Read Time:10 Minute

കേൾക്കാം

എഴുതിയത് : വിനയരാജ് വി.ആർ അവതരണം : ആർദ്ര എൻ.ആർ
PS 397: തന്റെ മുന്നിൽ പരന്നുകിടക്കുന്ന, ചുറ്റുമുള്ള മരങ്ങളിൽ നിന്നും പൂമ്പാറ്റകളുടെ ഭാരം കൊണ്ട് ഒടിയുന്ന പൈൻ മരങ്ങളുടെ ശിഖരങ്ങളിൽ നിന്നും വീണുകൊണ്ടിരിക്കുന്ന മൊണാർക്ക് പൂമ്പാറ്റകളുടെ കൂട്ടത്തിൽ ഒന്നിന്റെ ചിറകിൽ ഒട്ടിച്ചിരിക്കുന്ന ടാഗ് നമ്പർ കണ്ട് കാനഡയിലെ ടൊറന്റോയിലെ ജീവശാസ്ത്രകാരനായ ഡോ. ഫ്രെഡ് ഉർഖുഹാർട്ട് (Fred Urquhart ) അദ്ഭുതത്താൽ തരിച്ചിരുന്നുപോയി. 1937 -ലാണ് അദ്ദേഹവും ഭാര്യം നോറയും മൊണാർക്ക് പൂമ്പാറ്റകളെപ്പറ്റി പഠിക്കാൻ തുടങ്ങിയത്. ആയിരക്കണക്കിനു മൊണാർക്ക് ശലഭങ്ങളുടെ ചിറകിൽ അവർ ടാഗ് ചെയ്ത് വിട്ടയച്ചു. “സിറ്റിസൺ സയന്റിസ്റ്റ്” എന്ന് അറിയപ്പെടുന്ന ഇക്കാര്യങ്ങളിൽ താല്പര്യമുള്ള നൂറുകണക്കിന് ആൾക്കാരെ അവർ സംഘടിപ്പിച്ചു. അവരെക്കൊണ്ട് പൂമ്പാറ്റകളെ ടാഗ് ചെയ്യിക്കാനും അവയെ എവിടെയെങ്കിലും കണ്ടെത്തിയാൽ അറിയിക്കാനും ഏർപ്പാടാക്കി. ഇതിനായി കാനഡയിലെ അവരുടെ വീട്ടിലെ ഉദ്യാനത്തിൽത്തന്നെ ആയിരക്കണക്കിന് മൊണാർക്ക് പൂമ്പാറ്റകളെ അവർ വളർത്തി.
 
ഇങ്ങനെ ശലഭങ്ങളുടെ നിരവധി യാത്രാമാർഗങ്ങൾ അവർക്ക് കണ്ടുപിടിക്കാനായെങ്കിലും ടെക്സാസിൽ എത്തിയശേഷം ഈ ശലഭങ്ങൾക്ക് എന്തുസംഭവിക്കുന്നു എന്നു കണ്ടെത്താനവർക്കായില്ല. പലയിടത്തും അവർ വാർത്തകൾ നൽകി, പരസ്യങ്ങൾ നൽകി, ആരെങ്കിലും ഇവയെ കണ്ടെത്തിയാൽ തിരിച്ചുവിളിക്കേണ്ട വിലാസങ്ങൾ നൽകി. ഓരോ ടാഗിലും “ടൊറന്റൊ സർവ്വകലാശാലയിലെ ജീവശാസ്ത്രവിഭാഗത്തിലേക്ക് തിരിച്ചയയ്ക്കാൻ” എന്ന അഡ്രസും നൽകിയിരുന്നു.
 
 
ഡോ. ഫ്രെഡ് ഉർഖുഹാർട്ട്  കടപ്പാട് : Flight of the Butterflies  എന്ന ഡോക്യുമെന്ററിയിൽ നിന്നും  Ken Jones
 
ഓരോ മൊണാർക്ക് പൂമ്പാറ്റയും മിൽക്‌വീഡ് എന്നറിയപ്പെടുന്ന സസ്യങ്ങളുടെ ഇലകളിൽ മുന്നൂറോളം മുട്ടകൾ ഇടും, മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന ലക്ഷക്കണക്കിനു പുഴുക്കൾ അതിന്റെ ഇലകൾ ഭക്ഷിച്ചുവളരും. ഈ പുഴുക്കളിൽ കേവലം ഒരു ശതമാനം മാത്രമാണ് പൂമ്പാറ്റകളായി മാറുക, ബാക്കിയെല്ലാം മറ്റുപ്രാണികൾക്ക് ഭക്ഷണമാവും. ചെടികൾ നേരെ ഭക്ഷിക്കാൻ പറ്റാത്ത ഉറുമ്പുകൾ പോലുള്ളപ്രാണികൾക്ക് ഈ രീതിയിലാണ് ആഹാരം ലഭിക്കുന്നത്. വിരിഞ്ഞിറങ്ങുന്ന പൂമ്പാറ്റകൾ ചിറകുകൾ ഉണങ്ങിയശേഷം പൂക്കളിൽ നിന്നും തേനുണ്ട് ശരീരത്തിൽ പരമാവധി കൊഴുപ്പ് സംഭരിച്ച് യാത്രയ്ക്കൊരുങ്ങുകയാണ്. നിലത്തുനിന്ന് ഒന്നര കിലോമീറ്ററോളം ഉയരത്തിൽ വരെ കാറ്റിന്റെ ആനുകൂല്യം ഉപയോഗിച്ചു പറക്കുന്ന ഇവ 22000 കിലോമീറ്ററുകൾ വരെ ദൂരേക്ക് സഞ്ചരിക്കുന്നു.
ഡോ. ഫ്രെഡ് ഉർഖുഹാർട്ടും (Fred Urquhart ) ഭാര്യം നോറയും
 
ഡോ. ഉർഖുഹാർട്ട് മൊണാർക്ക് ശലഭങ്ങളുടെ സഞ്ചാരങ്ങളെപ്പറ്റി 1937 -ൽ തുടങ്ങിയ പഠനം നീണ്ട 38 വർഷങ്ങൾ പിന്നിട്ടു. 1975 ൽ മെക്സിക്കോയിൽ ജോലി ചെയ്യുകയായിരുന്ന ബ്രൂഗറും ഭാര്യ കാറ്റാലിനയും ഉർഖുഹാർട്ടിന്റെ പരസ്യം പത്രത്തിൽ കണ്ടിരുന്നു. മെക്സിക്കോയിലെ ഒരു മലയുടെ മുകളിലെ പൈൻമരങ്ങളിൽ അവർ ദശലക്ഷക്കണക്കിന് മൊണാർക്ക് ശലഭങ്ങളെ കണ്ടെത്തി. വർണ്ണാന്ധനായ ബ്രൂഗറിന് ആ മഹാദ്ഭുതം പൂർണ്ണമായി ആസ്വദിക്കാനായിട്ടുണ്ടാവില്ല എന്നത് മറ്റൊരുകാര്യം. ധാരാളം പുതിയ അറിവുകളാണ് ഈ പഠനങ്ങളിൽ നിന്നും പുറത്തുവന്നത്. പകൽവെളിച്ചത്തിൽ സൂര്യപ്രകാശം ഉപയോഗിച്ച് ദിശനിർണ്ണയിക്കുന്ന ഈ ശലഭങ്ങൾ ഒരു ദിവസം 130 കിലോമീറ്റർ വരെ പറന്നിരുന്നു. പലതലമുറകൾ ഈ ഒരൊറ്റ യാത്രയിൽതന്നെ ഉണ്ടാവുന്നുമുണ്ട്. ഇതിൽത്തന്നെ വടക്കേയറ്റം മുതൽ തെക്കുവരെ പറക്കുന്നവ ഒരു സൂപ്പർ തലമുറ ആയി അറിയപ്പെടുന്നു. അപ്പോഴും വടക്കേ അമേരിക്കയിൽ നിന്നും സഞ്ചരിക്കുന്ന അതേ ശലഭങ്ങൾ ആണ് ഇവയെന്ന് ഉറപ്പാക്കാൻ ആവില്ലായിരുന്നു, അതിന് തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല.
 
 
അടുത്തവർഷം 1976 ജനുവരി 18-ന് ആ കാഴ്ച കാണാൻ ഉർഖുഹാർട്ടും ഭാര്യയും നേരിട്ടെത്തി. നാഷണൽ ജോഗ്രഫിക്കിന്റെ സംഘവും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. ചുറ്റുമുള്ള പൂമ്പാറ്റകളോടൊപ്പം അദ്ദേഹത്തിന്റെ ചിത്രമെടുക്കാൻ നിലത്തിരിക്കാൻ അദ്ദേഹത്തോട് ക്യാമറാമാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് PS 397എന്നു ടാഗുചെയ്യപ്പെട്ട ചിറകോടെ ഒരു ശലഭം അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടത്. തലേവർഷം സെപ്തംബർ 6 -ന് മിനസോട്ട സർവ്വകലാശാലയ്ക്ക് അടുത്തുവച്ച് ടാഗ് ചെയ്യപ്പെട്ട പൂമ്പാറ്റയായിരുന്നു അത്. അക്കാലംവരെ മനുഷ്യരെ വിസ്മയിപ്പിച്ച ഒരു രഹസ്യം അങ്ങനെ ചുരുളഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെതന്നെ ഏറ്റവും മഹത്തായ ജീവശാസ്ത്ര കണ്ടുപിടുത്തങ്ങളിലൊന്നായി അതുമാറി. തുടർന്ന് മൊണാർക്ക് ശലഭങ്ങളുടെ ദേശാടനത്തെപ്പറ്റി വളരെയേറെ ഗവേഷണങ്ങളും പഠനങ്ങളും നടന്നു. മെസ്കിക്കോയിൽ അതേസ്ഥലത്തിനടുത്ത് മൊണാർക്ക് ശലഭങ്ങൾ ചേക്കേറുന്ന വേറെയും കുറച്ച് ഇടങ്ങൾ കണ്ടെത്തി അവയെല്ലാം ഇപ്പോൾ യുനസ്കോയുടെ ലോകപൈതൃകസ്ഥലമായ മൊണാർക്ക് ബട്ടർഫ്ലൈ ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ്. 1998-ൽ കാനഡയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരമായ ഓർഡർ ഓഫ് കാനഡ ഉർഖുഹാർട്ടിന് നൽകപ്പെട്ടു.
 
കടപ്പാട് Erin Korsmo
നമ്മുടെ നാട്ടിലും ഇങ്ങനെ ദേശാടനം നടത്തുന്ന ശലഭങ്ങൾ ഉണ്ട്, അവയിൽ പ്രധാനിയാണ് ആൽബട്രോസ് ശലഭങ്ങൾ ഓരോ ഡിസംബർ-ജനുവരി സീസണിലും ദശലക്ഷക്കണക്കിന് എണ്ണം ദക്ഷിണകന്നഡയിൽനിന്നും (എന്നു വിശ്വസിക്കപ്പെടുന്നു) വടക്കൻ കേരളത്തിലേക്ക് പറന്നിറങ്ങുന്നു, അവ എങ്ങോട്ടാണ് പോകുന്നതെന്നുള്ളതെല്ലാം ഇന്നു ചുരുളഴിയാത്ത രഹസ്യമായി നിലനിൽക്കുന്നു, നമ്മുടെയിടയിൽനിന്നും ഒരു ഡോ. ഉർഖുഹാർട്ട് ഉണ്ടാവുന്നതും കാത്ത് അവ പറന്നുകൊണ്ടിരിക്കുന്നു.
കൂട്ടത്തിൽ ടാഗ് ചെയ്ത ശലഭത്തെയും കാണാം . കടപ്പാട് : Omar Franco

വീഡിയോ കാണാം


വിനയരാജ് വി.ആറിന്റെ ഫേസ്ബുക്ക് പേജ്

പൂമ്പാറ്റകളെക്കുറിച്ച് കൂടുതൽ ലേഖനങ്ങൾ


Happy
Happy
40 %
Sad
Sad
0 %
Excited
Excited
30 %
Sleepy
Sleepy
0 %
Angry
Angry
10 %
Surprise
Surprise
20 %

Leave a Reply

Previous post സ്റ്റീഫൻ ഹോക്കിംഗിന്റെ സിദ്ധാന്തത്തിന് അര നൂറ്റാണ്ടിനു ശേഷം സ്ഥിരീകരണം.
Next post നിലാവിനെ തേടുന്നവർ – ദേശീയ നിശാശലഭ വാരം
Close