Read Time:19 Minute

 കേരളത്തിലെ ഏറ്റവും ജനകീയനായ ചരിത്രകാരനാരെന്നതിനുള്ള സംശയരഹിതമായ ഉത്തരമായിരുന്നു എംജിഎസ് എന്ന ത്രൈയക്ഷരി. സൈന്റിഫിക്കായി കേരള ചരിത്രം രചിക്കുക എന്ന  പൂർവമാതൃകകൾ ഇല്ലാത്തതും അതീവ ശ്രമകരവുമായ ജോലി ഏറ്റെടുത്ത് ചരിത്രരചനയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു അദ്ദേഹം. പുതുതായി താൻ കണ്ടെത്തിയത് ഉൾപ്പെടെ 150 ശാസനങ്ങളെ വ്യാഖ്യാനിച്ചും പുനർവ്യാഖ്യാനിച്ചും കേരളചരിത്രത്തിന്റെ ‘അടിസ്ഥാന ശിലയായി’ എം.ജി.എസ് മാറി. അദ്ദേഹത്തിന്റെ ഗുരുവായ ഇളംകുളം കുഞ്ഞൻപിള്ളയുടേതുൾപ്പെടെ പല വ്യാഖ്യാനങ്ങളും തിരുത്തി കുറിക്കാനും ചിലതെങ്കിലും തെറ്റാണെന്ന് തെളിയിക്കാനും എംജിഎസിനു കഴിഞ്ഞു.

വ്യക്തിജീവിതം

ഡോ. കെ.പി.ജി മേനോന്റെയും നാരായണി അമ്മയുടെയും മകനായി 1932 ഓഗസ്റ്റ് 20 നാണ്  മുറ്റായിയിൽ ഗോവിന്ദൻ ശങ്കരനാരായണൻ ജനിച്ചത്. ഇപ്പോഴത്തെ മലപ്പുറം ജില്ലയിലുള്ള പൊന്നാനിയിലും പരപ്പനങ്ങാടിയിലുമായിരുന്നു അദ്ദേഹത്തിൻറെ ബാല്യ കൗമാരങ്ങൾ. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, ഫറൂഖ്  കോളേജ്, തൃശ്ശൂർ കേരളവർമ്മ കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ഇന്റർമീഡിയറ്റ് – ബിരുദ പഠനങ്ങൾ. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു. 

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ ചരിത്രാധ്യാപകനായി ജോലിയിൽ പ്രവേശിച്ച എം ജി എസ് കേരള യൂണിവേഴ്സിറ്റിയുടെ പിജി പഠന കേന്ദ്രം കോളേജിൽ ആരംഭിച്ചപ്പോൾ അതിലെ അധ്യാപകനും തുടർന്ന് 1968 ൽ കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ചതുമുതൽ അവിടത്തെ അധ്യാപകനും പിന്നീട് പ്രൊഫസറും വകുപ്പ് മേധാവിയും ഒക്കെയായി. 1992 ൽ റിട്ടയർ ചെയ്യുന്നതുവരെ അവിടെ തുടർന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ICHR) ആദ്യ മെംബർ സെക്രട്ടറിയും പിന്നീട് അതിന്റെ ചെയർമാനുമായി അദ്ദേഹം. കാലിക്കറ്റ് സർവകലാശാല ചരിത്ര  വിഭാഗത്തെ അത്യപൂർവവും അതിവിപുലവുമായ ഒരു ഗ്രന്ഥശേഖരത്തോടെ ഇന്ത്യയിലെ തന്നെ മികച്ച ഒരു ചരിത്രവകുപ്പായി അദ്ദേഹം പടുത്തുയർത്തി. 

കാലിക്കറ്റ് സർവകലാശാലയിൽ റോമില ഥാപർ, ആർ. എസ് ശർമ്മ, DN Jha എന്നിവരുൾപ്പെടെ പങ്കെടുപ്പിച്ചു കൊണ്ട് എം.ജി.എസ് നടത്തിയ സമ്മർ ഇൻസ്റ്റിറ്റ്യൂട്ട്

അക്കാദമികം

സാഹിത്യത്തിലും ചിത്രരചനയിലും അതീവ തല്പരനായിരുന്ന എംജിഎസ് ധാരാളം കവിതകളും സാഹിത്യ നിരൂപണങ്ങളും എഴുതിയിട്ടുണ്ട്. ആശാൻ വള്ളത്തോൾ ഇടശ്ശേരി തുടങ്ങിയവരുടെ കവിതകൾക്ക് എം ജി എസ് എഴുതിയ നിരൂപണങ്ങൾ പ്രസിദ്ധമാണല്ലോ. എന്നാൽ 1960 കളോടെ അദ്ദേഹത്തിൻ്റെ ശ്രദ്ധ പൂർണമായും ചരിത്രത്തിലേക്ക് വഴിമാറി.

ചരിത്രകാരൻ

സാങ്കേതികമായി കേരള സർവകലാശാലയിലെ  പ്രൊഫസർ വി നാരായണപിള്ള ആയിരുന്നു. എംജിഎസിന്റെ ഗവേഷണ മാർഗ്ഗദർശി.  യഥാർത്ഥത്തിൽ ഭാഷാ പണ്ഡിതനും  ചരിത്രകാരനുമായിരുന്ന പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ളയുടെ മേൽനോട്ടത്തിൽ ആയിരുന്നു എംജിഎസ്. ‘Political and Social Conditions of Kerala Under Kulasekhara Empire’ എന്ന തന്റെ ഗവേഷണ പ്രബന്ധം പൂർത്തീകരിച്ചത്.  ഈ ഗവേഷണത്തിലൂടെ തന്റെ ഗുരുനാഥനായ ഇളംകുളത്തിന്റെ  പല കണ്ടെത്തലുകളും തിരുത്തിക്കുറിക്കാനും ശാസ്ത്രീയമായ രീതിയിൽ കേരളത്തിന്റെ മധ്യകാല ചരിത്രം രചിക്കാനും എം.ജി.എസിനായി. 

പൊതുയുഗം 7-8 നൂറ്റാണ്ടുകളിൽ പാണ്ഡ്യാക്രമണങ്ങളുടെ ആഘാതമേറ്റ് തളർന്ന കരൂർ വഞ്ചി എന്ന കൊങ്ങുനാട്ടിലെ  പ്രാചീന തലസ്ഥാനം പോലും അന്യാധീനപ്പെട്ട ചേരരാജ്യത്തിന്,  ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കൊടുങ്ങല്ലൂർ കേന്ദ്രമായി ഒരു പുനരുജ്ജീവനം ഉണ്ടാകുന്നതോടെ പെരുമാൾ കാലം ആരംഭിച്ചു. പാണ്ഡ്യന്മാരിൽ നിന്ന് വേണാട് പിടിച്ചടക്കി പൊതുവർഷം 825 ൽ കൊല്ലം നഗരം സ്ഥാപിക്കുകയും ചെയ്തതോടെ കേരളചരിത്രം പുതിയ ഘട്ടത്തിലേക്ക് നീങ്ങി. പശ്ചിമതീരത്ത് കുടിയേറിപ്പാർത്ത് സംഘടിത ശക്തിയാർജിച്ച ആര്യ ബ്രാഹ്മണ സമൂഹത്തിന്റെ സഹായത്തോടെയാണ് ഇതെല്ലാം സാധ്യമായത് എന്ന് എം.ജി.എസ് വ്യാഖ്യാനിച്ചു.

കൊടുങ്ങല്ലൂർ ആസ്ഥാനമായി ആധുനിക കേരളത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും ഭരിച്ചിരുന്ന  പിൽക്കാല ചേരരാജ്യത്തെ സംബന്ധിച്ച തന്റെ ഗവേഷണം ഇളംകുളം കുഞ്ഞൻപിള്ളയുടെ ഗവേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും ഒരു തുടർച്ച മാത്രമാണെന്നാണ് എംജിഎസ് വിലയിരുത്തിയിരുന്നത്. നൂറ്റമ്പതേളം  താമ്ര -ശിലാ രേഖകളും മറ്റു തെളിവുകളും പഠിച്ചാണ് എം.ജി.എസ് പെരുമാൾ കാലത്തെ  വിലയിരുത്തിയത്. വ്യക്തമായ തെളിവുകൾ നിരത്താതെ ഒരു വാദവും അദ്ദേഹം ഉന്നയിച്ചിട്ടില്ല എന്ന് ആ പ്രബന്ധം വായിക്കുന്ന ആർക്കും മനസ്സിലാകും. മാത്രമല്ല തന്റെ ഗുരുനാഥൻ കുഞ്ഞൻപിള്ളയുടെ പല വാദങ്ങളും അതിശയോക്തികളോ തെറ്റാേ ആണ് എന്ന്  എം.ജി.എസ്  ശാസ്ത്രീയമായി തെളിയിച്ചു. തൻ്റെ പ്രബന്ധത്തിൻ്റെ തലവാചകം തന്നെ (‘കുലശേഖര എമ്പയർ’) തെറ്റാണെന്ന് തെളിയിച്ചു അദ്ദേഹം. രാമരാജ ശേഖരൻ മുതൽ അവസാനത്തെ ചേര രാജാവായി അറിയപ്പെടുന്ന രാമകുലശേഖരൻ വരെയുള്ള രാജാക്കന്മാരുടെ കൃത്യമായ കാലഗണന നിർവഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കൂടാതെ ഇളംകുളം കുഞ്ഞൻപിള്ളയുടെ പട്ടികയിൽ നിന്നും വിട്ടുപോയിരുന്ന പല രാജാക്കന്മാരെയും കണ്ടെത്തി രാജാക്കന്മാരുടെ പട്ടിക വിപുലീകരിക്കാനും കഴിഞ്ഞു. ഇളംകുളത്തിന്റെ വാദത്തിന് വിഭിന്നമായി കുലശേഖരൻ എന്നത് രാജ്യസ്ഥാപകൻ മുതലുള്ള രാജാക്കൻമാരുടെ സ്ഥാനപ്പേരോ ബിരുദമോ ആയിരുന്നില്ല എന്ന് എംജിഎസ് തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിച്ചു.

സ്ഥാണുരവിയുടെ സമകാലികനും  സുഹൃത്തുമായി പഴയ ചരിത്രകാരന്മാർ സങ്കൽപ്പിച്ചിരുന്ന ആദിത്യ ചോളനല്ല യഥാർത്ഥത്തിൽ ശ്രീകണ്ഠൻ എന്ന ചോള രാജാവായിരുന്നു ഭരിച്ചിരുന്നത് എന്ന് എംജിഎസ് തിരുത്തി. മാത്രമല്ല മുൻ കണ്ടെത്തലുകളിൽ നിന്നും വിഭിന്നമായി ചേര-ചോള രാജാക്കന്മാർ തമ്മിൽ സൗഹാർദ്ദപരമായ ബന്ധമായിരുന്നു എന്നും അവർ വൈവാഹിക ബന്ധത്തിൽ ഉൾപ്പെടെ ഏർപ്പെട്ടിരുന്നു എന്ന് എംജിഎസ് കണ്ടെത്തി. ഇതിന്റെ പ്രാധാന്യം എന്തെന്നാൽ  കേരള സമൂഹത്തിലെ പല സാമൂഹിക ബന്ധങ്ങളുടെയും സ്ഥാപനങ്ങളുടെയും (ഉദാ:- സംബന്ധവും മാതൃദായക്രമവും) രൂപീകരണത്തിന് നിദാനമായത് 100 വർഷത്തോളം നീണ്ടു നിന്ന ചേര-ചോള യുദ്ധം അഥവാ ‘നൂറ്റാണ്ട് യുദ്ധം’ ആയിരുന്നു എന്ന  ഇളങ്കുളത്തിന്റെ വാദം ഇതോടെ ഖണ്ഡിക്കപ്പെട്ടു. മാത്രമല്ല ചേര -ചോള രാജ്യങ്ങൾക്കിടയിൽ ഉണ്ടായിരുന്ന സൗഹാർദ്ദപരമായ അന്തരീക്ഷം ഇരുരാജ്യങ്ങളുടെയും ക്ഷേമത്തിന് കാരണമായി എന്നും രേഖകളുടെ അടിസ്ഥാനത്തിൽ എംജിഎസ് വാദിച്ചു. 

കേരളത്തിനു മുകളിലുള്ള തങ്ങളുടെ അവകാശം സ്ഥാപിക്കുന്നതിന് ബ്രാഹ്മണർ കെട്ടിച്ചമച്ച ഐതിഹ്യമാണ് ‘കേരളോൽപത്തി’ എന്ന് ഇളംകുളം വാദിച്ചിരുന്നു. എന്നാൽ കേരളാേല്പത്തി കഥ മുഖവിലടുത്തുകൊണ്ട് സ്വയംഭരണാധികാരം ഉള്ള  ഊരാളസഭകളും ദേവാലയങ്ങൾ കേന്ദ്രമാക്കി സ്ഥാപിക്കപ്പെട്ട മുപ്പത്തിരണ്ടോ അതിൽ കൂടുതലാേ ഉള്ള ബ്രാഹ്മണ ഗ്രാമങ്ങളും അവയുടെ സങ്കേതങ്ങളും കച്ചങ്ങളും ആയിരുന്നു പെരുമാൾ ഭരണത്തിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തി എന്ന് എംജിഎസ് വാദിച്ചു. മാത്രമല്ല നാല് ബ്രാഹ്മണ ഗ്രാമങ്ങളുടെ നേതാക്കൾ തലസ്ഥാനമായ കൊടുങ്ങല്ലൂരിലെ നാല് മുഖ്യ ക്ഷേത്രങ്ങളുടെ അധികാരികളായി (തളിയധികാരികൾ) നിയോഗിക്കപ്പെട്ടിരുന്നു. അവരാണ് പെരുമാളുടെ ഉപദേശക സഭയായി (നാലുതളി) പ്രവർത്തിച്ചത്. ഈ നാലുതളിക്ക് ഉപദേശക സ്വഭാവം മാത്രമല്ല രാജാവിന്റെ മുകളിൽ നിയന്ത്രണാധികാരം വരെ ഉണ്ടായിരുന്നു എന്നും ഒരു പടി കൂടി കടന്ന് രാജാവിനെ ശിക്ഷിക്കാൻ വരെ അധികാരം ഉണ്ടായിരുന്നു എന്നും അതുകൊണ്ട് ബ്രാഹ്മണരുടെ ഒലിഗാർക്കിയായിരുന്നു പെരുമാൾ ഭരണം എന്നും എംജിഎസ് വാദിച്ചു. നാടുവാഴികളുടെ നൂറ്റുവസംഘത്തോടൊപ്പം കൊടുങ്ങല്ലൂർ കേന്ദ്രമായി നായന്മാരുടെ ‘ആയിരം’ സൈന്യങ്ങളും കൊടുങ്ങല്ലൂരിൽ പെരുമാൾക്കുണ്ടായിരുന്നു എന്ന് എംജിഎസ് തെളിയിച്ചു.

അവസാനത്തെ രാജാവായി കണക്കാക്കിയിരുന്ന രാമകുലശേഖരന്റെ ഭരണ കാലഘട്ടം 1124 വരെയായിരുന്നു എന്ന് എംജിഎസ് അർത്ഥശങ്കക്കിടയില്ലാത്ത വിധം തെളിയിച്ചു. 36 വർഷക്കാലം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണകാലം പലതരത്തിലുള്ള സംഘർഷങ്ങൾക്കും ചേര-ചോള യുദ്ധത്തിനും പാണ്ഡ്യാക്രമണങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഇതെല്ലാമാണ് രാജ്യം വിഭജിച്ച് മതം മാറി ‘ഒളിച്ചോടുന്നതിന്’ പെരുമാളെ പ്രേരിപ്പിച്ചത് എന്ന് എംജിഎസ് വാദിച്ചു.

കേരളോല്പത്തി കഥ

കേരള ചരിത്രം എന്ന നിലയിൽ നൂറ്റാണ്ടുകളോളം ഇവിടെ പാടി നടന്നിരുന്ന ‘കേരളോല്പത്തി’ കഥ നമ്പൂതിരിമാർ ഭൂമിയുടെ മേലുള്ള അവരുടെ അവകാശം ഉറപ്പിക്കുന്നതിന് വേണ്ടി സൃഷ്ടിച്ച് പ്രചരിപ്പിച്ച ഐതിഹ്യം മാത്രമാണെന്ന് ആണ് ഇളങ്കുളം വിലയിരുത്തിയിരുന്നത്. എന്നാൽ മലനാട്ടിലെ 32 ബ്രാഹ്മണ ഗ്രാമങ്ങളിൽ പലതിനും ദേവസ്വവും ബ്രഹ്മസവും ആയി ഭൂമി രാജദാനമായി കിട്ടിയതിന്റെ തെളിവുകൾ ഉണ്ട് എന്നതുകൊണ്ട് ആ കഥ പൂർണമായും തള്ളിക്കളയാൻ കഴിയില്ല എന്ന് എംജിഎസ് വാദിച്ചു. ഇപ്രകാരം നമ്പൂതിരിമാരുടെ കേരളത്തിനു മേലുള്ള അവകാശവാദം ചരിത്രപരമായി സ്ഥാപിച്ചു നൽകി എന്ന ഒരു വിമർശനം എംജിഎസ് നേരിടുന്നുണ്ട്. 

എംജിഎസിന്റെ വിലപ്പെട്ട മറ്റൊരു സംഭാവന കേരളത്തിലെ അനിതര സാധാരണമായ സാംസ്കാരിക സമന്വയത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ വ്യാഖ്യാനമാണ്. വ്യാപാരത്തിന്റെയും മറ്റും ഭാഗമായി കേരളത്തിൽ രൂപം കൊണ്ട സാംസ്കാരിക സമന്വയം (കൾച്ചറൽ സിംബയോസിസ്) നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണെന്ന് അദ്ദേഹം തെളിയിച്ചു. സമകാലിക സമൂഹത്തിൽ അതിന്റെ പ്രസക്തി ചെറുതല്ലല്ലോ.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ലാതെ ഒരു വാദവും എംജിഎസ് ഉയർത്തിയിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന് ലഭിച്ചിരുന്ന തെളിവുകളായ ശാസനങ്ങൾ ഏറിയപങ്കും ക്ഷേത്രങ്ങളിൽ നിന്ന് ലഭിച്ചവയോ ക്ഷേത്രസംബന്ധമായതോ ആയിരുന്നു. അതുകൊണ്ട് ക്ഷേത്രകേന്ദ്രിതമായ ഒരു കേരളചരിത്രമായി അദ്ദേഹത്തിന്റേത് എന്ന് വിമർശനം ഉന്നയിക്കാറുണ്ട്. അതിൽ കുറച്ചെങ്കിലും കാര്യമുണ്ട്. എന്നാൽ ഇന്ന് സംഘം പാട്ടുകളിലൂടെയും ആർക്കിയോളജിക്കൽ തെളിവുകളിലൂടെയും ബ്രാഹ്മണേതരമായ സാമാന്യ ജനജീവിതത്തെ സംബന്ധിച്ച് കുറേക്കൂടെ ധാരണയുണ്ട്. അതിലൂടെ ആധുനികപൂർവ്വകേരളത്തെ സംബന്ധിച്ച് വ്യക്തമായ അറിവ് നമുക്കുണ്ട്. അതുവഴി കേരളചരിത്രത്തിന് മുമ്പുണ്ടായിരുന്ന പല പരിമിതിയും നമുക്ക് മറികടക്കാനായി. ഇനിയും ഒരു പാട് മുന്നോട്ടു പോകാനുണ്ട്. എന്നാൽ അവയൊന്നും എം.ജി.എസ് കേരള ചരിത്രപഠനത്തിന് നൽകിയ സംഭാവനകളെ ന്യൂനീകരിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യില്ല.

എംജിഎസിന്റെ രാഷ്ട്രീയം

പൂർവാധുനിക കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഭൗതികവാദ ചരിത്ര രീതിശാസ്ത്രത്തിന്റെ (Historical Materialism) അടിസ്ഥാനത്തിൽ ഇഴകീറി പരിശോധിച്ച എംജിഎസിന്റെ രാഷ്ട്രീയം സമകാലിക കേരളത്തിലെ മറ്റ് മിക്ക സോഷ്യലിസ്റ്റുകളെയും പോലെ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധിയുടേതായിരുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിനോടും വിശിഷ്യാ ഇഎംഎസിനോടുമുള്ള വ്യക്തിപരമായ വിമർശനങ്ങൾ ആയി പലപ്പോഴും അദ്ദേഹത്തിന്റെ ആരോപണങ്ങൾ.  വിമർശനങ്ങൾക്ക് എന്തെങ്കിലും സൈദ്ധാന്തിക അടിത്തറ ഉള്ളതായി അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല പലപ്പോഴും ഇഎംഎസ് ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് എതിരെയായ വ്യക്തിഹത്യാപരമായ വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ഇഎംഎസിന്റെ സ്വത്ത് മുഴുവൻ പാർട്ടിക്ക് കൊടുത്തിട്ടില്ല; ഭൂമി വിറ്റു കിട്ടിയതിൽ നിന്നും പതിനായിരം രൂപ മാത്രമേ കൊടുത്തിട്ടുള്ളൂ. തന്നെ  പഴയ ആളുകൾ തമ്പ്രാനായി കണ്ടത് ഇഎംഎസ് വിലക്കിയിരുന്നില്ല. തുടങ്ങിയ ആരോപണങ്ങൾ ഉദാഹരണം. പൊതുവെ ഭരണകൂടത്തിന്റെ സ്വഭാവം നോക്കാതെ തന്നെ നിലപാടെടുക്കാറുള്ള എം.ജി.സ് ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് ആർ എസ് എസിനെ സഹായിക്കുന്ന, അത്യധികം പ്രതിലോമകരമായ നിലപാടെടുക്കുകയും വിമർശനങ്ങളേറ്റുവാങ്ങുകയും ചെയ്തു. എന്തെല്ലാം പരിമിതികൾ ഉണ്ടെങ്കിലും ശാസ്ത്രീയമായി കേരളത്തിന്റെ ചരിത്രം എഴുതിയ ആദ്യത്തെ ചരിത്രകാരനാണ്  എംജിഎസ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൈബർ ക്രൈമിന്റെ കാണാപ്പുറങ്ങൾ
Close