്തീട്ടും ഇല്ല. നമ്മളെല്ലാം വീടിനുള്ളിൽ കുടുങ്ങിക്കഴിയുന്ന ലോക്ക് ഡൗൺ കാലത്ത് കൊതുകുകൾ ലോക്ക് ഡൗണിലല്ല. ഇപ്പോൾ വീട്ടിനുള്ളിലും പറമ്പിലും ഉള്ള വിവിധ തരം കൊതുകുകളെ നിരീക്ഷിക്കാൻ സമയം ചിലവിടാം. ശത്രുക്കളെ കൂടുതൽ അറിയുന്നത് പ്രതിരോധത്തിന് ഇരട്ടി ഗുണം ചെയ്യും.
മനുഷ്യരെ സംബന്ധിച്ച് വിഷപ്പാമ്പുകളോ, കടുവകളോ, ഒറ്റയാൻമാരോ, അല്ല ലോകത്തിലെ ഏറ്റവും വലിയ ഭീകരർ – കഥകളിലൊക്കെ ഭീകരർ ഇവരാണെങ്കിലും ഇതുവരെ നടന്ന എല്ലാ യുദ്ധങ്ങളിലും കൂടി മരിച്ചതിന്റെ എത്രയോ ഇരട്ടി ആളുകളെ കൊന്നത് കൊതുകുകളാണ്. ഷഡ്പദങ്ങളുടെ കൂട്ടത്തിൽ കുലിസിടെ കുടുംബത്തിൽ പെട്ടവരാണ് കൊതുകുകൾ. ഇവരുടെ കടിയുടെ വേദനയും തിണർപ്പും ചൊറിച്ചിലും ഒന്നും നമുക്ക് ചെറിയ പ്രശ്നങ്ങളാണെങ്കിലും അതൊന്നുമല്ല പ്രധാനം. ചോര കട്ടകെട്ടാതെ ഒഴുകികിട്ടാൻ നമ്മുടെ ശരീരത്തിലേക്ക് ഇവർ ആദ്യം കുത്തിവെച്ച് കയറ്റുന്ന ഉമിനീരിലെ ചില ഘടകങ്ങളാണ് ഈ അലർജി തിണിർപ്പുകൾക്ക് കാരണം . ആ ഉമിനീരിൽ വൈറസുകളും, ചില പരാദവിരകളും കൂടെ നമ്മുടെ ശരീരത്തിലേക്ക് കയറ്റുന്നതിനാലാണ് ഇവർ വില്ലന്മാരായി മാറിയത്. മാരകങ്ങളായ മലമ്പനി , മന്ത് , മഞ്ഞപ്പനി, ഡങ്കു , ചിക്കുൻഗുനിയ, വെസ്റ്റ്നൈൽ വൈറസ് പനി, സിക്ക പനി , തുടങ്ങിയ രോഗങ്ങളുടെ വാഹകരാണ് കൊതുകുകൾ. ഭൂമിയിൽലിതുവരെ ജീവിച്ച മനുഷ്യരുടേ എണ്ണത്തിന്റെ പകുതിയോളം ആളുകൾ മരിച്ചത് കൊതുകുകളിലൂടെ പകർന്ന രോഗങ്ങൾ വഴിയാണ്. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ കൊതുകുകൾ പരത്തുന്ന രോഗങ്ങൾ പിടിച്ച് ഇപ്പഴും മരിക്കുന്നുണ്ട്.മനുഷ്യർ പരിണമിച്ചുണ്ടാകുന്നതിനും ദശലക്ഷക്കണക്കിന് വർഷം മുമ്പ് ഭൂമിയിലെ രാജാക്കന്മാരയി അടക്കി വാണവരായിരുന്നു ഇവർ. പല കാലങ്ങളിലൂടെ വ്യത്യസ്ഥ കാലാവസ്ഥകളും പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ച് നിരവധി അനുകൂലനങ്ങൾ പരിണാമ വഴിയിൽ ആർജ്ജിച്ചാണ് ഇവർ ഇതുവരെ എത്തിയത്. അതുകൊണ്ട് തന്നെ ഇവരെ ഇല്ലാതാക്കാൻ അത്രയെളുപ്പമല്ല. തുമ്പികൾ, വവ്വാലുകൾ, ഉഭയജീവികൾ, കടന്നലുകൾ, പക്ഷികൾ എന്നിവയുടെ ഒക്കെ ഭക്ഷ്യ ശൃംഗലയിൽ പെട്ടതാണ് കൊതുകുകൾ. കൊതുകുകളില്ലാത്ത ലോകത്ത് നമ്മളും ബാക്കി കാണില്ല.
ലോകത്തെങ്ങുമായി മൂവായിരത്തി അഞ്ഞൂറിനടുത്ത് കൊതുകിനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അനോഫെലെസ്, കൂലെക്സ്, ഈഡിസ് , മാൻസോനിയ, ആർമിജെരസ് എന്നിവയാണ് പ്രധാന ജനുസുകൾ. ഇത്രയധികം ഇനങ്ങളുണ്ടെങ്കിലും വിരലിലെണ്ണാവുന്ന കൊതുകിനങ്ങൾ മാത്രമാണ് നമുക്ക് രോഗങ്ങളുണ്ടാക്കുന്നത്.
ആഴ്ചകൾ മുതൽ മാസങ്ങൾ വരെ ആണ് വ്യത്യസ്ഥ സ്പീഷിസുകളുടെ ആയുസ്. പെൺ കൊതുകുകൾ മാത്രമാണ് രക്തം കുടിക്കുന്നത്. നമ്മുടെ മാത്രമല്ല, മറ്റ് സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയുടെ ഒക്കെ ചോര കൊതുകുകൾക്ക് ഇഷ്ടമാണ്. മീനുകളുടെ ചോര കുടിക്കുന്ന കൊതുകുകൾ വരെ ഉണ്ട്. പ്രൊബോസിസ് എന്ന നീളൻ കുഴലാണ് ഇതിന് ഉപയോഗിക്കുന്നത്. ആൺ കൊതുകിന് നമ്മുടെ തൊലി തുളച്ച് കയറാനുള്ള സംവിധാനം അതിന്റെ പ്രൊബോസിസിൽ ഇല്ല. പെൺ കൊതുകുകളും ആൺ കൊതുകുകളും വിശപ്പ് മാറ്റാൻ തേനും മറ്റ് സസ്യനീരുകളും ആണ് ഭക്ഷണമാക്കുന്നത്. പ്യൂപ്പാവസ്ഥയിൽ നിന്നും വിരിഞ്ഞിറങ്ങുന്ന കൊതുകുകൾ ദിവസങ്ങൾക്കകം ഇണചേരലിന് തായ്യാറാകും. അണ്ഡവളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനുകൾ സ്ഥിരം ഭക്ഷണത്തിൽ ഇല്ലാത്തതിനാലാണ് പെൺ കൊതുകുകൾക്ക് രക്തംകുടിച്ചികളാകേണ്ടി വരുന്നത്. ഒരു പ്രാവശ്യം ചോരകുടിച്ചാൽ പിന്നെ അത് ദഹിക്കാൻ ഒന്നു രണ്ട് ദിവസം വിശ്രമം ആയിരിക്കും. അപ്പോഴേക്കും മുട്ടകൾ വളർച്ച് പൂർത്തിയാകും. ഓരോരോ സ്പീഷിസുകൾക്കും മുട്ടയിടുന്നതിന് പ്രത്യേക ഇടങ്ങളും രീതികളും ഉണ്ട്. അതിനു ശേഷം വീണ്ടും ചോരകുടിക്കാൻ മൂളി യാത്ര തുടങ്ങും. സ്വന്തം ശരീര ഭാരത്തിന്റെ മൂന്നുമടങ്ങ് വരെ ചോരകുടിച്ച് പിൻഭാഗം വീർപ്പിക്കാൻ ഇവർക്ക് കഴിയും.വെള്ളത്തിലും അതിനു സമീപവും ആണ് മുട്ടയിടുക. മുട്ട, ലാർവ, പ്യൂപ്പ അവസ്ഥകൾ മൊത്തം വെള്ളത്തിലാണ് ജീവിതം. കൊതുകായി പറന്ന് പൊങ്ങാൻ അഞ്ച് മുതൽ നാൽപ്പത് ദിവസം വരെ സമയം എടുക്കും. പക്ഷെ ഈഡിസ് കൊതുകുകളുടെ മുട്ടകൾ പ്രതികൂല സാഹചര്യങ്ങളിൽ ചിലപ്പോൾ മാസങ്ങളോളം കേടുകൂടാതെ ഇരിക്കും. വെള്ളത്തിന്റെ നനവ് കിട്ടിയാൽ മാത്രം വീണ്ടും ജീവ ലക്ഷണം കാണിച്ച് വിരിയും. ആൺ കൊതുകുകൾക്ക് പെൺകൊതുകുകളേക്കാൾ ആയുസ് കുറവാണ്.
മലമ്പനി
കൊതുകു കടിയിലൂടെ പിടികൂടി മനുഷ്യരെ കൊന്നൊടുക്കിയ ഏറ്റവും പഴക്കമുള്ള രോഗം മലമ്പനി തന്നെ. ‘ചതുപ്പ് പനി’ എന്നാണ് ഇറ്റാലിയൻ ഭാഷയിൽ ‘മലേറിയ’ എന്നതിന്റെ അർത്ഥമെങ്കിലും നമ്മുടെ നാട്ടിൽ വയനാട്ടിലും മറ്റ് മലമ്പ്രദേശങ്ങളിലും ഒരുകാലത്ത് കൂടുതലായി കണ്ടു വന്നതു കൊണ്ടാവാം മലമ്പനി എന്ന പേര് കിട്ടിയത് .ചെങ്കിസ് ഖാനും, ജോർജ്ജ് വാഷ്ങ്ടണൂം , റൂസ് വെൽട്ടും, അബ്രാഹാം ലിങ്കനും, കെന്നടിയും ഒക്കെ മലേറിയയുടെ കെടുതി സ്വയം അനുഭവിച്ചവരായിരുന്നു. റോമ സാമ്രാജ്യത്തിന്റെ പതനത്തിനുപോലും മലമ്പനിയാണ് കാരണം. മഹാനായ അലക്സാണ്ടർ ചക്രവർത്തി മരിച്ചത് അനോഫിലസ് കൊതുകിന്റെ കടികൊണ്ടാണ്.
ചിലരെ കൊതുക് കൂടുതല്‍ കടിക്കുന്നതെന്ത് കൊണ്ടാണ് ?
നമ്മുടെ ഉച്ഛ്വാസവായുവിലെ കാർബൺ ഡയോക്സൈഡിന്റെ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള ഉഗ്രൻ റിസപ്റ്ററുകൾ കൊതുകിനുണ്ട്. കൂടാതെ നമ്മുടെ ശരീരഗന്ധത്തിനാധാരമായ ഒക്റ്റനോൾ തുടങ്ങിയ രാസ യൗഗീകങ്ങൾ, ശരീരം പുറത്ത് വിടുന്ന ചൂട് എന്നിവയൊക്കെ തിരിച്ചറിയാനും ഇവർക്ക് കഴിയും. ഇതെല്ലാം ഉപയോഗിച്ചാണ് ‘രാത്രിക്കാഴ്ചകൾ’ സാദ്ധ്യമാക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ രാസ സാന്നിദ്ധ്യം, താപ വ്യതിയാനം, കാഴ്ച എന്നിവയെല്ലാം ചോരസാന്നിദ്ധ്യം കണ്ടെത്താൻ ഇവർ ഉപയോഗിക്കുന്നുണ്ട് എന്ന് സാരം. ഗന്ധം അറിയാനുള്ള സംവിധാനം വളരെയധികം വികസിച്ചവയാണ് ഇവർ. ചോരകുടിച്ചികളുടെ ആന്റിനയിലുള്ള 72 തരം ഗന്ധഗ്രാഹികളിൽ 27 ഏണ്ണമെങ്കിലും നമ്മുടെ വിയർപ്പിലെ രാസഘടകങ്ങളെ തിരിച്ചറിയാൻ കഴിയുന്നവയാണ്. കൊതുകുകൾക്ക് എല്ലാ മനുഷ്യരുടേയും രക്തം ഒരുപോലെ ഇഷ്ടമില്ല. ഏകദേശം 20 % ഓളം ആൾക്കാർക്ക് മറ്റുള്ളവരേക്കാൾ കൂടുതൽ കടി കിട്ടുന്നുണ്ട് . O രക്ത ഗ്രൂപ്പുകാരെ ഇവർക്ക് കൂടുതൽ ഇഷ്ടമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . ചില പാരമ്പര്യ- ജനിതക ഘടകങ്ങളും ചിലരെ ‘കൊതുകു-കാന്ത’ ശരീരക്കാരാക്കുന്നുണ്ട്. ശരീരത്തിന് സ്വതേ ചൂട് കൂടുതലുള്ളവർ, കൂടുതൽ വിയർക്കുന്നവർ, കുളിയും വൃത്തിയാക്കലും ഇല്ലാതെ അഴുക്കും ധാരാളം ബാക്റ്റീരിയകളും തൊലിയിലുള്ളവർ, മദ്യപിച്ചവർ, ഗർഭിണികൾ എന്നിവരെ കൊതുകുകൾ വേഗം കണ്ടെത്തും. മനുഷ്യരെ കണ്ടുപിടിക്കാനുള്ള കൊതുകിന്റെ ഈ കഴിവുകളെ കുഴപ്പിച്ച് പറ്റിച്ച് രക്ഷപ്പെടാനുള്ള സൂത്രങ്ങളാണ് കൊതുകുനിവാരണികളിൽ പലതും. പക്ഷെ ഒന്നിനു മുന്നിലും പൂർണ്ണമായും കൊതുകു കീഴടങ്ങീട്ടില്ലതാനും.
നിയന്ത്രണം
മുട്ടയിട്ട് പെരുകാനുള്ള സൗകര്യം ഇല്ലാതാക്കൽ മാത്രമാണ് കൊതുകുകളെ ഇയന്ത്രിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം.
കൊതുകു തിരികൾ വാപ്പറൈസുകൾ, എന്നിവ അത്യാവശ്യ ഘട്ടങ്ങളിൽ കുറഞ്ഞ സമയത്തേക്ക് മാത്രമായി പരിമിതപ്പെടുത്തി മാത്രം ഉപയോഗിക്കാം. ഇത്തരം റിപ്പല്ലന്റുകളിൽ ഉപയോഗിക്കുന്ന കീട നാശിനികൾ ദീര്‍ഘകാല ഉപയോഗം നല്ലതല്ല.
അൾട്രാ സൗണ്ട് ഉപയോഗിച്ച് കൊതുകുകളെ തുരത്താം എന്ന് പറഞ്ഞ് വിൽപ്പന നടത്തുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങൾ പക്ഷെ യാതൊരു ഗുണവും ഉള്ളതായി തെളിഞ്ഞിട്ടില്ല.
പറക്കൽ
മൂന്നു ജോഡി കാലുകളും ഒരു ജോഡി ചിറകുകളും ഉള്ള ഈ കുഞ്ഞ് പ്രാണിയുടെ പറക്കൽ ശേഷി അത്ഭുതകരമാണ്. ആൺ കൊതുകുകൾ ഒരു സെക്കന്റിൽ 450 മുതൽ 600 പ്രാവശ്യം ചിറകടിക്കുന്നുണ്ട്. ആ പ്രകമ്പനം ആണ് നമ്മൾ മൂളലായി കേൾക്കുന്നത്. അനോഫിലസ് കൊതുകുകൾക്ക് മണിക്കൂറിൽ 1 – 2 കിലോമീറ്റർ വേഗതയിൽ തുടർച്ചയായി നാലു മണിക്കൂർ വരെ പറക്കാൻ കഴിയും. ഒറ്റ രാത്രി കൊണ്ട് 12 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കുകയും ചെയ്യും.സന്ധ്യ സമയത്തും പുലർകാലത്തുമാണ് സാധാരണയായി കൊതുകുകൾ ഇരതേടിയും ഇണ തേടിയും ഇറങ്ങുക.