Read Time:7 Minute

പച്ചക്കറികളും പഴങ്ങളും  മറ്റു ഭക്ഷണസാധനങ്ങളും ഭക്ഷ്യയോഗ്യമാണോ എന്ന് അവ വെച്ചിരിക്കുന്ന കവർ നമ്മോട് പറയുകയാണെങ്കിൽ അത് എത്രത്തോളം സൗകര്യമായിരിക്കും? അതാണ് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സോഫ്റ്റ് മെറ്റീരിയൽസ് റിസർച്ച് ലാബിലെ പേറ്റന്റ് നേടിയ പുതിയ കണ്ടുപിടുത്തത്തിന്റെ സവിശേഷത.

‘ഓന്തിനെപ്പോലെ’ എന്ന് മലയാളത്തിൽ ചില ആളുകളുടെ സ്വഭാവത്തെ ഉപമിക്കാറുണ്ട്. നിറം മാറ്റം സ്വഭാവ മാറ്റത്തിന്റെ അടയാളമായിട്ടാണ് ആ പ്രയോഗം ഉദ്ദേശിക്കുന്നത് . പ്രകൃതി, രാസമാറ്റങ്ങളെ ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്നതും നിറം മാറ്റത്തിലൂടെയാണ്. സസ്യങ്ങളിലെ ഫലങ്ങളുടെ നിറമാറ്റത്തിലൂടെ അതിന്റെ പാകമാകലിന്റെ സൂചന തരുന്നു. മുടിയുടെ നര പ്രായത്തെ വിളിച്ചു പറയുന്നു. എന്തിനേറെ പറയുന്നു നമ്മുടെ ശരീരത്തിലെ പല രോഗ ലക്ഷണങ്ങളും അവയവങ്ങളിലെ നിറം മാറ്റത്തിലൂടെ മനസിലാക്കാം (ഉദാഹരണം: മഞ്ഞപ്പിത്തം കണ്ണിന്റെ നിറം മഞ്ഞക്കുന്നു). രസതന്ത്രത്തിൽ വസ്തുക്കളുടെ നിറവും നിറമാറ്റങ്ങളും ചില രാസപ്രവർത്തനങ്ങളുടെ അനന്തരഫലങ്ങളുടെ സൂചനകളായി പരിഗണിക്കുന്നുണ്ട്. എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നത്കൊണ്ട് തന്നെ നിറമാറ്റം, ചിലവ് കുറഞ്ഞ ഒരു സെൻസർ ആയി പ്രവർത്തിക്കുന്നു.

പച്ചക്കറികളും പഴങ്ങളും  മറ്റു ഭക്ഷസാധനങ്ങളും ഭക്ഷ്യയോഗ്യമാണോ എന്ന് അത് വെച്ചിരിക്കുന്ന കവർ നമ്മോട് പറയുകയാണെങ്കിൽ അത് എത്രത്തോളം സൗകര്യമായിരിക്കും. അതാണ് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിലെ സോഫ്റ്റ് മെറ്റീരിയൽസ് റിസർച്ച് ലാബിലെ പേറ്റന്റ് നേടിയ പുതിയ കണ്ടുപിടുത്തത്തിന്റെ സവിശേഷത. ഗവേഷക വിദ്യാർത്ഥിയായ ഡോ.മുഹമ്മദ് അദ്നാൻ ഗവേഷണ ഗൈഡും കെമിസ്ട്രി വിഭാഗം പ്രൊഫെസ്സറുമായ ഡോ. ലിസ ശ്രീജിത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഫുഡ് പാക്കേജിങ് ഫിലിമിനാണ് ഇപ്പോൾ ഇന്ത്യൻ ഗവൺമെന്റിന്റെ പേറ്റന്റ് ലഭിച്ചിരിക്കുന്നത്. കളർ  മാറ്റതിനു പുറമെ ഭക്ഷ്യ വസ്തുക്കളുടെ ഷെൽഫ് ലൈഫ് കൂട്ടുന്ന കുറെ ഗുണങ്ങൾ കൂടി ഈ കവറിനുണ്ട്.

ഇപ്പോൾ മാർക്കറ്റിൽ ഉപയോഗിക്കുന്ന സുതാര്യമായ ഭക്ഷണ പൊതി പ്രധാനമായും പോളിപ്രൊപ്പിലീൻ കൊണ്ട് നിർമിച്ചതാണ്. പച്ചക്കറികളും മറ്റും സസ്യസ്വേദനം (transpiration.) വഴി പുറത്തു വിടുന്ന ജലബാഷ്പത്തെ ഇത് അന്തരീക്ഷത്തിലേക്ക് വിടാതെ തടഞ്ഞു വെക്കുന്നത് കൊണ്ട് പോളിപ്രൊപ്പിലീൻ ഫിലിമിൽ പറ്റിപിടിച്ച് അത് പച്ചക്കറികളുടെ ഷെൽഫ് ലൈഫ് കുറയ്ക്കുന്നു. എന്നാൽ പുതിയ ഫിലിം ജലബാഷ്പപത്തെ ആഗിരണം ചെയ്ത് അതിനെ അന്തരീക്ഷത്തിലേക്ക് വിടുന്നത് കൊണ്ട് ഒരിക്കലും ജലബാഷ്പം ഫിലിമിൽ അവശേഷിക്കുന്നില്ല. കൂടാതെ ഓക്സിഡേഷൻ മൂലം ഭക്ഷണത്തിന്റെ കേടുവരലിനു കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ഈ ഫിലിം സ്വയം വലിച്ചെടുക്കുകയും ഭക്ഷണത്തിന്റെ ഷെൽഫ് ലൈഫ് കൂട്ടുകയും ചെയ്യും. ഈ സ്വഭാവം പ്രധാനമായും പഴങ്ങളെ കൂടുതൽ കാലം സൂക്ഷിക്കുന്നതിന് സഹായകമാണ്. ഭക്ഷണത്തിന്റെ ഷെൽഫ് ലൈഫ് കുറയ്ക്കുന്ന മറ്റൊരു ഘടകമാണ് സൂര്യപ്രകാശം. സൂര്യ പ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ഭക്ഷണവുമായി പ്രതിപ്രവർത്തിക്കുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. എന്നാൽ പുതുതായി വികസിപ്പിച്ചെടുത്ത കവർ അൾട്രാവയലെറ്റ് രശ്മികളെ തടഞ്ഞു നിർത്താൻ ശേഷിയുള്ളതാണ്. ആന്റിബാക്റ്റീരിയൽ സ്വഭാവം കൂടിയുള്ള ഈ ഫിലിം അമോണിയ ബാഷ്പത്തെ (vapour) വലിച്ചെടുത്തു സ്വയം കളർ മാറുന്ന സുതാര്യമായ കവറാണ്.

ഫ്രഷ് ഫ്രൂട്ട് നൂതന ഫിലിം ഉപയോഗിച്ച കവർ ചെയ്ത നിലയിൽ

ഭക്ഷ്യവസ്തുക്കളിലും പച്ചക്കറികളിലുമുള്ള മായം തിരിച്ചറിയാൻ പറ്റാതെ പോകുന്നത് ഉപഭോക്താക്കളെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണ്. പച്ചക്കറികളുടെയും പഴങ്ങളുടെയും ഷെൽഫ് ലൈഫ് കൂട്ടാനും അവയുടെ തിളക്കം നിലനിർത്താനും വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രധാന രാസവസ്തുവാണ് കോപ്പർ സൾഫേറ്റ്. കോപ്പർ സൾഫേറ്റിന്റെ സാന്നിധ്യത്തിലും ഈ കവർ നിറം മാറ്റം കാണിക്കുന്നു എന്നത് ഇതിന്റെ മാറ്റുകൂട്ടുന്നു.

അമോണിയയുടെ സാന്നിധ്യത്തിൽ  നിറം മാറ്റം സംഭവിച്ച ഫിലിം

അമോണിയ ലായനി (solution) യുടെ സാന്നിധ്യത്തിലുള്ള നിറം മാറ്റം മൽസ്യ- മാംസാദികളിലെ അമോണിയയുടെ സാന്നിധ്യം തിരിച്ചറിയാൻ സഹായകമാണ് കൂടാതെ ഭക്ഷണ പദാർത്ഥങ്ങളുടെ അമ്ലതയിൽ ഉണ്ടാകുന്ന മാറ്റത്തെയും ഈ കവർ നിറമാറ്റത്തിലൂടെ പ്രകടിപ്പിക്കുന്നു. കണ്ടെത്തലിന്റെ പൂർണ വിവരങ്ങൾ ജേർണൽ ഓഫ് പാക്കേജിങ് ടെക്നോളജി ആൻഡ് റിസർച്ച് എന്ന ജേർണലിനെ ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അധിക വായനയ്ക്ക് :

  1. P K, M.A., Sreejith, L. Smart, Active and Moisture Absorbing Gelatin/Gallic Acid/Polyvinylpyrrolidone Hybrid Hydrogels Film for Food Packaging. J Package Technol Res (2024). https://doi.org/10.1007/s41783-024-00172-3 >>>

     

    Happy
    Happy
    33 %
    Sad
    Sad
    0 %
    Excited
    Excited
    67 %
    Sleepy
    Sleepy
    0 %
    Angry
    Angry
    0 %
    Surprise
    Surprise
    0 %

    Leave a Reply

    Previous post കേരള സയൻസ് സ്ലാം – പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം – രജിസ്ട്രേഷൻ ആരംഭിച്ചു
    Next post പട്ടാളക്കൊതുകുകളുടെ വിശേഷങ്ങൾ
    Close