Read Time:10 Minute
[author title=”സംഗീത ചേന്നംപുല്ലി” image=”https://luca.co.in/wp-content/uploads/2017/10/sangeetha-chenampulli.jpg”]എഴുത്തുകാരി, രസതന്ത്ര അധ്യാപിക[/author]

നമ്മുടെ ഗാലക്സിയായ ആകാശഗംഗയുടെ നടുവിലെ തമോഗര്‍ത്തത്തില്‍ നിന്ന് പുറപ്പെട്ട, മണിക്കൂറുകൾ മാത്രം നീണ്ടു നിന്ന ഇൻഫ്രാറെഡ് സിഗ്നലുകളാണ് ജ്യോതിശാസ്ത്രരംഗത്തെ പുതിയ കൗതുകം.

ആകാശഗംഗയുടെ കേന്ദ്രഭാഗം. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി, ചന്ദ്ര എക്സ്-റേ ദൂരദർശിനി എന്നിവയെടുത്ത ചിത്രങ്ങൾ സംയോജിപ്പിച്ച് തയ്യാറാക്കിയത്. | കടപ്പാട് : വിക്കിപീഡിയ
[dropcap]ജ്യോ[/dropcap]തിശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം പ്രഹേളികകളാണ് തമോഗര്‍ത്തങ്ങള്‍. പ്രകാശത്തെപ്പോലും രക്ഷപെടാനനുവദിക്കാത്ത അവയുടെ വിശദാംശങ്ങൾ ഇന്നു സജീവ ഗവേഷണ വിഷയമാണ്. അതുകൊണ്ട് തന്നെ തമോഗര്‍ത്തങ്ങളെ സംബന്ധിച്ച ഓരോ പുതിയ കണ്ടെത്തലും ശാസ്ത്രലോകത്തെ ഏറെ ആകര്‍ഷിക്കാറുമുണ്ട്. നമ്മുടെ ഗാലക്സിയായ ആകാശഗംഗയുടെ നടുവിലെ തമോഗര്‍ത്തത്തില്‍ നിന്ന് പുറപ്പെട്ട, മണിക്കൂറുകൾ മാത്രം നീണ്ടു നിന്ന ഇൻഫ്രാറെഡ് സിഗ്നലുകളാണ് ജ്യോതിശാസ്ത്രരംഗത്തെ പുതിയ കൗതുകം. ജ്യോതിശ്ശാസ്ത്രജ്ഞർക്ക് ഏതാനും മണിക്കുറുകൾ എന്നത് ഒരു വളരെ ഹ്രസ്വമാണ്. അതുകൊണ്ട് ഇതിനെ ഫ്ളാഷ് അഥവാ മിന്നലുകൾ എന്നാണു വിളിക്കുക.

കടപ്പാട് : NASA

ആകാശഗംഗ ഒരു സര്‍പ്പിള ഗാലക്സിയാണ്. ഇതിന്റെ മധ്യത്തിലായി സാജിറ്റെരിയസ് എ സ്റ്റാര്‍ (Sagittarius A*) എന്ന ഭീമന്‍ തമോഗര്‍ത്തം സ്ഥിതിചെയ്യുന്നു. നാല്‍പ്പത് ലക്ഷത്തോളം സൂര്യന്‍മാരുടെ മാസ്സുണ്ട് ഈ തമോഗര്‍ത്ത ഭീമന്. അതിഭീമമായ ഗുരുത്വാകര്‍ഷണബലം മൂലം തനിക്കടുത്തെത്തുന്ന എന്തിനേയും വിഴുങ്ങിക്കളയുന്നവയാണ് തമോഗര്‍ത്തങ്ങള്‍. സാധാരണഗതിയിൽ മാസ്സ്  വളരെയധികം കൂടിയ ഭാരമേറിയ നക്ഷത്രങ്ങളിലെ ആണവസംലയനം അവസാനിക്കുമ്പോള്‍ ഗുരുത്വബലം മൂലം അവ സങ്കോചിച്ച് തമോഗര്‍ത്തങ്ങള്‍ ആയി മാറുന്നു. ഇവയ്ക്ക് സൂര്യന്റെ പല മടങ്ങ് മാസ് ഉണ്ടാകാം. എന്നാൽ സൂര്യനേക്കാൾ ലക്ഷക്കണക്കിനോ കോടിക്കണക്കിനോ മടങ്ങ് മാസുള്ള സൂപ്പർ തമോദ്വാരങ്ങൾ എങ്ങനെ ഉണ്ടാകുന്നുവെന്ന് നമുക്കിനിയും വ്യക്തമല്ല.

സാജിറ്റെരിയസ് എ സ്റ്റാര്‍  – നാസയുടെ ചന്ദ്ര ഒഹ്സര്‍വേറ്ററി പകര്‍ത്തിയത് | കടപ്പാട് : NASA

വളരെ കുറച്ച് സ്ഥലത്ത് വലിയ അളവില്‍ മാസ് കേന്ദ്രീകരിക്കപ്പെടുന്നതിനാല്‍ ഇവയ്‌ക്ക് സാന്ദ്രത ഏറെക്കൂടുതലായിരിക്കും.അതിനാല്‍  ഗുരുത്വാകര്‍ഷണ വലിവ് മൂലം ഇവ സ്ഥലകാലങ്ങളെപ്പോലും വക്രീകരിക്കുന്നു. മാത്രമല്ല പ്രകാശമടക്കം ഒന്നിനേയും പുറത്ത് വിടാത്തത്‌ കൊണ്ട് ഇവയെ നേരിട്ട് നിരീക്ഷിക്കാനുമാവില്ല. പരോക്ഷമായ നിരീക്ഷണം വഴിയാണ് തമോഗര്‍ത്തത്തെപ്പറ്റി പരിമിതമായ തോതിലെങ്കിലും പഠിക്കാന്‍ കഴിയുന്നത്. സാജിറ്റെരിയസ് എ സ്റ്റാറിന് സമീപം ചില നക്ഷത്രങ്ങളുണ്ട്. S0-2 ആണ് ഇതില്‍ പ്രധാനപ്പെട്ടത്. ഈ നക്ഷത്രങ്ങളുടെ നിരീക്ഷണം വഴിയും തമോഗര്‍ത്തത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്.

സാജിറ്റെരിയസ് എ സ്റ്റാറിന്  സമീപമുള്ള S0–2 നക്ഷത്രത്തിന്റെ സ്ഥാനം | കടപ്പാട് : ESO

സാജിറ്റെരിയസ് എ സ്റ്റാര്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി തുടര്‍ച്ചയായി നിരീക്ഷിക്കപ്പെടുന്നുണ്ട്. നീല്‍ ഗെഹ്രല്‍സ് സ്വിഫ്റ്റ് ഒബ്സർവേറ്ററിയിലെ എക്സ്‌-റെ ടെലസ്കോപ്പുകള്‍ ഇതിനെ ദൈനംദിനം നിരീക്ഷിക്കുന്നു. ദുര്‍ബലമായ ഇൻ്ഫ്രാറെഡ് പ്രകാശമല്ലാതെ കാര്യമായ വ്യത്യാസങ്ങളൊന്നും സാധാരണയായി കാണാറില്ല. അല്ലെങ്കില്‍ തിളക്കമേറിയ ഒരു എക്സ്-റെ സ്രോതസ്സായി അത് എക്സ്-റെ ടെലസ്കോപ്പുകളില്‍ കാണപ്പെടും. എന്നാല്‍ കെക്ക്- II (Keck-II) ടെലസ്കോപ്പിലെ ഇൻഫ്രാറെഡ് കാമറകള്‍ ഉപയോഗിച്ചുള്ള നാല് ദിവസത്തെ തുടര്‍ച്ചയായ നിരീക്ഷണത്തിനിടെ, മേയ് 13 ന്, ഈ തമോഗര്‍ത്തത്തിന് സമീപത്തുനിന്നുള്ള പ്രകാശതീവ്രത എഴുപത്തഞ്ച് മടങ്ങോളം കൂടിയതായി കണ്ടെത്തി. ഇത് ഏതാനും മണിക്കൂറുകള്‍ നീണ്ടുനിന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്.  കൂടാതെ ഏപ്രില്‍ 20നും സമാനമായ മിന്നല്‍ ഉണ്ടായിരുന്നത്രേ. എന്താണ് അഗ്നിപർവതങ്ങളുടെ ഉണര്‍ന്നെണീക്കല്‍ പോലെ പെട്ടെന്നുള്ള ഈ മിന്നലിന്റെ കാരണം എന്ന അന്വേഷണത്തിലാണ് ഇവര്‍.

S0-2 തമോഗര്‍ത്തത്തിന് വളരെ അടുത്തുകൂടി കഴിഞ്ഞ വര്‍ഷം കടന്നുപോയി | കടപ്പാട് : ESO

രണ്ട് സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. തമോഗര്‍ത്തത്തിന് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളില്‍ ഒന്നായ S0-2 തമോഗര്‍ത്തത്തിന് വളരെ അടുത്തുകൂടി കടന്നുപോയതായി കഴിഞ്ഞ വര്‍ഷം നിരീക്ഷിച്ചിരുന്നു. ഈ നക്ഷത്രത്തില്‍ നിന്ന് വലിച്ചെടുക്കപ്പെട്ട വാതകങ്ങള്‍ തമോഗര്‍ത്തത്തില്‍ പതിക്കുമ്പോഴുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ മൂലമാകാം ഇതെന്നാണ് ഒരു നിഗമനം. സാജിറ്റെരിയസ് എ സ്റ്റാറിന് സമീപത്തുള്ള ഭൂമിയുടെ ഏതാണ്ട് മൂന്നുമടങ്ങ്‌ വലിപ്പമുള്ള വാതകപടലമാണ്‌ ജി2. ഇത് വെറും വാതകക്കൂട്ടമാണോ അതോ അതിനുള്ളില്‍ ഏതെങ്കിലും നക്ഷത്രം ഒളിഞ്ഞിരിപ്പുണ്ടോ എന്ന് ശാസ്ത്രജ്ഞര്‍ക്ക് വ്യക്തതയില്ല. 2014 ല്‍ ജി2 തമോഗര്‍ത്തത്തിന് ഏറ്റവും അടുത്തെത്തുമെന്നും അതിലേക്ക് വലിച്ചെടുക്കപ്പെട്ട് ഇല്ലാതാകുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. ഈ കണ്ടുമുട്ടല്‍ നിരീക്ഷിക്കാനായി ശാസ്ത്രജ്ഞരെല്ലാം കാത്തിരുന്നെങ്കിലും, കാര്യമായ വ്യത്യാസങ്ങള്‍ ഒന്നുംതന്നെ കണ്ടെത്താനായില്ല. അന്ന് തമോഗര്‍ത്തത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട വാതകങ്ങള്‍ ഇവന്റ്‌ഹൊറൈസണില്‍ എത്തിച്ചേരുന്നത് ഇപ്പോഴാവാം എന്നതാണ് മറ്റൊരു വിശദീകരണം. ഏതായാലും കൂടുതല്‍ പഠനങ്ങള്‍ ഇക്കാര്യത്തില്‍ നടക്കേണ്ടതുണ്ട്.

സാജിറ്റെരിയസ് എ സ്റ്റാറിന് സമീപത്തുള്ള ജി2 വാതകപടലത്തിന്റെ ചിത്രീകരണം | കടപ്പാട് : ESO

ഇപ്പോഴുണ്ടായ ഈ ഊര്‍ജ്ജിത ഘട്ടം എത്ര കാലം നിലനില്‍ക്കും? ഏറെക്കാലം നിലനില്‍ക്കുമോ? എന്താവാം അതിനു കാരണം എന്നതെല്ലാമാണ് ശാസ്ത്രജ്ഞരെ കുഴയ്‌ക്കുന്ന ചോദ്യങ്ങള്‍. യൂറോപ്യന്‍ സതേണ്‍ ഒബ്സർവേറ്ററിയിലെ ഒരു സംഘവും ഇതേ തമോഗര്‍ത്തത്തെ നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്കും സമാനമായ സിഗ്നലുകള്‍ ലഭിച്ചോ എന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. തമോഗര്‍ത്തങ്ങളെക്കുറിച്ച് നമുക്കറിയാവുന്ന വിവരങ്ങള്‍ വളരെ പരിമിതമാണ്. പുതിയ അറിവുകളിലേക്കുള്ള വാതില്‍ തുറക്കുന്നതാവാം ഈ കണ്ടെത്തലും തുടര്‍പഠനങ്ങളും.

സാജിറ്റെരിയസ് എ സ്റ്റാര്‍ പ്രകാശതീവ്രത കൂടുന്നതിന്റെ ദൃശ്യങ്ങള്‍  – കെക്ക്- II ഒബ്സര്‍വേറ്ററി  ചിത്രങ്ങള്‍ (2019 മെയ്) -രണ്ടരമണിക്കൂര്‍ ടൈെലാപ്സ് വീഡിയോ കാണാം. കടപ്പാട് : UCLA

 


Sagittarius A* ലേക്കൊരു യാത്ര – യൂറോപ്യന്‍ സ്പേസ് ഏജന്‍സി തയ്യാറാക്കിയ വീഡിയോ

ജി2 വാതകപടലത്തിന്റെ സഞ്ചാരംയൂറോപ്യന്‍ സ്പേസ് ഏജന്‍സി തയ്യാറാക്കിയ വീഡിയോ

Happy
Happy
67 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post ചാന്ദ്രയാൻ2 ക്ലിക്ക്‌ തുടരുന്നു..ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കാണാം
Next post  ഹീലിയം(Helium) – ഒരു ദിവസം ഒരു മൂലകം
Close